നമ്മുടെ കര്‍ത്താവിന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു പ്രാര്‍ത്ഥന. നിശയുടെ നിശ്ശബ്ദതയില്‍ പിതാവിന്‍റെ മുഖത്തുനോക്കി പ്രാര്‍ത്ഥിക്കുന്ന യേശുവിന്‍റെ ചിത്രം നമ്മുടെ മുമ്പിലുണ്ട്. ജീവിതത്തില്‍ ഓരോ നിമിഷവും യേശു പ്രാര്‍ത്ഥിച്ചിരുന്നു. യേശു പ്രാര്‍ത്ഥിക്കുകയായിരുന്നില്ല പിന്നെയോ അവന്‍ പ്രാര്‍ത്ഥനതന്നെയായിരുന്നു. പ്രാര്‍ത്ഥനയുടെ വലിയ തത്ത്വങ്ങള്‍ അവിടുന്നു പഠിപ്പിച്ചു. ശരീരത്തിന്‍റെ തലത്തിലുള്ള പ്രാര്‍ത്ഥനയും, മനസ്സിലെ പ്രാര്‍ത്ഥനയും ആത്മാവിലെ പ്രാര്‍ത്ഥനയുമെല്ലാം അവിടുന്ന് ജീവിതംകൊണ്ട് പഠിപ്പിച്ചു. ആവശ്യങ്ങള്‍ പറയുവാന്‍വേണ്ടി മാത്രമല്ല, ദൈവതിരുമുമ്പാകെ ചെല്ലുന്നതു തന്നെ ആവശ്യമായി മാറുന്ന ഒന്നാണ് പ്രാര്‍ത്ഥനയെന്ന് അവിടുന്ന് പഠിപ്പിച്ചു. രക്തസ്രാവക്കാരി സ്ത്രീ അവന്‍റെ വസ്ത്രത്തിന്‍റെ വിളുവില്‍ തൊട്ടപ്പോള്‍ സൗഖ്യം പ്രാപിച്ചു. വിശ്വാസത്തോടെ പ്രാര്‍ത്ഥിച്ചാല്‍ എന്തിനും പരിഹാരമുണ്ടെന്ന് അവിടുന്ന് അതുവഴി പഠിപ്പിച്ചു. ഒരുകാര്യം വിശ്വാസത്തോടെ പ്രാര്‍ത്ഥിച്ചാല്‍ അതിന് ഉത്തരം ലഭിക്കും.
ത്യാഗത്തോടെ പ്രാര്‍ത്ഥിച്ചാല്‍ അതിനു പ്രത്യേകശക്തിയുണ്ട്. സാവൂള്‍ ഉപവാസത്തോടെ പ്രാര്‍ത്ഥിച്ചപ്പോള്‍ കണ്ണുകളില്‍നിന്നും ചെതുമ്പല്‍ അടര്‍ന്നുവീണു. ഉപവാസത്തോടും ത്യാഗത്തോടും കൂടിയുള്ള പ്രാര്‍ത്ഥനയ്ക്ക് പ്രത്യേക ശക്തിയുണ്ടെന്ന് ഈ സംഭവം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. യേശു കണ്ണുനീരോടുകൂടെ പ്രാര്‍ത്ഥിച്ചപ്പോള്‍ ലാസര്‍ ഉയിര്‍ത്തെഴുന്നേറ്റു (യോഹ.11). നമ്മള്‍ കരഞ്ഞുപ്രാര്‍ത്ഥിച്ചാല്‍ ആ പ്രാര്‍ത്ഥന ദൈവം കേള്‍ക്കും. നമ്മുടെ ഓരോ തുള്ളി കണ്ണുനീരും അവിടുന്ന് കുപ്പിയില്‍ ശേഖരിക്കുന്നവനാണ്. ലൂക്കാ 18 ല്‍ 1 മുതലുള്ള വാക്യങ്ങളില്‍ സ്ഥിരതയോടെ പ്രാര്‍ത്ഥിച്ച വിധവ ഫലം കണ്ടെത്തി. പെട്ടെന്ന് പ്രാര്‍ത്ഥനയ്ക്ക് ഉത്തരം കിട്ടിയില്ലെങ്കിലും സാവധാനത്തില്‍ അതിന് ഉത്തരമുണ്ടാകും. നിരാശപ്പെടാതെ നമ്മള്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നാല്‍ അതിന് പ്രതിഫലമുണ്ടാകും. ഒരു പ്രാര്‍ത്ഥനയും പാഴായിപ്പോകില്ല. ഓരോ ചെറിയ പ്രാര്‍ത്ഥനയും ഉത്തരം കണ്ടെത്തും.
ലൂക്കാ 18ല്‍ എളിമയോടെയുള്ള പ്രാര്‍ത്ഥനയെക്കുറിച്ച് പഠിപ്പിക്കുന്നുണ്ട്. ചുങ്കക്കാരന്‍ എളിമയോടെ പ്രാര്‍ത്ഥിച്ചപ്പോള്‍ ആ പ്രാര്‍ത്ഥന ദൈവം കേട്ടു. അഹന്തയോടെ പ്രാര്‍ത്ഥിച്ച ഫരിസേയന്‍റെ പ്രാര്‍ത്ഥന കേള്‍ക്കപ്പെട്ടില്ല. വിനയത്തോടും എളിമയോടും പശ്ചാത്താപത്തോടുംകൂടി നമ്മള്‍ പ്രാര്‍ത്ഥിച്ചാല്‍ അതിനു പ്രത്യേക ഫലമുണ്ടാകും. പഴയനിയമത്തിലെ പ്രവാചകന്മാരും മോശയുമെല്ലാം പ്രാര്‍ത്ഥനയുടെ മനുഷ്യരായിരുന്നു. അവരിലൂടെ അത്ഭുതങ്ങള്‍ സംഭവിച്ചു. ഇന്നത്തെ ലോകത്തിലെ ഏറ്റവും വലിയ പ്രശ്നം പ്രാര്‍ത്ഥനയില്ലായ്മയാണ്. നമ്മില്‍ രൂപാന്തരീകരണം നടക്കുന്നത് പ്രാര്‍ത്ഥന വഴിയാണ്. ദൈവത്തോടു നമ്മള്‍ ചേര്‍ന്നിരിക്കുമ്പോള്‍ ദൈവസ്വഭാവം നമ്മെ പൊതിയുന്നു. ദൈവത്തില്‍നിന്നും നാം അകലുമ്പോള്‍ ദൈവസ്വഭാവം നമ്മെ വിട്ടകലുന്നു. ലോകാരൂപിയില്‍ നാം മുഴുകുന്നു. പ്രാര്‍ത്ഥനയുടെ ആഴങ്ങളിലാണ് വിശുദ്ധര്‍ ദൈവത്തെ കണ്ടുമുട്ടിയതും.
മോശ കൈവിരിച്ചുപിടിച്ചു പ്രാര്‍ത്ഥിച്ചപ്പോഴാണ് തിന്മയുടെ ശക്തികള്‍ തോറ്റത്. നാം പ്രാര്‍ത്ഥിക്കാതിരിക്കുമ്പോള്‍ തിന്മ ജയിക്കുന്നു. നന്മയുടെ വിജയത്തിന് പ്രാര്‍ത്ഥന അത്യാവശ്യമാണ്. പത്രോസും പൗലോസും പ്രാര്‍ത്ഥിച്ചു ശക്തി സംഭരിച്ചു. നിര്‍ണ്ണായക സമയങ്ങളില്‍ മാത്രമല്ല ജീവിതത്തിലെ എല്ലാ നിമിഷങ്ങളിലും നമ്മള്‍ പ്രാര്‍ത്ഥിക്കണം. ദൈവഹിതം തിരിച്ചറിയണമെങ്കില്‍ പ്രാര്‍ത്ഥന അത്യാവശ്യമാണ്. ഈ ലോകത്തിന്‍റെ മോഹവലയങ്ങളില്‍നിന്നും വിടുതല്‍ പ്രാപിക്കുവാന്‍ പ്രാര്‍ത്ഥനയില്‍ ശരണപ്പെടണം. നിരന്തരം പ്രാര്‍ത്ഥിക്കുന്ന ഒരു ജീവിതത്തെ നമുക്കു പുണരാം. നമുക്കു മുമ്പെ പ്രാര്‍ത്ഥനയുടെ ജീവിതം നയിച്ചു കടന്നുപോയവരെ നമുക്കു സ്മരിക്കാം. ലോകത്തിലെ അനുദിന സംഭവങ്ങള്‍ നമ്മെ അലട്ടുമ്പോള്‍ തളരാതെ മുന്നേറുവാന്‍ പ്രാര്‍ത്ഥനയില്‍ അഭയം കണ്ടെത്താം.