news-details
അക്ഷരം

ഇങ്ങനെയും ജീവിതം

"എന്നോ മരിച്ചുപോയ
ഒരു ചിരിയുടെ അടയാളവും പേറി
ഒരു കാടിപ്പോഴും ജീവിച്ചിരിപ്പുണ്ട്."

സിന്ധു മാങ്ങണിയന്‍ എന്ന കവിയുടെ കവിതയില്‍ നിന്നാണ് ഈ വരികള്‍. നാം ജീവിക്കുന്ന ജീവിതത്തില്‍നിന്ന് തികച്ചും വ്യത്യസ്തമായ അനുഭവങ്ങള്‍ ആവിഷ്കരിക്കുന്നവയാണ് ആദിവാസികളുടെ ജീവിതം. 'ഇടതുനെഞ്ചിലെ ഉച്ചാലുമാസങ്ങള്‍' സിന്ധു മാങ്ങണിയന്‍റെ ആത്മകഥയാണ്. നമ്മെ വിചാരണ ചെയ്യുന്ന ജീവിതാഖ്യാനമാണിത്. "ഇവിടെ ഒരു ആദിവാസി സ്ത്രീ, അവരുടെ ജീവിതം പറയുകയാണ്. അവര്‍ അവരുടെ കണ്ണുകൊണ്ട് ലോകത്തെ വായിക്കുകയാണ്. നിങ്ങള്‍ കണ്ട ലോകമല്ല ഞങ്ങള്‍ കണ്ട ലോകമെന്ന് പറയാതെ പറയുകയാണ്" എന്ന് വി. എച്ച്. ദിരാര്‍ ആമുഖത്തില്‍ കുറിക്കുന്നത് സാര്‍ത്ഥകമാണ്.

ഭൂമി ഋതുമതിയാകുന്ന കാലമാണ് ഉച്ചാല്‍ എന്നാണ് വടക്കന്‍കേരളത്തിലെ പുരാവൃത്തം. "ഉച്ചാലു മാസം എന്നാല്‍ കുംഭമാസമാണ്. അത് ഉള്‍നോവിന്‍റെ നാളുകളാണ്. കല്യാണം, കാവില്‍ കേറല്‍ തുടങ്ങിയ ആഘോഷങ്ങളൊന്നും ഈ കാലയളവില്‍ നടത്താറില്ല. മരിച്ച ആത്മാക്കളെ വിളിച്ചുകാണുന്ന, അവരെ ആശ്വസിപ്പിക്കുന്ന, പ്രീതിപ്പെടുത്തുന്ന നാളുകളാണ്. തുടികൊട്ടും കുഴലൂത്തുമൊക്കെയായി ആട്ടളി ഉറഞ്ഞ് പേനം പാടി ആണുങ്ങള്‍ മാത്രം വട്ടത്തില്‍ കളിക്കുകയും സ്ത്രീകള്‍ നോവിന്‍റെ പ്രതീകങ്ങളായി മൗനം പൂണ്ടിരിക്കുകയും ചെയ്യും. ചത്തനചാവും പിലെ എന്ന് ഞങ്ങളുടെ ഭാഷയില്‍ പറയും. മരിച്ചവരുടെ പുലയെന്നാണ്." ദുഃഖം മനസ്സില്‍ തളംകെട്ടുന്ന ഉച്ചാലു മാസത്തിലെ അനുഭവങ്ങള്‍ ജീവിതത്തിലെ വിവിധ ഘട്ടങ്ങളില്‍ സിന്ധു അനുഭവിച്ചിട്ടുണ്ട്. ഇടനെഞ്ചില്‍ തളംകെട്ടിയ വേദനകളാണ് ആത്മകഥയായി വിവര്‍ത്തനം ചെയ്യപ്പെടുന്നത്.
വയനാട്ടിലെ ആദിവാസികളില്‍ പണിയ സമുദായത്തിലാണ് സിന്ധു ജനിച്ചത്. ദാരിദ്ര്യത്തിന്‍റെ നാളുകള്‍ ഓര്‍മ്മയിലുണ്ട്. തുടര്‍ന്ന് വിദ്യാഭ്യാസത്തിനായി ഹോസ്റ്റലുകളില്‍ താമസം. അവിടെയും അവഗണനയും മര്‍ദ്ദനവും ചീത്തവിളികളും. ആത്മാഭിമാനത്തിനു മുറിവേല്‍ക്കുന്ന, നിരവധി സന്ദര്‍ഭങ്ങള്‍ സിന്ധു ഓര്‍ത്തെടുക്കുന്നു. ബാലാവകാശമൊന്നും എത്തിനോക്കാത്ത സ്ഥാപനങ്ങളില്‍ ഇടനെഞ്ചില്‍ യാതനകള്‍ കൂട്ടിവയ്ക്കുന്ന സിന്ധുവിനെപ്പോലുള്ള നിരവധി കുട്ടികള്‍. ആദിവാസി ഊരുകളിലെ രസകരമായ കുട്ടിക്കാലവും പ്രകൃതിയുമായും മണ്ണുമായുമുള്ള ജൈവബന്ധങ്ങളുമെല്ലാം ഹോസ്റ്റലുകളില്‍ നഷ്ടമാകുന്നു.

'ഞങ്ങള്‍ കൂടുതലും പ്രകൃതിയെ ആശ്രയിച്ചു ജീവിക്കുന്നവരാണ്' എന്ന് സിന്ധു പറയുന്നു. തനതായ വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും സംഘബോധവും ഉള്ള സമൂഹമെന്ന നിലയില്‍ സ്വന്തം  സമുദായത്തെ എഴുത്തുകാരി അടയാളപ്പെടുത്തുന്നു. പുത്തന്‍പരിഷ്കാരങ്ങളെ വാഴ്ത്തുന്നവര്‍ക്ക് മഹത്തായ പാരമ്പര്യത്തിന്‍റെ കരുത്ത് തിരിച്ചറിയാന്‍ സാധിക്കാറില്ല. എല്ലാം നശിപ്പിച്ച് വികസനത്തിന്‍റെ ചിത്രം വരയ്ക്കുന്നവര്‍ക്ക് പാരസ്പര്യത്തിന്‍റെ സംസ്കാരം മനസ്സിലാക്കാനാവില്ല. ഭൂമിയോടിണങ്ങി ജീവിക്കുമ്പോള്‍ നിലനില്‍പ്പിന്‍റെ സംസ്കാരമാണ് വളര്‍ത്തുന്നത്.

"പണിയര്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം തന്നെ പണിയെടുക്കുന്നവര്‍ എന്നാണ്. ഞങ്ങളെക്കൊണ്ട് പണി എടുപ്പിക്കുന്നവര്‍ ചാര്‍ത്തിത്തന്ന പേരുകൂടിയാണത്" എന്നാണ് സിന്ധു പ്രസ്താവിക്കുന്നത്. കടന്നുകയറിയവര്‍ക്കു വേണ്ടി അടിമപ്പണി ചെയ്യുന്നവന് സ്വാതന്ത്ര്യമോ അവകാശമോ ഇല്ല. പരിഷ്കാരികള്‍ ഒത്തുചേര്‍ന്ന് മഹത്തായ സംസ്കാരത്തെ നശിപ്പിക്കുന്നതാണ് നാം കാണുന്നത്. "വയനാട്ടിലെ ആദിവാസികള്‍ എങ്ങനെയായിരിക്കണമെന്ന് അവരുടെ ഉള്ളില്‍ ഒരു ചിത്രമുണ്ട്. മരത്തിന്‍റെ തോലൊക്കെ ധരിച്ച് തലയില്‍ തൂവല്‍ ഒക്കെയിട്ട ഒരു ചിത്രം. ആദിവാസികള്‍ എന്നു കേള്‍ക്കുമ്പോള്‍ ഇത്തരം ചിത്രങ്ങളാണ് അവരുടെ മനസ്സില്‍ വരുന്നത്" എന്നാണ് സിന്ധു കുറിക്കുന്നത്.

വിവാഹശേഷം അനുഭവിച്ച ദുരിതങ്ങള്‍ സിന്ധു അവതരിപ്പിക്കുന്നു. തിക്താനുഭവങ്ങളുടെ കാലം നമ്മെ വല്ലാതെ പിന്തുടരും. സിന്ധു അതിജീവിച്ച യാതനകള്‍ നിരവധിയാണ്. ആരും അനുഭവിക്കാത്തത്ര പ്രതിസന്ധികള്‍ നിരന്തരം കടന്നുവരുമ്പോഴും തകരാതെ നില്‍ക്കാന്‍ അവര്‍ക്കു സാധിക്കുന്നു.

സിന്ധു കവിതയെഴുതുന്നത് ഗോത്രഭാഷയിലാണ്. "ഗോത്രഭാഷയില്‍ത്തന്നെ കവിതകള്‍ എഴുതുമ്പോള്‍ അതിന് ഭംഗിയും ആത്മാവുമുണ്ട്. അതു നമ്മുടെ ഉള്ളില്‍നിന്നു വരുന്നതാണ്. ഗോത്രവിഭാഗത്തിന്‍റെ തനതായ അനുഭവങ്ങളും സംസ്കാരവും ജീവിതവും ഉള്‍പ്പെടുത്തി ആ ഭാഷയില്‍ത്തന്നെ എഴുതമ്പോള്‍ അതിന് ജീവനുണ്ട്" എന്നാണ് സിന്ധു പ്രസ്താവിക്കുന്നത്. 'നക്ഷത്രങ്ങളില്ലാത്ത ആകാശം' എന്ന കവിതയില്‍ ആദിവാസികള്‍ പൊതുസമൂഹത്തോട് എത്രമാത്രം യുദ്ധം ചെയ്തുകൊണ്ടാണ് ജീവിക്കുന്നത് എന്നാണ് എഴുതുന്നത്.  ജീവിതം തന്നെയാണ് സിന്ധു കവിതയില്‍ പകര്‍ത്തുന്നത്.

ജീവിതത്തില്‍നിന്ന് സിന്ധു പഠിച്ച പാഠങ്ങള്‍ നിരവധിയാണ്. "അവനവന് സ്പേസ് ഇല്ലാത്തിടത്തുനിന്നും ഇറങ്ങിപ്പോകണം എന്നാണ് ഒരു സ്ത്രീ എന്ന രീതിയില്‍ ജീവിതം എന്നെ പഠിപ്പിച്ചത്... ജീവിതത്തെപ്പറ്റി, ഒറ്റയ്ക്കു ജീവിക്കുന്ന സ്ത്രീക്ക് അവരുടേതായ കാഴ്ചപ്പാടുണ്ടാകും. അവരെ അവരുടേതായ ജീവിതം ജീവിക്കാന്‍ അനുവദിക്കുക" എന്നാണ് സിന്ധു അഭിപ്രായപ്പെടുന്നത്.

'കേരളത്തിലെ ആഫ്രിക്ക' എന്ന ഗ്രന്ഥത്തില്‍ കെ. പാനൂര്‍ എഴുതിയത് ഇവിടെ പ്രസക്തമാണ്. ആദിവാസികള്‍ക്ക് ബാഹ്യലോകത്തെക്കുറിച്ചുള്ള അജ്ഞതയ്ക്ക് സമമായുള്ളത് ബാഹ്യലോകത്തിന് ആദിവാസികളെക്കുറിച്ചുള്ള അജ്ഞതമാത്രമാണ്. പക്ഷേ നാം അവരുടെ അജ്ഞതയെപ്പറ്റി ഫലിതം പറയുകയും നമ്മുടെ അജ്ഞത ഭൂഷണമായി കരുതുകയും ചെയ്യുന്നു. ഈ അജ്ഞത ഇന്നും തുടരുന്നു. 'ആദിവാസികള്‍ എഴുതുമ്പോള്‍ അവര്‍ അവരുടെ ജീവിതം രേഖപ്പെടുത്തുക മാത്രമല്ല, വനവാസികളുടെ അജ്ഞത പരിഹരിക്കുക കൂടിയാണ്' എന്ന് വി. എച്ച്. ദിരാര്‍ എഴുതുന്നത് വസ്തുതയാണ്.

"ഈ പുസ്തകം ഒരു ക്ഷണക്കത്താണ്. നാം ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ജീവിതങ്ങളിലേക്ക്, നമ്മുടെ പതിവ് കേള്‍വിക്കും കാഴ്ചകള്‍ക്കും അപ്പുറത്തേയ്ക്ക്..." ഇടതുനെഞ്ചിലെ ഉച്ചാലുമാസങ്ങള്‍ അസാധാരണമായ ആത്മകഥയാണ്.


(ഇടതുനെഞ്ചിലെ ഉച്ചാലുമാസങ്ങള്‍  - സിന്ധു മാങ്ങണിയന്‍ - ഗൂസ്ബെറി ബുക്സ്)

You can share this post!

ഇറങ്ങിപ്പോക്കുകള്‍

ഡോ. റോയി തോമസ്
അടുത്ത രചന

ജലംകൊണ്ട് മുറിവേറ്റവര്‍

ഡോ. റോയി തോമസ്
Related Posts