news-details
സഞ്ചാരിയുടെ നാൾ വഴി

കാണെക്കാണെ എല്ലാം അലങ്കാരങ്ങളായിത്തീരുകയാണ്, ഒരു കഴുമരം പോലും. അതെ കുരിശിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. പള്ളിക്കെന്തിനാണ് പൊന്‍കുരിശെന്ന് ചോദിക്കുന്നത് ആനവാരി തോമയല്ല, അയാളിലൂടെ ബഷീറെന്ന സൂഫിയാണ്. ഒരു വിപല്‍ജീവിതത്തിന്‍റെ ഫലശ്രുതിയാണ് ഈ കഴുമരമെന്ന ഏറ്റവും ചെറിയ ഓര്‍മ്മപോലും ഇല്ലാതെ നമ്മളിങ്ങനെ. തൂക്കുമരത്തിലേറ്റപ്പെട്ട പോരാളികളെ കാട്ടാന്‍ ചെറിയ കുട്ടിയായ തന്നെയും കൊണ്ട് അച്ഛന്‍ പോയൊരു ഓര്‍മ്മ കസദ്സാക്കിസ് കോറിയിടുന്നുണ്ട്. കഠിനവും മനംമറിക്കുന്നതുമായ ഒരു കാഴ്ചയായിരുന്നു അത്. കാറ്റിലുലയുന്ന ജീര്‍ണ്ണിച്ചുതുടങ്ങിയ ശവശരീരങ്ങള്‍. പിന്നോട്ട് നീങ്ങിയ കുഞ്ഞിനെ അച്ഛന്‍ തടഞ്ഞു. എന്നിട്ട് പോരാളികളുടെ മഞ്ഞുപോലെ തണുത്ത പാദങ്ങളില്‍ ചുംബിക്കാന്‍ ആവശ്യപ്പെട്ടു. ഭയത്തോടും വിറയലോടും കൂടെ കുട്ടി അത് ചെയ്തു. എന്നാല്‍ ആ നിമിഷം അസാധാരണമായ ഒരു ചൈതന്യത്തിന്‍റെ നീരൊഴുക്ക് കുട്ടിക്കുണ്ടായി. അതവന്‍റെ മുഴുവന്‍ ജീവിതത്തെയും പ്രകാശിപ്പിക്കും. ചെറിയ പ്രാണനെ രാകിരാകി മൂര്‍ച്ചിച്ചു നിര്‍ത്താനും സഹായിക്കും. ഈ ദുഃഖവെള്ളിയാഴ്ച കുഞ്ഞിനെയുമായി ദേവാലയത്തില്‍പോയി അതു പറയാനുള്ള ആര്‍ജ്ജവം ഉണ്ടാകുമോ നിങ്ങള്‍ക്ക്? നിശ്ചയമായും ഒരു വിപല്‍ജീവിതത്തിനുള്ള അതിശക്തമായ പ്രേരണ അതോടെ അവരുടെ ഇളം നെഞ്ചിലുണ്ടാകും.

ക്രിസ്തുവിന്‍റെ കുരിശിനെ ഓര്‍ത്തു നിങ്ങള്‍ ലജ്ജിക്കരുതെന്ന് പൗലോസ് പറയുന്നുണ്ട്. ഒറ്റനോട്ടത്തില്‍ ആരും ലജ്ജിക്കുന്നില്ല. ആഭരണത്തിലെ ലോക്കറ്റുപോലെ പരമാവധി അതിനെ മതിപ്പോടെ കാട്ടികൊടുക്കുന്നുമുണ്ട്. എത്രമാത്രം കുരിശടയാളങ്ങളാണ് ഭൂമി നിറയെ. പള്ളിയുടെ മുഖപ്പിലും മാറിലെ തണുപ്പിലും ഒരു വളര്‍ത്തുപൂച്ചയെപ്പോലെ അതു മെരുങ്ങിക്കിടക്കുന്നു. ഒരു കഴുമരമാണതെന്ന് പറയാന്‍ മാത്രമാണ് നമ്മള്‍ ലജ്ജിക്കുന്നത്. കുരിശ് ഒരു പേര്‍ഷ്യന്‍ രീതിയായിരുന്നു. കുറ്റവാളി ഭൂമിയില്‍ക്കിടന്നു മരിച്ചാല്‍ അവന്‍റെ രക്തം ഭൂമിക്ക് ശാപമായി മാറുമെന്നുള്ള സങ്കല്പത്തില്‍നിന്നാണ് അത് രൂപപ്പെട്ടത്. റോം ആ മരണരീതി കടമെടുക്കുകയായിരുന്നു. എന്നിട്ടും തങ്ങളുടെ പൗരന്മാരെ ആകാശത്തിനും കഴുകന്മാര്‍ക്കും എറിഞ്ഞുകൊടുക്കാന്‍ അവര്‍ താത്പര്യപ്പെട്ടില്ല. അടിമകള്‍ക്കും അന്യദേശക്കാര്‍ക്കും വേണ്ടി മാത്രമതു മാറ്റിവച്ചു. കൊല്ലപ്പെടുന്നതില്‍പ്പോലും ഒരു ഹൈരാര്‍ക്കി പുലര്‍ത്താന്‍ മാത്രം ആഭിജാതരായിരുന്നു അവര്‍.

ശിരച്ഛേദനമായിരുന്നു കൂടുതല്‍ മതിപ്പുള്ളവര്‍ക്കുള്ള രീതി. പൗലോസ് അങ്ങനെയായിരുന്നു കൊല്ലപ്പെട്ടതെന്നോര്‍മ്മിക്കണം. റോമന്‍ പൗരനെന്ന പരിഗണനയിലാണത്. പത്രോസ് കുരിശിലേറ്റപ്പെട്ടു എന്നുമോര്‍ക്കുമ്പോള്‍ ആ വ്യത്യാസം മനസ്സിലാകും. വെറുതെയല്ല വിജാതീയര്‍ക്കു ഭോഷത്തവും യഹൂദര്‍ക്കിടര്‍ച്ചയുമെന്ന് കുരിശിന്‍റെ തലവരയെ പുതിയനിയമം സംഗ്രഹിക്കുന്നത്. മരത്തിലേറിയവന്‍ ശപിക്കപ്പെട്ടവന്‍ എന്നൊരു പഴയനിയമ വചനമുണ്ട്. രണ്ടാം നൂറ്റാണ്ടോളം പഴക്കമുള്ള ഒരു കുരിശിന്‍റെ ചുവര്‍ചിത്രത്തില്‍ ഒരു കഴുതയെയാണ് ആലേഖനം ചെയ്തിരിക്കുന്നത്. ഇവന്‍ യഹൂദരാജാവ് എന്ന കുരിശിലെ ശീര്‍ഷകംപോലും മരിച്ചവനോടുപോലും നിലനിര്‍ത്തുന്ന പരിഹാസത്തിന്‍റെ ശേഷിപ്പാണ്. അത്രയും നിന്ദ്യവും കിരാതവുമായ ഒരിടത്തിലാണ് അവന്‍ നിലവിളിച്ച് മരിച്ചത്. ഒരു വിപല്‍ജീവിതത്തെ അവന്‍റെ കാലം അങ്ങനെയാണ് അവസാനിപ്പിച്ചത്!

എല്ലാത്തിനോടും സമരസപ്പെടുന്ന എല്ലാ അധര്‍മ്മങ്ങള്‍ക്കും പാദപൂജ ചെയ്യുന്ന നമുക്ക് കുരിശിനെ വണങ്ങാന്‍ അനുവാദമുണ്ടോ? വലതുവശം ചേര്‍ന്നു നടക്കുന്ന കൈയും തലയും പുറത്തിടാത്ത ചട്ടപ്പടി ജീവിതവും അതിന്‍റെ സുരക്ഷിതത്വവുമനുഭവിക്കുന്ന നമുക്കു കഴുവേറിയെന്ന പദംപോലും തെറിയാണ്. ഒന്നു തട്ടിവീഴാന്‍പോലും സാധ്യമാകാത്ത വിധത്തില്‍ അത്ര സുരക്ഷിതത്വത്തോടും ശ്രദ്ധയോടും കൂടിയാണ് നമ്മള്‍ കുഞ്ഞുങ്ങളെപ്പോലും വളര്‍ത്തിയെടുക്കുന്നത്. അതുകൊണ്ടാണ് കുഞ്ഞു വീണന്നവള്‍ പറഞ്ഞപ്പോള്‍ ആദ്യമൊന്നു പരിഭ്രമിച്ചെങ്കിലും പിന്നെയുള്ളിലുള്ള ചെറിയൊരു സന്തോഷം അനുഭവപ്പെട്ടത്. ഓര്‍മ്മിക്കണം ഒരിരുപത് വര്‍ഷം മുമ്പെങ്കിലും നമ്മുടെ ചെറിയ ക്ലാസ്സുകളിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ശരീരം നിറയെ പരുക്കുകളും വടുക്കളുമായാണ് പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നത്. ഡെറ്റോള്‍ അന്നൊക്കെ നിത്യോപയോഗ സാധനമായിരുന്നു. കുട്ടികള്‍ വീഴാത്തതുകൊണ്ട് ആ കമ്പനി അടച്ചുപൂട്ടിയതാണെന്നു തോന്നുന്നു. അത്രയും പറ്റാത്തവര്‍ക്ക് കമ്മ്യൂണിസ്റ്റ് പച്ചയുണ്ടായിരുന്നു. മുറിവുണക്കാനുള്ള സിദ്ധൗഷധമാണ് അതെന്ന് നമ്മുടെ എത്ര കുഞ്ഞുങ്ങള്‍ക്കറിയാം. നിരന്തരം ചോരവാര്‍ന്നവരെ അഭിമുഖീകരിച്ചഭിമുഖീകരിച്ച് ആ ചെടിക്ക് കിട്ടിയതാവണം കമ്മ്യൂണിസ്റ്റ് എന്ന ചെല്ലപ്പേര്.

ജീവിതത്തോട് രണ്ടു വിധത്തിലുള്ള സമീപനമാകാമെന്ന ലളിതമായ ഒരു പാഠമായിരുന്നു ക്രിസ്തു ഭൂമിയെ പഠിപ്പിക്കാന്‍ ശ്രമിച്ചത്. ജൈവമനുഷ്യനായതുകൊണ്ട് ജന്മത്തെ ഗോതമ്പുമണിയെന്നാണ് അയാള്‍ വിശേഷിപ്പിച്ചത്. അതിനുമുമ്പില്‍ എപ്പോഴും രണ്ടു സാധ്യതയുണ്ട്. ആദ്യത്തേത് നമ്മുടെ നടപ്പുരീതിയാണ് - പത്തായത്തിലായിരിക്കുക. തങ്ങളില്‍ ആരംഭിച്ച് തങ്ങളില്‍ അഭിരമിച്ച് തങ്ങളിലൊടുങ്ങുന്ന ജീവിതവൃത്തത്തോട് ഒരു കുഴപ്പവും അനുഭവപ്പെടാത്തവര്‍. നല്ല മനുഷ്യരെന്നാണ് നമ്മള്‍ അവരെ വിളിച്ചുകൊണ്ടിരിക്കുന്നത്. ചില മരുന്നുകളെക്കുറിച്ച് നമ്മള്‍ പറയാറുള്ള ആ പഴയ ഫലിതം പോലെ, ഭയപ്പെടാന്‍ ഒന്നുമില്ല, ഒരു പാര്‍ശ്വഫലവുണ്ടാവില്ല -ഫലം അത്രയുംപോലും ഉണ്ടാവില്ല.

