news-details
അക്ഷരം

നിന്നുകത്തുന്ന കടലുകള്‍

"നിന്നുകത്തുന്ന കടലുപോലെ ഞാനുണ്ട്, അതിന്‍റെ ചൂടും വേവുമുണ്ട്. ആളലുണ്ട്. അതുമാത്രമറിയാം." ജോളി ചിറയത്ത് തന്‍റെ ആത്മകഥയുടെ ആമുഖത്തില്‍ കുറിക്കുന്നതാണിത്. 'നിന്നുകത്തുന്ന കടലുകള്‍' എന്നാണ് ആത്മകഥയുടെ പേര്. അനേകം സ്ത്രീകള്‍ നിന്നുകത്തുന്ന കടലുകളാണ് എന്നു നാം തിരിച്ചറിയുന്നു. നടിയും ആക്റ്റിവിസ്റ്റുമായ ജോളി ചിറയത്ത് തന്‍റെ ജീവിതയാത്രയുടെ യഥാര്‍ത്ഥചിത്രം വെളിപ്പെടുത്തുകയാണിവിടെ. ആത്മഹത്യമുനമ്പിലെത്തിയതിനുശേഷമുള്ള തിരിഞ്ഞു നടത്തമാണ് ഇപ്പോഴത്തെ ജീവിതമെന്ന് അവര്‍ പ്രസ്താവിക്കുന്നു. തീക്ഷ്ണമായ അനുഭവങ്ങളുടെ കടല്‍ നീന്തിക്കടക്കാനുള്ള കഥയാണിത്.

കുട്ടിക്കാലം മുതല്‍ താന്‍ നേരിട്ട അനുഭവങ്ങള്‍ നിറം കലര്‍ത്താതെ ജോളി ചിറയത്ത് ആവിഷ്കരിക്കുന്നു. കുടുംബജീവിതത്തലെ അക്കാലത്തെ അനുഭവങ്ങള്‍ സമചിത്തതയോടെ അവതരിപ്പിക്കുന്നു. അമ്മയെക്കുറിച്ചെഴുതുമ്പോള്‍ ജോളി ഇപ്രകാരം കുറിക്കുന്നു: "ഞാനൊരു പെണ്ണിനെ വായിക്കാന്‍ തുടങ്ങുന്നത് അങ്ങനെയും കൂടെയാണെന്ന് പിന്നീടെനിക്ക് തോന്നിയിട്ടുണ്ട്. മറ്റുള്ളവര്‍ കാണുന്നതല്ലല്ലോ ഒരു സ്ത്രീയെന്ന തോന്നല്‍ എന്നില്‍ ഉണ്ടാവുന്നതും അന്നു മുതലാവും." ഈ എഴുത്തുകാരിയുടെ ജീവിതയാത്ര അത്ര ലളിതമായിരുന്നില്ല എന്നു നാം മനസ്സിലാക്കുന്നു.
കുട്ടിക്കാലം മുതല്‍ ചോദ്യങ്ങള്‍ ചോദിച്ചാണ് അവര്‍ വളര്‍ന്നത്. "ക്ഷമിക്കാന്‍ അറിയാത്ത മനുഷ്യനാണോ ക്ഷമയെക്കുറിച്ച് പഠിപ്പിക്കുന്നത്?" എന്ന ചോദ്യം പ്രധാനമാണ്. സമൂഹത്തില്‍, കുടുംബത്തില്‍, ആദര്‍ശപരമായ പൊരുത്തക്കേടുകള്‍ കാണുന്ന കുട്ടിക്കാലം അങ്ങനെ പലവിധത്തില്‍ സന്ദേഹിയാക്കുന്നു. ആ സംശയങ്ങള്‍ ആന്തരമായ അന്വേഷണങ്ങളായി വികസിക്കുന്നു. "വിപ്ളവവും പുരോഗമനവും പറയുന്ന പുരുഷന്മാര്‍, അവരെ സ്വയം തിരുത്താന്‍ പോലും തയ്യാറല്ല. ചെയ്യുന്നത് തെറ്റാണെന്നും അതില്‍ അന്യായമുണ്ടെന്നും തോന്നുന്നില്ല. എന്നെ വേദനിപ്പിച്ചത് അതായിരുന്നു" എന്ന് എഴുതുമ്പോള്‍ അവരുടെ മാനസിക സംഘര്‍ഷം വ്യക്തമാകുന്നു.

 

മധ്യവര്‍ഗജീവിതത്തെക്കുറിച്ച് ജോളി നിരീക്ഷിക്കുന്നത് ഇപ്രകാരമാണ്: "അവര്‍ക്കുപോലും മൂല്യവ്യവസ്ഥ അനുശാസിക്കുന്ന ചില നിര്‍ബന്ധബുദ്ധികളെ പിന്തുടരേണ്ടതുണ്ട്. പൊതുസമൂഹത്തിന്‍റെ ചട്ടക്കൂടില്‍ ജീവിക്കാന്‍ അവര്‍ നിര്‍ബന്ധിതരാണ്." ഈ ചട്ടക്കൂടിനു വെളിയില്‍ വന്നാല്‍ മാത്രമേ ഒരാള്‍ക്ക് സ്വന്തം ജീവിതം ജീവിക്കാനാവൂ. ജീവിക്കാതെ പോകുന്ന ജീവിതം നമ്മെ അസംതൃപ്തിയിലേക്കു നയിക്കുന്നുവെന്നതാണ് സത്യം. ജോളി ചിറയത്ത് സ്വന്തം വഴി കണ്ടെത്തിയെന്നിടത്താണ് വ്യക്തിത്വം കൈവരിക്കുന്നത്. പോരാട്ടത്തിന്‍റെ സ്വഭാവം ജീവിതത്തിന് കൈവരുന്നത് അപ്രകാരമാണ്. വെല്ലുവിളികളും പ്രതിബന്ധങ്ങളും തരണം ചെയ്താണ് പലതും സാദ്ധ്യമാക്കുന്നത് എന്നു നാം തിരിച്ചറിയുന്നു.

 

'സ്ത്രീകള്‍ സ്വതന്ത്രരാകുക എന്നു പറഞ്ഞാല്‍ അവര്‍ സഞ്ചാരസ്വാതന്ത്ര്യം നേടുക എന്നു കൂടിയാണ്' എന്ന് എഴുത്തുകാരി എടുത്തു പറയുന്നു. സ്വാതന്ത്ര്യത്തിന് പല മുഖങ്ങളുണ്ട്. ബാഹ്യസഞ്ചാരത്തിലും ആന്തരസഞ്ചാരത്തിലും സ്വാതന്ത്ര്യം കൈവരിക്കുമ്പോള്‍ ജീവിതം മറ്റൊരു തലത്തില്‍ എത്തുന്നു. "എല്ലാവരും ജീവിക്കുന്നത് നാട്ടുകാരെക്കൂടി ബോധ്യപ്പെടുത്തിക്കൊണ്ടാണല്ലോ. മനുഷ്യജീവിതം സ്വയം സാധ്യമാകാത്തത് തന്നെ വേറെ ആളുകള്‍ എന്തുവിചാരിക്കും എന്ന തോന്നലിലാണ്." ഈ വിചാരം സ്വാതന്ത്ര്യം ഇല്ലാതാക്കും. ഈ കടമ്പ മറികടന്ന് തന്‍റേതായ ഇടം കണ്ടെത്തുകയാണ് പ്രധാനം. അങ്ങനെ ഒരിടം തിരിച്ചുപിടിക്കാനുള്ള ശ്രമം നടത്തിയ ചരിത്രം ഈ ഗ്രന്ഥത്തില്‍ നാം കാണുന്നു. "ഈ ആളുകള്‍ ഘടനയ്ക്ക് അകത്തുനിന്നു വികസിക്കാതെ അതിലേക്കുതന്നെ ചുരുങ്ങിപ്പോകുന്ന കൂട്ടങ്ങളായി പലപ്പോഴും തോന്നിയിട്ടുണ്ട്. നമ്മള്‍ അതില്‍നിന്നും ഒരു വികാസം ഉണ്ടാക്കണം" എന്നാണ് അവര്‍ എടുത്തുപറയുന്നത്.

ഫെമിനിസത്തെക്കുറിച്ചും ഫെമിനിസ്റ്റുകളെക്കുറിച്ചും ജോളി എഴുതുന്നുണ്ട്. "പാട്രിയാര്‍ക്കിയുടെ ലോകത്തേക്ക് അക്ഷരാര്‍ത്ഥത്തില്‍ ചോരയും ജീവിതവും വെച്ചു പോരാടുന്ന സ്ത്രീകളുടെ യുദ്ധങ്ങള്‍ അവര്‍ കാണുന്നില്ല എന്നതാണ് ഫെമിനിസത്തിന്‍റെ യഥാര്‍ത്ഥ പ്രശ്നം. അതുതന്നെയാണ് പ്രധാന പരിമിതിയും" എന്നു ജോളി എഴുതുന്നുണ്ട്. 'ഫെമിനിസ്റ്റുകള്‍ക്കു തൊട്ടടുത്ത ഈ സ്ത്രീജീവിതങ്ങളെ ഒന്നും അറിയില്ല' എന്നു പ്രസ്താവിക്കുന്നു. ആഴത്തിലുള്ള അനുഭവങ്ങളില്‍ നിന്നാണ് തന്‍റെ ദര്‍ശനങ്ങള്‍ അവര്‍ രൂപപ്പെടുത്തുന്നത്. 'ഇനി തന്‍റെ ലക്ഷ്യങ്ങള്‍ക്ക് അനുസരിച്ചു മാത്രമേ മുന്നോട്ടു പോകൂ' എന്നു തീരുമാനിക്കാന്‍ അവര്‍ക്കു കഴിയുന്നു. അതിവിപുലമായ ജീവിതാനുഭവങ്ങള്‍ അവള്‍ക്കുണ്ട്. വിഭിന്ന പ്രവര്‍ത്തനമേഖലകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചും അഭിനയവും നാടകവും മറ്റു ജോലികളുമെല്ലാം ചെയ്തു മുന്നേറിയ ജോളി സ്വയം കണ്ടെത്തുന്നു. അതിജീവിക്കുന്നു. ദേശത്തും വിദേശത്തും അനുഭവിച്ചതും കണ്ടെത്തിയതും ആത്മകഥയില്‍ കടന്നുവരുന്നു.

സ്വയം സമരം ചെയ്ത അവര്‍ സമരം ചെയ്യുന്നവരോടൊപ്പം നിലകൊള്ളുന്നു. നീതിയുടെ പക്ഷത്തുനില്‍ക്കുകയാണ് ശരിയെന്ന് അവര്‍ക്കറിയാം. മനുഷ്യാവകാശപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും ഇതിന്‍റെ തുടര്‍ച്ചയാണ്. സ്വയം ആവിഷ്കരിക്കാന്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ നിരവധിയാണ്. അവയുടെ മൂര്‍ത്തചിത്രങ്ങളാണ് ജോളിചിറയത്തിന്‍റെ ആത്മകഥ. അനുഭവങ്ങളിലൂടെ അവബോധത്തിലെത്തിയ സ്ത്രീയുടെ ജീവിതമാണതില്‍ ആവിഷ്കൃതമാകുന്നത്. "നമ്മുടെ തന്നെ ജീവിതത്തിനുമേല്‍ വലിയ നിയന്ത്രണങ്ങളൊന്നുമില്ലാത്ത സ്വഭാവികമായ ആ ഒഴുക്കിനെ കാലുഷ്യമില്ലാതെ എനിക്കിന്ന് കാണാനാവുന്നു. പ്രാപഞ്ചികമായ അവബോധത്തോട് സന്ധിയില്‍ ഏര്‍പ്പെടുക എന്നതാണ് എന്‍റെ സ്വാസ്ഥ്യം എന്നു ഞാനറിയുന്നു." "എല്ലാക്കാലത്തും സങ്കടം തൂങ്ങി, അമ്മച്ചിക്കുവേണ്ടി കാത്തിരിക്കുന്ന, നിന്നു കത്തുന്ന കടലുപോലുള്ള ഒരു കുട്ടിയുടെ ജീവനാണ് ഞാന്‍" എന്നു പറഞ്ഞാണ് ജോളി ആത്മകഥ അവസാനിപ്പിക്കുന്നത്. (നിന്നു കത്തുന്ന കടലുകള്‍ - ജോളി ചിറയത്ത് - ഗൂസ്ബെറി ബുക്സ്)    

You can share this post!

ഗാന്ധിയുടെ ധര്‍മ്മധാതുക്കള്‍

ഡോ. റോയി തോമസ്
Related Posts