news-details
ഇടിയും മിന്നലും

വല്ലാതെ അരിശം വന്നപ്പോള്‍ മറ്റൊരു വഴിയുമില്ലാതിരുന്നതുകൊണ്ട് ദീപിക പത്രത്തിന്‍റെ ചരമവാര്‍ത്ത പേജെടുത്ത് ഒരറ്റം മുതല്‍ വായന തുടങ്ങി. ബാക്കി മുഴുവന്‍ വായിച്ചു തീര്‍ന്നതായിരുന്നു. ഫൊറോനായിലുള്ള എല്ലാ സണ്‍ഡേ സ്കൂളിലെയും പത്താംക്ലാസ്സിലേയും സീനിയര്‍ ക്ലാസ്സിലെയും കുട്ടികള്‍ക്കുവേണ്ടിയുള്ള ജീവിതദര്‍ശന ക്യാമ്പാണ്. രണ്ടു കൊച്ചച്ചന്മാരും, രണ്ടു സിസ്റ്റേഴ്സും ഒരു പ്രശസ്തനായ അത്മായ ധ്യാനഗുരുവും ചേര്‍ന്നു നടത്തുന്ന ഏകദിന പരിപാടിയാണ്. ഞായറാഴ്ച രാവിലെ 9 മണിക്കു തുടങ്ങി ഉച്ചകഴിഞ്ഞു 4 മണിക്കു തീരുന്നു. ധ്യാനത്തോടെയാണു തുടക്കം. 11.30 നു ധ്യാനം തീര്‍ന്ന് കുമ്പസാരം. 12-നു കുര്‍ബാന. അതുകഴിഞ്ഞ് ഊണ്. തുടര്‍ന്ന് ക്ലാസ്സുകളും മറ്റും. വല്യക്ഷരത്തില്‍ അച്ചടിച്ച നോട്ടീസു പലയിടത്തും ഒട്ടിച്ചിട്ടുണ്ട്. പരിപാടി പ്രകാരം കുട്ടികളെ കുമ്പസാരിപ്പിക്കാന്‍ പലയിടത്തു നിന്നായി വണ്ടി വിട്ടു കൂട്ടിക്കൊണ്ടു വന്ന ഞങ്ങളച്ചന്മാര് നാലഞ്ചു പേരുണ്ട്. 11 മണിക്കെത്തിയതാണ്. പള്ളിനിറയെ കുട്ടികള്‍. പതിനൊന്നരയായിട്ടും ധ്യാനഗുരുവിന്‍റെ പോക്കു കേട്ടിട്ട് പാതിവഴിപോലും ആയിട്ടില്ലെന്നുറപ്പ്. നാലാം പ്രമാണത്തെപ്പറ്റി കീറിമുറിച്ചു നിരത്തി പാപങ്ങളുടെ ലിസ്റ്റു പറഞ്ഞു കൊടുത്തു തീര്‍ന്നിട്ടെയുള്ളൂ. മിക്കവാറും കുട്ടികളൊക്കെ പരീക്ഷയ്ക്കെഴുതുന്നതുപോലെ വല്യകടലാസില്‍  നീട്ടിപ്പിടിച്ചെഴുതുന്നതു കണ്ടപ്പഴേ പണി കിട്ടുമെന്നു മനസ്സിലായി. പന്ത്രണ്ടു മണിയായപ്പോഴേയ്ക്കും അച്ചന്മാരൊക്കെ കാലുവെന്ത മാതിരി നടക്കാന്‍ തുടങ്ങി. പള്ളിമുറീല്‍ വന്നു പത്രങ്ങളൊക്കെ വായിച്ചു തീര്‍ത്തു. പന്ത്രണ്ടരയായിട്ടും എട്ടാം പ്രമാണത്തിലെത്തിയിട്ടെയുള്ളൂ. അപ്പോഴാണു വികാരിയച്ചന്‍റെ അറിയിപ്പ്.

"അച്ചന്മാരൊരു കാര്യം ചെയ്യ്. ഏതായാലും പരിപാടിയെല്ലാം തെറ്റി. നിങ്ങളൂണുകഴിക്ക്."
"ഉച്ചകഴിഞ്ഞു ഞങ്ങള്‍ക്ക് അത്യാവശ്യ പരിപാടിയുണ്ടച്ചാ. ഊണു വേണ്ട." രണ്ടച്ചന്മാര് ഉണ്ണാതെ സ്ഥലം വിട്ടു. ആ അടവുതന്നെ പ്രയോഗിക്കാന്‍ ഞാനങ്ങനെ ആലോചിച്ചിരുന്നപ്പോളാണ് അവരാ പണി ചെയ്തത്.

"ഊണും കഴിഞ്ഞുടനെ കുമ്പസാരക്കൂട്ടിലിരിക്കാന്‍ പാടാ അച്ചാ, അതുകൊണ്ട് കഴിഞ്ഞിട്ടു മതി." ഞാനായുധം വച്ചു കീഴടങ്ങി. വന്നിരുന്ന മറ്റു രണ്ടു വല്യച്ചന്മാരും അതുതന്നെ സമ്മതിച്ചു. ഒരു മണിയായപ്പോള്‍ പള്ളിയില്‍ നിന്നും പാട്ടുകേട്ടു. ഇനിയുടനെ കുമ്പസാരം തുടങ്ങുമെന്നു കരുതി. അതിനുവേണ്ടി ഒരുക്കിയിരുന്ന പാരീഷ്ഹാളില്‍ പോയി ഞങ്ങളോരോ സ്ഥാനത്തിരുന്നു. അപ്പോഴാണ് പാട്ടിനുശേഷം അറിയിപ്പു കേട്ടത് കുട്ടികളൊക്കെ ഉടനെ ഊണുകഴിക്കുക. ഊണു കഴിഞ്ഞുടനെ കുമ്പസാരമായിരിക്കുമെന്ന്. അതുകേട്ടപ്പം മനസ്സില്‍ പറഞ്ഞ തെറി ഒന്നു കുമ്പസാരിക്കാനും മാത്രമുണ്ടായിരുന്നു. അതിനെയോര്‍ത്തു പശ്ചാത്തപിച്ച് സ്വയം പ്രായശ്ചിത്തമായി ഒരു കൊന്തയും ചൊല്ലി അവിടെത്തന്നെയിരുന്നു. ഞാന്‍ നോക്കുമ്പം വല്യച്ചന്മാരുടെ രണ്ടിന്‍റെയും കൈയ്യില്‍ കൊന്തയുണ്ട്. അവരും തെറിപറഞ്ഞോ ആവോ?

വലിയ കോലാഹലം കേട്ടു ജനലില്‍ കൂടെ നോക്കി. ഞങ്ങളിരിക്കുന്ന പാരീഷ്ഹാളിന്‍റെ പുറത്താണ് പത്തിരുപത് വാട്ടര്‍ ടാപ്പുകള്‍. കുട്ടികളെല്ലാം ഉച്ചയൂണുമായിട്ടാണു വന്നിരിക്കുന്നത്. കുറേപ്പേരു കൈകഴുകി ഉണ്ണാന്‍ വന്നതിന്‍റെ ബഹളമാണ്. മുറ്റത്ത് ഇരുന്നുണ്ണാന്‍ നിരത്തിയിട്ടിരിക്കുന്ന മേശകളിലൊക്കെ തിങ്ങിയിരുന്നുണ്ണുകയാണു കുട്ടികള്‍. മിക്കവരുടെയും കൈയ്യിലും പോക്കറ്റിലുമൊക്കെ ചുരുട്ടിയും മടക്കിയുമുള്ള കടലാസുകളുണ്ട്. ഊണിനിടയില്‍ പാപത്തെപ്പറ്റിയുള്ള ചര്‍ച്ചകളാണ്.

"മഹാപാപി" ആരോ ഉറക്കെ.

ഒരു പയ്യന്‍ ഒരു വലിയ പൊതി തുറന്ന് കഴിക്കാന്‍ തുടങ്ങിയ ഉടനെ അടുത്തിരുന്നവന്‍റെ കമന്‍റാണ്.

കൂടുതല്‍തിന്നുന്നവന്‍ പാപിയാണെന്ന് ധ്യാനഗുരു പറഞ്ഞുപോലും. ജനലിന്‍റെ കര്‍ട്ടന്‍ മാറ്റി നോക്കുന്ന എന്നെ കണ്ടപാടെ കുട്ടികള്‍ വായടച്ചു. കഷ്ടമായിപ്പോയി. കര്‍ട്ടന്‍ മാറ്റാതിരുന്നാല്‍ ഇനീം കേള്‍ക്കാമായിരുന്നു.

ഇതിനിടയില്‍ പള്ളിയില്‍ നിന്നു അനൗണ്‍സ്മെന്‍റ് സംഘാടകനച്ചനാണ്:
"കുറെ കുട്ടികള്‍ ഉച്ചഭക്ഷണം കൊണ്ടു വന്നിട്ടില്ല എന്നറിയുന്നു. അതിന്‍റെ പേരില്‍ ആരും നിര്‍ത്തി പോകണ്ട. അവരുടന്‍ പള്ളിമുറിയുടെ അടുത്തെത്തണം. നമ്പറെടുക്കാനാണ്. ഭക്ഷണം ക്രമീകരിക്കുന്നതാണ്".

ഉണ്ടുകൊണ്ടിരുന്ന രണ്ടുമൂന്നവന്മാരു കൂടി എഴുന്നേറ്റ് ഓടുന്നതു കണ്ടപ്പോള്‍ അറിയാതെ ഞാനും പറഞ്ഞുപോയി: 'മഹാപാപീ'

പുറകെവന്ന അടുത്ത അറിയിപ്പ്:
"ഊണു കഴിഞ്ഞവര്‍ പാരീഷ്ഹാളിലേയ്ക്കു കുമ്പസാരിക്കാന്‍ പോവുക. ക്യൂ പാലിക്കുക. കുമ്പസാരിച്ചു കഴിയുന്നവരെല്ലാവരും, പള്ളിയില്‍ നടക്കുന്ന ആരാധനയില്‍ പങ്കെടുക്കുക."

പാരീഷ്ഹാളിനകത്ത് ഇടിപ്പടം കാണാന്‍ തീയേറ്ററിന്‍റെ ടിക്കറ്റ് കൗണ്ടറിലെ രംഗം. കുറെപ്പേര് അറിയാതെ പോയിനിന്നത് അച്ചന്മാരില്ലാത്ത കുമ്പസാരക്കൂടിനടുത്ത്. അതു മനസിലായപ്പോള്‍ അവരോടി മറ്റുള്ളിടത്തു നുഴഞ്ഞുകയറ്റം.  എല്ലാമൊന്നു ശാന്തമാകട്ടെയെന്നു കരുതി അനങ്ങാതിരുന്നപ്പോഴേയ്ക്കും ഒരുത്തന്‍ പാപവും പറഞ്ഞ് എഴുന്നേറ്റു പോയിക്കഴിഞ്ഞു. അടുത്തവനും മുട്ടുകുത്തി പറഞ്ഞുതുടങ്ങിയിരുന്നതിനാല്‍ ചെവി കൊടുത്തു.  ആറ് എന്ന് എണ്ണം പറഞ്ഞതു മുതലെ കേള്‍ക്കാന്‍ പറ്റിയുള്ളു, പിന്നെ ഏഴ്, എട്ട് അങ്ങനെ മൂന്നാം ക്ലാസ്സില്‍ പഠിച്ചിരുന്നപ്പോള്‍ അനിയത്തിക്കു കൊടുക്കാതെ മുട്ടായി തനിയെ തിന്നതടക്കം പതിനേഴായപ്പോള്‍ ഞാന്‍ ചോദിച്ചു, മൊത്തമെത്രയെണ്ണമുണ്ടെന്ന്. മുഴുവനും എണ്ണമിട്ടിട്ടില്ലെന്നു മറുപടി. നീണ്ട കടലാസിലേതു വായിച്ചുതീര്‍ക്കാന്‍ നേരം കുറെ എടുത്തു. അടുത്തവനും എണ്ണം പറഞ്ഞില്ലെങ്കിലും വായിച്ചുതുടങ്ങി. വായിക്കാതെ പറഞ്ഞാല്‍ പോരെ എന്നു ഞാന്‍ ചോദിച്ചപ്പോള്‍ ധ്യാനഗുരു പറഞ്ഞുപോലും ഒരു ചെറുതുപോലും വിട്ടുപോകാതെ  എല്ലാം പറഞ്ഞു കുമ്പസാരിക്കണമെന്ന്. വേണമെങ്കില്‍ എഴുതിയിട്ടു നോക്കിപ്പറയാനും പറഞ്ഞു ധ്യാനഗുരു പറഞ്ഞു കൊടുത്ത ലിസ്റ്റാണധികവും. അതിനിടയില്‍ നീണ്ട ക്യൂവിനു പുറകില്‍ നില്ക്കുന്ന കുറെ വിദ്വാന്മാര്‍ കുമ്പസാരിച്ചിട്ടു പോയവരുടെ ലിസ്റ്റു വാങ്ങിച്ചു പിടിക്കുന്നതു കണ്ടപ്പോള്‍ ഏതായാലും ഉണ്ണാതിരുന്നതു നന്നായി എന്നു തോന്നി. കാരണം അകത്തുന്ന് എരിഞ്ഞുകേറിവന്ന ഏതാണ്ടൊരു ഫീലിംഗ് വയറ്റിലൊതുക്കാന്‍ പറ്റി. മൂന്നാലു പേരെങ്കിലും ധ്യാനത്തിനിടയ്ക്ക് എഴുതാഞ്ഞവരായിരിക്കണം, മറ്റുള്ളവരുടേതുവാങ്ങി പകര്‍ത്തിയെഴുതുന്നതുകൂടെ കണ്ടപ്പോള്‍ ചിരിക്കാനും കരയാനും വയ്യാത്ത അവസ്ഥ.

ഇതിനെല്ലാം മാപ്പുസാക്ഷിയായി ഇരിക്കേണ്ടി വരുമ്പോഴും നവീകരണത്തിന്‍റെ കുപ്പായമിട്ട് കടന്നു വരുന്ന മൂഢശിരോമണികളെ കുട പിടിച്ചു നടത്തുന്നതും പുണ്യത്തിന്‍റെ പായ്ക്കറ്റിലിട്ട് അവരു വിതരണം ചെയ്യുന്ന അബദ്ധവേദപാഠങ്ങളെ ഹോള്‍ സെയിലില്‍ വിതരണം ചെയ്യുന്നതും ഏറെയും ശരിയുടെ കാവലാളുകളും, നെറിവിന്‍റെ നിറകുടങ്ങളുമായിരിക്കേണ്ട, നേതൃത്വത്തിലുള്ളവര്‍ തന്നെയല്ലെ എന്നുറക്കെ ചോദിച്ചാല്‍ ഇടിയും മിന്നലുമുണ്ടാകും, തീര്‍ച്ച!

You can share this post!

ഒരൊന്നൊന്നര ധ്യാനഗുരു

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

കോഴി കൂവുന്നുണ്ട്

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts