news-details
എന്റെ ദൈവം

ശാസ്ത്രം, സാങ്കേതികത, സമയം, ദൈവം

അവസാന അത്താഴത്തില്‍ നിന്ന് കുര്‍ബാന എന്ന കൂദാശയിലേയ്ക്കുള്ള ദൂരം സമയാതീതമാണ്. കൂദാശ എന്ന വാക്ക് എളുപ്പത്തില്‍ അങ്ങനെ പറഞ്ഞുപോകാ വുന്നതല്ല. വാക്കിന്‍റെ രൂപീകരണവുമായി ബന്ധപ്പെട്ട് എന്നതിനേക്കാളധികം ദൈവശാസ്ത്രവുമായി ബന്ധപ്പെട്ട് അത് സങ്കീര്‍ണമായി നില്‍ക്കുന്നു. ആരാധനക്രമം (liturgy) എന്ന് ഒരു പക്ഷേ നാം ലളിത മായി വ്യാഖ്യാനിക്കുന്ന ദൈവസാമീപ്യ സാന്നിധ്യാവ ബോധ നിമിഷങ്ങളിലേയ്ക്ക് അടയാളസമ്പുഷ്ടമായ മനുഷ്യപ്രവൃത്തികളുടെ സഹായത്താല്‍ വിശ്വാസികള്‍ ഒന്നുചേരുന്നത് നൂറ്റാണ്ടുകളുടെ പഠനങ്ങളും ഓര്‍മകളും ജീവിതാനുഭവങ്ങളും അതില്‍ നാം ഇഴ ചേര്‍ക്കുന്നതു കൊണ്ടാണ്. ബൈബിള്‍ എന്ന പുസ്തകം നൂറ്റാണ്ടുകള്‍ കൊണ്ട് പല കാലത്തിലും സംസ്കാരത്തിലും വ്യക്തികളാലും എഴുതപ്പെട്ട് ക്രോഡീകരിക്കപ്പെട്ടിട്ടും എല്ലാറ്റിലൂടെയും കടന്നു പോകുന്ന എല്ലാറ്റിനെയും ബന്ധിക്കുന്ന ഒരു നൂല്‍ സമയാതീതമായി എല്ലാതാളുകളെയും ചേര്‍ത്തു തുന്നുന്നതു പോലെ, സഭയുടെ ചരിത്രത്തെ മുഴുവന്‍ ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന സങ്കീര്‍ണവും രഹസ്യാത്മകവുമായ ദൈവശാസ്ത്രമാണ് കൂദാശകളും ആരാധനക്രമങ്ങളും. അതിന്‍റെ അടിസ്ഥാനമാവട്ടെ ക്രിസ്തുവിന്‍റെ അന്ത്യത്താഴ ത്തിന്‍റെ തുടര്‍ച്ചകളും. 
 
അന്ത്യത്താഴത്തിന്‍റെ ദൈവശാസ്ത്രവിചാരങ്ങള്‍ ആദിമ ക്രൈസ്തവസമൂഹത്തിന്‍റെ ജീവിതധാരയോടു ചേര്‍ന്നാണ് രൂപപ്പെട്ടത്. അടയാളങ്ങളുടെ അന്തരാര്‍ത്ഥങ്ങളിലേയ്ക്ക് പ്രവേശിക്കാനുള്ള ക്ഷണം ക്രിസ്തുവിന്‍റെ കുര്‍ബാനസ്ഥാപനത്തിലു ണ്ടായിരുന്നു. ഉത്ഥാനത്തിന്‍റെ ഭംഗിയില്‍ അവന്‍ എമ്മാവൂസ് യാത്രയ്ക്കിടയില്‍ വെച്ച് ശിഷ്യന്മാരുടെ മനസ്സിനെ ജ്വലിപ്പിച്ചതിനു ശേഷം  അപ്പം മുറിച്ചപ്രത്യക്ഷനായ ക്രിസ്തുവില്‍ കൂദാശയുടെ രഹസ്യാത്മക തലം കൂടി അനാവരണം ചെയ്യപ്പെടുകയായിരുന്നു. ഏതൊരത്താഴവും പോലെയായിരുന്നില്ല എമ്മാവൂസിലെ അപ്പം മുറിക്കല്‍. സഭാത്മകജീവിതത്തിന്‍റെ കേന്ദ്രബിന്ദുവായ വചനം പങ്കുവെയ്ക്കലും അപ്പം മുറിക്കലും കൗദാശികതലങ്ങളിലേയ്ക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട ആദിരൂപമായിരുന്നു അത്. എന്തുകൊണ്ടായിരിക്കാം ഇങ്ങനെ ഒരടയാളം ക്രിസ്തു അവശേഷിപ്പിച്ചത്?
 