രണ്ടാമത്തേത് ഒരുതരം പരാര്‍ത്ഥ ജീവിതമാണ്. പത്തായത്തിന് വിപരീതമായി വയലെന്ന ആഭിമുഖ്യത്തില്‍ ജീവിക്കുക. ജീവിതത്തിന്‍റെ വെയിലും മഴയും കൊണ്ട് മണ്ണില്‍ കാത്തുകിടക്കുക. നോക്കിനില്‍ക്കെ ഗോതമ്പു മണിയുടെ പൊന്‍നിറം മറയുന്നു. പിന്നെ അതിന്‍റെ സത്ത അഴിയുന്നു. ഇനി ഒന്നുമില്ല. എന്നിട്ടും പിന്നീടെപ്പോഴോ ജീവന്‍റെ ഒരു പച്ചനാമ്പ് ഭൂമിയുടെ പ്രസാദമാകുന്നു. അപ്പോഴും പത്തായത്തിലെ ഗോതമ്പുമണി ട്രെഡ് മില്ലില്‍ നടന്നും ഫേഷ്യല്‍ ചെയ്തും, എന്നെക്കണ്ടാല്‍ പ്രായം തോന്നിക്കുന്നില്ലായെന്ന് ഹുങ്കു പറഞ്ഞും സിന്തറ്റിക് ചിരി നിലനിര്‍ത്തിയും അവിടെയുണ്ടാകും. അനുസരണയില്ലാത്ത ഒരു പൂവന്‍കോഴി കൊത്തിക്കൊണ്ടു പോകുന്നതുവരെ!

വൈരുദ്ധ്യങ്ങളുടെ സമാഹാരമാണ് സുവിശേഷം. അതില്‍ പൊള്ളുന്ന എന്നാല്‍ അതിലേറെ സൗന്ദര്യമുള്ള ഒരു വചനം ഇതാണ്: സ്വന്തം ജീവന്‍ ശേഖരിക്കുന്നവര്‍ അത് ചിതറിക്കുന്നു. ചിതറിക്കുന്നവരാകട്ടെ അത് ശേഖരിക്കുന്നു. ആരൊക്കെയാണ് ദേശത്തിന്‍റെയും വ്യക്തികളുടെയും സ്മൃതികളില്‍ അഗാധമായി നിലനില്‍ക്കുന്നത്. നിശ്ചയമായും സ്വന്തം ജീവന്‍ ചിതറിക്കാന്‍ സന്നദ്ധരായ ആരോ ചിലര്‍. എന്തുകൊണ്ടാണ് ചെഗുവേരയെ നിങ്ങളിഷ്ടപ്പെടുന്നത്. തൊഴിലുകൊണ്ട് വൈദ്യനായ അയാളെ ജനകീയ പ്രതിബദ്ധതയുടെ പേരില്‍ കാസ്ട്രോ മന്ത്രിയാക്കിയതാണ്. എന്നാല്‍ അത്തരമൊരു ജീവിതത്തിന്‍റെ സുരക്ഷിതത്വം നാടോടിയുടെയും പോരാളിയുടെയും ജീനുള്ള ഒരാളെ വൈകാതെ മടുപ്പിക്കും. വീണ്ടും ബൊളീവിയന്‍ വനങ്ങളിലേക്ക് പോകാനാണ് ഡോക്ടര്‍ തീരുമാനിക്കുന്നത്. ചെ എന്ന വാക്കിന്‍റെ അര്‍ത്ഥം ഡോക്ടറെന്നു തന്നെ.  അവിടെവച്ചായിരുന്നു കഠിന ആസ്മാ രോഗിയായ അയാളെ ചാരസൈന്യം കണ്ടെത്തി വധിക്കുന്നത്. കൊന്നതിനു ശേഷം അയാളുടെ കൈ മുറിച്ചുകളയാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചു. അയാളെ കണക്ക് ഇത്രയും നാടകീയമായ അനുഭവം ഇല്ലെങ്കില്‍പ്പോലും നമ്മുടെ ഉറ്റവര്‍ എങ്ങനെയാണ് നമ്മുടെ ചങ്കില്‍ ഇടം കണ്ടെത്തിയത്. അവരും സ്വന്തം ജീവന്‍ ചിതറിക്കുകയായിരുന്നു. അങ്ങനെ അവര്‍ ജലത്തില്‍ ഉപ്പുപോലെ അലിഞ്ഞുപോയി. പിന്നെ എന്നേക്കുമായി നമ്മുടെ പ്രാണന്‍റെ ഭാഗമായി.

ജീവിതത്തിലുടനീളം ക്രിസ്തു വിപത്കരമായി ജീവിച്ചു. ഇടുങ്ങിയ വഴിയിലൂടെ നടക്കണമെന്ന് അയാള്‍ പറഞ്ഞു. ക്രിസ്തു ഉപയോഗിച്ച വാക്കിന് ചവിട്ടാത്ത വഴി എന്നുകൂടി അര്‍ത്ഥമുണ്ട്. ആരും ചവിട്ടാത്ത വഴിയായതു കൊണ്ട് ഓരോ ചുവടും കല്ലിലും മുള്ളിലും ചവിട്ടി അഗ്നിക്കാവടിപോലെ ആടിത്തീരേണ്ട ജീവിതം. ഒരു കുടുംബം വേണ്ടെന്നു ക്രിസ്തു നിശ്ചയിച്ചതുപോലും സ്നേഹംകൊണ്ട് കഴലിണ കെട്ടുന്ന ചില ചരടുകളെ പൊട്ടിച്ചുകളയാന്‍ ആവണം. ഒരിക്കല്‍ സംഭവിച്ചത് ഇതാണ്. തന്‍റെ പീഡാനുഭവങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ട് അവിടുന്ന് സഞ്ചരിക്കുമ്പോള്‍ പത്രോസ് അക്ഷരാര്‍ത്ഥത്തില്‍ അയാളുടെ വഴി തടഞ്ഞു, നിനക്കിത് സംഭവിക്കാതിരിക്കട്ടെയെന്നു പറഞ്ഞ്. സ്നേഹത്തിന്‍റെ സ്വാതന്ത്ര്യത്തിലാണ് പത്രോസ് ഇതിനു ധൈര്യപ്പെട്ടത്. കഠിനമായിരുന്നു ക്രിസ്തുവിന്‍റെ പ്രതികരണം - സാത്താനേ, നീ എന്നില്‍നിന്ന് അകന്നു പോകുക. ജീവിതത്തെ സുരക്ഷിതമാക്കാന്‍ പ്രേരിപ്പിക്കുന്ന, യാത്രകളെ തടസ്സപ്പെടുത്തുന്ന എല്ലാവരിലും സ്നേഹത്തില്‍ പൊതിഞ്ഞ ഒരു സാത്താനുണ്ടെന്ന് മനസ്സിലാക്കുവാന്‍ എപ്പോഴാണ് എന്‍റെ മിഴികള്‍ പ്രകാശിക്കുക. സ്വയം അപകടകരമായി ജീവിക്കുന്നില്ല എന്ന അപരാധം ചെയ്യുന്നതിനോടൊപ്പം തന്നെ അത്തരം ആഭിമുഖ്യമുള്ളവരെ നിരുത്സാഹപ്പെടുത്തുക എന്ന ഒരനുബന്ധ ഇടര്‍ച്ചയിലും നാം ഏര്‍പ്പെടുന്നുണ്ട്.

വിപത്കരമായി ജീവിച്ച് തങ്ങളുടെ ജീവിതത്തെ അര്‍ത്ഥപൂര്‍ണ്ണവും  ദൃഢവുമാക്കാനുള്ള ക്ഷണം ദൈവത്തില്‍ നിന്ന് എപ്പോഴും വരുന്നുണ്ട്. വിശ്വാസിയാകുക എന്നതിന്‍റെ അര്‍ത്ഥംപോലും കൂടാരത്തിന് വെളിയില്‍ കടക്കുക എന്ന രീതിയിലാണല്ലോ വേദഗ്രന്ഥത്തിന്‍റെ ട്രാക്ക്. അബ്രഹാമില്‍ നിന്നാണ് അതാരംഭിക്കുന്നത്. കഴുകന്‍ തന്‍റെ കൂടുലയ്ക്കുന്നത് കുഞ്ഞുങ്ങളെ പറക്കാന്‍ പഠിപ്പിക്കാന്‍ വേണ്ടിയാണെന്ന് ഒരു തിരുവചനമുണ്ട്. കൂടുലഞ്ഞില്ലെങ്കില്‍ കുഞ്ഞുങ്ങള്‍ എങ്ങനെയാണ് സ്വന്തം ചിറകുകളുടെ സാദ്ധ്യത കണ്ടെത്തുകയും അതിനെ ദൃഢപ്പെടുത്തുകയും ചെയ്യുന്നത്. നിങ്ങളുടെ ചെറിയ കൂടുകളെ ദൈവം ഉലച്ചോട്ടെ എന്നൊരാശംസ ഈ നോമ്പുകാലത്തു പറഞ്ഞാല്‍ വായനക്കാരാ നിങ്ങളതിന്‍റെ പേരില്‍ എന്നോടു പിണങ്ങുമോ?

ടെലമാക്കൂസ് എന്ന ആദ്യനൂറ്റാണ്ടിലെ ഒരു സന്ന്യാസിയെക്കുറിച്ച് കുഞ്ഞുങ്ങളോട് പറയാറുണ്ട്. റോമാ, ക്രിസ്തുവിലേക്ക് എത്തിയെന്നുള്ളതൊക്കെ ശരി. എന്നാലും അതിന്‍റെ ശീലങ്ങളും വിനോദങ്ങളുമൊക്കെ പഴയതുതന്നെ. ടെലമാക്കൂസ് എന്നൊരു സന്ന്യാസി തന്‍റെ ആത്മാവിന്‍റെ രക്ഷയെ ധ്യാനിച്ച് മരുഭൂമിയില്‍ ആയിരുന്നു, ദീര്‍ഘകാലം. ഒരു ദിവസം അയാള്‍ക്കൊരു പ്രചോദനമുണ്ടായി. തന്‍റെ ദേശത്തിന്‍റെ എന്തെങ്കിലും ഒരു സുകൃതത്തില്‍ പങ്കുചേരുക. അയാള്‍ തന്‍റെ നഗരത്തിലേക്ക് മടങ്ങിയെത്തി. അവിടെ ഭയങ്കരതിരക്കായിരുന്നു. ആംഫി തിയേറ്ററില്‍ പതിവുപോലെ ഒരു മല്ലയുദ്ധം. ഒരാളെ കൊല്ലുന്നതുവരെ നീളുന്ന ആവേശഭരിതമായ സ്പോര്‍ട്സ്. കൂട്ടത്തില്‍ ടെലമാക്കൂസും കയറി. മത്സരം ആരംഭിച്ചപ്പോള്‍ അരുതേ ഹിംസയരുതേ, എന്ന് നിലവിളിച്ചയാള്‍ അരീനയിലേക്ക് ഓടിയെത്തി. പിന്നെ പോരാളികളുടെ നടുവില്‍ നിന്ന് കൈകൂപ്പി ഇതവസാനിപ്പിക്കണമെന്ന് യാചിച്ചു. തങ്ങളുടെ സന്ധ്യയെ നശിപ്പിക്കാനെത്തിയ ആ വൃദ്ധനെ കല്ലെറിയുകയെന്ന് ആള്‍ക്കൂട്ടത്തില്‍നിന്നാരോ അലറി വിളിച്ചു. അതങ്ങനെ സംഭവിക്കുകയും ചെയ്തു. ഈ അപരാധം അവരില്‍ ചാര്‍ത്തരുതേയെന്ന് പറഞ്ഞ് അയാള്‍ നിലത്തുവീണു മരിച്ചു. പെട്ടെന്ന് ആരവങ്ങള്‍ നിലച്ചു. നിഷ്കളങ്ക രക്തം ചൊരിഞ്ഞതിന്‍റെ കുറ്റബോധത്തില്‍ ആള്‍ക്കൂട്ടം വെന്തു. ഓരോരുത്തരായി തലകുനിച്ച് പുറത്തേക്കിറങ്ങിപ്പോയി. റോമാ പിന്നെ മല്ലയുദ്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ല. അപകടകരമായി ജീവിക്കുന്നവരിലാണ് ഇനി ഭൂമിയുടെ പ്രതീക്ഷ. അവരാണ് ഭൂമിയുടെ കളഞ്ഞുപോയ സുകൃതങ്ങളെ തിരികെപിടിക്കാന്‍ പോകുന്നത്. നീതിക്കുവേണ്ടി വിശക്കുന്നവരും ദാഹിക്കുന്നവരുമെവിടെ, നീതിക്കുവേണ്ടി പീഢനമേറ്റവരെവിടെ എന്നൊക്കെ അവിടുന്നാരായുമ്പോള്‍ എത്രപേര്‍ക്ക് അവിടുത്തെ മുമ്പില്‍ വരാനുള്ള ധൈര്യമുണ്ടാകും?

ഭൂമിയുടെ അതിരുകളോളം എനിക്ക് നിങ്ങള്‍ സാക്ഷികളായി പോകണമെന്ന് ക്രിസ്തു തന്‍റെ സ്നേഹിതരോട് ആവശ്യപ്പെട്ടു. ആരാണ്  സാക്ഷി? സത്യത്തിനുവേണ്ടി അപകടകരമായ വെളിപ്പെടുത്തലു കള്‍ നടത്തുന്ന ഒരാളെന്ന് ലളിതമായി വ്യാഖ്യാനിക്കുന്ന താണ് അയാളുടെ തലവര. അപ്രിയസത്യങ്ങള്‍ പറയുന്നതുകൊണ്ടുമാത്രം അവര്‍ അവരുടെ കാലത്തില്‍ അനഭിമതരാകുന്നു. കുറ്റബോധമില്ലാത്ത വിരുന്നിനോടും പങ്കുവെയ്ക്കാത്ത ധനത്തിനോടും വീഴ്ചകളില്‍ മാത്രം ഉയരുന്ന പൊട്ടിച്ചിരികളോടും സമരസപ്പെടുന്നവര്‍ക്കു മാത്രം ലഭിക്കുന്ന പ്രശംസകളോടും ക്രിസ്തുവിനെ പ്പോലെ അയ്യോ കഷ്ടമെന്ന് നിലവിളിച്ച് അവര്‍ അവരുടെ കാലത്തിന് വെറുക്കപ്പെട്ടവരാകുന്നു. എന്നിട്ടും അപകടകരമായി ജീവിക്കുന്നതില്‍നിന്ന് ഒന്നും അവരെ പിന്തിരിപ്പിക്കുന്നില്ല. അഞ്ചാം മുദ്ര തുറക്കുമ്പോള്‍ വെളിപാടിന്‍റെ കാഴ്ചക്കാരന്‍ അവരെ കൃത്യമായി തിരിച്ചറിയുന്നുണ്ട്, ദൈവവചനത്തെപ്രതിയും തങ്ങളുടെ സാക്ഷ്യത്തെപ്രതിയും വധിക്കപ്പെട്ടവരുടെ ആത്മാക്കളെ ബലിപീഠത്തിനുകീഴില്‍ ഞാന്‍ കണ്ടു. വലിയ സ്വരത്തില്‍ അവര്‍ ഇങ്ങനെ വിളിച്ചു പറഞ്ഞു: "പരിശുദ്ധനും സത്യവാനുമായ നാഥാ, ഭൂമിയില്‍ വസിക്കുന്നവരുടെമേല്‍ ന്യായവിധി നടത്തി ഞങ്ങളുടെ രക്തത്തിന് പ്രതികാരം ചെയ്യുവാന്‍ അങ്ങ് എത്രത്തോളം വൈകും. അവര്‍ക്കോരോരുത്തര്‍ക്കും വെള്ളവസ്ത്രം നല്‍കപ്പെട്ടു (വെളിപാട് 6:9-11).

