news-details
എന്റെ ദൈവം

ക്രിസ്തു എന്ന അടയാളം

ക്രിസ്തു ഇനിയും അന്വേഷണം ആവശ്യമുള്ള ഒരു അടയാളമാണ്. മനുഷ്യനും പ്രപഞ്ചവും അതുപോലെതന്നെ അന്വേഷണം ആവശ്യമുള്ള മറ്റടയാളങ്ങളാണ്. കാലികമായ പരിണതികളിലുടെ വളര്‍ന്ന് വര്‍ത്തമാനത്തില്‍നിന്ന് തന്നിലേയ്ക്കും പ്രപഞ്ചത്തിലേയ്ക്കും സമയത്തിന്‍റെ പ്രഹേളികകളിലേയ്ക്കും നോക്കുന്ന മനുഷ്യന് പുതിയ വ്യാഖ്യാനരീതികള്‍ കൊടുത്താണ് ക്രിസ്തു കടന്നുപോയത്. മനുഷ്യന്‍റെ ബോധമണ്ഡലം നിരന്തരം ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ട് തന്നോടും പ്രപഞ്ചത്തോടും കലഹിക്കുന്നുവെന്ന് ക്രിസ്തുവിനറിയാം.

ജീവന്‍റെ ഉദാത്ത പരിണതിയായ മനസ്സില്‍നിന്നും  ഉരുത്തിരിയുന്ന പരസ്പരബന്ധിതമായ അര്‍ത്ഥ നിര്‍മിതിയിലാണ് എക്കാലവും മനുഷ്യര്‍. ചരിത്രത്തില്‍നിന്ന് സ്വയം അടര്‍ത്തിയെടുത്ത് മനുഷ്യന് പുതിയ അര്‍ത്ഥതലങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുകയില്ല. അബോധങ്ങളുടെ അനേകസഹസ്രം അടരുകളില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്ന പരിണാമത്തിന്‍റെ രഹസ്യങ്ങളില്‍ മനുഷ്യന്‍ നിസ്സഹായനാകുന്നുമുണ്ട്. ഭൂതകാലം പുനര്‍ വായനയ്ക്കും, പുനര്‍വ്യാഖ്യാനത്തിനും വിധേയമാണ്. മനുഷ്യപുരോഗതി അതിനുള്ള നൂതന ഇടങ്ങള്‍ സൃഷ്ടിക്കുന്നുമുണ്ട്. അതുകൊണ്ടു തന്നെ ക്രിസ്തുവിനെക്കുറിച്ചും അവന്‍ ചൂണ്ടിക്കാണിക്കുന്ന മനുഷ്യനെക്കുറിച്ചുമുള്ള അന്വേഷണങ്ങള്‍ ഒരിക്കലും അവസാനിക്കുകയുമില്ല.

ഭാവിയെക്കുറിച്ചുള്ള അറിവിലേയ്ക്ക് മനുഷ്യന്‍ എത്തുക എന്നത് അത്ഭുതകരമായ കാര്യമാണ്. ഭാവിയുടെ ഏതെങ്കിലുമൊക്കെ ഏടുകള്‍ അറിയാന്‍ സ്വതസ്സിദ്ധമായ കഴിവുകള്‍ മനുഷ്യനുണ്ട് താനും. യുക്തിയും ബുദ്ധിയും കൂട്ടിവെച്ചാലും കിട്ടാത്ത ഭാവിയുടെ അറിവുകള്‍ മനുഷ്യന് തുറന്നു കിട്ടുന്നവയാണ് പ്രവചനങ്ങള്‍. പലപ്പോഴും അതിന് നിഗൂഢതയും അവ്യക്തതയും ഏറും. ഭാവിയെക്കുറിച്ചുള്ള അറിവുകള്‍ മനുഷ്യന് കൈമാറ്റം ചെയ്യപ്പെട്ടു കിട്ടുന്നത് അടയാളങ്ങളിലൂടെയാണ്. അത്തരം നിരവധി അടയാളങ്ങള്‍ ക്രിസ്തുവുമായി ബന്ധപ്പെട്ട് നാം ബൈബിളില്‍ വായിക്കുന്നുണ്ട്. മനുഷ്യന്‍റെ പരിമിതമായ സമയബോധത്തെ അത്ഭുതപ്പെടുത്തുന്ന ദൈവിക ഇടപെടലുകളുടെ വിവരണമാണ് നാം ബൈബിളില്‍ കാണുന്നത്. ഇവിടെ ഒരു ജനതയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് അടയാളങ്ങള്‍ നല്‍കപ്പെടുന്നു. അതിനുവേണ്ടി ചില മദ്ധ്യവര്‍ത്തികളുണ്ടാകുന്നു. ചിലര്‍ അത് വ്യാഖ്യാനിക്കുന്നു. ചിലര്‍ അത് അത്ഭുതത്തോടുകൂടി തിരിച്ചറിയുന്നു. ഇസ്രായേലിന്‍റെ ചരിത്രം മുഴുവന്‍ യാത്രകളാണ്. രൂപീകരണത്തിന്‍റെ യാത്രകള്‍. പുറപ്പാടനുഭവമാണ് പഴയനിയമ ചരിത്രത്തിലേറ്റവും ശക്തമായ അനുഭവമായി അവര്‍ക്കനുഭവപ്പെട്ടത്. ഒരുമിച്ചുകൂടലും ചിതറിക്കപ്പെടലുമായി അശാന്തമായ നാളുകളായിരുന്നു അവര്‍ക്കിടയില്‍ കൂടുതലും. ഈ അശാന്തി മൂലമാണ് മോസസില്‍ നിന്ന് മിശിഹായെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ വിരിയുന്നത്.

 

കുറെയേറെ യഹൂദന്മാര്‍ ഇസ്രായേലിന്‍റെ ചരിത്രത്തില്‍ കാത്തിരുന്നത് ഒരു രാഷ്ട്രീയ നേതാവിനെയായിരുന്നു. യഹൂദന്മാരുടെ രാജാവിനെ. എന്നാല്‍  കൂടുതല്‍ യഹൂദന്മാരും കാത്തിരുന്നത് ഇസ്രായേലിനെ പുനരുദ്ധരിക്കുകയും ഒരു പുതിയ പുറപ്പാടനുഭവത്തിലൂടെ ജനതയെ നയിക്കുകയും ചെയ്യുന്ന ഒരു നേതാവിനെയായിരുന്നു. (Brant Ptire, Jesus and the Jewish roots of Eucharist, പേജ് 24,) ശരിക്കും അവര്‍ കാത്തിരുന്നത് ഒരു പുതിയ മോസസിനെയും, പുതിയ പുറപ്പാടിനെയും, പുതിയ വാഗ്ദത്തഭൂമിയെയും, പുതിയ ആരാധനാലയത്തെയു മായിരുന്നു എന്നു പറയാം. യഹൂദജനതയുടെ ജീവിതത്തെയും ചരിത്രത്തെയും ദൈവം മനുഷ്യവംശത്തിനൊരു അടയാളമാക്കിത്തീ ര്‍ക്കുന്നതാണ് ബൈബിള്‍ ചരിത്രത്തിലൂടെ നാം കാണുക. പുറപ്പാടനുഭവം അങ്ങനെ വരാനിരിക്കുന്ന ഭാവിയുടെ ഏറ്റവും ശക്തമായ പ്രതീകമായി ബൈബിളില്‍ നിലനില്‍ക്കുന്നു. മനുഷ്യന്‍ എപ്പോഴും അവന്‍റെ ജീവിതത്തെ വിലയിരുത്തുന്നത് സ്വന്തം അനുഭവങ്ങളും മുന്‍വിധികളുംവെച്ചാണ്. അതു കൊണ്ടുതന്നെ മിശിഹായ്ക്കുവേണ്ടിയുള്ള ഇസ്രായേലിന്‍റെ കാത്തിരിപ്പിലും അവരുടെ മുന്നനുഭവങ്ങളും മുന്‍വിധികളും ശക്തമായ നിഴല്‍ വീഴ്ത്തിയിരുന്നു. പ്രവചനങ്ങള്‍പോലും വളരെ അവ്യക്തമായി നിന്നത് അതുകൊണ്ടാണ്. 


പുറപ്പാടനുഭവത്തിലെ പ്രധാനപ്പെട്ട ഘടകങ്ങള്‍ ഏതാണെന്ന് ചോദിച്ചാല്‍ അത് 1.മോസസ്,  2. ഉടമ്പടി, 3. ദൈവാലയം, 4. വാഗ്ദത്തഭൂമി എന്നിവയാ ണെന്നാണ് മനസ്സിലാക്കാന്‍ കഴിയുക. (Brant Ptire, Jesus and the Jewish roots of Eucharist, pgs 24, 42). ഒരു ജനത  എന്ന രീതിയില്‍ ഇസ്രായേലിന്‍റെ പതനം മോസസ് മുന്നില്‍ കണ്ടിരുന്നു. മാത്രമല്ല തന്നെപ്പോലെതന്നെ മറ്റൊരാള്‍ അടിമത്തത്തില്‍ നിന്ന് ഇസ്രായേലിനെ രക്ഷിക്കാന്‍  ജനങ്ങള്‍ക്കിടയില്‍ നിന്നുയര്‍ന്നുവരുമെന്നും മോസസ് പ്രവചിച്ചു (നിയമാവര്‍ത്തനം 18:1518). മോസസിലൂടെ വാഗ്ദത്തഭൂമിയില്‍ പ്രവേശിച്ച ദൈവജനം ചിതറിക്കപ്പെടുന്നത് താമസിയാതെ നാം കാണുന്നു.

ബി.സി. 722 ല്‍ ഇസ്രായേലിലെ 10 വടക്കന്‍ ഗോത്രങ്ങള്‍ അസ്സീറിയന്‍ സാമ്രാജ്യശക്തികളുടെ കീഴില്‍ അടിമകളായിപ്പോകുന്നു (2 Kings15:17). പിന്നീട് ബി.സി. 587 ല്‍ ബാബിലോണിയന്‍ സാമ്രാജ്യത്തിന് കീഴില്‍ അവശേഷിക്കുന്ന രണ്ട് തെക്കന്‍ ഗോത്രങ്ങളും അടിമകളായിത്തീരുന്നു (2Kings 25:27). അടിമത്തത്തിലലഞ്ഞ യഹൂദജനത പുതിയ മോശയ്ക്കുവേണ്ടി ദാഹിച്ചു. ഏകദേശം നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന റബ്ബി ബെറക്കിയായുടെ വാക്കുകളില്‍ മിശിഹാ മോശയുടെ കൃത്യമായ പ്രതിരൂപമായിരിക്കും എന്ന വിശ്വാസമാണ് ശക്തമായുണ്ടായിരുന്നത് (Ecclesiastes Rabbah1:28). ഇസ്രായേലിന്‍റെ പൂര്‍ണമായ അടിമത്തത്തില്‍ ഈ മിശിഹാവിചാരങ്ങള്‍ ശക്തിപ്രാപിച്ചു. മോശ സ്വര്‍ഗ്ഗത്തില്‍ നിന്ന് മന്നാ പൊഴിയാന്‍ ഇടയാക്കിയതുപോലെ ക്രിസ്തു വരുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് അപ്പം പൊഴിക്കുമെന്ന വിശ്വാസവും ശക്തമായി.

പുറപ്പാടനുഭവത്തിലെ ഉടമ്പടി രക്തം കൊണ്ട് മുദ്രവെച്ചതും, സ്വര്‍ഗ്ഗീയവിരുന്നിലവസാനി ച്ചതുമായിരുന്നു (Exodus24: 111). പുറപ്പാടനുഭവ ത്തിലെ ഉടമ്പടി സംഭവിക്കുന്നത് 12 ഗോത്രങ്ങളും സീനായ് മലയുടെ അടിവാരത്തിലെത്തിയതിന് ശേഷമാണ്. അടിമത്തത്തില്‍ നിന്ന് പുറപ്പാടനു ഭവത്തിലൂടെ ഇസ്രായേല്‍ ജനത കടന്നുപോകാനുള്ള കാരണം അവര്‍ ദൈവത്തെ ആരാധിക്കുന്നതിന് വേണ്ടിയായിരുന്നു എന്നാണ് ബൈബിള്‍ പറയുന്നത്. 'നീ ഫറവോയോടു പറയണം, കര്‍ത്താവ് പറയുന്നു ഇസ്രായേല്‍ എന്‍റെ പുത്രനാണ്, എന്‍റെ ആദ്യജാതന്‍. ഞാന്‍ നിന്നോടാജ്ഞാപിക്കുന്നു എന്നെ ആരാധിക്കാന്‍ വേണ്ടി എന്‍റെ പുത്രനെ വിട്ടയയ്ക്കുക' (പുറപ്പാട് 4: 22:23) എന്ന ദൈവത്തിന്‍റെ വാക്കുകള്‍ നാം വായിക്കുന്നു. എന്നാല്‍ ദൈവവുമായി ഇസ്രായേല്‍ നടത്തിയ ഉടമ്പടിയോട് ജനം വിശ്വസ്തത പുലര്‍ത്തുന്നില്ല. തലമുറകള്‍ തലമുറകളായി അവര്‍ ദൈവത്തില്‍ നിന്നകന്നു പോകുന്നു. കാലം കടന്നുപോവുകയാണ്. മോശയുടെ കാലഘട്ടത്തിനും ഏകദേശം ആയിരം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജറമിയായിലൂടെ പുതിയ ഉടമ്പടിയെക്കുറിച്ചുള്ള പ്രവചനം നാം കേള്‍ക്കുന്നത് (ജറമിയ 31: 31:  33). സീനായ് മലയില്‍ വെച്ച് നടത്തിയതുപോലെ ഈ ഉടമ്പടിയും ഇസ്രായേലിലെ 12 ഗോത്രങ്ങളുമായുള്ള ഉടമ്പടിയാണ്. ഇവിടുത്തെ പ്രധാന വ്യത്യാസം പുതിയ ഉടമ്പടിയില്‍ നിയമങ്ങളെഴുതുന്നത് കല്‍പ്പലകകളിലല്ല, ഹൃദയങ്ങളിലാണ് എന്നതാണ്. പുതിയ ഉടമ്പടി രക്തം കൊണ്ട് മുദ്രവെയ്ക്കപ്പെടുമെന്നോ, വിരുന്നിലവസാനിക്കുമെന്നോ ജറമിയാ പറയുന്നില്ല. യഹൂദപാരമ്പര്യമനുസരിച്ച് പുറപ്പാടിന് ശേഷം ദൈവത്തിന്‍റെ രാജ്യത്തിലല്ലാതെ, ദൈവസാന്നിധ്യ ത്തിലല്ലാതെ പുതിയൊരു വിരുന്ന് അവര്‍ പ്രതീക്ഷിക്കുന്നില്ല (ബാബിലോണിയന്‍ താല്‍മുദ്, ബെറാക്കോത്ത് 17 A). വരാനിരിക്കുന്ന ലോകത്തി ലാകട്ടെ ദൈവസാന്നിധ്യത്തിലവരാഘോഷിക്കു ന്നതോ ദൈവത്തിന്‍റെ തെളിച്ചമായിരിക്കും താനും. 

പുറപ്പാടനുഭവത്തില്‍ ദൈവാരാധന സമാഗമ കൂടാരത്തെ കേന്ദ്രീകരിച്ചായിരുന്നു. മരുഭൂമിയാത്ര യില്‍ ഇസ്രായേല്‍ ജനം കൊണ്ടുനടന്ന ദൈവാലയ മായിരുന്നു സമാഗമകൂടാരം. സമാഗമകൂടാര ത്തില്‍വെച്ച് ദൈവം തന്‍റെ മഹത്വത്തിന്‍റെ മേഘപ്രതീകത്തിലൂടെ ഇസ്രായേല്‍ ജനതയെ കണ്ടു. ഇതാവട്ടെ പിന്നീട് സോളമനിലൂടെ നിര്‍മിക്കപ്പെടാന്‍ പോകുന്ന ദൈവാലയത്തിന്‍റെ പ്രതിരൂപമായിരുന്നു താനും. സോളമന്‍റെ ദൈവാലയം 587 ബിസി യില്‍ തകര്‍ക്കപ്പെട്ടതിനുശേഷം വീണ്ടും ഇസ്രായേല്‍ ദൈവാലയം നിര്‍മിച്ചെങ്കിലും അത് പഴയതിനോട് കിടപിടിക്കത്തക്ക പ്രതാപമുള്ളതായിരുന്നില്ല. അതു കൊണ്ടു തന്നെ മിശിഹായുടെ വരവിനോടനുബന്ധിച്ച് വ്യത്യസ്തതയുള്ള ഒരു ദൈവാലയ പ്രതീക്ഷ യഹൂദരിലുടലെടുക്കുകയും വളരുകയും ചെയ്തു. ചില റബ്ബിമാര്‍ മിശിഹാ തന്നെയായിരിക്കും പുതിയ ദൈവാലയം നിര്‍മിക്കുക എന്നു വരെ വിശ്വസിച്ചിരുന്നു (Numbers Rubbah 13:2).

പുറപ്പാടു സംഭവത്തില്‍ അബ്രാഹത്തോടു വാഗ്ദാനം ചെയ്ത വാഗ്ദത്തഭൂമിയായ കാനാന്‍ ദേശത്തിലേയ്ക്കാണ് ദൈവം ഇസ്രായേല്‍ ജനത്തെ  നയിക്കുന്നത്. അബ്രാഹവും ഇസഹാക്കും ജേക്കബും കാനാന്‍ദേശത്ത് വസിക്കുന്നെങ്കിലും ജോസഫിലൂടെ ക്രമേണ അവര്‍ക്ക് ഈജിപ്തില്‍ താമസമാക്കേണ്ട തായി വരുന്നു. പുറപ്പാടനുഭവത്തിലൂടെയാണ് വീണ്ടും അവര്‍ വാഗ്ദത്തഭൂമിയിലേയ്ക്ക് പ്രവേശിക്കുന്നത്. എന്നാല്‍ ബി.സി. 722 ലും 587 ലുമായി ഇസ്രായേല്‍ ഗോത്രങ്ങള്‍ മുഴുവന്‍ അടിമത്തത്തിലാകുന്നു. 539 ബി.സി.യില്‍ രണ്ട് തെക്കന്‍ ഗോത്രങ്ങള്‍ കാനാനി ലെത്തുന്നുണ്ടെങ്കിലും ഈശോയുടെ കാലഘട്ടമായ പ്പോഴേയ്ക്കും മറ്റ് പത്ത് ഗോത്രങ്ങളും വിജാതീയരുടെ ഇടയില്‍ ചിതറിക്കപ്പെട്ടിരുന്നു. വിവിധ പ്രവാചകന്മാ രിലൂടെ വാഗ്ദത്തഭൂമിയെക്കുറിച്ചുള്ള പുതിയ പ്രതീക്ഷകളും സങ്കല്‍പ്പങ്ങളും ഇസ്രായേല്‍ ജനതയുടെ ജീവിതത്തില്‍ ചേക്കേറി. അതിലേറിയ പങ്കും ഭൗമികമായ ഒരു സ്ഥലത്തെ കേന്ദ്രീകരിച്ചുള്ള തായിരുന്നു. പുതിയ പുറപ്പാടനുഭവത്തില്‍ പുതിയ ജറുസലേമിലേയ്ക്കുള്ള യാത്രയായി ഇസ്രായേലിന്‍റെ ജീവിതത്തെ വ്യാഖ്യാനിക്കുകയും പ്രവചിക്കുകയും ചെയ്യുന്നത് ഏശയ്യാ പ്രവാചകനാണ് ( അദ്ധ്യായങ്ങള്‍ 43, 49, 60). എ.ഡി. ആദ്യനൂറ്റാണ്ടുകളിലെ യഹൂദ മതഗ്രന്ഥങ്ങളില്‍ യഥാര്‍ത്ഥ വാഗ്ദത്തഭൂമി ദൈവം വസിക്കുന്ന 'മുകളിലുള്ള രാജ്യമാണ്' എന്ന് പറയപ്പെടുന്നുണ്ട്  (Brant Ptire, Jesus and the Jewish roots of Eucharist, പേജ് 40).

യഹൂദ മതഗ്രന്ഥമായ മിഷ്നായില്‍ നാം ഇങ്ങനെ വായിക്കുന്നു: 'വരാനിരിക്കുന്ന രാജ്യത്തില്‍ എല്ലാ ഇസ്രായേല്‍ ജനതയ്ക്കും അവകാശമുണ്ടായിരിക്കും, കാരണം ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു, നിന്‍റെ ജനങ്ങളെല്ലാം നീതിയുള്ളവരായിരിക്കും, അവര്‍ എന്നന്നേയ്ക്കുമായി ഭൂമി അവകാശമാക്കും, ഞാന്‍ നട്ടതിന്‍റെ ശാഖ, എന്‍റെ മഹത്വത്തിനായുള്ള കരങ്ങളുടെ ഫലം' (Mishnah, Sanhedrin 10:1). ഇസ്രായേല്‍ അവകാശമാക്കുന്ന ഭൂമി വരാനിരിക്കുന്ന രാജ്യത്തിലുള്ള പങ്കുപറ്റലാണെന്ന് യഹൂദര്‍ വിശ്വസിച്ചിരുന്നു. എല്ലാം നവീകരിക്കപ്പെടുന്ന പുതിയ ഒരു രാജ്യവും പുതിയ ഒരു സൃഷ്ടിയുമാണ് മിശിഹായുടെ വരവിനോടനുബന്ധിച്ച് യഹൂദര്‍ സ്വപ്നം കണ്ടത്.

മോസസ്, ഉടമ്പടി, ദൈവാലയം, വാഗ്ദത്തഭൂമി എന്നീ ആശയങ്ങളെല്ലാം ക്രിസ്തുവില്‍ പുതിയ അര്‍ത്ഥങ്ങള്‍ കണ്ടെത്തുന്നു എന്നതായിരുന്നു പുതിയ നിയമഗ്രന്ഥങ്ങള്‍ കാണിച്ചു തന്നത്. ചരിത്രപുരുഷ നായ മോശയില്‍ നിന്ന് മാനവകുലത്തിന്‍റെ പുതിയ പുറപ്പാടില്‍ മിശിഹാ ദൈവജനത്തെ നയിക്കാനുള്ള വടിയേറ്റുവാങ്ങുന്നു. ശരീരമാകുന്ന ദൈവാലയത്തില്‍ ഉടമ്പടിയുടെ രക്തം കൊണ്ടടയാളമിട്ട്, ദൈവരാജ്യ ത്തിന്‍റെ പുതിയ അനുഭവത്തിലേയ്ക്ക്  അവന്‍ മനുഷ്യരെ നയിക്കുന്നു. കാഴ്ചയുടെ ലോകത്തില്‍ നിന്ന് ആന്തരികലോകത്തിലേയ്ക്ക് ശ്രദ്ധ ക്ഷണിച്ചു കൊണ്ട് നൂതനമായ ഒരു ലോകവ്യാഖ്യാനത്തി ലേയ്ക്കാണ് ക്രിസ്തു തിരിഞ്ഞത്. പ്രപഞ്ചത്തെയും ചരിത്രത്തെയും ദൈവത്തെയും ദൈവരാജ്യത്തെയും അവന്‍ മനുഷ്യനെന്ന സൂചകത്തിലേയ്ക്കു തിരിച്ചുവെച്ചു. 'ദൈവപുത്രനും' 'മനുഷ്യപുത്രനും' എന്ന ഇടകലര്‍ന്ന പദപ്രയോഗങ്ങളില്‍ സ്വര്‍ഗത്തിനും ഭൂമിക്കുമുള്ള വേര്‍തിരിവ് വളരെ നേരിയതാണെന്നു സൂചിപ്പിച്ചു. അപാരമായ സ്നേഹത്തിന്‍റെ നിറങ്ങള്‍ ചാലിച്ച് ദൈവത്തിന്‍റെയും മനുഷ്യന്‍റെയും പുതിയ ചിത്രങ്ങള്‍ വരച്ചു സാധാരണമനുഷ്യന്‍റെ ജീവിത ഇടങ്ങളിലവന്‍ സ്ഥാപിച്ചു. മാനവകുലത്തിന്‍റെ പ്രതീക്ഷകളുടെ മുമ്പിലൊരു ദര്‍പ്പണം സ്ഥാപിച്ച് തങ്ങളിലേയ്ക്ക് നോക്കി ദൈവത്തെ കാണാന്‍ പറഞ്ഞു. മനുഷ്യന്‍റെ ഉടല്‍ ഏറ്റവും വലിയ അടയാളവും പ്രതീക്ഷയുമായത് അങ്ങനെയാണ്. ഉടല്‍ അപ്പമായി, ദൈവാലയമായി. ഉടല്‍ ബലിവേദിയും, മരണത്തിനപ്പുറമുള്ള പ്രതീക്ഷയുമായി. ഒരു പടികൂടി കടന്ന് ശരീരം ഒരു അടയാളം മാത്രമാണെന്നവന്‍ പറഞ്ഞുവെച്ചു.

പരിപൂര്‍ണ യഹൂദപാരമ്പര്യത്തില്‍ ജീവിച്ച ക്രിസ്തു, യഹൂദചിന്താഗതികളില്‍ നിന്ന് വ്യതിചലിക്കുകയും യഹൂദരിലും ശിഷ്യരിലും ഒരുപോലെ ചിന്താക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്ത വചനങ്ങള്‍ തന്‍റെ ശരീരവും രക്തവും ഭക്ഷിക്കുന്നില്ലെങ്കില്‍ ആര്‍ക്കും നിത്യജീവനുണ്ടാ വുകയില്ല എന്നതിലായിരുന്നു.

'യേശു പറഞ്ഞു; സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു നിങ്ങള്‍ മനുഷ്യപുത്രന്‍റെ ശരീരം ഭക്ഷിക്കുകയും അവന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് നിത്യജീവന്‍ ഉണ്ടായിരിക്കുകയില്ല. എന്‍റെ ശരീരം ഭക്ഷിക്കുകയും എന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്.  അവസാന ദിവസം ഞാനവനെ ഉയിര്‍പ്പിക്കും. എന്തെന്നാല്‍ എന്‍റെ ശരീരം യഥാര്‍ത്ഥ ഭക്ഷണമാണ്. എന്‍റെ രക്തം യഥാര്‍ത്ഥ പാനീയമാണ്' (യോഹ: 6: 53, 54).ക്രിസ്തുവിന്‍റെ ഈ വചനങ്ങള്‍ ശരിക്കും  യഹൂദചിന്താധാരയില്‍ ഓക്കാനം സൃഷ്ടിച്ചു എന്നതാണ് ശരി. ശരീരം എന്നത് ഒരു ഐഡന്‍റിറ്റിയുടെ പ്രതീകമാണ്. മനുഷ്യന്‍റെ ഭാഷയേയും ഭാഷയുടെ അര്‍ത്ഥതലങ്ങളെയും ഉടല്‍ വെച്ചവനുടച്ചുവാര്‍ത്തതാണ് അവസാന അത്താഴവും കാല്‍വരിയിലെ ബലിയും ഉത്ഥാനവും. മനുഷ്യന്‍റെ മുന്നില്‍ കണ്ണാടിയായി ഒരു ജീവിതവും ഉടലും എടുത്ത് കാട്ടിയാണ് അവന്‍ കടന്നു പോയത്.

You can share this post!

ക്രിസ്തു എന്ന സ്നേഹത്തിന്‍റെ വിരുന്ന്

ബിജു മഠത്തിക്കുന്നേല്‍
അടുത്ത രചന

ശരീരം, മനസ്സ്, ആത്മാവ്

ബിജു മഠത്തിക്കുന്നേല്‍ CSSR
Related Posts