news-details
എഡിറ്റോറിയൽ
വീണ്ടെടുപ്പിന്‍റെ പുസ്തകമാണ് യാത്ര, കണ്ടെത്തലുകളുടെയും. ഭൂമിയില്‍ മനുഷ്യനുണ്ടായ കാലം മുതല്‍ ഇന്നുവരെയും യാത്രയുടെ ത്വര മനുഷ്യനില്‍ നിന്ന് മറഞ്ഞിട്ടില്ല. ഇനിയൊരിക്കലും അതില്ലാതാകാനും പോകുന്നില്ല. തികച്ചും നൈസര്‍ഗികമായി ഒരുവനിലുള്ള/ഒരുവളിലുള്ള ഈ ചോദനയെ മാറ്റിനിര്‍ത്തി മനുഷ്യന് ഒരു നിലനില്പ് അവകാശപ്പെടാനാവില്ല. മതഗ്രന്ഥങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും ഒറ്റനോട്ടത്തില്‍ യാത്രകളുടെ കഥകളിലാണ് വേരൂന്നി വളര്‍ന്നിരിക്കുന്നതെന്നു കാണാം.
 
ദേശാടനങ്ങളുടെയും ദേശങ്ങളുടെയും കഥകള്‍ അക്ഷരങ്ങള്‍ക്കും മഷികള്‍ക്കുമുപരി ഹൃദയങ്ങളില്‍ കോറിയിട്ട ഗ്രന്ഥങ്ങളായി മാറുന്നതാണ് ചരിത്രം.
 
സമീപകാലങ്ങളിലെ മലയാളി-പൊതുസമൂഹം വളരെ ആവേശത്തോടെ യാത്രയെ തിരിച്ചറിഞ്ഞു തുടങ്ങിയെന്നത് ഒരുപോലെ സന്തോഷവും സന്താപവും ജനിപ്പിക്കുന്നുണ്ട്.  സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ തുടങ്ങി യാത്രാമാസികകള്‍ വരെ പടര്‍ന്നുപന്തലിച്ച വാണിജ്യവത്കരിക്കപ്പെട്ട സഞ്ചാരങ്ങളുടെ പൊങ്ങച്ചക്കഥകളും ചിത്രങ്ങളും ഒരു പരിധിക്കപ്പുറം നിലനില്‍ക്കാത്തതാണെന്ന തിരിച്ചറിവിലേക്ക് ഇനി നാം വളരേണ്ടിയിരിക്കുന്നു. 
 
കാതടപ്പിക്കുന്ന ശബ്ദത്തില്‍ മുരളുന്ന ഓഫ്റോഡ് വാഹനങ്ങളും ബൈക്കുകളും ഇരമ്പിയെത്തുന്ന ഇടിമുഴക്കങ്ങളുമായി നിശ്ശബ്ദതയുടെ വന്യസൗന്ദര്യത്തെയും പ്രകൃതിയുടെ പ്രാഗ് രൂപത്തെയും ഭഞ്ജിക്കുമ്പോള്‍ പലപ്പോഴും ലജ്ജ തോന്നുന്നുണ്ട്. കാരണം എന്നെയും നിന്നെയും പരസ്പരം ബന്ധിപ്പിക്കുന്ന സര്‍വ്വോപരി പ്രപഞ്ചത്തിലെ പാരസ്പര്യങ്ങളെ നിലനിര്‍ത്തുന്ന യാത്രയെന്ന ഈ പ്രക്രിയയെ നിഷ്കരുണം മലിനപ്പെടുത്തുമ്പോള്‍ ഇവിടെ അപ്രസക്തമാകുന്നത് സ്വന്തം നിലനില്പുതന്നെയാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. തീര്‍ച്ചയായും യാത്രയുടെ ആത്മാവിനെ ഉള്‍ക്കൊണ്ടവര്‍ നിരവധി ഇവിടെയുണ്ടെന്നുള്ളതും തമസ്കരിക്കുന്നില്ല.
 
