ഒരു വലിയ ബൈബിള്‍ കണ്‍വന്‍ഷന്‍ നടന്നുകൊണ്ടിരിക്കുന്നു. കുമ്പസാരിപ്പിക്കാന്‍ വിളിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. വേണ്ടുവോളം അച്ചന്മാരുണ്ടായിരുന്നതുകൊണ്ട് കുമ്പസാരം സമയത്തുതന്നെതീര്‍ന്നു. പരിപാടികള്‍ മുഴുവന്‍ തീര്‍ന്നിട്ടു പോരാന്‍വേണ്ടി ഏറ്റവും പിന്നിലേയ്ക്കുമാറി ഒരുകോണില്‍ സ്ഥലംപിടിച്ചു. കുറെക്കഴിഞ്ഞപ്പോള്‍ പത്തറുപതുവയസ്സുതോന്നിക്കുന്ന ഒരു ചേട്ടൻ അടുത്തുവന്നുനിന്നു. ഞാനെഴുന്നേറ്റ് കുമ്പസാരക്കൂടിനടുത്തേയ്ക്കു നടക്കാന്‍ തുടങ്ങിയപ്പോള്‍ കുമ്പസാരിക്കാനല്ല, സംസാരിക്കാനാണു വന്നതെന്നു പറഞ്ഞു. ഞാനയാളെയുംകൂട്ടി പുറത്തേയ്ക്കുനടന്നു.
"എന്‍റെ മകളും കുടുംബോം തിരിച്ചുവരാന്‍ അച്ചനൊന്നു പ്രാര്‍ത്ഥിക്കണം."
"അവരെന്തിനാ നാടുവിട്ടു പോയത്?"
"അവരവിടെത്തന്നെ ആയിരുന്നച്ചാ, ബാംഗ്ലൂര്, അവരിപ്പം പെന്തക്കൊസ്തു സഭേലാ. അവരു തിരിച്ചുവരുന്ന പ്രശ്നമില്ല, ഞങ്ങളും കൂടെ അങ്ങോട്ടുചെല്ലാന്‍ പറഞ്ഞാണ് വഴക്ക്. അവരൊന്നു തിരിച്ചുവരാന്‍ വേണ്ടി അച്ചനൊന്നു പ്രാര്‍ത്ഥിക്കണം."
"അതു ബുദ്ധിമുട്ടാണല്ലോ ചേട്ടാ, അവരവിടെ സമാധാനത്തിലാണു ജീവിക്കുന്നതെങ്കില്‍ ജീവിക്കട്ടെ, നിങ്ങളു കൊടുക്കുന്നതിനേക്കാള്‍ നല്ലത് അവിടെക്കിട്ടിയതുകൊണ്ടായിരിക്കുമല്ലോ അവരങ്ങോട്ടുപോയതുതന്നെ."
"എന്തൊക്കെയോ ബന്ധനങ്ങളുണ്ട്, ഈ കണ്‍വന്‍ഷനുംകൂടി ഒരു ധ്യാനവുംകൂടെ കൂടിക്കഴിയുമ്പോള്‍ അവരുതിരിച്ചുവരുമെന്നാണു പ്രാര്‍ത്ഥിച്ചവരു പറഞ്ഞത്."
"നിങ്ങളു ധ്യാനം കൂടിയാല്‍ അവരുടെ ബന്ധനമഴിയുമെന്നത് പുതിയ അറിവാണ്. നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ!"
"അതല്ലച്ചാ, കാര്യമുള്ളതാ. അതെല്ലാം അച്ചനോടൊന്നു പറയാമെന്നോര്‍ത്താ അച്ചന്‍റടുത്തുവന്നത്."
"ആട്ടെ, തുടങ്ങിക്കോളൂ"
"മോളെ ബാഗ്ലൂരു വിട്ടു പഠിപ്പിച്ചു. പഠിച്ചിറങ്ങിയ ഉടനെ ഗള്‍ഫില്‍ ജോലീംകിട്ടി. മൂന്നാലുകൊല്ലംകഴിഞ്ഞ് അവളുതന്നെ കണ്ടുപിടിച്ചുകൊണ്ടുവന്ന ബന്ധമാ കല്യാണത്തില്‍ കലാശിച്ചത്. പഠിപ്പും ജോലീം ഒന്നുമില്ലാത്തവനാണെന്നു പിന്നീടാണു ഞങ്ങളറിയുന്നത്. കള്ളംപറഞ്ഞു കുടുക്കിയതാണെന്നറിഞ്ഞപ്പോള്‍ മുതല്‍ അവരുതമ്മിലും വഴക്കായി, വേറെ വേറെ താമസോം തുടങ്ങി. ഏതായാലും കുറെനാളുകഴിഞ്ഞപ്പോള്‍ അവന്‍ അവിടെത്തന്നെ ഒരു പെന്തക്കൊസ്തുഗ്രൂപ്പില്‍ ചേര്‍ന്നു വലിയൊരു പ്രാര്‍ത്ഥനക്കാരനായി. അവരൊരു പണി അവനു തരപ്പെടുത്തിക്കൊടുത്തു. സാവകാശം അവളെയും അവന്‍ സ്വാധീനിച്ചു. ഇപ്പോള്‍ ഞങ്ങളുംകൂടെ അവരുടെ കൂട്ടത്തില്‍ ചേരുന്നില്ലെങ്കില്‍ നാട്ടിലേയ്ക്കു വരുന്നുപോലുമില്ലെന്നു പറഞ്ഞിരിക്കുവാ."
"അതുശരി, അപ്പോള്‍ അതാണു ബന്ധനം നമ്പര്‍ വണ്‍. അടുത്തതു പോരട്ടെ."
"അതിതിലും വലിയ ഗുലുമാലാണച്ചാ. അവളു ഞങ്ങടെ മകളല്ല. എട്ടുമാസമായപ്പോള്‍ കിട്ടിയതാ. എവിടെയോ വീട്ടുവേലയ്ക്കുനിന്ന ഒരു പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടിയെ ആരോ ചതിച്ചു. ആവശ്യത്തിനു പണംകിട്ടിയതുകാരണം അതിന്‍റെ വീട്ടുകാരു കേസിനൊന്നും പോയില്ല. അതിനെ എവിടെയോ സിസ്റ്റേഴ്സിന്‍റെ സ്ഥാപനത്തിലാക്കി. അവിടെയുണ്ടായിരുന്ന ഒരുസിസ്റ്ററു വഴി വിവരമറിഞ്ഞു ഞങ്ങളാ കൊച്ചിനെ ചോദിച്ചുവാങ്ങി. പെണ്‍കുട്ടിയെ അവരു പഠിപ്പിച്ച് വടക്കെഇന്‍ഡ്യയിലെവിടെയോ ജോലീംവാങ്ങിക്കൊടുത്തെന്നാണ് ഞങ്ങളുടെ അറിവ്. മക്കളില്ലാതിരുന്ന ഞങ്ങള്‍ക്ക് കൊച്ചിനെക്കിട്ടി ഒരുമാസംകഴിഞ്ഞ് എല്ലാം വിറ്റുപെറുക്കി നാടുവിട്ടകാരണം ആരുമറിയാതെയും ചോദ്യോം പറച്ചിലുമില്ലാതേം എല്ലാമങ്ങുനടന്നു."
"നിയമപരമായിട്ടൊന്നും ചെയ്യാത്തതുകൊണ്ട് അതിന്‍റെ അമ്മ എന്നെങ്കിലും വന്നാലോ?"
"അതിതിലും വലിയ ഗുലുമാലാണച്ചാ. നിയമപരമായിട്ടെന്തെങ്കിലും ചെയ്യാന്‍ ഞങ്ങളു കല്യാണം കഴിച്ചിട്ടില്ലച്ചാ. മുപ്പതുവര്‍ഷമായി ഞങ്ങളൊന്നിച്ചു ജീവിക്കാന്‍ തുടങ്ങിയിട്ട്. രജിസ്റ്ററും ചെയ്തില്ല, പള്ളീലും കെട്ടിയില്ല. അതൊക്കെ വലിയ ചരിത്രമാണച്ചാ. എന്‍റെ അപ്പന്‍ നേരത്തെ വീടുവിട്ടു പോയതായാണമ്മ പറഞ്ഞുള്ള അറിവ്. അമ്മ പെട്ടെന്നു മരിക്കുമ്പോള്‍ എനിക്കു പതിനെട്ടു വയസ്സേയുണ്ടായിരുന്നുള്ളു. മീന്‍പിടിച്ചു വഴിയോരത്തു വില്ക്കുകയായിരുന്നു മുഖ്യതൊഴില്‍. വീടും വഴിവക്കില്‍തന്നെയായിരുന്നതുകൊണ്ട് ചെറിയതോതില്‍ ഒരു ബിസിനസ്സ് തുടങ്ങി. മീന്‍പൊരിച്ചതും വാറ്റുചാരായോം. മീന്‍പിടിക്കുന്നതും, വെട്ടുന്നുതും, പൊരിക്കുന്നതും, വിളമ്പുന്നതും എല്ലാം തന്നെത്താനെ. ആളുകൂട്ടാന്‍ ഒരു പുതിയ ഐറ്റം കൂടെത്തുടങ്ങി. മുന്‍വശത്തുവച്ചിട്ടുള്ള വലിയകുട്ടകത്തില്‍ ജീവനോടെ കിടക്കുന്ന മീനിനെ അന്നേരംതന്നെ പിടിച്ചു പൊരിച്ചു കൊടുക്കും. വില അല്പം കൂടുമെന്നുമാത്രം. എത്രപേരു വന്നാലും കുട്ടകത്തിലെ മീന്‍ തീരാറില്ലെന്നുള്ളതായിരുന്നു വിചിത്രം. അങ്ങനെ വാറ്റുചാരായവില്പനകൂടിക്കൂടിവന്നു. എല്ലാദിവസവും വൈകുന്നേരം ചാരായം കുടിക്കാന്‍ വന്നിരുന്ന ഒരു ചേട്ടന്‍റെ കൂട്ടത്തില്‍ പലപ്പോഴും മീന്‍വാങ്ങിക്കാന്‍ അയാളുടെ പത്തിരുപതു വയസ്സുള്ള മകളും വരാറുണ്ടായിരുന്നു. അവളാണൊരുദിവസം ആ രഹസ്യം കണ്ടുപിടിച്ചത്. മുന്‍വശത്തുള്ള കുട്ടകത്തിലെ മീനിനെ പിടിച്ചകത്തേയ്ക്കുപോയാലപ്പോള്‍തന്നെ പുറകില്‍ ഒളിപ്പിച്ചിരിക്കുന്ന കുട്ടകത്തിലേയ്ക്കതിനെയിടും. തലേരാത്രീല്‍ പിടിച്ച് ഉപ്പിട്ടുവച്ചിരിക്കുന്നതിനെ പൊരിച്ച് വിളമ്പുകേം ചെയ്യും. വീടായതുകൊണ്ട് ആരുമങ്ങനെ അകത്തുകയറി നേക്കാറുമില്ല. ആളില്ലാത്ത നേരംനോക്കി അകത്തെകുട്ടകത്തിലെ മീനിനെ വീണ്ടും പുറത്തേതിലേയ്ക്കുമാറ്റും. ഒരിക്കലതാപ്പെണ്ണു കണ്ടു. അവളുടെ നാവടക്കാന്‍ മീന്‍ വിലകുറച്ചുകൊടുത്തുതുടങ്ങി. പിന്നെപ്പിന്നെയതങ്ങു പ്രേമമായി. അവളു മീന്‍ വെട്ടിക്കൊടുക്കാന്‍ സഹായിച്ചുതുടങ്ങി, പിന്നെ പൊരിച്ചു കൊടുക്കാന്‍ കൂടി. പിന്നെ ഒന്നിച്ചങ്ങുതാമസമായി. നാട്ടിന്‍പുറമായതുകൊണ്ട് അല്പസ്വല്പ ഒച്ചപ്പാടൊക്കെയുണ്ടായെങ്കിലും അതെല്ലാരുമങ്ങു മറന്നു. അമ്മയുണ്ടായിരുന്ന കാലത്തുതന്നെ പെരുനാളിനുമാത്രമെ പള്ളീപ്പോയിരുന്നുള്ളു. പിന്നീട് അതുമില്ലായിരുന്നു. വര്‍ഷങ്ങളായിട്ടും മക്കളുണ്ടായില്ല. ആ കാലത്താണു സര്‍ക്കാരു നയം മാറ്റിയത്. ചാരായം നിരോധിച്ചു. പലപ്രാവശ്യം പോലീസുപിടിച്ചു, കേസായി. നില്ക്കക്കള്ളിയില്ലാതായി. ആയിടയ്ക്കാണ് അവര്‍ക്കു കൊച്ചിനെയും കിട്ടിയത്. ജീവിക്കാന്‍ നിവൃത്തിയില്ലാതെ കിട്ടിയവിലയ്ക്ക് ഉണ്ടായിരുന്നതെല്ലാം വിറ്റ് സ്ഥലംവിട്ടു. ചെന്നെത്തിയതു നാടിന്‍റെ മറ്റൊരുകോണില്‍. ഒരു കൊച്ചു മുറുക്കാന്‍കടയിലായിരുന്നു തുടക്കം. പടിപടിയായി വളര്‍ന്നു. സാമാന്യം നല്ലവീടും വച്ചു. പള്ളിക്കടുത്തായിരുന്നതുകൊണ്ട് പള്ളീപ്പോക്കും പ്രാര്‍ത്ഥനേം എല്ലാം ചിട്ടയായി. ന്യായമായ ആസ്തിയുമായി. പെണ്‍കുട്ടിവളര്‍ന്നു. പഠിച്ചു. ജോലിയായി. ബാക്കി നേരത്തെ പറഞ്ഞല്ലോ. അപ്പിടി ബന്ധനങ്ങളാണച്ചാ. ഒരുധ്യാനംകൂടെ കൂടിയാല്‍ എല്ലാം നേരെയാകുമെന്നാ പ്രാര്‍ത്ഥനക്കാരു പറഞ്ഞത്"
"ഈ കടുത്തചൂടില്‍ കതകും ജനലുമടച്ചു മുറിക്കകത്തിരുന്ന്, ചൂടാ, ആവിയാ എന്നൊക്കെപ്പറഞ്ഞിട്ടെന്താകാര്യം. ഒന്നുകില്‍ എല്ലാം തുറന്നിടണം, അല്ലെങ്കില്‍ മുറിക്കുപുറത്തിറങ്ങണം. ബന്ധനമാണെന്നും പറഞ്ഞിരുന്നിട്ടോ, ധ്യാനം കൂടി മാറാന്‍ കാത്തിരുന്നിട്ടോ ഒന്നും കിട്ടില്ല. താന്‍ ചെയ്യാനുള്ളതു താന്‍ ചെയ്യണം. അതെന്തൊക്കെയാണെന്നറിയാന്‍ താനിപ്പോളെന്നോടു പറഞ്ഞതൊക്കെയൊന്നോര്‍ത്താല്‍ മതി. അതു കഴിഞ്ഞുമതി ധ്യാനം കൂടലൊക്കെ."
തലയില്‍ കൈവച്ചു പ്രാര്‍ത്ഥിച്ചു വിട്ടപ്പോള്‍ അയാള്‍ സമാധാനത്തോടെ പോയി.