ഒരു കണ്ണാടിയില്‍ നമ്മുടെ മുഖം കാണുന്നതുപോലെ ദൈവത്തിന്‍റെ യഥാര്‍ത്ഥ മുഖം കാണിച്ചു തരുന്ന സുവിശേഷഭാഗമാണ് ലൂക്കാ സുവിശേഷത്തിന്‍റെ 15-ാം അദ്ധ്യായം. ധൂര്‍ത്തപുത്രന്‍റെ ഉപമയിലൂടെ ദൈവസ്നേഹത്തിന്‍റെ യഥാര്‍ത്ഥമുഖം നാം ഇവിടെ കാണുന്നു. ദൈവത്തില്‍നിന്നു പിന്തിരിയുന്നവന്‍ തന്നിലേക്കുതന്നെ തിരിയുന്നു. ദൈവകരങ്ങളില്‍ വരച്ചുവച്ചതാണ് തന്‍റെ മുഖമെന്ന് പാപി മറക്കുന്നു. പാപത്തിന്‍റെ ആദ്യത്തെ ഫലമെന്നു പറയുന്നത് ദൈവസാന്നിദ്ധ്യത്തിന്‍റെ അഭാവം അനുഭവിക്കുന്നു എന്നതാണ്. ദൈവം അവനോടു സംസാരിക്കുന്നത് കേള്‍ക്കാനാവാത്ത വിധം അവന്‍ ബധിരനായിത്തീരുന്നു. ആത്മീയമായ അന്ധതയില്‍ അവനൊന്നും കാണാന്‍ പറ്റുന്നില്ല. ആത്മീയമായ ബധിരതയില്‍ പാപിക്കു യാതൊന്നും കേള്‍ക്കാനാവുന്നില്ല. അവസാനം ചെന്നെത്തുന്നത് മൃഗതുല്യമായ ജീവിതത്തിലാണ്. ധൂര്‍ത്തപുത്രന്‍ പന്നിക്കൂട്ടങ്ങള്‍ക്കൊപ്പം കഴിയേണ്ടിവരുന്നു. ദൈവത്തെ കൂടാതെയെടുക്കുന്ന തീരുമാനങ്ങള്‍ അടിമത്വത്തിലെത്തിക്കുന്നു.
തകര്‍ച്ചയുടെ നടുവില്‍നിന്നും സുബോധത്തിലേക്ക് ധൂര്‍ത്തപുത്രന്‍ തിരിച്ചുവരുന്നു. രണ്ടു കാരണങ്ങളാലാണ് മാനസാന്തരം സംഭവിക്കുന്നത്. പിതാവിന്‍റെ സ്നേഹത്തെക്കുറിച്ചുള്ള തിരിച്ചറിവും സ്വന്തം തകര്‍ച്ചയെക്കുറിച്ചുള്ള ബോധ്യവും ഒരു വ്യക്തിയെ തിരിച്ചു നടത്തും. മുറിവേറ്റ മനുഷ്യനെക്കണ്ടപ്പോള്‍ നല്ല സമറിയാക്കാരന്‍റെ മനസ്സലിഞ്ഞു. മുറിവേറ്റ മകനെ കണ്ടപ്പോള്‍ അപ്പന്‍റെ മനസ്സലിഞ്ഞു. അപ്പന്‍ അവനെ പുതിയ വസ്ത്രം അണിയിച്ചു. പുതുക്കിയ അവന്‍റെ ജീവിതത്തില്‍ ദൈവം അണിയിക്കുന്ന വരപ്രസാദത്തിന്‍റെ വെള്ളവസ്ത്രത്തെ ഇതു സൂചിപ്പിക്കുന്നു. തിരുത്തുവാനാഗ്രഹിക്കുന്ന ഏതു വ്യക്തിയേയും ദൈവം പുതുവസ്ത്രം ധരിപ്പിക്കുന്നു. മാമ്മോദീസായില്‍ ദൈവമക്കള്‍ക്കു നല്‍കുന്ന കൃപയുടെ ശുഭവസ്ത്രമായി ഇതിനെ നമുക്കു കാണാം. അണിയിക്കപ്പെട്ട മോതിരത്തെ വിവാഹമോതിരംപോലെ കാണാം. വിവാഹ ഉടമ്പടിയുടെ ഭാഗമായി ധരിപ്പിക്കുന്ന മോതിരംപോലെ ഒരു പുതിയ ഉടമ്പടി വഴി ദൈവം പാപിയെ സ്വന്തമാക്കുന്നു.
എല്ലാ തിരിച്ചുവരവുകളിലും ഒരു ഉത്സവത്തിന്‍റെ ആഘോഷം കാണാം. നാണയം തിരിച്ചുകിട്ടിയ സ്ത്രീയും, ആടിനെ തിരിച്ചുകിട്ടിയ ഇടയനും ആഘോഷിക്കുന്നതായി കാണുന്നു. നഷ്ടപ്പെട്ട മനുഷ്യന്‍ തിരിച്ചുവരുമ്പോള്‍ സ്വര്‍ഗ്ഗം സന്തോഷിക്കുന്നു. പാപത്തെക്കുറിച്ചുള്ള അവബോധവും, ദൈവത്തിലേയ്ക്കുള്ള തിരിച്ചു പോക്കും, പാപങ്ങളേറ്റു പറയുവാനുള്ള മനസ്സും മാനസാന്തരത്തിന്‍റെ അവിഭാജ്യഭാഗങ്ങളാണ്.
നോമ്പുകാലത്തിലൂടെ കടന്നുപോകുന്ന നാം ഓരോരുത്തരും ഒരു സ്വയം പരിശോധനയ്ക്ക് വിധേയരാകണം. ചെറിയ ചെറിയ അശ്രദ്ധകളിലൂടെ വലിയ വീഴ്ചകളിലേയ്ക്ക് നാം നിപതിച്ചേക്കാം. ദൈവവചനത്തെയും വിശുദ്ധ കൂദാശകളെയും തള്ളിപ്പറഞ്ഞ് കടന്നുപോകുന്നവരില്ലേ? സഭയെയും സഭയുടെ പ്രബോധനങ്ങളെയും ഉപേക്ഷിച്ചു പോകുന്നവരുണ്ട്. ലോകത്തിലെ പലതിനേയും പകരക്കാരായി കണ്ടു സംതൃപ്തി തേടുന്നവരുമുണ്ട്. അവസാനം ഒരു വലിയ തകര്‍ച്ചയില്‍ ചെന്നു വീഴുന്നതായി നാം കാണുന്നു. പരിപൂര്‍ണ്ണ സ്വതന്ത്രരായവര്‍ ഹതഭാഗ്യരായ അടിമകളായിത്തീരുന്നു. ഒരു തിരിച്ചുവരവിനു ദൈവം നമ്മെ ക്ഷണിക്കുന്നു. തിരിച്ചുവരുവാന്‍ മനസ്സുള്ളവരെ കാത്തുനില്‍ക്കുന്ന ഒരു പിതാവുണ്ട്. ഈ തിരിച്ചറിവ് നമ്മെ ബലപ്പെടുത്തണം. ആ ബലത്തില്‍ നാം മുന്നേറണം. ഭൂതകാലമില്ലാത്ത ഒരു വിശുദ്ധനും സഭയിലുണ്ടായിട്ടില്ല. ഭാവിയില്ലാത്ത ഒരു പാപിയും ചരിത്രത്തിലില്ല. നമ്മുടെ ജീവിതവും അങ്ങനെയല്ലേ? ദൈവം കാത്തുനില്‍ക്കുന്നു. നമുക്കു തിരിച്ചുപോകാം.