സത്യം മാത്രമേ പറയാവൂ എന്നുപഠിപ്പിക്കാത്ത ഗുരുക്കന്മാരില്ല. സത്യം പറയരുത് എന്നു നിര്‍ബ്ബന്ധിക്കേണ്ടിവരുന്ന സാഹചര്യങ്ങളെപ്പറ്റി നാമാരും അധികമൊട്ടു ചിന്തിക്കാറുമില്ല. കള്ളം പറയണം എന്നു നിര്‍ദ്ദേശിക്കാറില്ലെങ്കിലും സത്യം പറയേണ്ടതില്ല എന്നു വല്ലപ്പോഴുമെങ്കിലും പറഞ്ഞുകൊടുക്കേണ്ടിവരുമ്പോള്‍ ശരിക്കും ടെന്‍ഷനടിക്കാറുണ്ട്. സത്യം മാത്രം പറഞ്ഞ്, കൊടുംക്രൂരതചെയ്ത സന്ന്യാസിയുടെ കഥയാണപ്പോഴും ഒരാശ്വാസം. പര്‍ണ്ണശാലയ്ക്കുമുന്നില്‍ സദാ ജപധ്യാനങ്ങളില്‍മുഴുകി പത്മാസനത്തിലിരിക്കുന്ന മുനി. തൊട്ടയലത്തുള്ള ഗ്രാമത്തില്‍ പുരുഷന്മാരെല്ലാം പണിസ്ഥലത്തായിരുന്നപ്പോള്‍ കടന്നുകയറിയ രണ്ടുമൂന്നു കൊള്ളക്കാര്‍. കണ്ടതെല്ലാം കൊള്ളയടിച്ച അവര്‍ ഒരു പെണ്‍കട്ടിയെയും പിടികൂടി. കുതറിയോടിയ അവളുടെപിന്നലെ അവരും. ഒളിവഴികളൊക്കെ അറിയാമായിരുന്ന അവള്‍ അവരുടെ കണ്ണുവെട്ടിച്ച് മുനിയുടെ അടുത്തെത്തി രക്ഷിക്കണമെന്നപേക്ഷിച്ചു. അദ്ദേഹമവളെ പര്‍ണ്ണശാലയില്‍ ഒളിക്കാന്‍ അനുവദിച്ചു. തൊട്ടുപിന്നാലെ കൊള്ളക്കാരുമെത്തി. ആ വഴി ഒരു പെണ്‍കുട്ടി വന്നോ എന്നവര്‍ മുനിയോടു ചോദിച്ചു. വന്നു, അവളു പര്‍ണ്ണശാലയ്ക്കകത്തുണ്ടെന്നും മുനി പറഞ്ഞു. പിന്നീടു സംഭവിച്ചതെന്തായിരിക്കുമെന്നതിനെപ്പറ്റിപ്പറയേണ്ട കാര്യമില്ലല്ലോ. അതിനെപ്പറ്റിയുള്ള മുനിയുടെ വിശദീകരണം തികച്ചും ന്യായം: 'മുനിയായ താന്‍ സത്യം മാത്രമേ പറയൂ'.
സാഹചര്യത്തെളിവുകള്‍ പലപ്പോഴും വിധിയെഴുത്തില്‍ നിര്‍ണ്ണായകമാകാറുണ്ട്. ഇങ്ങനെയുള്ള ചില വിധികള്‍ പൂര്‍ണ്ണമായും തെറ്റായിരിക്കുമ്പോഴും അതുതെറ്റാണെന്ന് ആരെയും ബോധ്യപ്പെടുത്താനാകാതെ തെറ്റിദ്ധരിക്കപ്പെട്ടവരായി ശിഷ്ടായുസ്സ് മുഴുവന്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യരുമുണ്ട്.
കുറെ നാളായി ഉറക്കമില്ലായ്മയുമായി, ഉപദേശം തേടിവന്ന ഒരു മനുഷ്യന്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ പൂര്‍വ്വചരിത്രം തുറന്നു വച്ചു. അദ്ധ്യാപകനാണ്. ഭാര്യവീട്ടിലെ കാര്യങ്ങളായിരുന്നു അയാള്‍ക്കു പറയാനുള്ളത്. നാലു സഹോദരന്മാരില്‍ മൂത്തയാളായിരുന്നു അയാളുടെ അമ്മായിയപ്പന്‍. അങ്ങേരുടെ കല്യാണം കഴിഞ്ഞു സ്വന്തമായി മാറിത്താമസിച്ച് രണ്ടു കുട്ടികളുമായിക്കഴിഞ്ഞ് ഭാര്യ ബ്രെയിന്‍ ട്യൂമര്‍ പിടിപെട്ട് മരിച്ചു. അയാള്‍ക്ക് അന്നു 42 വയസ്സ്, രണ്ടുകുട്ടികളില്‍ മൂത്തത് ആണ്‍കുട്ടി, അവന് പന്ത്രണ്ടു വയസ്സും മകള്‍ക്ക് 8 വയസ്സും. അമ്മയ്ക്ക് ആരോഗ്യമുണ്ടായിരുന്നതുകൊണ്ട് അമ്മ വന്ന് അവന്‍റെകൂടെ താമസമാക്കി. രണ്ടാമതൊരു വിവാഹത്തിന് പലരും നിര്‍ബ്ബന്ധിച്ചെങ്കിലും പൊതുവെ അത്ര ഉത്സാഹിയല്ലാതിരുന്നതുകൊണ്ടു നീട്ടിവച്ച് വച്ച്, അവസാനം വേണ്ടെന്നും വച്ചു.
മകന്‍ പഠിക്കാന്‍ സമര്‍ത്ഥനായിരുന്നതുകൊണ്ട് സ്കോളര്‍ഷിപ്പോടെപഠിച്ച് കേന്ദ്രഗവണ്മെന്‍റു ജോലികിട്ടി. മകളും പഠിച്ചിറങ്ങിയ ഉടനെ അദ്ധ്യാപികയായി ജോലികിട്ടി, അങ്ങിനെ കണ്ടുമുട്ടി പരിചയപ്പെട്ടാണ് ഇവരുടെ കല്യാണം നടന്നത്.
മകളുടെ വിവാഹംകഴിഞ്ഞു വൈകാതെ, മകനും കല്യാണം കഴിച്ചു. അപ്പനും വല്യമ്മയ്ക്കും സഹായമാകാന്‍വേണ്ടി സാമ്പത്തികം നോക്കാതെ ജോലിയില്ലാത്ത ഒരു പെണ്‍കുട്ടിയെയാണ് അവന്‍ കെട്ടിയത്. കേരളത്തിലേയ്ക്കു കിട്ടിയില്ലെങ്കിലും, മാസത്തിലൊന്നു വീട്ടില്‍വരാന്‍ പാകത്തിന് തൊട്ടടുത്ത സംസ്ഥാനത്തേയ്ക്ക് അവന്‍ സ്ഥലം മാറ്റവും തരപ്പെടുത്തി. അവര്‍ക്കു രണ്ടുപെണ്‍മക്കളുമായി. അത്രയുമായപ്പോള്‍ അമ്മ ഇളയമകന്‍റെ നിര്‍ബ്ബന്ധം കാരണം അവന്‍റെ കൂട്ടത്തില്‍ താമസിക്കാന്‍ തറവാട്ടിലേയ്ക്ക് തിരിച്ചു പോയി.
അങ്ങനെ അമ്മായിയപ്പനും മരുമകളും കൊച്ചുമക്കളുമായി വീട്ടില്‍. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ ഒരു ചെറിയ പക്ഷാഘതമുണ്ടായി അയാളുടെ ഒരു കാലിനും കൈയ്ക്കും ചെറിയതോതില്‍ ബലക്ഷയമായി. മകന്‍ ജോലിസ്ഥലത്തായിരുന്നതുകൊണ്ടും മകളെ കെട്ടിച്ചയച്ച വീട് വലിയദൂരെയല്ലാതിരുന്നതുകൊണ്ടും എല്ലാക്കാര്യങ്ങളിലും മകളും മരുമകനും സഹായവുമായിരുന്നു.
വൈകാതെ ഒരു വില്പ്പത്രമെഴുതിവയ്ക്കണമെന്നു തോന്നിത്തുടങ്ങിയപ്പോള്‍, കൈയ്ക്ക് സ്വാധീനം കുറവായിരുന്നതുകൊണ്ട് അപ്പന്‍ മകനെ വിളിച്ചു വിവരം പറഞ്ഞു. മകന്‍റെ സമയക്കുറവുകാരണം അവന്‍റെ നിര്‍ദ്ദേശപ്രകാരം മരുമകനെ അമ്മായിയപ്പന്‍ വിളിച്ചുവരുത്തി. സാധാരണ ഭാര്യയുമൊന്നിച്ചാണു പോകാറുണ്ടായിരുന്നതെങ്കിലും അന്ന്, താമസിയാതെ തിരിച്ചുപോകാമെന്നുകരുതി മരുമകന്‍ തനിച്ചാണു ചെന്നത്. വൈകുന്നേരമായിട്ടും കാര്യങ്ങള്‍ സംസാരിച്ചു തീരാഞ്ഞതിനാല്‍ അന്നു തിരിച്ചുപോകുന്നില്ലെന്നു തീരുമാനിച്ചു.
എല്ലാദിവസവും സന്ധ്യാപ്രാര്‍ത്ഥനയും അത്താഴവും കഴിഞ്ഞ് കൊച്ചുമക്കളുടെയും മരുമകളുടെയും കുടെയിരുന്ന് കുറെസമയം റ്റിവി കണ്ടിട്ടാണ് അപ്പന്‍ കിടക്കാറുണ്ടായിരുന്നത്. കിടക്കുന്നതിനുമുമ്പു കഴിക്കേണ്ട മരുന്നും ചൂടുവെള്ളവും കൊടുത്ത് അപ്പന്‍ കിടന്നുകഴിഞ്ഞ് പിന്നെയും കുറെക്കഴിഞ്ഞാണ് അവള്‍ പതിവായി ഉറങ്ങിയിരുന്നത്. അന്ന് റ്റിവി കാണാനിരിക്കാതെ അത്താഴം കഴിഞ്ഞ് അപ്പന്‍ മരുമകനെയും കൂട്ടി മുറിയിലേയ്ക്കു പോയി. എന്തോ കാര്യായ ആലോചനയും എഴുത്തുമൊക്കെയാണെന്നു തോന്നിയതുകൊണ്ട് അതുകഴിഞ്ഞ് അപ്പന്‍ കിടക്കുന്നതിനുമുമ്പ് മരുന്നു കൊടുക്കാന്‍വേണ്ടി അവളും റ്റിവി കണ്ടിരുന്നങ്ങുറങ്ങിപ്പോയി. എഴുത്തു തീരുന്നതിനുമുമ്പുതന്നെ കറണ്ടു പോയി. എന്നാലിനി കിടന്നിട്ട് രാവിലെയാകാം ബാക്കി എന്നു തീരുമാനിച്ച് അപ്പനോടു കിടന്നുറങ്ങാനും പറഞ്ഞ് മരുമകന്‍ വെളിച്ചമില്ലാതെ മുറിയുടെ പുറത്തുവന്നു ഇരുട്ടില്‍ പരതുമ്പോള്‍ കൈ ഉടക്കിയത് കസേരയില്‍ ഇരുന്നുറങ്ങിപ്പോയ അവളുടെ ശരീരത്തില്‍. അവനു പെട്ടെന്നു കാര്യം മനസ്സിലായി. തൊട്ടതവളറിഞ്ഞുകാണുമോ എന്നുപോലും അവനു വ്യക്തമല്ലായിരുന്നു. എങ്കിലും ഉള്ളിലൊരു ആന്തല്‍. ഏതായാലും അവന്‍ കിടന്നിരുന്ന മുറി തൊട്ടടുത്തായിരുന്നതുകൊണ്ട് സ്വരമുണ്ടാക്കാതെ പോയിക്കിടന്നുറങ്ങി.
രാവിലെ എഴുന്നേറ്റപ്പോഴും അവന്‍ അതിനെപ്പറ്റി അത്ര ശ്രദ്ധിച്ചില്ല. മൂന്നുനാലു മാസം കഴിഞ്ഞാണ് ഒരു ചെറിയ സൂചന അവനു കിട്ടിയത്. വളരെ വേദനയോടെ ഭാര്യതന്നെയാണ് അവനോടതു പറഞ്ഞത്. കുറച്ചുനാളായി അവളുടെ നാത്തുന്‍ രാത്രിയില്‍ മരുന്നും ചൂടുവെള്ളവും അപ്പന്‍റെ മുറിയില്‍ കൊടുക്കാതെ ഊണുമുറിയില്‍ത്തന്നെ വയ്ക്കുന്നതും, മക്കളു വല്യപ്പന്‍റടുത്തു പോയാലുടനെ അവരെ അവിടിരിക്കാന്‍ സമ്മതിക്കാതെ പഠിക്കാന്‍ പറഞ്ഞുവിടലും പൊതുവെ അപ്പനോടു തൃപ്തിയില്ലാത്ത പെരുമാറ്റവും എന്തുപറ്റിയെന്ന് അപ്പന്‍ ചോദിച്ചാല്‍ അരിശവും, കരച്ചിലും. ഏതായാലും മകളുചെന്നപ്പോള്‍ അപ്പന്‍ മകളോടിക്കാര്യമെല്ലാം പറഞ്ഞു. അവളതു നാത്തൂനോടു നയത്തിനു ചോദിച്ചു. അവസാനം നാത്തൂന്‍ കാര്യം പറഞ്ഞു പോലും. അന്ന് അപ്പനും അനുജനും കിടക്കാന്‍ താമസിച്ചപ്പോള്‍ അവളിരുന്നുറങ്ങിപ്പോയതും, ഇരുട്ടത്ത് ദേഹത്താരോ തൊടുന്നതറിഞ്ഞ് അവളുണര്‍ന്നതും, ലൈറ്റ് ഓഫായിരുന്നതിനാല്‍ ആരാണെന്നു കണ്ടില്ലെങ്കിലും ആ വീട്ടില്‍ അപ്പന്‍ മാത്രം ഉപയോഗിക്കുന്ന അമൃതാഞ്ജനത്തിന്‍റ മണം ശക്തമായിട്ടുണ്ടായിരുന്നതിനാല്‍ അപ്പന്‍ തന്നെയാണ് അന്നു ലൈറ്റ് ഓഫാക്കിയിട്ട് അവളുടെ അടുത്തുചെന്നതെന്നു സംശയമില്ലെന്നും. അപ്പനെപ്പറ്റി ഒരിക്കല്‍പ്പോലും അങ്ങനെയൊന്ന് ചിന്തിക്കാന്‍പോലും സാധിക്കാത്ത മകള്‍ക്ക്, മറ്റു യാതൊരു പരാതിയും ഇന്നുവരെ ഒന്നിനെപ്പറ്റിയും പറഞ്ഞിട്ടില്ലാത്ത നാത്തൂനെയും സംശയിക്കാന്‍ പറ്റാത്ത അവസ്ഥ. പലദിവസങ്ങളായി തീരെ പ്രസരിപ്പില്ലാതെ നടന്ന ഭാര്യയോടു വിവരം ചോദിച്ചപ്പോള്‍ മനസ്സില്ലാമനസ്സോടെ അപ്പനെപ്പറ്റിക്കേട്ട കാര്യങ്ങള്‍ അവള്‍ അവനോടു പറഞ്ഞു. എന്താണു സത്യത്തിലുണ്ടായതെന്നു പറയാന്‍ അയാള്‍ പലപ്രാവശ്യം ഒരുമ്പെട്ടെങ്കിലും, സത്യമെന്താണെന്നു പറഞ്ഞാല്‍ ഒരുപക്ഷേ ഭാര്യ വിശ്വസിച്ചില്ലെങ്കിലോ എന്നുഭയന്ന് അയാള്‍ നാവടക്കി.
അപ്പനെ വേണ്ടവിധം നോക്കാത്തതിനു ഭാര്യയോടു പരിഭവംപറഞ്ഞ മകനോടും അവസാനം അപ്പന്‍റെ സ്വഭാവദൂഷ്യത്തെപ്പറ്റി മരുമകള്‍ പറഞ്ഞു. അവന് അത് വല്ലാത്ത ഷോക്കായിരുന്നു. അവന്‍ പെങ്ങളെയും കൂട്ടി അവരുടെ ബന്ധുവായ പ്രായമുള്ള ഒരച്ചന്‍റെയടുത്തു ചെന്നു. അതിനുമുമ്പും പിമ്പും അങ്ങനെയൊന്നുമുണ്ടായിട്ടില്ലാത്തതുകൊണ്ട്, അതങ്ങു മറന്നുകളഞ്ഞേക്കാനായിരുന്നു അച്ചന്‍റെ നിര്‍ദ്ദേശം. രണ്ടു കൊല്ലം കൂടിക്കഴിഞ്ഞപ്പോള്‍ വീണ്ടും തലച്ചോറിലെ ഞരമ്പുപൊട്ടി പൂര്‍ണ്ണമായും തളര്‍ന്ന് അപ്പന്‍ അത്യാസന്നനിലയില്‍ ആശുപത്രിയിലായി. വിവരമറിഞ്ഞ് ആശുപത്രിയില്‍ എത്തിയവരുടെ കൂട്ടത്തില്‍ മരുമകളുടെ അപ്പനുമുണ്ടായിരുന്നു. സാമാന്യം മദ്യപിക്കുന്ന അയാള്‍ ആരോടോ പറഞ്ഞു: "ആയ കാലത്ത് കാര്‍ന്നോരുടെ കൈയ്യിലിരുപ്പ് അത്ര നല്ലതല്ലായിരുന്നു." പലരും അതു കേട്ടു. മരുമകനും കേട്ടു. പിറ്റേദിവസം രോഗി മരിച്ചു.
വര്‍ഷങ്ങള്‍ പത്തുകഴിഞ്ഞു. രണ്ടുവര്‍ഷം മുമ്പ് ഭാര്യയ്ക്ക് അവളുടെ അപ്പനു വന്നതുപോലെ പക്ഷാഘാതം പിടിപെട്ടപ്പോള്‍ അവനാകെത്തകര്‍ന്നു. ഏതായാലും ദൈവാനുഗ്രഹത്താല്‍ അഞ്ചാറുമാസംകൊണ്ട് മുഖത്തിന്‍റെയൊരു ചെറിയ കോട്ടമൊഴിച്ചാല്‍ അവര്‍ പൂര്‍ണ്ണമായും സൂഖപ്പെട്ടു സ്കൂളിലും പോയിത്തുടങ്ങി. ഉപദേശം തേടി വരുമ്പോള്‍ ആളിന്‍റെ പ്രധാന പ്രശ്നം ഉറക്കമില്ലായ്മയായിരുന്നു. ഒരു തെറ്റും ചെയ്യാത്ത അപ്പനെ മക്കളുപോലും തെറ്റിദ്ധരിച്ച്, മരിച്ചുമണ്ണായിട്ടും ഇന്നും കുറ്റവാളിയായിട്ടുതന്നെ കരുതുന്നു. മനസ്സറിയാതെയാണെങ്കിലും അതിനു കാരണക്കാരനായ ഇയാള്‍ക്ക് സത്യമേറ്റുപറയാനുള്ള ധൈര്യമില്ലാത്തതിന്‍റെ കുറ്റബോധവും! അയാളെ ആശ്വസിപ്പിക്കാന്‍ ഞാനൊരു പഴുതുകണ്ടു.
"അവളുടെ സംശയത്തിന്‍റെ പ്രധാനകാരണം അപ്പന്‍ മാത്രമുപയോഗിച്ചിരുന്ന അമൃതാഞ്ജന്‍റെ മണമുണ്ടായതല്ലേ? ഒരുപക്ഷേ താന്‍ പോയിക്കഴിഞ്ഞ് അപ്പനും മരുന്നു കുടിക്കാന്‍ വെള്ളമെടുക്കാനോ മറ്റോ വെളിച്ചമില്ലാതെ പുറത്തിറങ്ങിവന്നവഴിയെങ്ങാനും അവളെ തൊട്ടതാകാനും ഇടയുണ്ടല്ലോ?"
"അതാണച്ചാ എനിക്ക് ഏറ്റവും വലിയ വിഷമം, അന്ന് വല്ലാതെ ഉറക്കംവന്നപ്പോള്‍ ഉറക്കം പോകാന്‍വേണ്ടി അപ്പന്‍റെ മേശേലിരുന്ന അമൃതാഞ്ജനെടുത്തു കണ്ണിനുതാഴെ പുരട്ടിക്കഴിഞ്ഞപ്പഴാ അന്നു കറണ്ടു പോയത്. അതുകൊണ്ടാ ചേച്ചിക്കന്നാ മണം കിട്ടിയത്."
ഇനിയിപ്പോളതെല്ലാം തുറന്നു പറഞ്ഞാല്‍ അതുപറഞ്ഞറിഞ്ഞുണ്ടാകാവുന്ന കൊടുങ്കാറ്റിനെപ്പറ്റി ആളെ ബോധ്യപ്പെടുത്തി. ഇപ്പറഞ്ഞകാര്യങ്ങളെല്ലാം വിശദമായി എഴുതിക്കൊണ്ടുവരാന്‍ പറഞ്ഞു. കൊണ്ടുവന്നു കഴിഞ്ഞപ്പോള്‍ ഞാനതു വേണ്ടപ്പെട്ടവരെയൊക്കെക്കാണിച്ചു സംസാരിച്ച് പ്രശ്നത്തിനു പരിഹാരമുണ്ടാക്കാമെന്നും, യാതൊരുകാരണത്താലും മരണംവരെ ഇതിനെപ്പറ്റി ഇനി ആരോടും സംസാരിക്കരുതെന്നും വാക്കുപറയിപ്പിച്ചു വിട്ടു. രണ്ടാഴ്ചകഴിഞ്ഞ് ആളെവിളിച്ച് എല്ലാക്കാര്യങ്ങളും അറിയേണ്ട എല്ലാവരോടും ഞാന്‍ സംസാരിച്ചെന്നും എല്ലാവരും കാര്യങ്ങള്‍ മനസ്സിലാക്കി ക്ഷമിച്ചെന്നും ആ വിഷയം മറന്നേക്കാനും പറഞ്ഞു. അയാളോട് ഈ പച്ചക്കള്ളം പറഞ്ഞതിന് ഉടനെതന്നെ തമ്പുരാനോടു മാപ്പും ചോദിച്ചു. അല്ലാതെ ഞാനെന്തുചെയ്യും! കുറേനാളുകഴിഞ്ഞ് ആളെക്കണ്ടു. പ്രശ്നങ്ങളൊന്നുമില്ല, സന്തോഷവാനായി. വര്‍ഷങ്ങള്‍ കഴിഞ്ഞ് ഹാര്‍ട്ടറ്റായ്ക്കുവന്ന് ആളു മരിച്ചു. ശവസംസ്കാരംകഴിഞ്ഞു വന്നയുടനെ ആ കത്തു ഞാന്‍ കത്തിച്ചുകളഞ്ഞു. സ്വര്‍ഗ്ഗത്തിലെങ്ങാനും വച്ചു കണ്ടുമുട്ടിയാല്‍ ആളെന്നെ എന്തു ചെയ്യുമോ ആവോ!!