മനുഷ്യന്‍റെ സര്‍ഗാത്മകതയ്ക്ക് അതിര്‍വരമ്പുകളില്ല. ഈ ലോകത്തെ മുന്നോട്ടു നയിക്കുന്ന ചാലകശക്തി സര്‍ഗാത്മകതയാണ്. അതിന് ഭിന്നമുഖങ്ങളാണുള്ളത്. ജീവന്‍ ജോബ് തോമസിന്‍റെ 'സര്‍ഗോന്മാദം' എന്ന പുസ്തകം മനുഷ്യന്‍റെ സര്‍ഗാത്മകതയുടെ ഭിന്നതലങ്ങളും സാധ്യതകളും അന്വേഷിക്കുന്നു. അടിമത്തത്തില്‍നിന്ന് സ്വാതന്ത്ര്യത്തിലേക്കുള്ള മനുഷ്യവംശത്തിന്‍റെ മുന്നേറ്റമാണ് ഈ ഗ്രന്ഥത്തിന്‍റെ ചര്‍ച്ചാവിഷയം. 'അടിമയും അറിവും' മുതല്‍ 'സര്‍ഗാത്മകതയുടെ സ്വാതന്ത്ര്യത്തിലേക്ക്' വരെയുള്ള മുപ്പത് അധ്യായങ്ങളിലൂടെ തന്‍റെ കാഴ്ചപ്പാടുകള്‍ ഗ്രന്ഥകാരന്‍ ആവിഷ്കരിക്കുന്നു.
സ്വാതന്ത്ര്യമാണ് സര്‍ഗാത്മകതയെ പോഷിപ്പിക്കുന്നത്. സ്വാതന്ത്ര്യമെന്നത് സര്‍ഗാത്മകജീവിതമാണ്. 'സ്വന്തം ജീവിതത്തിന്‍റെ സ്വയംനിര്‍ണയാവകാശം കൂടിയാണ്' എന്ന് ജീവന്‍ എഴുതുന്നു. 'സര്‍ഗാത്മകതയുടെ ഏറ്റവും സൂക്ഷ്മമായ സാധ്യത അതു മനുഷ്യന്‍റെ ആത്യന്തികസ്വാതന്ത്ര്യത്തെ കുറിക്കുന്നു എന്നതാണ്. അടിമത്തം എന്നാല്‍ ഒരാളുടെ സര്‍ഗാത്മകതയെ അല്പംപോലും സ്വന്തം ജീവിതത്തിലേക്കു പ്രയോഗിക്കാനാവാത്ത അവസ്ഥയാണ് എന്ന ചിന്തയില്‍ നിന്നാണ് അദ്ദേഹം അന്വേഷണം ആരംഭിക്കുന്നത്. "ആത്യന്തികമായി നമ്മെ ബന്ധിച്ചിരിക്കുന്ന അടിമത്തത്തിന്‍റെ ചങ്ങലയെ ഭേദിക്കുമ്പോള്‍ മാത്രമേ മനുഷ്യജീവിതത്തിന്‍റെ യഥാര്‍ത്ഥഅനുഭവം ഒരാള്‍ക്ക് സാധ്യമാകുകയുള്ളൂ" എന്നതാണ് സത്യം. "അടിമത്തം ഒരിക്കലും അവസാനിക്കാത്ത വിധത്തില്‍ നമ്മുടെ സ്വഭാവത്തിന്‍റെ സൂക്ഷ്മകോണുകളില്‍ വിളക്കിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു' എന്നതും ഗ്രന്ഥകാരന്‍ തിരിച്ചറിയുന്നു. മതത്തിന്‍റെ, രാഷ്ട്രീയത്തിന്‍റെ, പ്രത്യയശാസ്ത്രങ്ങളുടെ, ഭൂതകാലത്തിന്‍റെ ഒക്കെ അടിമത്തത്തില്‍ കഴിയുന്നവരാണ് ഏറെയും. അവര്‍ക്ക് സര്‍ഗാത്മകതയുടെ ആകാശങ്ങളെ പുല്‍കാനാവില്ല.
ഞാന്‍ ആരുടെയും അടിമയല്ല, സ്വന്തം ജീവിതത്തെ സ്വയം നിര്‍ണയിക്കാന്‍ കരുത്തുള്ള ഒരു മനുഷ്യജീവിയാണെന്ന് തിരിച്ചറിഞ്ഞ ഘട്ടമാണ് ചരിത്രത്തിലെ നിര്‍ണായക മുഹൂര്‍ത്തം. അവിടെനിന്നാണ് സര്‍ഗാത്മകാന്വേഷണങ്ങള്‍ ആരംഭിക്കുന്നത്. എന്നാല്‍ എല്ലാക്കാലത്തും സാമൂഹികസ്ഥാപനങ്ങള്‍ മനുഷ്യനെ നിയന്ത്രിച്ച് അടിമയാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. മതവും വിദ്യാഭ്യാസവും അധികാരവും എല്ലാം അത്തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വ്യക്തിയുടെ അന്വേഷണങ്ങള്‍ക്ക് വിലക്കു കല്പിക്കുന്ന ഏതു സ്ഥാപനവും സര്‍ഗാത്മകതയ്ക്ക് വിലങ്ങുതടിയായി വര്‍ത്തിക്കുന്നു. ചോദ്യംചെയ്യല്‍ അപ്രസക്തമാകുമ്പോള്‍ അന്വേഷണങ്ങള്‍ക്ക് പ്രസക്തിയില്ല.
"യുക്തിബോധവും മാനുഷികമൂല്യങ്ങളും സാമൂഹികബോധവും സംസ്കാരത്തിന്‍റെ അടയാളങ്ങളാണ്. മനുഷ്യന്‍ കൂടുതല്‍ യുക്തിബോധവും മാനുഷികമൂല്യങ്ങളും സാമൂഹികബോധവും പ്രദര്‍ശിപ്പിക്കേണ്ടതാണ്" എന്ന് ജീവന്‍ നിരീക്ഷിക്കുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യം അതല്ല. "അടിച്ചമര്‍ത്തപ്പെടുന്ന ചോദ്യങ്ങള്‍ ഒരു മനുഷ്യന്‍റെ യുക്തിവിചാരശേഷിയെ അടിച്ചൊതുക്കി ചെറുതാക്കുകയാണ്." അങ്ങനെ സര്‍ഗാത്മകതയുടെ ചക്രവാളം ചെറുതാകുന്നു. ഇതുതന്നെയാണ് മാനുഷികമൂല്യങ്ങളുടെയും സാമൂഹികബോധത്തിന്‍റെയും കാര്യവും.
"വിജ്ഞാനം എന്നത് തീവ്രമായ സ്വാതന്ത്ര്യം നിലനില്‍ക്കുന്ന അന്വേഷണത്തിലൂടെ സംഭവിക്കുന്നതാണ്. കൗതുകത്തിന്‍റെ തടഞ്ഞുനിര്‍ത്താനാവാത്ത ഒഴുക്കാണത്. കേവലം യാന്ത്രികമായ പ്രവൃത്തികള്‍ക്കെല്ലാം അപ്പുറം അത് ആത്മീയമായ ഒരനുഭൂതിയാണ് എന്ന തിരിച്ചറിവാണ് ഉണ്ടാകേണ്ടത്. 'അറിവാണ് ഭാവിയിലേക്കുള്ള മനുഷ്യന്‍റെ ഏറ്റവും കരുത്തുറ്റ യാത്രാപേടകം.' സ്വതന്ത്രമായ അന്വേഷണത്തില്‍നിന്നാണ് യഥാര്‍ത്ഥ അറിവ് ജനിക്കുന്നത്. അത് സ്വാതന്ത്ര്യത്തിന്‍റെ ഉപോല്‍പ്പന്നമാണ്. തടവറ തകര്‍ക്കുന്ന സര്‍ഗാത്മകതയാണ് അറിവിന്‍റെ പുതിയലോകം നിര്‍മ്മിക്കുന്നത്. "ഏറ്റവും നല്ല അടിമയെയും ഏറ്റവും നല്ല യന്ത്രമനുഷ്യനെയും രൂപപ്പെടുത്തുന്നത് തന്‍റെ സര്‍ഗാത്മകതയില്‍ അധിഷ്ഠിതമായ സ്വതന്ത്രബുദ്ധി അടിയറവെയ്ക്കുന്നതിലൂടെയാണ്. സ്വാതന്ത്ര്യം എന്നത് മറ്റുള്ള അധികാരബന്ധങ്ങളില്‍ നിന്നും കേവലമായി മോചിക്കപ്പെട്ട അവസ്ഥ മാത്രമല്ല, അത് മനുഷ്യാവസ്ഥയുടെ പൂര്‍ണമായ സാധ്യതയെ പുല്‍കലാണ്.
'ജീവിതം ആയാസരഹിതവും സ്വാഭാവികവും പ്രതീക്ഷാനിര്‍ഭരവുമായി മുന്നോട്ടു ചലിച്ചുകൊണ്ടിരിക്കണമെങ്കില്‍ നാം ചെയ്യുന്ന ഓരോ കാര്യവും വളരെ സൂക്ഷ്മമായ അര്‍ത്ഥത്തില്‍തന്നെ നമുക്ക് ആസ്വാദ്യകരമായിരിക്കണം.' അതില്ലെങ്കില്‍ പ്രവൃത്തികളില്‍നിന്ന് നാം അന്യവല്‍ക്കരിക്കപ്പെടും. ഇത് അസംതൃപ്തി ഉള്ളില്‍ നിറയാന്‍ കാരണമാകും. അത് ആന്തരികസംഘര്‍ഷത്തിലേക്ക് നമ്മെ നയിക്കും. സര്‍ഗാത്മകത നഷ്ടപ്പെട്ട കര്‍മ്മങ്ങള്‍ അര്‍ത്ഥരഹിതമായി പരിണമിക്കുന്നു. 'യുക്തിയെയും ഭാവനയെയും എത്രമാത്രം മനോഹരമായി കൂട്ടിയിണക്കാനാകുന്നു എന്നിടത്താണ് മനുഷ്യന്‍റെ സര്‍ഗാത്മകതയുടെ ഏറ്റവും ആഴത്തിലുള്ള ഘടകം നിലനില്‍ക്കുന്നത്.'
'മനുഷ്യന്‍ ഒരു പൂര്‍ണ്ണജീവി ആകുമ്പോള്‍ മാത്രമേ സ്വാതന്ത്ര്യം ഉയര്‍ന്നു വരികയുള്ളൂ' എന്ന് ഷില്ലര്‍ അഭിപ്രായപ്പെടുന്നു. പൂര്‍ണ്ണജീവി എന്നതിന്‍റെ അര്‍ത്ഥം അയാളുടെ ഭാവനയുടെയും ബൗദ്ധികതയുടെയും അടിസ്ഥാനപരമായിട്ടുള്ള പ്രേരണകളെ പൂര്‍ണമായി വികസിപ്പിക്കുക എന്നതാണ്. ഭാവനയുടെയും ബൗദ്ധികതയുടെയും സ്വാഭാവികവും തുല്യപ്രധാനവുമായ സമ്മേളനമാണ് മനുഷ്യസ്വാതന്ത്ര്യത്തിന്‍റെ ആണിക്കല്ല്. സര്‍ഗാത്മകമായി ജീവിതത്തോട് ഇടപെടാന്‍ കഴിയാത്തവരെല്ലാം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അടിമ ജീവിതത്തെ പുല്‍കുന്നവരാണ്. ചെയ്യുന്ന എന്തുകാര്യത്തിലും സര്‍ഗാത്മകമായ ഇടപെടലുകള്‍ നടത്തുമ്പോള്‍ മാത്രമാണ് നാം അടിമത്തത്തെ അതിജീവിക്കുന്നത്.
ജീവന്‍ ജോബ് തോമസ് ചുരുക്കിപറയുന്നു: "സര്‍ഗാത്മകമായ ജീവിതരീതിയാണ് മനുഷ്യസ്വാതന്ത്ര്യത്തിന്‍റെ ആണിക്കല്ല്. നമ്മുടെ ഭാവനാത്മകവും യുക്ത്യധിഷ്ഠിതവുമായ ആന്തരികപ്രേരണകളെ അതിന്‍റെ മുഴുവന്‍ ശേഷിയോടെയും കൂട്ടിയിണക്കുമ്പോഴാണ് സര്‍ഗാത്മക ജീവിതം സാധ്യമാകുന്നത്. സാമൂഹികം സാമ്പത്തികവും രാഷ്ട്രീയവുമായി നിര്‍മ്മിക്കപ്പെടുന്ന അടിമത്തത്തെ തോല്പിക്കാനും സ്വാതന്ത്ര്യത്തിലേക്ക് വളരാനും യുക്തിയോടൊപ്പം ഭാവനയെ നമ്മള്‍ ആഴത്തില്‍ കൂട്ടിയിണക്കേണ്ടതുണ്ട്.
നമ്മുടെ ചിന്തയെ മുന്നോട്ടു നയിക്കുന്ന ഗ്രന്ഥമാണ് 'സര്‍ഗോന്മാദം.' സ്വതന്ത്രമായ അന്വേഷണങ്ങള്‍ക്ക് ഇത് പ്രചോദനമേകുന്നു.
(സര്‍ഗോന്മാദം - ജീവന്‍ ജോബ് തോമസ് - ഡി.സി. ബുക്സ്).