കാറ്റും കോളും ആഞ്ഞടിക്കുമ്പോഴും മറുകര കടക്കാന്‍ നിര്‍ബന്ധിക്കുന്ന നസ്രായന്‍ യാത്രയുടെ ആത്മാവിനെ തൊട്ടവനാണ്. മനുഷ്യരെ പിടിക്കാന്‍ ഒരിടത്ത് ചടഞ്ഞുകൂടേണ്ടതില്ല എന്ന് കാണിച്ചുതന്നവന്‍. സുവിശേഷത്തിലെ ക്രിസ്തു അലയുന്നവനും യാത്രികനും ആകുന്നതങ്ങനെയാണ്. സുരക്ഷിതത്വത്തിന്‍റെ കൂട്ടില്‍ നിന്നും അരക്ഷിതത്വത്തിലേക്കും നടുമുറ്റങ്ങളില്‍നിന്ന് ഓരങ്ങളിലേക്കും പട്ടണങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്കും ഒക്കെയുള്ള യാത്രകള്‍ വീണ്ടെടുപ്പിന്‍റെ യാത്രകളായി മാറുന്നതവിടെയാണ്. അവന്‍റെ അനുയായികള്‍ക്കും യാത്രയുടെ ആത്മാവിനെ ഇനി തടുക്കാനാവില്ല. അപ്പസ്തോലന്മാരും ശിഷ്യരും ഇറങ്ങിപ്പുറപ്പെടുന്നത് ഈ അലച്ചിലിന്‍റെ ആത്മാവുമായാണ്. അവനെ കണ്ടുമുട്ടുന്നവര്‍ക്ക് പിന്നീട് അടങ്ങിയിരിക്കാനാവുന്നില്ല. അതേ യാത്രികന്‍ തന്നെയാണ് ഓരോ വിശുദ്ധന്‍റെയും വിശുദ്ധയുടെയും ജീവിതത്തില്‍ അരങ്ങേറുന്നത്. തികച്ചും ന്യായമായ സംശയം ഇവിടെ ഉദിക്കാം, ആവൃതിക്കുള്ളില്‍ സന്ന്യാസം ജീവിക്കുന്ന മനുഷ്യന്‍ ഈ യാത്രകള്‍ക്കൊരപവാദമല്ലേ? ഒരിക്കലും അല്ല എന്നുതന്നെയാണുത്തരം. ആവൃതിക്കുള്ളില്‍ ആരൊക്കെ സംതൃപ്തിയോടെ കടന്നുപോയോ അവരും യാത്രയുടെ ആത്മാവിനെ ഹൃദയം കൊണ്ട് തൊട്ടവര്‍ തന്നെയാണ്. 
 
വര്‍ഷങ്ങള്‍ക്കുമുന്‍പ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ മൈന ഉമൈബാന്‍റെ യാത്രാ ലേഖനം വായിച്ച് വാപൊളിച്ചിരുന്നുപോയ ഒരു കൗമാരക്കാരന്‍ എന്നിലുണ്ടായിരുന്നു. ഹൈറേഞ്ചിലെ വീട്ടിനുള്ളിലെ ജാലകത്തിലൂടെ പുറത്തെ തൊടിയില്‍ നടക്കുന്ന കാര്യങ്ങളും അതിലൂടെ  കണ്ണുകൊണ്ടും കാതുകൊണ്ടും മനസ്സുകൊണ്ടുമുള്ള സഞ്ചാരം എത്ര അനായാസേന ലളിതമായാണ് അവര്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് അതിശയിച്ചിട്ടുണ്ട്. അതെ, അതുതന്നെയാണ് കാര്യം, ദൂരങ്ങള്‍ കിലോമീറ്ററുകളായല്ല യാത്രയില്‍ സംഭവിക്കുന്നത്, മറിച്ച് ചുരുങ്ങിയ ചുറ്റുവട്ടങ്ങളിലും വിശാലമായ ലോകം കണ്ടെത്താനുള്ള അപാരമായ കഴിവാണ് യാത്രയുടെ ദൂരത്തെ നിര്‍ണ്ണയിക്കുന്നത്.
 
യാത്രകള്‍ ആരു നടത്തിയാലും എത്ര കാതങ്ങള്‍ താണ്ടിയെന്നതല്ല എങ്ങനെ താണ്ടി എന്നതാണ് പ്രധാനം. യാത്രയെന്നത് ഒരു സര്‍വ്വകലാശാലയെന്നാണ് സിബി മൂന്നാര്‍ എന്ന സുഹൃത്തിന്‍റെ നിര്‍വ്വചനം. ഈ പഠനപ്രക്രിയ യാത്രയുടെ പരിണതഫലമാണ്. ഈ പഠനം നടക്കാത്ത യാത്രകള്‍ ആത്മാവില്ലാത്ത ശരീരം പോലെ ജീവന്‍ നഷ്ടപ്പെട്ടതാകും. 
 
ഈ ലക്കം അസ്സീസിയില്‍ യാത്രയുടെ നിരവധി നേര്‍ച്ചിത്രങ്ങളും സുവിശേഷങ്ങളും കാണാന്‍ സാധിക്കും. തോമാച്ചന്‍റെയും മാലാഖയുടെയും യാത്രകള്‍ തുടങ്ങി, Idle Theory bus(അലസവാഹനസിദ്ധാന്തം)എന്ന വേറിട്ട ആശയവുമായി സഞ്ചരിക്കുന്ന ജയിംസിനെയും റേച്ചലിനേയും 'സണ്‍ഷൈന്‍' എന്ന യാത്രയിലെ മൂന്നാമനെയും ചുറ്റുവട്ടങ്ങളിലെ കാഴ്ചകളെ തിരികെപ്പിടിക്കാന്‍ ആവശ്യപ്പെടുന്ന Trip Jodi യേയും ഒരു പക്ഷേ കേരളത്തില്‍ ഈ ദിനങ്ങളില്‍ യാത്രയുടെ ഭൂതത്തെ തുറന്നുവിട്ട 'സഞ്ചാരി' കൂട്ടായ്മയേയും അവരുടെ വിശേഷങ്ങളുമൊക്കെ നമ്മുടെ യാത്രാവിചാരങ്ങള്‍ക്കും ശൈലികള്‍ക്കും പുത്തന്‍ ആവിഷ്കാരങ്ങള്‍ നല്കും എന്നു പ്രതീക്ഷിക്കുന്നു.
 
ഇതിലുപരി നാടോടിയായ മനുഷ്യന്‍റെ നൊമാഡിക് ജീന്‍ ഇന്നും കൃത്യമായി അവകാശപ്പെടാനാവുക ഗോത്രവര്‍ഗപെരുമകള്‍ക്കാണ്. അതിനാല്‍ തന്നെ യാത്രയെപ്പറ്റി പറയുക എന്ന പരിശ്രമത്തില്‍ എന്തുകൊണ്ടും മറ്റാരേക്കാളും അവകാശം അവര്‍ക്കാണ്. ഈ തിരിച്ചറിവില്‍ യാത്രയുടെ സുവിശേഷത്തിനാദ്യം കാതോര്‍ക്കുക വാഴച്ചാല്‍ കാടര്‍ ആദിവാസി ഗോത്രത്തിലെ ഊരുമൂപ്പത്തി ഗീതയുടെ യാത്രാനുഭവങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കുമാണ്. ഇതൊരു കാവ്യനീതിയാണ്. ഏതാനും വര്‍ഷം വര്‍ഷങ്ങള്‍ക്കുമുന്‍പ് അസ്സീസിയില്‍ വന്ന ഇതേ ഗീതയുടെ ഫീച്ചറില്‍ അവര്‍ 'യാത്ര' എന്ന പ്രക്രിയയെപ്പറ്റി നടത്തിയ നിരീക്ഷണമാണ് ഈ ലക്കത്തിനു വിത്തുപാകിയതെന്ന് സന്തോഷത്തോടെ അനുസ്മരിക്കട്ടെ.
 
പ്രിയ വായനക്കാരാ/വായനക്കാരി ഈ അക്ഷരങ്ങളില്‍ കോറിയിടുന്നതു മാത്രമല്ല യാത്രയെന്നു നന്നായി അറിയാം. അക്ഷരങ്ങള്‍ക്കും മഷികള്‍ക്കും ഗ്രന്ഥങ്ങള്‍ക്കുമപ്പുറം യാത്രയുടെ ആത്മാവിനെ തൊടാന്‍ 'മഞ്ഞുകൊണ്ടൊരു' ഹൃദയമുണ്ടാകണമെന്നും ഷഹബാസ് അമന്‍ പാടുമ്പോള്‍ അറിയാതെ തന്നെ തിരിച്ചറിയുന്നു യാത്ര എന്നെത്തന്നെ കണ്ടെത്തലാണെന്ന്. ഗോത്രജീവിതത്തിന്‍റെ ആദിമനിഷ്കളങ്കതയില്‍ പദമൂന്നി മൂപ്പത്തി ഗീത പറയുന്നതും അതുതന്നെ, യാത്രയില്‍ ഞാന്‍ എന്നെത്തന്നെ കണ്ടെത്തുന്നു. അതെന്‍റെ നന്മയെ, സ്നേഹത്തെ ജ്വലിപ്പിക്കും. പ്രപഞ്ചത്തിനു കുറച്ചുകൂടി വെട്ടം പകരും.
ആ വെട്ടത്തിന്‍റെ പ്രഭ നമുക്കെല്ലാം സ്വന്തമാക്കാനും പകരാനും വീണ്ടെടുപ്പിന്‍റെ ഈ പുസ്തകം സ്വന്തമാക്കിയേ തീരൂ.
 
*** *** *** ***
ഈ യാത്രാലക്കത്തിന്‍റെ കുറിപ്പു ലഭിക്കാന്‍ വാഴച്ചാല്‍ എത്തിയ എനിക്ക് തിരികെ മടങ്ങാന്‍ ഓട്ടോ തപ്പി നിന്നപ്പോള്‍, ദാ വരുന്നു മൂപ്പത്തിയുടെ വക ഫ്രീ ഉപദേശം. യാത്ര, നടപ്പ് എന്നൊക്കെ എഴുതിയാല്‍ പോര 5 കിലോമീറ്റര്‍ എങ്കിലും നടക്കാനായില്ലെങ്കില്‍ പിന്നെ ഇതൊക്കെ എന്തിനാ? പിന്നെ വൈകിയില്ല ഭാരമുള്ള ബാക്ക് പായ്ക്ക് തൂക്കി ഒരു മണിക്കൂര്‍ കൊണ്ട് അഞ്ച് കിലോമീറ്റര്‍ താണ്ടി തിരികെ ബസുകയറുമ്പോള്‍ ചിലതൊക്കെ വീണ്ടെടുത്തപോലെ

You can share this post!

മുഖക്കുറിപ്പ്

ടോം കണ്ണന്താനം
അടുത്ത രചന

ക്രിസ്തു സ്വന്തമാകുന്നവന് ഒന്നുമാവിശ്യമില്ല

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Related Posts