news-details
ഇടിയും മിന്നലും

ഹൈറേഞ്ചിലെ അതിര്‍ത്തിപ്രദേശത്തേയ്ക്കുപോകുന്ന ഒരു അടിപൊളി ഫാസ്റ്റ്പാസഞ്ചര്‍ പ്രൈവറ്റുബസ്സ്. ഏതാണ്ടു മദ്ധ്യഭാഗത്തിനുപിന്നിലായി ഇടതുവശംചേര്‍ന്ന് ഞാനിരിപ്പുറപ്പിച്ചു. ബസ്സു നീങ്ങാറായപ്പോഴേയ്ക്കും എന്‍റെ വലത്തുവശത്തു പത്തമ്പതുവയസ്സുള്ള ഒരാളുവന്നിരുന്നു. ഞായറാഴ്ച ആയിരുന്നതുകൊണ്ടാവാം പൊതുവെ തീരെ തിരക്കില്ലായിരുന്നു. മൂന്നുപേരിരിക്കുന്ന സീറ്റുകളില്‍  മിക്കതിലും ഒന്നും രണ്ടും പേരൊക്കെയേ ഉണ്ടായിരുന്നുള്ളു. റോഡിന്‍റെ മേന്മയും വഴിയിലെ വാഹനങ്ങളുടെ കുറവും അടിപോളി പാട്ടിന്‍റെ മേളവും എല്ലാം ചേര്‍ന്നപ്പോള്‍ ചെറുപ്പക്കാരന്‍ ഡ്രൈവറുടെ ആവേശം കൂടിക്കൂടിവന്നു. അടുത്തടുത്തുള്ള കൊടുംവളവുകള്‍ വീശിയെടുക്കുമ്പോള്‍ മൂന്നുപേരിരിക്കേണ്ട സീറ്റുകളില്‍ ഒറ്റയും പെട്ടയുമായി ഇരുന്നവരൊക്കെ ആഞ്ഞുപിടിച്ചിട്ടും വെള്ളമടിച്ചമാതിരി ആടിയുലയുന്നതു നോക്കിയിരിക്കാന്‍ നല്ല രസമുണ്ടായിരുന്നു. അടുത്ത ടൗണില്‍നിന്നും ഒരു ചെറപ്പക്കാരി സ്ത്രീ കയറി. ഒക്കത്ത് ഏതാണ്ട് ഒരുവയസ്സുള്ള കുട്ടിയുമുണ്ട്. ഞാനിരുന്നതിനു തൊട്ടുമുന്നില്‍ വലതുവശത്തുണ്ടായിരുന്ന മൂന്നുപേര്‍ക്കുള്ള സീറ്റില്‍ ഒരുസ്ത്രീ മാത്രമേ ഉണ്ടായിരുന്നുള്ളു. കുട്ടിയെയുംകൊണ്ടു കയറിയ സ്ത്രീ ആ സീറ്റിലിരുന്നു. ഇരുന്നപാടെ കുട്ടിയെ മടിയിലിരുത്തി ഒരുകൈകൊണ്ട് അതിനെവട്ടംപിടിച്ച് മറ്റെക്കൈകൊണ്ട് തോളില്‍കിടന്നബാഗില്‍നിന്നും പേഴ്സോ എന്തോഎടുക്കാന്‍ ശ്രമിക്കുന്നതു കണ്ടപ്പോള്‍ ഭയംതോന്നി. അടുത്തവളവിനു ഡ്രൈവറു നല്ല സ്പീഡില്‍ വണ്ടിയെടുക്കുമ്പോള്‍ എങ്ങും പിടിക്കാതിരിക്കുന്ന ആ സ്ത്രീ തെറിച്ചു വീഴുമല്ലോന്നോര്‍ത്തിരിക്കുമ്പോള്‍ എന്‍റെ അടുത്തിരുന്ന ആളിന്‍റെ കമന്‍റ്:

"ആ പെണ്ണ് വണ്ടിക്കാര്‍ക്കു പണികൊടുക്കും."

ഏതായാലും അയാളും അതു ശ്രദ്ധിച്ചു എന്നുകണ്ടപ്പോള്‍ വല്ലതും സംഭവിച്ചാല്‍ അയാളുടെ കൈയെത്തുമല്ലോ ഒന്നു താങ്ങാന്‍ എന്നൊരാശ്വാസംതോന്നി. ഒന്നുരണ്ടുപ്രാവശ്യം വളവെടുത്തപ്പോള്‍ തെറിച്ചുവീഴാന്‍ പോയപ്പോഴും അവരു പിടിച്ചിരുന്നു. അല്പംകഴിഞ്ഞപ്പോള്‍ ബാഗില്‍നിന്നെടുത്ത മൊബൈല്‍ഫോണ്‍ ഒരുകൈകൊണ്ടുതന്നെ അക്കങ്ങള്‍ ഞെക്കിഫോണ്‍ ചെയ്യാന്‍തുടങ്ങി. അതുകണ്ടപ്പോള്‍ ഞാനും പറഞ്ഞുപോയി:

"ആ പെണ്ണു കൊച്ചിനേംകൊണ്ടു വീണേ അടങ്ങൂന്നു തോന്നുന്നു."

"അതിനില്ലാത്ത ടെന്‍ഷന്‍ ബാക്കിയുള്ളോര്‍ക്കെന്തിനാ?"

അടികിട്ടിയപോലായിപ്പോയി. 'താനെന്തിനാ ആ പെണ്ണിന്‍റെ വായില്‍നോക്കിയിരിക്കുന്ന'തെന്നാണല്ലോ അയാളു ചോദിച്ചതിന്‍റെ അര്‍ത്ഥം.

ഏതായാലും വേറെവല്ലടത്തുമൊക്കെ നോക്കിയിരിക്കാന്‍ ശ്രമിച്ചെങ്കിലും ഇടയ്ക്കിടെ വളവുവന്നപ്പോഴൊക്കെ കണ്ണങ്ങോട്ടുപോയി. നല്ല സ്പീഡിലാണു ബസ്സ്. വലിയ ഒരു വളവു മുന്നിലുണ്ട്. ആ പെണ്ണ് ഒരുകൈകൊണ്ട് കൊച്ചിനേം പിടിച്ചോണ്ട് അപ്പോഴും കൂളായിട്ടു ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. എന്‍റെ അടുത്തിരുന്നയാളും അവരെ ശ്രദ്ധിക്കുന്നുണ്ടന്ന് അയാളുടെ നോട്ടത്തില്‍നിന്നും വ്യക്തമായിരുന്നു. അടുത്ത നിമിഷം അതുസംഭവിച്ചു. വണ്ടി സ്പീഡില്‍ വളവെടുത്തു. പെണ്ണും കൊച്ചും തെറിച്ചു താഴേം വീണു. അവരുടെ കൈയിലിരുന്ന ഫോണ്‍ എവിടെപ്പോയെന്നു കണ്ടില്ല. ആരൊക്കെയോ ബഹളം വച്ചു. വണ്ടി നിന്നു. പെടച്ചെഴുന്നേറ്റിട്ട് കാറുന്നകൊച്ചിനെ എടുക്കുന്നതിനു പകരം തെറിച്ചുപോയ ഫോണിനു പുറകെ പെണ്ണ്. ആള്‍ക്കാരു പല തട്ടിലായി. ഒച്ചപ്പാടായി. ഡ്രൈവറെ തല്ലണമെന്നു ചിലര്‍. അതൊന്നും ശ്രദ്ധിക്കാതെ ഫോണ്‍ കിട്ടിയ സമാധാനത്തില്‍ അലറുന്ന കൊച്ചിനെയുമെടുത്ത് ഒന്നുമറിയാത്തമട്ടില്‍ ആ സ്ത്രീ സീറ്റിലിരുന്നു. കണ്ടക്ടറും പലരും ചെന്നു ചോദിച്ചെങ്കിലും ഒന്നും പറ്റിയില്ലെന്നു പറഞ്ഞെങ്കിലും പിന്നീട് മര്യാദയ്ക്കിരുന്ന് ചിലഭാഗങ്ങള്‍ ഇടയ്ക്കിടയ്ക്കു തടവുന്നതു കണ്ടപ്പോള്‍ ഒരു വിഷമോം തോന്നിയില്ല. വണ്ടി പിന്നേം നീങ്ങി. എന്നാലും എന്‍റെ അടുത്തിരുന്നയാള് ആ പെണ്ണുവീഴാന്‍ തുടങ്ങുന്നതു കണ്ടിട്ടും അനങ്ങിയില്ലെന്നു മാത്രമല്ല, വീണു കഴിഞ്ഞിട്ടും അവിടെത്തന്നെ ഇരുന്നതല്ലാതെ ഒന്നു സഹായിച്ചില്ല. തെറിച്ചുവീണ ഫോണ്‍ അയാളുടെ തൊട്ടുമുമ്പില്‍ സീറ്റിനു കീഴെകിടന്നിട്ടും കാലുകൊണ്ടുപോലും അതൊന്നു നീക്കിയിട്ടു കൊടുക്കാതെ പ്രതിമപോലവിടിരുന്നതേയുള്ളു. ഇനീം ഒന്നും പറഞ്ഞിട്ടു കാര്യമില്ലെങ്കിലും ലേശം ഗുണദോഷം പറഞ്ഞുകൊടുക്കാനുള്ള 'അച്ചന്‍'പ്രലോഭനത്തില്‍ പെട്ടെന്നു വീണുപോയി.

"തെറിച്ചുവന്നപ്പോ ചെറുതായിട്ടൊന്നു നിങ്ങളൊന്നു താങ്ങിക്കൊടുത്തിരുന്നെങ്കില്‍ അത്രേം അടിച്ചുതല്ലി അവരു വീഴില്ലായിരുന്നു."

"എന്നാലിപ്രത്തോട്ടു മാറിയിരുന്നോളൂ, ഇനീമൂണ്ടല്ലോ വളവ്."

മറുപടി കേട്ടപ്പോള്‍ ഗുണദോഷിച്ചതിന്‍റെ 'ദോഷഗുണം' മനസ്സിലാക്കി, ആ വശത്തേയ്ക്കുപോലും നോക്കാതെ അയ്യടാന്നനങ്ങാതങ്ങിരുന്നു. കുറെക്കഴിഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞത് എനിക്കു കൊണ്ടു എന്നു തോന്നിയിട്ടാകും അയാളു വിശദീകരണവുമായി വന്നു.

"ഞാന്‍ നിങ്ങളെക്കാളും പരോപകാരീം ആരേം സഹായിക്കാന്‍ നല്ലമനസ്സും ഒക്കെയുള്ള ആളായിരുന്നു. ഇപ്പോള്‍ സത്യം പറഞ്ഞാല്‍ പെണ്‍മക്കളെപ്പോലും പേടിയാ."

എന്തുപറ്റിയെന്നൊന്നും ഞാന്‍ ചോദിക്കാന്‍പോയില്ല. അല്പംകഴിഞ്ഞപ്പോള്‍ അയാള്‍ത്തന്നെ ബാക്കി പറഞ്ഞു. സര്‍ക്കാരുജോലീന്നൂ വിരമിച്ചയാളാണ്. സര്‍ക്കാരുവണ്ടീല്‍ ഫ്രീപാസ്സുണ്ട്. മൂന്നുവര്‍ഷം മുമ്പൊരിക്കല്‍ സര്‍ക്കാരുബസ്സില്‍ ഇതുപോലൊരു സംഭവം. നല്ലതിരക്കുള്ള സമയമായിരുന്നു. സീറ്റു കിട്ടിയില്ല. കുറെ സ്ത്രീകളും നിന്നു യാത്രചെയ്യുന്നുണ്ടായിരുന്നു. അവരുടെ തൊട്ടുപിന്നിലായിരുന്നു അയാളും നിന്നിരുന്നത്. അയാളുടെ മുമ്പില്‍നിന്നിരുന്ന പ്രായമുള്ള ഒരുസ്ത്രീ കുറെക്കഴിഞ്ഞപ്പോള്‍ നിന്നുകൊണ്ട് ഉറക്കംതൂങ്ങാന്‍തുടങ്ങി. ഒന്നുരണ്ടുപ്രാവശ്യം അവരു വീഴാന്‍തുടങ്ങുന്നത് അയാളുകണ്ടതാണ്. കുറെക്കഴിഞ്ഞ് ഡ്രൈവര്‍ എന്തിനോ വണ്ടി ബ്രേക്കുചെയ്തു. വീഴാന്‍പോയ അവരെ ഇയാളുപെട്ടെന്നു ചാടിപ്പിടിച്ചു. പിടികിട്ടിയതു കൈത്തണ്ടിലായിരുന്നു. അവരുടെ ബാലന്‍സു നേരെയായപ്പോള്‍ അയാള്‍ പിടിവിട്ടു. ബലത്തിനു പിടിച്ചതുകാരണം അവരുടെ കൈയില്‍ക്കിടന്ന ഒരു വള ഒടിയുകയും ചെയ്തു. പെട്ടെന്ന് ആ സ്ത്രീ തമിഴില്‍ എന്തോപറഞ്ഞു ബഹളം കൂട്ടി. കൂടെയുണ്ടായിരുന്ന മറ്റു തമിഴരും കൂട്ടത്തില്‍കൂടി. ചുരുക്കത്തില്‍ വിഷയം 'സ്ത്രീപീഡന'മായി. ഒച്ചപ്പാടായി. വണ്ടിനിര്‍ത്തി. സ്ത്രീപീഡനം മാത്രമല്ല, കൈയില്‍കിടന്ന ആഭരണം അടിച്ചുമാറ്റാനും ശ്രമിച്ചൂന്നായി കേസ്. ആരൊക്കെയോ അയാളുടെ പോക്കറ്റിലും, കൈയിലിരുന്ന ചെറിയ ബാഗിലുമൊക്കെ തപ്പിനോക്കി, വേറെവല്ല മോഷണവസ്തുക്കളും ഉണ്ടോ എന്നറിയാന്‍. ഗതികേടിന് മകളുടെ കുട്ടിക്കു പിറന്നാള്‍സമ്മാനമായി വാങ്ങിയ ഒരു വാച്ചുണ്ടായിരുന്നു ബാഗില്‍. അതിനെപ്പറ്റിയായി ചോദ്യം. ഏതായാലും പോക്കറ്റില്‍ക്കിടന്ന വാച്ചുകടയിലെ ബില്ല് രക്ഷകനായി. എന്നാലും പോലീസ് സ്റ്റേഷനിലേയ്ക്കു വണ്ടിവിടണമെന്നായി ചിലര്‍. അപ്പോഴേയ്ക്കും ഇയാളെ ചെറിയപരിചയമുണ്ടായിരുന്ന ഏതോ ഒരു യാത്രക്കാരന്‍ ഇടപെട്ട് രംഗം ശാന്തമാക്കി, യാത്രതുടരുകയും ചെയ്തു. ഒരു മണിക്കൂര്‍ കഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍ ഭാര്യ ഭയങ്കരമായ രോഷത്തില്‍. ഇത്രയും പ്രായത്തിനിടയില്‍ ഇതുവരെയില്ലാതിരുന്ന 'സൂക്കേട്' അയാള്‍ക്കു തുടങ്ങിയെന്നും പറഞ്ഞ്. ആരോ ഫോണ്‍ ചെയ്തറിയിച്ചതാണുപോലും ബസ്സിലുണ്ടായ സ്ത്രീപീഡനക്കാര്യം! സന്ധ്യയ്ക്കുമുമ്പ് വിദേശത്തുള്ള മകള്‍ വിളിച്ച് വിഷമത്തോടെ 'സൂക്കേടിനെ'പ്പറ്റിയന്വേഷിച്ചു. അവിടെയുമെത്തി വാര്‍ത്ത! വൈകുന്നതിനുമുമ്പ് ചറപറ ഫോണ്‍കോളുകളായിരുന്നു വിവരമന്വേഷിച്ച്. വൈകുന്നേരത്തെ ലോക്കല്‍ചാനല്‍ ന്യൂസില്‍ 'ഓടുന്ന ബസ്സിലും പീഡനശ്രമം' എന്ന പേരു പറയാതെ വന്ന 'നാട്ടുവാര്‍ത്ത' കൂടിയായപ്പോള്‍ ശരിക്കും 'ആടു പട്ടിയായി.' പിറ്റേ ആഴ്ച പള്ളീല്‍ പോയവഴി ആരോ അതിനെപ്പറ്റി ചോദിച്ചു. അന്നു പള്ളീല്‍പോകാതെ തിരിച്ചു പോന്നിട്ട് പിന്നെ ഇടവകപ്പള്ളിയില്‍ ഇതുവരെ പോയിട്ടില്ല. ഒന്നുരണ്ടുകൊല്ലത്തേയ്ക്ക് ഒറ്റയ്ക്ക് എങ്ങോട്ടെങ്കിലും യാത്രപോലും ഭാര്യ തടഞ്ഞു.

അയാളുടെ ആത്മകഥ കേട്ടിരുന്നപ്പോള്‍ 'ഇനിയിങ്ങനെ വണ്ടിയേലിരുന്നു വേണ്ടാത്തതൊക്കെ നോക്കുന്ന 'സൂക്കേടു' മാറ്റണമെന്നു ഞാനുമൊരു പ്രതിജ്ഞയെയുത്തു.

"പെണ്ണിന്‍റെ അവകാശത്തെപ്പറ്റിയും സ്ത്രീപീഡനത്തെപ്പറ്റിയുമൊക്കെ ഒരുപാടു പറയുന്നവരാരും ഈ 'പുരുഷപീഡന'ത്തെപ്പറ്റിപ്പറയുന്നില്ലല്ലോ. വികാരിയച്ചന്‍ പോലും സത്യമന്വേഷിച്ചൊന്നു വന്നുമില്ല. ആ പെണ്ണു ഫോണും വിളിച്ചോണ്ടിരുന്നപ്പോള്‍ 'ഒരു വളവു വരണേ ഒടേതമ്പുരാനേ, അതു പെടച്ചുവീഴണേന്നു തന്നെയാ' ഞാന്‍ അറിയാതെ പ്രാര്‍ത്ഥിച്ചത്. അതുപോലെ ഉണ്ടാകുകേം ചെയ്തു. അതിന്‍റെ ഫോണ്‍ എന്‍റെ കാല്‍ച്ചുവട്ടില്‍ വന്നപ്പോള്‍ ഒരു തൊഴീംകൂടെ കൊടുക്കാനാ എനിക്കു തോന്നിയത്. ഇവരോരോ തോന്ന്യാസം കാണിച്ചിട്ട് ആണുങ്ങളു വെട്ടിലായിക്കഴിയുമ്പോ അവരു തടിതപ്പും. ഇനീം പറ, ആ പെണ്ണുവീഴാന്‍ പോയപ്പം ഞാന്‍ ചാടിപ്പിടിക്കണാരുന്നോ?"

ഉത്തരം മുട്ടിക്കുന്ന ചോദ്യമാണ്. എന്നാലും തടിതപ്പാന്‍വേണ്ടി കിട്ടിയ തുരുമ്പില്‍ ഞാനും കയറിപ്പിടിച്ചു.

"ചാടിപ്പിടിച്ചില്ലേലും അതു പെടച്ചുവീഴണേന്നു പ്രാര്‍ത്ഥിക്കാതിരിക്കുകേലും ചെയ്യാമായിരുന്നു."

ഏതായാലും പിന്നത്തെ യാത്രയില്‍ മുഴുവന്‍ 'സൂക്കേട്' ആയിരുന്നു തലയില്‍.

You can share this post!

ആ... എന്നാണാവോ...

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

കോഴി കൂവുന്നുണ്ട്

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts