news-details
ധ്യാനം

സഹനത്തിലൂടെ മഹത്വത്തിലേയ്ക്ക്

ഓശാന ഞായറും പെസഹാവ്യാഴവും ദുഃഖവെള്ളിയും ഉയിര്‍പ്പു ഞായറുമെല്ലാം നമ്മുടെ ഹൃദയത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ദിവസങ്ങളാണിത്. വിശുദ്ധ മത്തായിയുടെ സുവിശേഷം 17-ാമദ്ധ്യായത്തില്‍ ഏലിയായും മോശയും യേശുവിനോടു സംസാരിക്കുന്നതായി കാണുന്നു. അവരുടെ പ്രവചനങ്ങളില്‍ പറഞ്ഞതെല്ലാം യേശുവില്‍ പൂര്‍ത്തീകരിക്കപ്പെടുമെന്ന സൂചന ഇവിടെ നമുക്കു ലഭിക്കുന്നു. കുരിശിന്‍റെ വഴിയിലൂടെ നടന്ന് ഉത്ഥാനത്തിലേക്ക് അടുക്കണമെന്ന് യേശു നമ്മെ പഠിപ്പിക്കുന്നു. എന്നെ അനുഗമിക്കുവാനാഗ്രഹിക്കുന്നവന്‍ സ്വയം പരിത്യജിച്ച് തന്‍റെ കുരിശുമെടുത്തു പിന്നാലെ വരുവാനാണ് അവിടുന്ന് ആവശ്യപ്പെടുന്നത് (മത്തായി 16/24). പരാതിയില്ലാതെ കുരിശെടുക്കുന്നതും ക്രൂശിതന്‍റെ പിന്നാലെ പോകുന്നതും നിര്‍വ്യജ സ്നേഹത്തിന്‍റെ പ്രകടനമാണ്. കുരിശ് സ്നേഹപൂര്‍വ്വം ചുമക്കുന്നതും സ്നേഹത്തിന്‍റെ പ്രകടനമാണ്. ഒരാളെ ഞാന്‍ ആത്മാര്‍ത്ഥമായി സ്നേഹിക്കുമ്പോള്‍ ആ വ്യക്തിക്ക് വേണ്ടി കുരിശെടുക്കുവാന്‍ സന്നദ്ധനാകും. ആ സ്നേഹമാണ് തന്‍റെ കുരിശു വഹിക്കലിലൂടെ യേശു പ്രകടിപ്പിച്ചത്. കുരിശിലെ വേദനക്കിടയിലും അവിടുന്ന് തന്‍റെ ക്ഷമ പ്രകടിപ്പിക്കുന്നു. ഒത്തിരിയേറെ വേദനിപ്പിച്ചവരോടെല്ലാം അവിടുന്ന് നിരുപാധികം ക്ഷമിക്കുന്നു. സ്നേഹത്തോടെ കുരിശുകള്‍ വഹിക്കുന്നവരെല്ലാം കണക്കുവയ്ക്കാതെ ക്ഷമിക്കും. അമ്മയുടെ സ്നേഹം അപ്രകാരമുള്ള സ്നേഹമല്ലേ? ഇങ്ങനെയുള്ള സ്നേഹത്തിന്‍റെ അടയാളങ്ങള്‍ നമ്മുടെ ചുറ്റും വച്ചിട്ടുണ്ട്.

രക്ഷിക്കുന്ന സ്നേഹത്തെ നാം കുരിശില്‍ കാണുന്നു. യേശുവിന്‍റെ കുരിശിന്‍റെ ഇടത്തും വലത്തുമായി രണ്ട് കള്ളന്മാര്‍ കുരിശില്‍ തൂക്കപ്പെട്ടിരുന്നു. ഒരുവന്‍റെ നോട്ടം താഴേയ്ക്കും അപരന്‍റെ നോട്ടം മുകളിലേയ്ക്കും ആയിരുന്നു. ഒരുവശത്തെ കള്ളന്‍ ഈ ലോകത്തിലെ ജീവിതം അല്പം കൂടി നീട്ടിക്കിട്ടുവാന്‍ ആഗ്രഹിച്ചു. ഇവിടുത്തെ ജീവിതം നീട്ടികിട്ടുന്നതില്‍ എല്ലാമടങ്ങിയിരിക്കുന്നതായി അവന്‍ കരുതി. രക്ഷിക്കുവാന്‍ കഴിയുന്ന വലിയ സ്നേഹത്തിന്‍റെ സാന്നിദ്ധ്യം അവന്‍ തിരിച്ചറിയുന്നില്ല. മറുവശത്തെ കള്ളന്‍ പറുദീസായ്ക്കുവേണ്ടി ദാഹിക്കുന്നു. രണ്ടു പേര്‍ക്കും ഒരേ അവസരം ലഭിച്ചു. ഒരാള്‍ ആ അവസരത്തെ തള്ളിക്കളയുന്നു, അപരന്‍ ആ അവസരത്തെ ഉപയോഗിക്കുന്നു. സൂര്യന്‍റെ പ്രകാശം ഒന്നുപോലെ താഴേക്കു പതിക്കുന്നു. ആ പ്രകാശത്തിലെ ചൂടേല്‍ക്കുന്ന മെഴുക് ഉരുകുന്നു. അതേ പ്രകാശത്തിന്‍റെ ചൂടില്‍ തന്നെ ചെളി കട്ടയായിതീരുന്നു. ക്രൂശിതന്‍റെ സ്നേഹത്തിന്‍റെ ചൂട് ഏറ്റു വാങ്ങുന്ന ഞാന്‍ സ്വയം ഉരുകി മാനസാന്തരപ്പെടുന്നവനാണോ? അതോ കഠിനഹൃദയനാകുന്നുവോ?

രണ്ടുവിധത്തിലുള്ള കരങ്ങള്‍ നാം കാണാറുണ്ട്. ചുരുട്ടപ്പെട്ട കരങ്ങളുണ്ട്, തുറക്കപ്പെട്ട കരങ്ങളുമുണ്ട്. ചുരുട്ടപ്പെട്ട കരങ്ങള്‍ അമര്‍ഷത്തെയും വിദ്വേഷത്തെയും സൂചിപ്പിക്കുന്നു. ഹേറോദേസും പീലാത്തോസുമൊക്കെ ചുരുട്ടപ്പെട്ട കരങ്ങളുമായി നടന്നു. എന്നാല്‍ യേശുവിന്‍റെ കരങ്ങള്‍ തുറന്നുപിടിച്ച കരങ്ങളായിരുന്നു. സ്നേഹവും കരുണയും പകര്‍ന്നു കൊടുത്ത കരങ്ങള്‍. അവ എന്നും ആശീര്‍വദിച്ചു കൊണ്ടു ജീവിക്കുന്നു. പീലാത്തോസ് എവിടെ? ഹേറോദേസ് എവിടെ? തുറന്ന കരങ്ങളുമായി കടന്നു വരുന്ന യേശു എന്നും ജീവിക്കുന്നു.

കുരിശിന്‍റെ ചുവട്ടില്‍ പലവിധത്തിലുള്ള വ്യക്തികളെ നാം കാണുന്നു. യേശുവിന്‍റെ അങ്കിയ്ക്ക് വേണ്ടി കുറിയിടുന്ന പടയാളികളാണ് ഒരു കൂട്ടര്‍. യേശുവിന്‍റെ വേദനയെ കാണാതെ സ്വന്തം ലാഭം നോക്കുന്നവര്‍. അപരന്‍റെ വേദനയുടെ പേരില്‍ പിരിവുനടത്തി ലാഭം കൊയ്യുന്നവരുടെ പ്രതിനിധികളാണവര്‍. ക്രൂശിതനെ അവഗണിച്ചു അവന്‍റെ അങ്കിയില്‍ മാത്രം ശ്രദ്ധിക്കുന്ന മനോഭാവക്കാരാണ് മറ്റൊരു കൂട്ടര്‍. ഒന്നാമത്തെ കൂട്ടര്‍ ലാഭം തേടുമ്പോള്‍ രണ്ടാമത്തെ കൂട്ടര്‍ ക്രൂശിതനെ മറന്നവരാണ്. യേശുവില്‍ നിന്ന് ഒന്നും പഠിക്കാതെ അങ്കിയില്‍ മാത്രം ശ്രദ്ധിച്ചവര്‍. കര്‍ത്താവിനെക്കുറിച്ച് പലതും പഠിച്ചിട്ട് കര്‍ത്താവിനെ പഠിക്കാത്തവരുടെ പ്രതിനിധികളാണിവര്‍. നമ്മളിതില്‍ ഏതെങ്കിലും കൂട്ടരില്‍പ്പെടുന്നവരാണോ? ഈ ചോദ്യം ആത്മവിചിന്തനത്തിനായി ഗൗരവത്തിലെടുത്തു കൊണ്ട്  ഉത്ഥാനത്തിന്‍റെ പ്രഭയില്‍  ജീവിതത്തെ ചേര്‍ത്തു വയ്ക്കാന്‍ ശ്രമിക്കാം.

You can share this post!

മരിക്കുമ്പോഴാണ് ജനിക്കുന്നത്

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
അടുത്ത രചന

ദൈവരാജ്യം ബലപ്രയോഗത്തിലൂടെ

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Related Posts