news-details
ഇടിയും മിന്നലും

'തമ്പുരാന്‍ പൊറുക്കട്ടെ'

ടിക്കറ്റെടുക്കാന്‍ കൗണ്ടറിന്‍റെ മുമ്പില്‍ ക്യൂ നില്‍ക്കുമ്പോള്‍ പുറത്ത് റോഡുവക്കില്‍ യന്ത്രസാമഗ്രികളുടെ സഹായത്തോടെ ഫിറ്റുചെയ്തുകൊണ്ടിരുന്ന ഒരു പടുകൂറ്റന്‍ ഫ്ളക്സ് ബോര്‍ഡിലായിരുന്നു എല്ലാവരുടെയും ശ്രദ്ധ. പത്തു പതിനഞ്ചുകൊല്ലംമുമ്പ് തുടക്കമിട്ട്, ഇന്ന് ഈ നാട്ടിലും മറുനാട്ടിലും പടര്‍ന്നു വ്യാപിച്ചു കൊണ്ടിരിക്കുന്ന ഒരു വ്യാപാരസ്ഥാപനത്തിന്‍റേതാണ് ആ പരസ്യബോര്‍ഡ്. ആ സ്ഥാപനത്തെപ്പറ്റിയുള്ള കമന്‍റുകളാണ് മിക്കവരുടെയും വായില്‍. എന്‍റെ തൊട്ടുപിന്നില്‍ നിന്നിരുന്നത് രണ്ടു ചെറുപ്പക്കാരാണ്. തമിഴുചുവയുള്ള മലയാളത്തിലാണ് പേശ്. ആ കമ്പനിയുടമ പണ്ടു പേര്‍ഷ്യയിലായിരുന്നെന്നും അവിടെയൊരു ഷേക്കിനെപ്പറ്റിച്ച് കിലോക്കണക്കിനു സ്വര്‍ണ്ണബിസ്ക്കറ്റുമായി എങ്ങിനെയോ ചരക്കുബോട്ടില്‍ കടല്‍ കടന്നു നാട്ടിലെത്തിയെന്നും വര്‍ഷങ്ങളോളം മുങ്ങി നടന്നിട്ട് പിന്നെ ഈ കമ്പനിയുമായി പൊങ്ങിയാതാണെന്നും മറ്റുമൊക്കെയുള്ള വിവരണം  ചരിത്രപുസ്തകം നോക്കിവായിക്കുന്നതു പോലെ അത്ര തീര്‍ച്ചയോടെയാണ് അവരതു പറഞ്ഞു തീര്‍ത്തത്. മുമ്പില്‍ ക്യൂവില്‍ നീണ്ടനിരയുണ്ടായിരുന്നതു കൊണ്ടു കഥ മുഴുവന്‍ കേട്ടു. അന്തം വിട്ടുപോയി. കാരണം അതേ സ്ഥാപനത്തെപ്പറ്റിയും അതിന്‍റെ ഉടമകളെപ്പറ്റിയും വളരെ വ്യത്യസ്തമായ വേറൊരു കഥ ഞാന്‍ കേട്ടിട്ടുണ്ടായിരുന്നു. കള്ളനോട്ടടിയുണ്ടായിരുന്നെന്നും അതിനു കൂട്ടുണ്ടായിരുന്ന ബന്ധുകൂടിയായ പാര്‍ട്ട്ണറെ തന്ത്രപൂര്‍വ്വം റോഡപകടത്തില്‍ തട്ടിക്കളഞ്ഞിട്ടാണ് ഈ കമ്പനിയുണ്ടാക്കിയതെന്നും മറ്റും. അവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നിരുന്നെങ്കില്‍ ആ പരിസരത്തു നിന്നവരില്‍നിന്നും ഇതിനെയും വെല്ലുന്ന പുതിയ കഥകള്‍ കേള്‍ക്കാമായിരുന്നുവെന്നുറപ്പാണ്.

പണ്ടൊരിക്കല്‍ ഗള്‍ഫില്‍നിന്ന് അവധിക്കു വന്നപ്പോള്‍ ധ്യാനം കൂടാന്‍ വന്ന ഒരു മനുഷ്യന്‍ ഒരു സഹായം ചോദിച്ചു. അഞ്ചെട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് വയിറിങ്ങും പ്ലംബിങ്ങുജോലിയുമായി അയാള്‍ നടന്നിരുന്ന കാലത്ത് ഞാന്‍ പരിചയപ്പെടുത്തിക്കൊടുത്ത ഒരു ഗള്‍ഫുകാരന്‍റെ സഹായത്തോടെ അവനും അവിടെ ജോലികിട്ടിപ്പോയതാണ്. മൂന്നു സെന്‍റിലെ കൊച്ചു വീടു മാത്രമുണ്ടായിരുന്ന അവന്‍, അഞ്ചാറു വര്‍ഷത്തെ സമ്പാദ്യം സൂക്ഷിച്ചുവച്ച് ഒരു സ്ഥലവും വീടും വാങ്ങാന്‍ തീരുമാനിച്ചു. അവധിക്കു നാട്ടില്‍വന്നപ്പോള്‍ ഒരു വീടും പറമ്പും അവന്‍ പോയി കണ്ട് ഇഷ്ടപ്പെടുകയും ചെയ്തു. പക്ഷേ കയ്യിലുള്ള കാശു തികയില്ല. സ്ഥലമുടമയെ എനിക്കും പരിചയമുണ്ടായിരുന്നതുകൊണ്ട് ബാക്കി കാശിന് ആറുമാസത്തെ അവധി ചോദിക്കാനും, ആ വീടും പറമ്പും കാണാനും അയാള്‍ എന്നെയും കൂട്ടിക്കൊണ്ട് ആ വീട്ടില്‍ പോയി. അറുപതു സെന്‍റും നല്ലൊരു വീടും. ചുറ്റും അടുത്തടുത്തു താമസക്കാരാണ്. കാര്യങ്ങളൊക്കെ സംസാരിച്ച് സെറ്റിലാക്കി ഞാന്‍ പിരിഞ്ഞു. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ പലരുടെയും ഫോണ്‍കോള്‍ വന്നു. എന്താണു പ്രശ്നമെന്നും ചോദിച്ച് 'ഇങ്ങിനൊന്നും പ്രതീക്ഷിച്ചില്ലെന്നും' പറഞ്ഞ്. 'കാറുന്നോമ്മാരു മരിച്ചിട്ടെങ്കിലും പോരേ'ന്നും ചോദിച്ച്. ഞാന്‍ സഭേന്നു ചാടിപ്പോരാന്‍ തീരുമാനിച്ചെന്നും, വീടും സ്ഥലവുംവരെ വിലപറഞ്ഞു വച്ചിരിക്കുകയാണെന്നും, കൂട്ടത്തില്‍ വല്ല കന്യാസ്ത്രീമായിരിക്കാനാണു സാധ്യതയെന്നും വാര്‍ത്ത. അന്തംവിട്ടു കുന്തംപോലായിപ്പോയി. നല്ല പ്രായത്തിലായിരുന്നതുകൊണ്ട് അവരോടൊക്കെ അന്നു ചെയ്യാന്‍ തോന്നിയതെന്തൊക്കെയാണെന്ന് ഇവിടെ കുറിക്കാന്‍ ധൈര്യംപോരാ.

വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു കെട്ടിടം പണിയാന്‍വന്ന ഒരു തമിഴന്‍ മേസ്തിരി. നല്ല പണിക്കാരന്‍. നല്ല കൂലിയും കിട്ടും. എന്നാലും ഒന്നും ബാക്കിയില്ല. വഴക്കുണ്ടാക്കിയും പേടിപ്പിച്ചും അയാളുടെ കൂലി  പിടിച്ചു വച്ച്, നാലുമാസംകൊണ്ടു നല്ലയൊരു തുക ബാലന്‍സായി. അയാളുടെ ആയുസ്സില്‍ അത്രയും കാശ് ഒന്നിച്ച് അയാളുടെ പേരില്‍ ബാങ്കില്‍ കണ്ടിട്ടില്ല. പിന്നെ പണിതു കിട്ടിയ കാശ് മുഴുവന്‍ കൊണ്ടുവന്നേല്‍പിക്കാന്‍ തുടങ്ങി. ഒന്നരവര്‍ഷംകൊണ്ട് ഒരു ലക്ഷം  രൂപയുടെ ഒരു കോണ്‍ക്രീറ്റ് മിക്സിങ്ങ് മെഷീന്‍ വാങ്ങി. ഇന്നയാള്‍ സമ്പന്നനായ ഒരു കോണ്‍ട്രാക്ടറാണ്. ഒത്തിരിപ്പേര് ഇന്നും പറയുന്നു. അവന്‍ 'അച്ചന്‍റെ അടിച്ചു മാറ്റി'യെന്ന്, 'അച്ചനെ മുക്കി'യെന്ന്!

അല്പം തകൃതമുള്ള ഒരു ചെറുപ്പക്കാരനച്ചന്‍ വികാരിയായി.  പത്തു മുന്നൂറു വീട്ടുകാരുള്ള ഒരു പാവപ്പെട്ട ഇടവക. അങ്ങേര് ഒരു കൊല്ലം കൊണ്ട് ഒരു ക്രെഡിറ്റു സൊസൈറ്റിയൊക്കെ രജിസ്റ്റര്‍ ചെയ്തു. നാലഞ്ചു കൊല്ലം കൊണ്ടു നാടുനന്നായി. ജനത്തിനു കാശായി. അങ്ങിനെ പലതും. അഞ്ചാംകൊല്ലം സ്ഥലം മാറി. അതുവരെ ബൈക്കുമാത്രം ഉണ്ടായിരുന്ന അങ്ങേരൊരു കാറുവാങ്ങി. അവിടത്തെ ജനംതന്നെ പറഞ്ഞു, അവരുടെ കാശ് അടിച്ചുമാറ്റി, പോയപ്പോള്‍ അച്ചന്‍ കാറു വാങ്ങി! അഞ്ചു പൈസയുടെപോലും തിരിമറി ആര്‍ക്കും ഒരിടത്തും കാണിക്കാനുമില്ല. കൈയിലുള്ളതു കൊടുക്കാനല്ലാതെ കൈയിട്ടു വാരാന്‍ ഇന്നും വശമില്ലാത്ത എനിക്കു നേരിട്ടറിയാവുന്ന അങ്ങേര് അടുത്തനാളില്‍ വിദേശത്തേയ്ക്കു പോവുകയാണെന്നു കേട്ടപ്പോള്‍ വേറൊരച്ചന്‍ തന്നെ പറഞ്ഞ കമന്‍റ്: 'കടത്താന്‍ കഴിവുള്ളവന്‍ വേണമല്ലോ പോകാന്‍'. അങ്ങിനല്ല എനിക്കാളെ അറിയാമെന്നെങ്ങാനും ഞാന്‍ പറഞ്ഞുപോയാല്‍, 'തനിക്കും പങ്കുകിട്ടുന്നുണ്ടാകും' എന്നുറപ്പായിട്ടു പറയും എന്നോര്‍ത്തപ്പോള്‍ പ്രതികരിച്ചില്ല. സ്വന്തം തൊലിക്കു കേടുവരാതെ നോക്കണ്ടെ? എന്‍റെ പിഴ!!

ഒരു ബന്ധുവീട്ടിലെ അടിയന്തിരത്തില്‍ പങ്കെടുക്കാന്‍ ചെന്നതായിരുന്നു. എല്ലാവരുംതന്നെ നേരിട്ടറിയാവുന്നവര്‍. ഓരോരുത്തരുമായി കണ്ടും പറഞ്ഞും നടക്കുന്നതിനിടയില്‍ ഒരറ്റത്തു വട്ടം കൂടിയിരുന്നവരുടെ നോട്ടവും മറ്റും കണ്ടപ്പോള്‍ എന്നെപ്പറ്റിയെന്തോ പറയുകയാണെന്നൊരു തോന്നല്‍. കറങ്ങിത്തിരിഞ്ഞ് അവരുടെയടുത്തു ചെന്നപ്പോള്‍ അത്ര സുഖമല്ലാത്തതുപോലെ. അത്യാവശ്യത്തിനൊന്നുമിണ്ടിയെന്നു വരുത്തി പോകാന്‍ തിരിഞ്ഞപ്പോള്‍ ഒരു ചോദ്യം:

"അച്ചനെത്ര വയസ്സായി..."

"കല്യാണത്തിനു വന്നിട്ട് എന്താപോലും ഇപ്പം എന്‍റെ വയസ്സറിഞ്ഞിട്ട്. കല്യാണപ്രായമൊക്കെ കഴിയുകേം ചെയ്തു." അടിക്കാനുള്ള വടി ഞാന്‍  തന്നെ കൊടുത്തേക്കാമെന്നമട്ടില്‍ ഞാനങ്ങു തട്ടി.

"ഗോദ്റജ് ഉള്ള കാലത്തോളം പ്രശ്നമില്ല, നിത്യ യൗവ്വനമല്ലേ." സിനിമാനടികളുപയോഗിക്കുന്ന ഗോദ്റജ് സോപ്പിന്‍റെ കാര്യമാണവരുപറഞ്ഞതെ ന്നോര്‍ത്ത് ഞാനങ്ങിനെ ചമ്മിനില്ക്കുമ്പോള്‍ അടുത്ത കമന്‍റ്.

"എന്നാപ്പിന്നെ ആ താടീം കൂടെയങ്ങു കറപ്പിക്കാന്‍ മേലാരുന്നോ?"

അപ്പോഴാണ് കാര്യം പിടികിട്ടിയത്. താടിമുഴുവന്‍ നരച്ചെങ്കിലും തലമുടി കറുത്തിരിക്കുന്ന കാര്യമാണ്.

"താടി ഡൈ ചെയ്താല്‍ അലര്‍ജിയുണ്ട്, ചെയ്തു നോക്കിയതാ." ഞാനും സഹകരിച്ചു.

"ഇടവകയച്ചന്മാരു ചെയ്യുന്നതു പോട്ടെന്നുവയ്ക്കാം, കപ്പൂച്ചിനച്ചനും ഡൈ ചെയ്യണോ?"

"ആരോഗ്യമുള്ളപ്പഴല്ലേ ചെത്തി നടക്കാന്‍ പറ്റൂ, പൊന്നേ. എന്നെ വിട്ടേര് ഞാന്‍ പോട്ടെ."

നടന്നു നീങ്ങിയപ്പോള്‍ ഒന്നു ഡൈ ചെയ്താലോന്നുതന്നെ തോന്നി. സത്യം പറഞ്ഞാല്‍ ഡൈ എന്ന സാധനം അടുത്തു കണ്ടിട്ടു പോലുമില്ലെങ്കിലും ഇപ്പോള്‍ ആരെങ്കിലും സൂക്ഷിച്ചു നോക്കുമ്പഴേ ഞാനങ്ങു പറഞ്ഞേക്കും:

"താടി ഡൈ ചെയ്താല്‍ അലര്‍ജിയാ. അതുകൊണ്ടാ ചെയ്യാത്തത്."

നരയ്ക്കാത്ത തലയാണെന്ന സത്യത്തെക്കാള്‍ ഡൈയാണെന്ന കള്ളമാണ് എല്ലാവര്‍ക്കുമിഷ്ടം!
എന്തെങ്കിലും അസുഖമുണ്ടോന്നാരെങ്കിലും ചോദിച്ചാല്‍ ഇല്ലെന്നു പറഞ്ഞാല്‍ ഇഷ്ടപ്പെടാറില്ല, വിശ്വസിക്കാനും പാട്. അതുകൊണ്ട് ആരു ചോദിച്ചാലും ഇപ്പമങ്ങു പറഞ്ഞേക്കും:

"അല്പം 'പ്ലഷറും' പിന്നെ അതുമിതുമൊക്കെയുണ്ട്." കേള്‍ക്കുന്നവര്‍ക്കു പെരുത്തിഷ്ടം. ഇതുവരെ അങ്ങനൊരസുഖവും തരാത്ത തമ്പുരാന്‍ പൊറുക്കട്ടെ.

You can share this post!

ഒരൊന്നൊന്നര ധ്യാനഗുരു

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

കോഴി കൂവുന്നുണ്ട്

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts