news-details
ഇടിയും മിന്നലും

സാമാന്യം പ്രശസ്തവും പുരാതനവുമായ ഒരു പള്ളി. പള്ളിയെ ചുറ്റിപ്പറ്റി വളര്‍ന്ന ഒരു പട്ടണം. പള്ളിയോടുചേര്‍ന്ന് ടൗണിലുണ്ടായിരുന്ന കുറെ ചെറിയ കടമുറികളൊക്കെപ്പൊളിച്ചുകളഞ്ഞ് ഒരു വമ്പന്‍ മൂന്നുനില ഷോപ്പിങ് കോമ്പ്ളക്സ് പണിയാന്‍ തീരുമാനമായി. എനിക്കു വളരെ അടുത്തറിയാവുന്ന ഒരു വികലാംഗന്‍ തയ്യല്‍ക്കട നടത്താന്‍ അവിടെ ഒരു മുറി വാടകയ്ക്കു ചോദിച്ചു ചെന്നപ്പോള്‍ അടിനിലയിലെ ഷട്ടറുകള്‍ക്ക് ഒരുപാട് ആവശ്യക്കാരുള്ളതിനാല്‍ തയ്യല്‍ക്കടപോലെയുള്ള പ്രസ്ഥാനങ്ങള്‍ക്ക് രണ്ടാംനിലയില്‍ മാത്രമേ സ്ഥലം കൊടുക്കാന്‍ പറ്റൂ എന്നു പള്ളക്കമ്മറ്റിക്കാരു നിര്‍ബ്ബന്ധം പിടിച്ചു. അതുകൊണ്ട് വികലാംഗനാണെന്ന പരിഗണനവച്ച് താഴത്തെ നിലയില്‍ത്തന്നെ ഒരുമുറി കൊടുക്കണമെന്ന് എനിക്കു പരിചയമുണ്ടായിരുന്ന വികാരിയച്ചനോടു റെക്കമന്‍റുചെയ്യാന്‍ അയാളുടെകൂടെ അവിടെച്ചെന്നതായിരുന്നു. പണിയാന്‍ പോകുന്ന കോമ്പ്ളക്സിന്‍റെ പ്ളാനും സ്ഥലവിവരങ്ങളുമടങ്ങുന്ന ഒരു വലിയ ഫ്ളക്സ്ബോര്‍ഡ് പാരിഷ്ഹാളിന്‍റെ ചുവരില്‍ചേര്‍ത്തു പ്രദര്‍ശിപ്പിച്ചിട്ടുണ്ടായിരുന്നു. അതുപോലൊരു ഫ്ളക്സ്ബോര്‍ഡ് ടൗണിലൊരു സ്ഥലത്തു സ്ഥാപിച്ചുകൊണ്ടിരിക്കുന്നിടത്തേയ്ക്ക് അച്ചനും ട്രസ്റ്റിമാരും പോയിരിക്കുകയാണെന്നും കുറെക്കഴിഞ്ഞിട്ടെ തിരിച്ചുവരാന്‍ സാധ്യതയുള്ളൂ എന്നും അറിഞ്ഞു. തൊട്ടടുത്തുതന്നെ ആയതുകൊണ്ട് അവിടെച്ചെന്ന് അദ്ദേഹത്തെക്കാണാമെന്നുവച്ചു. അവിടെച്ചെല്ലുമ്പോഴേയ്ക്കും പണി ഏതാണ്ടു തീരുന്ന ഭാഗമാണ്. എവിടെനിന്നു നോക്കിയാലും കാണാവുന്ന നല്ലയൊരു ലൊക്കേഷനിലാണു ബോര്‍ഡു സ്ഥാപിച്ചിരിക്കുന്നത്.

"വളരെ മനോഹരമായിരിക്കുന്നച്ചാ, ബോര്‍ഡിന്‍റെ നടുവില്‍ ആ ഫ്രീയായിട്ടുകിടക്കുന്ന സ്പേസില്‍ ഇടവകമദ്ധ്യസ്ഥന്‍റെയൊരു പടവും കൂടെ പ്രിന്‍റുചെയ്തിരുന്നെങ്കില്‍ ഗംഭിരമായിരുന്നേനേ." ഉദ്ദിഷ്ടകാര്യം അവതരിപ്പിക്കുന്നതിനുമമ്പ് ഒരുചെറിയ ഗോളടിക്കാന്‍വേണ്ടി ഞാന്‍ പറഞ്ഞു.

"എന്‍റെ ദൈവമേ, ഈ അച്ചന്മാരെല്ലാം ഇങ്ങനെയാണോ?" വികാരിയച്ചന്‍റെയടുത്തുനിന്ന ഒരു മാന്യദേഹത്തിന്‍റ പ്രതികരണം. ഞാന്‍ പറഞ്ഞതാകെ അബദ്ധമായോന്നു ശങ്കിച്ചുനില്ക്കുമ്പോള്‍ അടുത്തയാളിന്‍റെ വിശദീകരണം വന്നു:

"വികാരിയച്ചനും കൊച്ചച്ചനുമൊക്കെ ആ അഭിപ്രായം ആദ്യംതന്നെ പറഞ്ഞതാ, ഞങ്ങളെല്ലാംകൂടി എതിര്‍ത്തതുകൊണ്ടാണതു വേണ്ടന്നു വച്ചത്. നിങ്ങളച്ചന്മാരു കാണുകേം കേള്‍ക്കുകേം ചെയ്യാത്തതോ അല്ലെങ്കില്‍ കണ്ടില്ലെന്നുവയ്ക്കുന്നതോ പലതും ഞങ്ങള്‍ക്കു വലിയകാര്യങ്ങളാ. ഞങ്ങളു തെളിവുസഹിതം ഞങ്ങളുടെ വികാരയച്ചനെക്കൊണ്ടെക്കാണിച്ചപ്പോഴാണ് അച്ചനുമതു വേണ്ടെന്നു സമ്മതിച്ചത്." ഇത്ര ആധികാരികമായിട്ടു പറയുന്നതു കേട്ടപ്പോള്‍ ഇവരു ട്രസ്റ്റിമാരായിരിക്കും എന്നു ഞാനൂഹിച്ചു.

"അല്ല, പള്ളിയില്‍നിന്നു പണിയുന്ന ഒരു കോമ്പ്ളക്സിന്‍റെ പരസ്യത്തില്‍ ഇടവകമദ്ധ്യസ്ഥനായ വിശുദ്ധന്‍റെയൊരു പടം വച്ചതുകൊണ്ടെന്താ കുറവ് എന്നെനിക്കു മനസ്സിലായില്ല." സംശയം തീര്‍ക്കാന്‍വേണ്ടി ഞാന്‍ പറഞ്ഞു.

"പുണ്യാളന്മാരോടു സ്നേഹോം ബഹുമാനോം ഉള്ളതുകൊണ്ടുതന്നെയാ ഞങ്ങളിടവകക്കാരെല്ലാരും അതിന് എതിരുപറഞ്ഞത്."

"വിശുദ്ധന്മാരും മാതാവുമൊക്കെ പള്ളീലും കുരിശുപള്ളീലുമൊക്കെപ്പോരേ അച്ചാ, ഈ പെരുവഴീല്‍ത്തന്നെ നിര്‍ത്തി വെയിലും മഴേം കൊള്ളിക്കണോ?"

ഇവരിതെല്ലാം പറഞ്ഞിട്ടും ഒന്നും കേള്‍ക്കാത്തമട്ടില്‍ വികാരിയച്ചന്‍ ബോര്‍ഡില്‍മാത്രം ശ്രദ്ധിച്ചു നില്ക്കുന്നതു കണ്ടപ്പോള്‍ എനിക്കു കണ്‍ഫ്യൂഷനായി.

"കഴിഞ്ഞദിവസം ടൗണ്‍വാര്‍ഡിലെ പ്രാര്‍ത്ഥനാക്കൂട്ടായ്മയ്ക്കു പോയപ്പോള്‍ വികാരിയച്ചനെ ഞങ്ങളു കാണിച്ചുബോദ്ധ്യപ്പെടുത്തിയ പൂരം അച്ചനും കാണണോ? അടുത്തവളവിനു ബസ്റ്റാന്‍റാ. അവിടെവരെ പോയാല്‍മതി. അതിന്‍റെമുമ്പിലാ സംഭവം. അഞ്ചുമിനിറ്റു നടന്നാല്‍മതി."

"ഓ, ഞാന്‍ ചുമ്മാ പെട്ടെന്നുതോന്നിയ ഒരഭിപ്രായം പറഞ്ഞെന്നേയുള്ളു."

അവരത്ര ആവേശത്തിലായപ്പോള്‍ എന്നാലീ സംഭവമൊന്നു കണ്ടാലോന്നു തോന്നിയെങ്കിലും വെറുതെ വാശിപിടിച്ച് വന്നകാര്യം പാളിപ്പോകരുതല്ലോന്നോര്‍ത്ത് ഞാന്‍ ഒഴിഞ്ഞുമാറി.

"അച്ചനു കാണാന്‍ പോകാന്‍ മടിയാണെങ്കില്‍ പറഞ്ഞുകേള്‍പ്പിക്കാം. ആലഞ്ചേരിപ്പിതാവ് മേജര്‍ ആര്‍ച്ചുബിഷപ്പായപ്പോള്‍ ആരൂടെയൊക്കെയോ ആവേശത്തിന് പിതാവിന്‍റെ പടം ഫ്ളക്സിലടിച്ച്, 'അഭിവാദ്യങ്ങള്‍' എന്ന് അടിക്കുറിപ്പുമടിച്ച് ടൗണില്‍ പലടത്തും സ്ഥാപിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ ബസ്റ്റാന്‍റിലും പരിസരത്തും വച്ചിരുന്ന പല ഫ്ളക്സുകളിലും പിതാവിന്‍റെ അംശവടിയുടെ തലപ്പത്ത് ത്രിശൂലവും, വേറെ ചിലടത്ത് അരിവാളും പ്രത്യക്ഷപ്പെട്ടു. അതിന്‍റെപേരില്‍ ഇവിടെ അല്പം പ്രശ്നങ്ങളുമുണ്ടായതാണ്. അതിന്‍റെ വല്ലോം ആവശ്യമുണ്ടായിരുന്നോ അച്ചാ? പിതാവിതുവല്ലോം അറഞ്ഞിട്ടോ ആവശ്യപ്പെട്ടിട്ടോ ആണോ? ആരെങ്കിലും അച്ചന്മാരൂപറയാതെ അല്‍മായരു സ്വന്തം കാശുമുടക്കി ഇങ്ങനെ ഫ്ളക്സടിക്കാന്‍ പോകമോ?"

"അതു പഴേ കേസുകെട്ടാ അച്ചാ. പൊതുവായിട്ടു ഞങ്ങളെതിര്‍ത്തത് കാക്കതൂറൂന്നതിനാ."
അതുവരെ ഒന്നും അറിയാത്തമട്ടില്‍നിന്ന വികാരിയച്ചന്‍പോലും ഉറക്കെച്ചിരിച്ചപ്പോള്‍ ഒന്നുചിരിക്കുന്നതുകൊണ്ടു കുഴപ്പമില്ലെന്നുതോന്നി ഞാനും ചിരിച്ചു. ദൂരെമാറിനിന്നിരുന്ന വികലാംഗസുഹൃത്ത് ആംഗ്യംകൊണ്ട് വന്നകാര്യം പറയാന്‍ ഓര്‍മ്മിപ്പിച്ചെങ്കിലും വിഷയം രസത്തിലേയ്ക്കു നീങ്ങിയതുകൊണ്ട് ബാക്കിയൂടെ കേട്ടാല്‍ക്കൊള്ളാമെന്നുതോന്നി ഞാന്‍ പറഞ്ഞു;

"ആ കാക്കേടെ കാര്യം പറഞ്ഞതു മനസ്സിലായില്ല."

"വികാരിയച്ചന്‍ വല്ലാതെചിരിച്ചതുകൊണ്ടാ ഞാനങ്ങുനിര്‍ത്തിയത്. ഞാന്‍തന്നെയിതു പൊതുയോഗത്തിലും അല്ലാതെയും പലപ്രാവശ്യം പറയുന്നതു വികാരിയച്ചന്‍ കേട്ടതാ, അതാ അച്ചന്‍ ചിരിച്ചതെന്നെനിക്കറിയാം. എന്നാലും ഇതൂടെക്കൂട്ടി അവസാനമായിട്ടൊരുപ്രാവശ്യംകൂടി പറയാം. മൂമ്പേ തോമ്മാച്ചന്‍ പറഞ്ഞതിന്‍റെ ബാക്കിയാ. ആ ബസ്റ്റാന്‍റിന്‍റെ എതിര്‍വശത്ത് ഇപ്പോള്‍ചെന്നാലും കാണാം സംഭവം. കുറെനാളുമുമ്പ് ഇവിടടുത്തൊരിടത്തു ധ്യാനം നടന്നപ്പോള്‍ സംഘാടകര്‍, ആ ധ്യാനംനയിച്ച അറിയപ്പെടുന്ന രണ്ടു ധ്യാനഗുരുക്കന്മാരുടെ വലിയപടവും ഫ്ളക്സിലടിച്ച് ബസ്റ്റാന്‍റിന്‍റെ എതിര്‍വശത്ത് എല്ലാവര്‍ക്കും കാണാന്‍ പാകത്തിന് തൂണില്‍നാട്ടി പ്രതിഷ്ഠിച്ചു. ധ്യാനോംകഴിഞ്ഞു അതിന്‍റെ ആവേശോം തീര്‍ന്നു. പക്ഷെ ആ ധ്യാനഗുരുക്കന്മാരിപ്പോഴും കാക്കേംതൂറി തൂണിന്‍റെ മുകളില്‍ത്തന്നെയിരിപ്പുണ്ട്. അതുകൊണ്ടും തീര്‍ന്നില്ല, കുറെനാളുകഴിഞ്ഞ് ഇവിടെയടുത്തൊരു സ്ത്രീ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. അതു രാഷ്ട്രീയക്കാരു കുത്തിപ്പൊക്കി ആക്ക്ഷന്‍ കൗണ്‍സിലുമൊക്കെയുണ്ടാക്കി പോസ്റ്ററുകളിറക്കി. മരിച്ചസ്ത്രീയുടെ പേരുംവച്ച് അവരുടെ ഘാതകരെ കണ്ടുപിടിക്കുക എന്നച്ചടിച്ച പോസ്റ്ററൊരെണ്ണം ഒട്ടിച്ചിതെവിടെയാണെന്നറിയാമോ. ധ്യാനഗുരുക്കന്മാരുടെ പടത്തിനു തൊട്ടുതാഴെ! ഒട്ടിക്കാന്‍ പറ്റിയസ്ഥലം കണ്ടപ്പോള്‍ ആരോ ചെയ്തതാ. അഞ്ചുപൈസ മുടക്കാതെ നാട്ടുകാര്‍ക്കു പറഞ്ഞു രസിക്കാനൊരു വിഷയംകിട്ടി. അഞ്ചാറുദിവസം കഴിഞ്ഞ് അതാരോ, ഏതായാലും കീറിക്കളഞ്ഞു. ഇങ്ങനെയൊക്കെ ചന്തേലെ വിളക്കുകാലേലും റോഡരികിലെ പോസ്റ്റേലും വഴിവക്കിലെ മരത്തേലുമെല്ലാം ഞങ്ങടെ പുണ്യാളന്മാരും മെത്രാന്മാരും കാക്കേം കാഷ്ഠിച്ച്, വെയിലും മഴേം കൊണ്ടിരിക്കുന്ന കാണുമ്പം ഞങ്ങള്‍ക്കിത്തിരി വിഷമമുണ്ട്. ഇതെല്ലാം ഞാന്‍ അന്നങ്ങു തുറന്നുപറഞ്ഞപ്പഴാ, പുണ്യാളച്ചന്‍റെ പടം നമ്മുടെ ഫ്ളക്സില്‍ വേണ്ടെന്ന് എല്ലാരുംകൂടെ കൈയ്യടിച്ചു സമ്മതിച്ചത്"

"അല്ലെങ്കില്‍ത്തന്നെയച്ചാ, ഈ രാഷ്ട്രീയക്കാരു കാണിക്കുന്നപോലെ ഫ്ളക്സില്‍ പേരും പടോം അച്ചടിച്ചു പ്രദര്‍ശിപ്പിച്ചിട്ടുവേണോ നമ്മുടെ പുണ്യവാന്മാരേം മെത്രാന്മാരേമൊക്കെ നാലുപേരറിയാന്‍? ഏതായാലും ഞങ്ങടെ പുണ്യാളനോടു ഞങ്ങള്‍ക്കു ബഹുമാനമുള്ളതുകൊണ്ട് പെരുവഴീല്‍ പ്രതിഷ്ഠിച്ച് ഈ 'കാക്ക കാഷ്ട അഭിഷേകം' വേണ്ടന്നു ഞങ്ങളു പറഞ്ഞപ്പോള്‍ ഞങ്ങളുടെ വികാരിയച്ചനും അതു ബോദ്ധ്യപ്പെട്ടു."

അവസാനഭാഗം തീരുന്നതിനുമുമ്പ് ബോര്‍ഡിന്‍റെയടുത്തേയ്ക്കുപോയ വികാരിയച്ചന്‍റെ പിന്നാലെ ഞാനും ചെന്നു.

"പറയുന്നതു തേച്ചുമിനുക്കാത്ത ഭാഷയിലാണെങ്കിലും അവരൊക്കെപ്പറയുന്നതിലും കാര്യമുണ്ടല്ലേയച്ചാ?" വികാരിയച്ചന്‍റെ നിലപാടും അവര്‍ക്കനുകൂലമായപ്പോള്‍ ഞാന്‍ പറഞ്ഞു കുളമാക്കിയില്ലെന്നുറപ്പായി, ചെന്നകാര്യം അവതരിപ്പിച്ചു.

You can share this post!

അച്ചമ്പറഞ്ഞാകേക്കും....

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

പറയാതെ വയ്യാ, പറയാനും വയ്യ!!!

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts