നോവല്‍, കഥ, നാടകം, ലേഖനങ്ങള്‍, ശില്പങ്ങള്‍, കവിത എന്നിങ്ങനെ വിവിധ മാധ്യമങ്ങളിലൂടെയുള്ള സ്വന്തം ദര്‍ശനം ആവിഷ്കരിക്കുന്ന എഴുത്തുകാരനാണ് ആനന്ദ്. അദ്ദേഹം അവതരിപ്പിച്ച ചിന്താപ്രമേയം അനന്യമാണ്. മാനവിക ദര്‍ശനങ്ങളുടെ ദീപ്തിയാണ് ആനന്ദിന്‍റെ കൃതികളില്‍ നിറയുന്നത്. മനുഷ്യയാതനകളുടെ ഇതിഹാസങ്ങളാണ് അദ്ദേഹം ചമയ്ക്കുന്നത്. 'ആനന്ദിന്‍റെ കവിതകള്‍' എന്ന ഗ്രന്ഥവും വ്യത്യസ്തമല്ല. ഈ എഴുത്തുകാരന്‍റെ ആകുലതകളും സന്ദേഹങ്ങളും മനുഷ്യവംശത്തോടുള്ള സാഹോദര്യവുമെല്ലാം ഈ കവിതകളില്‍ ഉള്‍ച്ചേരുന്നു. സംവാദസാധ്യതയാണ് പല കാലങ്ങളില്‍ കോറിയിട്ട ഈ കവിതകള്‍ പ്രഘോഷിക്കുന്നത്.
'സംവാദം' എന്ന കവിതയില്‍ തന്നില്‍ ഒളിഞ്ഞിരിക്കുന്ന അപരനുമായി സംഭാഷണത്തില്‍ ഏര്‍പ്പെടാനുള്ള ശ്രമമാണ്. ആവിഷ്കരിക്കപ്പെടാത്ത ഒരു സ്വത്വം ഏതൊരു വ്യക്തിയിലും ഒളിഞ്ഞിരുപ്പുണ്ട്. ആ സ്വത്വവുമായി സംവാദം നടത്താന്‍ ശ്രമിക്കുമ്പോള്‍ മറ്റൊരു കാഴ്ചയും വീക്ഷണവും തെളിഞ്ഞുവരാം.
ഓരോരുത്തരും അവരവരുടെ ശരികളില്‍ കുടുങ്ങിക്കിടക്കുന്ന ലോകമാണിത്. ശരികള്‍ തമ്മില്‍ എല്ലായിടത്തും ഏറ്റുമുട്ടുന്നു. അങ്ങനെ വലിയ തെറ്റുകള്‍ ഇവിടെ സംഭവിക്കുന്നു.
"ഇവിടെയാരും മാപ്പുചോദിക്കുന്നില്ല
ഏവരും മറ്റവനില്‍ പഴിചാരുന്നു
സ്വന്തം ശരിയുടെ കൊടി പറത്തുന്നു" എന്ന് ആനന്ദ് കുറിക്കുമ്പോള്‍ സത്യം വെളിപ്പെടുകയാണ്.
"കൊലവില്ല് കുലയ്ക്കുന്നു ഒരു ദൈവം
വാളൂരിയ പ്രവാചകന്‍
തോക്കുചൂണ്ടുന്ന വിശ്വാസികള്‍" എന്നതാണ് അതിന്‍റെ മറുപുറം. സ്വന്തം മഹത്വത്തില്‍ മുങ്ങിക്കുളിക്കുകയാണ് ഏവരും. "എന്‍റെ വാക്ക് ഏറ്റവും ശരി" എന്നവര്‍ ശഠിക്കുന്നു. അവിടെ നിന്നാണ് ഹിംസ പിറക്കുന്നത്. അറിവ് നമുക്കു സമ്മാനിക്കുന്നത് അശാന്തിയാണ്. ഒന്നും അറിയാതിരിക്കുന്നവന് ശാന്തിയാണ്, മൂഢമായ വിശ്രാന്തി.
"അറിയലലട്ടലാണ്,
അനക്കലാണ്, ഇടപെടലാണ്" എന്ന് ആനന്ദ് പറയുന്നു. അറിയുകയാണ് ചലനം. അതില്‍നിന്നാണ് ഇടപെടലുകള്‍ ഉണ്ടാകുന്നത്.
"അസ്വസ്ഥമാക്കലാണറിവ്
അറിവ് അസ്വസ്ഥമാകലാണ്" എന്നുകൂടി ആനന്ദ് കുറിക്കുന്നു.
തുച്ഛവും നശ്വരവുമാണെങ്കിലും നമുക്കു നമ്മുടേതായ ചിലതുണ്ടല്ലോ എന്നാണ് സാധാരണക്കാരന്‍റെ ആശ്വാസം. പല തരത്തിലുള്ള കാറ്റുകള്‍ വന്ന് അവ ഇല്ലാതാക്കുന്നതാണ് അവനെ അലട്ടുന്നത്. മനുഷ്യനിര്‍മ്മിതമായ കാറ്റുകള്‍ വരുത്തിവയ്ക്കുന്ന നാശം നിരവധിയാണ്. അശാന്തി വിതയ്ക്കുന്ന കാറ്റുകള്‍ പേറിയാണ് പലരും നടക്കുന്നത്.
"അവര്‍പോയ വഴിയിലെങ്ങും കിടപ്പൂ
ചോരക്കറയാര്‍ന്ന കുരിശിന്‍ കഠാരങ്ങള്‍" എന്നതാണ് സത്യം.
"അന്യന്‍റെ പീഡയെന്തെ
ന്നറിയുന്നതെന്തിന് നരന്‍?
അതിലാനന്ദം കൊള്ളാനോ?
അതുതന്നെയവനിനിയുമിനിയും
കോരിക്കൊടുക്കുവാനോ?" എന്നാണ് ആനന്ദ് ചോദിക്കുന്നത്. അങ്ങനെ നമ്മുടെ വിശുദ്ധിയുടെ വൃത്തം ചുരുങ്ങിവരുന്നത് അദ്ദേഹം കാണുന്നു.
"എല്ലാമെല്ലാമലിഞ്ഞു പോകുമൊടുവില്‍
സന്ധ്യയില്‍
ഒന്നുകിലിരുട്ടില്‍
അല്ലെങ്കില്‍ വെളിച്ചത്തില്‍" എന്നാണ് ആനന്ദ് ദര്‍ശിക്കുന്നത്.
"മരണത്തിന് ഒരിടത്ത് കയറിവരുവാന്‍
ആരോടും ചോദിക്കേണ്ട
ജീവിതമാണ് പലപ്പോഴും
വാതില്‍ക്കല്‍ ശങ്കിച്ചുനില്‍ക്കുന്നത്" എന്ന് കവി പറയുമ്പോള്‍ ജീവിതപക്ഷത്താണ് അദ്ദേഹം എന്നു വ്യക്തമാകുന്നു. മരണനൃത്തങ്ങള്‍ക്ക് ജീവിതം ശങ്കിച്ചുനില്‍ക്കുന്നു. അനേകം ജീവിതങ്ങള്‍ ജീവിക്കപ്പെടാതെ പോകുന്നു. ജീവിതത്തിന്‍റെ കൊടിപ്പാടം ഉയര്‍ന്നു നില്‍ക്കാനാണ് ആനന്ദ് ആഗ്രഹിക്കുന്നത്. ഈ സന്ദര്‍ഭത്തിലാണ്,
"കരയാന്‍ കഴിയാത്ത ദുഃഖത്തിന്‍റെയും
ചിരിക്കാനാവാത്ത സന്തോഷത്തിന്‍റെയും
നഷ്ടപ്പെട്ടുവെന്നറിയാത്ത മോഹത്തിന്‍റെയും
വിങ്ങുന്ന വ്രണങ്ങള്‍ പൊട്ടിക്കുവാന്‍
ഇന്ന് ആരെങ്കിലുമൊരു പാട്ട് പാടൂ" എന്ന് കവി അഭ്യര്‍ത്ഥിക്കുന്നത്.
ശവക്കുഴിയെപ്പറ്റി പറയുമ്പോള്‍ കണ്ണാടിയെ ഓര്‍ക്കുകയാണ് കവി. അവിടെ നിന്നാണ് തിരിച്ചറിവുകള്‍ ഉണ്ടാകുന്നത്. മറ്റൊന്നിനുമാകാത്ത ഈ ദുരന്തകാലത്ത് കണ്ണാടിയിലൂടെ നോക്കി ചിലതെല്ലാം ഗ്രഹിക്കുന്നു നാം.
നാം സംസാരിക്കുന്നതിനു പിന്നില്‍ മുഴുവന്‍ മനസ്സും ഇല്ലെങ്കില്‍ പറച്ചിലുകള്‍ പൊള്ളയാകും. ഓരോ വാക്കിനു പിന്നിലും നിറമനസ്സുണ്ടാകണം എന്നാണ് ആനന്ദ് ഓര്‍മ്മിപ്പിക്കുന്നത്. പൊള്ളയായ ഓര്‍മ്മകള്‍ക്കു പിന്നില്‍ ആത്മാവില്ല. മനസ്സില്‍ വേരുള്ള വാക്കുകള്‍ക്ക് ഇന്ന് ക്ഷാമമാണ്.
"നമുക്കു നമ്മുടെ മുന്നിലെ ലോകം
ശരിക്കും കാണുവാന്‍ കഴിയുന്നുണ്ടോ?
കുട്ടികളാണോ അതു ശരിയായി കാണുന്നത്?"
എന്ന് ഇതിനു തുടര്‍ച്ചയായി കവി ചോദിക്കുന്നുണ്ട്.
"മുഴുവന്‍ ജീവിതവുമെടുത്തുകൊണ്ടാണ്
ഓരോരുത്തരും പെരുമാറുന്നത്" എന്ന തിരിച്ചറിവ് ഏവര്‍ക്കും ഉണ്ടാകണം.
മതിലുകള്‍ ഇല്ലാതാകുന്നതിനെക്കുറിച്ചാണ് ആനന്ദ് സംസാരിക്കുന്നത്. എല്ലാ മതിലുകളും തകരുകയും മനുഷ്യവംശം സന്തോഷഗീതം ആലപിക്കുകയും ചെയ്യണം. അതിനാണ് സംവാദങ്ങള്‍ നടക്കുന്നത്. എന്നാല്‍ എല്ലാവരും ജാലകങ്ങള്‍ അടച്ചിരിക്കുന്നു.
"യുഗങ്ങളായി നടക്കുന്ന സംവാദം
എന്നിട്ടും എവിടെയും എത്തിയില്ല" എന്ന സത്യത്തിനു മുന്നില്‍ നാം നിസ്സഹായരാകുന്നു.
"നുണകളുടെ നിഘണ്ടുക്കളിന്മേല്‍
പടുത്തുയര്‍ത്തപ്പെട്ട സംസ്കാരങ്ങള്‍
ചീട്ടുകൊട്ടാരങ്ങള്‍പോലെ
കൊഴിഞ്ഞുവീണു" എന്നതാണ് കവിയുടെ തിരിച്ചറിവ്. സത്യാനന്തരമായ കാലത്ത് നുണകളുടെ നിഘണ്ടുവാണ് ഏറെ ഉപയോഗിക്കുന്നത്. നുണകളുടെ പെരുക്കം സത്യത്തെ ഞെരുക്കുന്നു.
"വ്യക്തിത്വത്തിന്‍റെ നീണ്ട ആഘോഷവും
സംഗീതവും പിന്‍വാങ്ങുമ്പോള്‍
പതുക്കെ പതുക്കെ നാം നമ്മെ
പേടിപ്പിക്കുന്ന ഏകാന്തതയുടെ
തുരുത്തുകളില്‍ കണ്ടെത്താന്‍ തുടങ്ങുന്നു" എന്നതാണ് യാഥാര്‍ത്ഥ്യം.
"ആനന്ദിന്‍റെ കവിതകള്‍' നമ്മെ പുതിയൊരു ദര്‍ശനവഴിയിലേക്ക് നയിക്കുന്നു. ആശയാനുവാദമായി ഓരോ കവിതയും മാറുന്നു. കാലത്തെ ശരിയായ വിധത്തില്‍ ഈ കവിതകള്‍ അടയാളപ്പെടുത്തുന്നു. സംസ്കാരത്തിന്‍റെ ഭിന്നരൂപങ്ങള്‍ ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു. നമ്മെ ചിന്തകള്‍ കൊണ്ട് തൊടുകയാണ് ഈ കവി.
(ആനന്ദിന്‍റെ കവിതകള്‍ - ആനന്ദ് - ഡി. സി. ബുക്സ്)