പൊളിച്ചുപണിതുകൊണ്ടിരിക്കുന്ന ഒരു ബസ്സ്റ്റാന്‍റിലെ പരിമിതമായ സൗകര്യം മാത്രമുള്ള താത്ക്കാലിക വെയിറ്റിങ് ഷെഡിലെ ഏറ്റവും പിന്നിലായിക്കിടന്ന തീരെ വൃത്തിയില്ലാത്ത ചാരുബഞ്ചില്‍ വല്ലപ്പോഴും വരുന്ന ബസ്സും കാത്തിരിക്കുകയായിരുന്നു. രാവിലെ പത്രം വായിച്ചതായിരുന്നെങ്കിലും നേരം പോകാന്‍വേണ്ടി വേറൊരു പത്രവും വാങ്ങി വായിച്ചുകൊണ്ടിരുന്നപ്പോള്‍ ആരോ അടുത്തുവന്നിരുന്നു. പ്രായമുള്ള ഒരു കാരണവരാണ്. ഇടയ്ക്കിടയ്ക്ക് ഞാന്‍ വായിച്ചുകൊണ്ടിരുന്ന പത്രത്തിലേയ്ക്ക് എത്തിവലിഞ്ഞു നോക്കുന്നതു കണ്ടപ്പോള്‍ വായിച്ചുതീര്‍ന്ന പുറത്തെ ഷീറ്റെടുത്ത് ആളുടെനേരെ നീട്ടി. അതു വാങ്ങാതെ വേണ്ടെന്നുള്ള മട്ടില്‍ തലയാട്ടി. 'ഒളിഞ്ഞു നോക്കാനായിരിക്കും ആള്‍ക്കിഷ്ടം' എന്നു മനസ്സിലോര്‍ത്തപ്പോഴേയ്ക്കും എന്‍റെ മനസ്സു വായിച്ചതുപോലെ ആളുടെ വിശദീകരണം:
"ഒളിഞ്ഞു നോക്കിയതല്ല, രാവിലെതന്നെ മനോരമപ്പത്രം വായിച്ചതാ. ഈ പത്രത്തിലെ ചരമവാര്‍ത്തേലെ ഒരു ഫോട്ടോ കണ്ടിട്ട് എന്നെപ്പോലിരിക്കുന്നു, അതുകൊണ്ടുനോക്കിയതാ." എന്നിട്ടൊരു ചിരി.
തമാശാണോന്നറിയാന്‍ ഞാനും നോക്കി. നേരാ, ചെറിയൊരു സാമ്യമുണ്ട്.
"ഇപ്പളെല്ലാമിങ്ങനെ കമ്പ്യൂട്ടറേല്‍ റെഡിയാക്കി വച്ചിരിക്കുവല്ലെ, ഒറ്റഞെക്കിന് സംഗതി പത്രമാപ്പീസില്‍ ചെല്ലും. എന്‍റെ ഭാര്യ അവശനെലേല്‍ കെടന്നപ്പോള്‍ മക്കളങ്ങനെ റെഡിയാക്കി വയ്ക്കുന്നതു ഞാന്‍ കണ്ടതാ. കഴിഞ്ഞയാഴ്ച ഞാനും ആശുപത്രീലായിരുന്നു. നാട്ടിലില്ലാത്ത മക്കളെങ്ങാനും വാര്‍ത്തവല്ലോം റെഡിയാക്കിവച്ചതു കൈയ്യബദ്ധം വന്നു പത്രക്കാര്‍ക്കയച്ചു കൊടുത്തുപോയോന്നറിയാന്‍ നോക്കിയതാ".
ആളിന്‍റെ വളിപ്പുകേട്ട് ഞാനും ചിരിച്ചു. യാതൊരു ഉത്തേജനവും കൊടുക്കാതെ ഇത്രയും പറഞ്ഞയാളെ ചുമ്മാതൊന്നു കിള്ളിയാല്‍ രസമുള്ളതു പലതും ഇനീം പോരുമെന്നു തോന്നിയതുകൊണ്ട് പത്രമൊക്കെ ഞാനങ്ങു മടക്കിവച്ചു.
"എങ്ങോട്ടാ യാത്ര?"
"അതങ്ങു പരലോകത്തോട്ടാ, അതിനുള്ള വണ്ടി കിട്ടുമോന്നറിയാന്‍ വന്നിരിക്കുന്നതാ ഇവിടെ."
"വണ്ടിക്കാണോ പഞ്ഞം? അതിനിവിടിങ്ങിനങ്ങിരുന്നാ മതിയോ? വരുന്ന ഏതെങ്കിലും വണ്ടീടെ മുന്നിലോട്ടങ്ങു ചാടണം. പത്രത്തില്‍ പടോം വരും."
"മോന്‍ കൊള്ളാമല്ലോ. എവിടാ വീട്?"
"പത്തറുപതു കഴിഞ്ഞതാ, ഇനി മോനെന്നു വിളിക്കണോ?"
"അതെന്‍റെയൊരു ശീലമാ, എന്നെക്കാള്‍ പ്രായം കുറഞ്ഞവരെ ഞാന്‍ സാറേന്നൊന്നും വിളിക്കത്തില്ല, മോനേന്നങ്ങു വിളിച്ചേക്കും. എന്നാലും പറ, എങ്ങോട്ടാ?"
ഞാന്‍ സ്ഥലം പറഞ്ഞു.
"കാര്‍ന്നോരെങ്ങോട്ടാ?"
"ഞാന്‍ നേരത്തെ പറഞ്ഞതു തന്നെയാ സത്യം. എന്‍റെ വീടൊരു രണ്ടു കിലോമീറ്ററപ്പുറത്താ. മനുഷേരെക്കണ്ടോണ്ടിരിക്കാന്‍ വരുന്നതാ. മക്കളഞ്ചു പേര്. പെണ്‍മക്കളു മൂന്നും കല്യാണം കഴിഞ്ഞു വിദേശത്താ. ആണ്‍മക്കളില്‍ മൂത്തവനും കുടുംബമായി മറുനാട്ടിലാ. ഇളയവന്‍ ഇവിടെ നല്ല ജോലിയുണ്ട്. അവള്‍ക്കും ജോലി. പിള്ളേരു മൂന്നെണ്ണമുള്ളതു മൂന്നും പഠിക്കുന്നു. ഭാര്യ മരിച്ചിട്ടൊരുകൊല്ലമായി. അവളുണ്ടായിരുന്നപ്പോഴും ഞാനൊറ്റയ്ക്കുതന്നെയായിരുന്നു. വിദേശത്തുള്ള മക്കടെ നാലുപേരുടേം മക്കളെ നോക്കല് അവളാരുന്നു. ആ ആവശ്യ മൊക്കെക്കഴിഞ്ഞപ്പോഴേയ്ക്കും നാട്ടില്‍ കൊണ്ടെത്തള്ളിയെന്നും പറഞ്ഞ് ഇളയവന്‍ വഴക്കുണ്ടാക്കിയതില്‍പിന്നെ ഒരു മാസമെ അവളു ജീവിച്ചുള്ളു. ഞാനിങ്ങനെ പരലോകത്തിനു വണ്ടികാത്തിരുക്കുന്നു. രാവിലെ എല്ലാവരും വീട്ടീന്നു പോകും. എനിക്കുള്ളത് വല്ലതും വച്ചിട്ടു പോകും. ഞാന്‍ പതിയെയിങ്ങു നടക്കും ഇവിടെ വന്ന് ഈ ബസ്റ്റാന്‍റിലിരുക്കും. ഇടയ്ക്കോരോ ചായ കുടിക്കും. പരിചയക്കാരെക്കണ്ടാലങ്ങിനെ വര്‍ത്തമാനം പറഞ്ഞിരിക്കും, അല്ലെങ്കില്‍ നിങ്ങളെപ്പോലെ വല്ലോരേം കിട്ടിയാല്‍ കത്തിവയ്ക്കും. വീട്ടില്‍ ചെന്നാലും മിണ്ടലും പറയലും കുറവാ. എല്ലാവര്‍ക്കും തെരക്കാ. പിള്ളേരോടൊന്നു മിണ്ടാന്‍പോലും കിട്ടില്ല. റ്റ്യഷനും കമ്പ്യൂട്ടറും കഴിഞ്ഞിട്ടവര്‍ക്കു നേരമില്ല. എനിക്കെമ്പത്തെട്ടായി. എന്നിട്ടും ആരോഗ്യത്തിനൊരു കുറവുമില്ല. അതാണവരുടെ പരാതി. തട്ടിപ്പോകുന്നില്ലല്ലോന്ന്. അതുകൊണ്ടു ഞാനിങ്ങനെ പരലോകത്തിനു വണ്ടീം കാത്തിരിക്കും. എന്നാ പറയാനാ, നല്ല പ്രായത്തില്‍ മക്കള്‍ക്കുവേണ്ടി അലഞ്ഞു. അവരെ അല്ലലറിയിച്ചില്ല. ആ, അല്ലലറിയിച്ചുവേണം മക്കളെ വളര്‍ത്താന്‍."
വാര്‍ദ്ധക്യത്തിന്‍റെ വിലാപം!!