വാഹനങ്ങളുടെ വന്‍തിരക്കുള്ള ഹൈവേയാണ്. പലയിടങ്ങളിലും റോഡിന്‍റെപണികള്‍ നടന്നുകൊണ്ടിരിക്കുന്നതിനാല്‍ത്തന്നെ വാഹനങ്ങള്‍ കഷ്ടപ്പെട്ടാണു നീങ്ങുന്നത്. വൈകിയാണ് ഓടുന്നതും. സ്വകാര്യാവശ്യത്തിനു പോകുകയായിരുന്നതുകൊണ്ട് ഒരു സ്വകാര്യവ്യക്തിയുടെ കാറിലായിരുന്നു യാത്ര. റോഡിലെ തടസ്സങ്ങള്‍ കാരണം അപ്പോള്‍ത്തന്നെ വൈകിയിരുന്നു. ഇനിയുമുണ്ട് നാലഞ്ചു മണിക്കൂര്‍ യാത്രകൂടി. പാതിവഴിയെ ആയിട്ടുള്ളൂ. ഇങ്ങനെയാണെങ്കില്‍ ഉദ്ദേശിച്ചിടത്ത് സമയത്തെത്താനോ ഉദ്ദിഷ്ടകാര്യം സാധിക്കാനോ പറ്റില്ലാത്തതുകൊണ്ട് യാത്ര നിര്‍ത്തിയാലോ എന്നുതന്നെ ശങ്കിച്ച് വിഷമിച്ചിരിക്കുമ്പോള്‍ വണ്ടിനിന്നു.
മുമ്പില്‍ നീണ്ടനിര വണ്ടികള്‍ കിടക്കുന്നു. കുറേ ദൂരെയെവിടെയോ കൊട്ടും മേളവും കേള്‍ക്കുന്നുണ്ട്. മുമ്പില്‍കിടക്കുന്ന വണ്ടികളുടെ നിര കണ്ടിട്ട് ഉടനെയെങ്ങും പോകാനാകുമെന്നു തോന്നുന്നില്ല. തിരിച്ചുപോകാന്‍ പോലും ആവാത്തവിധം പിന്നിലും വണ്ടികള്‍ തിങ്ങി. ചുറ്റും വന്നുനിന്ന വണ്ടികളില്‍നിന്നുള്ള സംസാരത്തില്‍നിന്നും എന്തോ പെരുനാളാണെന്നു മനസ്സിലായി. ഏതായാലും കാറില്‍ നിന്നിറങ്ങി. കുറേദൂരെ ഒരു പള്ളിയുടെ ദീപാലംകൃതമായ മുഖവാരത്തിന്‍റെ മുകള്‍ഭാഗവും കുരിശും കാണാം. പട്ടാപ്പകലാണെങ്കിലും അലങ്കാരദീപങ്ങള്‍ ആയിരക്കണക്കിനു മിന്നുന്നു.
വണ്ടി ഉടമ തന്നെയായിരുന്നു ഓടിച്ചിരുന്നതും. അതുകാരണം ആള്‍ക്കിറങ്ങാന്‍ സാധിക്കില്ലാതിരുന്നതിനാല്‍ ബ്ലോക്ക് മാറിക്കഴിയുമ്പോള്‍ മുന്നിലെവിടെയെങ്കിലും വച്ചു കയറിക്കൊള്ളാം എന്നുറപ്പുകൊടുത്തു ഞാന്‍ മുന്നോട്ടുനടന്നു. ഏതാണ്ട് അരകിലോമീറ്റര്‍ ദൂരം വെട്ടിപ്പൊളിച്ചിട്ട വഴിയില്‍ എഞ്ചിന്‍ ഓഫ്ചെയ്യാതെ കിടക്കുന്ന നൂറുകണക്കിനു വണ്ടികളുടെ പുകയുംതിന്ന് സംഭവസ്ഥലത്തെത്തി. ടൗണിന്‍റെ ഒത്തനടുക്കാണ് നാല്‍ക്കവല. ഹൈവേക്കു കുറുകെപോകുന്ന സാമാന്യം വലിയ റോഡ്. ആ റോഡില്‍നിന്നും വന്നുകൊണ്ടിരിക്കുന്ന പ്രദക്ഷിണം ഹൈവേയിലൂടെ മുന്നൂറുമീറ്ററോളംവന്ന് ഹൈവേ കുറുകെകടന്ന് മറു സൈഡിലൂടെ നാല്‍ക്കവല ചുറ്റി വീണ്ടും തിരികെപോകുന്നു. ഇത്രയും അഭ്യാസം കാണിക്കാന്‍ സാധാരണ വേഗത്തില്‍ നടന്നാല്‍പ്പോലും പത്തുമിനിറ്റെടുക്കും. അപ്പോള്‍പ്പിന്നെ അവസ്ഥ ഊഹിക്കാം. നടുറോഡിലെ പ്രകടനം വിറുറ്റതാക്കിത്തീര്‍ക്കാന്‍ ഓരോ ചുവടും എത്ര വൈകിക്കാമോ അതിനുള്ള എല്ലാ പണികളും പ്രയോഗിച്ചു നീങ്ങുന്ന പ്രദക്ഷിണം. ചെണ്ടക്കാരുടെ നിന്നും നടന്നുമുള്ള മേളത്തിനുപിന്നാലെ ആടിത്തകര്‍ക്കുന്ന ഒരുപറ്റം ചെറുപ്പക്കാര്‍. കൈകൊട്ടിയും തുള്ളിച്ചാടിയും ബാന്‍റുസെറ്റുകാരുടെ (അതു ഒന്നല്ല മൂന്നു സെറ്റുകള്‍) മത്സരിച്ചുള്ള ഊത്തും കുരവയും. അതില്‍ ഒരു സെറ്റിന്‍റെ മേളം 'ലജ്ജാവതിയെ' ആയപ്പോള്‍ ഞാന്‍ നിന്നിരുന്ന കടത്തിണ്ണയില്‍നിന്നു കാണാമായിരുന്ന കുരിശുപള്ളിയിലെ അലങ്കരിച്ച രൂപക്കൂട്ടില്‍നിന്നു മാതാവും ലജ്ജിച്ചു തലകുനിച്ചില്ലേയെന്നു സംശയിക്കണം. അതിനിടയ്ക്ക് റോഡിന്‍റെ നടുക്കു കത്തിച്ച വലിയ മത്താപ്പൂവിന്‍റെ പൂ ചിതറിയപ്പോള്‍ തിരുശേഷിപ്പു പിടിച്ചുനടന്നിരുന്ന അച്ചന്‍റെ മീതെ ചൂടിച്ചിരുന്ന കുടയുടെ നാലുകാലില്‍ ഒന്നു പിടിച്ചിരുന്നവന്‍ പേടിച്ച് അച്ചന്‍റെ മേത്തേക്ക് ഉരുണ്ടുകയറിയതും ആള്‍ക്കാരുടെ കൂട്ടച്ചിരിക്കും തിരുശേഷിപ്പിന്‍റെ ഉടമയായ പുണ്യവാനെ വല്ലാതെ സന്തോഷിപ്പിച്ചുകാണും! അതിന്‍റെ പിന്നാലെയായിരുന്നു അലങ്കരിച്ച വലിയ വണ്ടിയില്‍ മാതാവിന്‍റെയും സെബസ്ത്യാനോസിന്‍റെയും ഗീവര്‍ഗീസിന്‍റെയും സ്വരൂപങ്ങളുടെ എഴുന്നള്ളത്ത്. അതിനു ചുറ്റുംനിന്ന് കലങ്ങിയ കണ്ണുകളോടെ ഉറയ്ക്കാത്ത പാദങ്ങളോടെ ഭക്തിനൃത്തം ചെയ്യുന്നവര്‍ പട്ടണത്തിലെ കച്ചവടപ്രമുഖര്‍!
പ്രദക്ഷിണത്തിന്‍റെ വാലറ്റം നാല്‍ക്കവലയിലെത്തിയപ്പോഴേക്കും നാല്‍പതുമിനിറ്റ്! ഇനിയും പത്തുപതിനഞ്ചു മിനിറ്റുകൂടിയെടുക്കും കടന്നുതീരാന്‍. തിരിച്ചുനടന്നു വണ്ടിയിലേക്ക്. നല്ല വെയിലത്തു നിരനിരയായി കിടന്ന വാഹനങ്ങളിലുള്ളവര്‍ മുഴുവന്‍ പള്ളിയെയും പുണ്യാളന്മാരെയും പ്രാകിക്കൊണ്ടിരുന്നതില്‍ എന്തത്ഭുതം? എത്രയോ അത്യാവശ്യങ്ങള്‍ക്ക്, എത്രയോ സ്ഥലങ്ങളില്‍ പോകേണ്ടവര്‍. നാലുവഴിക്കുമുള്ള സര്‍വ്വ ഗതാഗതങ്ങളും അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിപ്പിച്ച് പുണ്യാളന്മാരുടെ തെരുവിലൂടെയുള്ള എഴുന്നള്ളത്ത് അരങ്ങു കൊഴുത്തപ്പോള്‍, വഴിയിലും വണ്ടിയിലും യാത്രചെയ്തവര്‍ക്ക് ഏതെല്ലാം തരത്തില്‍ എന്തെല്ലാം നഷ്ടമുണ്ടായി എന്നുള്ളതിനേക്കാള്‍ കുരിശടിയിലെ നേര്‍ച്ചപ്പെട്ടിയിലും പള്ളിക്കു മുന്നിലെ കാണിക്കവഞ്ചിയിലും എത്ര നേട്ടമുണ്ടായി എന്നു മാത്രം എണ്ണിതിട്ടപ്പെടുത്തുന്നു. ഇതിന്‍റെയൊക്കെ നായകരെ കണ്ണുതുറപ്പിക്കാന്‍ ആരുണ്ട്! ജീവിച്ചിരുന്നപ്പോള്‍ ജീവനും ജീവിതവുംകൊണ്ടു മറ്റുള്ളവര്‍ക്കുവേണ്ടി ആയിത്തീര്‍ന്ന മാതാവിനെയും പുണ്യവാന്മാരെയും വണങ്ങാന്‍ ആയിരക്കണക്കിനാളുകളെ പെരുവഴിയില്‍ പെടുത്തുന്ന പ്രദക്ഷിണവും എഴുന്നള്ളത്തും എന്തിനുവേണ്ടി എന്നു ചിന്തിക്കാനും മാത്രം നമ്മുടെ വിശ്വാസികള്‍ വളര്‍ന്നിട്ടില്ലെന്നുണ്ടോ? അതിനുപകരം മാനുഷികബലഹീനതയെ ചൂഷണംചെയ്ത് അന്ധവിശ്വാസങ്ങള്‍ വളമിട്ടുവളര്‍ത്തി കണക്കില്ലാത്ത പണത്തില്‍ കണ്ണു നട്ടല്ലേ ഇതിനൊക്കെ മുന്നില്‍നില്‍ക്കുന്നവരുടെ പോക്ക് എന്നു കാണാന്‍ പള്ളിക്കൂടത്തില്‍പോയി പഠിച്ചിട്ടു വേണ്ടല്ലോ? തിരുനാളിനു കൊടിയേറുന്നതിനു നാളുകള്‍ക്കുമുമ്പുമുതല്‍ പത്ര പരസ്യങ്ങളും പോസ്റ്ററുകളും ബാനറുകളും നോട്ടീസുകളും പ്രസിദ്ധപ്പെടുത്തുന്നതെന്താണെന്നു നോക്കിയാല്‍പോരേ? ഓരോ കര്‍മ്മത്തിനും വഴിപാടിനുമുള്ള നിരക്കു സഹിതവും അതു പോസ്റ്റുവഴിപോലും ബുക്കുചെയ്യാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കൊപ്പം 'അനുഗ്രഹം പ്രാപിക്കാനുള്ള' ആഹ്വാനവുമായി ഓരോരോ 'അച്ചെട്ടു' പള്ളികളില്‍നിന്നും അറിയിപ്പു വരുമ്പോള്‍ ആവശ്യക്കാരന് ഔചിത്യമില്ലല്ലോ. യുക്തിവാദിപോലും നേര്‍ച്ചനേര്‍ന്നു പോകും. പുണ്യവാന്മാരെയും മാതാവിനെയും വണങ്ങാനും തമ്പുരാനെ ആരാധിക്കാനും വിശ്വാസികള്‍ ഒന്നിച്ചുകൂടുന്ന ദേവാലയത്തിനും മുറ്റത്തിനുമപ്പുറത്തുള്ള ഏതാഘോഷവും വിശ്വാസിക്കു ചേര്‍ന്നതല്ല, ശബ്ദ പരിസര പരിസ്ഥിതി മലിനീകരണങ്ങള്‍ക്കൊക്കെ വഴിവയ്ക്കുന്ന ഒരാഘോഷവും ആരാധനയും വണക്കവുമല്ല, ആഭാസവും ദുരുദ്ദേശപരവുമാണ്. കാലംകൊണ്ട് വന്നുപോയ ഭ്രംശങ്ങളെ തിരിച്ചറിഞ്ഞ് നേര്‍ദിശയിലേക്കു തലതിരിയാന്‍ തയ്യാറുള്ളവരുണ്ടെങ്കില്‍ 'തലതിരിഞ്ഞവരെ' കണ്ണുതുറപ്പിക്കാനാവും.