news-details
അക്ഷരം

ഇറങ്ങിപ്പോക്കുകള്‍

ജീവിതത്തില്‍ ഇറങ്ങിപ്പോക്കുകളും തിരിച്ചുവരവുകളുമുണ്ട്. ഓരോ ഇറങ്ങിപ്പോക്കും നമ്മെ പുതിയ അനുഭവങ്ങളിലേക്കും അറിവുകളിലേക്കും നയിക്കുന്നു. ഓര്‍മ്മകളും അറിവുകളും പേറിയാണ് ഓരോ മടങ്ങിവരവ്. ആത്മത്തില്‍നിന്നുള്ള പുറത്തുകടക്കലാണ് ഓരോ ഇറങ്ങിപ്പോക്കും. അപരനിലേക്കുള്ള യാത്ര കൂടിയാണ് ഇറങ്ങിപ്പോക്കുകള്‍. ദേശവും കാലവും വ്യക്തികളും എല്ലാം യാത്രയോടൊപ്പം ചേരുന്നു. നാം തനിച്ചല്ല എന്നും നമ്മുടെ ജീവിതം ചുറ്റുപാടുകളുമായും മറ്റുള്ളവരുമായും കൊരുത്തുകിടക്കുന്നതാണെന്നും ഉള്ള ബോദ്ധ്യം യാത്രകള്‍ നമുക്കു തരുന്നു. 'ധ്യാന്‍ തര്‍പണ്‍' എഴുതിയ 'ഇറങ്ങിപ്പോക്കുകള്‍' എന്ന ഗ്രന്ഥം നമ്മെ യാത്രകളുടെ അനുഭൂതിയിലേക്കു ക്ഷണിക്കുന്നു. ബാഹ്യവും ആന്തരവുമായ യാത്രകളുടെ സാഫല്യമാണ് ഈ പുസ്തകം.

വായിക്കുന്ന ഏതൊരാളെയും അപാരതയോടു കൂട്ടിയിണക്കുന്ന ഗ്രന്ഥമാണിതെന്ന് വി. ജി. തമ്പി കുറിക്കുന്നത് സാര്‍ത്ഥകമാണ്. അനേകം കഥകളും കവിതകളും ദര്‍ശനങ്ങളും ഉള്‍ക്കാഴ്ചകളും വായനകളും അന്തമില്ലാത്ത തമാശകളും ചിരികളും പ്രകൃതിധ്യാനങ്ങളും നിറഞ്ഞൊഴുകുന്ന പുസ്തകം. "എല്ലാ ഇറങ്ങിപ്പോക്കുകളും അവനവനിലേക്കു തന്നെയുള്ളതാണ് എന്നറിഞ്ഞുകഴിഞ്ഞാല്‍, ജീവിതത്തിനു കൈവരുന്ന ഒരു സ്വീകാരമുണ്ട്. അതിനുശേഷം സകലതും വ്യത്യസ്തമാണ്. നിറങ്ങളും ശബ്ദങ്ങളും രുചികളും സ്പര്‍ശങ്ങളുമെല്ലാം" എന്ന് ധ്യാന്‍ ആമുഖത്തില്‍ കുറിക്കുന്നു. ഓരോ ഇറങ്ങിപ്പോക്കും ഓരോ ആരായലുകളായി പരിണമിക്കുന്നു.
കണക്കുകൂട്ടലുകളുടെ ലോകത്തെ മുറിക്കുന്നതാണ് പലപ്പോഴും ഇറങ്ങിപ്പോക്കുകള്‍ സമ്മാനിക്കുന്ന അനുഭവങ്ങള്‍. അവിചാരിതമായി നമ്മിലേക്ക് പല ലാവണ്യങ്ങളും കടന്നുവരുന്നത് ധ്യാന്‍ ആവിഷ്കരിക്കുന്നുണ്ട്. "ഒരാവശ്യവുമില്ലാത്തപ്പോഴും അത് സകലതിനെയും അളന്നുകൊണ്ടിരിക്കും. അതിന്‍റെ ഭാഗമാണ് നമ്മുടെ നിരീക്ഷണങ്ങളിലെ സാമ്യങ്ങളും വ്യത്യാസങ്ങളും താരതമ്യങ്ങളുമെല്ലാം. അനാവശ്യമായ, ബോധപൂര്‍വ്വമല്ലാതെ നടക്കുന്ന അളവുകളൊക്കെയും നമ്മിലെ സ്വതന്ത്ര ഇടങ്ങളുടെ കൈയേറ്റങ്ങളാണ്" എന്ന് ധ്യാന്‍ നിരീക്ഷിക്കുന്നു. അളന്നുനോക്കാതെ, കണക്കുകൂട്ടാതെയുള്ള ഇറങ്ങിപ്പോക്കുകളാണ് നമ്മെ മറ്റൊരു തലത്തിലേക്കുയര്‍ത്തുന്നത് എന്നതാണ് വാസ്തവം.
യാത്രകളില്‍ കേട്ട ശബ്ദങ്ങള്‍, അറിഞ്ഞ രുചികള്‍, പരിചയപ്പെട്ട മനുഷ്യര്‍, മനസ്സില്‍ കടന്നുവന്ന ഭൂഭാഗദൃശ്യങ്ങള്‍ എന്നിങ്ങനെ ഈ പുസ്തകത്തെ മനോഹരമാക്കുന്ന പലതുമുണ്ട്. ഒരിക്കല്‍ കേട്ട പുല്ലാങ്കുഴല്‍ നാദം സൃഷ്ടിച്ച അഗാധമായ അനുഭൂതി അദ്ദേഹം എടുത്തുപറയുന്നുണ്ട്. അപാരതയുമായി നമ്മെ കൂട്ടിയിണക്കുന്ന നാദവിസ്മയം ആയിരുന്നു അത്. ഓഷോയും ബുദ്ധനുമെല്ലാം ഈ സന്ദര്‍ഭത്തില്‍ ഗ്രന്ഥകാരനോടൊപ്പം ചേരുന്നു. "എവിടെ നിന്നോ ഒഴുകിവരുന്ന ആ പുല്ലാങ്കുഴല്‍ സ്വനങ്ങള്‍ പ്രാചീനതയുടെ ബുദ്ധസ്പന്ദങ്ങളായി കടന്നുപോകുന്നു; ഞാന്‍ ആരെയാണ് കാത്തുനില്‍ക്കുന്നത്" എന്ന് ധ്യാന്‍ സ്വയം ചോദിച്ചുപോകുന്നു.

"ഒരു പ്രവാഹമാണ് യാത്ര. നീണ്ടതെന്നോ ഹ്രസ്വമെന്നോ ഭേദമില്ലതിന്. ആ പ്രവാഹത്തില്‍ എത്ര കണ്ട് നമുക്കു പൊങ്ങിക്കിടക്കാന്‍ കഴിയുന്നുവോ, അത്രകണ്ട് അതില്‍ പങ്കുചേരാനും കഴിയും. ആസ്വദിക്കാനും" എന്നതാണ് ഗ്രന്ഥകാരന്‍റെ ദര്‍ശനം. നിരവധി മാനങ്ങളില്‍ വിടര്‍ന്നുകിടക്കുന്ന, ജീവിതമെന്നു നാം വിളിച്ചുപോരുന്ന, ഈ ജിഗ്സോപസില്‍, സ്വയമേവ പരിഹരിക്കപ്പെടുകതന്നെ ചെയ്യും. അതിനോടു പങ്കുചേരുകയാണെങ്കില്‍, അതിനെയാണല്ലോ നാം ആനന്ദമെന്നു വിളിക്കുന്നത്.

ഓരോ യാത്രയും സ്വയം ഖനനം ചെയ്യല്‍കൂടിയാണ്. നമ്മുടെ ഉള്ളിലെ കണ്ടെത്തപ്പെടാതെ കിടക്കുന്ന പലതും നാം യാത്രയില്‍ കണ്ടെത്തുന്നു. ഇത് നമ്മിലെ ചിലതിനെ പൂരിപ്പിക്കുന്ന പ്രക്രിയ കൂടിയാകുന്നു. അടര്‍ന്നുവീഴുന്ന ഓരോ ഇലകളും നമ്മെ ആഴത്തില്‍ ചിലതെല്ലാം പഠിപ്പിക്കുന്നുണ്ട്. "ഏതായാലും ആനന്ദമെന്നത് ഖനിജമായിരിക്കില്ല, ഖനനമാവാനേ വഴിയുള്ളൂ" എന്ന കാഴ്ചപ്പാടിലാണ് ധ്യാന്‍ എത്തിച്ചേരുന്നത്. ലക്ഷ്യത്തിലല്ല, യാത്രയിലാണ് ഇറങ്ങിപ്പോക്കിന്‍റെ ലാവണ്യമെന്നാണ് സാരം.
സമൂഹജീവി എന്നതിനപ്പുറത്ത് മനുഷ്യജീവിതത്തിന് മറ്റുചില അഗാധമാനങ്ങള്‍ കൂടിയുണ്ട് എന്ന് ധ്യാന്‍ എടുത്തു പറയുന്നുണ്ട്. ആള്‍ക്കൂട്ടത്തില്‍ നിന്ന് മാറിനില്‍ക്കുമ്പോള്‍ മാത്രം സാക്ഷാത്കരിക്കാന്‍ സാധിക്കുന്ന ചില പൊരുളുകളും ജീവിതത്തിനുണ്ട്, ഏകാന്തതയില്‍ വിടരുന്ന ചില പുഷ്പങ്ങള്‍പോലെ. അത് അന്വേഷണത്തിന്‍റെ അധികമാനമാണ്. അന്തമില്ലാത്ത ആള്‍ക്കൂട്ടത്തില്‍നിന്ന് മാറിനില്‍ക്കുമ്പോഴാണ് നാം സ്വയം തിരിച്ചറിയുക. "സനാഥരായിട്ടുള്ളവര്‍ ജോനാഥനെപ്പോലെയാണ്; നൈരന്തര്യതയുടെ സ്വര്‍ണ്ണപുഷ്പങ്ങളായി പ്രശോഭിക്കുന്നവര്‍. സ്വാതന്ത്ര്യത്തിന്‍റെ അഭൗമസൗരഭ്യം പരത്തുന്നവര്‍" എന്നാണ് ധ്യാന്‍ തിരിച്ചറിയുന്നത്.
'മനുഷ്യനാവുകയെന്നാല്‍
ഒരു അതിഥിഗൃഹമാകുകയെന്നതാണ്' എന്ന റൂമിവചനം ധ്യാന്‍ ഉദ്ധരിക്കുന്നു. വന്നുചേരുന്നവര്‍ ആരായാലും വഴികാട്ടിയും അതീതത്തില്‍നിന്ന് അയക്കപ്പെടുന്നവരുമാണ് എന്ന് നാം അറിയണം. നമ്മെ പൂരിപ്പിക്കുന്നത് ചില അതിഥികള്‍ കൂടിയാണ്. അപരനിലേക്കുളള കൈനീട്ടല്‍ കൂടിയായി ജീവിതം മാറുന്നു. ഓരോ ഇറങ്ങിപ്പോക്കിന്‍റെയും പൊരുള്‍ ഇപ്രകാരമാണ് നിര്‍ണയിക്കപ്പെടുന്നത്.

ഇറങ്ങിപ്പോക്കുകള്‍ ആകസ്മികതയുടെ സൗന്ദര്യത്തിലേക്കു നയിക്കുന്നു. അനേകം പുതിയ മുഖങ്ങള്‍, ദൃശ്യങ്ങള്‍, ഓര്‍മ്മകള്‍, അനുഭവങ്ങള്‍ എല്ലാം നമ്മിലേക്ക് ഒഴുകിയെത്തുന്നു. വാര്‍ഷികവലയങ്ങള്‍ പോലെ മനസ്സിനെ അതു പൊതിഞ്ഞുനില്‍ക്കുന്നു. ആത്മനിറവിന്‍റെ നിമിഷങ്ങള്‍ സമ്മാനിക്കുന്ന ഇറങ്ങിപ്പോക്കുകള്‍ ഈ പ്രപഞ്ചവുമായി നമ്മെ പാരസ്പര്യത്തിലാക്കുന്നു. പരിമിതികളെ അതിവര്‍ത്തിക്കാനുള്ള ആത്മശക്തി നമ്മില്‍ നിറയുന്നു.

'മന്ദസ്മിതങ്ങള്‍ ബുദ്ധത്വത്തിന്‍റെതാണ്. അറിയാതെയെങ്കിലും നാം എല്ലാവരിലും അവ വിടരാറുമുണ്ട്" എന്നു  കുറിക്കുന്ന ധ്യാന്‍ ഇറങ്ങിപ്പോക്കുകള്‍ തിരിച്ചറിവുകള്‍ കൂടിയാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു. ഗ്രന്ഥകാരന്‍റെ 'ഇറങ്ങിപ്പോക്കുകള്‍' നമ്മില്‍ ദര്‍ശനങ്ങളും ജീവിതസാരങ്ങളും നിറയ്ക്കുന്നു.

(ഇറങ്ങിപ്പോക്കുകള്‍ - ധ്യാന്‍ തര്‍പണ്‍ - വിങ്ങ്സ് ഒ സേവ്സ് പബ്ലിക്കേഷന്‍)   

You can share this post!

നിന്നുകത്തുന്ന കടലുകള്‍

ഡോ. റോയി തോമസ്
Related Posts