news-details
ഫ്രാൻസിസ്കൻ വിചാര ധാര

മിഷനറി അധ്യായത്തിന്‍റെ രചനാകാലം

ഫ്രാന്‍സിസിന്‍റെ നിയമാവലിയുടെ രത്നചുരുക്കം സുവിശേഷാധിഷ്ഠിത ജീവിതവും അതിന്‍റെ പ്രകാശനം ഫ്രാന്‍സിസ്കന്‍ ജീവിത ശൈലിയായ എളിമയിലും ദാരിദ്ര്യത്തിലും ആണല്ലോ. ഫ്രാന്‍സിസിന്‍റെ സുവിശേഷ സംഘത്തിന്‍റെ പേരു പോലും 'എളിയ (ചെറിയ) സഹോദര സംഘം' (Order  of  Friars  Minor) എന്നാണ്.minority അഥവാ ഈ ചെറുതാകല്‍ ആണ് സുവി ശേഷത്തിന്‍റെ അന്തസ്സത്ത എന്ന് യേശുവിന്‍റെ തന്നെ ചെറുതാകലിലൂടെ ഫ്രാന്‍സിസ് മനസ്സിലാക്കിയിട്ടുണ്ട്.  ഈ മൈനോരിറ്റി ആണ് ഫ്രാന്‍സിസ്കന്‍ കാരിസം. ഈ മൈനോരിറ്റിയുടെ ലെന്‍സിലൂടെയാണ് നാം ഫ്രാന്‍സിസിന്‍റെ നിയമാവലിയെയും പ്രത്യേകിച്ചും കഴിഞ്ഞ ലക്കത്തില്‍ കണ്ട 16-ാം 'മിഷനറി അധ്യായത്തെ' വായിക്കേണ്ടതും. (മൈനോരിറ്റി എന്നത് 'മത ന്യൂനപക്ഷം' എന്ന കാലിക മത-രാഷ്ട്രീയ-സാമുദായിക സെന്‍സസിന്‍റെ രീതിയില്‍ ഇവിടെ കാണരുത്.)

ഫ്രാന്‍സിസ്കന്‍ ചരിത്രകാരന്മാരുടെ ഇടയില്‍ ഈ മിഷനറി അധ്യായത്തിന്‍റെ കാലഗണനയെക്കു റിച്ചു (Date of Compostition/രചനാകാലം) തര്‍ക്കമുണ്ട് .J . Hoeberichts എന്ന പ്രസിദ്ധനായ ഫ്രാന്‍സിസ്കന്‍ പണ്ഡിതന്‍റെ അഭിപ്രായത്തില്‍, നിയമാവലിയിലെ 16 -ാം മിഷനറി അധ്യായം ഒരു ചരിത്രരേഖയാണ്, അല്ലാതെ യാതൊരു ചരിത്രപരവുമായ പ്രസക്തിയുമില്ലാതെ (significance) ആകാശത്തില്‍ നിന്നും പൊട്ടി വീണതല്ല എന്നാണ്. (നിരവധി പണ്ഡിതോചിതമായ ഫ്രാന്‍സിസ്കന്‍ പുസ്തകങ്ങള്‍ക്ക് പുറമെ, Francis and Islam  എന്ന പുസ്തകത്തിന്‍റെ രചയിതാവ് കൂടിയാണ് ഇദ്ദേഹം.) അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍, ഈ അധ്യായം ഫ്രാന്‍സിസിന്‍റെ ക്രമേണ വികസിതമാകുന്ന ദൈവശാസ്ത്ര ദര്‍ശനത്തിന്‍റെ പരിണതഫലവും, അതോടൊപ്പം തന്‍റെയും സഹോദരന്മാരുടെയും  ജീവിത പരിസരങ്ങളോട്  സുവിശേഷ വെളിച്ചത്തിന്‍റെ അടിസ്ഥാനത്തില്‍ ഉള്ള തുടര്‍ച്ചയായ പാരസ്പര്യം കൊണ്ടുമാണ് ഉരുത്തിരിഞ്ഞത് എന്നാണ്.  Kajetan  Esser  എന്ന ജര്‍മന്‍ ഫ്രാന്‍സിസ്കന്‍ പണ്ഡിതന്‍ നിരീക്ഷിക്കും പോലെ ഫ്രാന്‍സിസിനെയും ആദ്യകാല സഹോദരന്മാരെയും റെഗുല നോണ്‍ ബുള്ളാത്ത എന്ന നിയമാവലിയിലൂടെ നന്നായി അറിയാന്‍ കഴിയും. ഈ നിയമാവലി ഫ്രാന്‍സിസ്കന്‍ സാഹോദര്യം അതിന്‍റെ ആവിര്‍ഭാവത്തില്‍ എങ്ങനെയായിരുന്നു എന്ന് മനസിലാക്കാന്‍ സഹായിക്കുന്നുണ്ട്. അതായതു ഈ അധ്യായത്തിനു കൃത്യമായ ഒരു ചരിത്ര പശ്ചാത്തലം ഉണ്ടെന്നു ചുരുക്കം.

എന്നാല്‍ David  Flood എന്ന ഫ്രാന്‍സിസ്കന്‍ പണ്ഡിതന്‍റെ നിരീക്ഷണത്തില്‍ ഈ മിഷനറി അധ്യായം, ലാറ്ററന്‍ സൂനഹദോസിന്‍റെ (Fourth Lateran  Council), 'വിശുദ്ധ നാടു തിരിച്ചുപിടി ക്കലും സഭാനവീകരണവും' എന്ന ക്ഷണത്തോടുള്ള ഫ്രാന്‍സിസിന്‍റെയും സഹോദരന്മാരുടെയും പ്രതികരണത്തില്‍ നിന്നും ഉരുത്തിരിഞ്ഞതാണെന്നാണ് പക്ഷം. ഇന്നസെന്‍റ് മൂന്നാമന്‍ പാപ്പ 1213  ഏപ്രില്‍ മാസം വിളിച്ചു കൂട്ടിയ കൗണ്‍സിലിന്‍റെ രണ്ടു പ്രധാന ലക്ഷ്യങ്ങള്‍ വിശുദ്ധ നാട് മുസ്ലിമുകളുടെ (സാരസന്‍സ്) കയ്യില്‍ നിന്നും തിരിച്ചു പിടിക്കുക, അതോടൊപ്പം സഭയെ നവീകരിക്കുക എന്നതായിരുന്നു. റെഗുല നോണ്‍ ബുള്ളാത്ത എന്ന ഫ്രാന്‍സിസ്കന്‍ നിയമാവലിക്കു രചനാപരമായ ആശ്രയത്വം കൗണ്‍സിലിന്‍റെ എഴുപതു ഡിക്രികളില്‍ (decrees) ഒന്നിനോട് പോലും ഇല്ല എന്ന് Flood തന്നെയും സമ്മതിക്കുന്നുമുണ്ട്. (എന്നാല്‍ പതിനെട്ടു മുതല്‍ ഇരുപതു വരെയുള്ള അധ്യായ ങ്ങളില്‍ കൗണ്‍സിലിന്‍റെ സ്വാധീനം വ്യകതമാണ് എന്ന് Flood വാദിക്കുന്നുണ്ട്. ഈ അധ്യായങ്ങളുടെ രചനാകാലവും, അതിനെ സ്വാധീനിച്ച കാര്യങ്ങളും നമ്മുടെ ഈ പഠനവുമായി നേരിട്ട് ബന്ധപ്പെട്ടതല്ലാത്തതുകൊണ്ടു അതിലേക്കു കടക്കുന്നില്ല.) എങ്കിലും, കൗണ്‍സിലിന്‍റെ ലക്ഷ്യങ്ങളില്‍ ഒന്ന് വിശുദ്ധനാട്ടിലേക്കും സാരസന്‍സിലേക്കും തിരിഞ്ഞതോടെ, ഫ്രാന്‍സിസും സഹോദരന്മാരും ഈ പതിനാറാം അധ്യായം, മുമ്പുള്ള പതിനാലാം അധ്യായത്തിന്‍റെ യുക്തമായ ഒരു തുടര്‍ച്ചയായി രചിച്ചിരിക്കാനാണ് സാധ്യത എന്നാണ് Flood അനുമാനിക്കുന്നത്. പതിനാലാം അധ്യായത്തിന്‍റെ ശീര്‍ഷകവും ഉള്ളടക്കവും 'സഹോദരന്മാര്‍ എങ്ങനെ ലോകത്തില്‍ ആയിരിക്കണം എന്നതാണ്' (How the brothers are to go about in the world).

പതിനാലാം അധ്യായം സഹോദരന്മാരെ ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: "സഹോദരന്മാര്‍ ലോകത്തില്‍ ആയിരിക്കുമ്പോള്‍, അവര്‍ കൈവശം ഒന്നും എടുക്കരുത്, മടിശീലയോ, സഞ്ചിയോ, അപ്പമോ, പണമോ വടിയോ (ഒന്നും കരുതരുത്). അവര്‍ ഏതെങ്കിലും ഭവനത്തില്‍ പ്രവേശിച്ചാല്‍, ആദ്യമേ തന്നെ അതിനു സമാധാനം ആശംസിക്കണം. ആ ഭവനത്തില്‍ പാര്‍ത്തു കൊണ്ട്, അവിടെ യുള്ളത് ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുക'  (ലൂക്ക. 9 :3,10 :5,10 :7). അവര്‍ തിന്മയെ ചെറുക്കരുത്, ആരെങ്കിലും ഒരു ചെകിട്ടത്തടിച്ചാല്‍, മറു ചെകിട് കാണിച്ചു കൊടുക്കുക. ആരെങ്കിലും അവരുടെ പുറംകുപ്പായം എടുത്താല്‍, വസ്ത്രം വരെ എടുക്കുന്നതില്‍ നിന്നും അവരെ തടയരുത്. ചോദിക്കുന്നവര്‍ക്കെല്ലാം കൊടുക്കുക. ആരെങ്കിലും അവരുടെ എന്തെങ്കിലും എടുത്താല്‍ അതിന് അവകാശം ഉന്നയിക്കരുത്" (മത്തായി 5 :39, ലൂക്കാ 6 : 29 -30).

പതിനാറാം അധ്യായമായ 'എങ്ങനെ സാരസന്മാരയുടെയും അവിശ്വാസികളുടെയും ഇടയില്‍'  സുവിശേഷത്തിന്‍റെ പ്രചാരകരായി പോകണം എന്നത് പതിനാലാം അധ്യായ ത്തില്‍ സൂചിപ്പിക്കപ്പെട്ട 'സഹോദരന്മാര്‍ എങ്ങനെ ലോകത്തില്‍ ആയിരിക്കണം' എന്നതിന്‍റെ തുടര്‍ച്ചയെന്നോണം ലാറ്ററന്‍ കൗണ്‍സിലിന്‍റെ നവീകരണ ക്ഷണത്തിന്‍റെ തന്നെ സ്വാധീനത്തില്‍ രചിക്കപ്പെട്ട രേഖയാണ്  എന്ന് Flood  വാദിക്കുന്നു. ഈ മിഷനറി അധ്യായം, ഒരുപക്ഷേ, ഫ്രാന്‍സിസ് സുല്‍ത്താനെ സന്ദര്‍ശിക്കുന്നതിന് മുമ്പേതന്നെ, പാപ്പാ യുടെ  കുരിശുയുദ്ധത്തിനു ബദലായി  ഫ്രാന്‍സിസ് എഴുതിയതാകാമെന്നു സ്വിറ്റ്സര്‍ലണ്ടിലെ ഫ്രാന്‍സിസ്കന്‍ ക്യാപ്പുച്ചിന്‍ പണ്ഡിതന്‍ Anton Rotzetter  അഭിപ്രായപ്പെടുന്നു. ചുരുക്കത്തില്‍, ഈ മിഷനറി അധ്യായത്തിന്‍റെ രചനയുടെ ചരിത്രപശ്ചാത്തലം ഫ്രാന്‍സിസ് ഡാമിയേറ്റയില്‍ വച്ച് സുല്‍ത്താനെ സന്ദര്‍ശിച്ചു എന്നതല്ല, മറിച്ചു ലാറ്ററന്‍ കൗണ്‍സിലിന്‍റെ നവീകരണ ക്ഷണത്തോടുള്ള പ്രതികരണം മാത്രമാണ് എന്നാണ് ഈ പണ്ഡിതരുടെ വാദം.

പതിനാറാം അധ്യായത്തിന്‍റെ രചനയുമായി ബന്ധപ്പെട്ട ഇങ്ങനെയുള്ള "a  priori' (അനുഭവ നിരപേക്ഷതാവാദം) വാദത്തെ Hoeberichts തള്ളിക്കളയുണ്ട്. Hoeberichts വിശ്വസിക്കുന്നത് ഫ്രാന്‍സിസിനും സഹോദരന്മാര്‍ക്കും ഇങ്ങനെ ഉള്ള ഒരു പ്രവര്‍ത്തന രീതി തികച്ചും അന്യമായിരുന്നു എന്നാണ്. അനുഭവബന്ധമായ കാര്യങ്ങളോടാണ് ഫ്രാന്‍സിസ് പ്രതികരിച്ചിരുന്നത് എന്ന് ചുരുക്കം. അതുകൊണ്ടു തന്നെ Hoeberichts ഇവിടെ, Walbert Bühlmannന്‍റെ നിലപാടാണ് സ്വീകരിക്കുന്നത്. പതിനാറാം അധ്യായം, ഫ്രാന്‍സി സിന്‍റെ വ്യക്തിപരമായ മിഷനറി സന്ദര്‍ശനത്തിന്‍റെ പശ്ചാത്തലത്തില്‍ നിന്നും അടര്‍ത്തി മാറ്റി മനസിലാക്കാനാവില്ല എന്നതാണ് വാദം. Bühlmannന്‍റെ നിരീക്ഷണത്തില്‍ ജൂലൈ 1219  മുതല്‍ 1220-ലെ വസന്തകാലം വരെ ഫ്രാന്‍സിസ് ഈജിപ്തില്‍ താമസിച്ചതിന്‍റെ വെളിച്ചത്തില്‍ രചിക്കപ്പെട്ടതാണ് പതിനാറാം അധ്യായം. നാലാം ലാറ്ററന്‍ സൂനഹ ദോസിന്‍റെ മിഷനറി സ്വാധീനത്തെ നാം അതിശയോക്തി കലര്‍ത്തി പറയേണ്ട എന്നു സാരം. കാരണം, കുരിശുയുദ്ധത്തിനു വേണ്ടിയുള്ള കൗണ്‍സിലിന്‍റെ ആഹ്വാനവും ഫ്രാന്‍സിസിന്‍റെ സുവിശേഷവത്കരണത്തിനുള്ള ക്ഷണവും തമ്മില്‍ വലിയ അന്തരമുണ്ട് (a world of difference) എന്ന് ഇദ്ദേഹം സമര്‍ത്ഥിക്കുന്നു. ഫ്രാന്‍സിസിന്‍റെ ഈജിപ്ത് സന്ദര്‍ശനത്തിന്‍റെ മാറ്റൊലിയാണ് വിശദാംശങ്ങളോട് കൂടിയ ഈ രചന എന്ന് അനുമാനിക്കാം. കാരണം, വ്യക്തിപരമായ ഈ അനുഭവം ഫ്രാന്‍സിസിനു മുസ്ലിംകളുടെ ഇടയില്‍ ഇല്ലായിരുന്നു എങ്കില്‍, രണ്ടു തരം രീതിയില്‍ അവരുടെ ഇടയില്‍ ആത്മീയമായി ആയിരിക്കാം എന്ന് ഫ്രാന്‍സിസിന് ഒരിക്കലും എഴുതാന്‍ കഴിയില്ല എന്ന് തീര്‍ച്ച. അതുകൊണ്ടാണ് Hoeberichts, പതിനാറാം അധ്യായം ഫ്രാന്‍സിസും സഹോദരന്മാരും മുസ്ലിംകളുടെ ഇടയില്‍ ജീവിച്ചതിന്‍റെ അനുഭവബന്ധമായി (a posteriori) മാത്രമാണ് നിയമാവലിയില്‍ സ്ഥാനം പിടിച്ചത് എന്ന് വാദിക്കുന്നത്.

അതോടൊപ്പം, Hoeberichts, ഈ പതിനാറാം മിഷനറി അധ്യായം, (സുവിശേഷ) പ്രസംഗകര്‍ ക്കുള്ള പ്രബോധനമായ പതിനേഴാം അധ്യായത്തിനു തൊട്ടു മുമ്പില്‍ ചേര്‍ത്തിരിക്കുന്നതിന്‍റെ പ്രാധാന്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ ഉള്‍പ്പെടുത്തല്‍ ഒരു പ്രത്യേക ഉദ്ദേശ്യത്തോടു കൂടിയാണ്, കാരണം, പതിനേഴാം അധ്യായം സഹോദരന്മാര്‍ 'പ്രവൃത്തികള്‍ കൊണ്ട് പ്രസംഗിക്കണമെന്നു' ഊന്നിപ്പറയുണ്ട് ("brothers  should  preach  by  their  actions').

ഈ അധ്യായവും ലോകത്തിന്‍റെ വിജ്ഞാനത്തി നെതിരെ കരുതിയിരിക്കാനും, എന്നാല്‍ കര്‍ത്താ വിന്‍റെ ആത്മാവിനെ അറിയാന്‍ സഹോദരന്മാരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഫ്രാന്‍സിസ് എല്ലാ സഹോദരന്മാരോടും 'എല്ലാക്കാര്യത്തിലും എളിമ യുള്ളവരായിരിക്കാന്‍' അഭ്യര്‍ത്ഥിക്കുന്നു. അതു കൊണ്ടു തന്നെ, മിഷനറിമാരെ സംബന്ധിക്കുന്ന പതിനാറാം അധ്യായത്തെ, പ്രസംഗകര്‍ക്കുവേണ്ടി യുള്ള പതിനേഴാം അധ്യായത്തിനു മുമ്പ് പ്രതിഷ്ഠി ക്കുന്നതുകൊണ്ട്, ഫ്രാന്‍സിസ് വ്യക്തമാക്കുന്നത് സഹോദരന്മാര്‍ക്ക് ഉണ്ടായിരിക്കേണ്ട അത്യാവശ്യ മായ വിശിഷ്ട ലക്ഷണം എന്നത് അവര്‍ സാരസന്മാരുടെ ഇടയില്‍ എളിമയോടും കര്‍ത്താവിന്‍റെ ആത്മാവിന്‍റെ ക്ഷമയോടും കൂടി ആത്മീയമായി ആയിരിക്കുകയും, അവരുടെ പ്രവൃത്തികള്‍ വഴി പ്രസംഗിക്കുകയും വേണം എന്നാണ്. Kathleen Warren എന്ന അമേരിക്കന്‍ ഫ്രാന്‍സിസ്കന്‍ പണ്ഡിതയുടെ നിരീക്ഷണത്തില്‍, ഫ്രാന്‍സിസിന്‍റെ പതിനാറാം അധ്യായത്തിലെ നിലപാടും പ്രബോധ നവും സാര്‍വലൗകിക സമാധാനത്തിന്‍റെ ദര്‍ശനത്തിലേക്കാണ് നയിക്കുന്നത്, എല്ലാവരെയും, പ്രത്യേകിച്ച് അവിശ്വാസികളെപ്പോലും ഉള്‍ക്കൊള്ളുന്ന നിലപാട്. Warren-ന്‍റെ അഭിപ്രായത്തില്‍ ഈ സമാധാനം മറ്റുള്ളവരെ സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്താല്‍ മാത്രമേ കൈവരികയുള്ളൂ, അല്ലാതെ അക്രമത്തിലൂടെയല്ല. കുരിശുയുദ്ധത്തിന്‍റെ നേരിട്ടുള്ള അതിക്രമം അനുഭവിക്കുകയും, ശത്രു എന്ന് പൊതുവെ മുദ്ര കുത്തപ്പെട്ടിരുന്ന സുല്‍ത്താന്‍ എന്ന സുഹൃത്തിനെയും, സഹോദരനെയും അഭിമുഖീകരിക്കുകയും ചെയ്തതിന്‍റെ വെളിച്ചത്തിലാണ് ഫ്രാന്‍സിസ്  തന്‍റെ സഹോദരന്മാര്‍ക്ക് മിഷനറി ദൗത്യം ഏല്‍പ്പിക്കുന്നത്. റെഗുല നോണ്‍ ബുള്ളത്തായിലെ പതിനാറാം അധ്യായം ആണ് ഇതിന്‍റെ പരിണ തഫലം.

You can share this post!

സാരസന്‍മാരുടെ ഇടയിലേക്ക് പോകുന്ന സഹോദരന്‍മാര്‍

ഫെര്‍ഡിനാന്‍ഡ് മാര്‍ട്ടിന്‍ കപ്പൂച്ചിന്‍
അടുത്ത രചന

ഫ്രാന്‍സിസ്; മതാന്തരസംവാദത്തിന്‍റെ ഉത്തമമാതൃക

ഫെര്‍ഡിനാന്‍ഡ് മാര്‍ട്ടിന്‍ കപ്പൂച്ചിന്‍
Related Posts