അരങ്ങത്തു നില്‍ക്കുന്നവര്‍ക്കും അണിയറയില്‍ ഉള്ളവര്‍ക്കും സമൂഹത്തിന്‍റെ മുഖ്യധാരയിലുള്ളവര്‍ക്കും അരികുചേര്‍ന്നു നടക്കുന്നവര്‍ക്കുമെല്ലാം ഒരുപോലെ ഇടം തന്ന ഈ പുതിയ നൂറ്റാണ്ടിന്‍റെ മഹാത്ഭുതമായിരുന്നു ഡിജിറ്റല്‍ സാമൂഹിക സമ്പര്‍ക്കമാധ്യമങ്ങള്‍. ഇന്‍റര്‍നെറ്റിന്‍റെ വ്യാപകമായ പ്രചരണം വെറും രണ്ടു ശതകങ്ങള്‍കൊണ്ട് നൂറിരട്ടിയിലേറെയായ് കുതിച്ചുയര്‍ന്നപ്പോള്‍ മാനവരാശിക്ക് ഒരു സൗഭാഗ്യംപോലെ കിട്ടിയ ഒന്നാണ് സോഷ്യല്‍ മീഡിയ. ഓര്‍ക്കുട്ടും ഫേസ്ബുക്കും ടിറ്റ്വറും വാട്ട്സാപ്പും ഇന്‍സ്റ്റഗ്രാമും എല്ലാമായി ഭാഷയ്ക്കും ദേശത്തിനും കാലത്തിനും അതീതമായ വെര്‍ച്വല്‍ റിയാലിറ്റിയുടെ ലോകം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നു. കണ്ണഞ്ചിക്കുന്ന വേഗത്തില്‍ പടര്‍ന്നു കയറുന്ന ഈ അത്ഭുതവലയുടെ വലയങ്ങള്‍ കണ്ട് ആശ്ചര്യം കൂറുമ്പോള്‍ തിരിച്ചറിയേണ്ട ചില യാഥാര്‍ത്ഥ്യങ്ങള്‍ ഉണ്ട്.
മാനവപുരോഗതിയുടെയും ശബ്ദമില്ലാതാക്കപ്പെട്ടവരുടെ ശബ്ദമായും നവജനാധിപത്യസംസ്കാരത്തിന്‍റെ ഉറവിടമായുമൊക്കെ നമുക്കീ പ്രതിഭാസത്തെ വായിച്ചെടുക്കാം. എന്നാല്‍ അതിനുമപ്പുറം ഈ അയഥാര്‍ത്ഥ ലോകത്തിന്‍റെ വലക്കണ്ണികള്‍ നമ്മെ കൊണ്ടെത്തിക്കുന്ന ഭീകരച്ചുഴികളെക്കുറിച്ച് കൃത്യമായ ധാരണകള്‍ ഉണ്ടാക്കിയേ പറ്റൂ.
ഇന്ത്യയില്‍ ഇന്ന് ജനസംഖ്യയുടെ ഏകദേശം 30% സാമൂഹിക സമ്പര്‍ക്കമാധ്യമങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നു കണക്കുകള്‍ പറയുന്നു. അതെ ഒരു ജനതയുടെ വെറും മൂന്നിലൊന്നു മാത്രം. (ഒരുവേള കേരളത്തില്‍ അത് അല്പംകൂടി കൂടുതലാകാന്‍ എല്ലാ സാദ്ധ്യതയും ഉണ്ട്). എന്നാല്‍ ഇവിടെ തമസ്കരിക്കുന്ന ഒരു ഭീകരസത്യം സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന ഈ 30% എന്നു പറയുന്നത് സാമൂഹിക സാംസ്കാരിക മേഖലകളില്‍ പുതുതായി രൂപം കൊണ്ട ഒരു വരേണ്യവര്‍ഗമാണ് എന്നതാണ്. അതില്‍ ജാതിക്കോ, മതത്തിനോ, രാഷ്ട്രീയത്തിനോ അല്ല സ്ഥാനം, അതിലുപരി ഇത് വിവരവിസ്ഫോടനത്തിന്‍റെ താക്കോലുകള്‍ കൈവശം വയ്ക്കാനുതകുന്ന ബൗദ്ധികവരേണ്യത സ്വന്തമാക്കിയ ഒരു കൂട്ടമാണ്. ഈ ബൗദ്ധികവരേണ്യതയില്‍ നിന്നുത്ഭവിക്കുന്ന വിവരങ്ങള്‍ സത്യമോ മിഥ്യയോ എന്നു തീരുമാനിക്കുന്നതും ഇവര്‍ തന്നെയാണ്. ചുരുക്കിപ്പറഞ്ഞാല്‍ നുണകളുടെ ഒരു പെരുമഴ സൃഷ്ടിച്ച് സത്യങ്ങളെ അസത്യങ്ങളാക്കാന്‍ ഇന്ന് വിരല്‍ത്തുമ്പു മതി. ഇത് വളരെ നിഷ്പ്രയാസം സാധിച്ചെടുക്കും. തീര്‍ച്ചയായും ഇതിനൊരു മറുവശം കൂടിയുണ്ട്. സത്യത്തെ സത്യമായി പുറത്തുകൊണ്ടുവരാനും ഇതേ 'ടൂളു'പയോഗിച്ചാല്‍ മതി. സത്യവും അസത്യവും ശരിയും തെറ്റും വിരല്‍ത്തുമ്പിലൊതുങ്ങുമ്പോള്‍ എന്‍റെ ലോകം വലുതാകുമോ? ചെറുതാകുമോ?
ഈജിപ്ത്യന്‍ പ്രസിഡന്‍റ് ഹേസ്നി മുബാറക്കിനെതിരെ പുറപ്പെട്ട വിപ്ലവം മുതല്‍ കാശ്മീരിലെ റസാനാ ഗ്രാമത്തില്‍ മൃഗീയമായി പീഡിപ്പിക്കപ്പെട്ട് കൊലചെയ്യപ്പെട്ട ആസിഫ എന്ന എട്ടുവയസ്സുകാരി കുരുന്നിനായി ഉയര്‍ന്ന ശബ്ദംവരെ സോഷ്യല്‍ മീഡിയകളുടെ സംഭാവനകളാണ്. അതെ, ഇരുതലമൂര്‍ച്ചയുള്ള വാളായി മാറാന്‍, അധികാരദുഷ്പ്രഭുത്വത്തിനും സംസ്കാരങ്ങളുടെ വമ്പുകള്‍ക്കും അധിനിവേശങ്ങള്‍ക്കുമെതിരെ പോരാടാന്‍ ഇതില്‍പ്പരം നല്ല ടൂളുകള്‍ ആധുനിക കാലഘട്ടത്തില്‍ ഇല്ല. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സാമൂഹിക ജീവിതത്തിന്‍റെ പരിച്ഛേദമായി ഇതുപയോഗിക്കപ്പെടുമ്പോള്‍ ഭയക്കേണ്ടത് നിരവധി അസത്യങ്ങളെയും അവിചാരിതമായ ചതിക്കുഴികളെയുമാണ്.
മുന്‍പെങ്ങുമില്ലാത്ത വിധം മതവും സംസ്കാരവും വിദ്യാഭ്യാസവുമെല്ലാം വിരല്‍ത്തുമ്പിലൊതുങ്ങുമ്പോള്‍ സംഭവിക്കുന്ന ഉപകാരങ്ങളോടൊപ്പം അനിവാര്യമായ അപചയങ്ങളുമുണ്ട്. കാണാമറയത്തിരുന്ന് സൗഹൃദങ്ങളുടെ വസന്തം പുത്തുലയുമ്പോഴും 'വെര്‍ച്വല്‍ റിയാലിറ്റി' എന്ന ഈ മാസ്മരലോകം നിങ്ങളെ ചതിക്കുഴിയില്‍ ആഴ്ത്താനുള്ള സാധ്യതകള്‍ ഒട്ടും വിദൂരമല്ല. ആള്‍ക്കൂട്ടത്തിനു നടുവില്‍ നഗ്നാക്കപ്പെട്ടവന്‍റെ അവസ്ഥയില്‍ ജീവിതം ജീവിച്ചു തീര്‍ക്കേണ്ടിവരുന്നവര്‍ നിരവധിയാണിന്ന്. ഒരു നേര്‍ച്ചിത്രം ഈ ലക്കം അസ്സീസിയില്‍ ആത്മകഥയായി പറയുന്നുണ്ട്.
എന്തുകൊണ്ടിങ്ങനെ എന്ന ചോദ്യത്തിനുത്തരം നിരവധിയാണെങ്കിലും ആത്യന്തികമായി ആ ചോദ്യം എത്തിനില്‍ക്കുന്നത് ചില അടിസ്ഥാന ആവശ്യങ്ങളിലേക്കാണ്. മനുഷ്യനെന്ന നിലയില്‍ ഒരുവന്/ ഒരുവള്‍ക്ക് ലഭിക്കേണ്ട അംഗീകാരം, കരുതല്‍, സ്നേഹം, പരിഗണന etc.. ഈ അടിസ്ഥാന ആവശ്യങ്ങള്‍ യാഥാര്‍ത്ഥ്യലോകത്ത് എത്ര കണ്ട് കുറയുന്നോ അത്രയധികം മനുഷ്യന്‍ അയാര്‍ത്ഥ ലോകത്തിന്‍റെ (Virtual Reality) മായിക വലയിലേക്ക് കൂടുതല്‍ അടുക്കും. ഇത് നന്മയോ തിന്മയോ എന്നതല്ലഇവിടെ പ്രശ്നം, ഇത് എത്രകണ്ട് ഭീകരമാകുന്നു എന്നതാണ്. 'ക്ലിക്ക് ബൈറ്റു'കളുടെയും പോണ്‍ സൈറ്റുകളുടെയും രൂപത്തില്‍ വലയിലേക്ക് വലിച്ചിടാനും ഈ അയഥാര്‍ത്ഥ ലോകത്തിന് അധികം പണിപ്പെടേണ്ടതില്ല.
ഇനി ഇവിടെ വേണ്ടത് എങ്ങനെ ഉത്തരവാദിത്വപൂര്‍ണമായി സാമൂഹികമാധ്യമങ്ങളെ കൈയടക്കത്തോടെ ഉപയോഗിക്കാം എന്ന വിദ്യാഭ്യാസമാണ്. പരിണാമത്തിന്‍റെ ശതകോടി പ്രക്രിയകളിലെ ഒന്നായി മാത്രം സാമൂഹികമാധ്യമങ്ങളെ ചുരുക്കാനാവില്ല. അതിലുപരി ഇത് ചരിത്രത്തിലെ നാഴികക്കല്ലാണ്. ഇവിടെ കൃത്യമായ വഴികള്‍ വെട്ടിത്തുറക്കാനും ക്രമീകൃതമായ ഒരു നവയുഗ ഡിജിറ്റല്‍ സംസ്കാരം രൂപപ്പെടുത്താനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം നിലവിലുള്ള എല്ലാ സാമൂഹിക സംവിധാനങ്ങള്‍ക്കും ഉണ്ട്. കുടുംബം, മതം, സംസ്കാരം ഇവയൊക്കെ ഇതിനായി ഇനി കൂട്ടായി യത്നിക്കണം. എങ്ങനെ മതം പ്രചരിപ്പിക്കണമെന്നതല്ല, എങ്ങനെ സാമൂഹ്യമാധ്യമങ്ങളുടെ ശക്തിയെ സമൂഹനന്മയിലേക്ക് നയിക്കാം എന്നതാവട്ടെ ചര്‍ച്ച.
നശീകരണത്തിന്‍റെ ആയുധമാകാനും മനുഷ്യന്‍റെ മനസ്സിനെയും ശരീരത്തെയും മലിനമാക്കാനും സാധിക്കുന്നതുപോലെ നന്മയുടെയും പങ്കുവയ്ക്കലിന്‍റെയും അവസാനിക്കാത്ത ഉറവിടമാകാനും സോഷ്യല്‍മീഡിയക്കാവും. അതിനാല്‍ വരുംതലമുറയെങ്കിലും സാമൂഹിക മാധ്യമങ്ങളുടെ നന്മയിലേക്ക് കൈപിടിച്ച് നടത്താം. ഒപ്പം മണ്ണിന്‍റെയും മനുഷ്യന്‍റെയും ഗന്ധത്തെ ഉള്‍ക്കൊള്ളാനാവുന്ന യാഥാര്‍ത്ഥ്യത്തിന്‍റെ ദൈവികതയിലേക്ക് നമുക്ക് ഉയരാം.