ആശ്രമാംഗങ്ങളൊന്നിച്ച് ധ്യാനത്തില്‍ പങ്കെടുക്കുന്നതുകൊണ്ട് തുടരെത്തുടരെ കുമ്പസാരിക്കാനെത്തുന്നവരെയോര്‍ത്ത് വേറെ ഒരാശ്രമത്തില്‍ നിന്നും ഒരച്ചനെ ഒരാഴ്ചത്തേയ്ക്കു കിട്ടുമോ എന്നറിയാന്‍ ചെന്നതായിരുന്നു. കാര്യം സാധിച്ചു. പത്തെഴുപത്തഞ്ചു വയസ്സുണ്ടെങ്കിലും തലേ ആഴ്ചയിലും ഒരു മീറ്റിംഗില്‍ പങ്കെടുക്കാന്‍ വേണ്ടി തന്നെത്താനെ കല്‍ക്കട്ടായ്ക്കു പോയിട്ടു വന്ന ഒരു റിട്ടയേര്‍ഡ് അധ്യാപകനച്ചനാണ് വരാന്‍ സമ്മതിച്ചത്. മുന്‍പരിചയമുണ്ടായിരുന്നതുകൊണ്ട് അദ്ദേഹത്തെ പ്രതീക്ഷിച്ചു തന്നെയാണു ഞാന്‍ ചെന്നതും. യാത്ര പറയുന്നതിനുമുന്‍പ് അല്പം ചായ കുടിക്കാനായി ഭക്ഷണമുറിയിലെത്തിയപ്പോഴാണ് അദ്ദേഹത്തിന്‍റെ മൊബൈല്‍ ശബ്ദിച്ചത്. അവിടെയിരുന്നുകൊണ്ടുതന്നെ അദ്ദേഹം അത് അറ്റന്‍റു ചെയ്തു. സംസാരത്തില്‍നിന്നും ആരോ ബന്ധുക്കളാണെന്നു ഞാനൂഹിച്ചു. പിന്നത്തെ മാസം 16-ാം തീയതിയാണെന്നും വ്യക്തമായി. ഏതു പള്ളിയില്‍ വച്ചാണു കല്യാണമെന്നു ചോദിച്ചതില്‍നിന്നും വിഷയമെന്താണെന്നും മനസ്സിലായി. പിന്നെയങ്ങോട്ട് ആ വല്യച്ചന്‍ പറഞ്ഞ, നട്ടാല്‍ കുരുക്കാത്ത കള്ളങ്ങളുതന്നെ കേട്ട് ഞാനന്തം വിട്ടിരുന്നു പോയി. തീരെസുഖമില്ല, രണ്ടാഴ്ചയായി മുറിയില്‍ നിന്നിറങ്ങിയിട്ടില്ല, ആശ്രമത്തില്‍ ആളും കുറവാണ്. അതും പോരാഞ്ഞ് പിന്നത്തെമാസം രണ്ടാഴ്ചത്തേയ്ക്കു പ്രകൃതി ചികിത്സയ്ക്കു നേരത്തെ ബുക്കു ചെയ്തിരിക്കുന്നു എന്നൊക്കെ.
അഞ്ചുമിനിറ്റു മുമ്പ് കല്‍ക്കട്ടായാത്രയെപ്പറ്റിപ്പറഞ്ഞ കൂട്ടത്തില്‍ ഒരു മുട്ടുവേദന പോലുമില്ലെന്നും, തമ്പുരാന്‍റെ കൃപകൊണ്ട് നല്ല നാല്പതു വയസ്സിന്‍റെ ആരോഗ്യമാണെന്നും പറഞ്ഞ ആളാണ്. അടുത്ത മാസങ്ങളിലൊന്നും മറ്റു പരിപാടികളൊന്നുമില്ലാത്തതുകൊണ്ട് ആശ്രമത്തിലെ ലൈബ്രറിയെല്ലാം ഒന്നു റീ അറേഞ്ചു ചെയ്യാന്‍ പോവുകയാണെന്നും പറഞ്ഞു കഴിഞ്ഞുടനെയാണത്. എന്നാലും മനസ്സിലൊരു തണുപ്പുകിട്ടി. മനസ്സാക്ഷിക്കുത്തു കുറഞ്ഞതു പോലൊരു തോന്നല്‍. ഇതിനെക്കാളും മുട്ടന്‍ വെടി, ഇഷ്ടമില്ലാത്തവരു വിളിക്കുമ്പോഴോ, താല്പര്യമില്ലാത്ത കാര്യം ചോദിക്കുമ്പോഴോ, ഇഷ്ടം പോലെ ഞാനും തട്ടിയിട്ടുണ്ട്. അതുകഴിയുമ്പം വല്ലാത്ത വിഷമോം തോന്നും. ഇപ്പമൊരാശ്വാസം, എന്നെക്കാളും പ്രായമുള്ള വല്യച്ചന്മാരും ഇതൊക്കെത്തന്നെ പ്രയോഗിക്കാറുണ്ടല്ലോന്നോര്‍ത്തപ്പോള്‍.
