വീട്ടകങ്ങളിലെ പ്രശ്നങ്ങള്‍ക്കു കാഴ്ചപ്പാടുകളുടെ വ്യത്യസ്തത നിമിത്തം വ്യത്യസ്ത പരിഹാരങ്ങളാണു നിര്‍ദ്ദേശിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. സൈക്കോ അനാലിസിസിന്‍റെ വീക്ഷണത്തില്‍ മനുഷ്യന്‍ ആത്യന്തികമായും സ്വന്തം താല്‍പര്യം നോക്കുന്നവനാണ്. ഈ താല്‍പര്യം സംരക്ഷിക്കാന്‍ വീട് എത്രകണ്ട് ഉപകാരപ്പെടുന്നുവോ അത്രകണ്ടേ വീട് ഭദ്രമാകൂ. അടുക്കളയിലെ പണിയെ നാറുന്ന തൊഴിലെന്നാണ് സിമോന്‍ ദി ബുവ്വ വിളിക്കുന്നത്. ആ തൊഴിലിന്‍റെ സാമ്പത്തിക മൂല്യം നിര്‍ണ്ണയിച്ച് അതിന്‍റെ അടിസ്ഥാനത്തില്‍ വീട്ടംഗങ്ങളുടെ അധികാരത്തെക്കുറിച്ചും അവകാശത്തെക്കുറിച്ചും പറയുന്നവരുണ്ട്. കുടുംബജീവിതം സുഗമമാക്കാന്‍ സഹായിക്കുന്ന ചില പുസ്തകങ്ങള്‍ വായിച്ചുനോക്കൂ. കമ്മ്യൂണിക്കേഷന്‍, റോള്‍ ഡിവിഷന്‍, അഡ്ജസ്റ്റ്മെന്‍റ്, സെക്ഷ്വല്‍ ലൈഫ്... അങ്ങനെ പോകുന്നു ചര്‍ച്ചചെയ്യപ്പെടുന്ന വിഷയങ്ങള്‍. സ്നേഹം, കരുതല്‍, വിശ്വാസം, ത്യാഗം, പ്രതീക്ഷ തുടങ്ങിയവയൊന്നും ഇത്തരം പുസ്തകങ്ങളും കാഴ്ചപ്പാടുകളും ഗൗരവത്തോടെ പരിഗണിക്കുന്നില്ല. വീടിനെ വീടാക്കുന്നത് ഇത്തരം ചില 'സാധാരണ' കാര്യങ്ങളാണെന്നാണ് നമ്മുടെ അനുഭവം നമ്മോടു പറയുന്നത്. എന്നിട്ടും അവ ചര്‍ച്ചചെയ്യപ്പെടാത്തതിന് ഒരു കാരണം സായിപ്പിന്‍റെ ചിന്തകളെ നാം ഒരുപാടു കടമെടുക്കുന്നതാകാം. സ്നേഹത്തെ കുറിക്കാന്‍ സംസ്കൃതത്തിലുള്ളത് തൊണ്ണൂറ് വാക്കുകളാണ്; ഇംഗ്ലീഷില്‍ ഒരൊറ്റ വാക്കേയുള്ളൂ. "To make love' എന്നുപറഞ്ഞാല്‍ 'സ്നേഹം സൃഷ്ടിക്കുക' എന്നൊന്നുമല്ലല്ലോ അവര്‍ കൊടുത്തിരിക്കുന്ന അര്‍ത്ഥം. സ്നേഹത്തെക്കുറിക്കുന്ന ചിത്രങ്ങള്‍ക്കുവേണ്ടി ഗൂഗിളില്‍ അന്വേഷിച്ചാല്‍ കിട്ടുന്നവയില്‍ ചിലതു നഗ്നചിത്രങ്ങളാണ്.
മുന്‍പറഞ്ഞ പല കാഴ്ചപ്പാടുകള്‍ക്കും പുസ്തകങ്ങള്‍ക്കും മീതെയാണ് നമ്മുടെ പല വീടുകളും എന്നതല്ലേ സത്യം? പാത്രം കഴുകുന്ന അമ്മയുടെ പണിക്കൂലി കണക്കുകൂട്ടി എടുക്കാനായേക്കാം. പക്ഷേ, തന്‍റെ പണിക്കിടയില്‍ത്തന്നെ മുട്ടിലിഴയുന്ന കുഞ്ഞിന് അവള്‍ സമ്മാനിക്കുന്ന നോട്ടം, അതു നിമിത്തം അവനു തോന്നുന്ന സ്വാഭിമാനം, സുരക്ഷിതത്വം - ഇവയുടെ വില എങ്ങനെയാണ് നിര്‍ണ്ണയിക്കുക? ശരിയാണ്, 'കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍' എന്ന നിയമം ജന്തുലോകത്തും പൊതുസമൂഹത്തിലും തൊഴിലിടങ്ങളിലും വീടുകളിലും ഒക്കെയുണ്ട്. അതുകൊണ്ട് നമുക്കു നീതിയെക്കുറിച്ച് സംസാരിക്കാതെ വയ്യ. പക്ഷേ അതുമാത്രം പോരല്ലോ നമുക്കു വീടിനെ അളക്കാന്‍. ഏറെക്കൊല്ലങ്ങള്‍ക്കു മുന്‍പു നടന്ന ഒരു ബോട്ടപകടത്തെക്കുറിച്ചു കേട്ടതോര്‍ക്കുന്നു. ഒരമ്മയേയും കുഞ്ഞിനേയും പുറത്തെടുത്തു. അപ്പോഴും അവള്‍ കുഞ്ഞിനെ മാറോടണച്ചു പിടിച്ചാണു കിടന്നിരുന്നത്. മരണവെപ്രാളത്തില്‍പ്പോലും അവള്‍ക്കു കുഞ്ഞിനെ വെടിയാനാവുമായിരുന്നില്ല. ഇത്രയ്ക്കൊന്നും നാടകീയമല്ലെങ്കിലും കരുതലിന്‍റെയും ത്യാഗത്തിന്‍റെയും തോറ്റുകൊടുക്കലിന്‍റെയും എത്രയെത്ര മുറിയാത്ത കണ്ണികള്‍ ചേര്‍ത്താണ് വീടിന് കാവലൊരുക്കപ്പെടുന്നത്.
ഒരമ്മയും അപ്പനും രണ്ടുകുഞ്ഞുങ്ങളും ചേര്‍ന്ന് ഒരു വീടുവയ്ക്കുന്നതോടെ ഭൂമിയിലെ ആ ഇത്തിരി ഇടം സ്വര്‍ഗ്ഗമായി മാറുന്നുവെന്നു തോന്നിപ്പോകുന്നു. ഒരു കുഞ്ഞ് - അദ്ധ്യാപകര്‍ക്ക് അവള്‍ കണക്കറിയാത്തവളാണ്, കൂട്ടുകാരികള്‍ക്ക് മൂഡി, ആണ്‍കുട്ടികള്‍ക്ക് കറുത്തവള്‍. പക്ഷേ വീട് അവളെ രാജകുമാരിയാക്കുന്നു. ഉത്തരേന്ത്യയിലെവിടെയോ ഒരമ്മ തന്‍റെ കുഞ്ഞിനെ രക്ഷിക്കാന്‍ കടുവയെ കൊന്നെന്നു വായിച്ചിട്ടുണ്ട്. വീട് മനുഷ്യനെന്ന അത്ഭുതത്തെ സൃഷ്ടിക്കുന്നു. ഗാന്ധി എഴുതിക്കൊടുത്ത തെറ്റുകളിലേക്ക് അപ്പന്‍റെ കണ്ണീര്‍ വീണപ്പോള്‍ ഒലിച്ചുപോയതു ഗാന്ധിയിലെ ഇടര്‍ച്ചകളാണ്. വീട് ഒരു മഹാത്മാവിനെ സൃഷ്ടിക്കുന്നു. ഒരു പെണ്‍കുട്ടി - ഉറക്കത്തിനിടയ്ക്ക് ഒരു ശല്യവും പൊറുക്കാത്തവള്‍; എന്നിട്ടും അമ്മയാകുന്നതോടെ കുഞ്ഞിനുവേണ്ടി അവള്‍ക്കു പാതിരാത്രിക്കും പുലര്‍ച്ചയ്ക്കുമൊക്കെ എഴുന്നേല്‍ക്കേണ്ടി വരുന്നു. ഇഷ്ടക്കേടുകളെ കുറെക്കൂടി നിര്‍മമതയോടെ കാണാന്‍ അവള്‍ ശീലിക്കുന്നു. വീട് ഒരു സാത്വികയ്ക്ക് കളമൊരുക്കുന്നു. അറിയാം ഒരു ബന്ധുവിനെ. ക്യാന്‍സറാണെന്ന കാര്യം വീട്ടുകാരില്‍നിന്നു മറച്ചുവച്ചു. അന്നും അയാള്‍ റബ്ബര്‍വെട്ടാന്‍ പോയി. അവിടെ വച്ച് കുഴഞ്ഞുവീണു. വീട് ഒരു ക്രിസ്തുവിനെ സൃഷ്ടിക്കുന്നു. വീട്ടില്‍നിന്ന് ദൂരേയ്ക്കു പോയ ഒരാള്‍. പല ആകര്‍ഷണങ്ങളും അയാളെ വലയ്ക്കുന്നുണ്ട്. എന്നിട്ടും വീടിനെക്കുറിച്ചുള്ള ഓര്‍മ്മ അയാള്‍ക്കു കരുത്തേകുന്നു. വീട് ഒരു കാവല്‍മാലാഖയാകുന്നു. സംസാരിക്കുമ്പോള്‍ ഒരുപാട് ആംഗ്യഭാഷ ഉപയോഗിക്കുന്ന ഒരുവളെ ഒരിക്കല്‍ കണ്ടു. ബധിരയായ തന്‍റെ മകളോട് ഇടപെട്ടിടപെട്ട് അങ്ങനെയായിപ്പോയതാണ്. ക്രിസ്തുവിന്‍റെ ശൂന്യവല്‍ക്കരണം എന്തെന്ന് അവളാണ് കാണിച്ചുതന്നത്.
കഴിവുള്ളവര്‍ മാത്രം നിലനില്‍ക്കുമെന്ന ഡാര്‍വിന്‍പ്രമാണത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രം ഒരു സമൂഹത്തിനും മനുഷ്യസമൂഹമായി അധികകാലം തുടരാനാവില്ല. പരോന്മുഖതയുള്ള - ത്യജിക്കാനും ക്ഷമിക്കാനും കരുതല്‍ കൊടുക്കാനും കഴിവുള്ള - കുറെപ്പേരെങ്കിലും സമൂഹത്തില്‍ ഉണ്ടായേ തീരൂ. വീട്ടകങ്ങള്‍ മനുഷ്യത്വത്തിന്‍റെ പടവുകള്‍ കയറാന്‍ വീട്ടംഗങ്ങള്‍ക്കു വേദിയൊരുക്കുന്നുണ്ട്. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍വച്ച് ലഭിച്ച ഒരു റൊട്ടിയോ രണ്ടുരുളക്കിഴങ്ങോപോലും സ്വയം കഴിക്കാതെ ഭാര്യയ്ക്കോ കുഞ്ഞിനോ എത്തിച്ചുകൊടുത്തവരെപ്പറ്റി നാം കേട്ടിട്ടുണ്ട്. മനുഷ്യന്‍ മൃഗമായിപ്പോകുന്ന വേളയില്‍പ്പോലും മനുഷ്യനെ മനുഷ്യനായി കാത്തുസൂക്ഷിച്ചത് വീട്ടകങ്ങളാണ്. ഇത്തരം മനുഷ്യരാണ് സമൂഹത്തിന്‍റെ മുതല്‍ക്കൂട്ട്. ഒരു കണ്‍ഫ്യൂഷ്യന്‍ ചിന്ത പറയുന്നതുപോലെ, ഭരണാധികാരിക്കു ജനതയോടു തോന്നുന്ന മനോഭാവം അപ്പനു മക്കളോടു തോന്നുന്നതിന്‍റെ തുടര്‍ച്ചയാണ്. കഴുത്തറപ്പന്‍ മത്സരത്തിന്‍റെയും സ്വയം സായൂജ്യത്തിന്‍റെയും ചൂഷണത്തിന്‍റെയും ലോകത്തു വീടുകള്‍ ബദല്‍ സാക്ഷ്യങ്ങളാണ്. ഇവയെ അടിസ്ഥാനമാക്കിയാണ് സമൂഹത്തെ വിലയിരുത്തേണ്ടത്. പക്ഷേ സംഭവിക്കുന്നതു നേരെമറിച്ചാണ്. സമൂഹത്തിലെ ബലതന്ത്രങ്ങളും ജന്തുലോകത്തെ മാത്സര്യബുദ്ധിയുമൊക്കെക്കൊണ്ട് വീടിനെ വിശകലനം ചെയ്യാന്‍ നോക്കുകയാണ്. അങ്ങനെയാണ് വീടുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍നിന്ന് ത്യാഗവും സ്നേഹവും വിശ്വാസവും ഒക്കെ ചോര്‍ന്നുപോകുന്നത്.
വീട് സമൂഹത്തിന്‍റെ മാത്രമല്ല, ആത്മീയതയുടെയും അളവുകോലാകേണ്ടതുണ്ട്. വേദം ദൈവസ്നേഹത്തെ ഉപമിക്കുന്നത് ഭാര്യാ-ഭര്‍തൃപ്രണയത്തോടും അമ്മ- കുഞ്ഞ് ബന്ധത്തോടുമൊക്കെയാണ്. ദൈവത്തിന് ചെയ്യാവുന്നതിന്‍റെ പരകോടി അമ്മ കുഞ്ഞിനെ സ്നേഹിക്കുന്നയത്രയും സ്നേഹിക്കുക എന്നതാണ്. ആ ഒരു മാതൃകയ്ക്കപ്പുറത്തേയ്ക്കു ദൈവത്തിനുപോലും പോകാനാകുന്നില്ല. ആത്മീയത ആത്യന്തികമായി ലക്ഷ്യംവയ്ക്കുന്നത് വീട്ടകത്തെ സ്നേഹം വീടിനു പുറത്തേയ്ക്കു വ്യാപിപ്പിക്കാനാണ്. പക്ഷേ, ഇവിടെ ആത്മീയതയുടെ മാനദണ്ഡമായി പൊതുവേ അവതരിപ്പിക്കപ്പെടുന്നതു സന്ന്യാസമാണ്. തന്‍റെ ആത്മീയഗുരു ആകാമോയെന്ന് ഒരിക്കല്‍ ഒരു വക്കീല്‍ സെന്‍റ് കാതറീന്‍ ഓഫ് സിയന്നായോടു ചോദിച്ചു. അയാള്‍ ജോലിയും കളഞ്ഞ,് ഭാര്യയേയും ഉപേക്ഷിച്ചാലേ തനിക്കതിനു സാധിക്കൂ എന്നായിരുന്നു അവരുടെ മറുപടി. അത്രയ്ക്കൊന്നുമില്ലെങ്കിലും വീടിന്‍റെ ആത്മീയതയെ പ്രാര്‍ത്ഥനകൊണ്ടും ഉപവാസംകൊണ്ടും മാത്രം വിലയിരുത്താനുള്ള ശ്രമങ്ങള്‍ എവിടെയുമുണ്ട്. സത്യത്തില്‍, ഈശ്വരന്‍ മാതൃകയാക്കിയ വീടിന്‍റെ ആത്മീയതയെ മാതൃകയാക്കാനാണ് ഇവിടുത്തെ പൗരോഹിത്യവും സന്ന്യാസവും ശ്രമിക്കേണ്ടത്. ടോള്‍സ്റ്റോയിയുടെ കഥാപാത്രമായ ഫാ. സെര്‍ജിയൂസ് വിശുദ്ധനാകാന്‍ കൊണ്ടുപിടിച്ച് ശ്രമിക്കുന്ന ഒരാളാണ്. ഒരുപാടു പരിത്യാഗപ്രവൃത്തികള്‍ വീരോചിതമായി അയാള്‍ ചെയ്യുന്നു. എന്നിട്ടും അയാള്‍ക്കു തന്നെ കരണ്ടുതിന്നുന്ന ഒരു അതൃപ്തി ഉണ്ട്: ഇല്ല, ഇനിയും താന്‍ വിശുദ്ധനായിട്ടില്ല. അങ്ങനെയിരിക്കെ അയാളൊരു വീട്ടമ്മയെ കാണുന്നു. അവള്‍ തന്‍റെ മകളെയും മകളുടെ മനോവൈകല്യമുള്ള ഭര്‍ത്താവിനെയും സംരക്ഷിക്കാന്‍ പെടാപ്പാടുപെടുന്നവളാണ്. പള്ളിയിലൊന്നും പോകാനാകാത്തതിന്‍റെ പേരില്‍ അവള്‍ സ്വയം ശപിക്കുന്നുണ്ട്. എന്നിട്ടും അവളെ പൊതിഞ്ഞുനില്‍ക്കുന്ന വിശുദ്ധിയിലേക്ക് സെര്‍ജിയൂസ് അച്ചന്‍ മിഴി തുറക്കുകയാണ്. വിശുദ്ധി എന്നത് ഒട്ടും നാടകീയമോ ഐതിഹാസികമോ അല്ലാത്ത അനുദിന സംഭവങ്ങളിലൂടെ ആവിഷ്കൃതമാകുന്നതാണെന്ന് അവള്‍ അയാളെ പഠിപ്പിക്കുന്നു. ഇവിടുത്തെ ആത്മീയതകള്‍ വീട്ടകങ്ങളാല്‍ സ്നാനം ചെയ്യപ്പെട്ടിരുന്നെങ്കില്‍...
വീടുകളെല്ലാം സ്വര്‍ഗ്ഗത്തിന്‍റെ തുണ്ടുകളല്ലല്ലോ എന്ന ഖേദത്തോടെയാണ് ഈ കുറിപ്പ് അവസാനിപ്പിക്കുന്നത്. പൊള്ളുന്ന വീടുകളുമുണ്ട് നമുക്കിടയില്‍. അത്തരം ഇടങ്ങളില്‍ ഈ കുറിപ്പ് സ്ത്രീകള്‍ക്കുവേണ്ടി മാത്രമുള്ള പുണ്യങ്ങളുടെ എഴുത്തായിത്തീരില്ലേ എന്ന സംശയമുണ്ട്. അടിച്ചേല്‍പ്പിക്കപ്പെടാനുള്ളതല്ലല്ലോ കരുതലും ത്യാഗവും സ്നേഹവുമൊക്കെ. സമഭാവനയും ആദരവും ഉള്ളയിടത്തേ അവയൊക്കെ ബലപ്രയോഗമില്ലാതെ വിടര്‍ന്നു പുഷ്പിക്കൂ. വേദം പറയുന്നത് പുരുഷന്‍റെ വാരിയെല്ലില്‍നിന്ന് സ്ത്രീ ഉണ്ടായി എന്നാണ്. സ്ത്രീ പുരുഷന്‍റെ തലമുകളിലോ കാല്‍ച്ചുവട്ടിലോ ഇരിക്കേണ്ടവളല്ല. അവര്‍ ഒരുമിച്ച് നെഞ്ചോടു നെഞ്ചുചേര്‍ന്ന് നില്‍ക്കേണ്ടവരും തോളോടു തോള്‍ചേര്‍ന്നു യാത്രചെയ്യേണ്ടവരുമാണ്. അത്തരം വീടുകളിലെ പൊട്ടിച്ചിരിയും കണ്ണീരും പരസ്പര ദാനം ചെയ്യലുമാണ് വീടിനെ സ്വര്‍ഗ്ഗമാക്കുന്നത്.