news-details
ഇടിയും മിന്നലും

കേരളത്തിനു വെളിയില്‍ കണ്ടിട്ടില്ലാത്ത ഒന്നുരണ്ടു സ്ഥലങ്ങള്‍ കാണാനൊരു ചാന്‍സു വീണുകിട്ടി. അടുപ്പമുള്ള ഒരു കുടുംബത്തോടൊപ്പമായിരുന്നു യാത്ര. അവിടെ സ്ഥിരതാമസമുള്ള അവരുടെ ബന്ധുവിന്‍റെ വീട്ടിലാണു താമസമൊരുക്കിയിരുന്നത്. രണ്ടാമത്തെ ദിവസത്തെ ചുറ്റിക്കറക്കംകഴിഞ്ഞു സന്ധ്യയായപ്പോള്‍ തിരിച്ചെത്തി. വര്‍ത്തമാനം പറഞ്ഞിരുന്നപ്പോള്‍ ഇന്നത്തെ കുടുംബപ്രശ്നങ്ങളെപ്പറ്റിയായി സംസാരം. മക്കളെ നോക്കാത്ത മാതാപിതാക്കന്മാരെപ്പറ്റിയും, മാതാപിതാക്കളെ നോക്കാത്ത മക്കളെപ്പറ്റിയുമൊക്കെ ഒരച്ചനെന്നുള്ള നിലയില്‍ എനിക്കൊത്തിരി പറയാനുണ്ടായിരുന്നു. അത്താഴം റെഡിയായി എന്നറിയിച്ചപ്പോളാണ് സമയമത്രയുമായെന്നറിഞ്ഞത്. അവരോടൊപ്പം താമസിച്ചിരുന്ന റിട്ടയേര്‍ഡ് അധ്യാപകനായ അവരുടെ അപ്പനും കൂട്ടത്തിലിരുന്നെങ്കിലും ഞങ്ങളുടെ ചൂടുപിടിച്ച വാഗ്വാദങ്ങളിലൊന്നും കാര്യമായി സഹകരിക്കാതെയിരുന്നതുകൊണ്ട് അത്താഴത്തിനിടയില്‍ ഞാന്‍ ചോദിച്ചു:

"ഞങ്ങളു പറഞ്ഞതിനൊന്നും ഒരഭിപ്രായവും പറഞ്ഞു കണ്ടില്ലല്ലോ."

"ആതിഥ്യമര്യാദയുടെ ഭാഗമാണല്ലോ സ്വാദിഷ്ടമായ ഭക്ഷണം നല്കുന്നത്. അനിഷ്ടകരമായ കാര്യങ്ങള്‍ സംസാരിക്കാതിരിക്കുന്നതും അതിഥികളെ മാനിക്കുന്നതിന്‍റെ ഭാഗമാണെന്നാണ് എന്‍റെ പക്ഷം. അതുകൊണ്ടു മിണ്ടാതിരുന്നെന്നേയുള്ളു".

ഞങ്ങളുടെ സംസാരവിഷയം അദ്ദേഹത്തിന് അത്ര ഇഷ്ടപ്പെട്ടില്ല എന്നു വ്യക്തം. പെട്ടെന്നു വിഷയം മാറ്റിയെങ്കിലും ഒരു വിശദീകരണം ചോദിക്കണം എന്നു മനസ്സില്‍ മാത്രം കുറിച്ചിട്ടു. ഊണുകഴിഞ്ഞ്  എല്ലാവരും റ്റി.വി.യുടെ മുന്നിലേയ്ക്കു തിരിഞ്ഞപ്പോള്‍ അദ്ദേഹം മുറ്റത്തേയ്ക്കിറങ്ങുന്നതുകണ്ട് കൂടെച്ചെന്നു. മുഖവുര കൂടാതെ ഞാന്‍ വിഷയത്തിലേയ്ക്കു കടന്നു.

"ഞാന്‍ നേരത്തെപറഞ്ഞ എന്തോ ഇഷ്ടപ്പെടാത്തതുണ്ട് എന്നു തോന്നി. നാളെ ഞങ്ങളങ്ങു പോയാല്‍പ്പിന്നെ നമ്മളു വീണ്ടും കാണുമോന്നുപോലും സംശയമാണ്. അതുകൊണ്ട് ചെറിയകാര്യമാണെങ്കിലും ഒന്നു ക്ളിയര്‍ചെയ്തു പോകണമെന്നു തോന്നി".

"സോറി അച്ചാ. അങ്ങനെ വലിയകാര്യമൊന്നുമല്ല. അച്ചനും എന്‍റെയൊപ്പം പ്രായമില്ലെങ്കിലും പത്തമ്പതു വയസ്സു കാണുമല്ലോ".

"അമ്പതല്ല, അറുപതും കടന്നു".

"നമ്മളീപ്പറയുമ്പോഴൊക്കെ എപ്പോളായാലും ഇല്ലായ്മകളാ പറയുന്നത്. മുമ്പേ നിങ്ങളെല്ലാംകൂടെ പറഞ്ഞോണ്ടിരുന്നതും മക്കളു നോക്കാത്തതും മക്കളെ നോക്കാത്തതുമൊക്കെയാ. ഇതെല്ലാം കേട്ടുകൊണ്ടിരിക്കുന്ന കൊച്ചുമക്കളും, എല്ലാവരുമങ്ങിനെയൊക്കെയാണെന്നല്ലെ ചിന്തിക്കുക? നല്ലതുപോലെ കാര്‍ന്നോന്മാരെ നോക്കുന്ന എത്രയോ മക്കളുണ്ട്. അങ്ങനൊള്ള നല്ലതൊക്കെ കുറെയെണ്ണം പറഞ്ഞിരുന്നെങ്കില്‍ കേള്‍ക്കുന്ന കുഞ്ഞുങ്ങള്‍ക്കും അതാണല്ലോ ശരിയെന്നൊരു തോന്നലു വരുമല്ലോന്നാ എന്‍റെയൊരു വിശ്വാസം".

"ഏതായാലും എനിക്കു ചോദിക്കാന്‍ തോന്നിയതു നന്നായി. ഞാന്‍ ശ്രദ്ധിക്കാതെപോയ ഒരു കാര്യമായിരുന്നു. ഇനിയതു മനസ്സില്‍വയ്ക്കാം".

"നാളെ രാവിലെ പള്ളീല്‍ ചെല്ലുമ്പോള്‍ ഞാനൊരാളെ പരിചയപ്പെടുത്തിത്തരാം. അച്ചന്മാരെക്കാണുന്നതിഷ്ടമുള്ള ഒരാളാ". പിന്നീടു കുറെനേരം ഞങ്ങളു സംസാരിച്ചിരുന്നു. എല്ലാത്തിലും നല്ലവശം കാണുന്ന ഒരു നല്ലമനുഷ്യന്‍.

പിറ്റെദിവസം പള്ളീല്‍ചെന്ന് വികാരിയച്ചന്‍റെ കൂടെനിന്നു കുര്‍ബാനയുംചൊല്ലി അച്ചനോടു യാത്രയും പറഞ്ഞിറങ്ങുമ്പോഴേയ്ക്കും പരിചയപ്പെടുത്താമെന്നു പറഞ്ഞിരുന്ന ആളുമായി അദ്ദേഹം കാത്തുനില്ക്കുന്നു.

"നിങ്ങളെല്ലാരുംകൂടെ പത്തുമണിയാകൂമ്പോഴേക്കാണു യാത്രതിരിക്കുന്നതെന്നു സാറു പറഞ്ഞു. അച്ചനു വിരോധമില്ലെങ്കില്‍ എന്‍റെ വീട്ടില്‍വരെ പോകാം. കാപ്പികുടീം കഴിഞ്ഞ് ഒമ്പതുമണിക്കു ഞാന്‍ തിരിച്ചെത്തിക്കാം".

ഞാന്‍ സമ്മതിച്ചു. കാറിനടുത്തെത്തിയപ്പോഴേയ്ക്കും അദ്ദേഹത്തിന്‍റെ ഭാര്യയും വന്നു. നടക്കുമ്പോള്‍ അല്പം ഏന്തുള്ളതുപോലെ തോന്നി. ഒരു കൈക്ക് സ്വാധീനക്കുറവുള്ളതുപോലെയും. യാത്രയ്ക്കിടയില്‍ രണ്ടുപേരുടെയും പേരൊക്കെച്ചോദിച്ചറിഞ്ഞു. വീട്ടിലേയ്ക്ക് ഒരു കിലോമീറ്ററു ദൂരമേയുള്ളു. അയാളുടെ അപ്പനുമമ്മയും കൂട്ടത്തിലുണ്ട്. രണ്ടു കൊച്ചുകുട്ടികളുണ്ട്. മൂത്തതിനു മൂന്നുവയസ്സ്, രണ്ടാമത്തേതിന് ഒരുവയസ്സ്.  കണ്ടാല്‍ അമ്പതു വയസ്സടുത്തു തോന്നിക്കുന്ന അയാള്‍ക്ക് ഇത്ര കൊച്ചുകുട്ടികളോ എന്ന് അത്ഭുതം തോന്നി. വണ്ടി നിന്നത് ആറുനിലയുള്ള ഒരു ഫ്ളാറ്റിന്‍റെ മുമ്പില്‍. രണ്ടാമത്തെ നിലയിലേയ്ക്കു നടന്നു കയറുന്നതിനിടയില്‍ അയാള്‍ പറഞ്ഞു:

"ഈ നിലയില്‍ ഞങ്ങളു മാത്രമേയുള്ളു".

"വാടകയെന്തുവരും?"

"ഞങ്ങളു വാങ്ങുന്നത് ഒരു ഫ്ളാറ്റിന് മാസം പതിനായിരം രൂപ വച്ചാണ്".

അപ്പോഴും ഒരു കണ്‍ഫ്യൂഷന്‍. ഇതിവരുടെ സ്വന്തമായിരിക്കുമോ?

"ഇവിടെ ജോലിയാണോ?"

"അപ്പോള്‍ സാറ് അച്ചനോട് ഒന്നും പറഞ്ഞില്ലായിരുന്നോ?"

രണ്ടാം നിലയിലെത്തിയപാടെ ഭാര്യ സല്‍ക്കാരമൊരുക്കാനോടി. കാരണവന്മാരു വന്നു സ്തുതിചൊല്ലി.

"നാട്ടിലെവിടെയാ വീട്?" എന്‍റെ ചോദ്യത്തിന് ആരും മറുപടി പറഞ്ഞില്ല. എല്ലാവരും കണ്ണില്‍ക്കണ്ണില്‍നോക്കി. എന്തോ പന്തികേടുപോലെ.

"നാട്ടില്‍ നിന്നൊരച്ചന്‍ വന്നിട്ടുണ്ട്, സംസാരിക്കാനിഷ്ടമുള്ള ആളാണച്ചന്‍, രാവിലെ പള്ളീല്‍വച്ചു കാണാമെന്നൊക്കെ സാറിന്നലെ രാത്രീല്‍ വിളിച്ചപ്പോള്‍ പറഞ്ഞായിരുന്നു. അച്ചന്‍ വീട്ടിലേക്കു വരുമെന്നുറപ്പില്ലായിരുന്നു. വന്നതിനു നന്ദി. നാട്ടിലെവിടെയാണു വീടെന്നു ചോദിച്ചിട്ടാരും മറുപടി പറയാഞ്ഞതെന്താണെന്നച്ചനോര്‍ത്തുകാണും. അപ്പുറത്ത് എന്‍റെ ഓഫീസാണ്. അങ്ങോട്ടു പോകാം. കാപ്പി റെഡിയാകുമ്പോഴേയ്ക്കും നമുക്കല്പം വര്‍ത്തമാനം പറയാം".

പിന്നെയൊരു മണിക്കൂറിരുന്നു കേട്ട ചരിത്രം സിനിമാക്കഥ പോലെ തോന്നി. അപ്പന്‍ ഒരു പള്ളിയിലെ കുഴിവെട്ടുകാരനായിരുന്നു. കൂട്ടത്തില്‍ ആ ഇടവകയില്‍പെട്ട ഒരു പ്രമാണിയുടെ വീട്ടലെ ടാപ്പിങ്ങുപണിയും. മുതലാളിക്കു നാലുമക്കളാണ്. മൂന്നാണ്‍മക്കള്‍. ഒരുമകളുള്ളതു രണ്ടാമത്തേതാണ്. അതിനെ കണ്ടാല്‍ തീരെ ചന്തമില്ലായിരുന്നു. ഒരു കാലിന് നീളംകുറവ്, ഒരു കൈ ശോഷിച്ച് സ്വാധീനം കുറവ്. പഠിക്കാന്‍ തീരെകഴിവില്ലാതിരുന്നതുകൊണ്ട് രണ്ടുമൂന്നു കൊല്ലം മാത്രമേ സ്കൂളില്‍ വിട്ടുള്ളു. പിന്നെ പുറത്തെങ്ങും അവളെ കൊണ്ടുപോകാതെയായി. അതിനെ പുറത്ത് ആരെങ്കിലും കാണുന്നതുതന്നെ അവര്‍ക്കൊരു നാണക്കേടുപോലെ. ആങ്ങളമാരു മാത്രമല്ല അപ്പനുമമ്മയുംപോലും അവളോടിങ്ങനെ പെരുമാറുന്നതില്‍ അവള്‍ക്കു ഭയങ്കര നിരാശയുണ്ടായിരുന്നു. ഇയാളിതെല്ലാം എങ്ങനെയാണറിഞ്ഞതെന്നു ചോദിച്ചാല്‍, ടാപ്പിങ്ങിനു അപ്പനെ സഹായിക്കാന്‍ പോയിരുന്ന അവന്‍ പലപ്പോഴും അവളെക്കണ്ടിട്ടുണ്ടായിരുന്നു. ആ വീട്ടുകാരെല്ലാവരൂംകൂടെ എവിടെയെങ്കിലും പോകേണ്ടി വരുമ്പോള്‍ അവളെ വീട്ടില്‍ പൂട്ടിയിട്ടിട്ട് വീടിനു കാവലേല്‍പിച്ചിരുന്നത് ഇവന്‍റെയപ്പനെയായിരുന്നു. അങ്ങനൊരുതവണ അപ്പനെന്തോ അത്യാവശ്യത്തിനു പോകേണ്ടിവന്നപ്പോള്‍ കുറെസമയം അവനായിരുന്നു ആ വീടുകാവല്‍. അന്ന് ജനലില്‍കൂടി ആ കുട്ടി അവനോട് വയറ്റില്‍ സുഖമില്ലാത്തതുകൊണ്ട് തിന്നാന്‍ വേണ്ടി ഒരു ജാതിക്കാ പറിച്ചു കൊടുക്കാമോന്നു ചോദിച്ചു. അന്നാണവനാദ്യമായി അവളോടു മിണ്ടുന്നത്. അന്ന് ഒത്തിരിനേരം അവരു സംസാരിച്ചു. ചങ്കുപൊട്ടുന്ന വേദനയോടെയാണ് അവളന്നാക്കഥയെല്ലാം അവനോടു പറഞ്ഞത്. അന്നവന് ഇരുപതു വയസ്സു കഴിഞ്ഞിട്ടുണ്ട്. അവള്‍ക്കും ഏതാണ്ടതേ പ്രായം. പിന്നീടും ഒന്നുരണ്ടു പ്രാവശ്യം അവനിതുപോലെ അവസരം കിട്ടി. എന്നെങ്കിലും അവളെ അവിടെനിന്നു രക്ഷിക്കാമെന്ന് അവന്‍ വാക്കും കൊടുത്തു. അവന്‍ ജോലിചെയ്ത കാശുകൊണ്ടു പഠിച്ച് അവന്‍ വക്കീലായി. അപ്പനെ അറിയിക്കാതെ ഒരുദിവസം നേരെചെന്ന് മുതലാളിയോടു മകളെ കെട്ടിച്ചു കൊടുക്കുമോന്നു ചോദിച്ചു. അവന്‍ വക്കീലല്ല മജിസ്ട്രേട്ടായലും കുഴിവെട്ടുകാരന്‍റെ മകന്, ശവം തീനികള്‍ക്ക്, മകളെ കല്യാണംകഴിച്ചു കൊടുക്കില്ലെന്നുപറഞ്ഞു കളിയാക്കി വിട്ടു. അന്നുരാത്രീല്‍ അവളുടെ ആങ്ങളമാര് അവന്‍റെ വീട്ടില്‍ചെന്ന് അപ്പനെയും ശവംതീനിയെന്നു വിളിച്ച് അപമാനിക്കുക മാത്രമല്ല, അവനെ പെണ്ണുചോദിക്കാന്‍ അപ്പന്‍ പറഞ്ഞുവിട്ടതാണെന്നും പറഞ്ഞ് അപ്പനെ ടാപ്പിങ്ങുപണിയില്‍നിന്നു പിരിച്ചുംവിട്ടു. അഹങ്കാരം കാണിച്ചതിന്‍റെ പേരില്‍ വീട്ടില്‍ പ്രശ്നമായെങ്കിലും അവന്‍റെ അപ്പന്‍ അവനെ കുറ്റപ്പെടുത്തിയില്ല. നാട്ടില്‍ വാര്‍ത്ത പരന്നു നാണക്കേടായതോടെ  അവനു നാട്ടില്‍ നില്‍ക്കാന്‍ നിവൃത്തിയില്ലാതായി. വികാരിയച്ചനോട് അവന്‍ സത്യാവസ്ഥ തുറന്നുപറഞ്ഞപ്പോള്‍ അച്ചനവനെ അയല്‍സംസ്ഥാനത്ത് പ്രാക്ടീസ് ചെയ്യുന്ന അച്ചന്‍റെ ഒരു പരിചയക്കാരന്‍ വക്കീലിനെ പരിചയപ്പെടുത്തി അവനെ അങ്ങോട്ടു പറഞ്ഞുവിട്ടു.

(ശേഷം അടുത്ത ലക്കത്തില്‍ തുടരും)

You can share this post!

ചെളിപുരണ്ട വണ്ടി

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

കോഴി കൂവുന്നുണ്ട്

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts