കുട്ടിക്കാലത്ത് ഒരു കരോള്‍ സംഘത്തോടൊപ്പം ഗ്രാമം മുഴുവന്‍ കറങ്ങിയതോര്‍മ്മയുണ്ട്. പെട്രോമാക്സ് കത്തിച്ചുപിടിച്ച്, ഓരോവീട്ടിലും ചെല്ലുകയാണ് ഒരുപറ്റം അള്‍ത്താരബാലന്മാര്‍. രണ്ടും മൂന്നും കരോള്‍ ഗാനങ്ങളാണ് ഓരോയിടത്തും പാടുക. പിന്നീട്, ദൈവശാസ്ത്രപഠനകാലത്ത് അള്‍ത്താരബാലസംഘത്തിന്‍റെ ഉത്തരവാദിത്വമുണ്ടായിരുന്നു. അവര്‍ പിക്നിക്കിനുള്ള കാശ് കരോള്‍ നടത്തിയാണ് സംഘടിപ്പിച്ചിരുന്നത്. കുട്ടികള്‍ ഓരോ വീട്ടിലും ചെല്ലും. പാട്ടു തുടങ്ങുമ്പോഴേ ഒരാള്‍ രസീതുമായി വീട്ടുകാരെ സമീപിക്കും. കാശു കിട്ടിയാലുടന്‍ കരോള്‍ അവസാനിക്കുകയായി. പിന്നെ അടുത്ത വീട്ടിലേക്കവര്‍ ഓടുകയാണ്. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ പണം - അത്രയേയുള്ളൂ അവരുടെ അജണ്ട.
ചിത്രവും കവിതയുംകൊണ്ട് സ്ത്രീകളെ വശീകരിക്കാമെന്നു കാമശാസ്ത്രം എഴുതിയ വാത്സ്യായനന്‍. സ്തുതിപാഠകര്‍ രാജാക്കന്മാരെ പുകഴ്ത്തിയെഴുതിയ ശ്ലോകങ്ങളാണ് മണിപ്രവാളസാഹിത്യം. സ്ത്രീയില്‍ അനുരാഗരസവും രാജാവില്‍ വീരരസവും ഉത്പാദിപ്പിച്ച് സ്വന്തം കാര്യം നേടാന്‍ കല ഉപയോഗിക്കപ്പെട്ടു. ഇന്നാവട്ടെ കല പണത്തിനുവേണ്ടിയാണ.് അങ്ങനെ കല കലയ്ക്കുവേണ്ടിയോ, ജീവിതത്തിനുവേണ്ടിയോ എന്ന സംശയത്തിന് ഇടം പോലുമില്ലാതായിരിക്കുന്നു.
***
സാമൂഹ്യനീതിയെക്കുറിച്ചുള്ള ഒരു ക്ലാസില്‍ കടമ്മനിട്ടയുടെ 'കുറത്തി' പാടിക്കേള്‍പ്പിച്ചു. 'വേട്ടനായ്ക്കടെ പല്ലില്‍ നിന്നു വിണ്ടുകീറിയ നെഞ്ചുമായി ' വന്നവളെ ആകാവുന്ന ഭാവതീവ്രതയോടെ അവതരിപ്പിച്ചു. അതു കഴിഞ്ഞയുടന്‍ ഒരു കുട്ടിയുടെ ചോദ്യം: "എന്നെയതു പഠിപ്പിക്കാമോ? പദ്യപാരായണ മത്സരത്തില്‍ പാടാനാണ്." അവന്‍റെയും കണ്ണ് കുറത്തിയെ ഉപയോഗിക്കുന്നതിലാണ്. മറ്റൊന്നും അവനെ അലട്ടുന്നില്ല. 'നിങ്ങളെന്‍റെ കറുത്തമക്കളെ ചുട്ടുതിന്നുന്നോ' എന്ന കുറത്തിയുടെ ചോദ്യം 'ചുമ്മാ ചിരിച്ചുകൊണ്ട്' അവനങ്ങ് കേട്ടു - അത്രതന്നെ.
ആനന്ദിന്‍റെ ഒരു നോവലില്‍ ഒരു ഹോട്ടല്‍മുറിയില്‍ സുന്ദരമായ സംഗീതവിരുന്നു നടക്കുകയാണ്. ഗാനം ഉച്ചസ്ഥായിയിലെത്തുന്നതോടെ, തൊട്ടടുത്ത മുറിയില്‍ ഒരു കൊലപാതകം അരങ്ങേറുന്നു, ആരും കാണാതെ, ആരും കേള്‍ക്കാതെ. ദ്രുതതാളങ്ങളും കാതടപ്പിക്കുന്ന ഒച്ചകളും മനുഷ്യനെ തുള്ളിക്കുക മാത്രമാണ്. അതിനിടയില്‍ 'മുല പറിച്ചു വലിച്ചെറി' യുന്ന കുറത്തിയും 'വൗ വൗ' വിളികളില്‍ മുങ്ങിപ്പോകുന്നു. ഇയര്‍ഫോണിലൂടെ ഒഴുകിയെത്തുന്ന ത്രസിപ്പിക്കുന്ന ഗാനങ്ങള്‍ ആളുകള്‍ തിങ്ങിനിറഞ്ഞ ബസിലും നിങ്ങളെ ഏതോ മായാലോകത്തെത്തിക്കുന്നു. പാട്ടുകള്‍ ഇപ്പോള്‍ ഉണര്‍ത്തുകയല്ല, ഉറക്കുകയാണ്.
* * *
ഒരു തിരുവോണനാളില്‍ ഉച്ചകഴിഞ്ഞു നടക്കാനിറങ്ങി. ഒരു ഹൗസിംഗ് കോളനിയിലൂടെയാണു നടത്തം. പാതയുടെ ഇരുവശങ്ങളിലുമുള്ള വീടുകളൊക്കെ അടഞ്ഞുകിടക്കുന്നു. മിക്കവരും ടി. വി. യില്‍ ഓണക്കളികള്‍ കാണുകയാണ്, ഏതോ സിനിമാനടന്‍റെ ഏതോ ഓര്‍മകള്‍ കേള്‍ക്കുകയാണ്. ശൂന്യമായ നിരത്ത്. ഊഞ്ഞാലാട്ടമില്ല, തുമ്പിതുള്ളലില്ല, വടം വലിയില്ല. ടി. വി. അവതാരകയുടെ ചിരിക്കൊപ്പം അവര്‍ ചിരിക്കുന്നു, അവള്‍ അത്ഭുതംകൂറുമ്പോള്‍ അവരും അത്ഭുതം കൂറുന്നു. ഓണക്കളികള്‍ സ്വയം കളിച്ചാല്‍ വിയര്‍ക്കും. അതുകൊണ്ട് അതു കിടന്നുകാണുകയാണ്.
നാട്ടിലെ പെരുന്നാളിന് നാടകട്രൂപ്പിനെ വിളിക്കാതെ, നാട്ടുകാര്‍ തന്നെ നാടകം അവതരിപ്പിച്ചാലോ എന്ന നിര്‍ദ്ദേശം ഒരു ചര്‍ച്ചപോലും കൂടാതെ അവിടുത്തെ യുവാക്കള്‍ തള്ളിക്കളഞ്ഞു. നാടകം സ്വയം അഭിനയിക്കുന്നതു മെനക്കേടാണ്. അതുകൊണ്ട് അതു കണ്ട് കമന്‍റടിക്കാം. വര്‍ഷങ്ങളോളം ക്രിക്കറ്റു കളി കണ്ടിട്ടും ബാറ്റെടുത്ത് ഒന്നുവീശാന്‍പോലും തയ്യാറാകുന്നില്ല നമ്മള്‍. കാണികള്‍ ഏറുകയാണ്, കളിക്കാര്‍ കുറയുകയാണ്. അങ്ങനെ കളിക്കാരുടെ വില വാനോളം ഉയരുന്നു. അവരെക്കൊണ്ടൊന്നു ബാറ്റുവീശിക്കാന്‍, ഒന്നു പാടിക്കാന്‍ ആയിരങ്ങള്‍ മുടക്കാനും നാം തയ്യാര്‍. നമ്മോട് ഒരു ബാധ്യതയുമില്ലാത്ത, ക്ലബുകളും പബ്ബുകളും കയറിയിറങ്ങുന്ന, നമ്മള്‍ കാശുകൊടുത്തു വലുതാക്കിയ അവരുടെ മുമ്പില്‍ നാം പഞ്ചപുച്ഛമടക്കി നില്ക്കുന്നു.
***
ഇന്ന് ആര്‍ട്സ്ക്ലബുകളെക്കാളും സ്പോര്‍ട്സ് ക്ലബുകളെക്കാളും കൂടുതലുള്ളത് ഫാന്‍സ് അസ്സോസിയേഷന്‍സാണെന്ന് തോന്നുന്നു. താരങ്ങളെപ്പോലെ അഭിനയിച്ചില്ലെങ്കിലും അവരെപ്പോലെ തലമുടി ചീകുക. ധോണിയെപ്പോലെ കളിച്ചില്ലെങ്കിലും അദ്ദേഹം ഉപയോഗിക്കുന്ന സ്പ്രേ പൂശുക. ടി. വി. അവതാരകയുടെ മംഗ്ളീഷ് പ്രയോഗങ്ങള്‍ അനുകരിച്ച് നല്ല മലയാളമോ നല്ല ഇംഗ്ലീഷോ അറിയില്ലെന്ന സത്യത്തെ മൂടിവെയ്ക്കുക. 'ഡാഡി മമ്മി വീട്ടിലില്ലൈ' എന്ന പാട്ടിനെ അനുകരിച്ച് കരോള്‍ ഗാനങ്ങള്‍ നിര്‍മ്മിക്കുക. ജീവിതം മുഴുവന്‍ ഒരു മിമിക്രിയാക്കുക.
ഇന്നത്തെ കുട്ടികളുടെ ജീവചരിത്രമെഴുതിയാല്‍ വലിയ വ്യത്യാസമൊന്നുമുണ്ടാകില്ല. ഒരേ കണ്ണട ധരിച്ച്, ഒരേ സെല്‍ഫോണ്‍ ഉപയോഗിച്ച്, ഒരേ താരത്തെ ആരാധിച്ച്, ഒരേ സിനിമക്കും ഒരേ കംപ്യൂട്ടര്‍ കോഴ്സിനും പോയി അവര്‍ ജീവിക്കുകയാണ്. ഞാന്‍ ഞാനായിരിക്കുന്നതില്‍ എന്തോ തകരാര്‍ ഉള്ളതുപോലെ. അടിമത്തത്തിന്‍റെ പുത്തന്‍ രൂപങ്ങള്‍.
***
ഓര്‍ക്കുന്നുണ്ട് ഒരു കൗമാരകാലം. ഹോസ്റ്റല്‍വാര്‍ഡന്‍ കാണാതെ മതില്‍ ചാടി, കൂട്ടുകാരന്‍റെ വീട്ടില്‍പോയി, ഉറക്കമിളച്ച് ഇന്‍ഡ്യ - പാക് ക്രിക്കറ്റ് മത്സരം കാണുകയാണ്. ആവേശവും നിരാശയും ആരാധനയും പകയും ഒക്കെ മാറിമാറി നിറയുകയാണ് മനസ്സില്‍. ഇന്നറിയുന്നു, അതൊന്നും മത്സരമായിരുന്നില്ല, 'കളി'യായിരുന്നു. ഒന്നാന്തരം പാവകളി. ആരാലോ നിയന്ത്രിക്കപ്പെട്ടിരുന്ന ഏതോ പാവകളായിരുന്നു അവര്‍. എന്തെല്ലാം 'കളി'കളുടെ ചേരുവയാണ് ക്രിക്കറ്റുകളി - ഓരോ ഓവറിനും ശേഷമുള്ള ഇടവേളകള്‍, അപ്പോഴെത്തുന്ന പരസ്യങ്ങള്‍, ഇടയ്ക്കിടെ മിന്നിമറിയുന്ന ശരീരപ്രദര്‍ശനങ്ങള്‍, പിന്നാമ്പുറങ്ങളിലെ വാതുവെപ്പുകള്‍. ഇവയ്ക്കൊക്കെ വേണ്ടിയാണ് ചിലയിടങ്ങളില്‍ പത്തുപതിനഞ്ചുമണിക്കൂര്‍ പവര്‍ക്കട്ടുള്ള മഹാരാഷ്ട്രയില്‍ രാത്രിയെ പകലാക്കി ബള്‍ബുകള്‍ നിന്നു ജ്വലിച്ചത്. എങ്കിലുമെന്ത്? കളിക്കാര്‍ കെട്ടിപ്പിടിക്കുന്നതും നുരയുന്ന ഷാംപെയിന്‍ മോന്തുന്നതും അവരുടെ പോക്കറ്റുകള്‍ നിറയുന്നതും കണ്ട് നമുക്കു സായൂജ്യമടയാമല്ലോ.
***
കലാ-കായിക വിരുന്നുകള്‍ മതിമറന്നൊന്നു ചിരിക്കാനും ഉദാത്തമായ ചിന്തകളിലേക്കുണരാനുമാണ് പ്രേരിപ്പിക്കേണ്ടത്. ഇക്കാലത്തെ പ്രകടനങ്ങള്‍ നമ്മില്‍ അവശേഷിപ്പിക്കുന്നത് എന്താണ്? ഈ ജീവിതത്തെ സുന്ദരമാക്കാനും മനസ്സിനെ തരളിതമാക്കാനും അവയ്ക്കാവുന്നുണ്ടോ? കളിയും ചിരിയും പാട്ടും നൃത്തവുമൊക്കെ നമുക്കു സ്വതഃസിദ്ധമാണ്. അവയൊക്കെ വല്ലവരെയും ഏല്‍പ്പിച്ചിട്ട് നാം അനുകരിക്കുന്നവരും അലസരും ആകേണ്ടതുണ്ടോ? നാം ഏര്‍പ്പെടുന്ന കളികള്‍തന്നെ, കളികളെക്കാള്‍ മത്സരങ്ങളാണ്. കളി കളിക്കുന്നതിലല്ല, അതു ജയിക്കുന്നതിലാണ് ശ്രദ്ധ. ജയിച്ചാല്‍ ഉന്മാദം, തോറ്റാല്‍ അപകര്‍ഷത.
എത്തരത്തിലുള്ളതാകണം നമ്മുടെ കളികളും കലകളും? അതിനുത്തരം എത്തരത്തിലുള്ളതായിരിക്കണം നമ്മുടെ ജീവിതം എന്നയന്വേഷണത്തില്‍നിന്നു ലഭിക്കും. ഒരു കാര്യം ഉറപ്പാണ്: നമ്മുടെ കളികളും ചിരികളും ഇന്ന് നിയന്ത്രിക്കപ്പെടുന്നു. അഭിരുചികള്‍ നിര്‍ണ്ണയിക്കപ്പെടുന്നു. ഇന്നു നാം ജീവിക്കുന്നത് നമ്മുടെ ജീവിതമല്ല.