news-details
ഇടിയും മിന്നലും

ഉപകാരം ചെയ്യുന്നവര്‍ക്ക് പ്രത്യുപകാരം ചെയ്യുക സാമാന്യ മര്യാദയല്ലേ? അതിനുവേണ്ടിയാ ഉണ്ണാന്‍ പോയത്. ഒരു കെങ്കേമന്‍ കല്യാണം. സാമ്പത്തികമായും അല്ലാതെയും ഒരുപാടു സഹായിച്ച ഒരു മനുഷ്യന്‍. അയാളുടെ മകന്‍റെ കല്യാണത്തിനു വിളിച്ചു. പോയില്ലെങ്കില്‍ നന്ദികേടാകും. കല്യാണത്തിനു പത്തിരുപത് അച്ചന്മാരുണ്ടായിരുന്നു. അച്ചന്മാര്‍ക്കുള്ള ഭക്ഷണം ക്രമീകരിച്ചിരുന്നത് വലിയ വിരുന്നു ശാലയുടെ സൈഡിലുള്ള ഒരു ചെറിയ ഹാളിലായിരുന്നു. അല്പം വൈകി ചെന്നതുകൊണ്ട് സൈഡിലൊരു സീറ്റാണു കിട്ടിയത്. തരാതരം വിഭവങ്ങള്‍. ഇത്രയും വിപുലമായ ഒരു സദ്യ ഒരുപക്ഷെ ഇന്നുവരെ കഴിച്ചിട്ടില്ലെന്നു പറയാം. എല്ലാവരും ആസ്വദിച്ചു കഴിക്കുമ്പോള്‍ കേറ്ററിംഗുകാരന്‍ വിളമ്പാന്‍ വന്ന ഇറച്ചി വര്‍ഗ്ഗങ്ങളൊന്നൊന്നായി ആരോഗ്യപരമായ കാരണങ്ങളാല്‍ ഞാന്‍ വേണ്ടെന്നു പറഞ്ഞപ്പോള്‍ പലരും ശ്രദ്ധിച്ചെന്നു തോന്നുന്നു. അവസാനിക്കാറായപ്പോള്‍ മൂന്നാലിനം പഴവര്‍ഗ്ഗങ്ങളും അതിനു പുറമെ മോഹിപ്പിക്കുന്ന ആകൃതിയും, നല്ല വലിപ്പവുമുള്ള ആകര്‍ഷമായ പായ്ക്കിങ്ങില്‍ ഐസ്ക്രീമും വന്നു. കഴിക്കാറില്ലെങ്കിലും കാണാന്‍ വേണ്ടി ഒരെണ്ണം എടുത്തു. നമ്മുടെ നാടന്‍ സ്വഭാവത്തിന് ആദ്യം നോക്കിയത് വില എഴുതിയിട്ടുണ്ടോന്നാണ്. നല്ല മുട്ടന്‍ അക്ഷരത്തില്‍ ഒട്ടിച്ചു വച്ചിരിക്കുന്നു. RS. 148 വിശ്വാസം വരാതെ ഒന്നു കൂടെ നോക്കി. കറക്റ്റ് 148 രൂപാ. അറിയാതങ്ങു പറഞ്ഞു പോയി.

"എന്‍റമ്മേ! 148 രൂപാ."

അടുത്തിരുന്ന അച്ചനതു തീരെ ഇഷ്ടപ്പെട്ടില്ല.

"എന്നാപ്പിന്നിങ്ങുവരാതിരുന്നാ പോരാരുന്നോ? സദ്യയ്ക്കു വന്നേച്ച് വിളമ്പുന്നതൊന്നും വേണ്ടെന്നു പറഞ്ഞു പുണ്യാളന്‍ ചമയുകാ."

അങ്ങേര് ഉറക്കെപ്പറഞ്ഞപ്പോള്‍ പലരും ശ്രദ്ധിച്ചു. ആദ്യമെഴുന്നേല്ക്കുന്നതു ശേലുകേടാണല്ലോന്നു കരുതി ചമ്മിയവിടെയിരുന്നു.

"കാശുള്ളോര് ഒന്നാന്തരം സദ്യ നടത്തും. ഇല്ലാത്തവര് അവര്‍ക്ക് പറ്റിയ പോലെ നടത്തും. വേണ്ടതു കഴിച്ചേച്ചു മിണ്ടാതെ പോകുന്നതാ മാന്യത."

ചുമ്മാതിരുന്ന എന്നെപ്പിന്നേം കുത്തിയപ്പം ഒരു കവിളങ്ങു പറഞ്ഞാലോന്നു തോന്നി. ഏതായാലും നാവടക്കി എഴുന്നേറ്റു പോന്നപ്പോഴും  വഴീല്‍വച്ചുതന്നെ അങ്ങേര്‍ക്ക് ഒഴിച്ചിലു പിടിക്കണേന്നു പ്രാര്‍ത്ഥിച്ചു. പിടിച്ചോ ആവോ!

ആവശ്യമില്ലാതെയൊരു കമന്‍റ് പറഞ്ഞതിന്‍റെ ഫലം !

തീര്‍ന്നില്ല. കുറെ നാളുകഴിഞ്ഞ് കല്യാണത്തിനു വിളിച്ച ആളിനെക്കണ്ടപ്പോള്‍ പരിഭവം! ഞാന്‍ അങ്ങേരുടെ സല്‍ക്കാരത്തെ പരസ്യമായി ആക്ഷേപിച്ചെന്ന്! കൂടുതല്‍ പറഞ്ഞു കൊളമാക്കണ്ടാ എന്നു കരുതി ഒരു 'സോറി' പറഞ്ഞവസാനിപ്പിച്ചു.

അതും കഴിഞ്ഞ് അധികം താമസിയാതെയാണ് ഒരുപള്ളിപ്പെരുനാളിനു തിരുനാള്‍ സന്ദേശം കൊടുക്കാനൊരു ക്ഷണം വന്നത്. പേരെടുത്ത പള്ളി. പ്രദക്ഷണത്തിനവസാനമാണ് പ്രസംഗം. എന്‍റെ റിക്വസ്റ്റ്മാനിച്ച് പ്രദക്ഷിണം പള്ളിയില്‍ തിരിച്ചെത്തി പള്ളിയകത്ത് സമാപന പ്രാര്‍ത്ഥനയ്ക്കു മുമ്പ് പ്രസംഗം എന്നു തീരുമാനിച്ചു. വികാരിയച്ചന്‍ നേരത്തെ പറഞ്ഞിരുന്നു: 'നല്ല ആളു കൂടുന്ന പരിപാടിയാ ഒരു മുക്കാല്‍ മണിക്കൂറെങ്കിലും തട്ടിയേക്കണം.!'

ഒരു പതിനഞ്ചു മിനിറ്റു മനസ്സില്‍ ചിട്ടപ്പെടുത്തിപ്പോയ എനിക്ക് സമയം നീട്ടാന്‍ കൂട്ടിച്ചേര്‍ക്കേണ്ടതെന്താണെന്നും വികാരിയച്ചന്‍തന്നെ സൂചനതന്നു; 'ഒരുപാടു ധനവാന്മാരുള്ള ഇടവകയാണ്.  മാമ്മോദീസ മുതല്‍ മരിച്ചടക്കുവരെ മത്സരിച്ചാണ് ആഘോഷിക്കുന്നത്. പള്ളിക്കാര്യത്തിലും പൊതുക്കാര്യങ്ങളിലുമൊന്നും ആര്‍ക്കുമൊട്ടു ചൂടുമില്ല. ഇക്കാര്യം അച്ചനൊന്നു പറഞ്ഞേക്കണം.'

പ്രദക്ഷിണം ടൗണ്‍ചുറ്റി തിരിച്ചെത്തിയപ്പോള്‍ പള്ളി നിറഞ്ഞുകവിഞ്ഞാള്. മൈക്കും കൈയ്യിലേക്കു തന്നു. പെരുനാളിനേം പുണ്യാളനേം പറ്റിപ്പറയാനുള്ളതു പറഞ്ഞു കഴിഞ്ഞിട്ടും, ഏതാണ്ടു പോരാന്നുള്ള മട്ടില്‍ ജനങ്ങളു വായിലോട്ടു നോക്കിയിരിക്കുന്ന കണ്ടപ്പം വിഷയമൊന്നുമാറ്റിവിട്ടു. പിന്നെച്ചവിട്ടിയിട്ടു ബ്രേക്കു കിട്ടിയില്ല. ആര്‍ഭാടത്തെപ്പറ്റീം, മഹാസദ്യകളെപ്പറ്റിയുമൊക്കെ പറഞ്ഞങ്ങു കത്തിക്കയറി. കൃത്യം 46-ാം മിനിറ്റില്‍ നിര്‍ത്തിയപാടെ വികാരിയച്ചന്‍ മൈക്കു പിടിച്ചുവാങ്ങി ഒന്നാന്തരമൊരു നന്ദി പ്രകടനോം. തുടര്‍ന്ന് സമാപന പ്രാര്‍ത്ഥനകളും. പിന്നെ എന്തൊക്കെയോ കലാപരിപാടികളാണ്.

എന്നെ പ്രസുദേന്തി ആഘോഷമായിട്ടെഴുന്നള്ളിച്ച് പള്ളി മുറീലെത്തിച്ചു. വികാരിയച്ചന്‍ പിന്നാലെ വരുന്നതെയുള്ളൂ. പള്ളിമുറീല്‍ വേറെ കുറെ അച്ചന്മാരും ആള്‍ക്കാരുമുണ്ട്. എല്ലാവരും കൂടെ വിശാലമായ ഭക്ഷണശാലയിലേക്കു കയറി. ഇരുന്നപാടെ ഒരു ഗ്ലാസ് കാപ്പി ഒഴിക്കുന്നതിനിടെ കൈക്കാരന്‍റെ കമന്‍റ്:

"അച്ചന്‍ പ്രസംഗിച്ചപോലെയാണെങ്കില്‍ ഈ ഒരു ഗ്ലാസു കാപ്പിമാത്രം കുടിച്ചാല്‍ മതി. ബാക്കിയെല്ലാം ആര്‍ഭാടമാ."

ഒന്നും മിണ്ടാതെ ഞാന്‍ ചുറ്റും നോക്കി.

"ഇതൊക്കെപ്പറഞ്ഞേച്ച് ഈ അച്ചന്മാരു തന്നെയാ, നാട്ടുകാരുണ്ണുന്നേനുമുമ്പ് കല്യാണത്തിനും മറ്റും ആദ്യം കേറി കഴിച്ചേച്ചു പോരുന്നത്.""അച്ചന്മാരങ്ങിനൊക്കെപ്പറയും, നിങ്ങളു സൗകര്യമുണ്ടേല്‍ ചെയ്താല്‍ മതിയെന്നേ."

കമന്‍റുകളങ്ങനെയൊക്കെയങ്ങു നീണ്ടു. എന്തായാലും ഊറ്റിയ കാപ്പിയല്ലാതെ ഒരണ്ടിപ്പരിപ്പു പോലും കൊറിക്കാതെ എഴുന്നേറ്റു പോന്നു! അപ്പോഴേയ്ക്കും വികാരിയച്ചനുമെത്തി. നേരത്തെ പറഞ്ഞൊത്തിരുന്ന പ്രകാരം പ്രസുദേന്തിയുടെ മകന്‍ കാറുമായി കാത്തുനില്പുണ്ടായിരുന്നു എന്നെ തിരിച്ചെത്തിക്കാന്‍. കാറില്‍ കയറി. ആരോ ഒന്നു രണ്ടുപേരും പിന്നില്‍ കയറി. ടൗണിലെ ബസ്റ്റാന്‍റിലെത്തിയപ്പോള്‍ പുറകിലിരുന്ന ഒരാളിന്‍റെ കമന്‍റ്.

"അച്ചന്‍ പ്രസംഗിച്ചപോലെയാണെങ്കില്‍ അച്ചനിവിടിറങ്ങി ബസ്സില്‍ പോയാല്‍ മതി."

