news-details
ഇടിയും മിന്നലും
അടുത്തനാളില്‍ പത്തെണ്‍പതു വയസ്സുള്ള ഒരു കാരണവരുടെ മൃതസംസ്ക്കാരത്തില്‍ പങ്കെടുക്കാന്‍ പോയി. ബന്ധുവും മിത്രവുമൊന്നുമല്ല, ഞങ്ങളുടെ മിഷനെ ഒരുപാടു സഹായിച്ചിരുന്ന ഒരാളായിരുന്നതുകൊണ്ട്, അവിടെനിന്നും ആവശ്യപ്പെട്ട പ്രകാരം പോയതായിരുന്നു ഞാന്‍. രാവിലെ പത്തുമണിക്കായിരുന്നു കര്‍മ്മങ്ങള്‍ വീട്ടില്‍ ആരംഭിക്കുക. അവിടെ എത്തണമെങ്കില്‍ കാറിന് അഞ്ചാറുമണിക്കൂറു യാത്രയുണ്ട്. അതുകൊണ്ട് സമയം തെറ്റാതിരിക്കാന്‍ വെളുപ്പിനു രണ്ടുമണിക്കുതന്നെ യാത്രയാരംഭിച്ചു. രാത്രിയായിരുന്നതുകൊണ്ടും ഡ്രൈവറുടെ മിടുക്കുകൊണ്ടും അഞ്ചുമണിക്കൂറുകൊണ്ട് സ്ഥലത്തെത്തി, വീടുകണ്ടുപിടിച്ചു. അതുവരെയും പെട്ടിയിലാക്കിയിട്ടില്ലായിരുന്ന മൃതശരീരം വീടിന്‍റെ വിശാലമായ സിറ്റൗട്ടില്‍ മൊബൈല്‍ മോര്‍ച്ചറിയില്‍ വച്ചിട്ടുണ്ടായിരുന്നു. മൃതശരീരത്തിനടുത്ത് അല്പനേരം മൗനമായി നിന്നു പ്രാര്‍ത്ഥിക്കുമ്പോള്‍ ഒരാള്‍ അടുത്തുവന്ന് സൗഹൃദമോ സ്നേഹമോ ഒന്നുമില്ലാത്ത സ്വരത്തില്‍ ആധികാരിമായ ഒരു ചോദ്യം:
 
"എവിടെനിന്നാ വരുന്നത്?"
 
ഇത്രയും ദൂരെനിന്നു ചെന്നതുകൊണ്ട് വല്ല പരിഗണനയും തരാനായിരിക്കുമെന്നുകരുതി ഉടനെ ഞാന്‍ സ്ഥലം പറഞ്ഞു. 
 
"ഓ, അതിന്‍റെയൊന്നും ആവശ്യമില്ലായിരുന്നു." 
 
ആരോടെന്നില്ലാതെ അയാള്‍ പറഞ്ഞതുകേട്ട് അന്തംവിട്ടു ഞാന്‍ നില്ക്കുമ്പോള്‍ അയാള്‍ വേറെ എന്തോകൂടി സ്വരംതാഴ്ത്തി പറഞ്ഞുകൊണ്ടു നടന്നുപോയപ്പോള്‍ എന്നോടല്ല അതു പറഞ്ഞതെന്നു മനസ്സിലായി. അടുത്തെങ്ങും മറ്റാരും ഇല്ലായിരുന്നു താനും. മരിച്ചവര്‍ക്കുവേണ്ടിയുള്ള ഒപ്പീസുപാടാനുള്ള സാമഗ്രികളൊന്നും പരിസരത്തെങ്ങും കണ്ടില്ല. അവിടെ ആരെയും എനിക്കു പരിചയമില്ലാതിരുന്നതുകൊണ്ടും, കര്‍മ്മങ്ങള്‍ തുടങ്ങാന്‍ രണ്ടുമണിക്കൂര്‍ പിന്നെയും ബാക്കിയുണ്ടായിരുന്നതുകൊണ്ടും, ആരെയും ബുദ്ധിമുട്ടിക്കാതെ പന്തലിന്‍റെ ഒരു മൂലയില്‍ സ്ഥാനംപിടിച്ചു. അപ്പോഴാണ് മൊബൈല്‍ഫോണില്‍ സംസാരിച്ചുകൊണ്ട് വീടിനകത്തുനിന്നും ഒരാള്‍ ഇറങ്ങിവരുന്നതു കണ്ടത്. അവിടിവിടെയായിട്ടു നിന്നിരുന്ന പലര്‍ക്കും അദ്ദേഹം എന്തൊക്കെയോ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നതു കണ്ടപ്പോള്‍, മരിച്ച ആളിന്‍റെ മകനായിരിക്കും എന്ന കണക്കുകൂട്ടലില്‍ ഞാന്‍ എഴുന്നേറ്റ് അടുത്തേയ്ക്കു ചെന്നു. എന്നെ കണ്ടയുടനെ ആള് എന്‍റെയടുത്തേയ്ക്കുനടന്നു. മുന്‍ പരിചയമില്ലാതിരുന്നതുകൊണ്ട് പരസ്പരം പരിചയപ്പെടുത്തി. 
 
"ബോഡി പെട്ടിയിലാക്കാന്‍ സമയമായച്ചാ, ഞാനങ്ങോട്ടു ചെല്ലട്ടെ."
 
"എന്‍റെ കാര്യം ശ്രദ്ധിക്കുകയേവേണ്ട, അടക്കുകഴിഞ്ഞാലുടനെ ഞാന്‍ പോകും, ഇപ്പോള്‍ത്തന്നെ യാത്രചോദിക്കുകയാണ്."
 
"അടക്കിനുവരുന്ന അച്ചന്മാര്‍ക്കു പള്ളിമുറിയില്‍ ഊണു ക്രമീകരിച്ചിട്ടുണ്ട്. അച്ചന്‍ ഉണ്ടിട്ടേ പോകാവൂ, ഇത്രയും ബുദ്ധിമുട്ടി അച്ചന്‍ വന്നതിനു നന്ദി."
 
ഞാന്‍ പഴയ സീറ്റിലേയ്ക്കുതന്നെ മടങ്ങി. നേരത്തെ സൂചിപ്പിച്ച മാന്യന്‍ കാര്യസ്ഥനെപ്പോലെ ഓടിനടക്കുന്നതു കാണാമായിരുന്നു. ആ സമയത്ത് മൂന്നുനാലു ചെറുപ്പക്കാര് പെട്ടിയിലാക്കിയ മൃതശരീരം പന്തലിലേയ്ക്ക് കൊണ്ടുവരുമ്പോള്‍ വയ്ക്കാനുള്ള മേശ സജ്ജീകരിക്കുന്നുണ്ടായിരുന്നു. അതിനുവേണ്ടി നേരത്തെതന്നെ കസേര ഒഴിവാക്കിയിട്ടിരുന്ന സ്ഥലത്ത്, അവര്‍ മേശയുമിട്ട്, തിരികളും കുരിശും സാമ്പ്രാണിയുമൊക്കെ ശരിയാക്കിവച്ചു. വരുന്നവര്‍ക്കൊക്കെ മൃതശരീരത്തിനടുത്തുവന്നിട്ടു കടന്നുപോകാനുള്ള സൗകര്യം നോക്കിയായിരുന്നു പെട്ടിവയ്ക്കാനുള്ള മേശ അവരിട്ടിരുന്നത്. തൊട്ടടുത്തുതന്നെ ഒപ്പീസുപുസ്തകവും ഊറാലയും വയ്ക്കുന്നതുകണ്ടപ്പോള്‍ ഒരൊപ്പീസും ചൊല്ലാമെന്നോര്‍ത്തു ബോഡി കൊണ്ടുവരുന്നതും കാത്ത് ഞാനുമിരുന്നു.
 
ഏതാണ്ട് അരമണിക്കൂറു കഴിഞ്ഞപ്പോള്‍ ശവമഞ്ചവുമായി അവരെല്ലാവരും പന്തലിലേയ്ക്കിറങ്ങിവന്നു. പെട്ടി മേശയില്‍ വച്ചുകൊണ്ടിരിക്കുമ്പോഴാണ്, നമ്മുടെ കാര്യസ്ഥന്‍ ഓടിയെത്തിയത്. 
 
"പെട്ടിവയ്ക്കരുത്. കിഴക്കുപടിഞ്ഞാറുവേണം പെട്ടി വയ്ക്കാന്‍."
 
ചെറുപ്പക്കാര് അതിനു കൂട്ടാക്കിയില്ല. വരുന്ന ആള്‍ക്കാരുടെ സൗകര്യത്തിനാണ് മേശയിട്ടിരിക്കുന്നത് എന്നും പറഞ്ഞ് അവരങ്ങനെതന്നെ വച്ചു.
 
"തെക്കുവടക്കു പെട്ടിവച്ചാല്‍ ഈ പന്തലു പൊളിക്കേണ്ടി വരുകേല. അതിനുമുമ്പേ അടുത്ത അടക്കു നടക്കും. ഞാന്‍ പറഞ്ഞില്ലെന്നുവേണ്ട." എല്ലാവരുംകേള്‍ക്കെ അതും പറഞ്ഞ് കൈയ്യും കെട്ടി അയാള്‍ അല്പം മാറിനിന്നു. 
 
അതുകേട്ട് പിള്ളേരുസെറ്റ് ആകെ പേടിച്ചുപോയി. കണ്ണില്‍ക്കണ്ണില്‍ നോക്കി അല്പനേരം അവര് അമാന്തിച്ചു നിന്നു. ഒപ്പീസു പാടാന്‍വേണ്ടി റെഡിയായി കുറച്ചു പിറകിലായി ഞാന്‍ നില്പുണ്ടായിരുന്നു. അവരെന്‍റെ നേരെനോക്കി. ഞാനീ നാട്ടുകാരനേ അല്ല എന്നമട്ടില്‍ ഞാന്‍ ഭക്തിപൂര്‍വ്വം കണ്ണടച്ചങ്ങുനിന്നു. അല്‍പംകഴിഞ്ഞു ഞാന്‍ കണ്ണു തുറക്കുമ്പോള്‍ അവരു പെട്ടി പൊക്കിപ്പിടിച്ചിട്ടുണ്ട്. വേഗം മേശയും ഡസ്ക്കുമൊക്കെ ദിശമാറ്റിയിട്ട്, കിഴക്കു പടിഞ്ഞാറുതന്നെ പെട്ടിവച്ചു. അവിടെ വന്നു കൂടിയിരുന്ന ആള്‍ക്കാരൊക്കെ എന്തൊക്കെയോ തര്‍ക്കിക്കുന്നുണ്ടായിരുന്നെങ്കിലും, താന്‍ പറഞ്ഞത് അനുസരിച്ചതിന്‍റെ ഗമയില്‍ കാര്യസ്ഥന്‍ പെട്ടിക്കു ചുറ്റുമൊന്നു നടന്നിട്ട് മാറിനിന്നു.
 
ഞാന്‍ ഒപ്പീസുംകഴിഞ്ഞ് പഴയസീറ്റില്‍തന്നെ ചെന്നിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ആ ചെറുപ്പക്കാര് മടിച്ചു മടിച്ച് അടുത്തുവന്നു. മരിച്ചയാളിന്‍റെ കൊച്ചുമക്കളാണതില്‍ രണ്ടുപേരെന്നു പരിചയപ്പെടുത്തി. ഇപ്പോളിരിക്കുന്ന രീതിയില്‍ പെട്ടിവച്ചാല്‍ വരുന്നവര്‍ക്ക് അസൗകര്യമായതുകൊണ്ട് പെട്ടി ആദ്യംവച്ചതുപോലെ, തിരിച്ചുവയ്ക്കട്ടെയെന്ന് അവരുടെ പപ്പായോടു ചോദിച്ചപ്പോള്‍, അച്ചനവിടെയിരിപ്പുണ്ട് അച്ചനോടു ചോദിച്ചിട്ട് അച്ചന്‍ പറയുന്നതുപോലെ ചെയ്യാന്‍ അവരുടെ പപ്പാ പറഞ്ഞുപോലും.
 
"കിഴക്കു പടിഞ്ഞാറുവേണം വയ്ക്കാനെന്ന് അങ്ങേരു പറഞ്ഞതു നിങ്ങള്‍ കേട്ടതല്ലേ? നിങ്ങളങ്ങനെ വയ്ക്കുകയുംചെയ്തു. ഇനി ഞാനതില്‍ കൂടുതലൊന്നും പറയുന്നില്ല."
"പെട്ടി തിരിച്ചുവച്ചാല്‍ അയാളു പറഞ്ഞതുപോലെ വല്ലോം സംഭവിക്കുമോ അച്ചാ? പേടിച്ചിട്ടാണു ഞങ്ങളു തിരിച്ചുവച്ചത്."
 
