news-details
എഡിറ്റോറിയൽ

മുഖക്കുറിപ്പ്

ജാതിയെക്കുറിച്ചു കേരളത്തില്‍ ഇനിയും പറയേണ്ടതുണ്ടോ? കാളയ്ക്കൊപ്പം നുകത്തില്‍ കെട്ടി ദളിതനെ ഉഴാനുപയോഗിച്ചിരുന്ന കാലമൊക്കെ പൊയ്പ്പോയില്ലേ?  കെ. ആര്‍. നാരായണന്‍ പ്രസിഡന്‍റായ നാടല്ലേ ഇത്? അവിടെയുമിവിടെയും കാണുന്ന ഒറ്റപ്പെട്ട ജാതിക്കോമരങ്ങളെ ഇത്ര പെരുപ്പിച്ചു കാണിക്കേണ്ടതുണ്ടോ? ജാതിക്കെതിരായി പൊതുവെ അവതരിപ്പിക്കപ്പെടുന്ന വാദങ്ങളില്‍ ചിലതാണിവ. വിവേകാനന്ദന്‍ ഭ്രാന്താലയമെന്നു വിളിച്ചിടത്തുനിന്നു കേരളമെത്ര മുന്നേറിയിരിക്കുന്നു. അതിനു കേരളീയര്‍ക്കു നമോവാകം. പക്ഷേ, മുന്‍പറഞ്ഞ വാദങ്ങള്‍ ഇവിടെ അവതരിപ്പിക്കുന്നതാരെന്ന ചോദ്യം പ്രധാനപ്പെട്ടതാണ്. നാമെല്ലാം ഒന്നാണെന്നും ജാത്യതീതമാണു നമ്മുടെ ജീവിതവും ചിന്തയുമെന്നും പറയേണ്ടത് മേല്‍ജാതിക്കാരനല്ല, കീഴ്ജാതിക്കാരനാണ്. ഗൗരവത്തോടെ അന്വേഷിക്കേണ്ടത് ഇവിടുത്തെ ദളിതര്‍ ജാതിയെപ്പറ്റി എന്തുപറയുന്നു എന്നതാണ്. നമ്മുടെ പൊതു ഇടങ്ങളെപ്പറ്റിയും സ്വകാര്യ ഇടങ്ങളെപ്പറ്റിയും അവര്‍ക്കു പറയാനുള്ളത് ആദരവോടെ കേള്‍ക്കാന്‍ സന്മനസു കാണിച്ചാല്‍ കുറെക്കൂടി സത്യസന്ധമായ നിലപാടുകള്‍ ജീവിതത്തില്‍ സ്വീകരിക്കാന്‍ അതു സഹായകമായേക്കാം.

ചരിത്രം പറയുന്നതു മുസ്സോളിനി തന്‍റെ ഫാഷിസ്റ്റു പാര്‍ട്ടിയുണ്ടാക്കിയിട്ടു വെറും മൂന്നുവര്‍ഷത്തിനുള്ളില്‍ ഇറ്റലിയുടെ ഭരണം പിടിച്ചെടുത്തുവെന്നാണ്. ഹിറ്റ്ലറുടെ ഉയര്‍ച്ചയും അമ്പരപ്പിക്കുന്ന വേഗത്തിലായിരുന്നു. അതിനര്‍ത്ഥം ഫാഷിസമെന്നത് മുസ്സോളിനിയുടെയോ ഹിറ്റ്ലറുടെയോ കണ്ടുപിടിത്തമല്ലെന്നാണ്. ബഹുഭൂരിപക്ഷം ഇറ്റലിക്കാരുടെയും ജര്‍മ്മന്‍കാരുടെയും മനസ്സുകളുടെ കോണിലെവിടെയോ ഫാഷിസം പതുങ്ങിക്കിടപ്പുണ്ടായിരുന്നു. ലജ്ജ കൂടാതെ പുറത്തുവരാന്‍ ലഭിച്ച ആദ്യയവസരത്തില്‍തന്നെ അതു പുറത്തുചാടി, പ്രളയംപോലെ ജനതകളെ കീഴടക്കുകയായിരുന്നു.  ഇതിനു സമാനമാണു ജാതിയുടെ കാര്യവും. തക്കസമയത്തിനുവേണ്ടി കാത്തിരിക്കുന്നു അതെപ്പോഴും. ഇന്നാട്ടിലെ വലതുപക്ഷത്തിന്‍റെ മുഖ്യവിഷയം രാജ്യവും രാജ്യഭക്തിയുമൊക്കെയാണല്ലോ. ഇടതുപക്ഷത്തിന്‍റെ വിഷയമാകട്ടെ വര്‍ഗരഹിതസമൂഹവും. ഇരുപക്ഷങ്ങള്‍ക്കും ജാതി അത്ര വലിയ വിഷയമല്ലെന്നാണു വെയ്പ്. എന്നിട്ടും 1990 ല്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടു നടപ്പിലാക്കാന്‍ നോക്കിയപ്പോള്‍, ഇരുപക്ഷത്തെയും വിദ്യാര്‍ത്ഥിസംഘടനകള്‍ ക്യാമ്പസുകളില്‍ ദളിത് വിദ്യാര്‍ത്ഥികള്‍ക്കെതിരായി കൈ കോര്‍ക്കുകയാണുണ്ടായത്. വാചാടോപങ്ങള്‍ക്കപ്പുറത്തു ജാതിയെന്നതു നിഷേധിക്കാനാവാത്തവിധം സജീവമാണെന്നതിന്‍റെ സമീപകാല സാക്ഷ്യമാണിത്. നമ്മുടെ വീട്ടകങ്ങളില്‍, വിദ്യാലയങ്ങളില്‍, ദേവാലയങ്ങളില്‍, ഭരണകൂടങ്ങളിലൊക്കെ ജാതി തെളിഞ്ഞും ഒളിഞ്ഞും പ്രകടമാകുന്നുണ്ട്. ചുറ്റുവട്ടത്തേയ്ക്ക് ഒന്നു കണ്ണോടിച്ചാല്‍ തിരിച്ചറിയാവുന്നതേയുള്ളൂ ഇക്കാര്യം. ഇതാ, കണ്ണില്‍പ്പെട്ട ചില വസ്തുതകള്‍:

1. മാധ്യമങ്ങളില്‍ വരുന്ന വിവാഹപരസ്യങ്ങളിലൂടെ ഒന്നു കണ്ണോടിക്കുക. ഇവിടെ നായര്‍യുവാക്കളും സിറിയന്‍ കത്തോലിക്കായുവാക്കളുമൊക്കെയേ കല്യാണം കഴിക്കുന്നുള്ളോ എന്നു തോന്നിപ്പോകും. ഒരു പുലയ യുവതിയുടെ വിവാഹപരസ്യം ആരെങ്കിലും കണ്ടിട്ടുണ്ടോ?

2. ഗ്രാമത്തിലൊരു വൃദ്ധയുണ്ടായിരുന്നു. 'ജാനോച്ചോത്തി' എന്നാണു കുട്ടികളും മുതിര്‍ന്നവരും അവരെ വിളിച്ചിരുന്നത്. പ്രായത്തില്‍ നാലുവയസു മൂത്ത സഹോദരിയെ ചേച്ചിയെന്നു വിളിക്കണമെന്നു ശീലിപ്പിച്ച വീട്ടുകാര്‍ക്കു പക്ഷേ ഞാനാ വൃദ്ധയെ 'ജാനോച്ചോത്തി'യെന്നു വിളിച്ചതില്‍ ഒരപാകതയും തോന്നിയിരുന്നില്ല.

3. ഒരു മെഡിക്കല്‍ കോളേജിലേക്കു ചെല്ലുക. അവിടത്തെ ഡോക്ടര്‍മാരെയും നഴ്സുമാരെയും നോക്കുക. മിക്കവരും വെളുത്തവരാണ്. ഇനി അവിടുത്തെ തൂപ്പുകാരെ നോക്കുക. മിക്കവരും കറുത്തവരാണ്. ഇന്ത്യയിലെ ഏതു നഗരത്തിലും റയില്‍വേസ്റ്റേഷനിലും ചെന്നു നോക്കിക്കൊള്ളൂ. തൂപ്പുകാരൊക്കെ കറുത്തവര്‍തന്നെ.

4. പുരോഹിതര്‍ക്കും സന്ന്യസ്തര്‍ക്കുമിടയില്‍ കറുത്ത മുഖങ്ങള്‍ എത്ര വിരളമാണ്. അതേസമയം ആശ്രമങ്ങളിലെയും മഠങ്ങളിലെയും അടുക്കളയിലും തൊഴുത്തിലും പണിയെടുക്കുന്നവരെ എടുക്കുക. ഒക്കെയും കറുത്ത മുഖങ്ങള്‍.

5. ഇവിടുത്തെ ദൈവങ്ങളെയും മാലാഖമാരെയും നോക്കുക. കറുത്ത ഏതെങ്കിലും മുഖമുണ്ടോ അവര്‍ക്കിടയില്‍? മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനെക്കുറിച്ച് റഷ്യന്‍ കവി യെവ്തുഷെങ്കോ പറഞ്ഞത്, 'തൊലി കറുത്തതെങ്കിലും പൊടിമഞ്ഞുപോലെ വെളുത്ത ആത്മാവുള്ളവന്‍' എന്നാണ്. നല്ല ആത്മാവിനു വെളുത്ത നിറമേ പാടുള്ളൂ എന്നാണു കവിയുടെ ശാഠ്യം. കറുത്ത ആത്മാവിനും കറുത്ത ദൈവത്തിനും എന്തേ ഇവിടെ ഇടം കിട്ടുന്നില്ല?

6. 'ജാത്യാലുള്ളതു തൂത്താല്‍ പോകില്ലെ'ന്നും 'കാക്ക കുളിച്ചാല്‍ കൊക്കാകുമോ'യെന്നുമൊക്കെയാണു നമ്മുടെ പഴഞ്ചൊല്ലുകള്‍. പതിരില്ലാത്തതെന്നു കല്പിക്കപ്പെട്ടതുകൊണ്ട് പറഞ്ഞുപറഞ്ഞ് അബോധമനസ്സില്‍ തറഞ്ഞുപോയി അവയൊക്കെ. അവയില്‍ പതിരുണ്ടെന്നും 'കൊക്കു കുളിച്ചാല്‍ കാക്കയാകുമോ എന്ന് എന്തുകൊണ്ടു ചോദിച്ചു കൂടാ' എന്നും ഒരു കെ. ഇ. എന്നിനേ തോന്നിയിട്ടുള്ളൂ.

7. ദളിത് എഴുത്തുകാര്‍ അടുത്തയിടെയാണു പൊതുമണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. അവരെല്ലാം ഇവിടെയുണ്ടായിരുന്നവരാണ്. പക്ഷേ അംഗീകരിക്കപ്പെട്ടിരുന്നില്ലെന്നുമാത്രം. 1980-കളില്‍ തമിഴ്നാട്ടിലെ പാളയം കൊട്ടി സെന്‍റ് സേവ്യഴ്സ് കോളേജിലെ ഫോക്ലോര്‍ ഡിപ്പാര്‍ട്ടുമെന്‍റ് ദക്ഷിണേന്ത്യയിലെ നാടോടി സാഹിത്യം ശേഖരിച്ചതിനെപ്പറ്റി പുസ്തകത്തിലുണ്ട്. ശേഖരിച്ച 6000 എണ്ണത്തില്‍ 5000 വും ദളിത് മിത്തുകളും കഥകളും ചരിത്രരചനകളുമായിരുന്നത്രേ. അത്തരം ചരിത്രവായനകളും ഉള്‍ക്കാഴ്ചകളും ഇന്നും പൊതുസമൂഹത്തിന് അപരിചിതമാണെന്നതല്ലേ സത്യം?

8. ദളിത്  ക്രൈസ്തവരെക്കുറിച്ചുള്ള പൊതുധാരണ അവര്‍ അരി കണ്ടും പാല്‍പ്പൊടി കണ്ടും മതംമാറിയവരാണെന്നാണ്. ക്രിസ്തുമതം സ്വീകരിച്ച മേലുകാവിലെ അടിമകളെപ്പറ്റി 1862-ല്‍ റവ. ഹെന്‍റി ബേക്കര്‍ എഴുതിയത് ടി. എം. യേശുദാസന്‍റെ "ബലിയാടുകളുടെ വംശാവലി"യില്‍ ഉദ്ധരിക്കുന്നുണ്ട്: "പൂഞ്ഞാറ്റില്‍ തമ്പുരാന്‍റെ ഭൃത്യന്മാര്‍ അവരെ തല്ലിച്ചതച്ചു. ക്രിസ്തുമതം കഴുകിക്കളയാന്‍വേണ്ടി കഴുത്തോളം വെള്ളത്തില്‍ ഇറക്കിനിറുത്തി. ദിവസങ്ങളോളം ബന്ധനസ്ഥരാക്കി തടിയിലിട്ടു. കണ്ണുകളില്‍ മുളകരച്ചു തേച്ചു. കട്ടുറുമ്പുകളും നീറുകളും നിറച്ച സഞ്ചികൊണ്ടു തല മൂടിക്കെട്ടി. ഇത്രയൊക്കെയായിട്ടും വിട്ടയച്ചപ്പോള്‍ അവര്‍ വീണ്ടും സുവിശേഷം അഭ്യസിക്കാന്‍ തുടങ്ങി." ആദിമ ക്രൈസ്തവരുടേതിനു സമാനമായ ത്യാഗോജ്വലമായ വിശ്വാസസാക്ഷ്യങ്ങളുടെ ചരിത്രപാഠങ്ങളുള്ളപ്പോഴും കൊതികൊണ്ട് മതം മാറിയവര്‍ എന്ന് മുഖ്യധാരാ സമൂഹം കൊടുത്ത ലേബലില്‍നിന്ന് അവര്‍ക്കിന്നും പൂര്‍ണമായി മോചനമുണ്ടോ?

9. യോഗ്യതയുള്ളവരാണ് ഉദ്യോഗങ്ങളില്‍ വരേണ്ടതെന്നും റിസര്‍വേഷന്‍ അതിനു തുരങ്കംവയ്ക്കുന്നു എന്നുമാണല്ലോ മുഖ്യധാരാ സമൂഹം പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇവിടെ ഭൂമി കൈയടക്കി വച്ചിരിക്കുന്നവരുടെ യോഗ്യതയെന്താണ്? ഭൂവുടമകളില്‍ എത്രപേര്‍ക്കു നിലമുഴാനും കളപറിക്കാനും ഞാറുനടാനും അറിയാം? കഴിവുനോക്കിയാണ് എല്ലാം നിശ്ചയിക്കപ്പെടുന്നതെങ്കില്‍ കൃഷിചെയ്യാന്‍ അറിയുന്നവനുള്ളതല്ലേ ഭൂമിയുടെ ഉടമസ്ഥാവകാശം? യോഗ്യതയെന്നതിനെ നമ്മുടെ സൗകര്യമനുസരിച്ച് വ്യാഖ്യാനിക്കുന്നു എന്നതല്ലേ വസ്തുത?

 
'വിധേയന്‍' എന്ന സിനിമയില്‍ ഭയത്തിനു വല്ലാതെ അടിപ്പെട്ടു പോകുന്ന ഒരു വേളയില്‍ യജമാനന്‍ അടിയാളനെ  "തൊമ്മീ" എന്നു വിളിക്കുന്നുണ്ട്. "യജമാനന്‍ എന്നെ പേരു വിളിച്ചു!" എന്നു പറയുന്ന തൊമ്മിയുടെ മുഖത്തെ അത്ഭുതമൊന്നു കാണണം. ഇവിടുത്തെ അധഃകൃതര്‍ ആത്യന്തികമായി ആവശ്യപ്പെടുന്നത് എന്തെന്ന് 'ധവള പത്രത്തി'ല്‍ ശരണ്‍കുമാര്‍ ലിംബാലെ പറയുന്നുണ്ട്: "നിങ്ങളുടെ ആകാശത്തിലെ സൂര്യനും നക്ഷത്രവുമല്ല ഞാന്‍ ചോദിക്കുന്നത്/ നിങ്ങളുടെ പാടമോ ഭൂമിയോ വീടോ കൊട്ടാരമോ എനിക്കു വേണ്ട/ നിങ്ങളുടെ ദൈവമോ ആരാധനയോ ജാതിയോ അമ്മയെയോ പെങ്ങളെയോ പെണ്‍മക്കളെയോ ഒന്നും ഞാന്‍ ആവശ്യപ്പെടുന്നില്ല/ എനിക്കു വേണ്ടത് എന്‍റെയവകാശമാണ് - മനുഷ്യനെന്ന നിലയിലുള്ള എന്‍റെയവകാശം." 'ദൈവത്തിന്‍റെ ജന'മെന്ന ലേബലും റിസര്‍വേഷനെന്ന ഔദാര്യവും തങ്ങളില്‍നിന്നു ചീന്തിയെടുക്കപ്പെട്ട അഭിമാനത്തിനും ജീവിതത്തിനും പകരമാവില്ലെന്ന തിരിച്ചറിവു ലഭിച്ച ദളിതര്‍ ഇന്നു മുഖ്യധാരാ സമൂഹത്തിനുനേരെ വിരല്‍ചൂണ്ടുകയാണ്. അവരുടെ കവിതകള്‍ പൂവിനെക്കുറിച്ചും ഇലയെക്കുറിച്ചും നക്ഷത്രങ്ങളെക്കുറിച്ചുമുള്ളതല്ല, പിന്നെയോ തുള വീണ നിക്കറിനെക്കുറിച്ചും റേഷന്‍കാര്‍ഡിനെക്കുറിച്ചും മീന്‍ നാറ്റത്തെക്കുറിച്ചുമുള്ളതാണ്. അവയില്‍ തുളുമ്പുന്നത് അലങ്കാരഭംഗിയല്ല, കണ്ണീരും ചോരയുമാണ്. കൊറിന്ത്യക്കാര്‍ക്കും റോമാക്കാര്‍ക്കുമെഴുതപ്പെട്ട ലേഖനങ്ങള്‍ അന്നാട്ടുകാര്‍ക്കു വേണ്ടിയുള്ളതാണെന്നും തിരുവിതാംകൂറിലെ അടിമകള്‍ക്കുള്ള വെളിപാടുകള്‍ തന്നിലൂടെയാണെന്നും പൊയ്കയില്‍ യോഹന്നാന്‍ പ്രഖ്യാപിക്കുമ്പോള്‍, അത് മത്തായിപ്പുലയനെയും പത്രോസ് പുലയനെയും സൃഷ്ടിച്ച, ആ വേര്‍തിരിവുകള്‍ ഉടയാതെ കാത്തുസൂക്ഷിച്ച ക്രൈസ്തവ സമൂഹത്തിനെതിരായുള്ള വിമര്‍ശനമാണെന്നു സവിനയം അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍! സുവിശേഷങ്ങളിലെ യഹൂദനായ യേശു ഒരു വേള ഉപയോഗിക്കുന്ന പരിഹാസഭാഷയ്ക്കു മുമ്പില്‍ ചൂളിപ്പോകാതെ മറുപടിപറയാന്‍ ധൈര്യപ്പെടുന്നതു പുറംജാതിക്കാരിയായ ഒരു കാനാന്‍കാരിയാണ്. പന്ത്രണ്ടാംവയസില്‍ വേദശാസ്ത്രികളെപ്പോലും തോല്പിച്ചവന്‍ അവളുടെ മറുപടിയില്‍ അത്ഭുതപ്പെട്ടുപോവുന്നുണ്ട്. അങ്ങനെ അധഃകൃതയായവള്‍ യേശുവിന്‍റെ മനംമാറ്റത്തിനു നിമിത്തമാകുന്നു. ദളിതരുടെ ചോദ്യങ്ങളും വിമര്‍ശനങ്ങളും കവിതകളും സമരങ്ങളും ഇവിടുത്തെ മേല്‍ജാതികളെ ആത്മവിമര്‍ശനത്തിലേക്കും മനംമാറ്റത്തിലേക്കും നയിച്ചിരുന്നെങ്കില്‍...

You can share this post!

മുഖക്കുറിപ്പ്

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
അടുത്ത രചന

മുഖക്കുറിപ്പ്

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Related Posts