news-details
എഡിറ്റോറിയൽ

മുഖക്കുറിപ്പ്

'ഫിലോസഫി' എന്ന വാക്കു പരിചയപ്പെടുന്നതിനുമുമ്പേ അരിസ്റ്റോട്ടില്‍ മനുഷ്യനു കൊടുത്ത നിര്‍വചനം നാം കേട്ടതാണ്: അവന്‍ ചിന്തിക്കുന്ന മൃഗമാണ്. യുക്തിഭദ്രമായ ചിന്തകളാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്. വികാരാവേശങ്ങളെ യുക്തികൊണ്ടു കീഴടക്കണം. എടുത്തു ചാടുന്നതിനുമുമ്പ് ഒന്നു നോക്കണമെന്നും ജീവിതത്തില്‍ കണക്കുക്കൂട്ടലുകള്‍ ഉണ്ടാകണമെന്നും കുഞ്ഞുന്നാള്‍ മുതല്‍ നമ്മെ പഠിപ്പിക്കുന്നു. അസ്സീസിയിലെ പീറ്റര്‍ ബെര്‍ണദീനൊ മകന്‍ ഫ്രാന്‍സിസിനെ പഠിപ്പിച്ചതും ഇതുതന്നെ. എന്നിട്ട് തന്‍റെ തുണിക്കടയും അവനെ ഏല്പിച്ചു. ഒരു ദിവസം അവന്‍ കച്ചവടം നടത്തിക്കൊണ്ടിരുന്നതിനിടയ്ക്ക് ഒരു യാചകന്‍ കൈനീട്ടി. ഉപഭോക്താവിനെ പറഞ്ഞയച്ചിട്ടാകാം സഹായം എന്നു ഫ്രാന്‍സിസ് കരുതി. പക്ഷേ, അതു കഴിഞ്ഞപ്പോഴേക്കും യാചകന്‍ പൊയ്ക്കഴിഞ്ഞിരുന്നു. ഒരു നിമിഷം അവന്‍ തരിച്ചുനിന്നുപോയി. "എന്‍റെ ദൈവമേ! ഒഴിവാക്കപ്പെട്ട ആ മനുഷ്യന്‍ എത്ര ലജ്ജിച്ചാകണം പോയത്?" പിന്നെയൊരോട്ടമായിരുന്നു. ഇടവഴികളിലൂടെ ഓടിയോടി അവനവസാനം അയാളെ കണ്ടെത്തുകതന്നെ ചെയ്തു. പകച്ചുനിന്ന അയാളുടെ മുമ്പില്‍ മുട്ടുകുത്തി, ക്ഷമയാചിച്ച്, കുറച്ചുനോട്ടുകള്‍ അയാളുടെ കീശയില്‍ തിരുകിവച്ചതിനുശേഷമാണ് അവനൊന്നു ശാന്തനായത്. ഉടനൊരു ശപഥവും അവനെടുത്തു: ഇനിമേല്‍ താനൊരിക്കലും ഒരു നിസ്സഹായനെയും അവഗണിക്കില്ല. ഒരു കൗമാരപ്രായക്കാരന്‍റെ വികാരാവേശപ്രകടനം എന്നു നമുക്കതിനെ വിധിക്കാം. പക്ഷേ ഫ്രാന്‍സിസിനു തലയുടെ യുക്തിഭദ്രതയെക്കാള്‍ പ്രധാനം ഹൃദയത്തിന്‍റെ നിമന്ത്രണങ്ങളായിരുന്നു. കണക്കുകൂട്ടലുകളെക്കാള്‍ പ്രധാനം സ്വപ്നങ്ങളായിരുന്നു. അയല്‍രാജ്യവുമായുള്ള യുദ്ധത്തില്‍ സുധീരം പോരാടി,  മാടമ്പിയാകാന്‍ ഇറങ്ങിത്തിരിച്ചതായിരുന്നു അവന്‍. പക്ഷേ, ഒരു സ്വപ്നത്തില്‍ ആരോ അവനെ ചോദ്യംചെയ്തു. അതോടെ ആ പരിപാടിയുപേക്ഷിച്ചു. തിരികെ നടന്നു.

ആധുനികയുഗത്തിന്‍റെ തുടക്കക്കാരന്‍ ദെക്കാര്‍ത്തെ പറയുന്നത്, "ഞാന്‍ ജീവിക്കുന്നു എന്നതിന്‍റെ തെളിവ് എന്‍റെ ചിന്തകളാണെ"ണ്. യുക്തിചിന്തയുടെ പ്രയോഗമായിരുന്നു ആധുനികയുഗത്തിലുടനീളം. യുക്തി എല്ലാറ്റിന്‍റെയും കാര്യകാരണങ്ങളന്വേഷിച്ചു, കൃത്യമായി എല്ലാം നിര്‍വചിച്ചു, വ്യക്തമായ നിയമങ്ങളുണ്ടാക്കി, ശരിയും തെറ്റുമേതെന്നു വ്യവച്ഛേദിച്ചു. ദൈവാന്വേഷണത്തിലും ഈ യുക്തിതന്നെ ഉപയോഗിക്കപ്പെട്ടു. വെള്ളം=H2O എന്ന ശാസ്ത്രസത്യംപോലെ, ദൈവം സമം ഇന്നതാണെന്നു കൃത്യമായി നിര്‍വചിക്കപ്പെട്ടു. ആ ദൈവം അനുവദിക്കുന്നതേത്, അനുവദിക്കാത്തതേത് എന്ന ധാരണയുമായി. പക്ഷേ ഫ്രാന്‍സിസ് കണ്ടെത്തിയ ദൈവം നിര്‍വചനങ്ങള്‍ക്കും നിയമങ്ങള്‍ക്കും വശംവദനാകുന്നവനായിരുന്നില്ല. നഷ്ടപ്പെട്ട ഒരാടിനുവേണ്ടി തൊണ്ണുറ്റൊന്‍പതിനെയും ഉപേക്ഷിക്കുന്ന ഇടയനെ ഏതു യുക്തിക്കാണു ഗ്രഹിക്കാനാകുക? മുന്നില്‍ നില്ക്കുന്ന ഗണികയ്ക്കുവേണ്ടി മോശയുടെ നിയമത്തെ കാറ്റില്‍ പറത്തിയവനെ ഏതു നിയമംകൊണ്ടാണ് തളയ്ക്കാനാവുക? ജീവിതംപോലെ ദൈവവും യുക്തിചിന്തയുടെ നേര്‍രേഖയിലല്ല ചലിക്കുന്നതെന്ന് ഫ്രാന്‍സിസ് അറിഞ്ഞു. ആ ദൈവം അവനെക്കൊണ്ട് വിശുദ്ധഗ്രന്ഥംവരെ വില്‍പിക്കുന്നുണ്ട്, ഒരു വിധവയുടെ വിശപ്പടക്കാന്‍വേണ്ടി. ഒരു ഗ്രന്ഥത്തിനും ഒരു നിയമത്തിനും ഒതുക്കാനാവുന്നതല്ല ഈശ്വരചൈതന്യം. അതിനെ സ്വന്തമാക്കുന്നത് ബുദ്ധികൊണ്ട് കീഴ്പ്പെടുത്തിയല്ല, ഹൃദയം കൊണ്ട് പ്രണയിച്ചാണ്. ഡൊസ്റ്റോയെവ്സ്കിയുടെ ഒരു നോവലില്‍ ഒരു വേശ്യ ഒരു കൊലയാളിക്ക്, ക്രിസ്തു ലാസറിനെ ഉയിര്‍പ്പിക്കുന്ന ഭാഗം വ്യാഖ്യാനിച്ചുകൊടുക്കുന്നുണ്ട്. അവരുടെ ക്രിസ്തുവാണ് ഫ്രാന്‍സിസിന്‍റെ ദൈവം.

ക്രിസ്തുവുമായി പ്രണയത്തിലായ ഫ്രാന്‍സിസ് സകലരിലും സകലതിലും ക്രിസ്തുവിനെ കാണുന്നു, ഒരുവന്‍ തന്‍റെ പ്രണയിനിയെ എല്ലാറ്റിലും കാണുന്നതുപോലെ. താന്‍ സുവിശേഷപ്രഘോഷണത്തിനിറങ്ങണോ വേണ്ടയോ എന്നൊരു ഉറച്ച തീരുമാനമെടുക്കാനാവാതെ വന്നപ്പോള്‍ ഫ്രാന്‍സിസ് ക്ലാരയുടെ സഹായംതേടി. അവള്‍ പ്രാര്‍ത്ഥിച്ചെടുത്ത തീരുമാനം മാസ്സെയോയുടെ കൈയിലാണു കൊടുത്തുവിട്ടത്. ആശ്രമവാതില്‍ക്കല്‍ അയാളെ കാത്തുനിന്ന ഫ്രാന്‍സിസ് പെട്ടെന്നാണ് അതോര്‍ത്തത്: "ദൈവമേ, നിന്‍റെ തീരുമാനവുമായിട്ടാണല്ലോ മാസ്സെയോ വരിക!" അയാളെ ദൈവത്തെയെന്നപോലെ ഫ്രാന്‍സിസ് സ്വീകരിക്കുകയാണ്, അയാളുടെ കാലുകള്‍ കഴുകുകയാണ്, ഒന്നാന്തരം ഭക്ഷണം നല്‍കുകയാണ്, എന്നിട്ട് വൃക്ഷത്തലപ്പുകള്‍ക്കിടയിലേക്കു കൂട്ടിക്കൊണ്ടുപോയി, ആകെയമ്പരന്നുപോയ മാസ്സെയോയുടെ വാക്കുകള്‍ ആദരവോടെ കേള്‍ക്കുകയാണ്. ഈജിപ്തിലെ സുല്‍ത്താനോടും, മോന്തെ കസാലയിലെ മോഷ്ടാക്കളോടും, വിശുദ്ധ കുര്‍ബാനയേന്തുന്ന പുരോഹിതനോടും, സ്പൊലേറ്റോയിലെ കുഷ്ഠരോഗിയോടും, അസ്സീസിയിലെ മെത്രാനോടും, അവിടുത്തെ മേയറോടും ഒരേ ആദരവോടെ അവനിടപെട്ടു. അതിനൊക്കെ അവന് ഒരൊറ്റ കാരണമേയുള്ളൂ-ക്രിസ്തു സ്വീകരിച്ചത് മനുഷ്യരൂപമാണ്. ഒരു നിയമവും മനുഷ്യനെ പരിഗണിക്കാത്തതാകരുതെന്ന് അവന്‍ ശഠിച്ചു. വിശക്കുന്ന ലിയോയ്ക്ക് വഴിയരികില്‍കണ്ട മുന്തിരി പറിച്ചുകൊടുത്തതിന്‍റെ പേരില്‍ ഉടമസ്ഥന്‍റെ തല്ലുവാങ്ങുന്നുണ്ട് ഫ്രാന്‍സിസ്.

കടുവയുടെ സൗന്ദര്യത്തെക്കുറിച്ച് കവിതയെഴുതിയ ആളാണ് വില്യം ബ്ലെയ്ക്.  അദ്ദേഹം ഒരു കടുവയുടെ മുമ്പില്‍ പെട്ടുപോകുന്നതിനെക്കുറിച്ച് ഒന്നാലോചിച്ചു നോക്കൂ. ജീവിതത്തെക്കുറിച്ച് നിരാശ നിറഞ്ഞ കാര്യങ്ങളേ ചിന്തകനായ ഷോപനോവര്‍ക്കു പറയാനുണ്ടായിരുന്നുള്ളൂ. പക്ഷേ, ജീവിതം തീരാറായപ്പോഴേക്കും അയാള്‍ വിളറിവെളുക്കുകയാണ്. ഫ്രാന്‍സിസാവട്ടെ, ഗുബിയോയിലെ ചെന്നായയുടെ അടുത്തേക്ക് 'സഹോദരാ' എന്നു വിളിച്ചു ചെല്ലുന്നു. മരണക്കിടക്കയില്‍ കിടക്കുമ്പോഴും ഗാനമാലപിക്കുന്നു. മരണം കണ്ടു കിടക്കുമ്പോള്‍ മോഹം ഒരു ആല്‍മണ്ട് കേക്ക് തിന്നാനാണ്. അസുഖംപിടിച്ച കണ്ണുകള്‍ ചികിത്സാര്‍ത്ഥം പൊള്ളിക്കുമ്പോള്‍ അവനേ ഇതു പറയാനാകൂ: "അഗ്നി സഹോദരാ, എന്നെ വല്ലാതെ പൊള്ളിക്കരുതേ!" വെള്ളത്തില്‍ കാല്‍വയ്ക്കാന്‍ ഫ്രാന്‍സിസിനു മടിയായിരുന്നു, അതു വെള്ളത്തോടുള്ള അനാദരവാണത്രേ. പൂന്തോട്ടം വൃത്തിയാക്കുമ്പോള്‍ കുറെ കാട്ടുചെടികളെങ്കിലും നശിപ്പിക്കാതെ നിര്‍ത്തിയിരുന്നു. വഴിയേ നടക്കുമ്പോള്‍ ആദരവോടെ ഓരം ചേര്‍ന്നവന്‍ നടന്നു. മരം വെട്ടുമ്പോള്‍ വീണ്ടും തളിര്‍ക്കാന്‍, ചുവടെ വെട്ടരുതെന്നു നിഷ്കര്‍ഷിച്ചു. വഴിയില്‍ ഒരു കാട്ടുമുയലിനെ കാണുമ്പോള്‍ വണ്ടികയറ്റി കൊല്ലാന്‍ നോക്കുന്ന നമുക്ക് ഇതൊക്കെ ഭ്രാന്താണ്. പക്ഷികളോടും മൃഗങ്ങളോടുമുള്ള അനാദരവ് കുമ്പസാരിക്കേണ്ട പാപങ്ങളല്ലല്ലോ നമുക്ക്.  ഏതാണു പാപമെന്നും ഏതാണ് പാപമല്ലാത്തതെന്നും യുക്തിപൂര്‍വം നാം തീരുമാനിച്ചുറപ്പിച്ചിരിക്കുകയാണ്.

ബുദ്ധികൊണ്ട് ചിന്തിക്കുന്നവരാണു നാം. ഹൃദയംകൊണ്ട് ജീവിച്ചവനാണു ഫ്രാന്‍സിസ്. ഈ ലോകത്തെക്കുറിച്ചും പരലോകത്തെക്കുറിച്ചും നമുക്കു വ്യക്തമായ ധാരണകളുണ്ട്, കണക്കുകൂട്ടലുകളുണ്ട്. ഫ്രാന്‍സിസ് അതിനൊന്നും മെനക്കെട്ടില്ല. എല്ലാറ്റിനെയും പ്രണയിച്ചു. നമ്മുടെ സകല യുക്തിചിന്തക്കും പുറംതിരിഞ്ഞ് അവന്‍ നടന്നു. അതുകൊണ്ടുതന്നെ നമ്മുടെ കണ്ണില്‍ അവനൊരു വിഡ്ഢിയാണ്. പക്ഷേ, വിഡ്ഢികളല്ലാത്ത നമുക്കെന്താണു സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഞരമ്പുകള്‍ വലിഞ്ഞുമുറുകിയും ഉറങ്ങാനാവാതെയും നാം ജീവിക്കുന്നു. ഒന്നു സന്തോഷിക്കാന്‍ രണ്ടു പെഗ്ഗടിക്കേണ്ടിവരുന്നു, അല്ലെങ്കില്‍ കോവളത്തു പോകേണ്ടിവരുന്നു. ഒന്നുറങ്ങാന്‍ ഏ. സി. ഓണാക്കേണ്ടിവരുന്നു. ഫ്രാന്‍സിസിന്‍റെ ജീവിതംതന്നെ ആട്ടവും പാട്ടുമായിരുന്നു. ഒരുണക്കറൊട്ടിയോ തെളിനീരോ മതിയായിരുന്നു അവനു മതിമറക്കാന്‍. ഇന്നു നമ്മെ കാണുമ്പോള്‍ ഓടിയൊളിക്കുന്ന കിളികള്‍ കുഞ്ഞുന്നാളില്‍ നമ്മുടെയടുത്തു വന്നിരുന്നു. കിളികള്‍ ഇഷ്ടപ്പെട്ടിരുന്ന ഫ്രാന്‍സിസിനെ നമ്മുടെയുള്ളിലെ ആ കുഞ്ഞ് ഇനിയും ഇഷ്ടപ്പെടുന്നുണ്ട്. അതിനു തെളിവാണ് അടുത്തയിടെ രഞ്ജിത് സംവിധാനം ചെയ്ത 'പ്രാഞ്ചിയേട്ടന്‍ & The Saint ' എന്ന സിനിമയില്‍ ഫ്രാന്‍സിസിനെ കൊണ്ടുവരുന്നു എന്നത്.

You can share this post!

മുഖക്കുറിപ്പ്

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
അടുത്ത രചന

ക്രിസ്തു സ്വന്തമാകുന്നവന് ഒന്നുമാവിശ്യമില്ല

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Related Posts