ക്രിസ്തീയതയ്ക്കെതിരെ നീഷേയെ പോലെ ഇത്രമേല്‍ കലഹിച്ച ഒരു ചിന്തകന്‍ ഉണ്ടാകില്ല. ഏതൊരാള്‍ക്കും കാണത്തക്കവിധ ത്തില്‍ വലിയക്ഷരത്തില്‍ ഞാന്‍ അതിന്‍റെ വിചാരണവാക്കുകള്‍ ഭിത്തിയില്‍ എഴുതിയി ടുമെന്ന് അയാള്‍ ഹുങ്കുപറഞ്ഞു. അതിലൊന്ന് ഇത് ഭീരുക്കളുടെ മതമാണെന്നുള്ളത്. നിശ്ചയ മായും ക്രിസ്തുവല്ല അതിനുള്ള കാരണക്കാരന്‍. കാരണം ഇത്രയും വിപത്കരമായി ജീവിച്ച ഒരാള്‍ വേറെയുണ്ടാവില്ല. സ്വന്തം വിധിയി ലേക്ക് തലയെടുപ്പോടെ നടന്നുപോകുമ്പോള്‍ സാധ്യമായിരുന്ന എല്ലാ ഒത്തുത്തീര്‍പ്പുക ളെയും അയാള്‍ തട്ടിമാറ്റി. ഒരു വിശദീകരണം പോലുമില്ലാതെ താന്‍ ജീവിച്ച ജീവിതത്തോട് വിശ്വസ്തത പുലര്‍ത്തി. അപ്പോള്‍ പ്രശ്നം ക്രിസ്തുവിന്‍റേതല്ല; നിങ്ങളുടേതാണ്. ഏറ്റവും ചെറിയ റിസ്ക്പോലും ഏറ്റെടുക്കാന്‍ തയ്യാറാകാത്ത നിങ്ങള്‍.

എല്ലാവരും ജനകീയ പ്രശ്നങ്ങളിലേക്ക് എടുത്തുചാടണമെന്നോ ഭരണകൂടങ്ങളെ വെല്ലുവിളിക്കണമെന്നോ എന്നല്ല ഇതിന്‍റെ  അര്‍ത്ഥം. ആവൃതിയില്‍ ജീവിക്കുമ്പോള്‍ പോലും ഒരാള്‍ക്ക് അപകടകരമായി നിലിനില്‍ക്കാവുന്നതേയുള്ളൂ. കൂടുതല്‍ അലഞ്ഞും കൂടുതല്‍ കേട്ടും കുറച്ചുറങ്ങിയും ഒരാള്‍ക്ക് തന്‍റെ ജീവിതത്തെ വയലിലെ ഗോതമ്പു മണിയാക്കാവുന്നതെയുള്ളൂ. എന്തുകൊണ്ടോ വന്ദ്യനായ തിയോഫിന ച്ചനെക്കുറിച്ചോര്‍ക്കുമ്പോള്‍ അതാണ് മനസ്സില്‍ വരുന്നത്. കുറച്ചുകൂടി സ്വയം ശ്രദ്ധിച്ചിരുന്നെങ്കില്‍ താരതമ്യേന ചെറിയ പ്രായത്തില്‍ കടന്നുപോകേണ്ടി വരില്ലെന്ന വര്‍ത്തമാനം അദ്ദേഹത്തിന്‍റെ സമകാലികരില്‍ നിന്ന് ഞാന്‍ കേട്ടിട്ടുണ്ട്. അതുതന്നെ നല്ലൊരു സുവിശേഷമല്ലെ.  അച്ചന്‍റെ ഓര്‍മ്മയുമായി മറ്റൊരു ഏപ്രല്‍ 4. പൊന്നുരുന്നിയിലേക്ക് സ്വാഗതം.

You can share this post!

സമര്‍പ്പണം

ഫാ.ബോബി ജോസ് കപ്പൂച്ചിന്‍
അടുത്ത രചന

വീണ്ടും ജനിക്കുന്നവര്‍

ബോബി ജോസ് കട്ടികാട്
Related Posts