news-details
ഇടിയും മിന്നലും

അച്ഛനുറങ്ങാത്ത വീട്

'അച്ഛനുറങ്ങാത്ത വീടാണോ?"

വികാരിയച്ചന്‍റെ ചോദ്യം കേട്ടപ്പോള്‍ ഒന്നും മനസ്സിലായില്ല. ഒരു സ്വകാര്യ കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന് ബോംബെയില്‍ നിന്നു നാട്ടിലേയ്ക്കു സ്ഥലം മാറ്റം കിട്ടി. പത്തു പതിനഞ്ചു കൊല്ലം കേരളത്തിനുപുറത്തു കഴിയേണ്ടിവന്നിട്ട് അവസാനം നാട്ടില്‍തന്നെ എത്തിയപ്പോള്‍ വലിയ സന്തോഷം. മൂന്നു കുട്ടികളും പഠിക്കുന്നു. അവര്‍ക്ക് പഠിക്കാനുള്ള സൗകര്യത്തിനും അയാള്‍ക്കു ജോലി സ്ഥലത്തോട് അടുത്തായിരിക്കാനുംവേണ്ടി നഗരത്തിനടുത്തു പുതുതായി പണി തീര്‍ന്നിരുന്ന ഒരു നല്ല വീട് വാടകയ്ക്കെടുത്തു. വളരെക്കാലത്തെ പരിചയമുണ്ടായിരുന്നതുകൊണ്ട് അതൊന്നു വെഞ്ചരിച്ചു കൊടുക്കാന്‍  സ്ഥലം വികാരിയച്ചന്‍റെ അനുവാദവും വാങ്ങി എന്നോടാവശ്യപ്പെട്ടു.
 
സമയത്തിനുമുമ്പുതന്നെ വികാരിയച്ചന്‍റെഅടുത്ത് ഞാനെത്തി. വാടകയ്ക്കെടുത്ത വീടിനെപ്പറ്റി പറഞ്ഞപ്പോഴായിരുന്നു, വികാരിയച്ചന്‍റെയാ കമന്‍റ്:

'അച്ഛനുറങ്ങാത്ത വീടാണോന്ന്' വികാരിയച്ചന്‍ കഥ മുഴുവന്‍ പറഞ്ഞു.

വലിയ മാളിക പോലുള്ള ആ വീട് അച്ചന്‍ രണ്ടു കൊല്ലം മുമ്പൊന്നു വെഞ്ചരിച്ചതാണ്. താമസിക്കാന്‍ വേണ്ടിത്തന്നെ ഉടമസ്ഥന്‍ പണിയിപ്പിച്ചതാണ്. ഉടമസ്ഥനും ഭാര്യയും സര്‍ക്കാരു ജോലിക്കാരാണ്. ഭാര്യയാണെങ്കില്‍ വലിയ ഭക്തയും പ്രാര്‍ത്ഥനക്കാരിയും. ഇളയ മകനായിരുന്നതുകൊണ്ട് കുടുംബത്തിലായിരുന്നു താമസം. ഹൈറേഞ്ചിലായിരുന്നതുകൊണ്ട് നഗരത്തിനടുത്ത് പത്തുസെന്‍റു സ്ഥലം വാങ്ങി പണിയിപ്പിച്ചവീടാണ്. പണീം കഴിഞ്ഞു പാലും കാച്ചി കേറിത്താമസിച്ചെങ്കിലും ആറുമാസം കൊണ്ടു അതുപേക്ഷിച്ച്, കുറച്ചു മാറി അതിലും ചെറിയ ഒരു വീട്ടില്‍ വാടകയ്ക്കു താമസിക്കുന്നു. ഇടയ്ക്കു വന്നു കൂടിയ കൈക്കാരനും കൂടി കഥപറയാന്‍ കൂടിയപ്പോള്‍ ഒത്തിരി ഉപകഥകളും കൂട്ടിച്ചേര്‍ത്തു.

റോഡിന്‍റെയും ചെറിയ ചെറിയ വീടിന്‍റെയുമൊക്കെ കോണ്‍ട്രാക്റ്റു പണി നടത്തി കാശുണ്ടാക്കിയ ആളായിരുന്നു അപ്പന്‍. മക്കളൊക്കെ നല്ല നിലയിലായതില്‍പിന്നെ സ്വസ്ഥം ഗൃഹഭരണവുമായിക്കഴിയുന്നു. മകന്‍ വീടു വയ്ക്കാന്‍ സ്ഥലം വാങ്ങിയപ്പോഴേ പണിയൊക്കെ അപ്പന്‍ നടത്തിക്കൊള്ളാമെന്നു പറഞ്ഞതാണ്. അപ്പനെ ഏല്പിച്ചാല്‍ അപ്പനുദ്ദേശിക്കുന്നതു പോലെയേ പണിയൂ എന്നറിയാമായിരുന്നതുകൊണ്ട് അപ്പനറിയാതെ അയാള്‍ പണി മറ്റാരെയോ ഏല്പിച്ചു. നല്ല ശമ്പളോം സര്‍ക്കാരീന്നു ലോണും കിട്ടുന്നതു കാരണം പണിച്ചിലവിന് അപ്പനെ ആശ്രയിക്കേണ്ടിയും വന്നില്ല. പണിയുടെ കാര്യം പറഞ്ഞു പലപ്പോഴും അപ്പനും മകനും തമ്മില്‍ വീട്ടില്‍ ഏറ്റുമുട്ടിയെങ്കിലും ആഴ്ചയില്‍ ആറു ദിവസവും ജോലി സ്ഥലത്തായിരുന്നതുകൊണ്ട് വല്ല്യ അലമ്പില്ലാതെ പോയി. വീടു പണിയുന്ന ഭാഗത്തേയ്ക്കു പോലും അപ്പനൊട്ടു പോയുമില്ല.

വീടു പണിതീരാറായി. കേറിത്താമസത്തിനു തീയതി നിശ്ചയിക്കാന്‍ ചെന്നപ്പോള്‍ അപ്പനവിടെ കയറുകയുമില്ല, അവിടെ കിടന്നുറങ്ങുകയുമില്ല എന്ന് കട്ടായം പറഞ്ഞു. അപ്പനെ ഇട്ടിട്ട് അമ്മയ്ക്കൊട്ടു പോകാനും പറ്റില്ല. എന്തായാലും ആരൊക്കെപ്പറഞ്ഞിട്ടും കൂട്ടാക്കാത്ത അപ്പനും അപ്പനില്ലാതെ പോകാന്‍ പറ്റാത്തതുകൊണ്ട് അമ്മയും പങ്കെടുക്കാതെ പാലു കാച്ചും കേറിത്താമസവും നടന്നു. സാവകാശം പറഞ്ഞു സമാധാനിപ്പിച്ചു അപ്പനേമമ്മേം കൊണ്ടുവരാമെന്നായിരുന്നു അവരുടെ പ്രതീക്ഷ.  നാട്ടുകാരുടേം വീട്ടുകാരുടേം ഇടയില്‍ സംസാരമായി. രണ്ടുഭാഗത്തും ചേരാന്‍ ആളുമായി. ഒരു കാര്യവുമില്ലാത്തവരും തലയിടാന്‍ തുടങ്ങി. അങ്ങിനിരിക്കുമ്പോള്‍ താമസം തുടങ്ങി ഒരുമാസത്തിനകം ഇളയമകന് വീട്ടുപടിക്കല്‍ വച്ച് ബൈക്കപകടമുണ്ടായി. അധികം കഴിയും മുമ്പേ മൂത്തമകള്‍ക്ക് അവള്‍ പഠിക്കുന്ന സ്ഥലത്ത് ആരുമായിട്ടോ ലൈനാണെന്നു വാര്‍ത്ത പരന്നു. ഇതെല്ലാം ചികഞ്ഞു പെറുക്കാന്‍ ചാനലുകാരെക്കാള്‍ ഉത്സാഹമായിരുന്നു സ്വന്തക്കാര്‍ക്കു പലര്‍ക്കും.

ഭക്തയായ ഭാര്യ ഇതിനിടയില്‍ ആരൊക്കെയോ പ്രാര്‍ത്ഥനക്കാരെ കാണാന്‍ പോയി. അവരാരോ വീട്ടില്‍ചെന്നു പ്രാര്‍ത്ഥിച്ചിട്ട് കാരണവന്മാരുടെ ശാപമാണ്. ആ വീടുനല്ലതല്ല. പണിയില്‍ തകരാറുണ്ട്, അവിടെ താമസിച്ചാല്‍ എന്നും പ്രശ്നങ്ങളുണ്ടാകും 'പെടുമരണ'മുണ്ടാകും എന്നൊക്കെപ്പറഞ്ഞു കൊടുത്തു. ഇതിലൊന്നും വലിയ വിശ്വാസമില്ലെങ്കിലും എല്ലാവരുടെയും ആരോപണവും, കുറ്റപ്പെടുത്തലും എല്ലാം കൂടെയായപ്പോള്‍ വല്ലാത്ത അവസ്ഥയിലായി അയാള്‍. അവസാനം ആ വീട്ടില്‍ നിന്നും പോകാന്‍ തന്നെ തീരുമാനിച്ചു നല്ല സ്ഥലം നോക്കി വാങ്ങി മനസ്സിനിണങ്ങിയ രീതിയില്‍ പണിയിപ്പിച്ചതായതുകൊണ്ടു വിറ്റുകളയാന്‍ മടിയും. തിരിച്ചു കുടുംബത്തേയ്ക്കു പോകാനും ഒട്ടും താല്പര്യമില്ല. അങ്ങനെ ആരുടെയൊക്കെയോ ഉപദേശപ്രകാരം അയാള്‍ കുറെമാറി വേറൊരു വീടു വാടകയ്ക്കെടുത്തു. അങ്ങോട്ടു താമസമാക്കി. ഈ വീടു പൂട്ടി, ഗേറ്റും പൂട്ടിയിട്ടു. അടുത്ത ദിവസം ആരോ നര്‍മ്മബുദ്ധികള്‍ ഒരു പലകയില്‍ കരികൊണ്ടെഴുതിയ ഒരു ബോര്‍ഡ് പൂട്ടിയിട്ട ഗേറ്റിനു മുമ്പില്‍ കൊണ്ടു വച്ചു. 'അച്ഛനുറങ്ങാത്ത വീട്.'

കഥയെല്ലാം പറഞ്ഞു കഴിഞ്ഞ് വികാരിയച്ചനും വന്നു വെഞ്ചരിപ്പിന്. നല്ല ഒന്നാന്തരമൊരു വീട്, നല്ല ലൊക്കേഷന്‍. അവരവിടെ താമസം തുടങ്ങി.

ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ചോദിച്ച വിലകൊടുത്ത് അവരാവീടും പത്തുസെന്‍റും വാങ്ങി. ഏതായാലും കമ്പിനി ഉദ്യോഗവുമായി പലനാട്ടിലും ഭാര്യയും മക്കളുമായി കറങ്ങി നടക്കേണ്ടിവന്ന എന്‍റെ സുഹൃത്തിന്‍റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു നാട്ടില്‍തന്നെ വന്ന് ഒരു നല്ല വീടും വച്ചു ജീവിക്കണമെന്ന്. അതിനു വേണ്ടി അവരെന്നും പ്രാര്‍ത്ഥനയുമായിരുന്നു. അതങ്ങു സാധിച്ചു.

"നോക്കാണെ തമ്പുരാന്‍റെയൊരു പണി. ഇവര്‍ക്കീ വീടു കൊടുക്കാന്‍ വേണ്ടി, തമ്പുരാന്‍ മറ്റവര്‍ക്കു 'പണി' കൊടുത്തു.!!"

ആ വീടു സ്വന്തമായി വാങ്ങിക്കഴിഞ്ഞ് വീണ്ടും ഒന്നു വെഞ്ചരിക്കാനും പ്രാര്‍ത്ഥിക്കാനുമായി അവരു വിളിച്ചതുകൊണ്ട് ചെന്നപ്പോള്‍ വികാരിയച്ചന്‍ തമാശു രൂപത്തില്‍ പറഞ്ഞതാണ്.!
ഉറക്കെച്ചിരിച്ചെങ്കിലും ആര് ആര്‍ക്കു 'പണി' കൊടുത്തു എന്ന് ഇപ്പോഴും ചിന്തിക്കാറുണ്ട്. നാട്ടുകാരും, വീട്ടുകാരും, പ്രാര്‍ത്ഥനക്കാരും എല്ലാവരും 'പണി' കൊടുക്കുന്ന തിരക്കിലായിരുന്നല്ലോ!!

You can share this post!

ഒരൊന്നൊന്നര ധ്യാനഗുരു

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

കോഴി കൂവുന്നുണ്ട്

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts