news-details
എഡിറ്റോറിയൽ

മുഖക്കുറിപ്പ്

ഉതപ്പിന്‍റെ ഇംഗ്ലീഷ് പര്യായമായ scandal ഗ്രീക്കുഭാഷയിലെ skandalon എന്ന വാക്കില്‍ നിന്നാണ് വരുന്നത്. skandalon യാത്രികനെ തട്ടിവീഴ്ത്തുന്ന തടസ്സങ്ങളെ കുറിക്കുന്ന പദമാണ്. സദാചാരപരമായ തിന്മകളിലേക്കു നയിക്കുന്നതു മാത്രമല്ല, പൊതുവികാരങ്ങള്‍ക്കു ക്ഷതമേല്പിക്കുന്നതും പൊതുധാരണകളെ തകിടംമറിക്കുന്നതുമൊക്കെ ഉതപ്പ് -skandalon- ആണ്. അധഃകൃതനായ നാരായണ ഗുരു ശിവപ്രതിഷ്ഠ നടത്തിയത് അക്കാലത്ത് വലിയ ഉതപ്പായിരുന്നു. പക്ഷേ ഇത്തരം ചില ഉതപ്പുകളെ നാഴികക്കല്ലുകളായിട്ടാണ് ചരിത്രം അടയാളപ്പെടുത്തിയിരിക്കുന്നത്. ദേശീയ പതാക കത്തിക്കുന്നത് അനേകരെ വ്രണപ്പെടുത്തുന്ന ഉതപ്പായതു കാരണം അതു നിരോധിച്ചുകൊണ്ട് ടെക്സാസിലെ കോടതി ഒരു വിധി പ്രസ്താവിച്ചു. ഈ നിരോധനം റദ്ദാക്കിക്കൊണ്ട് 1989-ല്‍ അമേരിക്കന്‍ സുപ്രീംകോടതി പറഞ്ഞു: "സമൂഹത്തിന് ഉതപ്പാകുമെന്നതുകൊണ്ടു മാത്രം ഒരാശയത്തിന്‍റെ പ്രകാശനത്തെ ഒരു ഭരണകൂടത്തിനും തടയാനവകാശമില്ല." അപരിമേയമായ സത്യത്തെ ചെറിയ ചില നിര്‍വചനങ്ങളിലോ ചില പൊതുധാരണകളിലോ മാത്രം ഒതുക്കാനാവില്ലല്ലോ. വിരുദ്ധമായ അഭിപ്രായങ്ങളുടെ സ്വതന്ത്രമായ വിനിമയത്തിലൂടെ, ചില ഉതപ്പുകളിലൂടെയൊക്കെയാണ് സത്യം ആവിഷ്കൃതമാകുന്നത്. ഉതപ്പുകളെ വല്ലാതെ ഭയപ്പെടുന്ന സമൂഹം കൊട്ടിയടയ്ക്കപ്പെട്ടതാണ്.

സത്യത്തെ -ദൈവത്തെ- കല്ലില്‍ കൊത്തിവയ്ക്കരുതെന്നത് പഴയനിയമ നിലപാടാണ്. കാറ്റും മഴയും കാലവും ഒരു പോറലുപോലുമേല്പിക്കാത്ത വിധത്തില്‍ കല്ലില്‍ ഉറഞ്ഞിരിക്കുന്ന ഒന്നല്ല സത്യം. വിഗ്രഹത്തെ ദൈവത്തിന് -സത്യത്തിന്- നേര്‍വിപരീതമായിട്ടാണ് പഴയനിയമം അടയാളപ്പെടുത്തിയിരിക്കുന്നത്. ദൈവം തന്നെക്കുറിച്ചുതന്നെ പറഞ്ഞത്, "ഞാന്‍ എന്താണോ, അതാണ് ഞാന്‍" എന്നാണ്. ഒരു വ്യക്തി അയാളുടെ ജീവിതത്തിന്‍റെ ആകെത്തുകയാണെന്നതുപോലെ, ദൈവം ചരിത്രത്തിലെ തന്‍റെ ഇടപെടലുകളുടെ ആകെത്തുകയാണ്. അതുകൊണ്ട് പഴയനിയമം ദൈവത്തെ ജനത്തിനു കാണിച്ചുകൊടുത്തത് ഒരു രൂപം ഉണ്ടാക്കിവച്ചല്ല, അവന്‍റെ പ്രവൃത്തികള്‍ വിവരിച്ചാണ്. ദിനവൃത്താന്തം 26:5-9 യഹൂദരുടെ വിശ്വാസപ്രമാണമാണ്. അതു മുഴുവനും ദൈവത്തിന്‍റെ ഇടപെടലുകളെക്കുറിച്ചുള്ള വിവരണമാണ്.

വിഗ്രഹാരാധനയെ അപ്പാടെ തള്ളിക്കളഞ്ഞ യഹൂദമതം പക്ഷേ പിന്നീട് വിഗ്രഹം നിര്‍മ്മിക്കുന്നതായാണ് നാം കാണുന്നത് - കല്ലുകൊണ്ടല്ല, വാക്കുകള്‍കൊണ്ട്. പ്രവൃത്തികളിലൂടെ സ്വയം വെളിപ്പെടുത്തുന്നവനെ നിര്‍വചനങ്ങളിലൊതുക്കുമ്പോള്‍ പുതിയ തരം വിഗ്രഹങ്ങള്‍ രൂപപ്പെടുകയായി. സത്യത്തെ ചിലര്‍ കല്ലുകളില്‍ കൊത്തിവച്ചപ്പോള്‍, യഹൂദമതം വാക്കുകളിലാണ് കൊത്തിവച്ചത്.

ഇത്തരമൊരു സാഹചര്യത്തിലാണ് ക്രിസ്തു ഉതപ്പായി മാറുന്നത്. "മറ്റുള്ളവര്‍ക്ക് ഉതപ്പാകരുതെ"ന്നു പറഞ്ഞവന്‍തന്നെ ഉതപ്പായി മാറുന്ന വിരോധാഭാസം ക്രിസ്തുവിലുണ്ട്. അതുകൊണ്ടാണ് അധികാരികള്‍ യോഹ.7:48- ല്‍ ചോദിക്കുന്നത്, "അധികാരികളിലോ ഫരിസേയരിലോ ആരെങ്കിലും അവനില്‍ വിശ്വസിച്ചിട്ടുണ്ടോ?" അവര്‍ വാക്കുകള്‍കൊണ്ട് തീര്‍ത്ത വിഗ്രഹങ്ങളെ അവന്‍ അട്ടിമറിക്കുകയായിരുന്നു. അവന്‍റെ തുടക്കവും ഒടുക്കവും അതിനിടയിലുള്ള ജീവിതവും വലിയ ഉതപ്പുകളായിരുന്നു. അവന്‍ വരുന്നത് നസ്രത്തില്‍നിന്നാണ് - തനാക്കിലോ, താല്‍മുദിലോ, മിഷ്ണയിലോ ഒരു പരാമര്‍ശം പോലുമില്ലാത്ത ഒരിടം. ജറുസലേമിലേക്ക് നോക്കി മിശിഹായുടെ വരവും കാത്തിരുന്നവര്‍ക്ക് അത് ഉതപ്പായിരുന്നു. തികഞ്ഞ അപശകുനം നിറഞ്ഞതാണ് അവന്‍റ രംഗപ്രവേശംപോലും: "യോഹന്നാന്‍ തുറങ്കിലടയ്ക്കപ്പെട്ടപ്പോള്‍ യേശു ഗലീലിയിലേക്കു വന്നു" (മര്‍ക്കോ. 1:14). ചരിത്രത്തില്‍ മറ്റാരുടെയെങ്കിലും ജീവചരിത്രം ഇങ്ങനെ തുടങ്ങിയിട്ടുണ്ടോ എന്നു സംശയമാണ്. ഇതു വായനക്കാര്‍ക്ക് ഉതപ്പായിരുന്നു. അവന്‍റെ അവസാനയാത്രയുടെ തൊട്ടുമുന്‍പ് അവന്‍റെ ശിരസ്സില്‍ തൈലാഭിഷേകം നടത്തുന്നത് പുരോഹിതനല്ല, ഒരു സ്ത്രീയാണ് (മര്‍ക്കോ. 14:3). ഇത് എല്ലാക്കാലത്തിനും ഉതപ്പാണ്.

കീര്‍ക്കെഗോര്‍ പറയുന്നുണ്ട്, "മനുഷ്യനെ ഒട്ടും ഭയപ്പെടാതെ, ദൈവത്തെ മാത്രം ഭയപ്പെട്ട് ഒറ്റത്തവണ നിങ്ങള്‍ എന്തെങ്കിലും ചെയ്തുനോക്കുക. അതുറപ്പായും ഒരുതപ്പായിരിക്കും." നിരന്തരം ഇടപെടുന്ന സാന്നിദ്ധ്യമാണ് ദൈവം. അതുകൊണ്ട് എന്നും പുതുമയുള്ളതാണ് ദൈവം. മനുഷ്യനാകട്ടെ വിഗ്രഹംകൊണ്ടും നിര്‍വചനംകൊണ്ടും ദൈവത്തെ ഫ്രീസു ചെയ്യാനുള്ള ശ്രമത്തിലാണ്. ഈ സംഘര്‍ഷത്തിനിടയില്‍ ഉതപ്പുകളുണ്ടാകാതെ തരമില്ല. ക്രിസ്തുവിന്‍റെ ഇടപെടലുകളും പഠിപ്പിക്കലുകളും മനുഷ്യന്‍ നിര്‍മ്മിച്ച നിര്‍വചനങ്ങളെ അപ്പൂപ്പന്‍താടി കണക്കെ ഊതിക്കളയുകയാണ്. മര്‍ക്കോസിന്‍റെ ആദ്യ മൂന്നദ്ധ്യായങ്ങളില്‍ നാലു വിവാദങ്ങളാണുള്ളത് - പാപികളോടൊപ്പമുള്ള ഭക്ഷണം, ഉപവാസത്തെക്കുറിച്ചുള്ള തര്‍ക്കം, സാബത്തു സംബന്ധിയായ വിവാദം, സാബത്തു ലംഘനം. ഒന്നിനുപിറകെ ഒന്നായുള്ള ഉതപ്പുകളുടെ അരങ്ങേറ്റം. അവന്‍ മാതൃകയായി യഹൂദര്‍ക്കു മുമ്പില്‍വയ്ക്കുന്നത് ഒരു ശമരിയാക്കാരനെയാണ്. യേശുവിന്‍റെ കാലത്തെ ജറുസലേം ദേവാലയം നിര്‍മ്മിക്കപ്പെട്ടത് എസ്രായുടെയും നെഹമിയായുടെയും നേതൃത്വത്തിലാണ്. ശമരിയാക്കാരുടെ ഒരു സഹായവും ദേവാലയനിര്‍മ്മിതിക്കുണ്ടാകരുതെന്ന് അവര്‍ പ്രത്യേകം നിഷ്കര്‍ഷിച്ചിരുന്നു (എസ്ര 4:3). ശമരിയാക്കാരാകട്ടെ, തഹേബ് -പുനഃസ്ഥാപിക്കുന്നവന്‍- വന്നുകഴിയുമ്പോള്‍ എസ്രായുടെ അനുയായികളെയെല്ലാം കൊന്നൊടുക്കുമെന്നു കരുതി ദിനങ്ങളെണ്ണി കഴിഞ്ഞിരുന്നവരാണ്. ഇത്രയ്ക്കും കൊടിയ ശത്രുത യഹൂദര്‍ക്കും ശമരിയാക്കാര്‍ക്കും ഇടയില്‍ നിലവിലിരിക്കെയാണ് ശമരിയാക്കാരനെക്കുറിച്ചുള്ള ക്രിസ്തുവിന്‍റെ പുതിയ പഠിപ്പിക്കല്‍! ഏതു നിര്‍വചനത്തിനാണ്, ഏത് വിഗ്രഹത്തിനാണ്, ക്രിസ്തുവിനെയോ, ക്രിസ്തുവിന്‍റെ ദൈവത്തെയോ പ്രതിനിധീകരിക്കാനാവുക? ആകെ ചെയ്യാവുന്നത് ചില സൂചനകള്‍ നല്‍കാമെന്നതു മാത്രമാണ്. ഖലീല്‍ ജിബ്രാന്‍ അതു സുന്ദരമായി നല്‍കുന്നുണ്ട്: "ഇന്നലെ മൂന്നുതവണ ഞാനാ സ്നേഹരൂപനെ കണ്ടുമുട്ടി. നിയമപാലകനോട് അഭിസാരികയെ തടവിലേയ്ക്ക് കൊണ്ടുപോകരുതെന്ന് അയാള്‍ അപേക്ഷിച്ചുകൊണ്ടിരുന്നപ്പോള്‍, അയിത്തജാതിക്കാരനുമൊത്ത് അയാള്‍ വീഞ്ഞു കുടിച്ചുകൊണ്ടിരുന്നപ്പോള്‍, പുരോഹിതനുമായി ദേവാലയത്തിനകത്ത് അയാള്‍ മുഷ്ടിയുദ്ധം നടത്തിക്കൊണ്ടിരുന്നപ്പോള്‍." ഇത്തരം ഉതപ്പുകളൊന്നും ഇല്ലാതെ ക്രിസ്തുവിനെക്കുറിച്ച് ആര്‍ക്കെന്താണ് പറയാനാവുക?

മനുഷ്യബുദ്ധിക്കു ചിന്തിക്കണമെങ്കില്‍ കാര്യകാരണബന്ധമുണ്ടാകണം. ഒരാശയത്തില്‍നിന്ന് അടുത്തതിലേക്കു യുക്തിഭദ്രമായ ഒഴുക്കുണ്ടാകണം. പക്ഷേ ഉതപ്പിന്‍റെ ഒരു പ്രശ്നം, അതു നമ്മുടെ ആശയങ്ങളുടെ ഒഴുക്കിനെ, നമ്മള്‍ ഉണ്ടാക്കിയ നിര്‍വചനങ്ങളെ, അതിന്‍റെ പുറത്ത് നമ്മള്‍ പുലര്‍ത്തുന്ന ധാരണകളെ ശല്യപ്പെടുത്തുന്നു എന്നതാണ്. അതുകൊണ്ട് ഒന്നുകില്‍ നമ്മള്‍ അവയെ അവഗണിക്കും. അല്ലെങ്കില്‍ അവയെ വ്യാഖ്യാനിച്ച് നമ്മുടെ വശത്താക്കും. മനുഷ്യന്‍റെ ഈ പ്രവണതയോട് നിരന്തരം കലഹിക്കുന്നുണ്ട് സുവിശേഷങ്ങള്‍. ഉദാഹരണത്തിന്, മര്‍ക്കോസ് തന്‍റെ ശ്രോതാക്കളോടു ക്രിസ്തുവിന്‍റെ ജീവിതം ഒരു കഥപോലെ പറയുന്നതെടുക്കുക: "ദൈവപുത്രനായ യേശുക്രിസ്തുവിന്‍റെ സുവിശേഷത്തിന്‍റെ ആരംഭം"(1:1) -അദ്ദേഹം തുടങ്ങുന്നു. ആളുകള്‍ ശ്രദ്ധയോടെ കേട്ടിരിക്കുകയാണ്. "ജ്ഞാനസ്നാന സമയത്ത് ഇതാ മുകളില്‍നിന്ന് അരുളപ്പാട്: ഇവനെന്‍റെ പ്രിയപുത്രന്‍"(1:11) - ശ്രോതാക്കള്‍ കൈയടിക്കുന്നു. ഉടന്‍ മര്‍ക്കോസ് മറുകണ്ടം ചാടുന്നു: "പിശാച് അവനെ മരുഭൂമിയിലെ വന്യമൃഗങ്ങള്‍ക്കിടയിലേക്കു തള്ളിയിട്ടു" (1:12). കഥ ഒത്ത നടുക്കെത്തുമ്പോള്‍ ഇതാ വീണ്ടും ക്രിസ്തുവിന് ദൈവത്തിന്‍റെ അരുളപ്പാട്: "ഇവന്‍ ദൈവപുത്രന്‍. അവന്‍റെ വസ്ത്രങ്ങള്‍ അതാ തിളങ്ങുന്നു"(9:7). വീണ്ടും ശ്രോതാക്കളുടെ കൈയടി. അതു തീരുന്നതിനു മുന്‍പ് തന്‍റെ മരണത്തെക്കുറിച്ചുള്ള ക്രിസ്തുവിന്‍റെ പ്രവചനം(9:12). ശ്രോതാക്കളുടെ മുഖം മങ്ങുന്നു. ഒടുക്കം വലിയ ട്രാജഡി. പരിപൂര്‍ണ്ണ അന്ധകാരം. അപ്പോള്‍ അതാ ശതാധിപന്‍ പറയുന്നു: "ഇവന്‍ സത്യമായും ദൈവപുത്രന്‍!"(15:39). ഇങ്ങനെ ദൈവത്തെക്കുറിച്ചുള്ള ശ്രോതാക്കളുടെ സകല ധാരണകളും തകര്‍ക്കപ്പെടുകയാണ്. ക്രൂശിതന്‍റെ ബലഹീനതയാണ് ദൈവത്തിന്‍റെ ബലം. കുരിശിലെ പരാജയമാണ് ദൈവത്തിന്‍റെ വിജയം. ആ ഇരുട്ടിലാണ് ദൈവത്തിന്‍റെ വെളിച്ചം.

മര്‍ക്കോസ് തന്‍റെ കഥ അവസാനിപ്പിക്കുകയാണ്: "സ്ത്രീകള്‍ കല്ലറയില്‍ ചെന്നപ്പോള്‍ അവര്‍ക്കു ലഭിച്ചത് ഒരു വെളിപാടാണ്: 'അവന്‍ നിങ്ങള്‍ക്കു മുന്‍പേ ഗലീലിയിലേക്കു പോകുന്നു. അവന്‍ നിങ്ങളോടു പറഞ്ഞതുപോലെ അവിടെവച്ച് നിങ്ങളവനെ കാണും"'(16:7).  പക്ഷേ ശ്രോതാക്കള്‍ക്കു പടക്കം പൊട്ടിക്കാനാവുന്നില്ല. കാരണം അദ്ദേഹം തുടരുന്നു: "സ്ത്രീകള്‍ ആരോടും ഒന്നും പറഞ്ഞില്ല. അവര്‍ അത്യന്തം ഭയപ്പെട്ടിരുന്നു"(16:8). ഇത്രയും പറഞ്ഞ് മര്‍ക്കോസ് എഴുന്നേല്‍ക്കുന്നു. (16:8-ല്‍  മര്‍ക്കോസിന്‍റെ സുവിശേഷം തീരുന്നുവെന്നാണല്ലോ പണ്ഡിതമതം). ശ്രോതാക്കള്‍ തങ്ങളറിയാതെ മൗനത്തില്‍ പൂണ്ടുപോകുന്നു: ഇതാണ് തങ്ങളുടെ ക്രിസ്തു -എല്ലാ ദൈവസങ്കല്പങ്ങളേയും സ്വന്തം ജീവിതംകൊണ്ടു നിഷ്കാസനം ചെയ്തവന്‍.

നമ്മെ ഒന്നലോസരപ്പെടുത്താന്‍ ഈ ക്രൂശിതനെ അനുവദിക്കുക. നമ്മുടെ ധാരണകളോടും നിര്‍വചനങ്ങളോടും അവന്‍ നിരന്തരം കലഹത്തിലേര്‍പ്പെടട്ടെ. വിഗ്രഹങ്ങള്‍ തകര്‍ത്തവന്‍റെ വിഗ്രഹം നിര്‍മ്മിക്കുകയെന്നതാണ് അവനോടു ചെയ്യാവുന്ന ഏറ്റവും വലിയ അപരാധം.

You can share this post!

മുഖക്കുറിപ്പ്

റോണി കിഴക്കേടത്ത്
അടുത്ത രചന

മുഖക്കുറിപ്പ്

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Related Posts