ഞാനൊന്നും മിണ്ടാതിരുന്നപ്പോള്‍ വണ്ടിയോടിച്ചിരുന്ന പ്രസുദേന്തിയുടെ മകന്‍:

" അച്ചന്‍ കല്യാണത്തെയും, മാമ്മോദീസായെപ്പറ്റീമൊക്കെപ്പറഞ്ഞു; എന്നിട്ടെന്താ പട്ടം കൊടുക്കലിനേം പുത്തന്‍ കുര്‍ബാനയേം പറ്റിപ്പറയാഞ്ഞത്. ഇവിടടുത്തൊരിടവകയില്‍ ഒരു പുത്തന്‍കുര്‍ബാന. പുത്തനച്ചന്‍റെയപ്പന്‍ ടാപ്പിംഗ് തൊഴിലാളി. പുത്തനച്ചന്‍ ആരോടൊക്കെയോ ചോദിച്ചു വാങ്ങി ഒന്നരലക്ഷം രൂപായുടെ സദ്യയാ അടിച്ചു പൊളിച്ചത്.

"അതും ഒരു സന്ന്യാസിയച്ചനാ. അച്ചന്‍റെ സഭേലെ ആണോന്നറിയത്തില്ല. അങ്ങേരെ സെമിനാരീല്‍ പഠിക്കാന്‍ സഹായിച്ചവരോടു പോലും കാശു ചോദിച്ചു, പുത്തന്‍കുര്‍ബാന അടിച്ചുപൊളിക്കാന്‍."

"പള്ളിമുറ്റത്തും, പൊതു വഴീലും ബാനറും വലിച്ചുകെട്ടി, കമാനങ്ങളും പടച്ചുവച്ച് പട്ടം കിട്ടാന്‍ പോകുന്നത് പത്രപ്പരസ്യോം കൊടുത്ത് മാമാങ്കം കാണിക്കുന്നതിനെപ്പറ്റി കൂടി അച്ചനു പറയാമായിരുന്നു."

"ഇവിടെയൊരു കരിസ്മാറ്റിക്കുകാരന്‍ ഈയിടെ ആവേശം മൂത്ത് അച്ചന്‍ പറഞ്ഞതു പോലെയൊക്കെപ്പറഞ്ഞുനടന്ന് മകന്‍റെ കല്യാണത്തിന് പള്ളിമുറ്റത്തുവച്ചുതന്നെ, കടുംകാപ്പിം, ബിസ്ക്കറ്റും മാത്രം കൊടുത്ത് ആര്‍ഭാടം ഒഴിവാക്കി. അങ്ങനെ അയാളുടെ ഉലുന്തും, ഭ്രാന്തും എല്ലാവരുമറിഞ്ഞു. പക്ഷെ പിന്നീട് രണ്ടുപെണ്‍മക്കളെ കെട്ടിക്കാന്‍ കുറെ പാടുപെട്ടു. നാടോടുമ്പം നടുവേഓടിയില്ലെങ്കിലും, കൂടെയെങ്കിലുമോടണമച്ചാ. പട്ടത്തിനും ഉടുപ്പിടീലിനുമൊക്കെ അച്ചന്‍ പറഞ്ഞപോലെ ചെയ്യട്ടെ. അതിനുചേരും. ഞങ്ങളു കല്യാണോം മാമ്മോദീസായുമൊക്കെ ഒന്നടിച്ചു പൊളിച്ചോട്ടെ."

"വികാരിയച്ചന്‍ പറഞ്ഞിട്ടാ അച്ചനത്രേം പ്രസംഗിച്ചതെന്നു ഞങ്ങക്കറിയാം. കാരണം അച്ചന്‍ ആഴ്ചതോറും ആവര്‍ത്തിക്കുന്നതാ ഇതൊക്കെ.  ഞങ്ങളോടൊക്കെ ഒത്തിരി വാരിവലിച്ചു പറഞ്ഞിട്ടു കാര്യമൊന്നുമില്ലച്ചാ."

'ഓഹോ', 'ആ', 'ഉം', 'ഓ' ന്നൊക്കെ എങ്ങും തൊടാതെ മാത്രം പ്രതികരിച്ച് തിരിച്ചെത്തിയപ്പേഴേ നാക്കേല്‍ കുരിശു വരച്ചു, ഇനി വാരിവലിച്ചു പറയില്ലാന്ന്.

You can share this post!

ഒരൊന്നൊന്നര ധ്യാനഗുരു

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

കോഴി കൂവുന്നുണ്ട്

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts