news-details
ഇടിയും മിന്നലും

രാവിലെ ബസ്സ്റ്റാന്‍റിലെത്തി. മഹാനഗരത്തിലേയ്ക്കുള്ള നാലഞ്ചു ബസ്സുകള്‍ അടുത്തടുത്തുതന്നെയുണ്ടായിരുന്നതുകൊണ്ട് അവിടുന്നുതന്നെ സ്റ്റാര്‍ട്ടുചെയ്യുന്ന വലിയതിരക്കില്ലാത്ത ഒരെണ്ണത്തില്‍ കയറിയിരുന്നു. മൂന്നാലുപേരുമാത്രമേ അപ്പോള്‍ ബസ്സിലുണ്ടായിരുന്നുള്ളു. തോള്‍സഞ്ചിയില്‍ കരുതിയിരുന്ന പുസ്തകം വായന തുടങ്ങി. ആളുകള്‍ കയറിത്തുടങ്ങി. പാന്‍റ്സും കുര്‍ത്തയുമിട്ട ഒരു മദ്ധ്യവയസ്ക്കന്‍ കയറിവരുന്നതു കണ്ടു. ചുറ്റും നോക്കിയിട്ട് മുഴുവന്‍കാലിയായിട്ടു കിടന്നിരുന്ന സീറ്റുകള്‍ വേറെ ഉണ്ടായിരുന്നിട്ടും അല്പമൊന്നു ശങ്കിച്ചിട്ട് അയാള്‍ എന്‍റെയടുത്തുതന്നെയിരുന്നു. നന്നായി ഒതുങ്ങിയിരുന്നുകൊടുത്തിട്ട് ഞാന്‍ വായന തുടര്‍ന്നു. അപരിചിതരോട് ആവുന്നിടത്തോളം സംസാരം ഒഴിവാക്കാന്‍വേണ്ടിക്കൂടിയാണ് യാത്രയ്ക്ക് എപ്പോഴും കൈയ്യില്‍ പുസ്തകം കരുതുന്നത് എന്നത് എനിക്കുമാത്രമല്ലെ അറിയൂ. സംസാരം പലപ്പോഴും അഭികാമ്യമല്ലാത്ത വിഷയങ്ങളിലേയ്ക്കും വിവാദങ്ങളിലേയ്ക്കുമൊക്കെപ്പോയിട്ടുള്ള അനുഭവങ്ങളുള്ളതുകൊണ്ട് ബോധപൂര്‍വ്വമെടുത്തിരിക്കുന്ന ഒരു കരുതല്‍ മാത്രം.

ടിക്കറ്റെടുത്തപ്പോള്‍ ഞാന്‍ ശ്രദ്ധിച്ചു, അങ്ങേരും എറണാകുളത്തിനുതന്നെ. തങ്ങളില്‍ കണ്ണുകോര്‍ത്തപ്പോള്‍ ആളൊന്നു പഞ്ചിരിച്ചു. ചെലവില്ലാത്ത ഒരു ഔദാര്യമെന്നപോലെ ഞാനും മടിച്ചില്ല. എന്തെങ്കിലും ആളു സംസാരിച്ചുതുടങ്ങിയാല്‍ ഒരുമുന്‍കരുതല്‍ എന്നനിലയ്ക്ക് ഞാന്‍ മനസ്സുകൊണ്ട് ആളെ ഒന്നളന്നു. പണ്ട് ഒരു സുഹൃത്തുപറഞ്ഞുതന്ന വലിയതെറ്റില്ലാത്ത അളവുകോലു പൊടിതട്ടിയെടുത്തു. സാധാരണ വേഷത്തിലുള്ളവരെ സാരമില്ല. നോട്ടംകൊണ്ടളക്കാം. ചില പ്രത്യേക തരക്കാരെ കൂടുതല്‍ സൂക്ഷിക്കണം. തീരെ ശ്രദ്ധയില്ലാത്ത പാന്‍റ്സോ പൈജാമായോ കുര്‍ത്തയോ ആണു വേഷമെങ്കില്‍ സന്യാസിയോ അച്ചനോ ആകാനാ സാധ്യത. ഇതേ വേഷം അല്പം വെടിപ്പിലും വൃത്തിയിലുമാണെങ്കില്‍, തോളിലൊരു ശോഷിച്ച സഞ്ചീംകൂടി കണ്ടാല്‍ ആളൊരു ബുദ്ധിജീവിയായിരിക്കാനാണിട. . നല്ല അലക്കിത്തേച്ച ജൂബ്ബയും പാന്‍റ്സും കൈയ്യില്‍ ചെറിയ ബ്രീഫ്കേയ്സും ചുരുട്ടിപ്പിടിച്ച ഒരു മാസികയും കൂടി കാണുകയാണെങ്കില്‍ ആളൊരു സാഹിത്യകാരനാകാനാ സാധ്യത. ഇപ്പറഞ്ഞതെല്ലാം അല്പാല്പം ഇയാള്‍ക്കുണ്ടെങ്കിലും ഒന്നിലുമങ്ങോട്ടു മുഴുവനായിട്ടു കൊള്ളിക്കാന്‍ പറ്റുന്നില്ല. വണ്ടിഓടിത്തുടങ്ങിയിട്ടും ഞാനങ്ങനെ പുസ്കതരവും തുറന്നുപിടിച്ച് വേറെങ്ങോ നോക്കിയിരിക്കുന്നതു കണ്ടിട്ടാകും അയാളുടെ ചോദ്യം:

