ലാറിബേക്കര്‍ യഥാര്‍ത്ഥത്തില്‍ ഒരിതിഹാസമാണ്. നാം ആഴത്തില്‍ തിരിച്ചറിയാത്ത മഹദ്വ്യക്തി. ഭാവിലോകത്തിന്‍റെ നിലനില്പിനുള്ള ദര്‍ശനങ്ങളാണ് വാക്കിലും കര്‍മ്മത്തിലും അദ്ദേഹം പടുത്തുയര്‍ത്തിയിരിക്കുന്നത്. ഇംഗ്ലണ്ടില്‍നിന്ന് ചൈനയിലും ഇന്ത്യയിലുമെത്തി അദ്ദേഹം ചെയ്ത കാര്യങ്ങള്‍ ഉദാത്തങ്ങളാണ്. പുരോഗതിയുടെ പുതിയ കാഴ്ചപ്പാടുകള്‍ അദ്ദേഹത്തിന്‍റെ ദര്‍ശനങ്ങളെ ഇകഴ്ത്തിക്കാണിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ടാണ് അദ്ദേഹത്തിന്‍റെ തുടര്‍ച്ചകള്‍ ഇവിടെ അധികം ഉണ്ടാകാതെ പോയത്. ഇംഗ്ലീഷില്‍ ലാറിബേക്കറിനെക്കുറിച്ച് ധാരാളം ഗ്രന്ഥങ്ങള്‍ ഉണ്ട്. മലയാളത്തില്‍ അദ്ദേഹത്തിന്‍റെ ജീവചരിത്രം 'മാനം തൊട്ട മണ്ണ്' എന്ന പേരില്‍ ഇപ്പോഴാണ് പ്രസിദ്ധീകരിക്കപ്പെടുന്നത്. ഗീതാഞ്ജലി കൃഷ്ണനാണ് മഹാനായ ഈ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. അദ്ദേഹത്തോടുള്ള കൃതജ്ഞതാസമര്‍പ്പണം കൂടിയാണ് ഈ ഗ്രന്ഥം.
ഈ പുസ്തകത്തില്‍ ലാറിബേക്കറുടെ ജീവചരിത്രവും പ്രധാനപ്പെട്ട ലേഖനങ്ങളും കുറിപ്പുകളും വരകളുമെല്ലാമുണ്ട്. സമൃദ്ധമായ ആശയലോകമാണ് ഈ ഗ്രന്ഥം തുറന്നിടുന്നത്. ലാറി ബേക്കര്‍ എന്ന മഹാപ്രതിഭയുടെ കര്‍മ്മമേഖല എത്ര വിപുലമായിരുന്നു എന്നു നാമറിയുന്നു. മണ്ണില്‍ ചവിട്ടിനിന്ന് ഭാവിക്കുവേണ്ടിയാണ് ചിന്തിച്ചത്. മനുഷ്യന്‍റെ, മണ്ണിന്‍റെ, പ്രപഞ്ചത്തിന്‍റെ ഭാവിക്കുവേണ്ടി. അമിതവ്യയത്തിന്‍റെ കാഴ്ചപ്പാടുകളെ അദ്ദേഹം മിതവ്യയം കൊണ്ട് തിരുത്തി. ഉപഭോഗസംസ്കൃതിയില്‍ ആണ്ടുമുങ്ങിയ നമുക്ക് അദ്ദേഹം ഒരു ഭ്രാന്തനായിരുന്നു എന്നു തോന്നിയതില്‍ ഒട്ടും അത്ഭുതമില്ല. എങ്കിലും ഇപ്പോഴും ലാറിബേക്കര്‍ തിറിച്ചറിയപ്പെടുന്നു എന്നത് ശുഭോദര്‍ക്കമാണ്. 'ആര്‍ക്കിടെക്ടുകള്‍ക്കിടയിലെ ഗാന്ധി'യായിരുന്നു അദ്ദേഹം.
"ഞാന്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കുവേണ്ടി വീടുകള്‍ പണിയാന്‍ എത്തും മുന്‍പേതന്നെ, ഇന്ത്യ എന്നിലേക്കെത്തിയിരുന്നു. ഇവിടെത്തന്നെ ഞാന്‍ ജീവിക്കും, പണിയെടുക്കും, മരിക്കും" എന്നാണ് ലാറിബേക്കര്‍ കുറിക്കുന്നത്. തികഞ്ഞ ഗാന്ധിയനായിരുന്ന അദ്ദേഹം ലളിതജീവിതമാണ് നയിച്ചത്. രണ്ടാം ലോകമഹായുദ്ധകാലത്തെ ലാറിബേക്കറുടെ പ്രവര്‍ത്തനങ്ങള്‍ എത്രയോ വിപുലമായിരുന്നു. മനുഷ്യസ്നേഹത്താല്‍ പ്രലോഭിതനായ വിശ്വപൗരനായി അദ്ദേഹം വളരുകയായിരുന്നു. തികഞ്ഞ ആത്മാര്‍പ്പണത്തിന്‍റെ മൂര്‍ത്തിമദ്ഭാവമായിരുന്നു അദ്ദേഹം. "മനുഷ്യരാശി കണ്ട ഏറ്റവും വലിയ തിന്മയാണ് യുദ്ധങ്ങള്‍. ബര്‍മ്മയിലെ പരമ്പര എന്നെ പഠിപ്പിച്ചത് യുദ്ധക്കൊതിയില്‍ മനുഷ്യനോളം ഭീകരനും ക്രൂരനുമായ മറ്റൊരു ജീവി ഈ ഭൂമിയില്‍ ഇല്ലെന്നാണ്." ലാറി ബേക്കറുടെ ഈ വാക്കുകള്‍ക്ക് ഇന്നും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല.
ചൈനയില്‍ നിന്ന് ലാറിബേക്കര്‍ അമ്മയ്ക്കയച്ച കത്തുകള്‍ ഈ ഗ്രന്ഥത്തിന്‍റെ പ്രധാന ഭാഗമാണ്. അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തെ തന്നെ സൂക്ഷ്മമായി മനസ്സിലാക്കാന്‍ ഈ കത്തുകള്‍ സഹായിക്കുന്നു. "എന്നെ മറ്റുള്ളവര്‍ക്കു പ്രയോജനപ്പെടുത്തുന്നതും മറ്റാരും ചെയ്യാനില്ലാത്ത പണികള്‍ എന്നെത്തേടി എത്തുന്നതുമാണ് എനിക്ക് സന്തോഷം" എന്ന് അദ്ദേഹം എഴുതുന്നത് ആ ജീവിതത്തെ മുഴുവന്‍ സാക്ഷ്യപ്പെടുത്തുന്നതാണ്. "ലാറിബേക്കര്‍ ഗ്രാമീണ ഇന്ത്യയെ കണ്ടു. വരണ്ട കടല്‍ത്തീരങ്ങളും കുന്നും മലകളും ഹിമാലയത്തിലെ മഞ്ഞുപ്രദേശങ്ങളും സമതലത്തിലെ വെള്ളപ്പൊക്കം ഉണ്ടാകാവുന്ന ഇടങ്ങളും കൊടുങ്കാറ്റും പേമാരിയുമുള്ള തീരങ്ങളും അനുഭവിച്ചു. കന്യാകുമാരിയിലെ ചൂടും ഒറീസായിലെ കൊടുങ്കാറ്റും ചന്ദാഗിലെ ഹിമപാതവും കണ്ടു. നാനാത്വത്തില്‍ ഏകത്വമുള്ള ഇന്ത്യ കണ്ടു. പല പല ഭാഷക്കാരുമായി ഇടപഴകി. അവിടങ്ങളിലെ നിര്‍മ്മാണരീതികള്‍ പരിചയിച്ചു" എന്ന് ഗ്രന്ഥകാരി കുറിക്കുന്നു. ലാറി നടന്ന വഴികളില്‍ നിന്നാണ് അദ്ദേഹത്തിന്‍റെ ദര്‍ശനങ്ങളും രൂപപ്പെടുന്നതെന്നു സാരം.
പാശ്ചാത്യരാജ്യങ്ങളിലെ കെട്ടിടങ്ങളെ അനുകരിക്കുന്നതു കേരളത്തിനു യോജിക്കാത്ത അബദ്ധമാണെന്ന് ലാറിബേക്കര്‍ പറഞ്ഞു. "ചെലവുകുറഞ്ഞ നിര്‍മ്മാണ രീതി ഒരു ജീവിതരീതിതന്നെയാണ്. വീട്ടിലും ജീവിതത്തിലും ആര്‍ഭാടം വേണ്ട എന്നും, മറ്റുള്ളവരുടെ മുന്നില്‍ പൊങ്ങച്ചം കാട്ടി ഇളിഭ്യരാകേണ്ട എന്നും കരുതുന്നവര്‍ മാത്രമേ ബേക്കറുടെ വഴി സ്വീകരിക്കൂ. മരങ്ങളെയും മണ്ണിനെയും ജലത്തെയും സ്നേഹിക്കുന്നവരുടെ മാത്രം പാതയാണിത്" എന്നും ഗ്രന്ഥകാരി പറയുന്നു. ഈ ദര്‍ശനമാണ് ലാറിബേക്കര്‍ പിന്തുടര്‍ന്നത്. "അദ്ദേഹം മുന്നോട്ട് വച്ചത് ഒരു ആര്‍ക്കിടെക്ചര്‍ ശൈലി മാത്രമല്ല, ഒരു ജീവിതപദ്ധതിയാണ്. അത് അനന്തരതലമുറകള്‍ക്ക് പ്രചോദനവുമാണ്."
സമൂഹത്തിലെ താഴേക്കിടയിലുള്ളവര്‍ക്കും പാവപ്പെട്ടവര്‍ക്കും വാസയോഗ്യമായതും ഇഷ്ടപ്പെടാനാവുന്നതുമായ വീടുകള്‍ കിട്ടാനുള്ള എല്ലാ അവകാശവുമുണ്ടെന്ന് ലാറിബേക്കര്‍ വിശ്വസിച്ചു. "ചേരികള്‍ അപമാനമാണ്. അതില്‍ താമസിക്കുന്നവര്‍ക്കല്ല, ആസൂത്രണവിദഗ്ദ്ധര്‍ക്ക്, എഞ്ചിനീയര്‍മാര്‍ക്ക്, ആര്‍ക്കിടെക്റ്റുകള്‍ക്ക്, സര്‍ക്കാരിന്, ഭരിക്കുന്ന എല്ലാവര്‍ക്കും. പിന്നെ അതിന്‍റെ മുന്നിലൂടെ ഇതെന്‍റെ കാര്യമേയല്ല എന്ന മട്ടില്‍ നടന്നുപോകുന്ന നമ്മള്‍ എല്ലാവര്‍ക്കും" എന്നു പറയുന്ന ബേക്കറുടെ ദര്‍ശനം വ്യത്യസ്തവും അഗാധവുമാണെന്ന് നാമറിയുന്നു.
ഉടമകളുടെ വരുമാനം അനുസരിച്ചല്ല വീടു വയ്ക്കേണ്ടത്. അവരുടെ ആവശ്യങ്ങളും വീട്ടിലെ ആളുകളുടെ എണ്ണവും അനുസരിച്ചാവണം എന്നായിരുന്നു ലാറി ബേക്കറുടെ അഭിപ്രായം. പ്രകൃതിവിഭവങ്ങള്‍ അമൂല്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. "നമ്മള്‍ ഇഷ്ടപ്പെടുന്ന, കഴിയാന്‍ താല്പര്യപ്പെടുന്ന ഇടങ്ങള്‍ മനോഹരവും സുഖദവുമായിരിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. "ഒരു സ്ഥലത്തെ മനുഷ്യന്‍ അവിടുത്തെ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും അനുസൃതമായി കാലാകാലങ്ങളായി തുടര്‍ന്നുപോരുന്ന ഒരു നിര്‍മ്മാണരീതി ഉണ്ട്. ആ കെട്ടിടങ്ങള്‍ക്കേ ജീവന്‍ ഉണ്ടാകൂ. ജീവിക്കാനുള്ളതാവൂ. അവിടത്തെ വായു, വെള്ളം, സൂര്യപ്രകാശം, എന്നിവയുമായി അവയ്ക്ക് ബന്ധം ഉണ്ടാവണം. ചെടികളെയും മരങ്ങളെയും ജീവനുള്ള എല്ലാ വസ്തുക്കളെയും പോലെ ശ്വാസം വിടാനും പുനരുജ്ജീവനം ചെയ്യാനുള്ള കഴിവും ഉണ്ടാവണം."
"സ്വന്തം മനസ്സാക്ഷിയെ ഉറഞ്ഞുകിടക്കാനനുവദിക്കാത്ത അതിനോട് പരിപൂര്‍ണ്ണമായി കൂറുപുലര്‍ത്തുക. മനോധര്‍മ്മം എപ്പോഴും ഉപയോഗിക്കുക. കെട്ടിടങ്ങള്‍ മാത്രമല്ല, നിങ്ങള്‍ ചെയ്യുന്നതെന്തും സത്യസന്ധവും ആത്മാര്‍ത്ഥതയുള്ളതുമാവട്ടെ" എന്നതാണ് ബേക്കര്‍ നല്‍കുന്ന സന്ദേശം. ഇന്ത്യയിലെ അനേകലക്ഷങ്ങള്‍ ഒരു നേരത്തെ ആഹാരത്തിനുവേണ്ടി മാത്രം കഷ്ടപ്പെടുമ്പോള്‍ ഏതു തരത്തിലുള്ള ആര്‍ഭാടവും പാഴ്ചെലവും എനിക്കു വെറുപ്പായി" എന്നു തറപ്പിച്ചുപറയുന്ന ബേക്കര്‍ എല്ലാ കര്‍മ്മങ്ങളിലും ഈ ആദര്‍ശത്തിനു മൂര്‍ത്തരൂപം നല്കി.
"പരിസ്ഥിതിയെന്നാല്‍ നമുക്കു ചുറ്റുമുള്ള എല്ലാമാണ്. അതായത് നമുക്കു കാണാനും കേള്‍ക്കാനും മണക്കാനും പറ്റുന്ന എല്ലാം." അതുകൊണ്ടാണ് വീടുവയ്ക്കുമ്പോള്‍ പരിസ്ഥിതിയോട് ചേര്‍ന്നു നില്‍ക്കണമെന്ന് ബേക്കര്‍ നിഷ്കര്‍ഷിക്കുന്നത്. അതുകൊണ്ടുതന്നെ ആര്‍ക്കിടെക്റ്റുകള്‍ക്ക് വലിയ സാമൂഹിക ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം കരുതി. അവര്‍ക്ക് സൂക്ഷിക്കാനും സംരക്ഷിക്കാനുമുള്ള കടമയുണ്ട്. രാജ്യത്തിന്‍റെ പ്രകൃതിസമ്പന്നതയെ നശിപ്പിക്കാതിരിക്കാന്‍ അവര്‍ ശ്രദ്ധിക്കണം. കഴിവതും ഊര്‍ജ്ജഉപഭോഗം കുറഞ്ഞ വസ്തുക്കളും പുനരുപയോഗം ഉള്ള വസ്തുക്കളും ഉപയോഗിച്ച് കെട്ടിടങ്ങള്‍ പണിയണം. നമ്മുടെ കെട്ടിടങ്ങളെ ധാര്‍ഷ്ട്യവും പൊങ്ങച്ചവും പ്രകടനപരവും ആക്കുന്നതെന്തിന്? അവ സ്വന്തം ചുറ്റുപാടുമായി ഇണങ്ങിച്ചേരുന്നവയാകണം. സന്തോഷം തരുന്നവയാകണം, അല്ലാതെ ഞെട്ടല്‍ ഉണ്ടാക്കുന്നവയാകരുത്." സുസ്ഥിരവികസനമാതൃകയുടെ മുന്നില്‍ നടന്ന ചിന്തകനായിരുന്നു ലാറിബേക്കര്‍. വികസനം എങ്ങനെ വേണമെന്ന് ചിന്തിച്ച ആള്‍.
'മാനം തൊട്ട മണ്ണ്' എന്ന പുസ്തകം ലാറി ബേക്കര്‍ എന്ന മഹദ്വ്യക്തിയെ അറിയാനുള്ള വാതില്‍ തുറക്കുന്നു. ഈ ഗ്രന്ഥം രചിച്ച ഗീതാഞ്ജലി കൃഷ്ണന്‍ അഭിനന്ദനമര്‍ഹിക്കുന്നു. (മാനം തൊട്ട് മണ്ണ് - ഗീതാഞ്ജലി കൃഷ്ണന്‍ - കോസ്ക്ഫോര്‍ഡ്)