ജോണ്‍ പോള്‍ക്കിംഗ്ഹോണ്‍
 
ഭൗതികശാസ്ത്രജ്ഞനും ദൈവശാസ്ത്രജ്ഞ നുമായ ജോണ്‍ പോള്‍ക്കിംഗ്ഹോണ്‍ പറയുന്നതു പോലെ "ദൈവം ഒരിക്കലും തന്‍റെ സൃഷ്ടികളില്‍ നിന്ന് അകന്നിരിക്കുന്നില്ല. പക്ഷേ, ദൈവസാന്നിധ്യത്തെ മറയ്ക്കുന്ന മൂടുപടങ്ങളുടെ കട്ടികുറഞ്ഞ് ദൈവസാന്നിധ്യം വിശ്വാസികള്‍ക്ക് കൂടുതല്‍  സുതാര്യമാകുന്ന പ്രത്യേകതകള്‍ നിറഞ്ഞ നിമിഷമാണ് കൂദാശകള്‍. അതു കൊണ്ടുതന്നെ ഭക്തി പാരവശ്യം നിറഞ്ഞ് ദൈവസാന്നിധ്യസ്മരണയില്‍ പങ്കുവെയ്ക്കപ്പെടുന്ന ഒരു സാധാരണ അത്താഴമല്ല വിശുദ്ധ കുര്‍ബാന."(John Polkinghorne, The Science and the Trinity: The Christian Encounter with Reality, Pg.123). കുര്‍ബാനയില്‍ പാപമോചനവും പാപത്തിന്‍റെ അടിമത്തത്തില്‍ നിന്നുള്ള മോചനവും ദൈവം നല്‍കുന്നുണ്ട്. കുര്‍ബാനയുടെ അടയാളങ്ങളായ അപ്പം ശരീരത്തെയും, വീഞ്ഞ് രക്തം കൊണ്ടുള്ള  ഉടമ്പടിയെയും പ്രതിനിധാനം ചെയ്യുന്നു എന്നു നമുക്കറിയാം. ഓര്‍മയാചരണത്തിന്‍റെ വ്യക്തവും കൃത്യവുമായ ഒരു കല്‍പ്പനയാണ് വിശുദ്ധ കുര്‍ബാന. ഈ കല്‍പ്പനയെ പിന്‍ചെന്നാണ് ദൈവശാസ്ത്രങ്ങള്‍ വികസിക്കുന്നത്. കൂദാശകളെ ക്കുറിച്ചുള്ള അവബോധങ്ങളും സഭാത്മകതയെക്കു റിച്ചുള്ള തീക്ഷ്ണതയും പരിണമിച്ചുണ്ടാകുന്നത് അന്ത്യാത്താഴത്തെയും കുരിശുമരണത്തെയും ഉത്ഥാനത്തെയും തുടര്‍ന്നാണ്. മനുഷ്യാവതാരവും രക്ഷാകരസംഭവങ്ങളും ചരിത്രത്തില്‍ സംഭവിക്കുന്ന കാര്യമാണ്. അതില്‍ ഭൗതികതയും സമയവുമുണ്ട്.
 
സമയാതീതനായി നില്‍ക്കുന്ന ദൈവം മനുഷ്യന്‍റെ സമയബോധത്തിലേയ്ക്കു പ്രവേശിക്കാന്‍ ഒരു കാലഘട്ടം തിരഞ്ഞെടുത്തതെന്തിനാണ്? സമയം ദൈവത്തിന്‍റെ ഒരു അടയാളമോ ഭാഷയോ ആയതു കൊണ്ടായിരിക്കില്ലേ? പരമ്പരാഗത ദൈവശാസ്ത്ര വ്യാഖ്യാനങ്ങള്‍ക്കുമൊക്കെ കൂടുതലായ ഒരു സന്ദേശം മനുഷ്യാവതാരമെന്നസത്യത്തിനുണ്ട്. ലിഖിതരൂപങ്ങളിലുള്ള ആശയവിനിമയ കാലഘട്ടത്തിന്‍റെ  അവ്യക്തവും പുരാതനവുമായ എഴുത്തുകള്‍ക്ക് മാത്രം പിടികൊടുത്ത് അവന്‍ മറഞ്ഞു നിന്നത് എന്തുകൊണ്ടാണ്? ഒരുനിമിഷംകൊണ്ട്. വൈറലാകാമായിരുന്ന അത്ഭുതങ്ങളുമായി എന്തേ അവന്‍ ഇന്ന് ജീവിച്ചില്ല? അവന്‍റെ ഓര്‍മയ്ക്കായി ക്രിസ്തു അവശേഷിപ്പിച്ചത വാക്കുകളോ, പുസ്തകങ്ങളോ, വസ്തുവകകളോ അല്ല. പങ്കുവെയ്ക്കപ്പെടുന്ന ഭക്ഷണത്തില്‍ നിന്ന  ഭിജിതമാകാന്‍ പോകുന്ന ഒരു ശരീരത്തിലേയക്ക് ശ്രദ്ധക്ഷണിച്ചവന്‍ പറഞ്ഞു എന്‍റെ ഓര്‍മയ്ക്കായി ഇതുചെയ്യുവിന്‍.  ഒരു മേശക്കുചുറ്റുമൊരുമിച്ചിരുന്നും നിന്നും ഇന്നും കാലം ഓര്‍മിക്കുന്നതും വിസ്മയിക്കുന്നതും അവന്‍ പറഞ്ഞവാക്കുകളുടെ അര്‍ത്ഥമെന്താണെന്നാണ്. അങ്ങനെയെങ്കില്‍ ക്രിസ്തുവിന്‍റെ അവസാന അത്താഴവും കുര്‍ബാനസ്ഥാപനവും കാലാതീതമായ ചില അടയാളങ്ങള്‍ പേറുന്നവയും കാലത്തെ വിഭജിക്കാന്‍ തക്കവിധത്തില്‍ കുരിശിനാല്‍ മുദ്രിതവുമാണ്. കുരിശെന്ന ബിംബം പോലും യാദൃച്ഛികമല്ലെന്നര്‍ത്ഥം. മനുഷ്യാവതാരവും, കുര്‍ബാനയെന്ന കൂദാശയും കൊണ്ട് ദൈവാന്വേഷണത്തിലും ദൈവാനുഭവ ത്തിലും സമയമെന്ന മാനുഷികയാഥാര്‍ത്ഥ്യത്തെ ദൈവം ഒരു അടയാളമാക്കി. കാലത്തിന്‍റെ തികവില്‍ ക്രിസ്തു വന്നതും, കാലാതീതമായ ഒരോര്‍മയായി അവസാനഅത്താഴം പുനസൃഷ്ടിക്കുന്നതും, കാലത്തിന്‍റെ അടയാളങ്ങളെ കാത്തിരിക്കുന്നതിനുള്ള ഒരോര്‍മപ്പെടുത്തലുമായി. 
 
ഓരോ കാലഘട്ടത്തിലും ഓരോ വ്യക്തികളോടും ദൈവം സംസാരിക്കുന്നുണ്ട്. ചുറ്റുപാടുകളിലൂടെയും സംഭവങ്ങളിലൂടെയും ദൈവം സംസാരിക്കു ന്നുണ്ട്.വര്‍ത്തമാനകാലത്തെ വ്യാഖ്യാനിക്കാന്‍ കഴിയാതെ വരുമ്പോള്‍ മനുഷ്യനുള്ള ഏക ആശ്രയം ചരിത്രവും ഭൂതകാലാനുഭവങ്ങളുമാണ്. വര്‍ത്തമാ നത്തെ വ്യാഖ്യാനിക്കുക എന്ന വെല്ലുവിളിയിലാണ് ത്രീത്വത്തിലെ മൂന്നാമത്തെ ആള്‍ പ്രസക്തനാ കുന്നത്-പരിശുദ്ധാത്മാവ്. പുതിയ കാര്യങ്ങളെയും പുതിയരീതികളെയും ഭയം കൂടാതെ മനുഷ്യനും തുറന്നു കൊടുക്കുന്നത് പരിശുദ്ധാത്മാവാണ്. കഴിഞ്ഞ ഏതാനും ദശകങ്ങള്‍ മനുഷ്യസംസ്കാരത്തില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ വിവരണാതീത മാണ്. ഒരുഫിബോനാച്ചി ശ്രേണി പോലെ(Fibonachi Sequence) പ്രപഞ്ചത്തിന്‍റെ ഗതിവിഗതികളിലും മനുഷ്യ സംസ്കാരത്തിലും ത്വരിതപ്പെട്ട പരിണാമങ്ങളാണ് നാം ദര്‍ശിക്കുന്നത്. മനുഷ്യശരീര മുള്‍പ്പെടെ, വിസ്മയത്തോടെ നാം നോക്കിക്കാണുന്ന പ്രാപഞ്ചികമായ പലവസ്തുതകളിലും വെളിപ്പെടുന്ന സുവര്‍ണഅനുപാതത്തില്‍(Golden Ratio)  ഒരു വലിയ ശില്‍പ്പിയുടെ കയ്യൊപ്പ് നാം കാണുന്നുണ്ട്. ശാസ്ത്ര സാങ്കേതിക വിപ്ലവത്തിന്‍റെ ഈ കാലത്ത് ദൈവത്തെയും മനുഷ്യനെയും മനസ്സിലാക്കാനുള്ള നമ്മുടെ ശ്രമങ്ങള്‍ക്ക് പുതിയ ചില ഉപകരണങ്ങളും കാഴ്ചപ്പാടുകളും ആവശ്യമാണിന്ന്.
 
ഓരോ കാലഘട്ടത്തിലും ഓരോ വ്യക്തികളോടും ദൈവം സംസാരിക്കു ന്നുണ്ട്. ചുറ്റുപാടുകളിലൂടെയും സംഭവങ്ങളിലൂടെയും ദൈവം സംസാരിക്കുന്നുണ്ട്. വര്‍ത്തമാനകാലത്തെ വ്യാഖ്യാനിക്കാന്‍ കഴിയാതെ വരുമ്പോള്‍ മനുഷ്യനുള്ള ഏക ആശ്രയം ചരിത്രവും ഭൂതകാലാനുഭവങ്ങളുമാണ്. വര്‍ത്തമാനത്തെ വ്യാഖ്യാനിക്കുക എന്ന വെല്ലുവിളിയിലാണ് ത്രീത്വത്തിലെ മൂന്നാമത്തെ ആള്‍ പ്രസക്തനാകുന്നത്-പരിശുദ്ധാത്മാവ്.
 
പലരുടെയും ദൈവം സാങ്കേതികതയ്ക്ക് മുമ്പുള്ള ദൈവമാണ്. ഈ കാലത്തില്‍ പിറന്നു വീഴുന്ന കുഞ്ഞുങ്ങള്‍ക്കു മനസ്സിലാകുന്ന ദൈവമല്ല ഇന്നിവിടെ പ്രഘോഷിക്കപ്പെടുന്നത്. സാങ്കേതികത സാമൂഹി കവും മനശ്ശാസ്ത്രപരവുമായ നമ്മുടെ സംവേദനക്ഷമ തയെ മാറ്റിമറിച്ചിരിക്കുന്നു. ബഹിരാകാശയാത്രകളും, ഇന്‍റര്‍നെറ്റും, നൂതനരീതിയിലുള്ള കൃഷിരീതികളും, ആരോഗ്യരംഗത്തെ കുതിച്ചു ചാട്ടവും, വിവരസാങ്കേ തിതവിജ്ഞാനവും ആധുനിക മനുഷ്യന്‍റെ ചിന്താമണ്ഡലങ്ങളെ ഉടച്ചു വാര്‍ത്തിരിക്കുന്നു. ഒരു മൊബൈല്‍ കമ്പനിയുടെ പരസ്യം പോലെ "ലോകം എന്‍റെ കൈപ്പിടിയിലുണ്ട്. എനിക്കിഷ്ടമുള്ളിടത്തെയ്ക്ക് എനിക്കതെടുത്തുകൊണ്ടു പോകാം". ശരിക്കു സാങ്കേതികത (Technolgy) മനുഷ്യന്‍റെ ജീവിതതല ങ്ങളെയെല്ലാം ചൂഴ്ന്നു നില്‍ക്കുന്ന യാഥാര്‍ത്ഥ്യമാ ണിന്ന്. "സാങ്കേതികത ലോകത്തെ മാറ്റി എന്നതല്ല, അതിനുമപ്പുറം നാം നമ്മെയും ലോകത്തെയും കാണുകയും അനുഭവിക്കുകയും ചെയ്യുന്നു" (George Pattison,Thinking about God in an age of Technolgy, Oxford, pg 2).
 
ശാസ്ത്രസാങ്കേതികരംഗത്തുണ്ടായ വിപ്ലവകരമായ മാറ്റങ്ങള്‍ ദൈവശാസ്ത്രപരമായ വീക്ഷണങ്ങളെ പ്രതിസന്ധിയിലാക്കിയത് കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളിലാണ്. 
ദൈവശാസ്ത്രവും സാങ്കേതികതയും എങ്ങനെ ബന്ധപ്പെട്ടു നില്‍ക്കുന്നു എന്ന ചോദ്യത്തിനുത്തരം നല്‍കാനുള്ള ശ്രമങ്ങള്‍ക്ക് വേണ്ടത്ര പ്രചാരം ലഭിച്ചില്ലെന്നു മാത്രമല്ല, സാങ്കേതികതയോടൊത്തു പോകുന്ന ഒരു ദൈവശാസ്ത്രവീക്ഷണം പലര്‍ക്കും കീറാമുട്ടിയായി.
 
ബൗദ്ധിക ലോകത്തെ ശാസ്ത്രം തൃപ്തിപ്പെടു ത്തുന്നതുപോലെ സമകാലിക ദൈവശാസ്ത്ര വീക്ഷണങ്ങള്‍ക്ക് ആധുനിക മനുഷ്യനെ തൃപ്തിപ്പെടു ത്താന്‍ കഴിയുന്നുണ്ടോ?
 
ഫ്രോയിഡു മുതല്‍ റിച്ചാര്‍ഡ് ഡോവ്കിങ്ങ് (Rirchard Dawking) വരെ, ചിന്തിച്ചിരുന്നത് മതം മാനവരാശിയില്‍ നിന്ന് തുടച്ചു നീക്കേണ്ട ഒരു മായിക ആശയമാണെന്നാണ്. ചില ശാസ്ത്രജ്ഞന്മാരാകട്ടെ മതത്തിന്‍റെ മിസ്റ്റിക്കല്‍ തലം തലച്ചോറിനെ സഹായിക്കുന്നു എന്ന കാരണത്താല്‍ സഹിഷ്ണുത കാണിക്കുന്നവരായി വര്‍ത്തിക്കുന്നുണ്ട്. യാഥാര്‍ത്ഥ്യ ത്തെക്കുറിച്ചുള്ള വീക്ഷണഗതികളിലുള്ള വ്യത്യാസം കൊണ്ടു ശാസ്ത്രവും മതവും വ്യത്യസ്ത ചേരികളിലാണെങ്കിലും ആത്യന്തിക യാഥാര്‍ത്ഥ്യ ങ്ങളെക്കുറിച്ചുള്ള യുക്തിപരമായ നിരീക്ഷണങ്ങളില്‍ അവ പരസ്പരപൂരകമാണെന്ന് പോള്‍ക്കിംഗ്ഹോണ്‍ സമര്‍ത്ഥിക്കുന്നുണ്ട് (J. Polkinghorne, Science and creation:The search for understanding, pg. 12). പരസ്പര പൂരകങ്ങളെന്നതു കൊണ്ട് പരസ്പര സംവാദത്തിന് യുക്തമായ ഒരു തലം രണ്ടിനും തമ്മിലുണ്ടെന്നര്‍ത്ഥമില്ല (A. Peacocke, Theology for a scientific age: Being and becoming -Natural, Divine and Human).  ശാസ്ത്രത്തിന്‍റെ യുക്തിവ്യവഹാരം പുരോഗമിക്കുന്നത് തന്നെ പ്രപഞ്ചസഹായകമായ യുക്തി ശ്രേണികളാലാണ്. (Polkinghorne, Science and creation,pg. 118). അതുകൊണ്ട് ശാസ്ത്രാന്വേ ഷണങ്ങള്‍ ദൈവാന്വേഷണത്തേക്കാള്‍ താരതമ്യേന എളുപ്പമാണ്. ഭൗതികനായ മനുഷ്യന്‍റെ ഭൗതികമായ നിരീക്ഷണങ്ങള്‍ക്ക് പ്രപഞ്ചത്തിലലിഞ്ഞു     ചേര്‍ന്നിരിക്കുന്ന ഒരു യുക്തിയുണ്ട്. എന്നാല്‍ ദൈവം  ഭൗതികതയില്‍ പരിമിതപ്പെട്ടു നില്‍ക്കുന്ന ഒരു   യാഥാര്‍ത്ഥ്യമല്ല. ഭൗതികതയും ദൈവികതയും     ധ്രൂവീകരിക്കപ്പെട്ട ഏകതയിലുള്ള ഒരു   സത്തയെക്കുറിച്ചുള്ള അന്വേഷണമാണ് ആധുനിക   ദൈവശാസ്ത്രമെന്ന് ചില പണ്ഡിതര്‍ പറയുന്നതതു   കൊണ്ടാണ്.
 
ദൈവശാസ്ത്രജ്ഞന്‍ ദൈവത്തെക്കുറിച്ചുള്ള അറിവുമാത്രമല്ല, അനുഭവം കൂടി ഉള്ളയാളായിരി ക്കണമെന്നായിരുന്നു നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള ധാരണ. ദൈവശാസ്ത്രപരമായ ചിന്തകള്‍ പ്രസരിക്കുന്നത് ദൈവാരാധനയുമായി ബന്ധപ്പെട്ട യുക്തികളില്‍ നിന്നാണ്.  (John Polkinghorne, The Science and the Trinity: The Christian Encounter with Reality, Pg.120.).  ഈ ദൈവാരാധനയുടെ ഉച്ചസ്ഥായിയായി ക്രൈസ്തവര്‍ കരുതുന്നത് വിശുദ്ധ കുര്‍ബാനയാണ്. ഭൗതികതയും ദൈവികതയും വ്യാഖ്യാനിക്കപ്പെടുന്ന കൂദാശകൂടിയാണത്. ഇതൊരു സന്ദര്‍ശന ഇടമാണ് (meeting point). ഇവിടെ വെച്ച് മനുഷ്യാവതാര ത്തെയും മനുഷ്യനെയും മനുഷ്യന്‍റെ ജീവിതനിയോഗ ത്തെയും അവന്‍റെ സാധ്യതയെയും ചില അടയാളങ്ങളിലൂടെ ദൈവം ഓര്‍മപ്പെടുത്തുന്നു. ഈ ഓര്‍മയാകട്ടെ ഒരായുസ്സിലൊതുങ്ങി നില്‍ക്കുന്നതുമല്ല. ഒരു തലമുറയിലവസാനിക്കാത്ത മനുഷ്യന്‍റെ കേവലരൂപമാണ് ഈ ഓര്‍മകളില്‍ പുനഃസ്ഥാപിക്കപ്പെ ടുന്നത്. അതോടൊപ്പം തന്നെ നിത്യതയില്‍ ജനിക്കാന്‍ കഴിവുള്ള ഒരു വ്യക്തിയുടെ തനിമയും (identity).
 
ഈ കാലഘട്ടത്തിലെ മനുഷ്യന്‍ അവന്‍റെ തന്നെ അസ്തിത്വത്തെയും ലോകത്തെയും സാങ്കേതികത കൊണ്ട് രൂപാന്തരപ്പെടുത്തുകയാണ്. മാര്‍ട്ടിന്‍ ഹൗഡഗറെ സംബന്ധിച്ചിടത്തോളം സാങ്കേതികത വെറും  പ്രയുക്ത ശാസ്ത്രമല്ല (Applied Science)ശാസ്ത്രത്തിന്‍റെ ലക്ഷ്യവും ശാസ്ത്രത്തിന്‍റെ സത്യവുമാണ്. മനുഷ്യപരിണാമങ്ങളിലുള്‍ ച്ചേര്‍ന്നിരിക്കുന്ന സാധ്യതയായി ഈ കാലത്തിന്‍റ മാറ്റങ്ങളെ മനസ്സിലാക്കുന്ന നിമിഷത്തിലാണ് സാങ്കേതികതയുടെ ദൈവശാസ്ത്രം ജനിക്കുന്നത്. പ്രപഞ്ചത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചും മാത്രമല്ല ദൈവത്തെക്കുറിച്ചുമുള്ള പുതിയ കാഴ്ചപ്പാടിലേയ്ക്ക് മനുഷ്യന്‍ നടന്നു കയറുന്നു. സാങ്കേതികത ദൈവാരാധനയെ (liturgy)ഏറെ മാറ്റിയിട്ടുണ്ട്. എങ്കിലും വര്‍ത്തമാനത്തിലെ ദൈവത്തെ ഇപ്പോഴും ചരിത്രത്തില്‍ പരതുകയും ഭൂതകാലത്തിന്‍റെ മാത്രം അളവുകോലുകള്‍ കൊണ്ട് വ്യാഖ്യാനിക്കുകയും ചെയ്യുന്നവര്‍ ക്രൈസ്തവമതാത്മകതയെ വികലമാക്കുന്നുണ്ട്. ജീവിക്കുന്ന ദൈവത്തെക്കുറി ച്ചുള്ള വിചാരങ്ങളിലും ചര്‍ച്ചകളിലും പരിശുദ്ധാത്മാവിനെപ്പോലും നമ്മുടെ മുന്‍വിധികള്‍ കൊണ്ടാണ് നാം വ്യാഖ്യാനിക്കുന്നതും സ്വീകരിക്കു ന്നതും. ശാസ്ത്രവും സാങ്കേതികതയും നമുക്ക് സമ്മാനിച്ച സൂക്ഷ്മമായ പഠനോപകരണങ്ങള്‍ കൊണ്ട് കൂടുതല്‍ മെച്ചപ്പെട്ട മനുഷ്യാവബോധവും പ്രപഞ്ചാവബോധവും ദൈവാവബോധവുമാണ് യഥാര്‍ത്ഥത്തിലുണ്ടാകേണ്ടത്. ദൈവം ശാസ്ത്രത്തിനും സാങ്കേതികതയ്ക്കും പുറത്തല്ല. ഇതെല്ലാം ദൈവത്തില്‍ തന്നെയാണ്. കുര്‍ബാനയില്‍ കൂദാശ എന്ന പദം പോലെ തന്നെ മനുഷ്യപരിണാമ ത്തില്‍ സാങ്കേതികത എന്ന പദവും വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. ഈ തിരിച്ചറിവില്‍ ഒരു വിരി മാറ്റപ്പെടുന്നുണ്ട്.
 
ഓരോ കാലത്തിന്‍റെ പ്രത്യേകതകളും അന്ന് നിലനിന്നിരുന്ന പശ്ചാത്തലങ്ങളുമറിയാതെ ചരിത്രത്തില്‍ നിന്ന് ഒന്നുമെടുത്ത് ശരിയായി നമുക്ക് വ്യാഖ്യാനിക്കാന്‍ കഴിയില്ല. ഈ കാലത്തിലും ഇന്നിന്‍റെ ചരിത്രത്തിലും അതിന്‍റേതായ പ്രത്യേകതകളുണ്ട്. ശാസ്ത്രവും സാങ്കേതികതയും അത്തരം രണ്ടു ഘടകങ്ങളാണ്. ഇത്തരം ഒരു തിരിച്ചറിവ് പലപ്പോഴും ഇന്നത്തെ പല ദൈവാന്വേഷകര്‍ക്കും പ്രഘോഷകര്‍ക്കുമില്ലാതെ പോകുന്നു. ലോകത്തിന്‍റെ ഗതിപരിണാമങ്ങളില്‍ ശക്തനും പ്രഭാപൂര്‍ണനുമായി ദൈവമുണ്ടെന്ന് തിരിച്ചറിയാന്‍ കഴിയാതെ പോകുമ്പോഴാണ് സര്‍വ്വതിലും സംഹാരരുദ്രനായി ശിക്ഷിക്കുന്ന ദൈവത്തെയും അതിശക്തനായ പിശാചിനെയും മനുഷ്യന്‍ ദര്‍ശിക്കുന്നത്. കാലത്തെ വായിക്കാന്‍ കഴിയാത്ത മനുഷ്യരെല്ലാം തങ്ങളുടെ ഭയത്തില്‍ അപകടങ്ങളെയും ദുരന്തങ്ങളെയും തിന്മകളെയും എല്ലായിടത്തും ദര്‍ശിച്ചുകൊണ്ടേയിരിക്കും. തിന്മയുടെ അസാന്നിധ്യത്തെക്കുറിച്ചല്ല ഇവിടെ വിവക്ഷിക്കുന്നത്, അത് നിഷേധിക്കുന്നുമില്ല. വെളിച്ചം കാണാന്‍ കഴിവില്ലാതെ വരുമ്പോള്‍ മനസ്സില്‍ ചേക്കേറുന്ന ഇരുട്ടിനെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. 
 
(തുടരും).....

You can share this post!

ക്രിസ്തു എന്ന അടയാളം

ബിജു മഠത്തിക്കുന്നേൽ
അടുത്ത രചന

ശരീരം, മനസ്സ്, ആത്മാവ്

ബിജു മഠത്തിക്കുന്നേല്‍ CSSR
Related Posts