ചരിത്രത്തെ നയിക്കുന്ന ദൈവം നമ്മുടെ കൂടെയുണ്ട് എന്ന സന്ദേശവുമായി പിറവിത്തിരുന്നാള്‍ കടന്നുവന്നു. ഒരു പുതിയ വര്‍ഷത്തിലേക്കു നാം പ്രവേശിക്കുമ്പോള്‍ ഈ ദിവ്യസാന്നിദ്ധ്യത്തിന്‍റെ സ്മരണ ഹൃദയത്തില്‍ അണയാതെ സൂക്ഷിക്കുവാനുള്ള ഉത്തരവാദിത്വം ദൈവം നമ്മെ ഏല്പിക്കുന്നു. ഓരോ പുതുവര്‍ഷവും ഒരു യാത്രയെ ഓര്‍മ്മിപ്പിക്കുന്നു. നശ്വരമായ ലോകത്തിന്‍റെ ക്ഷണികതയില്‍നിന്നും അനശ്വരമായ ലോകത്തിന്‍റെ നിത്യതയിലേക്കു നാം പുറപ്പെടുന്നു എന്ന ഓര്‍മ്മ നവവത്സരം സമ്മാനിക്കുന്നു. എത്രയോ വേഗത്തിലാണ് ക്രിസ്മസും നവവത്സരവും കടന്നുവരുന്നതും കടന്നു പോകുന്നതും. ദൈവത്തിന്‍റെ വിശുദ്ധാത്മാക്കള്‍ കര്‍ത്താവിന്‍റെ കൂടെ നടക്കുന്ന വിധത്തെക്കുറിച്ചു നമ്മെ പഠിപ്പിക്കുന്നുണ്ട്. ഈ പുതുവര്‍ഷത്തില്‍ ആ വഴികളെക്കുറിച്ചു ധ്യാനിക്കാം.
ഒന്നാമതായി ഒരു ദൈവപൈതലിന് ഏറ്റവും വിലപ്പെട്ടത് ദൈവത്തിലുള്ള സമ്പൂര്‍ണ്ണ ആശ്രയമാണ്. മനുഷ്യനോടൊത്തു നടക്കുന്ന ഒരു ദൈവത്തെയാണ് വിശുദ്ധഗ്രന്ഥം നമുക്കു പരിചയപ്പെടുത്തുന്നത്. ഇസ്രായേല്‍ മക്കള്‍ക്കൊപ്പം 40 വര്‍ഷം മരുഭൂമിയില്‍ നടന്നവന്‍, എമ്മാവൂസിലേക്കു യാത്രപോയ ശിഷ്യര്‍ക്കൊപ്പം അപരിചിതനെപ്പോലെ നടന്നവന്‍, തിബേരിയൂസിന്‍റെ തീരത്ത് അപ്പവും മീനുമൊരുക്കി കാത്തുനിന്നവന്‍ ഇന്നും നമ്മുടെ കൂടെയുണ്ട്. പുല്‍ത്തൊഴുത്തില്‍ പിറന്നവന്‍ "ദൈവം നമ്മോടു കൂടെ" എന്നര്‍ത്ഥമുള്ള എമ്മാനുവേല്‍ ആണ്. പുതിയവര്‍ഷത്തിലേയ്ക്കു കാലെടുത്തുവയ്ക്കുന്ന നാം അവനോടൊത്തു നടക്കണം. ദൈവം നമ്മുടെ കൂടെ നടക്കുമ്പോഴും നമ്മള്‍ ദൈവത്തോടൊത്താണോ നടക്കുന്നത് എന്ന് ആത്മപരിശോധന നടത്തണം.
രണ്ടാമതായി എന്നോടു വിശ്വസ്തത കാണിക്കുന്ന ദൈവത്തിന് എന്‍റെ ജീവിതം വഴി ഞാന്‍ സാക്ഷ്യം നല്കണം. സഹനങ്ങളും താല്‍ക്കാലിക പ്രതിസന്ധികളും വരുമ്പോള്‍ തളരാതെനിന്ന് ദൈവത്തെ മഹത്വപ്പെടുത്തണം. കഴിഞ്ഞ വര്‍ഷത്തിലുണ്ടായ നിരവധി തകര്‍ച്ചകളുടെ മുമ്പില്‍ തളരാതെ കാത്തവന്‍ ഈ പുതുവര്‍ഷത്തിലും കാത്തുകൊള്ളുമെന്നുള്ള ഉറപ്പ് ഹൃദയത്തിലുണ്ടായിരിക്കട്ടെ. കാറ്റും കോളും ജീവിതത്തിലുയരുമ്പോള്‍ സാഗരത്തെ ശാന്തമാക്കിയവനെ നമുക്ക് ഓര്‍ക്കാം. സുരക്ഷിതത്വമില്ലാത്ത പുല്‍ക്കൂട്ടില്‍ പിറന്നവന്‍ സുരക്ഷിതത്വമില്ലാത്ത എല്ലാ ജീവിതങ്ങള്‍ക്കും പ്രതീക്ഷ പകരുന്നവനാണ.് റോമാ ലേഖനത്തിന്‍റെ 8-ാമദ്ധ്യായത്തില്‍ 32 മുതലുള്ള വാക്യങ്ങളില്‍ വിശുദ്ധ പൗലോസ് ഈ സന്ദേശമാണ് നമുക്കു നല്‍കുന്നത്.
മൂന്നാമതായി ദൈവം എന്നെ അറിയുകയും അംഗീകരിക്കുകയും ചെയ്യുന്നു എന്ന തിരിച്ചറിവിലേക്കു നാം വളരണം. ഹാഗാറിന്‍റെ നിലവിളി കേട്ടവന്‍, ഇസ്രായേല്‍ ജനതയുടെ അലച്ചില്‍ കണ്ടവന്‍, മനുഷ്യന്‍റെ ഹൃദയവിചാരങ്ങള്‍ അറിയുന്നവന്‍, അലയുന്ന ജനതയുടെ സഹനങ്ങളിലേയ്ക്ക് ഇറങ്ങിവന്നവന്‍ ഇന്നും കൂടെയുണ്ട്. ഓരോ നിമിഷത്തിലും മനുഷ്യനത്യാവശ്യമായവ നല്കി പരിപാലിക്കുന്ന ഒരു പരിപാലകന്‍ നമ്മുടെ കൂടെയുണ്ട് വിശന്നപ്പോള്‍ മന്നയായി, ദാഹിച്ചപ്പോള്‍ വെള്ളമായി, ഇരുട്ടുപരന്നപ്പോള്‍ ദീപസ്തംഭമായി, ചൂടുപടര്‍ന്നപ്പോള്‍ മേഘസ്തംഭമായി കൂടെ നടന്നവന്‍ ഇന്ന് എന്‍റെകൂടെ യാത്ര ചെയ്യുന്നുണ്ട്. ദൈവപരിപാലനയുടെ എത്രയോ സംഭവങ്ങള്‍ നമ്മുടെ ഇന്നലെകളില്‍ നാം അനുഭവിച്ചിട്ടുണ്ട്. മരണകരമായ രോഗത്തില്‍ നിന്നും ജീവിതത്തിലേയ്ക്കുള്ള തിരിച്ചുവരവ്, തകര്‍ന്നുപോകാമായിരുന്ന ജീവിതത്തിലുണ്ടായ ഉയിര്‍ത്തെഴുന്നേല്പ് തുടങ്ങിയവ നമ്മുടെ ജീവിതാനുഭവങ്ങളല്ലേ? പുതിയവര്‍ഷത്തില്‍ ദൈവകരം പിടിച്ച് മുമ്പിലുള്ളവയെ ലക്ഷ്യമാക്കി നമുക്കു മുന്നേറാം. ജീവിതത്തിന്‍റെ പിന്‍വാതിലുകളടച്ച് മുമ്പിലേക്കു ലക്ഷ്യംവച്ച് പുതിയ വര്‍ഷത്തില്‍ നമുക്കു യാത്രയാവാം.