news-details
ധ്യാനം

അവിശ്വസ്തതയും വീഴ്ചകളും

ദൈവികവഴികളില്‍ സഞ്ചരിക്കുന്നവരും തെരഞ്ഞെടുക്കപ്പെട്ടവരുമായ വ്യക്തികള്‍ക്ക് ചെറിയ വീഴ്ചകള്‍ സംഭവിക്കുന്നതായി നാം കാണുന്നുണ്ട്. എന്തുകൊണ്ടാണ് വലിയ വ്യക്തികള്‍ക്കു വീഴ്ചകള്‍ സംഭവിക്കുന്നതെന്ന് നാം ചിന്തിക്കേണ്ടതുണ്ട്. കൊച്ചു നേട്ടങ്ങള്‍ക്കുവേണ്ടി കള്ളത്തരങ്ങള്‍ പറയുന്നതും സ്വന്തം നേട്ടത്തിനായി അഡ്ജസ്റ്റുമെന്‍റുകള്‍ നടത്തുന്നവരും തകരുന്നതായി കാണാം. വെള്ളം പുറപ്പെടുവിക്കുവാന്‍ പാറയോടു കല്പിക്കുവാനാണ് ദൈവം മോശയോടു ആവശ്യപ്പെട്ടത്. കല്പനകൊണ്ടു മാത്രം വെള്ളം വന്നില്ലെങ്കിലോ എന്നു കരുതി വടികൊണ്ട് പാറയില്‍ മോശ അടിച്ചു. ഒരു ചെറിയ ഒരു അവിശ്വസ്തയുടെ ഫലമായി കാനാന്‍ദേശത്തു കാലുകുത്തുവാന്‍ കഴിയാതെ മോശ യോര്‍ദ്ദാന്‍റെ കുന്നില്‍ മരിച്ചുവീണു. പ്രത്യേക ദൗത്യത്തിനായി ദൈവം മുദ്ര കുത്തുന്നവര്‍ അക്ഷരംപ്രതി ദൈവത്തെ അനുസരിക്കണം. അങ്ങനെ ചെയ്തില്ലെങ്കില്‍ ഓര്‍ക്കാത്ത വിപത്തുകളില്‍ മനുഷ്യന്‍ ചെന്നുവീഴും. ശ്രദ്ധക്കുറവിലൂടെ ഭോഷത്വങ്ങളില്‍ മനുഷ്യന്‍ എങ്ങനെ വീഴുമെന്നു പഠിപ്പിച്ച പൂര്‍വ്വപിതാവാണ് അബ്രാഹം. നാലു കാര്യങ്ങളിലാണ് അബ്രാഹത്തിന് പിഴച്ചത്.

ഒന്നാമതായി സ്വന്തം പദ്ധതികൊണ്ട് ദൈവത്തിന്‍റെ പദ്ധതിയെ അദ്ദേഹം മാറ്റുവാന്‍ തീരുമാനിച്ചു. വൃദ്ധയും വന്ധ്യയുമായ സാറാ ഒരു പുത്രനെ പ്രസവിക്കുമെന്ന് ദൈവം വാഗ്ദാനം ചെയ്തു. സാറായില്‍ ഒരു കുഞ്ഞുപിറക്കുമെന്ന് അദ്ദേഹം കരുതിയില്ല. സ്വന്തം പദ്ധതി പ്രകാരം ദാസിയായ ഹാഗാറിനെ അവന്‍ പ്രാപിച്ചു. ഒരു കുഞ്ഞു ജനിക്കുകയും ചെയ്തു. പക്ഷേ ദൈവത്തിന്‍റെ പദ്ധതിക്ക് വിരുദ്ധമായിരുന്നു അത്. ചിലപ്പോള്‍ നമ്മള്‍ ബുദ്ധിയുടെയും യുക്തിയുടെയും തലത്തില്‍ തീരുമാനങ്ങളെടുക്കും. ദൈവികപദ്ധതി പൂര്‍ത്തിയാകുവാന്‍ ക്ഷമയോടെ കാത്തിരിക്കേണ്ടതിനു പകരം നമ്മുടെ പദ്ധതികള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കും. അനന്തത കാണുന്ന ദൈവത്തിന്‍റെ പദ്ധതിക്കുപകരം അതിരുകളുള്ള മനുഷ്യന്‍റെ പദ്ധതി കടന്നുവരും. എന്‍റെ സമയത്തു പ്രവര്‍ത്തിക്കുന്നതിനുപകരം ദൈവത്തിന്‍റെ സമയത്തിനായി ഞാന്‍ കാത്തിരിക്കണം. അങ്ങനെ കാത്തിരിക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാന്‍ അബദ്ധങ്ങളില്‍ ചെന്നു വീഴും.

