news-details
ഇടിയും മിന്നലും

തിരക്കൊഴിഞ്ഞ കാലമായതുകൊണ്ട് ഒത്തിരി നാളുകളായി ആശയടക്കി വച്ചിരുന്നതൊക്കെ ഒന്നൊന്നായിട്ട് സാധിച്ചെടുക്കാന്‍ ഇപ്പോള്‍ പറ്റുന്നുണ്ട്. സെമിനാരിയില്‍ പഠിച്ചിരുന്ന കാലത്തെങ്ങാണ്ട് തൃശ്ശൂര്‍പൂരത്തിന്‍റെ വെടിക്കെട്ട് കണ്ട ഓര്‍മ്മയേയുള്ളൂ. കുറെനാളായിട്ട് വെടിക്കെട്ട് കാണണമെന്ന് വല്ലാത്തൊരു പൂതി. അങ്ങനെയിരിക്കുമ്പോഴാണ് അയല്‍പക്കത്തുള്ള മൂന്നാലു പള്ളികളില്‍ നിന്ന് പെരുന്നാളിനുള്ള ക്ഷണം. നോട്ടീസിലെല്ലാം ഒരു പോലെ കണ്ട ഒരിനം 'ആകാശവിസ്മയം.' അതെന്താണെന്ന് മുഴുവന്‍ പിടികിട്ടിയിട്ടില്ല.

ഇന്നാളൊരിക്കല്‍ ഒരു വലിയ ഹോട്ടലില്‍ കയറി. കേരളത്തിന് വെളിക്കാ. ലഭ്യമായ ഭക്ഷണത്തിന്‍റെ ഐറ്റംസ് എല്ലാം ബഹുവര്‍ണ്ണത്തില്‍ അച്ചടിച്ച പുസ്തകം ഒരു 'വിളമ്പുകാരന്‍' മുന്നില്‍ കൊണ്ടുവന്ന ഒരു പാത്രത്തില്‍ വച്ചപ്പോള്‍ ആദ്യം അതാണ് തിന്നാനുള്ളതെന്നു തോന്നിപ്പോയി. മറിച്ചുനോക്കിയപ്പോള്‍ ഒരു പേജിലെ തലക്കെട്ട് 'കേരള ഫുഡ്സ്.' എന്തായാലും മറുനാടനൊന്നും കഴിച്ച് ശീലമില്ലാത്ത എന്‍റെ പാവംവയറിന് പണികൊടുക്കേണ്ട എന്നു കരുതി കേരളാഫുഡ്സിലൂടെ കണ്ണോടിച്ചു. പത്തിരുപത് ഐറ്റങ്ങള്‍ കണ്ടതില്‍ വല്യ പിടികിട്ടാത്ത ഒരു ഐറ്റം 'എക്സ്ട്രാ സ്പെഷ്യല്‍ കേരളാ ഡെലിക്കസി വിത്ത് ലൈറ്റ് മസാലാ.' വില നോക്കിയപ്പോള്‍ വലിയ കുഴപ്പമില്ല, അറുപതു രൂപാ. നാട്ടിലാണേല്‍ മൂന്ന് നെയ്റോസ്റ്റടിക്കാം. എന്നാലും അതിലും നല്ലതായിരിക്കുമല്ലോ ഈ എക്സ്ട്രാ സ്പെഷ്യല്‍. ഓഡര്‍ കൊടുത്തു. പത്തുപതിനഞ്ചു മിനിട്ടു കഴിഞ്ഞപ്പോള്‍ ഒരു ചെറിയ പ്ലാസ്റ്റിക് ഡെപ്പിയില്‍ എന്തോ കുഴഞ്ഞ സാധനം മുമ്പില്‍ കൊണ്ടുവന്നു വച്ചു. ചുറ്റും നോക്കി ആരും നോക്കുന്നില്ലാന്ന് കണ്ടപ്പം വിരലില്‍തോണ്ടി ഒന്നു നക്കിനോക്കി 'ചമ്മന്തി.' തമ്പുരാനേ, പുറകെ വരാന്‍ പോകുന്നത് ചക്കപ്പുഴുക്കാണോ, മനസ്സിലോര്‍ത്തതെയുള്ളു അതാ വരുന്നു കോട്ടും ബൂട്ട്സുമിട്ട ഒരു പാര്‍ട്ടി. അതിലും വലിയൊരു പ്ലാസ്റ്റിക് ഡെപ്പിയും കൈയിലുണ്ട്. അതെന്‍റെ മുന്നില്‍ വച്ചിട്ട് അയാള്‍ പാതി വളഞ്ഞപടി നില്‍ക്കുകയാണ്, അതു തുറന്നു തരണമോയെന്ന മട്ടില്‍. അതിനുള്ളിലുള്ളതു കണ്ടുകഴിയുമ്പോള്‍ എനിക്കുണ്ടാകാനിടയുള്ള ചമ്മല്‍ അയാള്‍ കാണണ്ടല്ലോ എന്നു കരുതി അയാളോടു വിട്ടുപൊയ്ക്കോളാന്‍ ആംഗ്യം കാണിച്ചു. ആളു പോയികഴിഞ്ഞ് ധൈര്യമായിട്ട് പ്ലാസ്റ്റിക് പാട്ടയുടെ മൂടി തുറന്നു. 'അരച്ചു ചേര്‍ക്കാത്ത വെറും കപ്പപ്പുഴുക്ക്.' കപ്പയോടുള്ള ആത്മാര്‍ത്ഥമായ സ്നേഹംകൊണ്ടുമാത്രം ചമ്മന്തിയും കൂട്ടി അകത്താക്കി. എക്സട്രാ സ്പെഷ്യല്‍ കേരളാഡെലിക്കസി പാത്രം കാലിയാക്കി.

'ആകാശവിസ്മയം' എന്നു നോട്ടീസില്‍ വായിച്ചപ്പോള്‍ എക്സ്ട്രാ സ്പെഷ്യല്‍ കേരളാഡെലിക്കസി ഓര്‍മ്മയില്‍ വന്നതാണ്. അതുകൊണ്ട് വിവരമുള്ളവരോടു ചോദിച്ച് ആകാശവിസ്മയം വെടിക്കെട്ടുതന്നെയാണെന്നുറപ്പുവരുത്തി. എന്തായാലും ആ മൂന്നു പള്ളികളിലും പോയി പെരുന്നാളും കൂടി.

പെടലിയുടെ നട്ടും ബോള്‍ട്ടും കുറെനാളായിട്ട് ലേശം തെറ്റിക്കിടക്കുന്നതു കാരണം എക്സ്ട്രാ ഫിറ്റിംഗ്സുമായിട്ടാണിപ്പോള്‍ സാധാരണ യാത്ര. പെരുന്നാളിന്‍റെ ഊണും കഴിഞ്ഞ് കാത്തിരുന്നപ്പോള്‍ വെടിക്കെട്ടിന്‍റെ അനൗണ്‍സ്മെന്‍റു വന്നു. നേരത്തെതന്നെ പെടലിക്ക് പ്രശ്നമുണ്ടാകാതെ, ചാരിനിന്ന് കാണാന്‍ പാകത്തിന് ചരിഞ്ഞുനിന്ന ഒരു തെങ്ങ് കണ്ടുവച്ചിട്ടുണ്ടായിരുന്നു. അതില്‍ ചാരിനിന്ന് ആകാശവിസ്മയം കണ്ടുതുടങ്ങി. ആദ്യം ഒറ്റയും പെട്ടയുമായി അഞ്ചാറുവാണവും പടക്കവും. അപ്പോഴാണ് തൊട്ടടുത്തുനിന്ന ഒരു കൊച്ചിന്‍റെ കരച്ചില്‍. പടക്കം പൊട്ടുന്നത് കേട്ട് പേടിച്ചുകരഞ്ഞതാണ്. ഒന്നൊന്നര വയസ്സുള്ള ഒരു കൊച്ച്. അതിന്‍റെ അപ്പന്‍ അതിനെ തോളത്തെടുത്തിട്ടുണ്ട്. ഓരോ പടക്കവും പൊട്ടുമ്പോള്‍ കൊച്ച് കാറിച്ച. അപ്പന്‍ അതിനെ തടയാനും പോയില്ല. അതിനു പകരം അടുത്ത വാണം ഉയര്‍ന്ന കൂടെ അപ്പനും ഉറക്കെ ശ്ശ്ശ്... ഠോ..ഠോ.. എന്നൊരു വെടി വാ കൊണ്ട്. അങ്ങനെയൊരഞ്ചാറു വാണത്തിന്‍റെ കൂടെ അപ്പനും ശ്ശ്ശ്... ഠോ.. വെടിവച്ചു കഴിഞ്ഞപ്പോള്‍ കൊച്ചും തുടങ്ങി വാണത്തിനൊപ്പം ശ്ശ്ശ്... ഠോ.. ന്ന്. കൊച്ചിന്‍റെ കാറിച്ച തീര്‍ന്നു സന്തോഷമായി. കൊച്ചും ആസ്വദിച്ചു ആകാശവിസ്മയം. പക്ഷേ അതിനെക്കാള്‍ കൂടുതല്‍ ഞാന്‍ ആസ്വദിച്ചത് അപ്പന്‍ നടത്തിയ വെടിക്കെട്ടാണ്. ആയുസ്സു മുഴുവന്‍ പടക്കം കേട്ടാല്‍ പേടിക്കാരനാകുമായിരുന്ന കുട്ടിയെ ശ്ശ്ശ്... ഠോ.. കൊണ്ട് അപ്പന്‍ വിസ്മയമാക്കി.

വെടിക്കെട്ടു കഴിഞ്ഞപ്പോള്‍ അടുത്ത പരിപാടി ട്രസ്റ്റി അനൗണ്‍സ് ചെയ്തു. പട്ടണത്തിലെ ദീപാലങ്കാരത്തിനുള്ള സമ്മാനദാനം ഉടനെ നടക്കുമെന്നും, ബഹുമാനപ്പെട്ട വികാരിയച്ചന്‍ സമ്മാനദാനം നടത്തുമെന്നും. അതിലെ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് പള്ളിയില്‍നിന്ന് സമ്മാനം കൊടുക്കുന്നുണ്ടായിരുന്നു.

അവിടെയുള്ള കടക്കാരെല്ലാവരും പെരുന്നാള്‍ ദിവസം കിട്ടിയ വരവിന്‍റെ കണക്കുനോക്കി ഒരു മത്സരം വച്ചിരുന്നെങ്കില്‍ തീര്‍ച്ചയായിട്ടും പുണ്യാളച്ചന്‍റെ നടവരവിനെയും കടത്തിവെട്ടി 'പട്ടക്കടക്കാര'ന് ഒന്നാംസ്ഥാനം കിട്ടുമായിരുന്നല്ലോ എന്നോര്‍ത്ത് തന്നത്താനെ ചിരിച്ചപ്പോള്‍ അടുത്തിരുന്ന അച്ചന്മാര്‍ക്ക് ഒരു സംശയം, ഞാനന്ന് മരുന്നുകഴിക്കാന്‍ മറന്നുപോയോ... രണ്ടു പള്ളികളിലെ വിസ്മയം കണ്ടുകഴിഞ്ഞപ്പോഴാണ് വല്യ പേരുകേട്ട ഒരു പള്ളിയിലെ നാലുമണിക്കൂര്‍ നീളുന്ന ചൈനീസ് വെടിക്കെട്ടിന്‍റെ പരസ്യം പത്രത്തില്‍ കണ്ടത്. എന്നാലിനിയും അതിന്‍റെ കുറവു വേണ്ട. ചൈനീസും കൂടി കണ്ടേക്കാമെന്ന് തീരുമാനിച്ചു. കാണാന്‍ പോകാന്‍ പ്രത്യേകക്ഷണം ആവശ്യമില്ലാതിരുന്നതുകൊണ്ട് ആരും വിളിക്കാതങ്ങു പോയി. ഇരുന്നോ കിടന്നോ കാണാന്‍ ഇഷ്ടംപോലെ സൗകര്യമുള്ള സ്ഥലം. മൂന്നാലു മണിക്കൂറൊന്നു വിസ്മയിച്ചു. പക്ഷേ ചൈനീസ് വാണവും നാടന്‍ വാണവും തമ്മിലും നമ്മുടെ അമിട്ടും ചൈനീസ് അമിട്ടും തമ്മിലും വ്യത്യാസമെന്താണെന്ന് ഇരുന്നും കിടന്നുമൊക്കെ നോക്കിയിട്ടും എനിക്കൊന്നും കണ്ടുപിടിക്കാന്‍ പറ്റിയില്ല.

എന്തായാലും പരിപാടിയെല്ലാം കഴിയാറായപ്പോള്‍ അനൗണ്‍സ്മെന്‍റ് അവിടെയും. ടൗണിലെ ദീപാലങ്കാരമത്സരത്തിന്‍റെ സമ്മാനദാനം നടത്തുന്നത് സ്ഥലം എം.എല്‍.എ ആണെന്നും അത് ഉടന്‍തന്നെ നടക്കുമെന്നും. ആ പരിപാടിക്കു മുന്‍പുതന്നെ തിരിച്ചുപോരാന്‍ ആഗ്രഹിച്ചെങ്കിലും അതുംകൂടെ കഴിഞ്ഞിട്ടാണെങ്കില്‍ കൂടെ കൊണ്ടുപോരാമെന്ന് അവിടെവച്ച് കണ്ടുമുട്ടിയ ഒരു നാട്ടുകാരന്‍റെ ഓഫറുകാരണം കാത്തിരുന്നു. ബഹുമാനപ്പെട്ട വികാരിയച്ചന്‍റെ ദീര്‍ഘമായ നന്ദിപ്രകടനത്തിനൊടുവില്‍ സമ്മാനാര്‍ഹരായവരുടെ പേരുവിവരം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ഒരാളിന്‍റെ പേരും പറഞ്ഞ് ആ കുടുംബത്തിനാണ് എന്ന് അനൗണ്‍സ് ചെയ്തു. വമ്പിച്ച കൈയടിക്കിടയില്‍ സമ്മാനാര്‍ഹനായ അദ്ദേഹം മന്ദംമന്ദം ചെല്ലുന്നതിനിടെ രണ്ടും മൂന്നും സ്ഥാനക്കാരുടെ പേരുകള്‍വന്നു. രണ്ടാം സമ്മാനം 'സുലഭം' സൂപ്പര്‍മാര്‍ക്കറ്റ്, പിന്നെ ഉടമയുടെ പേരും പറഞ്ഞു. മൂന്നാംസമ്മാനം 'എന്തിരന്‍' ഹോം അപ്ലയന്‍സസ് ഉടമ, തുടര്‍ന്ന് അദ്ദേഹത്തിന്‍റെ പേരും പറഞ്ഞു. മൂവരുംചെന്ന് സമ്മാനം വാങ്ങി. എന്നെ കൊണ്ടുപോരാമെന്നേറ്റിരുന്ന സുഹൃത്തിന്‍റെ അളിയനായിരുന്നു മൂന്നാം സമ്മാനാര്‍ഹന്‍.

എല്ലാം കഴിഞ്ഞ് ഞങ്ങള്‍ രാത്രി തിരിച്ചു. ഇന്നോവ കാറില്‍ എന്‍റെ സുഹൃത്തും അദ്ദേഹത്തിന്‍റെ നാലഞ്ച് കൂട്ടുകാരും. എന്നെ മുന്‍പിലത്തെ സീറ്റില്‍തന്നെ ഇരുത്തി. ഒരു സംശയനിവാരണത്തിനുവേണ്ടി ഞാന്‍ സുഹൃത്തിനോടു ചോദിച്ചു:

"രണ്ടും മൂന്നും സമ്മാനം കിട്ടിയ ആളുടെ പേരും കടയുടെ പേരും പറഞ്ഞിട്ടും ഒന്നാം സമ്മാനം കിട്ടിയ ആളുടെ കടയുടെ പേര് പറയാതെ ആളിന്‍റെ പേരും കുടുംബവും മാത്രം പറഞ്ഞതെന്താണ്?"

"അതൊരു രസമാണച്ചാ. ഇവിടുത്തെ പള്ളിയോഗത്തില്‍ ഒരു തര്‍ക്കമുണ്ടായതുകൊണ്ടാണ്. കഴിഞ്ഞ രണ്ടു കൊല്ലവും ആ പുള്ളിക്കു തന്നെയാണ് ഒന്നാം സമ്മാനം കിട്ടിയത്. അത് ഇവിടുത്തെ ഏറ്റവും വലിയ 'ബാര്‍ ഹോട്ടലാ'ണ്. കഴിഞ്ഞകൊല്ലം പുള്ളി ഒരു ലക്ഷം രൂപായാ ദീപാലങ്കാരത്തിനു ചെലവാക്കിയത്. ഇക്കൊല്ലവും ആള് എല്ലാവരെയും കടത്തിവെട്ടുമെന്നുറപ്പായിരുന്നു. പള്ളിപ്പെരുന്നാളിന് അലങ്കാരത്തിന് ബാര്‍ ഹോട്ടലിന് ഒന്നാം സമ്മാനമെന്ന് കഴിഞ്ഞ രണ്ടുവര്‍ഷവും വിളിച്ച് പറഞ്ഞതിന് നാട്ടുകാര്‍ക്ക് പലര്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. യോഗത്തിലതു തര്‍ക്കമായി. ആളെ മത്സരത്തില്‍ പങ്കെടുപ്പിക്കരുതെന്നായി ഒരു കൂട്ടര്‍. പെരുന്നാളിന് ഏറ്റവും വലിയ സംഭാവന ബാര്‍ ഹോട്ടലുകാരന്‍റേതുതന്നെയാണ്. അതുകൊണ്ട് ഒഴിവാക്കാന്‍ പറ്റത്തില്ലായെന്ന് പെരുന്നാള്‍ നടത്തിപ്പുകാര്. അവസാനം ഒന്നാം സ്ഥാനം കിട്ടിയാല്‍ ഹോട്ടലിന്‍റെ പേരു പറയാതെ ഉടമയുടെ പേരുമാത്രം അനൗണ്‍സ് ചെയ്യാമെന്ന് ഒത്തുതീര്‍പ്പായി."

"സംഗതിയുടെ ഗുട്ടന്‍സ് പോകുന്ന പോക്കേ.."

"അതിലൊക്കെ രസമുള്ള കാര്യം അച്ചനു കേള്‍ക്കണോ ഒന്നാം സമ്മാനം ആള്‍ക്കാണെന്ന് അറിഞ്ഞുകഴിഞ്ഞപ്പോള്‍ ബാറുകാരന്‍റെ കമന്‍റാണ്, ഇത്തവണ ദീപാലങ്കാരത്തിന് അയാള്‍ക്ക് രണ്ടു ലക്ഷം രൂപ ചെലവായിപോലും. സംസ്ഥാനത്തിനു വെളിയില്‍നിന്നാണ് സംവിധാനം എത്തിച്ചത്. എന്നാലെന്തുവേണ്ടി കഴിഞ്ഞ വര്‍ഷത്തെതിന്‍റെ മൂന്നിരട്ടി ബാറില്‍നിന്നും വിറ്റുവരവു കിട്ടി."

'പുണ്യാളച്ചനു കിട്ടിയ നേര്‍ച്ചയെക്കാളും ഇരട്ടിയെങ്കിലും പട്ട വിറ്റവകയില്‍ വരുമാനം കിട്ടിയെന്ന്!'

നൊവേന ദിവസങ്ങളില്‍ എല്ലാ ദിവസവും പള്ളിയില്‍ വന്ന കുടുംബങ്ങള്‍ക്കോ തിരുനാള്‍ ദിവസമെങ്കിലും എല്ലാവരും വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിച്ച കുടുംബങ്ങള്‍ക്കോ സമ്മാനം പ്രഖ്യാപിക്കുന്നത് കേള്‍ക്കാന്‍ ഇനിയുമെത്രകാലം കാത്തിരിക്കണമോ ആവോ. അതോര്‍ത്തപ്പോഴും എന്‍റെ മനസ്സില്‍ പണ്ടത്തെ വാണം പൊട്ടി...ശ്ശ്ശ്... ഠോ..

You can share this post!

അച്ചമ്പറഞ്ഞാകേക്കും....

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

പറയാതെ വയ്യാ, പറയാനും വയ്യ!!!

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts