ഭക്ഷണസമയത്തായിരുന്നു മൊബൈല്‍ ശബ്ദിച്ചത്. രണ്ടുമാസത്തിനുള്ളില്‍ പലപ്രാവശ്യം വിളിച്ച നമ്പര്‍തന്നെ തെളിഞ്ഞുവന്നു. അയാളോടു വീണ്ടും സംസാരിക്കാന്‍ തീരെ താത്പര്യമില്ലായിരുന്നെങ്കിലും, കോള്‍ കട്ടുചെയ്യുന്നതു മാന്യതയല്ലാത്തതിനാല്‍ അടിച്ചുതീരട്ടെ എന്നുകരുതി അറ്റന്‍റു ചെയ്തില്ല.
ആദ്യമയാള്‍ വിളിച്ചപ്പോള്‍തന്നെ ഫോണിലൂടെയല്ലാതെ നേരിട്ടുവന്നാല്‍ സംസാരിക്കാമെന്നു ഞാന്‍ വച്ച നിര്‍ദ്ദേശം, അയാള്‍തന്നെ പറഞ്ഞതനുസരിച്ച്, മുഖത്തുനോക്കിപ്പറയാന്‍ പ്രയാസമുള്ള കാര്യമായതുകൊണ്ടും, ദൂരക്കൂടുതലു കാരണവും അയാള്‍ സ്വീകരിച്ചില്ല. ഇയാള്‍ വിളിച്ചപ്പോഴൊക്കെ മറുപടിയൊന്നും പറയാതെ കേട്ടിരുന്നതേയുള്ളുതാനും. നേരിട്ടു കണ്ടിട്ടില്ലെങ്കിലും 'ഇടിയുംമിന്നലും' വായിച്ച് എന്നെ വളരെ ഇഷ്ടപ്പെട്ടിരുന്ന ആളാണെന്നു പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു ആദ്യത്തെ ഫോണ്‍കോളു തുടങ്ങിയത്. പക്ഷേ, കഴിഞ്ഞ രണ്ടുമാസങ്ങളിലെ ഇടിയുംമിന്നലും അയാളെ വല്ലാതെ നിരാശപ്പെടുത്തിക്കളഞ്ഞു എന്നായിരുന്നു പരാതി. ഇയാളു മാത്രമല്ല വേറെ ചിലരും ഇതേരീതിയില്‍ കഴിഞ്ഞദിവസങ്ങളില്‍ പ്രതികരിച്ചിരുന്നു. അവരുടെയൊക്കെ കണക്കുകൂട്ടലില്‍ ഞാനൊരു വിമതനും, സഭയുടെയും അധികാരികളുടെയും വിമര്‍ശകനും, തിരുത്തല്‍വാദിയുമൊക്കെയാണുപോലും! കാരണം, ആഞ്ഞടിക്കാന്‍ അവസരംകിട്ടിയപ്പോള്‍, മുട്ടുമടക്കി കുഞ്ഞാടായി അധികാരികള്‍ക്ക് ഓശാനപാടുന്ന നിലപാടെടുത്തു എന്നായിരുന്നു ഇദ്ദേഹത്തിന്‍റെ ആക്ഷേപം. നേരിട്ടുവന്നാല്‍മാത്രം സംസാരിക്കാം എന്നറിയിച്ച് അന്നു ഞാനവസാനിപ്പിച്ചു.
ദിവസങ്ങള്‍ക്കകം അടുത്ത വിളിവന്നു. കൃത്യമായ രേഖകളോടെ, സമീപകാലത്തുണ്ടായ, വിശ്വാസികളെ ഒന്നടങ്കം നാണംകെടുത്തിയ, സഭാനേതൃത്തിലെ ഗുരുതരവീഴ്ചകളും, സാമ്പത്തിക തിരിമറികളും വഞ്ചനകളും എണ്ണിയെണ്ണി നിരത്തിയിട്ട്, അതെല്ലാം അറിയാമായിരുന്നിട്ടും, അതിനൊക്കെ എതിരെ ശക്തമായി പ്രതികരിക്കുന്നതിന് ഒന്നാന്തരം അവസരം വീണുകിട്ടിയപ്പോള്‍, അതിനുപകരം എന്തോ ഭയപ്പെട്ടിട്ടെന്നപോലെ തെറ്റുകളുടെ പക്ഷത്തേയ്ക്കു ഞാന്‍ ചുവടുമാറിയെന്നായിരുന്നു അന്നത്തെ ആരോപണം. അന്നും, കേട്ടുമടുത്തപ്പോള്‍ നേരിട്ടു വന്നാലല്ലാതെ സംസാരിക്കാന്‍ താത്പര്യമില്ല എന്നുപറഞ്ഞവസാനിപ്പിച്ചു.
കുറച്ചുദിവസങ്ങള്‍കഴിഞ്ഞ്, കുറെ വസ്ത്രങ്ങള്‍ ഇസ്തിരിയിടാന്‍ തുടങ്ങിയപ്പോളായിരുന്നു അയാളുടെ പിന്നീടത്തെ വിളി. കേള്‍ക്കാനിഷ്ടമില്ലായിരുന്നെങ്കിലും പറഞ്ഞുപറഞ്ഞ് ആളിനുകുറെ ആശ്വാസംകിട്ടട്ടെ എന്നുകരുതി അന്നും ഫോണ്‍ അറ്റന്‍റു ചെയ്തു. സഭാസ്ഥാപനങ്ങളില്‍ നിയമനങ്ങള്‍ക്കു കോഴവാങ്ങുന്നതും കുട്ടികളില്‍നിന്നു പ്രവേശനഫീസു വാങ്ങുന്നതും മറ്റും പറഞ്ഞുതുടങ്ങിയപ്പോള്‍തന്നെ അതു കുറെനേരമെടുക്കുമെന്ന് ഊഹിച്ചതുകൊണ്ട് ഫോണ്‍ പോക്കറ്റിലിട്ട് ഞാന്‍ എന്‍റെ പണി തുടര്‍ന്നു. മൗനമായി കേള്‍ക്കുകമാത്രം പതിവാക്കിയിരുന്നതുകൊണ്ട് ഞാന്‍ കേള്‍ക്കുന്നുണ്ടെന്ന ധാരണയില്‍ അയാളു സംസാരിച്ചുകൊണ്ടിരുന്നു. ഓരോ തുണിയും തേച്ചുമടക്കിക്കഴിയുമ്പോള്‍, കേള്‍ക്കുന്നുണ്ടെന്നുവരുത്താന്‍ ഫോണെടുത്ത് ഒരുകള്ളച്ചുമയുമൊക്കെച്ചുമച്ചിട്ടു വീണ്ടും പോക്കറ്റിലിട്ട് ഞാന്‍ പണിതുടര്‍ന്നു. അരമണിക്കൂര്‍കൊണ്ട് എന്‍റെ ജോലിതീര്‍ത്ത് ഫോണ്‍ ചെവിയോടടുപ്പിക്കുമ്പോളും ആളു സംസാരിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ വിഷയം കോടികള്‍മുടക്കി പണിയുന്ന ഏതോ പള്ളിയുടെ കാര്യമായിരുന്നു. അതുപറഞ്ഞുതീരുന്നതിനുമുമ്പ് ഏതായാലും പള്ളിയില്‍ കുരിശുമണിയടിച്ചതുകൊണ്ട് അക്കാരണംപറഞ്ഞ് സംസാരം മുറിക്കുമ്പോഴും നേരിട്ടുവന്നാല്‍മാത്രം സംസാരിക്കാം എന്നു ഞാന്‍ ആവര്‍ത്തിച്ചതാണ്.
ഇനിയും ഇയാളുടെ വിഷമിറക്കു സഹിക്കാന്‍ താത്പര്യമില്ലാതിരുന്നതുകൊണ്ടാണ് ഞാന്‍ ഫോണെടുക്കാതിരുന്നത്. പക്ഷേ അന്നുതന്നെ മൂന്നാംതവണയും അയാള്‍ വിളിച്ചപ്പോള്‍ രണ്ടുകവിളു കടുപ്പിച്ചുപറഞ്ഞങ്ങവസാനിപ്പിച്ചേക്കാമെന്നു കരുതിയായിരുന്നു ഫോണെടുത്തതെങ്കിലും, ഇത്തവണകൂടിയങ്ങു ക്ഷമിച്ചേക്കാമെന്നു പെട്ടെന്നുതോന്നി. അയാളു സ്ഥിരം ഇംഗ്ലീഷുപത്രം വായിക്കുന്ന ആളാണെന്നും, അതില്‍വരുന്ന വാര്‍ത്തകളില്‍ വത്തിക്കാന്‍ അരമനക്കുള്ളില്‍പോലും നടക്കുന്ന നാടകങ്ങളെപ്പറ്റിയും, യൂറോപ്പിലെ മുക്കാലും അച്ചന്മാര്‍ക്കും ഒരുപാടു മെത്രന്മാക്കുമെതിരെ ലൈംഗികപീഡനത്തിനു കേസു നടക്കുന്നതിനെപ്പറ്റിയും വായിക്കാറുണ്ടെന്നും പറഞ്ഞുകഴിഞ്ഞ് നാട്ടിലെ വിഷയങ്ങളിലേയ്ക്കുവന്നു. മെത്രാന്‍ വിശ്വാസികള്‍ക്കെതിരെയും, വിശ്വാസികള്‍ മെത്രാനെതിരെയും കേസുകൊടുക്കുന്നതും കോടതികയറുന്നതും കൂടാതെ, ഇപ്പോള്‍ അച്ചന്മാരു മെത്രാന്മാര്‍ക്കെതിരെ കേസുകൊടുത്തു തുടങ്ങിപോലും. അയാള്‍ക്കു കിട്ടിയ വാര്‍ത്തപ്രകാരം ഏതോ മെത്രാനു ഗുണ്ടാസംഘമുണ്ടെന്നും, കേരളത്തില്‍ നടന്ന പല അപകടമരണങ്ങളുടെയും പിന്നില്‍ ഈ ഗുണ്ടാസംഘത്തിന്‍റെ കറുത്ത കൈകളുണ്ടെന്നുംകൂടെ കേട്ടപ്പോള്‍ ചിരിയടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ എന്‍റെ വായില്‍നിന്ന് ഏതാണ്ടോരു അപസ്വരം ഉണ്ടായെന്നു തോന്നുന്നു. പെട്ടെന്നയാളു നിര്‍ത്തി.
"അച്ചനു സംശയമുണ്ടെങ്കില്‍ ഞാനിപ്പറഞ്ഞതിനെല്ലാം തെളിവയച്ചുതരാം. അച്ചനു വാട്സാപ്പും, ഫേസ്ബുക്കുമൊക്കെക്കാണുമല്ലോ."
ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല.
"ഞാന്‍ അങ്ങോട്ടുപറഞ്ഞതൊക്കെ കേള്‍ക്കുന്നതല്ലാതെ, അച്ചന് ഇങ്ങോട്ടൊന്നും ഇന്നുവരെ പറഞ്ഞില്ലല്ലോ."
പറഞ്ഞതില്‍ പാതിയും ഞാന്‍ ശ്രദ്ധിച്ചേയില്ല എന്നുപറഞ്ഞവസാനിപ്പിക്കാനാണുതോന്നിയതെങ്കിലും അതിനും ഒരുമറുപടിയൊന്നും കൊടുത്തില്ല.
"എന്തായാലും മിണ്ടിയില്ലെങ്കിലും കേള്‍ക്കാന്‍ അച്ചന്‍ മനസ്സുകാണിച്ചതിനു നന്ദി. ഇങ്ങോട്ടൊന്നും പറഞ്ഞില്ലെങ്കിലും അച്ചന്‍റെ അര്‍ത്ഥഗര്‍ഭമായ മൗനത്തിന്‍റെ സൂചന എനിക്കു നല്ലപോലെ മനസ്സിലായി. അതുമതി."
അതിനോടും ഞാന്‍ പ്രതികരിച്ചില്ല.
"അച്ചനൊന്നും പറയാത്തതുകൊണ്ടു ഞാനിനി നിര്‍ത്തുവാ." ഫോണ്‍ കട്ടായി.
ഓരോ പ്രാവശ്യവും അയാളുടെ പ്രസംഗം കഴിയുമ്പോള്‍ പലതും തിരിച്ചുപറയാന്‍ തികട്ടിവരുന്നുണ്ടായിരുന്നു. അപ്പോഴൊക്കെ നാവടക്കിയത് പണ്ടു നോവിസ്മാസ്റ്ററു പറഞ്ഞുതന്ന കവിവാക്യമോര്‍ത്താണ്: 'ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും, ചോരതന്നെ കൊതുകിന്നു കൗതുകം.' പാലുമുറ്റിയ അകിടില്‍നിന്നായാലും കൊതുകു ചോരയേ കുടിക്കൂ എന്നസത്യം. അവരവരിഷ്ടപ്പെടുന്നതുമാത്രം കാണുന്ന ഇത്തരക്കാരോട് ഒന്നും പറഞ്ഞിട്ടുകാര്യമില്ലല്ലോ. പക്ഷേ അവസാനമയാളു പറഞ്ഞുനിര്‍ത്തിയത് മനസ്സില്‍ ഉടക്കിവലിക്കാന്‍തുടങ്ങി. 'അച്ചന്‍റെ അര്‍ത്ഥഗര്‍ഭമായ മൗനത്തിന്‍റെ സൂചന നല്ലതുപോലെ മനസ്സിലായെന്ന്.' അയാളു പറഞ്ഞതെല്ലാം ഞാനങ്ങു ശരിവച്ചിരിക്കുന്നു എന്നായിരിക്കണമല്ലോ അയാളതുകൊണ്ടുദ്ദേശിച്ചത്. അതിനു മറുപടി കൊടുക്കാഞ്ഞത് മണ്ടത്തരമായിപ്പോയി എന്നപ്പോഴാണ് തോന്നിയത്. ഉടനെതന്നെ അയാളെ വിളിച്ചു. പ്രതീക്ഷിക്കാതെ ഞാനങ്ങോട്ടു വിളിച്ചപ്പോള്‍ അയാള്‍ക്കു ഭയങ്കരസന്തോഷം.
"ഇയാളു പറഞ്ഞ ആ ഗര്‍ഭമുണ്ടല്ലോ, അതിന്‍റെ കാര്യമൊന്നു പറയാനാണു ഉടനെതിരിച്ചു വിളിച്ചത്."
"ഗര്‍ഭമോ, അങ്ങനൊരു കാര്യമേ ഞാന്‍ പറഞ്ഞില്ലച്ചാ."
"പറഞ്ഞു. ഇയാളതു മറന്നുപോയതാ. എന്തായാലും അതു സംഭവിച്ചു. എനിക്കു ഗര്‍ഭമുണ്ടായി. ഇയാളെന്നെ ആദ്യംവിളിച്ചപ്പോള്‍മുതല്‍ അരൂപി എന്നില്‍ ആവസിച്ചു, അന്നുതുടങ്ങിയതാ ഈ ഗര്‍ഭം. ഇന്ന് ഇയാളതു പറഞ്ഞപ്പോഴാ ശരിക്കും എനിക്കത് ഉറപ്പായത്. ഇയാളു പറഞ്ഞില്ലേ, 'എന്‍റെ അര്‍ത്ഥഗര്‍ഭമായ മൗനത്തിന്‍റെ സൂചന ഇയാള്‍ക്കു നല്ലപോലെ മനസ്സിലായെന്ന്. ആ ഗര്‍ഭത്തിന്‍റെ കാര്യമാ ഞാന്‍ ഈ പറഞ്ഞത്. ഇയാളു ഫോണ്‍ കട്ടുചെയ്തപ്പോള്‍ മുതല്‍ എനിക്കു പ്രസവവേദന തുടങ്ങി. കാരണക്കാരന്‍ ഇയാളാണല്ലോ; അതുകൊണ്ടാണ് ഉടനെ വിളിച്ചത്. ഏതായാലും ഞാന്‍ പ്രസവിക്കാന്‍ തുടങ്ങുവാ. സിസേറിയനൊന്നുംവേണ്ട, നോര്‍മലാ. എത്രയെണ്ണം കാണുമെന്നെനിക്കറിയില്ല. അതിയാളെണ്ണിക്കൊള്ളണം."
അയാളുടെ നിര്‍ത്താതെയുള്ള ചിരികേട്ട് ഞാനും ചിരിച്ചുപോയി.
"എനിക്കു പ്രസവവേദന, ഇയാള്‍ക്കുചിരി. സായിപ്പിന്‍റെ ഭാഷേല്‍ പ്രസംഗമൊക്കെ 'ഡെലിവര്‍' ചെയ്യുക എന്നാണു പറയുക. ഞാനതങ്ങോട്ടു മലയാളത്തിലാക്കി ഇയാളോടു പറഞ്ഞെന്നേയുള്ളു. എന്നാല്‍ ഞാനങ്ങു തുടങ്ങുവാ, എന്നെ തടസ്സപ്പെടുത്തരുത്.
പല പ്രാവശ്യമായി ഇയാളു പറഞ്ഞതെല്ലാംകേട്ടിട്ടും ഒന്നും മിണ്ടാതിരുന്നത് ഞാനതെല്ലാമങ്ങു ശരിവച്ചതുകൊണ്ടല്ല. സത്യത്തില്‍ ഇയാളു പറഞ്ഞ ഒന്നിനോടും ഇപ്പോളെന്നല്ല, ഒരിക്കലും ഞാന്‍ അനുകൂലിക്കുന്നില്ല. പൈങ്കിളിവാരികകള്‍പോലെ വരിക്കാരില്ലെങ്കിലും കുറെയേറെപ്പേരു വായിക്കുന്ന ഒരു മാസികയാണ് അസ്സീസി. 1984 മുതല്‍, വല്ലപ്പോഴുമൊക്കെ മുടങ്ങിയിട്ടുണ്ടെങ്കിലും, ഇന്നുവരെയും ആ മാസികയില്‍ 'ഇടിയും മിന്നലും' എന്നപേരില്‍ സ്വന്തംപേരുവച്ചുതന്നെ എഴുതുന്ന ആളാണു ഞാന്‍. അതിലൂടെ ഞാന്‍ അവതരിപ്പിച്ചിട്ടുള്ള എന്‍റെ നിരീക്ഷണങ്ങളെപ്പറ്റി അനുകൂലമായും പ്രതികൂലമായും വല്ലപ്പോഴുമൊക്കെ പ്രതികരണങ്ങള്‍ കിട്ടാറുണ്ട്. ചുരുക്കം അവസരങ്ങളില്‍ വിവാദങ്ങള്‍ക്കും, അതുപോലെതന്നെ താക്കീതുകള്‍ക്കും എന്‍റെ ലേഖനങ്ങള്‍ ഇടയാക്കിയിട്ടുമുണ്ട്. സഭാവിരുദ്ധനായിട്ടും, റീത്തുവിരുദ്ധനായിട്ടും മുദ്രയടിക്കപ്പെട്ടിട്ടുണ്ട്. എന്‍റെ ലേഖനങ്ങളുടെപേരില്‍, ബുക്കുചെയ്തിരുന്ന പലധ്യാനങ്ങളും ക്യാന്‍സല്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ധ്യാനിപ്പിക്കാന്‍ വിളിക്കരുതെന്നു വിലക്കപ്പെട്ടിട്ടുണ്ട്. രൂപതയില്‍ അനഭിമതനാണ് എന്നു നേരിട്ട് പറഞ്ഞിട്ടുണ്ട്. ഇതെല്ലാമാണെങ്കിലും ഇന്നുവരെയും ഞാന്‍ എഴുതിയിട്ടുള്ള നാനൂറോളം ലേഖനങ്ങളില്‍ ഒറ്റയൊരെണ്ണത്തെപ്പറ്റിപ്പോലും എനിക്ക് തരിമ്പും ഖേദവുമില്ല. ഇതിനെ ധിക്കാരമായിട്ടു കാണാനായിരിക്കും ഒത്തിരിപ്പേര്‍ക്കും ഇഷ്ടം. ഇയാളെപ്പോലെയുള്ള ഒത്തിരിപ്പേര്‍ക്ക് ഞാനെഴുതിയതൊക്കെ വിമര്‍ശനമായിട്ടു മാത്രമെ കാണാനും സാധിച്ചിട്ടുള്ളു. 'പപ്പും തൂവലും കണ്ടപ്പഴേ ആമയാണെന്നു മനസ്സിലായി' എന്നു പൊട്ടന്‍ പറഞ്ഞതുപോലെയാണ് ഇയാളുടെ കാര്യമെന്നേ എനിക്കു പറയാനുള്ളു. സ്വന്തം കണ്ണാടിയിലൂടെമാത്രം കാണുന്ന പക്വതയില്ലായ്മയാണ് അതിനുകാരണം. എന്‍റെ അമ്മയുടെ മുഖത്തു കരി പുരണ്ടിരുന്നാല്‍ അതു കരിപുരണ്ടതുതന്നെയാണ് എന്നു പറയുന്നതു വിമര്‍ശിക്കാനല്ല, സ്നേഹമുള്ളതുകൊണ്ടാണ്. എന്തിനോവേണ്ടി ആ കരി പുരട്ടിയവര്‍ക്കുമാത്രമേ അതു വിമര്‍ശനമായിത്തോന്നുകയുള്ളു.
ഒരു സംഭവം ഞാന്‍ പറയാം. എന്‍റെ കൂടെ സെമിനാരിയില്‍ പഠിച്ചിരുന്ന ഒരാള്‍ കത്തോലിക്കാസഭവിട്ട് വേറൊരു സഭയില്‍ചേര്‍ന്ന്, അവിടെ പുരോഹിതനായി ഇപ്പോഴും വിദേശത്തു കഴിയുന്നുണ്ട്. അദ്ദേഹം നാട്ടില്‍വന്നപ്പോള്‍ ഒരിക്കല്‍ അദ്ദേഹത്തിന്‍റെ അമ്മയുടെ ജന്മദിനത്തിന് എന്നെയും വിളിച്ചു. സെമിനാരിവിട്ട് പത്തിരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കുശേഷമുള്ള ആ കണ്ടുമുട്ടല്‍ ഒരിക്കലും മറക്കില്ല. അതിസമ്പന്നനായ അങ്ങേരുടെ വീട്ടിലെത്തിയ എന്നെ അമ്മയുടെ മുറിയിലെത്തിച്ചപ്പോള്‍ കണ്ടത്, പ്രത്യേകം നിര്‍മ്മിച്ച ഒരു ചക്രക്കസേരയില്‍ ഇരിക്കുന്ന ഒരസ്ഥികൂടത്തെയായിരുന്നു. പത്തുവര്‍ഷംമുമ്പു പിടിപെട്ട ഒരപൂര്‍വ്വ അസുഖംമൂലം പേശികള്‍ മുഴുവന്‍ ശോഷിച്ചുപോയി. കണ്ണു കുഴിഞ്ഞ്, കവിളൊട്ടി, ചുണ്ടുണങ്ങി തലയോട്ടിയില്‍ രണ്ടുവരിപ്പല്ലുകള്‍, ആകെ വിരൂപം. കൈയ്യുറയിട്ടിരുന്നതിനാല്‍ കൈ കാണാനായില്ല. സംസാരശേഷിപോയി. ധരിപ്പിച്ചിരിക്കുന്നത് വന്‍വിലയുടെ മിന്നുന്നഡ്രസ്സ്. നിരനിരയായി തൂക്കിയിട്ടിരുന്ന വസ്ത്രങ്ങളെല്ലാം വലിയവിലപ്പിടിപ്പുള്ളവ. കാഴ്ചയില്ലെങ്കിലും മുഖത്തിരുന്ന കണ്ണാടി കിടിലന്‍. പ്രാര്‍ത്ഥിച്ച് ആശംസകളുമര്‍പ്പിച്ചു പിരിഞ്ഞപ്പോള്‍ എന്നെ ബസ്റ്റാന്‍റിലെത്തിക്കാന്‍വന്ന ഡ്രൈവറില്‍നിന്നാണ് വിചിത്രമായ ആ ചരിത്രം ഞാനറിഞ്ഞത്. ആ അമ്മയുടെ അസുഖം ഏതോ ഹോര്‍മോണ്‍ ഇന്‍ജക്ഷന്‍കൊണ്ടു സുഖപ്പെടുത്താവുന്നതാണ്. അമ്മയ്ക്ക് അതിനുസമ്മതമായിരുന്നെങ്കിലും അവരുടെ സഭയുടെ വിശ്വാസപ്രകാരം അതുപാടില്ലപോലും! അതുകൊണ്ട് ആണ്ടുതോറും നാട്ടുചികിത്സയ്ക്കു നാട്ടിലെത്തും. പക്ഷേ ഇപ്പോള്‍ നില വഷളായി, ഇനിയും അധികംനാള്‍ അവരു ജീവിക്കുമെന്നു തോന്നുന്നില്ല. ഈ സംഭവത്തെപ്പറ്റി ഇയാളെന്തു പറയുന്നു? സ്വന്തം സഭയുടെ വിശ്വാസപ്രകാരം പ്രവര്‍ത്തിക്കുന്ന ആ മകനെ കുറ്റപ്പെടുത്താന്‍ പറ്റുമോ? സുഖപ്പെടുത്താമായിരുന്നിട്ടും അമ്മയ്ക്കു ചികിത്സ നിഷേധിച്ച് കൊലക്കുകൊടുക്കുന്ന ആ മകന്‍ ചെയ്തതു അംഗീകരിക്കാന്‍ പറ്റുമോ? രണ്ടു പക്ഷവും പറയാന്‍ ആളുകണ്ടേക്കാം. പക്ഷേ മകനു തെറ്റുപറ്റി എന്ന പക്ഷക്കാരനാണു ഞാന്‍. എത്രകേമമായി ബര്‍ത്ഡേ ആഘോഷിച്ചാലും, ആര്‍ഭാടമായി അണിയിച്ചൊരുക്കിയാലും അതൊന്നും ആ അമ്മയുടെ വിലപ്പെട്ട ജീവനും അരോഗ്യത്തിനും പകരമാകില്ലെന്നാണെന്‍റെ പക്ഷം.
സഭാമാതാവിന്‍റെ മക്കള്‍ റീത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും പേരില്‍ മത്സരിച്ച് അമ്മയെ വേഷംകെട്ടിക്കുമ്പോളും, കുരിശിന്‍റെ ആകൃതിയുടെയും കുരിശുവരയ്ക്കുന്നതിന്‍റെ ദിശയുടെയുംപേരില്‍ വാശിയോടെ അമ്മയ്ക്കു ചന്തംചാര്‍ത്തുമ്പോളും, ജീവനും ആരോഗ്യവും ശോഷിച്ചുപോയ സഭാമാതാവിന്‍റെ ഓജസ് വീണ്ടെടുക്കുന്നതിനു പകരം അമ്മയ്ക്ക് മോടിയുള്ള ഉടയാടകളും പകിട്ടുള്ള ഇരിപ്പിടവും കൊടുക്കാനാണു തത്രപ്പെടുന്നത് എന്നു പറയുമ്പോള്‍ അതു വിമര്‍ശനമല്ല, ആത്മശോധനയ്ക്കുള്ള ഉള്‍വിളിയാണ് എന്നു തിരിച്ചറിയണം. തിരുസഭയ്ക്ക് ഇന്നാവശ്യം ഹോര്‍മോണ്‍ ഇന്‍ജക്ഷന്‍ തന്നെയാണ്. എല്ലാവരും അന്യരാക്കിയവരെയും സ്വന്തമാക്കുന്ന കൂട്ടായ്മയാണു കര്‍ത്താവിന്‍റെ സഭയുടെ കരുത്ത്. എന്നാല്‍ സ്വന്തമാക്കുന്നതിന്‍റെയല്ല, നാളുകളായി സഭയില്‍ കടന്നുകൂടിയിരിക്കുന്ന 'അന്യവല്‍ക്കരണത്തിന്‍റെ' വൈറസ് സഭയുടെ ശേഷികളെ ശോഷിപ്പിച്ചുകൊണ്ടിരിക്കുന്നു. ഒന്നിപ്പിക്കുന്ന കണ്ണികള്‍ കണ്ടെത്തുന്നതിനുപകരം ഭിന്നിപ്പിക്കുന്ന വിള്ളലുകള്‍ തേടിപ്പിടിക്കാനാണ് 'ഞാനില്ലെങ്കില്‍ പ്രളയം' എന്നു ചിന്തിക്കുന്ന പല സഭാസ്നേഹികള്‍ക്കും തിടുക്കം. അങ്ങനെയുള്ളവര്‍ക്ക് വിയോജനസ്വരങ്ങള്‍ ഭീഷണിയായിട്ടേ തോന്നൂ, ആ സ്വരങ്ങളെ അടിച്ചൊതുക്കാനവരിറങ്ങും, അങ്ങനെ സഭയ്ക്കുള്ളില്‍ത്തന്നെ സഭാവിരോധികള്‍ ജനിക്കാനിടയാകുന്നു. വിഘടിതസ്വരങ്ങളും, പിറുപിറുപ്പുകളും അപ്പസ്തോലപ്രവര്‍ത്തനത്തില്‍ (6:1-6) കാണുന്നതുപോലെ ജീവനുള്ള സമൂഹത്തിന്‍റെ ലക്ഷണമാണ്. ഒഴുക്കിനൊത്ത് ഒഴുകാത്തവരുടെ സ്വരമാണതെന്ന് തിരിച്ചറിയണം. അപ്പസ്തോലന്മാര്‍ അവരെ അടിച്ചിരുത്തിയില്ല, അവരോടു ക്രിയാത്മകമായി പ്രത്യുത്തരിച്ചു. വിയോജിക്കുന്നവരെ അടിച്ചൊതുക്കുന്നതു താല്ക്കാലികസമാധാനം സൃഷ്ടിച്ചേക്കാം. പക്ഷേ അതു സഭയുടെ വളര്‍ച്ച മുരടിപ്പിക്കും. പ്രാവിന് അടവച്ചു വിരിഞ്ഞ പരുന്തിന്‍കുഞ്ഞ് വളര്‍ന്നപ്പോള്‍ അതിന്‍റെ നീണ്ട ചിറകരിഞ്ഞും, കൂര്‍ത്ത നഖങ്ങള്‍ മിനുക്കിയും, മൂര്‍ച്ചയുള്ള ചുണ്ടു മുറിച്ചും, ഇപ്പോള്‍ നിന്നെകണ്ടാല്‍ മനോഹരമായി, നല്ല പ്രാവിനെപ്പോലെയായി എന്നുപറഞ്ഞു പരുന്തിനെ പ്രാവാക്കുന്നതുപോലെയാണത്. എന്‍റെ മൗനത്തിലെ ഗര്‍ഭത്തില്‍ ഇയാളുകണ്ടത് വിമതനെയോ, വിമര്‍ശകനെയോ, വേറെ എന്തെങ്കിലുമോ ആണെങ്കില്‍ ഇപ്പോ ഞാന്‍ 'ഡെലിവര്‍'ചെയ്ത 'കുട്ടിയെ' കണ്ടപ്പോള്‍ സത്യം ബോധ്യപ്പെട്ടുകാണുമല്ലോ.
അച്ചന്മാരും സഭയും മുഴുവന്‍ കൊള്ളക്കാരും അഴിമതിക്കാരുമാണെന്നായിരുന്നല്ലോ ഇയാളുടെ അടുത്ത കണ്ടെത്തല്‍. ഒത്തിരി തിരയണ്ട, അടുത്തനാളിലുണ്ടായ കേരളത്തിലെ പ്രളയസമയത്തും, അതിനുശേഷം ഇന്നുവരെയും നടന്നതൊക്കെ നിഷ്പക്ഷമായിട്ട് ഇയാളൊന്നു കണക്കെടുക്ക്. കേരളത്തിലെ ഞങ്ങളുടെ കപ്പൂച്ചിന്‍ ആശ്രമങ്ങളെല്ലാം ഞങ്ങളന്നു തുറന്നിട്ടു. ഞങ്ങളൊരു ചെറിയ കൂട്ടമാണ്. എന്നിട്ടും ഞങ്ങളുടെ സെമിനാരികളിലൂടെമാത്രം വിതരണം ചെയ്യപ്പെട്ട ഭക്ഷണകിറ്റുകളുടെ എണ്ണം അരലക്ഷത്തിലേറെയാണ്. വസ്ത്രങ്ങളും മറ്റ് അവശ്യവസ്തുക്കളും വേറെയും. ഇന്നും അതുതുടരുന്നു. ഇതിലും എത്രയോ ഇരട്ടി കേരളത്തിലെ ഓരോ രൂപതയിലൂടെയും ചെയ്തിട്ടുണ്ട്. സര്‍ക്കാരോ മറ്റേതെങ്കിലും സമുദായക്കാരോ, ജാതിയോ മതമോ രാഷ്ട്രീയമോ ഒന്നുംനോക്കാതെ ഇതുപോലെ ചെയ്തിട്ടുണ്ടോ എന്നുനോക്ക്. കണക്കൊന്നും ആരെയും ബോധ്യപ്പെടുത്താതെ സഭചെയ്ത സേവനം സര്‍ക്കാരുചെയ്തതിനേക്കാള്‍ എത്രയോ അധികം. എന്നിട്ടും അതിനെയെല്ലാം തമസ്ക്കരിച്ച്, എവിടെയോ ഉണ്ടായ ചില സാമ്പത്തികപ്പിഴകളെ മാത്രം ഊതിപ്പെരുപ്പിക്കുന്ന ഇയാളെപ്പോലെയുള്ളവര്‍ എന്തറിയുന്നുവിഭോ!! ഞങ്ങളെപ്പോലെയുള്ള സന്യാസികളെയല്ല, രൂപതകളിലെ റിട്ടയര്‍ചെയ്ത അച്ചന്മാരുടെ മന്ദിരങ്ങളില്‍ ഇയാളൊന്നു ചെന്നാല്‍ കാണാം, ജീവിതവും ജീവിതത്തിലുണ്ടാക്കിയതും മുഴുവന്‍ ദാനംചെയ്തിട്ട് ആരുംതിരിഞ്ഞുനോക്കാനില്ലാഞ്ഞിട്ടും സമാധാനത്തില്‍ കഴിയുന്ന അച്ചന്മാരെ. നാട്ടില്‍ പിശുക്കനെന്ന് അറിയപ്പെട്ടിരുന്ന, എനിക്കറിയാമായിരുന്ന ഒരച്ചന്‍ വല്ലപ്പോഴുമൊക്കെ അയല്‍സംസ്ഥാനത്തെവിടെയോ പോകാറുണ്ടായിരുന്നു. അച്ചന്‍ പണംമുഴുവന്‍ അവിടെ ഏതോ ബാങ്കിലോ എസ്റ്റേറ്റിലോ മുടക്കിയിരിക്കുകയാണെന്ന് അടക്കംപറയുന്നവരുണ്ടായിരുന്നു. അച്ചന്‍ മരിച്ചു ദിവസങ്ങള്‍ക്കുശേഷം അവിടെനിന്നെത്തിയ സിസ്റ്റേഴ്സില്‍നിന്നാണ് അറിഞ്ഞത്, നാല്പത്തിരണ്ടു വര്‍ഷമായി ഈ അച്ചന്‍റെ മുഴുവന്‍ വരുമാനവും പിതൃസ്വത്തുപോലും നൂറിലധികം മന്ദബുദ്ധികളായ അന്തേവാസികളെ പരിരക്ഷിക്കുന്ന ഒരു സ്ഥാപനത്തിന്‍റെ നടത്തിപ്പിനാണു കൊടുത്തുകൊണ്ടിരുന്നതെന്ന്. അച്ചന്‍ മരിച്ചതുപോലും അവരറിഞ്ഞത് ദിവസങ്ങള്‍ക്കുശേഷംമാത്രം. ആരോരുമറിയാതെയിങ്ങനെ ചെയ്യുന്ന എത്രയോ അച്ചന്മാരുണ്ട്. ഇതൊന്നുമന്വേഷിക്കുവാനുമറിയാനും ആര്‍ക്കു താത്പര്യം! എന്നാലും ഏതോ ചില അച്ചന്മാരു കാശടിച്ചുമാറ്റിയതിന്‍റെ പേരില്‍ അച്ചന്മാരും സഭയുമെല്ലാം അങ്ങനെയാണെന്നുപറഞ്ഞു ഓരിയിടുന്ന ഇയാള് എന്‍റെ മൗനത്തിന്‍റെ ഗര്‍ഭത്തില്‍ കണ്ടത് വേറേതാണ്ടായിരിക്കും. 'ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൗതുകം.'
സഭയുടെ സ്ഥാപനങ്ങളിലെല്ലാം കോഴയും അഴിമതിയുമാണെന്നായിരുന്നല്ലോ ഇയാളുടെ അടുത്തവിലാപം. പണ്ടുകാലത്തൊക്കെ പള്ളിക്കൂടം പണിയാന്‍ നാട്ടുകാരും ഇടവകക്കാരും കാശുംകൊടുത്തു കഷ്ടപ്പെടുമായിരുന്നു എന്നതു സത്യമാണ്. ഇപ്പോളാരെങ്കിലും കൊടുക്കുന്നുണ്ടോ? എന്തെല്ലാം സംവിധാനങ്ങളുവേണം ഇന്നൊരു ക്ലാസ്റൂംപോലും ഉണ്ടാക്കാന്‍. കോളേജോ ഹോസ്പിറ്റലോ ഒക്കെയാണെങ്കില്‍ പറയാനുണ്ടോ. അതെല്ലാം രൂപതകളോ സന്യാസസഭകളോ ഒക്കെ സമാഹരിക്കുന്ന പണംകൊണ്ടാണു നിര്‍മ്മിക്കുന്നതെന്ന സത്യം എല്ലാവര്‍ക്കുമറിയാം. ആരെങ്കിലും ചുമ്മാതെയങ്ങനെ പണംകൊടുക്കില്ലല്ലോ? അപ്പോള്‍പിന്നെ അതുണ്ടാക്കാനുള്ള മാര്‍ഗ്ഗംനോക്കേണ്ടിവരും. അത് ഗുണഭോക്താക്കളായ ഉദ്യോഗാര്‍ത്ഥികളില്‍നിന്നും വിദ്യാര്‍ത്ഥികളില്‍നിന്നുമൊക്കെ വാങ്ങുകയല്ലാതെ എന്തുചെയ്യും? അതു ശരിയാണോ, കോഴയല്ലേ, അഴിമതിയല്ലേ എന്നൊക്കെ ചോദിച്ചാല്‍ ഉത്തരമുണ്ട്. മാനുഷിക പരിഗണനകളില്ലാതെ പണമുണ്ടാക്കാന്‍വേണ്ടി മാത്രമാണ് അങ്ങനെ വാങ്ങുന്നതെങ്കില്‍ അതു തെറ്റ്. കാര്യങ്ങള്‍ നടത്താന്‍ പണംവേണം, പക്ഷേ പണമില്ലാത്തതിന്‍റെപേരില്‍ അര്‍ഹതപ്പെട്ടവര്‍ അവഗണിക്കപ്പെടരുത്, അവര്‍ക്ക് അവസരം നിഷേധിക്കപ്പെടരുത്. നേരത്തെ കണ്ടതുപോലെ, സത്യത്തില്‍ വളരെ വിരളമായി മാത്രമേ ഇക്കാര്യത്തിലും വീഴ്ചകള്‍ സംഭവിക്കാറുള്ളു. എന്നിട്ടുപോലും അതിനെ പെരുപ്പിച്ച്, സാമാന്യവല്ക്കരിച്ച് നമ്മുടെ എല്ലാസ്ഥാപനങ്ങളും കൊള്ളയാണു നടത്തുന്നതെന്നും, അധികാരികള്‍ മുഴുവന്‍ അഴിമതിക്കാരാണെന്നും സ്ഥാപിക്കാനാണ് ഇയാളെപ്പോലെയുള്ളവര്‍ക്കു താത്പര്യം എന്നതാണു സംഭവം. സഭയിലാകമാനം കൊള്ളയും കോഴയുമാണെന്ന് ഇയാളു പറഞ്ഞതുപോലെയാണു ഞാനുംകരുതുന്നതെന്ന് എന്‍റെ മൗനത്തില്‍നിന്ന് ഇയാളു വായിച്ചെടുത്തെങ്കില്‍ തെറ്റി.
ഈ പറഞ്ഞിടത്തെവിടെയെങ്കിലുമൊക്കെ അറിഞ്ഞും അറിയാതെയും വീഴ്ച വരുമ്പോള്‍ സഭയുടെ മുഖത്താണു കരിപുരളുന്നത് എന്നതില്‍ രണ്ടുപക്ഷമില്ല. അതു കാണുന്ന മക്കള്‍, അമ്മയുടെ മുഖത്തു കരി പറ്റിയിരിക്കുന്നു എന്നു പറയുമ്പോള്‍ അതു ധിക്കാരമായിക്കാണാതെ തിരിച്ചറിഞ്ഞു തിരുത്തിയില്ലെങ്കില്‍ അതെല്ലാം അങ്ങാടിയില്‍ ആടിത്തിമിര്‍ക്കാന്‍ കാത്തിരിക്കുന്ന മാദ്ധ്യമകോമരങ്ങള്‍ക്ക് ലോട്ടറിയടിച്ചതുപോലെയാകും. അതല്ലെ അടുത്തകാലത്തു നാം കണ്ടതു മുഴുവന്‍?
പല കാരണങ്ങളാലും സഭാവിരോധികളായിത്തീര്‍ന്നവരും, അസൂയകൊണ്ടും വര്‍ഗ്ഗീയവെറികൊണ്ടും സഭയെ വെറുക്കുന്നവരും ധാരാളമുണ്ടിന്നീ കേരളത്തില്‍. അവരുടെ ചട്ടുകങ്ങളാണ് മിക്ക മാദ്ധ്യമങ്ങളും. അതുകൊണ്ടുതന്നെ ഏതു കള്ളവും പരമാര്‍ത്ഥതയുടെ പരിവേഷത്തില്‍ വളരെവേഗം പ്രചരിപ്പിക്കപ്പെടുന്നു. ആരെങ്കിലും മെനഞ്ഞെടുത്ത വത്തിക്കാനിലെ നാടകങ്ങളും, ആരുടെയെങ്കിലും ഭാവനയില്‍വിരിഞ്ഞ മെത്രാന്‍റെ ഗുണ്ടകളും അവരു നടത്തുന്ന കൊലകളുമൊക്കെ ഇതിന്‍റെ ഉദാഹരണങ്ങള്‍ മാത്രം. അതിന്‍റെയൊക്കെ തെളിവുകള്‍ ഇയാളു വാട്സാപ്പിലും ഫേസ്ബുക്കിലുമൊക്കെ അയച്ചുതന്നാലുടനെ വിശ്വസിക്കാനിരിക്കുന്ന ഉണ്ണാക്കനാണു ഞാനെന്നായിരിക്കും എന്‍റെ അര്‍ത്ഥഗര്‍ഭമായ മൗനത്തില്‍നിന്നും ഇയാള് ഊഹിച്ചെടുത്തത് എന്നുതോന്നിയതുകൊണ്ടാണ് എല്ലാം അലസിപ്പോകുന്നതിനുമുമ്പ് ഉടനെവിളിച്ച് ഇയാളുടെ മുമ്പിലേക്ക് ഈ 'ഡെലിവറി' നടത്തിയത്. കേട്ടിരുന്നതിനു ഞാനും നന്ദി പറയുന്നു. ഞാന്‍ പോയി ഡെലിവറിയുടെ ക്ഷീണം തീര്‍ക്കട്ടെ, ഗുഡ് ബൈ."