"നിങ്ങളിപ്പോള്‍ പറഞ്ഞതാണ് ശരിക്കും ഇവിടെ വിഷയം, പേടി. നിങ്ങളു പേടിച്ചുപോയി. പേടിച്ചിട്ടാണു നിങ്ങളു പെട്ടി തിരിച്ചുവച്ചത്. മരിച്ചയാളിന്‍റെ ശരീരം വച്ചിരിക്കുന്ന ദിശ നോക്കിയാണ് തമ്പുരാന്‍ ഈ വീട്ടിലുള്ള മറ്റാരുടെയെങ്കിലും ആയുസ്സു നിര്‍ണ്ണയിക്കുന്നതെന്നു നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടോ, പെട്ടിതിരിച്ചു വച്ചാലുടനെ ഈ വീട്ടിലെ ആരെങ്കിലും മരിക്കാന്‍? ഇതൊക്കെ വെറും ആചാരങ്ങള്‍. ഓരോ കാലത്തും ഓരോനാട്ടിലും രൂപപ്പെടുന്ന ഓരോരോ ആചാരങ്ങള്‍ക്ക് അതതു കാലത്ത് അര്‍ത്ഥമുണ്ടായിരിക്കാം. അതാവര്‍ത്തിച്ചാവര്‍ത്തിച്ച് അനുഷ്ഠാനങ്ങളുടെയും വിശ്വാസത്തിന്‍റെയുമൊക്കെ ഭാഗമായിത്തീരുന്നു. അതെല്ലാവരും പാലിക്കാന്‍വേണ്ടി പേടിപ്പിക്കുന്ന ചില ശാപങ്ങളും സാവകാശം അതിനോടു ചേര്‍ന്നു രൂപപ്പെടുന്നു. അത്രേയുള്ളു സംഗതി. അങ്ങനെ രൂപപ്പെടുന്ന ചുരുക്കം ചില ആചാരങ്ങള്‍ക്ക് എക്കാലവും അര്‍ത്ഥവും പ്രസക്തിയുമുണ്ടായേക്കാം. പക്ഷേ ഏറെയും വെറും ഉമ്മാക്കികള്‍ മാത്രമാണ്. ഈ ഭൂമിമുഴുവന്‍ കൈവെള്ളപോലെ കാണുന്ന തമ്പുരാനെവിടെയാ കിഴക്കും വടക്കുമൊക്കെ? അങ്ങേരു പറഞ്ഞതുകേട്ടു പേടിക്കാതെ, നിങ്ങളു വച്ചപടി ആ പെട്ടിവച്ചിരുന്നെങ്കില്‍ ആള്‍ക്കാര്‍ക്കും സൗകര്യമായേനേം, വേറൊരു ചുക്കും സംഭവിക്കാനും പോകുന്നില്ലായിരുന്നു."
 
"വാടാ, ആള്‍ക്കാരൊത്തിരി വരുന്നതിനുമുമ്പ് നമുക്കുപോയി തിരിച്ചുവയ്ക്കാം." അവരു പോകാനൊരുങ്ങി.
 
"അതു പാടില്ല. ഇപ്പോള്‍ നിങ്ങളോടിച്ചെന്നതു തിരിച്ചുവച്ചാല്‍ അതു വലിയ വിഷയമാകും. വച്ചതുവച്ചു, ഇനിയിപ്പോള്‍ മാറ്റാനൊന്നും പോകണ്ടാ. നിങ്ങളെന്നോടു ചോദിച്ചതുകൊണ്ട്, നിങ്ങളു ചെറുപ്പക്കാരല്ലെ, കാര്യം മനസ്സിലാക്കാന്‍വേണ്ടി ഞാന്‍ ചില കാര്യങ്ങള്‍ പറഞ്ഞുതന്നെന്നു മാത്രം. ഏതായാലും ഞാനിങ്ങനെയാ പറഞ്ഞതെന്നു പപ്പായോടു പറഞ്ഞേര്."
 
കുറച്ചുകഴിഞ്ഞപ്പോള്‍ 'പപ്പാ' നേരിട്ടു വരുന്നതു കണ്ടപ്പോള്‍ ഞാന്‍ കുടുക്കിലാകുമോ എന്നു ശങ്കിച്ചു.
 
"അച്ചനവരോടു മാറ്റണ്ട എന്നു പറഞ്ഞതുനന്നായി. മരിച്ചടക്കിന്‍റെ കാര്യത്തില്‍ ആ പുള്ളിക്കാരനുള്ളതുകൊണ്ട് വലിയ സഹായമാണച്ചാ. നമ്മളൊന്നുമറിയണ്ടാ. നമ്മളു ശ്രദ്ധിക്കാതെ പോകുന്നതുപോലും അയാളു നോക്കി ചെയ്തുകൊള്ളും. അല്പം അസൗകര്യമുണ്ടാകുമെങ്കിലും അങ്ങേരെ പെണക്കണ്ട. ഞാനതു പറഞ്ഞപ്പോള്‍ പിള്ളേരു നിര്‍ബ്ബന്ധം പിടിച്ചപ്പോളാണ് ഞാനവരെ അച്ചന്‍റടുത്തേക്കു പറഞ്ഞുവിട്ടത്. ഏതായാലും പ്രശ്നം തീര്‍ന്നു." 
 
ആള്‍ക്കാരു വന്നവരെ നിയന്ത്രിച്ചിരുന്നതും, അച്ചന്മാരുവന്നവരെ കസേരകൊടുത്ത് ഇരുത്തിയതും ഇടയ്ക്കിടെ മൃതശരീരത്തില്‍ സ്പ്രേ അടിച്ചതും അയാളുതന്നെ ആയിരുന്നു. സമയമായപ്പോള്‍ വികാരിയച്ചനും കപ്യാരുമെത്തിയപ്പോള്‍ മുന്നില്‍ നടന്നു വഴിയൊരുക്കിയതും മൈക്കു ക്രമീകരിച്ചതുമൊക്കെ അയാള്‍തന്നെ. വീട്ടിലെ കര്‍മ്മങ്ങള്‍ കഴിഞ്ഞ് പുറത്തേയ്ക്കിറങ്ങിയപ്പോള്‍ ആളുകളെ നിയന്ത്രിച്ചതും അയാളായിരുന്നു. പള്ളിയിലും സിമിത്തേരിയിലും എല്ലാം ചിട്ടയായിട്ടു കാര്യങ്ങള്‍ നീക്കിയതും അയാള്‍.
അടക്കുകഴിഞ്ഞു പള്ളിമുറിയിലെത്തി ഭക്ഷണത്തിരുന്നപ്പോഴും അയാളവിടെക്കാണുമെന്നു പ്രതീക്ഷിച്ചെങ്കിലും കണ്ടില്ല. ഉണ്ടുകൊണ്ടിരുന്നപ്പോള്‍ ഭക്ഷണംവിളമ്പിത്തന്ന ചേട്ടനോട് ഞാനാ പാര്‍ട്ടിയെപ്പറ്റി, ആള് അവരുടെ ബന്ധുവോ കാര്യസ്ഥനോ വല്ലതുമാണോ എന്നു ചോദിച്ചു. 
 
"അച്ചന്‍ ചോദിച്ചത് പരേതന്‍റെ കാര്യമായിരിക്കും അല്ലേ?"
 
"മരിച്ചയാളിന്‍റെയല്ല, അടക്കിന് എല്ലായിടത്തും ഓടിനടന്നിരുന്ന ആ നീല ഷര്‍ട്ടിട്ട ആളിന്‍റെ കാര്യമാണു ഞാന്‍ ചോദിച്ചത്."
 
"ആളിന്‍റെ കാര്യംതന്നെയാ അച്ചാ, ഞാനും പറഞ്ഞത്. ആളിനെ ഇവിടെ എല്ലാവരും വിളിക്കുന്നതു 'പരേതന്‍' എന്നാ. ഈ നാട്ടില്‍ എവിടെ മരണമുണ്ടായാലും പരേതന്‍ അവിടെയെത്തും. ആരും ഒന്നും ഏല്പിക്കണ്ടാ, പുള്ളി എല്ലാം ഏറ്റെടുത്തുകൊള്ളും. അടക്കു കഴിയുമ്പോള്‍ ഒന്നും മിണ്ടാതെ വീട്ടിലും പൊയ്ക്കൊള്ളും. അതുകൊണ്ടു നാട്ടുകാരുകൊടുത്ത പേരാണ് പരേതന്‍. പരസ്യമായി ആ പേരുവിളിച്ചാലും ആളിന് യാതൊരു പിണക്കവുമില്ലതാനും. ഒരടക്കുവന്നാല്‍ ഒന്നും പറയാതെതന്നെ എല്ലാം കണ്ടുചെയ്യുന്നതുകൊണ്ട് ആള്‍ക്കാര്‍ക്ക് അയാളെ വലിയ താത്പര്യമാണെന്നു മാത്രമല്ല, ആരുമരിച്ചാലും സാധാരണ ആദ്യം വിളിച്ചറിയിക്കുന്നത് പരേതനേയാണുതാനും." 
വിചിത്രമായ വാര്‍ത്തയുംകേട്ടു വേഗത്തില്‍ ഊണും കഴിഞ്ഞ് ഞാന്‍ വണ്ടിയുടെ അടുത്തേയ്ക്കു നടക്കുമ്പോള്‍ അതാ പരേതന്‍ സിമിത്തേരിയില്‍നിന്നും വരുന്നു. അവിടുത്തെ പരിപാടിയെല്ലാം കഴിഞ്ഞുള്ള വരവായിരിക്കും എന്നുഞാനൂഹിച്ചു. ആള് അടുത്തുകൂടെയാണു കടന്നുപോകുന്നതെങ്കില്‍ ഒരുകവിളു മിണ്ടണമെന്നു പെട്ടെന്നൊരു തോന്നല്‍. ആള് അടുത്തുവന്ന് എന്നെയൊന്നു വണങ്ങി കടന്നു പോകാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ വിളിച്ചു:
 
"പരേതന്‍ ചേട്ടാ." 
 
വിളിച്ചു കഴിഞ്ഞാണു ചേട്ടാന്നു മാത്രം വിളിച്ചാല്‍ മതിയായിരുന്നല്ലോ എന്നോര്‍ത്തത്. ഏതായാലും ആളു തിരിഞ്ഞുനിന്നൊന്നു ചിരിച്ചു.
 
"രാവിലെ ഞാനോര്‍ത്തു ചേട്ടനാ വീട്ടിലെ ആളാണെന്ന്. അതുകഴിഞ്ഞാണറിഞ്ഞത് ചേട്ടന്‍ പഴയനിയമത്തിലെ തോബിത്തിനെപ്പോലെ ഒരാളാണെന്ന്."
 
"അതാരാണച്ചാ?"
 
"അതു പറഞ്ഞുനിന്നാല്‍ എന്‍റെ പോക്കുമുടങ്ങും, ചേട്ടന്‍ വീട്ടില്‍ ചെല്ലുമ്പോള്‍ പഴയനിയമമെടുത്ത് തോബിത്തിന്‍റെ പുസ്തകം ഒന്നു വായിക്കണം. അതിവിടുള്ളവരാരും വായിച്ചിട്ടില്ലെന്നു തോന്നുന്നു, അതുകൊണ്ടാ ചേട്ടന്‍റെ പേരു പരേതനെന്നായത്. അല്ലെങ്കില്‍ തോബിത്ത് എന്നിട്ടേനേം. ചേട്ടനു ചേരുന്ന പേരതാണ്. എന്നാലും ചേട്ടന്‍ രാവിലെ ആ പിള്ളേരെ പേടിപ്പിച്ചു പെട്ടി കിഴക്കോട്ടു തിരിച്ചുവയ്പ്പിച്ചതു കണ്ടപ്പോള്‍ പരേതനെന്നു വിളിച്ചാലും തെറ്റില്ലെന്നു തോന്നികേട്ടോ. അന്നേരംതന്നെ ചേട്ടനോടു ചോദിക്കാന്‍ എനിക്കു തോന്നിയെങ്കിലും അതിനു പറ്റിയ സമയമല്ലാതിരുന്നതുകൊണ്ട്, ഇപ്പോള്‍ ചേട്ടനെ നേരെമുന്നില്‍ കണ്ടുമുട്ടിയതുകൊണ്ടും ഒന്നറിയാന്‍വേണ്ടി ചോദിക്കുന്നതാ, ചേട്ടന്‍ ഒരുപാടുപേരെ അടക്കിയിട്ടുണ്ടല്ലോ, പെട്ടി കിഴക്കോട്ടു തിരിച്ചല്ലാതെവച്ചിട്ട് ഏതെങ്കിലും വീട്ടില്‍ ഉടനെ ആരെങ്കിലും മരിച്ചതായിട്ടറിയാമോ."
 
"പിന്നേ. എത്രയെണ്ണമാ കാര്‍ന്നോന്മാരു പറഞ്ഞുകേട്ടിട്ടുള്ളത്. അച്ചെട്ടുള്ള അച്ചന്മാരൊക്കെ പ്രത്യേകം പറയാറുള്ളതാ പെട്ടി കിഴക്കോട്ടുതന്നെ തിരിഞ്ഞിരിക്കണമെന്ന്."
 
"അച്ചന്മാര് ആള്‍ക്കാരെ പേടിപ്പിക്കാന്‍വേണ്ടി പറയുന്നതുവിട്. കാര്‍ന്നോന്മാരു പറഞ്ഞു കേട്ടിട്ടുള്ളതല്ലാതെ ചേട്ടനു നേരിട്ട് ഒരെണ്ണമെങ്കിലും അറിയാമോ?.."
 
"അങ്ങനെ ചോദിച്ചാല്‍ ....,"
 
"ഇല്ല. അതുകൊണ്ടാണല്ലോ ഓര്‍മ്മയില്‍ വരാത്തത്. എന്നാല്‍പിന്നെ ചേട്ടാ, ഇനിമുതല്‍ ഇക്കാര്യത്തില്‍ ചേട്ടന്‍ കടുംപിടുത്തം വിട്. കിഴക്കോട്ടു തിരിച്ചു വയ്ക്കുന്നതാണ് സാധാരണ പതിവ്, എന്നുമാത്രം പറഞ്ഞാല്‍ പോരെ. പിന്നെ വയ്ക്കുന്നവര് വീട്ടുകാര് അവരുടെ ഇഷ്ടത്തിനു വയ്ക്കട്ടെന്നേ. കിഴക്കോട്ടു തിരിച്ചു വച്ചില്ലെങ്കില്‍ ഉടനെ ആരെങ്കിലും വടിയാകുമെന്നൊക്കെ പറഞ്ഞ് ആള്‍ക്കാരെ പേടിപ്പിക്കാതിരിക്കുന്നതല്ലെ നല്ലത്. തന്നെയല്ല, പണ്ടത്തെപ്പോലെ തമ്പുരാനിപ്പോള്‍ കിഴക്കും വടക്കും ഒന്നും നോക്കുന്നില്ല ചേട്ടാ, അവിടേം എല്ലാം കമ്പ്യൂട്ടറായി."
 
ആളു ചിരിച്ചു. ഞാനുംചിരിച്ചുകൊണ്ടു വേഗം വണ്ടിയില്‍ക്കയറിയപ്പോള്‍ ഡ്രൈവറു പറഞ്ഞു: 
 
"ഏതായാലും അച്ചനാ ചേട്ടനിട്ടു കൊടുത്ത കൊട്ടു നന്നായി. ഞാനും കണ്ടതായിരുന്നു ആ പിള്ളേരെ ആ പുള്ളി പേടിപ്പിക്കുന്നത്."
 
"ആ ചേട്ടന്‍ നാട്ടിലുള്ള എല്ലാ മരിച്ചവരെയും അടക്കാന്‍ പോകുന്നയാളാണെന്നറിഞ്ഞു. അതുകൊണ്ടാ മരുന്നു കൊടുത്തത്. അങ്ങേരു മനസ്സുവച്ചാല്‍ ഈ പ്രദേശത്തെങ്കിലും അത്രയും അന്ധവിശ്വാസം കുറയുമല്ലോ."
 
"അച്ചന്‍ ശ്രദ്ധിച്ചായിരുന്നോ, നമ്മുടെ നാട്ടിലെപ്പോലെയല്ലച്ചാ ഇവിടുത്തെ സിമിത്തേരി, അകമെല്ലാം നല്ല വൃത്തിയാ." സിമിത്തേരിയോടു ചേര്‍ന്നുള്ള റോഡിലൂടെ വണ്ടിനീങ്ങിത്തുടങ്ങിയപ്പോള്‍ ഡ്രൈവര്‍ പറഞ്ഞു. ഞാനും അതു ശ്രദ്ധിച്ച കാര്യമായിരുന്നു. വേറൊന്നും പറയാനില്ലാതിരുന്നതുകൊണ്ട്, പലടത്തേയും സിമിത്തേരിയുടെ വൃത്തിയും ഭംഗിയും മറ്റുമായി പിന്നെ ഞങ്ങളുടെ സംസാരവിഷയം.
 
"ഈ പരേതന്‍ചേട്ടന്‍ ഇവിടുത്തുകാരുടെ മരിച്ചടക്കു നല്ല കണ്ടീഷനാക്കുന്നതുപോലെ, ഇവിടുത്തെ സിമിത്തേരിയേക്കാളും സുന്ദരമായി സിമിത്തേരി സൂക്ഷിക്കുന്ന ഒരാളെ എനിക്കറിയാം. അതെന്‍റെ നാട്ടിലാണ്. വന്നാല്‍ കാണിച്ചുതരാം. എനിക്കു നേരിട്ടറിയാവുന്ന ആളാണ്. കേന്ദ്രഗവണ്‍മെന്‍റു സര്‍വ്വീസില്‍നിന്നും റിട്ടയര്‍ചെയ്ത് സ്വന്തംനാട്ടില്‍ തിരിച്ചെത്തിയിട്ട് നാലഞ്ചു വര്‍ഷങ്ങളേ ആയുള്ളു. അദ്ദേഹത്തിന്‍റെ ഒരുമകന്‍ ചികിത്സാപരാജയംകൊണ്ടു പെട്ടെന്നു മരിച്ചു. ആ മകന്‍റെ കല്ലറയില്‍ നിത്യവും പ്രാര്‍ത്ഥിക്കാന്‍ പോയിരുന്നതുകൊണ്ട് അദ്ദേഹത്തിനുണ്ടായ പ്രചോദനമായിരിക്കണം, മകന്‍റെ കല്ലറയും പരിസരത്തെ കല്ലറകളും എല്ലാദിവസവും വൃത്തിയാക്കിത്തുടങ്ങി. പിന്നീടത് സിമിത്തേരി മുഴുവനിലേയ്ക്കും വ്യാപിപ്പിച്ചു. ആരും പറഞ്ഞിട്ടല്ല, ഒന്നും പ്രതീക്ഷിച്ചിട്ടുമല്ല. ഒരു നിയോഗംപോലെ സ്വയം ഏറ്റെടുത്തതാണ്. ചുറ്റുപാടുകളില്‍നിന്നു വീഴുന്ന ഇലകളും പഴകിയ പൂച്ചെണ്ടുകളും റീത്തുകളും എല്ലാം അടിച്ചുവാരിക്കൂട്ടി അവിടെയുമിവിടെയും വയ്ക്കുകയല്ല, മുഴുവന്‍ വാരി ഒരു കുഴിയില്‍ കൊണ്ടുപോയി ഇടും. ഒറ്റ ദിവസവും മുടങ്ങാറില്ല. ചുറ്റുമുള്ള തോട്ടത്തില്‍പോലും പുല്ലുംകളയും കരിയുമ്പോഴും സിമിത്തേരീടെ മുമ്പില്‍ എപ്പോഴും പൂത്തുനില്ക്കുന്ന പലതരം പൂച്ചെടികള്‍ നട്ടു നനക്കുന്നതിനും അദ്ദേഹം സമയം കണ്ടെത്തുന്നു. എന്നും രാവിലെ സിമിത്തേരീല്‍ചെന്നാല്‍ മുണ്ടും മടക്കിക്കുത്തി ചൂലും ചാക്കുമായി നടക്കുന്ന ആ വയോധികനെക്കാണാം. ഒരിക്കല്‍ ഞാനിതിനെപ്പറ്റി അദ്ദേഹത്തോടു സംസാരിക്കാനിടയായി. 
'അടക്കിനും, ആണ്ടിനും, ഓര്‍മ്മദിനത്തിനുമൊക്കെ ചെണ്ടും, റീത്തുമൊക്കെ കല്ലറയില്‍വച്ചു പ്രാര്‍ത്ഥിക്കാന്‍ വരുന്നവര്, പിന്നെയീവഴി വരവുകുറവാ. നാലുദിവസം കഴിയുമ്പം അതെല്ലാം ഉണങ്ങും, മഴക്കാലത്താണേല്‍ അവിടെക്കിടന്ന് അഴുകും. നമ്മുടെയൊക്കെ സിറ്റൗട്ടിലോ വരാന്തേലോ അങ്ങനെ കെടക്കാന്‍ നമ്മളു സമ്മതിക്കത്തില്ലല്ലോ. ഇവിടെ കിടക്കുന്നവര്‍ക്ക് രാവിലെ എഴുന്നേറ്റ് അടിച്ചുവാരാനും പറ്റത്തില്ലല്ലോ, അതുകൊണ്ടാണ് ആരുമില്ലാത്ത ഇവര്‍ക്കുവേണ്ടി ഞാനീപ്പണി ഏറ്റെടുത്തത്.' മര്‍മ്മത്തില്‍ കൊള്ളുന്ന ന്യായം.
 
നാലാളു കാണുന്നിടത്ത് ഇടിച്ചുകയറി എന്തും കാട്ടി ആളുചമയാന്‍ ആളൊത്തിരിയുള്ള നമ്മുടെ നാട്ടില്‍, ആരും നോക്കാത്തിടത്ത്, അരെയും കാണിക്കാനല്ലാതെ, ഒന്നും മോഹിക്കാനുമില്ലാതെ, ഒച്ചയും ബഹളവും വയ്ക്കാതെ, ആ ഇടവകയിലെ എല്ലാവര്‍ക്കും വേണ്ടി പ്രതിഫലമില്ലാത്ത നിശ്ശബ്ദസേവനം ചെയ്യുന്ന ഇങ്ങനെയുള്ള ജന്മങ്ങളെ ഒരു ചാനലുകാര്‍ക്കുംവേണ്ട; ഒരു പത്രപ്രവര്‍ത്തകനും അറിയുകയുമില്ല.
 
നാടിന്‍റെ  സമ്പത്തുവിഴുങ്ങി മുങ്ങുന്നവരെയും, സഭയുടെ സമ്പത്തു മുക്കുന്നവരെയും, വെട്ടിക്കൊല്ലുന്നവരെയും, നടിയെപീഢിപ്പിക്കുന്നവരെയുമൊക്കെ തെരഞ്ഞുപിടിച്ചു രാപകല്‍ ആഘോഷമാക്കുന്ന ചാനലുകള്‍ക്കൊന്നിനെങ്കിലും, നന്മയുടെ പച്ചപ്പുകള്‍ കാത്തുസൂക്ഷിക്കുന്ന ഇത്തരക്കാരെ, നിമിഷനേരത്തേയ്ക്കെങ്കിലും മിനി സ്ക്രീനിലെത്തിക്കാന്‍ സാധിച്ചിരുന്നെങ്കില്‍, എത്രയോ സുമനസ്സുകള്‍ക്ക് അതു വഴിവെട്ടമാകുമായിരുന്നു." 
 
ധ്യാന പ്രസംഗം പോലെയുള്ള എന്‍റെ ആത്മഗതം കേട്ട് ഉറക്കം വന്നിട്ടാകണം, ഞാന്‍ ശ്രദ്ധിക്കുന്നുണ്ടെന്നറിയാതെ ഡ്രൈവറുടെ കൈ പാട്ടുയന്ത്രത്തിന്‍റെ സ്വരം കൂട്ടിക്കൂട്ടി വയ്ക്കുന്നുണ്ടായിരുന്നു!!

You can share this post!

തേങ്ങാമുറിപോയാലും...

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

പറയാതെ വയ്യാ, പറയാനും വയ്യ!!!

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts