ചിരിക്കുന്ന മുഖങ്ങളുടെ ചിത്രങ്ങൾ ഇന്റർനെറ്റിൽ തിരയുകയായിരുന്നു. ചിരി എന്നു ടൈപ്പ് ചെയ്തു തിരയുമ്പോള്‍ ആദ്യം വന്നത് ചിരിക്കുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങളാണ്. ആ ചിരികള്‍ കാണുമ്പോഴേ നമ്മുടെ പിരിമുറുക്കങ്ങള്‍ക്ക് അയവുവരികയും ചുണ്ടില്‍ പുഞ്ചിരി വിടരുകയും ചെയ്യും. പിന്നെ കുറെ തിരഞ്ഞപ്പോഴാണ് മുതിര്‍ന്നവരുടെ ചിരിച്ചിത്രങ്ങള്‍ കണ്ടത്. അതൊക്കെത്തന്നെയും ഏതൊക്കെയോ മോഡലുകളുടെ കൃത്രിമ ചിരിച്ചിത്രങ്ങള്‍. വളരെ അപൂര്‍വ്വമായി മാത്രം ചിരിക്കുന്ന പുരുഷന്‍റെ ചിത്രങ്ങളും കണ്ടു. മുതിര്‍ന്നവരുടെ ചിരിക്കുന്ന ചിത്രങ്ങള്‍ അത്രയൊന്നും ഉള്ളില്‍ തൊട്ടതേയില്ല.
കുട്ടികളുടെ ഉള്ളില്‍ ചുറ്റുമുള്ളതൊക്കെ കൗതുകമുണര്‍ത്തുകയും സന്തോഷമുണ്ടാക്കുകയും ചുണ്ടില്‍ ചിരി പടര്‍ത്തുകയും ചെയ്യുന്നു. നിഷ്കളങ്കമായ ചിരിയെന്നു നമ്മള്‍ വിളിക്കുന്ന കുട്ടികളുടെ ചിരിയില്‍ കളിയാക്കലിന്‍റെയോ കുറ്റപ്പെടുത്തലിന്‍റെയോ ബോഡിഷെയിമിങ്ങിന്‍റെയോ കപടതയുടെയോ ലാഞ്ഛന തെല്ലുമില്ല. അവരുടെ മനസ്സില്‍ യുക്തിയുടെ തരംതിരിവുകളില്ല, ഭൂതകാലത്തിന്‍റെ കുറ്റബോധങ്ങളില്ല, ഭാവികാലത്തിന്‍റെ ആകുലതകളില്ല. മറിച്ച് ചുറ്റുമുള്ളതൊക്കെ അവരില്‍ ആനന്ദമുളവാക്കുന്ന കാരണങ്ങളും വര്‍ത്തമാനത്തിന്‍റെ നിറവും മാത്രം. അതു ചിലപ്പോള്‍ മാതാപിതാക്കളും സഹോദരങ്ങളും കൂട്ടുകാരുമൊക്കെയാകാം. തെല്ലു മുതിര്‍ന്നുകഴിയുമ്പോള്‍ ഈ കളിയും ചിരിയും സന്തോഷവുമെല്ലാം എങ്ങോട്ടേയ്ക്കാണ് ഓടിയൊളിക്കുന്നത്! ജീവിതത്തിന്‍റെ വ്യഗ്രതയും യുക്തിയുടെ വിധിപറച്ചിലുകളും നഷ്ടബോധത്തിന്‍റെ ഭാരവും നാളെ ഉണ്ടായേക്കാവുന്ന സങ്കടങ്ങളുടെ സാധ്യതകളെയും അനാവശ്യമായി നെഞ്ചിലേറ്റി വിങ്ങിവിങ്ങി ജീവിക്കുന്നവരുടെ എണ്ണം കൂടുന്നുണ്ട്. പൊതുവേ എല്ലാവരും ഗൗരവക്കാരായി മാറുന്നുണ്ട്. സ്വയം വല്ലാതെ ഗൗരവമായി എടുക്കുന്നതിനാല്‍ ചിരിക്കാനും ചിരിപ്പിക്കാനും കഴിയാതെ പോകുന്നു. പൊട്ടിച്ചിരിക്കാനും നൃത്തംവയ്ക്കാനും ഒരു നൂറുകാരണങ്ങള്‍ കണ്ടെത്താമെന്നിരിക്കെ നമ്മളെങ്ങോട്ടാണിത്ര തിടുക്കത്തില്‍!
മനുഷ്യന്‍റെ നഷ്ടപ്പെട്ടുപോയ ചിരി വീണ്ടെടുത്തുകൊണ്ടാണ് ദൈവം മനുഷ്യനായി ഭൂമിയില്‍ അവതരിച്ചത്. മറിയത്തിന്‍റെ സ്തോത്രഗീതവും എലിസബത്തിന്‍റെയും സഖറിയായുടെയും ശിമയോന്‍റെയും അന്നയുടെയും ആനന്ദകീര്‍ത്തനങ്ങളോടെയുമാണ് സുവിശേഷം ആരംഭിക്കുന്നതുതന്നെ. അവന്‍ ഭൂതകാലത്തിന്‍റെ ഇടര്‍ച്ചകള്‍ക്കു പൊറുതികൊടുത്ത്, പാപിയെന്ന് അവര്‍ വിളിച്ചിരുന്ന സ്ത്രീയെയും സക്കേവൂസിനെയും മറ്റു രോഗികളെയും ഒക്കെ ആനന്ദത്തിലേക്കു നയിക്കുന്നു. ആനന്ദത്തോടെ ജീവിക്കണം എന്നതാണ് നമ്മളെക്കുറിച്ചുള്ള ദൈവഹിതം; നമ്മുടെ ഉത്തരവാദിത്വവും.
ആനന്ദത്തെ, പരിശുദ്ധാത്മാവിന്‍റെ ഫലങ്ങളിലൊന്നായിട്ടാണ് പൗലോസ് ശ്ലീഹാ പരിചയപ്പെടുത്തുന്നത്(ഗലാ. 5/22). പുറമേയുള്ള എന്തെങ്കിലും കാരണങ്ങള്‍കൊണ്ട് ഉണ്ടാകുന്ന സന്തോഷത്തേക്കാള്‍ ഉപരിയാണ് ദൈവം ഉള്ളില്‍ നിറയ്ക്കുന്ന ആനന്ദം. ഈ ഒരാനന്ദം ഉള്ളിലുണ്ടായിരുന്നതുകൊണ്ടാണ് അപ്പസ്തോലന്മാരും ആദിക്രൈസ്തവരും കഠിനമായ പീഡനങ്ങളിലും സമചിത്തത കൈവിടാതെ അതിജീവിച്ചത്. കര്‍ത്താവിനെപ്രതി പീഡകളേല്‍ക്കാന്‍ ഇടയായതിലുള്ള തന്‍റെ സന്തോഷം പൗലോസ് വ്യക്തമാക്കുന്നുണ്ട്. ആ ഒരാനന്ദം ഉള്ളില്‍ അനുഭവിച്ചതുകൊണ്ടാണ് വി. ഫ്രാന്‍സിസ് യഥാര്‍ത്ഥ ആനന്ദം (Perfect Joy) എന്താണ് എന്നു കൊടിയ മഞ്ഞും തണുപ്പുമുള്ള രാത്രിയിലെ വിശപ്പിലും പീഡകളിലും തിരസ്കരണങ്ങളിലും നൃത്തം ചവിട്ടി സഹോദരന്മാര്‍ക്കു വെളിപ്പെടുത്തുന്നത്.
ആനന്ദം ദൈവത്തിന്‍റെ ദാനമെന്നതുപോലെ നമ്മുടെ പരിശ്രമത്തിന്‍റെ ഫലവും കൂടിയാണ്. അതില്‍ ഏറ്റവും പ്രധാനമായിട്ടുള്ളത് ബന്ധങ്ങളെ ശ്രദ്ധിക്കുക എന്നതാണ്. ഏതെങ്കിലും കാരണങ്ങളുടെ പേരില്‍ നമ്മളില്‍ നിന്ന് അകന്നുപോയവരാകാം നമ്മള്‍ അകറ്റിനിര്‍ത്തിയവരാകാം, മുറിപ്പെട്ട ബന്ധങ്ങളെ വിളക്കിച്ചേര്‍ക്കുന്നത് ഉള്ളില്‍ ശാന്തത കൈവരിക്കാനും ആനന്ദമനുഭവിക്കാനും വഴിതെളിക്കും. ഉള്ളില്‍ ശേഖരിച്ചുവച്ചിരിക്കുന്ന ക്രോധത്തെയും കോപത്തെയും പുറത്തുകളഞ്ഞ് പൊറുത്തും പൊറുതി സ്വീകരിച്ചും ബന്ധങ്ങളെ തിരികെപിടിക്കാം. ബന്ധങ്ങളിലെ അസ്വസ്ഥതകളെ ശാന്തമാക്കാം. അതോടൊപ്പം ബന്ധങ്ങളിലും സൗഹൃദങ്ങളിലും ആദരപൂര്‍വ്വം പുലര്‍ത്തേണ്ട അകലവും ( respectful distance) ഉണ്ട്. ആനന്ദത്തിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പാണ് സ്വസ്ഥമായ, വിള്ളലുകളില്ലാത്ത ബന്ധങ്ങള്‍.
മദര്‍തെരേസയുടെ ചിരിക്കുന്ന മുഖമുള്ള ചിത്രമാണ് നമ്മള്‍ എല്ലാവരുടെയും മനസ്സിലുള്ളത്. സ്വന്തമായി ഒന്നുമില്ലാത്ത തെരുവിന്‍റെ മക്കള്‍ക്ക് അമ്മയായി മുഴുവന്‍ ജീവിതം മാറ്റിവച്ച അവര്‍ക്ക് ലഭിച്ച വരദാനമാണ് അവരനുഭവിച്ച ആനന്ദം. അപരന്‍റെ ഭാരങ്ങള്‍ ലഘൂകരിക്കാന്‍ വേണ്ട പരിശ്രമത്തില്‍ ഏര്‍പ്പെട്ട് നഷ്ടപ്പെട്ടുപോയ അവന്‍റെ ചിരി തിരികെ പിടിക്കാന്‍ ഒരു ചെറുകൈത്താങ്ങ് നല്കുമ്പോള്‍ അവനിലും എന്നിലും ആനന്ദമുളവാകുന്നു, ചിരി പടരുന്നു.
ആനന്ദത്തിലേക്കുള്ള വഴിയില്‍ മറ്റൊരു ചുവടുവയ്പ് സ്വയം അംഗീകരിക്കലാണ്. വി. ഫ്രാന്‍സിസിന്‍റെ വാക്കുകളില്‍ അതിങ്ങനെയാണ്: ദൈവമേ നിന്‍റെ മുമ്പിലെന്താണോ ഞാന്‍ അതാണ് ഞാന്‍, ഒട്ടും കൂടുതലുമില്ല, കുറവുമില്ല (I am what I am before God, nothing more, nothig less). ദൈവം കുറവുകളോടും നിറവുകളോടും കൂടി നമ്മളെ അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതുപോലെ സ്വയം സ്നേഹിക്കാന്‍ കഴിയുമ്പോള്‍ മറ്റുള്ളവരെയും സ്നേഹിക്കാനും സന്തോഷത്തോടെ ജീവിക്കാനും കഴിയും.
ആനന്ദത്തിന്‍റെ വഴിയില്‍ മറ്റൊരു കാര്യം കൃതജ്ഞതയാണ്. സ്വീകരിച്ച നന്മകളുടെ മഹത്വം തിരിച്ചറിഞ്ഞ് നന്ദിപൂര്‍വ്വം ജീവിക്കുന്നവരാണ് ആനന്ദം കണ്ടെത്തുന്നവര്‍. അവര്‍ എല്ലാറ്റിലും സംതൃപ്തരാണ്. ബോബിജോസച്ചന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ജീവിതം വച്ചുവിളമ്പുന്ന എല്ലാ അനുഭവങ്ങളെയും കരം കൂപ്പി സ്വീകരിക്കാന്‍ മനസ്സിനെ പഠിപ്പിക്കുക. കളിച്ചും ചിരിച്ചും ചിരിപ്പിച്ചും ആനന്ദപൂര്‍വ്വം ജീവിക്കുന്നത് ദൈവരാജ്യ അനുഭവമല്ലാതെ മറ്റെന്താണ്! ശിശുക്കളെപ്പോലെയാകുന്നവര്‍ക്കാണ് ദൈവരാജ്യത്തില്‍ പ്രവേശിക്കാന്‍ കഴിയുക എന്നാണല്ലോ ക്രിസ്തുമൊഴികള്‍. ഉള്ളില്‍ നിറയുന്ന സ്നേഹത്തോടെ ചിരിക്കാം. ആനന്ദത്തിന് ഇങ്ങനെയൊരു നിര്‍വ്വചനം കൂടിയുണ്ട്. Joy - Jesus Other You ഈ വാക്കുകളുടെ ക്രമം ജീവിതത്തിലുമുണ്ടാകട്ടെ.
ആനന്ദത്തെക്കുറിച്ചുള്ള വിചാരങ്ങള്‍ ബോബി അച്ചനും ജെര്‍ളിയും പങ്കുവയ്ക്കുന്നു. ചിരിയെക്കുറിച്ച് ഷാജി സി എം ഐ യും ഡോ. അരുണും നോമ്പിന്‍റെ വിചിന്തനങ്ങളുമായി വര്‍ഗീസ് സാമുവല്‍ അച്ചനും തിക്നോക്കിന്‍റെ ജീവിതവീക്ഷണവുമായി റോയി തോമസും നമ്മളോട് സംസാരിക്കുന്നു.