"അവനുമറിയാം ഞാന്‍ പറഞ്ഞതൊക്കെ വെടിയാണെന്ന്." ഫോണ്‍ കട്ടു ചെയ്തയുടനെ അച്ചന്‍റെ കമന്‍റ്. കള്ളം പറഞ്ഞതിലുള്ള ചമ്മല്‍ മാറ്റാനായിരിക്കും. അച്ചനൊരു വിശദീകരണം തന്നു.
"എന്‍റെയൊരു ബന്ധുവാ വിളിച്ചത്. അവന്‍റെ മകളുടെ കല്യാണത്തിനു ചെല്ലണമെന്ന്. നേരത്തെ പറഞ്ഞതായിരുന്നു. നോക്കാമെന്നും പറഞ്ഞു. ഞാന്‍ ചെല്ലുകേലന്നവനറിയാം. എന്നിട്ടു പിന്നേം വിളിച്ചപ്പം രണ്ടു വെടികൂടിയങ്ങടിച്ചു. എന്നെ വിളിച്ചില്ലേന്നു ആരെങ്കിലും ചോദിച്ചാല്‍ അവനു പറയാനുള്ള വിഷയം കൂടിയങ്ങു കൊടുത്തു."
"എന്നാലും ഇത്രേം നിര്‍ബന്ധിച്ചു വിളിച്ചപ്പോള്‍ പോകാമായിരുന്നു. മുമ്പേ അച്ചന്‍ പറഞ്ഞ പോലെ പരിപാടികളൊന്നുമില്ലായിരുന്നല്ലോ." ഒരു സാമാന്യ ന്യായം ഞാനും പറഞ്ഞു.
"അച്ചാ ഒരു പ്രായം കഴിഞ്ഞാല്‍ നമുക്കു വളരെ കരുതലുവേണം. ചാടിക്കേറി എല്ലാമങ്ങു വിശ്വസിക്കരുത്. എന്തു കൊണ്ടാ അവനെന്നെ അത്രേം നിര്‍ബന്ധിച്ചതെന്നറിയാമോ, ഞാന്‍ ചെല്ലുകേലെന്നുറപ്പുള്ളതു കൊണ്ടാ." അച്ചനതും പറഞ്ഞു ചിരിച്ചപ്പോള്‍ ഞാനും കൂടി.
"ഞാന്‍ ചെല്ലാമെന്നു സമ്മതിച്ചാല്‍ അവന്‍ പറയാന്‍ പോകുന്നതെന്തായിരിക്കുമെന്നറിയാമോ? ഇനി എന്തെങ്കിലും കാരണത്താല്‍ അച്ചനു വരാന്‍ പറ്റിയില്ലെങ്കില്‍ പ്രാര്‍ത്ഥിക്കാന്‍ മറക്കല്ലേന്ന്. അതിന്‍റെയര്‍ത്ഥമെന്താണെന്നറിയാമ്മോ? അച്ചനു പൊന്നു മനസ്സുണ്ടേല്‍ വന്നാല്‍ മതി, വണ്ടീം വള്ളോമൊന്നും വിടുകേലന്ന്" വീണ്ടും അച്ചന്‍റെ ചിരി.
"അച്ചാ, ചെറുപ്പമായിരിക്കുമ്പോള്‍ നമ്മളു ചെല്ലുന്നതെല്ലാവര്‍ക്കും ഇഷ്ടമാ. പക്ഷെ ഒരു പ്രായം കഴിഞ്ഞാല്‍ പിന്നെ നമ്മള്‍ ബാധ്യതയാ. അവരുവിളിക്കും എല്ലാത്തിനും. ചെന്നാലവര്‍ക്കു ടെന്‍ഷനാ. നമ്മടെ പ്രായം മാനിച്ചു പ്രത്യേകം പരിഗണിക്കണം. അല്പമസുഖം വല്ലതും കൂടെയുണ്ടെങ്കില്‍ അതിന്‍റെ ഭക്ഷണോം അതുമിതും. വണ്ടിവിടണം. വണ്ടിയേല്‍ക്കേറ്റണം. തിരിച്ചു കൊണ്ടു വിടണം. സ്നേഹോം മനസ്സും ഉണ്ടെങ്കില്‍ പോലും അവര്‍ക്കതെല്ലാം ബാധ്യതയാ. അല്ലാ, അച്ചന്‍ ചായ കുടി, ഞാനല്പം വേദാന്തം പറഞ്ഞന്നേയുള്ളൂ. "കുടിച്ചു തീര്‍ന്ന കപ്പിലേക്ക് അച്ചന്‍ പിന്നേം ചായ ഒഴിച്ചു. ഇനീ ഇതു പോലത്തെ വല്ല പുതിയ പീസുകളുമുണ്ടെങ്കില്‍ പോരട്ടേന്നു കരുതി കപ്പു നിറയട്ടെന്നു ഞാനും കരുതി. അച്ചന്‍ തുടര്‍ന്നു:
"ഇതു പോലൊരു തമാശു ഞാന്‍ കണ്ടതാ, ഇവിടത്തന്നെ. പത്തെണ്‍പത്തഞ്ചു വയസ്സുള്ള അച്ചനാ. അങ്ങേരുടെ വീട്ടിലൊരു പശുപെറ്റാലും അന്വേഷിക്കാന്‍ പോണം. ഒത്തിരി അസുഖങ്ങളുമുണ്ട്. വീട്ടുകാരു വണ്ടിയേല്‍ വന്നു കൊണ്ടു പോകും. കുറച്ചു നാളു മുമ്പങ്ങേരുടെയൊരു അകന്ന ബന്ധുവിന്‍റെ മരിച്ചതിന്‍റെ ആണ്ടായിരുന്നു. അവരു വിവരമറിയിച്ചു. ക്ഷണിച്ചതൊന്നുമല്ല. അറിയിച്ചതാണ്. ചെല്ലുന്നുണ്ട് വണ്ടി വിട്ടേക്കണമെന്നു പറഞ്ഞു. അവരു മറന്നതോ മനപ്പൂര്‍വ്വമോ എന്തോ വണ്ടി വിട്ടല്ല. അന്നവരെ വിളിച്ചു മുട്ടന്‍ വഴക്ക്. അവര് ഉച്ചകഴിഞ്ഞ് ക്ഷമപറയാന്‍ വന്നു. കാപ്പി പോലും കൊടുക്കാതെ അവരെ വിട്ടു. അച്ചന്‍ കാണാതെ അവരിലൊരാളെ മാറ്റി നിര്‍ത്തി ഞാന്‍ ചോദിച്ചു, അങ്ങേര്‍ക്കിത്രേം പ്രായമായില്ലേ ഇങ്ങനെ തൊട്ടതിനെല്ലാം വിളിച്ചോണ്ടു പോയി ബുദ്ധിമുട്ടിപ്പിക്കാതിരിക്കാന്‍ മേലേന്ന്. അയാളു പറഞ്ഞ മറുപടി അറിയാമോ? ഈ മുതുക്കച്ചനെ അവര്‍ക്കാര്‍ക്കും ഇഷ്ടമല്ലെന്ന്. അങ്ങേരുടെ ജീവിച്ചിരിക്കുന്ന ഒരനിയനുപോലും താല്പര്യമില്ലെന്ന്. എന്നും എല്ലായിടത്തും ഇടിച്ചു കയറിച്ചെല്ലുന്ന ആളായതുകൊണ്ട് അറിയിച്ചില്ലേലെങ്ങിനെയാണെന്നോര്‍ത്തിട്ടാണെന്ന്. അതിന്‍റെ ശരിയര്‍ത്ഥം അച്ചനു തിരിഞ്ഞോ? ഈ കെളവനൊന്നു തട്ടിപ്പോയിരുന്നെങ്കില്‍ ശല്യമൊഴിഞ്ഞേനേന്നാ." അച്ചന്‍ പൊട്ടിച്ചിരിച്ചപ്പോള്‍ അതിലുമുറക്കെ ഞാനും ചിരിച്ചുപോയി.
"വെടിക്കെട്ടു തീര്‍ന്നില്ല, ഒരെണ്ണം കൂടെ പിടിച്ചോ, കുറെ നാളു മുമ്പത്തെയായതുകൊണ്ടു മറന്നു കിടന്നത് ഇപ്പം ഓര്‍ത്തതുകൊണ്ട് പറയാം. അഞ്ചാറു മാസം മുമ്പാണ്. അങ്ങേരുടെ ഒരടുത്തബന്ധുവിന്‍റെ മകന്‍റെ കല്യാണത്തിനു ക്ഷണിക്കാന്‍ കെട്ടാന്‍ പോകുന്ന ചെറുക്കന്‍ സഹിതം വന്നു. അവരു കാര്യങ്ങളെല്ലാം നേരെ നല്ല നയത്തിനു പറഞ്ഞു. നാലുമണിക്കുറെങ്കിലുമെടുക്കുന്ന യാത്ര. നല്ല വേനല്‍ക്കാലവും. പോയാല്‍ തിരിച്ചു എല്ലാം കഴിഞ്ഞു യാത്ര ബുദ്ധിമുട്ടാകും. അതുകൊണ്ട് അച്ചന്‍ പ്രാര്‍ത്ഥിച്ചാല്‍ മതി. അതുകൊണ്ടാണ് നേരത്തെ അനുഗ്രഹം വാങ്ങിക്കാനും 'സ്തുതി' കൊടുക്കാനുമൊക്കെ ചെറുക്കന്‍ തന്നെനേരിട്ടു വന്നത് എന്നൊക്കെ. പോകുന്നില്ല എന്ന് ഏതാണ്ടൊക്കെയൊന്നു സമ്മതിച്ചതായിരുന്നു. എന്നാലും അവരു പോകാനെഴുന്നേറ്റു 'സ്തുതീം' കൊടുത്തു കഴിഞ്ഞപ്പോള്‍ അച്ചനൊരു മനംമാറ്റം. അങ്ങേരുടെ ആരോഗ്യമോര്‍ത്ത് അവരുടെ വിഷമം കൊണ്ടങ്ങനെയൊക്കെപ്പറഞ്ഞാലും അങ്ങേര്‍ക്കു വരാന്‍ മനസ്സാണ്, വണ്ടി വിട്ടാല്‍ മതിയെന്ന്. അവരുടെ അവസ്ഥയോര്‍ത്തു നോക്കിക്കേ. പോകാന്‍ നേരത്തു ചെറുക്കന്‍റപ്പന്‍ എന്‍റടത്തു പറഞ്ഞിട്ടു പോയി, ഒരാഴ്ചകൂടെയുണ്ട്, എങ്ങിനെയെങ്കിലും അങ്ങേരെ ഒന്നു പിന്തിരിപ്പിക്കാന്‍ നോക്കണമെന്ന്. ഞാനങ്ങിനത്തെപ്പണിക്കൊന്നും പോകാറില്ലാത്തതുകൊണ്ട് പാഠം മാത്രം മനസ്സില്‍ കുറിച്ചിട്ടു. മുമ്പേ അച്ചനോടു പറഞ്ഞതു പോലെ ഒരു പ്രായം കഴിഞ്ഞാല്‍ നമ്മള്‍ ബാധ്യതയാണെന്നു സ്വയം അറിയണമെന്ന്. മറ്റേപ്പുരാണം തീര്‍ന്നില്ല. അവരു വണ്ടി വിട്ടു. അച്ചന്‍ പോവുകേം ചെയ്തു. എന്തുപറ്റിയെന്നറിയില്ല അച്ചന്‍ പിറ്റെ ദിവസം സൂപ്പര്‍ ഫാസ്റ്റിന് വന്ന് സ്റ്റാന്‍ഡിലിറങ്ങി, ഓട്ടോയും പിടിച്ചാണ് തിരിച്ചു വന്നത്. അവരൊരുപാഠം പഠിപ്പിച്ചതാണെന്നു തോന്നുന്നു. തിരിച്ചു കാറില്‍ കൊണ്ടുവന്നു വിട്ടില്ല." അച്ചനൊന്നു നിര്‍ത്തി. "എന്നിട്ടങ്ങേരു പാഠം പഠിച്ചോ, പോക്കൊക്കെ നിര്‍ത്തിയോ?"
"എവിടെ പഠിക്കാന്‍. ആളിപ്പോഴും ആ പടി. പക്ഷെ ഞാന്‍ പഠിച്ചു. അറിഞ്ഞുകൊണ്ടാര്‍ക്കും ബാധ്യതയാകാതിരിക്കാന്‍. അതിനുവേണ്ടി ഫോണില്‍ക്കൂടി കടിച്ചാല്‍ പൊട്ടാത്ത വെടി പൊട്ടിച്ചാലും കുമ്പസാരിക്കാന്‍ ഓടണ്ടാന്ന്." അച്ചന്‍ നിര്‍ത്തി.
"ഏതായാലും, അച്ചനെ നേരിട്ടല്ലാതെ ഫോണില്‍ കൂടി ബന്ധപ്പെടില്ലാന്നും ഞാനും തീരുമാനിച്ചു." ഞാന്‍ പോകാന്‍ എഴുന്നേറ്റു.