രണ്ടാമതായി നാം ആലോചനകള്‍ നടത്തുന്നത് ആരുമായിട്ടാണെന്ന് ചിന്തിക്കണം. ദൈവത്തിന്‍റെ മനസ്സു പഠിക്കാത്ത ആളുകളുമായി നാം ആലോചന നടത്തുമ്പോള്‍ തെറ്റുകള്‍ സംഭവിക്കുന്നു. മാനുഷികബുദ്ധി പ്രകാരം മാത്രം ചിന്തിക്കുന്ന സാറായുടെ ഉപദേശം അബ്രാഹം സ്വീകരിക്കുന്നു. ദൈവഹിതത്തിനു നേരെവിപരീതമായ തീരുമാനത്തില്‍ എത്തിച്ചേരുന്നു. പിതാവിന്‍റെ ജന്മദിനത്തില്‍ നൃത്തമാടിയ സലോമി ആലോചന നടത്തിയത് ഹേറോദ്യയുമായാണ്. അവസാനം ഭൂമിയില്‍ മുഴങ്ങുന്ന ദൈവശബ്ദമായ സ്നാപകന്‍റെ ശിരസ്സ് അറത്തു മാറ്റപ്പെട്ടു. യൗസേപ്പുപിതാവ് സഹോദരങ്ങളോടു ആലോചന ചോദിച്ചിരുന്നെങ്കില്‍ മറിയത്തെ ഉപേക്ഷിക്കുമായിരുന്നു. ദൈവത്തോട് ആലോചന ചോദിച്ച യൗസേപ്പു ദൈവഹിതപ്രകാരമുള്ള തീരുമാനത്തിലെത്തിച്ചേര്‍ന്നു. നമ്മുടെ അനുദിന ജീവിതത്തിലെ ഏറ്റവും ചെറിയ കാര്യങ്ങളില്‍ പോലും ദൈവത്തോടു ആലോചന ചോദിക്കണം. അബദ്ധങ്ങളില്‍ വീഴാതിരിക്കുവാനുള്ള ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗമിതാണ്.

ആരോപണങ്ങള്‍ നടത്തി അന്തരീക്ഷം മലിനപ്പെടുത്തുന്നതാണ് മൂന്നാമത്തെ തകര്‍ച്ച. ഇസ്മായേല്‍ ജനിച്ചുകഴിഞ്ഞപ്പോള്‍ സാറായ്ക്ക് ഹാഗാറിനോടു അസൂയ തോന്നി. അബ്രാഹത്തില്‍ കുറ്റം ആരോപിക്കുന്ന സാറാ. സാറായില്‍ കുറ്റമാരോപിക്കുന്ന അബ്രാഹം. ഹാഗാറില്‍ കുറ്റമാരോപിക്കുന്ന അബ്രാഹവും സാറായും. സ്വന്തം തെറ്റുകള്‍ക്കും വീഴ്ചകള്‍ക്കും മറ്റുള്ളവരിലേയ്ക്ക് കുറ്റമാരോപിക്കുന്ന സ്വഭാവം നമുക്കെല്ലാവര്‍ക്കുമുണ്ട.് പറുദീസാ  മുതലാരംഭിക്കുന്നതാണ് ഈ കുറ്റാരോപണം. ഹവ്വായില്‍ കുറ്റമാരോപിച്ച ആദം. സര്‍പ്പത്തില്‍ കുറ്റമാരോപിച്ച ഹവ്വാ. യുഗാദി മുതലുള്ള ഈ കുറ്റാരോപണം യുഗാന്ത്യംവരെ തുടര്‍ന്നുകൊണ്ടേയിരിക്കും. കുറ്റം ആരോപിച്ചതുകൊണ്ട് പ്രശ്നത്തിനു പരിഹാരമുണ്ടാവില്ല. പരിഹാരം തരുന്നവന്‍റെയടുക്കല്‍ വിനയത്തോടെ മുട്ടുമടക്കിയാല്‍ എല്ലാം ശുഭമാകും.

നാലാമതായി സ്വന്തം ഉത്തരവാദിത്വത്തില്‍നിന്ന് ഒളിച്ചോടുന്ന അബ്രാഹത്തെ നാം കാണുന്നു. ഇസ്മായേലിന്‍റെ പിറവിക്കു കാരണക്കാരനായ അബ്രാഹം ആ ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ല. സര്‍വ്വ തെറ്റും ഹാഗാറിന്‍റേതാക്കി അബ്രാഹം രക്ഷപ്പെടുന്നു. നമ്മുടെയൊക്കെ ജീവിതത്തില്‍ അബദ്ധങ്ങള്‍ സംഭവിക്കുമ്പോള്‍ അതിന്‍റെ ഉത്തരവാദിത്വം ധൈര്യത്തോടെ ഏറ്റെടുക്കണം. അങ്ങനെ ഏറ്റെടുക്കുന്നവര്‍ ജീവിതത്തില്‍ വിജയിക്കും. സ്വന്തം ഉത്തരവാദിത്വങ്ങളില്‍നിന്നു മുഖംതിരിക്കുന്നവര്‍ ദൈവതിരുമുമ്പില്‍ പരാജിതരായിത്തീരും.

You can share this post!

മരിക്കുമ്പോഴാണ് ജനിക്കുന്നത്

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
അടുത്ത രചന

സ്വര്‍ഗ്ഗാരോപിതയായ അമ്മ

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Related Posts