യേശുവിന്‍റെ 'ധനവാനും ലാസറും' എന്ന ഉപമയിലെ ധനവാനായ മനുഷ്യന്‍ ആവശ്യത്തിന് പണവും സുഖവും അനുഭവിച്ചവനാണ്. മറ്റെല്ലാവരാലും ബഹുമാനിക്കപ്പെട്ട ഈ ധനവാന്‍റെ പേര് സുവിശേഷത്തില്‍ കാണുന്നില്ല (ലൂക്കാ 16/19-31). 'ദൈവമാണ് അവന്‍റെ സഹായം' എന്നര്‍ത്ഥം വരുന്ന 'ലാസര്‍' എന്നായിരുന്നു ദരിദ്രന്‍റെ പേര്. യേശുവിന്‍റെ ഉപമകളില്‍ പേര് പറഞ്ഞു വിളിക്കുന്ന ഏക വ്യക്തി ഈ മനുഷ്യന്‍ മാത്രമാണ്. ദൈവമുമ്പാകെ അവന് പ്രസക്തിയുണ്ടായിരുന്നു. ദരിദ്രനെ ഉയര്‍ത്തുകയും അഹങ്കാരികളെ തള്ളിക്കളയുകയും ചെയ്യുന്ന ദൈവത്തിന്‍റെ സ്വഭാവം ഈ ഉപമയില്‍ നാം കാണുന്നു. പഴയനിയമത്തിലെ 'ദൈവത്തിന്‍റെ പാവങ്ങളില്‍' ഒരാളായി ഇദ്ദേഹത്തെ കാണാം. ഓരോ ഭക്ഷണവും ആരംഭിക്കുന്നതിനുമുമ്പ് റൊട്ടിക്കഷണം കൊണ്ട് സമ്പന്നര്‍ കൈകള്‍ തുടച്ച് ഭക്ഷണമേശയ്ക്ക് താഴെ നിക്ഷേപിച്ചു, ഭക്ഷണശേഷം അവ തൂത്തെടുത്ത് അവിടം വൃത്തിയാക്കിയിരുന്നു. ആ റൊട്ടിക്കഷണങ്ങള്‍ ദരിദ്രനായ ലാസറിനു കൊടുക്കുവാനുള്ള മനസ്സ് ധനവാന് ഇല്ലാതെ പോയി. നായ്ക്കള്‍ ലാസറിനെ കരുണയോടെ നോക്കിക്കൊണ്ടിരുന്നു. ധനവാനെക്കാള്‍ കരുണ നായ്ക്കള്‍ക്കുണ്ടായിരുന്നു.
മരണശേഷം രംഗം മാറിമറിയുന്നു. ഭൂമിയില്‍ സകല സൗഭാഗ്യങ്ങളും അനുഭവിച്ച മനുഷ്യന്‍ നരകത്തിന്‍റെ ചൂടറിയുന്നു. ഭൂമിയില്‍ ഒരുപാടു സഹിച്ച മനുഷ്യന്‍ അബ്രാഹത്തിന്‍റെ മടിത്തട്ടിലെത്തുന്നു. സ്തോത്രഗീതത്തില്‍ മറിയം പാടിയതുപോലെ ദൈവമിവിടെ സമ്പന്നരെ വെറും കൈയോടെ പറഞ്ഞയച്ച് ദരിദ്രനെ വിശിഷ്ടവിഭവങ്ങള്‍ കൊണ്ട് തൃപ്തനാക്കുന്നത് നാം കാണുന്നു.
ധനികന്‍ ആരെയും കൊള്ളയടിച്ചതായോ ആരുടെയും പിടിച്ചു പറിച്ചെടുത്തതായോ പറയുന്നില്ല. ലഭിച്ച സുഖങ്ങള്‍ ആവോളം ആസ്വദിച്ചതായി മാത്രമേ കാണുന്നുള്ളൂ. ധനവാന്‍റെ ഹൃദയത്തില്‍ ദൈവത്തിനോ, പാവങ്ങള്‍ക്കോ സ്ഥാനം കൊടുത്തില്ല എന്നതായിരുന്നു അയാളുടെ പ്രശ്നം. ഭൂമിയില്‍ ദരിദ്രന് കൊടുക്കാതിരുന്ന ഒരു തുള്ളി വെള്ളം മരണശേഷം ധനവാന് നിഷേധിക്കപ്പെടുന്നു. ഭൂമിയില്‍ ധനവാനും ദരിദ്രനുമിടയിലുണ്ടായിരുന്ന ഒരു വലിയ വിടവ് മരണശേഷവും തുടരുന്നതായി തിരുവചനം സാക്ഷ്യപ്പെടുത്തുന്നു. ഭൂമിയില്‍ ജീവിക്കുന്ന അഞ്ചു സഹോദരന്മാരെക്കുറിച്ച് ധനവാന്‍ ഓര്‍മ്മിക്കുകയാണ്. ജീവിതകാലത്ത് ആരെക്കുറിച്ചും സ്നേഹത്തോടെ ചിന്തിക്കാത്ത മനുഷ്യന്‍ ഇപ്പോള്‍ മറ്റുള്ളവരെക്കുറിച്ച് ഓര്‍മ്മിക്കുന്നു. പക്ഷേ ഭൂമിയില്‍ സല്‍പ്രവൃത്തികള്‍ ചെയ്യാത്തവര്‍ക്ക് മരണത്തോടെ അതിനുള്ള സാധ്യതകള്‍ തീരുന്നു.
മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേറ്റ് തിരിച്ചുചെന്ന് സാക്ഷ്യപ്പെടുത്തിയാല്‍ മാനസാന്തരം സംഭവിക്കുമെന്ന് ധനവാന്‍ വിശ്വസിച്ചു. പക്ഷേ ഇക്കാര്യം ദൈവം പോലും പ്രോത്സാഹിപ്പിക്കുന്നില്ല. അത്ഭുതങ്ങള്‍ മനുഷ്യരെ കോരിത്തരിപ്പിച്ചേക്കാം. പക്ഷേ മാനസാന്തരപ്പെടുത്തണമെന്നില്ല. ഇക്കാലത്തും അത്ഭുതങ്ങളെക്കുറിച്ച് ഒത്തിരി സംസാരിച്ചിട്ടും സ്വജീവിതത്തില്‍ ഒരു മാറ്റവും വരാത്തവരില്ലേ? മനുഷ്യന്‍റെ ഹൃദയം ദൈവത്തിലേയ്ക്ക് തിരിയുകയും ക്ഷമിക്കുവാന്‍ തയ്യാറാവുകയും ചെയ്യുമ്പോഴാണ് മാനസാന്തരം സംഭവിക്കുക. ഈ ഉപമയുടെ അവസാനഭാഗം നമ്മെ ക്ഷണിക്കുന്നത് ഹൃദയപരിവര്‍ത്തനത്തിലേക്കാണ്.
ഈ ഉപമയിലേതുപോലെ ലോകത്തില്‍ രണ്ടുകൂട്ടം മനുഷ്യരുണ്ട്. ലോകത്തിലെ സകല സുഖസൗഭാഗ്യങ്ങളുമുണ്ടായിട്ടും ദൈവത്തെ കൂടാതെ കഴിയുന്നവരും ഒരുപാടു കഷ്ടതകളും ദുരിതങ്ങളുമുണ്ടായിട്ടും ദൈവം മാത്രം സ്വന്തമായുള്ളവരും. സകല മുറിവുകളും നൊമ്പരങ്ങളുമനുഭവിച്ച യേശുവിനെപ്പോലെയായിരുന്നു ഭൂമിയില്‍ ജീവിച്ച ലാസര്‍. എന്നാല്‍ മഹത്വപൂര്‍ണ്ണനായി ഉയിര്‍ത്തെഴുന്നേറ്റ യേശുവിനെപ്പോലെയായിരുന്നു മരണശേഷമുള്ള ലാസര്‍. ഈ ലോകം ഒരു നാടക രംഗമാണ്. പലരും രാജാക്കന്മാരും പട്ടാളക്കാരും പോലെയൊക്കെ കാണപ്പെടും. അവസാനം അലങ്കാര വസ്ത്രങ്ങള്‍ അഴിച്ചുവയ്ക്കുമ്പോള്‍ എല്ലാവരും ഒരുപോലെയിരിക്കും. മരണശേഷം നാമെല്ലാവരുടെയും അവസ്ഥ ഇതുതന്നെ.