"ആ പുസ്തകമൊന്നു കാണാന്‍ തരാമോ?"

ഞാനൊന്നും മിണ്ടാതെ അശ്രദ്ധമായി പുസ്തകം ആളുടെ നേരേ നീട്ടി. അങ്ങേരതു വാങ്ങി പൊതുവെ ഒന്നുനോക്കിയിട്ടു തിരികെത്തന്നു. എന്നെയൊന്നളക്കാനെടുത്ത ഉപായമായിരിക്കുമതെന്നു ഞാന്‍ കണക്കുകൂട്ടി. ഒന്നുകൂടി ചാഞ്ഞിരുന്നു കണ്ണടച്ചു. അപ്പോഴാണടുത്തചോദ്യം:

"അച്ചനാണല്ലേ?"

ആണെന്നുമല്ലെന്നും മട്ടില്‍ ഒന്നുനീട്ടിമൂളിയിട്ടു ഞാന്‍ ജാഗ്രതയിലായി. പണ്ടിതേ ചോദ്യം വേറൊരാളു ബസില്‍ വച്ചു ചോദിച്ചപ്പോള്‍ ചാടിക്കേറി 'അതേ, അച്ചനാണല്ലോ' ന്നു പറഞ്ഞുകഴിഞ്ഞപ്പോളയാളുടെ  ചോദ്യം 'പിന്നെന്താ ആളറിയാതിരിക്കാനാണോ ഉടുപ്പിടാത്തതെന്ന്'. അന്നേരത്തെ അരിശത്തിന് 'പിന്നെ ഞാനിട്ടിരിക്കുന്നതെന്താ ഉടുപ്പല്ലേ കോണകമാണോ'ന്നു നാടന്‍ഭാഷേല്‍ ചോദിച്ചു കഴിഞ്ഞപ്പഴാ ആരാണ്ടൊക്കെച്ചിരിക്കുന്നതു കണ്ടത്.

ഏതായാലും രണ്ടുമണിക്കൂറെങ്കിലും ഇനീം യാത്രയുണ്ട്, ആളെ അവഗണിച്ചെന്നുംവേണ്ട, അങ്ങോട്ടൊന്നും ചോദിക്കാതെ ഇങ്ങോട്ടു വല്ലതും ചോദിച്ചാല്‍ എങ്ങും തൊടാതെ എന്തെങ്കിലും മിണ്ടിപ്പറഞ്ഞിരുന്നേക്കാമെന്നു മനസ്സില്‍ കണക്കുകൂട്ടി.

"സെമിനാരീല്‍ അഞ്ചട്ടുവര്‍ഷം പഠിച്ചയാളാണു ഞാനും."

എവിടെയാണു പഠിച്ചതെന്നോ, എന്തുകൊണ്ടാണുപോന്നതെന്നോ ഞാന്‍ ചോദിക്കുമെന്നയാള്‍ പ്രതീക്ഷിച്ചുകാണും. സെമിനാരീല്‍ പഠിച്ചെങ്കില്‍ തനിക്കുകൊള്ളാം എന്നമട്ടില്‍ ഒരു 'ഓഹോ' യില്‍ ഞാന്‍ നിര്‍ത്തി.

"അച്ചന്‍ എന്തോ മനോവിഷമത്തിലാണെന്നുതോന്നുന്നു."

അതിനു തനിക്കെന്താ ചേതം? എന്നു ചോദിച്ചില്ലെങ്കിലും അത്രരസിക്കാത്ത അയാളുടെനേരെയുള്ള എന്‍റെ നോട്ടത്തില്‍ അതു വ്യക്തമായിരുന്നു. അല്പനേരത്തെ മൗനം.

"അച്ചന്മാരെയും അദ്ധ്യാപകരെയുംപറ്റിപ്പറയുന്ന ഒരു പൊതുസത്യമുണ്ട്: എപ്പോഴും അവര്‍ മറ്റുള്ളവര്‍ക്കു പറഞ്ഞുകൊടുക്കുന്നവരാ, മറ്റുള്ളവരെ ഉപദേശിക്കുന്നവരാ, പക്ഷേ മറ്റാരു പറഞ്ഞാലും സ്വീകരിക്കാനും അംഗീകരിക്കാനും തീരെ സാധിക്കാത്തതും അവര്‍ക്കാണ്. ഇതു സെമിനാരീല്‍ പഠിപ്പിച്ചതല്ല. അനുഭവം പഠിപ്പിച്ചതാ, കാരണം ഞാനുമൊരദ്ധ്യാപകന്‍റെ മകനാണ്."

അച്ചന്മാരെപ്പറ്റി അയാള്‍ പറഞ്ഞത് എന്‍റെ കാര്യത്തില്‍ സത്യമാണല്ലോന്നു മനസ്സിലോര്‍ത്തു. ഞാന്‍ ഒരുതരത്തിലും പ്രതികരിച്ചില്ലെങ്കിലും പ്രതിഷേധിക്കാഞ്ഞതുകൊണ്ടാകാം അല്പം കഴിഞ്ഞ് അയാള്‍ തുടര്‍ന്നു:

"ബസില്‍ കയറിയപ്പോള്‍ വേറെ സീറ്റുണ്ടായിരുന്നെങ്കിലും അച്ചന്‍ വായിച്ചുകൊണ്ടിരുന്ന പുസ്തകത്തില്‍ ബുക്മാര്‍ക്കു വച്ചിരിക്കുന്ന ക്രിസ്മസ്കാര്‍ഡില്‍ അച്ചന്‍റെ പേരും അഡ്രസ്സും കണ്ടപ്പോള്‍ അച്ചന്‍റടുത്തുതന്നെ ഇരിക്കാമെന്നുവച്ചു. പിന്നെ അച്ചന്‍ വായിച്ചുകൊണ്ടിരുന്നതിനിടയിലും, പുറത്തേയ്ക്കുനോക്കിയിരുന്നും എത്രപ്രാവശ്യം ദീര്‍ഘശ്വാസം വിട്ടെന്ന് അച്ചനറിഞ്ഞില്ല. അതെണ്ണാനൊന്നുമല്ല ഞാനടുത്തിരുന്നത് കേട്ടോ. നീണ്ടയാത്രയല്ലെ ഒരച്ചനോടാകുമ്പോള്‍ എന്തെങ്കിലും കാര്യമുള്ളതു സംസാരിക്കാമല്ലോ എന്നായിരുന്നു മനസ്സില്‍."

"ഞാനധികം സംസാരിക്കുന്നയാളല്ല. കേട്ടിരിക്കാന്‍ മടിയുമില്ല."

"രാവിലെ ഏഴരമണിയെ ആയിട്ടുള്ളു. അച്ചനെക്കണ്ടാല്‍ സന്ധ്യയായതുപോലുണ്ട്. അത്ര ക്ഷീണമുണ്ട്. അതാഞാന്‍ മുമ്പേചോദിച്ചത് അച്ചനെന്തോ മാനോവിഷമത്തിലാണോയെന്ന്. അച്ചാ, ജീവിതമെന്നെ പഠിപ്പിച്ച ഒരു സത്യമുണ്ട്: 'പഞ്ചറായ വണ്ടി ഓടുകേലെന്ന്.' എത്ര പുത്തന്‍ ടയറിട്ടാലും ചെറിയൊരു മൊട്ടുസൂചി കയറിയാല്‍ മതി കാറ്റുപോകും. വെറും സൈക്കിളായാലും വല്യ ടിപ്പറായാലും ഓട്ടം മുടങ്ങിയതുതന്നെ. ഒരുപാടു പഞ്ചറൊട്ടിച്ച അനുഭവത്തില്‍ നിന്നാണു ഞാനിതു പറയുന്നത്. പഞ്ചര്‍ ആയതറിയാതെ സൈക്കിളു ചവിട്ടിയിട്ടാ അച്ചനീ ക്ഷീണം. ഏതു ടെന്‍ഷനും ലീക്കുണ്ടാക്കും. പഞ്ചറാക്കും, എല്ലാറ്റിനും ഒരു നല്ലവശമുണ്ട്. ആ നല്ലവശം കണ്ടെത്തി അതുകൊണ്ടു ഓട്ട ഒട്ടിക്കണം. അതോടെ മനസ്സില്‍ നന്മനിറയും. വണ്ടി വീണ്ടും ഓടിത്തുടങ്ങും. ഇതൊക്കെ അച്ചന്‍ ഒത്തിരിപ്പേര്‍ക്കു പറഞ്ഞുകൊടുത്തിട്ടുണ്ടാകും. അച്ചനിപ്പം പഞ്ചറായ വണ്ടിയാ ഓടിക്കുന്നതെന്ന് ആരും പറഞ്ഞുതരാന്‍ മുതിരില്ല. കാരണം 'നീയാരാടാ എന്നെപ്പഠിപ്പിക്കാന്‍' എന്നല്ലേ അച്ചനിപ്പം മനസ്സില്‍ പറഞ്ഞത്."

"ഇയാളെന്‍റെ മനസ്സു വായിച്ചതുപോലെയുണ്ടല്ലോ" ഞാനുറക്കെച്ചിരിച്ചുപോയി.

സാമാന്യം നല്ല സ്പീഡില്‍ വിട്ടുപോന്ന വണ്ടി അടുത്ത ബസ്സ്റ്റാന്‍റില്‍ കുറെസമയം കിടന്നു. പിന്നെയും നീങ്ങിത്തുടങ്ങിയപ്പോള്‍ അയാളുടെ അടുത്ത ചോദ്യം:
"ബസ് വിടാന്‍ അല്‍പം വൈകിയപ്പോള്‍ അച്ചന്‍ എത്രപ്രാവശ്യം വാച്ചില്‍നോക്കി അക്ഷമനായെന്നു മറന്നുകാണും."

'തനിക്കു വേറെ പണിയൊന്നുമില്ലേ' ന്ന മട്ടില്‍ ഞാനയാളെയൊന്നു നോക്കി.

"എനിക്കുവേറെ പണിയൊന്നുമില്ലേന്നച്ചനിപ്പം ഓര്ത്തുകാണും."

വീണ്ടും അയാളെന്‍റെ മനസ്സുവായിച്ചതോര്‍ത്തു ഞാന്‍ ചിരിച്ചു.

"ഒരു പാര്‍ട്ടി തിരക്കുകാരണം പെട്രോളടിക്കാന്‍ പമ്പില്‍ കയറാന്‍ പോലും സമയമില്ലെന്നും പറഞ്ഞു വണ്ടീം ഓടിച്ചു പോയതിന്‍റെ അവസാനം എന്തുസംഭവിച്ചുകാണുമെന്നു ഞാന്‍ പറയേണ്ടയാവശ്യമില്ലല്ലോ. എല്ലാത്തിനും അതിന്‍റെ സമയം കൊടുക്കണമച്ചാ. വണ്ടി നോക്കിക്കയറി, ടിക്കറ്റുമെടുത്തു, ബാക്കിവണ്ടിക്കാരു നോക്കട്ടച്ചാ. അല്ലെങ്കില്‍ പീന്നേം ടെന്‍ഷനായി, ലീക്കായി, പഞ്ചറായി ......." അയാളു ചിരിച്ചകൂട്ടത്തില്‍ ഞാനും ചിരിച്ചപ്പോള്‍ വല്ലാത്തൊരു സുഖം.

"ഇപ്പമെന്നെക്കണ്ടാല്‍ ഇയാളു മുമ്പേ പറഞ്ഞ സന്ധ്യ മാറി ഏതാണ്ടൊരു ഉച്ചയായപോലില്ലേ?" പിന്നീടങ്ങോട്ടു സമയംപോയതറിഞ്ഞില്ല. യാത്രതീര്‍ന്നപ്പോള്‍ അടുത്തമാസം കണ്ടുമുട്ടാമെന്നുറപ്പില്‍ ഞങ്ങള്‍ പിരിഞ്ഞു.

You can share this post!

അച്ചമ്പറഞ്ഞാകേക്കും....

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

പറയാതെ വയ്യാ, പറയാനും വയ്യ!!!

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts