കഴിഞ്ഞ ഏതാനും ദശകങ്ങള്‍ ശാസ്ത്രസാങ്കേതിക മേഖലയിലുണ്ടാക്കിയ വളര്‍ച്ച മനുഷ്യനെ കൂടുതല്‍ സൂക്ഷ്മവും വ്യക്തവുമായ അറിവുകളിലേയ്ക്കു നയിച്ചു. പ്രപഞ്ചത്തെക്കുറിച്ചുള്ളതു പോലെ തന്നെ തന്നെക്കുറിച്ചും മനുഷ്യന്‍ കൂടുതല്‍ വ്യക്തതയുള്ളവനായി. കാഴ്ചപ്പാടുകള്‍ ചിന്താധാരകളെയും സംസ്കാരത്തെയും മാറ്റി. എന്നിട്ടും കാലികമായ അറിവിലേയ്ക്കെത്താത്ത മനുഷ്യര്‍ അവരുടെ ലോകത്തില്‍ സംതൃപ്തിയടഞ്ഞ് മാറ്റത്തെ ഭയപ്പാടോടെ കണ്ടു. ആത്മീയതയിലും ദൈവശാസ്ത്രത്തിലും ഇത് പ്രകടമായി കാണാന്‍ കഴിയും. ലോകത്തെയും തന്നെത്തന്നെയും കുറിച്ച് മനുഷ്യനുണ്ടായ പുതിയ തിരിച്ചറിവുകള്‍ ഇതുവരെയുണ്ടായിരുന്ന ദൈവസങ്കല്‍പ്പങ്ങളെ ഉടച്ചുവാര്‍ക്കാന്‍ പര്യാപ്തമായിരുന്നു. ശാസ്ത്രവും സാങ്കേതികതയും ഭയപ്പാടോടെ വീക്ഷിക്കുന്നവര്‍ പിന്നെയും അറിയാവുന്ന രീതിയില്‍ മാത്രം ദൈവത്തെ വ്യാഖ്യാനിച്ചു കൊണ്ടിരുന്നു. വെളിച്ചപ്പാടുകളെപ്പോലെ ഉറഞ്ഞുതുള്ളി ദൈവത്തിന്‍റെ നേരിട്ടുള്ള വക്താക്കളായി ചിലര്‍ മാറ്റങ്ങളെ പൈശാചികവും പ്രലോഭനഹേതുവുമായി അവതരിപ്പിച്ചു. പഠിക്കാനും ചിന്തിക്കാനും മടിയുള്ള മതനേതൃത്വം അവര്‍ക്കറിയാവുന്ന സാധാരണ കാര്യങ്ങളിലേയ്ക്കു മാത്രം തിരിഞ്ഞു. അറിവിലും സാങ്കേതികതയിലും മനുഷ്യന്‍ ഇവിടെവരെ എത്തിപ്പെട്ടുവെങ്കില്‍ ദൈവം എത്രമേല്‍ വലിയവനായിരിക്കുമെന്നും, ഇനിയും എത്ര വലിയ വിസ്മയങ്ങളിലേയ്ക്കാണ് നാം കടന്നു പോകാനിരിക്കുന്നതെന്നും ചിന്തിക്കുന്നവര്‍ ചുരുക്കമാണ്.
ശരീരം (Body)
മനുഷ്യന്‍റെ ആത്മാന്വേഷണത്തിന്‍റെ അടിസ്ഥാനം ശരീരമാണ്. കാരണം ശരീരത്തിലാണ്, മനുഷ്യന്‍. ശരീരത്തോടു കൂടിയാണ് മനുഷ്യന്‍. മനുഷ്യനിലെ വിസ്മയമോ, മനസ്സും. ഉപനിഷത്തില്‍ പറയുന്നതു പോലെ, As is the atom, so is the universe; As is the human body, so is the cosmic body; As is the human mind, so is the cosmic mind; As is the microcosm, so is the macrocosm.
കോസ്മോസ് എന്ന പദം ക്രമപൂര്‍ണമായ പ്രപഞ്ചം എന്ന അര്‍ത്ഥത്തിലാണ് ഉപയോഗിക്കുന്നത്. ക്രമരാഹിത്യത്തിന്‍റെ വിപരീതമാണത് (Chaos).. മൈക്രോകോസം എന്ന പദം സ്ഥൂലപ്രപഞ്ചത്തെ പരാമര്‍ശിക്കാനാണുപയോഗിക്കുന്നതെങ്കിലും പതിനേഴാം നൂറ്റാണ്ടില്‍ വാനനിരീക്ഷകനും ഭിഷഗ്വരനുമായിരുന്ന റോബര്‍ട്ട് ഫ്ളഡ്(Robert Fludd) മനുഷ്യനെ പ്രപഞ്ചത്തിലെ മൈക്രോകോസം ആയി താരതമ്യം ചെയ്തിട്ടുണ്ട് എന്നത് കൗതുകകരമാണ്. മനുഷ്യന്‍ അവനില്‍ തന്നെ ഒരു ലോകമാണെന്നും, പ്രപഞ്ചവും മനുഷ്യനും തമ്മിലൊരു താരതമ്യം കൂടുതല്‍ എളുപ്പമാണെന്നും അദ്ദേഹം പറയുന്നുണ്ട്(Robert Fludd, Utriusque Cosmic Historia). അത് കൂടുതല്‍ താത്വികമായ ഒരു നിഗമനമായിരുന്നു.
നമ്മുടെ ശരീരം മറ്റനേകം സൂക്ഷ്മ ജീവികളുടെ ആവാസകേന്ദ്രമാണ്. 1970-74 കാലഘട്ടങ്ങളില്‍ മൈക്രോബുകളെക്കുറിച്ചുള്ള പഠനമാണ് മനുഷ്യശരീരത്തിലെ സൂക്ഷ്മജീവികളുടെ അനുപാതവും മനുഷ്യകോശങ്ങളുടെ അനുപാതവും ഏകദേശം തുല്യമാണെന്ന് കണ്ടെത്തിയത്. 2016ലെ പഠനമനുസരിച്ച് അതേകദേശം 1:3:1എന്ന അനുപാതത്തിലാണ്. അതായത് ബാക്ടീരിയകളും മറ്റ് സൂക്ഷ്മജീവികളുമാണ് ശരീര കോശങ്ങളെക്കഴിഞ്ഞും കൂടുതല്‍ എന്നര്‍ത്ഥം.(Alison Abbott, Scientists bust myth that our bodies have more bacteria than human cells, Nature.com, 08/01/2016). അതുകൊണ്ട് ധരിക്കുന്ന വസ്ത്രം പോലും മനുഷ്യശരീരത്തിന്‍റെ ആരോഗ്യത്തിനോ അനാരോഗ്യത്തിനോ കാരണമാകാം.
മനുഷ്യശരീരത്തെക്കുറിച്ചുള്ള സൂക്ഷ്മമായ അറിവുകള്‍ മനുഷ്യന്‍ എന്ന പ്രപഞ്ചത്തെക്കുറിച്ച് വിസ്മയത്തിന്‍റെ വാതിലാണ് തുറക്കുന്നത്. ശരീരശാസ്ത്രവും, നാഡീവ്യൂഹശാസ്ത്രവും (Neuroscience),, മനശ്ശാസ്ത്രവും (psychology) മനുഷ്യനെന്ന ലോകത്തെ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ നമുക്ക് വ്യാഖ്യാനിച്ചു തരുന്നുണ്ടെന്നു മാത്രമല്ല നമ്മുടെ അസ്തിത്വത്തിന്‍റെ സങ്കീര്‍ണതയെക്കുറിച്ചും, പ്രപഞ്ചത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചും വ്യത്യസ്തമായ രീതിയില്‍ ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. സൂക്ഷ്മമായ നിരീക്ഷണങ്ങളില്‍ നിന്നും പഠനങ്ങളില്‍ നിന്നും ഉരുത്തിരിയുന്നത് ശരീരം അത്ര ലളിതമായ ഒരു യാഥാര്‍ത്ഥ്യമല്ലെന്നതാണ്. അപ്പോള്‍ പിന്നെ മനുഷ്യമനസ്സിനെക്കുറിച്ച് പറയാനുമില്ല.
മനസ്സ് (Mind)
സങ്കീര്‍ണ്ണമായ ഒരു വ്യവസ്ഥയുടെ(system) രണ്ടു ഘടകങ്ങളാണ് മനസ്സും മസ്തിഷ്കവും. ഒരു വ്യക്തിയുടെ മാനസികപ്രവര്‍ത്തനവും പെരുമാറ്റവും മസ്തിഷ്ക പ്രവര്‍ത്തനങ്ങള്‍ ശാരീരികമായി എങ്ങനെ നിയന്ത്രിക്കപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. അതൊരുതരം ശാരീരിക രസതന്ത്ര വ്യവസ്ഥയാണെന്നു പറയാം. ഈ വ്യവസ്ഥയ്ക്ക് ക്രമഭംഗം ഉണ്ടാകുമ്പോള്‍ നമ്മുടെ മനസ്സിനും മാനസിക പ്രവര്‍ത്തനങ്ങള്‍ക്കും മാറ്റം സംഭവിക്കുന്നുണ്ട്. (Malcom Jeeves, Minds, brains, souls, and Gods, pg. 34).. തോമസ് നേഗലിന്‍റെ അഭിപ്രായത്തില്‍ മറ്റു ജീവികളുടേത് എന്നതു പോലെതന്നെ നമ്മുടെ മാനസികജീവിതവും, ആത്മനിഷ്ഠാനുഭവങ്ങള്‍ ഉള്‍പ്പെടെ(Subjective experiences), മസ്തിഷ്കത്തിലെ പ്രവര്‍ത്തനങ്ങളും, നമ്മുടെ ശരീരവും പുറം ലോകവുമായ സംവേദനങ്ങളുമായും വളരെ ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. അതായത് ശാരീരികാനുഭവങ്ങളും മനസ്സും തമ്മിലുള്ള ബന്ധം ഏറെ പഠനമര്‍ഹിക്കുന്നതും സങ്കീര്‍ണവുമെന്ന് സാരം. ശരീരത്തില്‍ നിന്ന് വേറിട്ട് മനസ്സിനെക്കുറിച്ച് പഠിക്കാനോ അപഗ്രഥിക്കാനോ കഴിയില്ല. മനസ്സിനെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് മനുഷ്യനോളം പഴക്കമുണ്ട്.
"മനസ്സ്"എന്ന പദം മനുഷ്യനുപയോഗിക്കാന്‍ തുടങ്ങിയത് വിപുലമായ പൊതു അര്‍ത്ഥത്തിലാണ്. ശാസ്ത്രസാംസ്കാരികവളര്‍ച്ചയോടൊപ്പം, മനസ്സിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ ഗഹനമാവുകയും ആ പദത്തിന്‍റെ അര്‍ത്ഥവും പ്രയോഗവും കൂടുതല്‍ സങ്കീര്‍ണമാവുകയും ചെയ്തു. മനസ്സെന്ന പദം, സാഹിത്യത്തിലുപയോഗിക്കുന്നതും, ബൈബിളിലുപയോഗിക്കുന്നതും, ന്യൂറോസയന്‍സിലുപയോഗിക്കുന്നതും, മനശ്ശാസ്ത്രത്തിലുപയോഗിക്കുന്നതും വ്യത്യസ്തമായ അര്‍ത്ഥത്തിലാണ്. നമ്മുടെ ഭാഷാപ്രയോഗങ്ങളെ ഏറ്റവും കൂടുതല്‍ തെറ്റായി ഉപയോഗിക്കുന്നത്, മറ്റേത് ശാസ്ത്രശാഖയെക്കഴിഞ്ഞും മനശ്ശാസ്ത്രത്തിലാണ്. ഭൗതിക ശാസ്ത്രത്തിലോ, രസതന്ത്രത്തിലോ, ജീവരസതന്ത്രത്തിലോ ഉപയോഗിക്കപ്പെടുന്ന ഭാഷാപ്രയോഗങ്ങള്‍ അനുദിനഭാഷയില്‍ നിന്നും തികച്ചും വ്യത്യസ്തമായി കൂടുതല്‍ സാങ്കേതികവും സ്വയം പ്രകടവുമാണ്. അതുകൊണ്ട് വാക്കുകളുടെ അര്‍ത്ഥങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുന്നില്ല. എന്നാല്‍ മനശ്ശാസ്ത്രത്തിലാവട്ടെ, അനുദിനവ്യാപാരങ്ങളുമായി ബന്ധപ്പെട്ട (ചിന്തയും ഓര്‍മയും കാഴ്ചയുമായി ബന്ധപ്പെട്ട) ഭാഷാപ്രയോഗങ്ങളാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് സാധാരണ അര്‍ത്ഥമുള്‍ക്കൊള്ളുന്ന വാക്കുകളും സാങ്കേതികാര്‍ത്ഥത്തിലുപയോഗിക്കുന്ന വാക്കുകളും തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. (Malcom Jeeves, Minds, brains, souls, and Gods,pg. 27).
ഒരു വ്യക്തിയുടെ തനിമയും (Identity)സ്വഭാവവും (ഇവമൃമരലേൃ) പരാമര്‍ശിക്കാന്‍ മനസ്സും മനശ്ശാസ്ത്രവും പ്രധാനമാണെന്ന് ഇന്ന് നമുക്കറിയാം. ഒരു വ്യക്തിയെക്കുറിച്ചുള്ള ചിന്തകളില്‍ ശരീരവും മനസ്സും പ്രധാനപ്പെട്ടതായിരിക്കുന്നതു പോലെ, 'ആത്മാവ്'എന്ന ആശയം നാം ഇന്ന് പരിഗണിക്കുന്നുണ്ടോ?ആത്മാവും മനസ്സും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഈ രണ്ടു കാഴ്ചപ്പാടുകളുമായി ഇന്ന് മനുഷ്യന്‍ എങ്ങനെയാണ് ബന്ധപ്പെടുന്നത്? വളരെ ആളുകളുടെ മുന്നിലുള്ള ചില സംശയങ്ങളാണിത്. ഒരേ അര്‍ത്ഥത്തിലുപയോഗിക്കാവുന്ന വാക്കുകളായി ബൈബിള്‍ ചിലപ്പോഴൊക്കെ "മനസ്സ്", "ആത്മാവ്"എന്നീ പദങ്ങളെ കരുതിയിട്ടുണ്ട്.
ആത്മാവ് (Soul)
കഴിഞ്ഞ രണ്ടായിരം വര്‍ഷമായുള്ള സൈദ്ധാന്തിക ദൈവശാസ്ത്രവും (Dogmatic Theology) വ്യവസ്ഥിത ദൈവശാസ്ത്രവും (Systematic Theology), , ദൈവശാസ്ത്ര കേന്ദ്രീകൃത നരവംശശാസ്ത്രവുമായും (Theological Anthropology) മനുഷ്യവംശത്തെക്കുറിച്ചുള്ള പ്രബോധനവുമായും(Doctrine of Humantiy) ബന്ധപ്പെടുത്തി മനുഷ്യന്‍റെ തനിമയെക്കുറിച്ചു പരാമര്‍ശിക്കുമ്പോള്‍ 'ദൈവത്തിന്‍റെ ഛായ'യിലാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത് എന്ന വസ്തുതയാണ് ഊന്നിപ്പറയുന്നത്. മറ്റു സൃഷ്ടികളില്‍ നിന്ന് മനുഷ്യനെ വ്യത്യസ്തനാക്കുന്ന അനന്യത (Uniqueness)യാണ് ദൈവത്തിന്‍റെ ഛായ എന്ന പ്രയോഗം കൊണ്ട് അര്‍ത്ഥമാക്കുന്നത്. സ്കോട്ടിഷ് ബൈബിള്‍ പണ്ഡിതനായ ജെയിംസ് ബാര്‍ (James Barr) കഴിഞ്ഞ കാലങ്ങളില്‍ ദൈവത്തിന്‍റെ ഛായ എന്ന ആശയത്തെ വ്യാഖ്യാനിക്കാനുപയോഗിച്ചുകൊണ്ടിരുന്ന ഘടകങ്ങളെക്കുറിച്ചു പറയുന്നുണ്ട്; 1. മരണമില്ലാത്ത ആത്മാവ്(immortal soul), 2. യുക്തിചിന്തയ്ക്കുള്ള കഴിവ്(reasoning power), 3. മറ്റു മൃഗങ്ങളില്‍ നിന്ന് വ്യത്യസ്തമായ ശാരീരികഘടന (physical distinctiveness,, ഉദാ: രണ്ടുകാലില്‍ നടക്കുക), 4. നിര്‍വ്വഹണക്ഷമത (functionality), 5. ദൈവത്തോടും മറ്റു സൃഷ്ടികളോടും ബന്ധത്തിലേര്‍പ്പെടാനുള്ള കഴിവ് (capacity for a relationship with God and with other creaturse). ഇതിലാദ്യത്തെ ഘടകമായ ആത്മാവ് (Soul) എന്ന വാക്ക് ബൈബിള്‍ ചരിത്രത്തിലും, സഭാചരിത്രത്തിലും ഉപയോഗിച്ചു കൊണ്ടിരുന്നത് വളരെ വ്യത്യസ്തമായ അര്‍ത്ഥതലങ്ങളിലാണ്. ഹീബ്രൂ, ഗ്രീക്ക് സംസ്കാരങ്ങള്‍ ആത്മാവ് എന്ന വാക്കുപയോഗിച്ചിരുന്നത് വ്യത്യസ്തമായ അര്‍ത്ഥത്തിലാണെന്നു മനസ്സിലാക്കുമ്പോള്‍ തന്നെ ബൈബിളിലെ പ്രയോഗങ്ങളില്‍ ഉരുത്തിരിയാവുന്ന അര്‍ത്ഥതലങ്ങളെക്കുറിച്ചുള്ള സന്ദേഹങ്ങളുടെ വ്യാപ്തി നമുക്കൂഹിക്കാം. മാനസികശാരീരിക ഐക്യത്തിലൂന്നിയ(Psychosomatic unity) ചിന്തകളായിരുന്നു ഹീബ്രൂ സംസ്കാരത്തിലെങ്കില്‍, ദ്വന്ദഭാവത്തിലൂന്നിയ (Dualism - a separate soul and body) മനുഷ്യനെക്കുറിച്ചുള്ള കാഴ്ചപ്പാടുകളാണ് ഗ്രീക്ക് സംസ്കാരത്തിലുണ്ടായിരുന്നത്. മഹാനായ അലക്സാണ്ടറിനു ശേഷമുള്ള കാലഘട്ടത്തില്‍ യവന യഹൂദ സംസ്കാരങ്ങള്‍ കൂടിക്കലര്‍ന്ന് മനുഷ്യനെയും ആത്മാവിനെയും കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ കൂടുതല്‍ സങ്കീര്‍ണങ്ങളായി. പുതിയ നിയമ കാലഘട്ടങ്ങളില്‍ റോമന്‍ യവനസംസ്കാരവും, യഹൂദ യവനസംസ്കാരവും വിഭിന്നമായ കാഴ്ചപ്പാടുകളാലാണ് മനുഷ്യനെയും ആത്മാവിനെയും നിര്‍വചിച്ചത്. എന്നിരുന്നാലും വിവിധ നൂറ്റാണ്ടുകളില്‍ 'ആത്മാവ്', 'മനസ്സ്' എന്നീ പദങ്ങള്‍ ഒരേ അര്‍ത്ഥത്തിലുപയോഗിച്ചിരുന്നു എന്നാണ് പണ്ഡിതന്മാര്‍ കരുതുന്നത്.
"പഴയനിയമത്തില്‍ ആത്മാവിനെ പരാമര്‍ശിക്കാനുപയോഗിക്കുന്ന വാക്ക് ഹീബ്രുവിലെ"nefesh'ആണ്. ജീവനുള്ളത് (possessing life) എന്നാണ് ഈ വാക്കിന്‍റെ അര്‍ത്ഥം. ഈ വാക്ക് 800 തവണയോളം പഴയനിയമത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്."nefesh' എന്ന വാക്കിനു പകരം "psyche' എന്ന ഗ്രീക്ക് വാക്കാണ് പുതിയനിയമത്തില്‍ പൊതുവേ ഉപയോഗിച്ചു കാണുന്നത്. പൗലോസിന്‍റെ ലേഖനങ്ങളില്‍ അത് വിവിധ അര്‍ത്ഥത്തില്‍ ഉപയോഗിച്ചു കാണുന്നുണ്ട്:മനുഷ്യന്‍ (റോമാ 2.9), വ്യക്തി (റോമാ 13.1), ജീവനുള്ള വസ്തു(1 കൊറി. 15: 45), സ്വത്വം (1 തെസലോനിക്ക 2.8), ജീവന്‍ (റോമ 11. 3, 16.4, ഫിലിപ്പി 2.30), മനസ്സ് (ഫിലിപ്പി 1.27), ഹൃദയം (എഫേ. 6.6).' (H.D. McDonald, The christian view of man). റോമാക്കാര്‍ക്കെഴുതിയ ലേഖനത്തില്‍ ആത്മാവിന്‍റെ മനുഷ്യര്‍, ജഡത്തിന്‍റെ മനുഷ്യര്‍ എന്നീ പരാമര്‍ശങ്ങളിലൂടെ പൗലോസ് ഉദ്ദേശിക്കുന്നത് രണ്ടു വ്യത്യസ്ത മനോഭാവങ്ങളുള്ള മനുഷ്യരെയാണ്. അതായത് പുതിയ നിയമ കാലഘട്ടങ്ങളിലേയ്ക്ക് വരുമ്പോള്‍ ആത്മാവ് എന്ന വാക്ക് കൂടുതലും മനുഷ്യന്‍റെ മനസ്സിനെ സൂചിപ്പിക്കാനോ, അവന്‍റെ തനിമയെ സൂചിപ്പിക്കാനോ ആണ് ഉപയോഗിച്ചിരുന്നത്. ദ്വന്ദ്വഭാവത്തെക്കഴിഞ്ഞും പരസ്പരബന്ധിതവും സങ്കീര്‍ണവുമായ ഏകീകൃതസ്വഭാവവും തനിമയുമാണ് (ശറലിശേ്യേ)ഒരു മനുഷ്യനില്‍ ഇന്ന് ശാസ്ത്രം കാണുന്നത്. ജോവാന്ന കോല്ലികട്ട് (Joanna Collicut) പറയുന്നത് പോലെ, "അടിസ്ഥാനപരമായി മനശ്ശാസ്ത്രം എന്നു പറയുന്നത് മനുഷ്യരെക്കുറിച്ചും മനുഷ്യന്‍റെ പെരുമാറ്റരീതികളെക്കുറിച്ചുമാണ് - മനുഷ്യന്‍ എങ്ങനെയാണ് ചിന്തിക്കുന്നത്, ഓര്‍മിക്കുന്നത്, അര്‍ത്ഥങ്ങള്‍ രൂപീകരിക്കുന്നത്, ആശയവിനിമയം നടത്തുന്നത്, വികാരങ്ങളെ കൈകാര്യം ചെയ്യുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നത്, മറ്റുള്ളവരുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നത് എന്നൊക്കെ. മാനുഷിക ഘടകങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കാത്ത ബൈബിള്‍ പഠനരീതികളും നിലപാടുകളും വളരെ ദരിദ്രവും അപൂര്‍ണവുമായിരിക്കും." (Joanna Collicut, Bringing the academic discipline of psychology to bear on the study of the bible, The Journal of Theological Studies, n.s. 63, pg. 48). അതായത് ആത്മാവ് എന്നത് ശരീരത്തില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന ഒരു വ്യത്യസ്ത യാഥാര്‍ത്ഥ്യമാണെന്ന് ചിന്തിച്ചാല്‍ അത് വികലമാണെന്നര്‍ത്ഥം.
ഇതെന്‍റെ ശരീരം
ക്രിസ്തുവും, വി. പൗലോസും ശരീരത്തെ ആശയസംവേദനത്തിനുള്ള ഒരു അടയാളമായി പരാമര്‍ശിക്കുന്നുണ്ട്. അത് ജൈവികമായ ഒരു യാഥാര്‍ത്ഥ്യമെന്ന രീതിയിലല്ല. സങ്കീര്‍ണ രഹസ്യങ്ങളടങ്ങിയിരിക്കുന്ന ഒരു ഭൗതിക യാഥാര്‍ത്ഥ്യം എന്ന രീതിയിലാണ്. ശരീരത്തെ ദൈവാലയമായും, ഭക്ഷണമായും ക്രിസ്തു അടയാളപ്പെടുത്തുമ്പോള്‍, പൗലോസ് ശരീരത്തെ സഭയായും കൂട്ടായ്മയായും നിര്‍വചിക്കുന്നത് ശരീരത്തിന്‍റെ സങ്കീര്‍ണരഹസ്യാത്മക സ്വഭാവം കൊണ്ടാണ്. ഭക്ഷണവും വിസര്‍ജനവും രതിയും സുഖവും വേദനയും ജീര്‍ണതയും വളര്‍ച്ചയുമെല്ലാം ശരീരമെന്ന യാഥാര്‍ത്ഥ്യത്തിലുണ്ടെങ്കിലും, മനസ്സും ബുദ്ധിയും വ്യക്തിത്വവും വൈകാരികതയും യുക്തിയും അന്വേഷണസ്വഭാവവുമെല്ലാം ശരീരത്തിന് ജൈവികതയ്ക്കുമപ്പുറത്ത് ഒരു മാനം നല്‍കുന്നുണ്ട്. ശരീരത്തില്‍ ദൈവം ഒരു പ്രപഞ്ചത്തെയും അവസാനിക്കാത്ത ഒരു യാത്രയെയും ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് നാം മനസ്സിലാക്കുന്നു. ഞാന്‍ ശരീരമല്ല. എന്നാല്‍ ഈ ശരീരത്തിലാണ് ഞാന്‍ എന്നെ കണ്ടെത്തുന്നത്. ഈ ശരീരത്തില്‍ തന്നെയാണ് ഞാന്‍ എനിക്കു പുറത്തുള്ള പ്രപഞ്ചത്തെയും ദൈവത്തെയും കണ്ടെത്തുന്നതും.
(തുടരും...)