വീര്‍പ്പിച്ച ബലൂണുകളും കൊണ്ടാണ് സര്‍ അന്ന് ക്ലാസ്സില്‍ വന്നത്. ഒരു കളിയുണ്ട്, അഞ്ചേ അഞ്ചുമിനിട്ട് മാത്രം മതി. അതുവരെ തങ്ങളുടെ ബലൂണുകള്‍ പൊട്ടാതെ സൂക്ഷിക്കുന്നവര്‍ക്ക് സമ്മാനമുണ്ട്.
വിസില്‍ മുഴങ്ങി. അങ്ങോട്ടും ഇങ്ങോട്ടും ചാടി പരമാവധി ബലൂണുകള്‍ അവര്‍ പൊട്ടിച്ചു. കളി തീരുമ്പോള്‍ എല്ലാവരും തോറ്റിട്ടുണ്ട്. മറ്റുള്ളവരുടെ ബലൂണുകള്‍ പൊട്ടിക്കാന്‍ ഈ കളിയില്‍ ഒരിടത്തും താന്‍ പറഞ്ഞിട്ടില്ല എന്ന് മാഷ് സങ്കടപ്പെട്ടു.
അതങ്ങനെതാനേ പതിയുന്നതാണ്. പുറത്തെ തെരുവില്‍, എതിര്‍പക്ഷത്തുള്ളവരെ പരിഹസിച്ചുകൊണ്ട് ഉച്ചഭാഷിണികള്‍ കെട്ടിവെച്ച വാഹനങ്ങള്‍ തലങ്ങും വിലങ്ങും പാഞ്ഞുനടക്കുമ്പോള്‍ ഓര്‍ത്തതാണ്.
And when his disciples James and John saw this, they said, Lord, wilt thou that we command fire to come down from heaven, and consume them, even as Elias did?
But he turned, and rebuked them, and said, Ye know not what manner of spirit ye are of.
Luke 9:54-55 (King James Version)
ഒന്നോ രണ്ടോ പേരോടുള്ള അനിഷ്ടങ്ങള്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്ന പരിപാടിയാണ് ഫാസിസം എന്ന ചെല്ലപ്പേരില്‍ അറിയപ്പെടുന്നത്. അതിന്‍റെ പുതിയ നിയമത്തിലെ റെഫറന്‍സ് ആണിത്.
മുഴുവന്‍ ദേശത്തിലേക്കും തീയിറക്കണമേ എന്ന് പ്രാര്‍ത്ഥിക്കുന്ന രണ്ട് പുന്നാര ശിഷ്യരെ യേശു ഞെട്ടിത്തിരിഞ്ഞ് നോക്കി ചോദിച്ചു: "നിങ്ങളെ ഭരിക്കുന്നത് എത് ആത്മാവാണ്?"
ഈ വെറുപ്പിന്‍റെ ഭാഷണങ്ങളില്‍ എര്‍പ്പെടുന്നവര്‍ സത്യത്തില്‍ ആരുടെ കോളാമ്പിയാണ്?
$$$
ആചാര്യന്മാരെയും അവരുടെ ധര്‍മ്മത്തെയും തിണ്ണബലം കൊണ്ട് പ്രതിരോധിക്കാമെന്ന ആ ഹുങ്കിനെയാണ് അവസാനനിമിഷവും യേശു തിരുത്താന്‍ ശ്രമിച്ചത്. തന്നെ കൈയാമം വയ്ക്കാന്‍ ഓങ്ങിയ ഒരു പട്ടാളക്കാരനു നേരെ വാളു ചുഴറ്റി പത്രോസ്. "നിന്‍റെ വാള്‍ ഉറയിലിടുക, വാളെടുത്തവര്‍ ഒടുങ്ങിയത് വാള്‍മുനയില്‍ത്തന്നെയായിരുന്നു" എന്നു പറഞ്ഞ് പരിക്കേറ്റ സൈനികനെ സൗഖ്യപ്പെടുത്തിയാണ് സ്വന്തം വിധിയിലേക്ക് അവന്‍ തലയെടുപ്പോടെ നടന്നുപോയത്.
ഉല്പത്തിയായാലും പരിണാമമായാലും കാട്ടില്‍ നിന്ന് പൊടിച്ചതായിരുന്നു നരന്‍. സ്വാഭാവികമായി അയാളുടെ ഉറയില്‍ വന്യതയുടെ ഒഴിവാക്കാനാവാത്ത മുദ്രകളുണ്ട്. പക വീട്ടാനുള്ളതല്ല. അതിനെ മെരുക്കാന്‍ അഭ്യസിക്കുകയാണ് പ്രധാനം. മെരുങ്ങിയ ഈ പകയെ സൃഷ്ടിപരവുമാക്കാവുന്നതാണ്, ഏശയ്യായുടെ പുസ്തകത്തിലെന്നപോലെ, -‘they shall beat their swords into plowshares,’വാളുകള്‍ കലപ്പകളാകുമെന്ന്.
റിച്ചാര്‍ഡ് നിക്സന്‍ രണ്ടാവര്‍ത്തി അമേരിക്കയുടെ അധികാരം ഏറ്റെടുത്തപ്പോഴും ബൈബിള്‍ തൊട്ട് സത്യം ചെയ്യാനായി തുറന്നുവച്ച ഭാഗം ഇതായിരുന്നു: അത്രയെങ്കിലും! ക്ഷോഭത്തോളം ശക്തമായ ഒരു ഊര്‍ജ്ജമില്ല. അതിനെ ജീവിതത്തിന്‍റെ ചൂടും പ്രകാശവുമൊക്കെ ആക്കാനുള്ള - ഒറ്റ വാക്കില്‍, സൃഷ്ടിപരമാക്കാനുള്ള- ക്ഷണമാണത്.
യുണൈറ്റഡ് നേഷന്‍സിന്‍റെ ഹെഡ് ക്വാര്‍ട്ടേഴ്സിലെ നോര്‍ത്തേണ്‍ ഗാര്‍ഡനില്‍ ഈ തിരുവചനത്തെ ആധാരമാക്കി സൃഷ്ടിച്ച ഒരു ശില്പം വച്ചിട്ടുണ്ട്. യെവ്ഗേനി വ്യൂചേറ്റിച് - Yevgeny Vuchetich എന്ന റഷ്യന്‍ ശില്പിയുടേതാണത്. കരുത്തനായ ഒരു മനുഷ്യന്‍ വാളിനെ ചുറ്റിക കൊണ്ട് അടിച്ചടിച്ച് കലപ്പയിലേക്കു പരിവര്‍ത്തിപ്പിക്കുന്നു. ആ ശില്പത്തിലുണ്ട് ലോകത്തോട് യു. എന്‍. പറയാന്‍ ശ്രമിക്കുന്ന സുവിശേഷത്തിന്‍റെ കാതല്‍. രണ്ടാം ലോകയുദ്ധത്തിനു ശേഷം ഇതിനെ ഗൗരവമായി എടുത്തവരുണ്ട്. ന്യൂക്ലിയര്‍ ആയുധങ്ങളെ സിവിലിയന്‍ ആവശ്യങ്ങള്‍ക്കു വേണ്ടി വൈകാതെ ജ്ഞാനസ്നാനപ്പെടുത്തി. റേഡിയോ ഫാര്‍മസ്യൂട്ടിക്കല്‍ ഉല്പന്നങ്ങള്‍ മനുഷ്യരുടെ രക്ഷയ്ക്കെത്തി. രാസായുധമായ നൈട്രജന്‍ മസ്റ്റാഡ് കീമോതെറാപ്പിയുടെ ആദ്യപരീക്ഷണങ്ങള്‍ക്ക് സ്പ്രിങ് ബോര്‍ഡായി. ടാങ്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ബുള്‍ഡോസറുകളും ട്രാക്ടറുകളുമായി. കാര്‍ഷികമ്യൂസിയങ്ങളില്‍ ഇപ്പോഴും അതിന്‍റെ ശേഷിപ്പുകളുണ്ട്. യുദ്ധവിരുദ്ധഗീതങ്ങള്‍ക്കായി പടക്കോപ്പുകള്‍ കൊണ്ടുതന്നെ ഗായകര്‍ വാദ്യോപകരണങ്ങള്‍ സൃഷ്ടിച്ചെടുത്തു. Plowshares Movement കലപ്പക്കാരുടെ മുന്നേറ്റം എന്നൊരു സമാധാനപ്രസ്ഥാനം തന്നെയുണ്ടായി. ആണവശക്തിയെ നിര്‍വീര്യമാക്കാനോ തടസപ്പെടുത്താനോ ഉള്ള ശ്രമങ്ങളില്‍ ഒരു തരം മിലിറ്റന്‍റ് വാശിയോടെ അവര്‍ ഇടപെട്ടു.
ദൈവമേ, ഈ വാളുകളൊക്കെ കലപ്പകളായിരുന്നുവെങ്കില്‍! ഒരു ദേശത്തിന്‍റെ ഏറ്റവും തീക്ഷ്ണമായ യൗവനം തമ്പടിച്ചിരിക്കുന്നത് കന്‍റോണ്‍മെന്‍റുകളിലാണ്. ഏറ്റവും നല്ല ഡോക്ടര്‍മാര്‍, ഏറ്റവും നല്ല അധ്യാപകര്‍, ഏറ്റവും നല്ല സംഘാടകര്‍, ഏറ്റവും നല്ല അധികാരികള്‍, ഏറ്റവും നല്ല പാചകക്കാര്‍, ഏറ്റവും നല്ല സംഗീതജ്ഞര്‍ ഒക്കെ ആ തമ്പില്‍ പക്ഷാഘാതരായി. അത്രയും ധനവും, ദരിദ്രരേയും കുഞ്ഞുങ്ങളേയും രോഗാതുരരേയും ഒക്കെ അവഗണിച്ച് അവിടെ കുഴിച്ചുമൂടപ്പെട്ടു.
അന്തര്‍ദേശീയ ചര്‍ച്ചകള്‍ അവിടെ നില്‍ക്കട്ടെ. ഈ നോമ്പുകാലത്ത് ചെറിയ അനുപാതങ്ങളെങ്കിലും വാളുകളെ ഗാര്‍ഹികപരിസരങ്ങളുടെ കലപ്പയാക്കണ്ടേ? പരീക്ഷക്കാലമാണ്. ഉഴപ്പന്‍ മക്കളെ ശകാരിക്കാതെ, അവര്‍ക്കിഷ്ടമുള്ള നാലുമണി പലഹാരങ്ങള്‍ ഉണ്ടാക്കി കൊടുത്തുകൂടേ? പരമാവധി ഹോണ്‍ മുഴക്കാതെ യാത്ര ചെയ്ത് വീട്ടിലേക്കു മടങ്ങുമെന്ന് തീരുമാനിച്ചുകൂടേ? കാരണം, അവിടെയാണിപ്പോള്‍ നാട്ടുകാരുടെ മുഴുവന്‍ കട്ടക്കലിപ്പ്. Road rage അതില്‍ത്തന്നെ ഒരു വിഷയമാണ്.
നിരന്തരം ക്ഷോഭിച്ചുകൊണ്ടിരുന്ന മകന് അച്ഛനൊരു ഗൃഹപാഠം കൊടുത്തു. ആ തോന്നലുണ്ടാകുമ്പോഴൊക്കെ ഭിത്തിയില്‍ ഒരു ആണി അടിക്കുക. ആറു മാസം കഴിഞ്ഞ് അതെല്ലാം ഇളക്കിയെടുക്കാന്‍ ആവശ്യപ്പെട്ടു.
തീര്‍ന്നല്ലോ?
ഇല്ല, തീര്‍ന്നില്ല. ഭിത്തി നിറയെ സുഷിരങ്ങളാണിപ്പോള്‍. അത്ര എളുപ്പത്തില്‍ പരിഹരിക്കാവുന്നതല്ല നിങ്ങളുടെ വൈരത്തിന്‍റെ വ്രണങ്ങള്‍.
$$$
മനുഷ്യര്‍ പുസ്തകങ്ങളാകുന്ന ഒരു രീതിയുണ്ട് - human library എന്ന പേരില്‍. പുറംചട്ട കണ്ട് ഒരു പുസ്തകത്തെ വിധിക്കരുതെന്ന് തന്നെയാണ് അവര്‍ പറയാന്‍ ശ്രമിക്കുന്നത്.
ലോകത്തിന് മുമ്പോട്ട് പോകാന്‍ സംഭാഷണങ്ങളല്ലാതെ വേറെ വഴികളൊന്നുമില്ലായെന്ന ബോധത്തില്‍ നിന്നാണ് ഇതിന്‍റെ തളിര്‍പ്പ്. നിങ്ങള്‍ക്ക് ഇഷ്ടമുളള ഒരു പുസ്തകത്തെ തെരഞ്ഞെടുക്കാം. അപരിചിതനായ ഒരാള്‍ അതിനെക്കാള്‍ അപരിചിത ദേശങ്ങളിലേക്ക് നിങ്ങളെ കൂട്ടിക്കൊണ്ടുപോവുകയാണ്. അതൊരു അഭയാര്‍ത്ഥിയാകാം, ബൈപോളാറാകാം, വംശഹത്യയിലെ ശേഷിപ്പാകാം വീല്‍ ചെയര്‍ സഞ്ചാരിയാവാം ക്യുവറാകാം...
കുറെക്കൂടി ഇന്‍ക്ലൂസീവാകുവെന്നാണ് ഓരോ പുസ്തകവും നിങ്ങളോട് പറയുന്നത്. മനുഷ്യരെ വായിക്കുകയെന്ന വിചാരം തന്നെ എത്ര ചാരുതയുളളതാണ്.