news-details
ഇടിയും മിന്നലും

ഫോര്‍സ്റ്റാറും ഫൈവ്സ്റ്റാറും

വെളുപ്പിന് നാലരമണിസമയം. വളരെ അനുഗ്രഹപ്രദമായിരുന്ന ഒരു വിശുദ്ധനാടു തീര്‍ത്ഥാടനവും കഴിഞ്ഞു തിരിച്ചെത്തിയ ഗ്രൂപ്പുമൊത്ത് എയര്‍പോര്‍ട്ടിന്‍റെ പുറത്തെ ലോഞ്ചിലെത്തി. എല്ലാവര്‍ക്കും ഭവനങ്ങളിലേക്കു തിരിച്ചു പോകുവാനുള്ള വാഹനങ്ങളുമായി വന്നവര്‍ കാത്തുകിടക്കുന്നുണ്ടായിരുന്നു. എനിക്കുപോകുവാനുള്ള വണ്ടി പാര്‍ക്കിങ്ങിലുണ്ട്, വലിയതിരക്കുകഴിയുമ്പോളേക്കും എത്തിയേക്കാമെന്നറിയിച്ചിരുന്നതുകൊണ്ട് സൈഡുപറ്റിനിന്നുകൊണ്ട് എല്ലാവരുടെയും യാത്രപറച്ചില്‍ ശ്രദ്ധിച്ചു. ദിവസങ്ങള്‍ക്കുമുമ്പ് യാത്രയുടെ തുടക്കത്തില്‍ ഇതേ എയര്‍പോര്‍ട്ടില്‍വച്ച് ആദ്യം കണ്ടുമുട്ടിയപ്പോള്‍ തികച്ചും അപരിചിതരായിരുന്ന പത്തമ്പതുപേര്‍ എട്ടുപത്തുദിവസത്തെ സഹവാസംകൊണ്ട് ഒരുകുടുംബംപോലെ ആയ പ്രതീതി. കുറേപേരു യാത്രപറഞ്ഞു പിരിഞ്ഞുകഴിഞ്ഞപ്പോള്‍, ഒരേ സ്ഥലത്തുനിന്നുണ്ടായിരുന്ന പത്തുപന്ത്രണ്ടു പേരൊന്നിച്ച് ഏര്‍പ്പാടാക്കിയിരുന്ന ഒരു മിനിബസ് വന്നുനിന്നു. വണ്ടി നിര്‍ത്തിയപാടെ അതിന്‍റെ ഡ്രൈവര്‍ ഇറങ്ങി ഓടിവന്നു. നല്ല സ്മാര്‍ട്ട് ഒരു ചെറുപ്പക്കാരന്‍.

"ഒരു ചായകുടിക്കാന്‍ പോയതുകൊണ്ട് അല്‍പം വൈകി. സോറി. അങ്ങോട്ടു പോയതുപോലെയല്ലല്ലോ. എല്ലാവരുടെയും മുഖത്ത് എന്തൊരു പ്രസാദം. കഴിഞ്ഞമാസവും ഒരു ഗ്രൂപ്പിനെ ഇവിടെ കൊണ്ടുവന്നതും തിരിച്ചുകൊണ്ടുപോയതും ഞാനായിരുന്നു. അവരും തിരിച്ചുവന്നപ്പോള്‍ ഭയങ്കരസന്തോഷത്തിലായിരുന്നു. അതിന്‍റെ കാര്യമെന്താണെന്നു ചോദിച്ചപ്പോള്‍ നമ്മുടെ ......ലെ ചാക്കോച്ചേട്ടന്‍ എന്നോടു പറഞ്ഞു: 'അതു ഞാന്‍ യോര്‍ദ്ദാനില്‍ രണ്ടു പ്രാവശ്യം മുങ്ങിയതുകൊണ്ടാടാ തോമ്മാച്ചാ'ന്ന്. നിങ്ങളെയിപ്പോള്‍ കണ്ടാല്‍ എല്ലാരും യോര്‍ദ്ദാനില്‍ രണ്ടുപ്രാവശ്യം മുങ്ങിയ മട്ടുണ്ടല്ലോ."

"അച്ചാ ഇവന്‍ ഞങ്ങളുടെ ഇടവകക്കാരനാ. ഇവന്‍റെ വണ്ടിയാ ഇത്." ഒരാള്‍ 'തോമ്മാച്ചനെ' എനിക്കു പരിചയപ്പെടുത്തി.

"വണ്ടിയേല്‍ക്കയറിയാല്‍ അപ്പോത്തന്നെ നിങ്ങളിരുന്നുറങ്ങും. പോകുന്നവഴിക്കു നിങ്ങളോരോരുത്തരും പലയിടത്തായിട്ടിറങ്ങിപ്പോവുകയുംചെയ്യും. വണ്ടിയോടിക്കുന്നതിനിടെ എനിക്കൊട്ടു മിണ്ടാനും പറ്റത്തില്ലല്ലോ. അതുകൊണ്ട് നമ്മുടെ ചാനലുകാരു ചോദിക്കുന്നതുപോലെ ഒരുചോദ്യം ഇപ്പോള്‍ത്തന്നെ ചോദിക്കട്ടെ: വിശുദ്ധനാട്ടിലൊക്കെപ്പോയി എല്ലാരും വിശുദ്ധരായി വന്നിരിക്കുവല്ലേ, നാട്ടില്‍ തിരിച്ചെത്തിയ നിങ്ങളുടെ ഇപ്പോഴത്തെ ഫീലിങ് എന്താണ്? ഞാനിതു വെറുതെ ചോദിച്ചതല്ല. നാളെ ഞായറാഴ്ചയല്ലേ, പ്രസംഗിക്കാന്‍ നല്ലയൊരു വിഷയത്തിനുവേണ്ടി നമ്മുടെ വികാരിയച്ചന്‍ ചോദിക്കാന്‍ പറഞ്ഞുവിട്ടതാ. തിരിച്ചുചെല്ലുമ്പോള്‍ ഞാനച്ചനെ കണ്ടിട്ടേ വീട്ടില്‍ പോകത്തുള്ളു."

"ഗലീലീലെ ശുദ്ധജലത്തീന്നു, ചാവുകടലിലെ ചെളിവെള്ളത്തിലേക്കിറങ്ങിയതുപോലെയുണ്ട്." പെട്ടെന്നായിരുന്നു ആ മറുപടി വന്നത്. ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന, എന്നെപ്പോലെ അധികംമിണ്ടാതെ മാറിനടന്നിരുന്ന ഒരു റിട്ടയേര്‍ഡ് മിലിട്ടറിക്കാരനാണതു പറഞ്ഞത്.

"കറക്റ്റ്" ഒരുപാടുപേരുടെ വായില്‍നിന്നും ഒരുപോലെവന്നു ആ പ്രതികരണം.

"വികാരിയച്ചനു കൊടുക്കാനുള്ളതായി. ഇനി എല്ലാവരും വണ്ടിയില്‍ ചാടിക്കേറിക്കോ, ലഗ്ഗേജൊക്കെ ഞാനെടുത്തു വച്ചുകൊള്ളാം." ബസിലെ ഓഡിയോയില്‍നിന്നും വന്ന 'ഇസ്രയേലിന്‍ നാഥനായി വാഴു... ' ഉറക്കെപ്പാടിക്കൊണ്ട് തോമ്മാച്ചന്‍ ചുറുചുറുക്കോടെ ബാഗുകളൊക്കെ വണ്ടിയില്‍കയറ്റി യാത്രപറഞ്ഞു പോകുമ്പോഴും എയര്‍പോര്‍ട്ടിലെ ഭീമന്‍തൂണില്‍ ചാരിനില്‍ക്കുകയായിരുന്ന എന്‍റെ മനസ്സില്‍ മിലിട്ടറിക്കാരന്‍റെ ആ വാക്കുകളായിരുന്നു: 'ഗലീലീലെ ശുദ്ധജലത്തീന്നു, ചാവുകടലിലെ ചീഞ്ഞ ചെളിവെള്ളത്തിലേക്കിറങ്ങിയതുപോലെയുണ്ട്.'

"അച്ചന്‍റെ വണ്ടി ഇതുവരെ വന്നില്ലേ?" ചോദ്യംകേട്ടു നോക്കിയത് മിലിട്ടറിക്കാരന്‍റെ മുഖത്തേക്ക്.

"ആഹാ, ഇങ്ങേര് ആ വണ്ടിയില്‍ പോയില്ലായിരുന്നോ?"

"അതിനു ഞാനാ നാട്ടുകാരനല്ലല്ലോ ഫാദര്‍. തന്നെയല്ല, എനിക്കീ വല്യബഹളോം കമ്പനീം ഇഷ്ടവുമല്ല."

"ഞാനത് ഈ ദിവസങ്ങളില്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു."

"ഇവിടെ പ്രീപെയ്ഡ് ടാക്സി കിട്ടും, ഞാനതിന് ബസ്റ്റാന്‍റിലേക്കു പോകും, അവിടുന്നു ബസുകിട്ടും."

എനിക്കുപോകാനുള്ള വണ്ടിവരുന്നതു ഞാന്‍ കണ്ടു.

"എനിക്കുള്ള വണ്ടിവന്നു. പ്രീ പെയ്ഡ് ടാക്സിക്കു നില്‍ക്കണോ? ഞാന്‍ പോകുന്നവഴി ബസ്റ്റാന്‍റിലിറക്കിയാല്‍പോരേ? ഞാനും ഡ്രൈവറും മാത്രമേയുള്ളു, ബഹളോം കമ്പനീം ഒന്നുമില്ല."

"ഓക്കെ, ഒരു കണ്ടീഷന്‍, ടാക്സികാശ് ഞാന്‍ തരും, ഫാദര്‍ അതു വാങ്ങാമെങ്കില്‍ ഞാനും വരാം."

"ഡബിള്‍ ഓക്കെ, ടാക്സി കാശല്ല, അതില്‍ കൂടുതലുതന്നാലും വാങ്ങാന്‍ എനിക്കൊരു നാണോമില്ല."

സന്തോഷത്തോടെ അദ്ദേഹവും കയറി.

"ഇദ്ദേഹം കുറച്ചുമുമ്പ് ആ ബസ്ഡ്രൈവറോടു പറഞ്ഞ കമന്‍റ് എനിക്കു ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ടു."

"ഞാനത് മനസ്സില്‍തട്ടി എന്‍റെ സ്വന്തംകാര്യം പറഞ്ഞതാണ്. ഈ ദിവസങ്ങളില്‍ ഞങ്ങളുടെ പള്ളിയിലെ പേരുകേട്ട പെരുനാളാണ്. നാളെ സമാപിക്കും. അടിപിടി വല്ലതും ഉണ്ടായോ എന്നറിയില്ല. കുര്‍ബ്ബാന എങ്ങോട്ടുതിരിഞ്ഞു ചൊല്ലണമെന്നതിനെപ്പറ്റി പെരുനാള്‍ കമ്മറ്റിയില്‍ തര്‍ക്കമായപ്പോള്‍ ഞാനവിടെനിന്ന് ഇറങ്ങിപ്പോന്നതാണ്. സര്‍വ്വീസിലായിരുന്നപ്പോള്‍ പള്ളീം പ്രാര്‍ത്ഥനേം ഒന്നും ഇല്ലായിരുന്നു എന്നുതന്നെ പറയാം. റിട്ടയര്‍ ചെയ്തശേഷമെങ്കിലും എല്ലാമൊന്നു സെറ്റപ്പാക്കണമെന്ന് ആഗ്രഹിച്ചാണു നാട്ടിലെത്തിയത്. കരീയറിനിടയില്‍ വാര്‍ഫ്രണ്ടിലൊന്നും കാര്യമായി ആക്റ്റീവ് ആകേണ്ടി വന്നിട്ടില്ല. പക്ഷേ നാട്ടില്‍ വന്നുകഴിഞ്ഞപ്പോഴാണ് ശരിക്കും യുദ്ധക്കളം കണ്ടത്. അതും വളരെ പ്രതീക്ഷയോടെ ആക്റ്റീവ് ആകാന്‍ ആഗ്രഹിച്ചുവന്ന സഭയില്‍. അവിടെയാകെ സ്വത്തുതര്‍ക്കോം, കുര്‍ബ്ബാനത്തര്‍ക്കോം, ബഹിഷ്ക്കരണോം, കുര്‍ബ്ബാനയ്ക്കിടയ്ക്കുപോലും പരസ്യമായ പോര്‍വിളിയും. ഏതായാലും ഞാന്‍ പെട്ടിമടക്കി. എന്നെപ്പോലെതന്നെ ഞങ്ങളു കുറേപ്പേരു പള്ളിപ്പരിപാടികളെല്ലാമങ്ങുപേക്ഷിച്ചു. ആണ്ടിലൊരിക്കലുള്ള പേരുകേട്ട പള്ളിപ്പെരുനാളായതുകൊണ്ട് വിപുലമായ പള്ളിക്കമ്മറ്റിയില്‍ എന്നെയും നിര്‍ബ്ബന്ധിച്ചു മെമ്പറാക്കി. അതിന്‍റെ മീറ്റിങ്ങില്‍വച്ചാണ് മുമ്പേ ഞാന്‍പറഞ്ഞതുപോലെ തര്‍ക്കം ഏറ്റുമുട്ടലായപ്പോള്‍ ഇറങ്ങിപ്പോന്നത്. പിന്നെ ആ വഴി പോയിട്ടില്ല. ഇവിടെവന്നിറങ്ങിയപ്പോള്‍മുതല്‍, ഇടവകപ്പള്ളിയല്ലേ, പെരുനാളിന്‍റെ അവസാനമെങ്കിലും പോയൊന്നു കൂടണമെന്നുണ്ട്. വേണ്ടെന്നും മനസ്സു പറയുന്നുണ്ട്. അതോര്‍ത്തോണ്ടിരുന്നപ്പോളായിരുന്നു ആ ഡ്രൈവറുടെ ചോദ്യം."

"തോമ്മാച്ചന്‍ അതുപോയി വികാരിയച്ചന്‍റെയടുത്തു പറഞ്ഞെങ്കില്‍ അച്ചനതുവച്ചു നാളെ ഒരുഗ്രന്‍ പ്രസംഗം പറയും."

"ഇതെല്ലാം വെറും തട്ടിപ്പല്ലേ ഫാദര്‍, വെറും പുറംപൂച്ച്. പ്രസംഗോം കഴിഞ്ഞു നാളെ വഴീലിറങ്ങി തെറിവിളിക്കും. നമ്മുടെ യാത്രയ്ക്കിടയില്‍ കഴിഞ്ഞദിവസം ഒരു ഹോട്ടലില്‍വച്ച്, നമ്മുടെ കൂട്ടത്തിലുണ്ടായിരുന്ന ചിലരെ ഹോട്ടല്‍ സ്റ്റാഫ് അധിക്ഷേപിച്ച സംഭവം ഫാദര്‍ അറിഞ്ഞിരുന്നോ?"

"വെറുംകൈകൊണ്ടു ഭക്ഷണംകഴിച്ചതു തടഞ്ഞ കാര്യമാണോ?"

"ആ.. അതുതന്നെ"

"ഞാനും ആ സംഭവം കണ്ടതാണ്."  

"തൊട്ടടുത്തു ഞാനിരിപ്പുണ്ടായിരുന്നു. ഫാദര്‍ ആ സംഭവത്തെപ്പറ്റി എന്തുപറയുന്നു."

ഞങ്ങളുടെ യാത്രയുടെ തുടക്കത്തില്‍ത്തന്നെയുണ്ടായ ഒരു ദുരനുഭവത്തിന്‍റെ കാര്യമായിരുന്നു അദ്ദേഹം സൂചിപ്പിച്ചത്. വളരെ ദരിദ്രമായ രാജ്യത്താണ് ഈ സംഭവം. എയര്‍പോര്‍ട്ടില്‍നിന്നും ആഡംബരബസ്സില്‍ ഒരു ഫോര്‍സ്റ്റാര്‍ ഹോട്ടലില്‍ എത്തുന്നതുവരെയുള്ള വഴിയോരങ്ങളില്‍ ഞങ്ങള്‍ കണ്ടത് മിക്കവയും കുടിലുകള്‍ മാത്രം. ചെറിയ ആ പട്ടണത്തിലേക്കെത്തുമ്പോള്‍ തെരുവോരങ്ങളില്‍ മാലിന്യക്കൂമ്പാരങ്ങള്‍. മുഖ്യമായും ടൂറിസ്റ്റുകളെക്കൊണ്ടുള്ള വരുമാനംകൊണ്ടു കഴിയുന്ന രാജ്യം. അതുകൊണ്ട് അവര്‍ക്കുവേണ്ടിയുള്ള വന്‍കിട ഹോട്ടലുകള്‍ ധാരാളം. അതിലൊന്നിലാണ് ഉച്ചഭക്ഷണത്തിനു ഞങ്ങളെത്തിയത്. തെരുവിലെല്ലാം വലിച്ചെറിഞ്ഞ മാലിന്യങ്ങളും കുതിര കഴുതകളുടെ ചാണകവും. ഹോട്ടലിനകത്ത് എല്ലാം ഫോര്‍സ്റ്റാര്‍ സെറ്റപ്. ഇഷ്ടമുള്ള ഭക്ഷണം ആവശ്യാനുസൃതം എടുത്ത് റിസേര്‍വ് ചെയ്തിരിക്കുന്ന സ്ഥലത്തിരുന്നു ഭക്ഷിക്കണം. സ്പൂണും കത്തീം മുള്ളും എല്ലാം ആവശ്യത്തിനു മേശകളിലുണ്ട്. അങ്ങനെ ഞങ്ങള്‍ കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ കോട്ടും സൂട്ടുമൊക്കെയിട്ട ഹോട്ടല്‍സ്റ്റാഫ് സഹായത്തിനുചുറ്റുമുണ്ട്. ആ നാട്ടുകാരാണ് അവരെല്ലാരും. പെട്ടെന്നാണ് അതിലൊരുത്തന്‍ സ്പൂണ്‍ ഉപയോഗിക്കാതെ കൈകൊണ്ടു ചോറുവാരിയുണ്ട ഞങ്ങളില്‍ ചിലരോട് അതിന്‍റെ പേരില്‍ തടസ്സം പറഞ്ഞത്. ചെറിയ തര്‍ക്കവും വാക്കേറ്റവുമൊക്കെയുണ്ടായെങ്കിലും ഹോട്ടല്‍ മാനേജര്‍ തന്നെ സ്ഥലത്തെത്തി രംഗം ശാന്തമാക്കി. ഇതിനെപ്പറ്റിയായിരുന്നു മിലിട്ടറിക്കാരന്‍റെ ചോദ്യം.

"അതിനെപ്പറ്റി എന്തുപറയുന്നു എന്നെന്നോടു ചോദിച്ചാല്‍, ഹോട്ടല്‍ സ്റ്റാഫ് അയാളുടെ ജോലിചെയ്തു, എന്നേ ഞാന്‍ പറയൂ. അതു ഫോര്‍സ്റ്റാര്‍ ഹോട്ടലാണ്, അവിടെ ഭക്ഷണം കഴിക്കാന്‍ എത്തുന്നവര്‍ ചില നിലവാരങ്ങള്‍ പാലിച്ചിരിക്കണം, അതുറപ്പുവരുത്തേണ്ടത് അവിടുത്തെ സ്റ്റാഫിന്‍റെ ഉത്തരവാദിത്വമാണ്, അല്ലെങ്കില്‍ അയാളുടെ ജോലിപോകും എന്നയാള്‍ക്കു മാനേജര്‍ നിര്‍ദ്ദേശം കൊടുത്തിട്ടുണ്ടാകും. അവന്‍ അതു ചെയ്തില്ലെങ്കില്‍ അവന്‍റെ പണിപോകും."

"ഫാദര്‍ പറഞ്ഞതു നൂറുശതമാനവും ഞാനും അംഗീകരിക്കുന്നു. പക്ഷേ ഞാന്‍ ഉദ്ദേശിച്ചതു വേറൊരു കാര്യമാണ്. നമുക്കു റിസര്‍വു ചെയ്തസ്ഥലത്തു നമ്മളു വന്നിരുന്നു കഴിക്കുന്നു. അതു സ്പൂണും ഫോര്‍ക്കും ഉപയോഗിച്ചോ ഉപയോഗിക്കാതെയോ കഴിക്കുന്നതു നമ്മുടെയിഷ്ടം. വിളമ്പിയെടുക്കുന്നിടത്തു സ്പൂണും തവീം മാറ്റിവച്ചു നമ്മളു കൈയ്യിട്ടു വാരുകയാണെങ്കില്‍ അതിനെ ചോദ്യം ചെയ്താല്‍പോരേ? തോന്നിയിടത്തുപോയിരുന്നു കഴിച്ചാലും ചോദിക്കാം. എന്നാല്‍, മാന്യമായി വിളമ്പിയെടുത്തതു തന്നിരിക്കുന്ന സ്ഥലത്തിരുന്നു കൈകൊണ്ടോ സ്പൂണ്‍ ഉപയോഗിച്ചോ എങ്ങനെ കഴിക്കണമെന്നതു നമ്മുടെ കാര്യമല്ലെ?"

"ഓരോരുത്തര്‍ക്കും അവരവരുടെ നിലപാടിനു ന്യായീകരണം കാണും."

"ഫാദറിനു ഞാന്‍ ഉദ്ദേശിച്ചതു മനസ്സിലായില്ല. ഞാന്‍ ന്യായീകരിക്കാന്‍ പറഞ്ഞതല്ല. ആ സ്റ്റാഫൊക്കെ ആ നാട്ടുകാരല്ലേ? അവരൊക്കെ വീട്ടില്‍ ചെല്ലുമ്പോള്‍ കോട്ടും സൂട്ടുമിട്ട് സ്പൂണുകൊണ്ടായിരിക്കുമോ തിന്നുന്നത്? നമ്മുടെ സഭയും പള്ളിക്കാര്യങ്ങളുമൊക്കെ ഏതാണ്ട് ഇതുപോലെയാണെന്നു ഞാനങ്ങു ചിന്തിച്ചുപോയെന്നേയുള്ളു. സഭ, എന്നു പറയുമ്പോള്‍ നിങ്ങള്‍ അച്ചന്മാരും മെത്രാന്മാരുമൊക്കെ ഫോര്‍സ്റ്റാറും ഫൈവ്സ്റ്റാറും ഒക്കെ ആയിപ്പോയതാ ശരിക്കുള്ള പ്രശ്നം എന്നാണ് എനിക്കുതോന്നുന്നത്. നിങ്ങളു നല്ല വിഭവങ്ങളു സ്വാദോടെ വച്ചുകൊടുത്താല്‍ വിശ്വാസികളു വിളമ്പിയെടുത്തുകൊള്ളും. ആസ്വദിച്ചു കഴിച്ചുകൊള്ളും, അവരൊട്ടും വേസ്റ്റാക്കില്ല, തുപ്പിക്കളയുകയുമില്ല. നിങ്ങള്‍ അച്ചന്മാരും മെത്രാന്മാരുമൊക്കെ നിങ്ങള്‍ക്കിഷ്ടമുള്ളതു വച്ചുവിളമ്പുകയും, അതു കത്തീം മുള്ളും തന്നെ ഉപയോഗിച്ചു തിന്നോണം എന്നു മസിലുപിടിക്കുകയും ചെയ്യുമ്പോള്‍, കണ്ടമാനം വേസ്റ്റുവരും, ഒരുപാടുപേര്‍ക്ക് ഒഴിച്ചിലും ദഹനക്കേടുംവരും, ഒത്തിരിപ്പേരു തുപ്പിക്കളയുകയും ചെയ്യും. ഞങ്ങളേപ്പോലുള്ള കുറേപ്പേര് വേണ്ടെന്നും വയ്ക്കും. അച്ചന്മാരും മെത്രാന്മാരും ഫോര്‍സ്റ്റാറും ഫൈവ്സ്റ്റാറുമൊക്കെയാകണോ? ഞങ്ങളു സാധാരണ ജനങ്ങളുടെ വിശപ്പും രുചിയുമറിഞ്ഞ് പാകം ചെയ്തുവിളമ്പുന്ന സാദാ തട്ടുകടയാകുന്നതല്ലേ നിങ്ങള്‍ക്കു നല്ലത്?"

അതിരാവിലെ ആയിരുന്നതുകൊണ്ടു ബസ്റ്റാന്‍റില്‍ വേഗമെത്തി. ആളും തിരക്കും വണ്ടികളുമൊന്നുമില്ലാതിരുന്നതുകൊണ്ട് അങ്ങേരു പറഞ്ഞുകൊണ്ടിരുന്നതു തീരുന്നതുവരെ അതിന്‍റെമുമ്പില്‍ പാര്‍ക്കുചെയ്തു. എന്‍ജിന്‍ ഓഫുചെയ്തപ്പോളാണ് അവിടെയെത്തിയത് ആളറിഞ്ഞത്. മൂന്നാലു സോറിയുംപറഞ്ഞ് വേഗം ബാഗുമെടുത്തു പുറത്തിറങ്ങി. ബൈ ബൈ പറഞ്ഞു വണ്ടി അല്പം നീങ്ങിയപ്പോള്‍ എന്തോ വിളിച്ചുപറഞ്ഞുകൊണ്ട് അങ്ങേര് ഓടിവരുന്നതുകണ്ടപ്പോള്‍ ടാക്സികാശു തരാനാണെന്നറിയാമായിരുന്നതുകൊണ്ടു വേഗം വണ്ടിവിട്ടോളാന്‍ ഞാന്‍ പറഞ്ഞു. 

You can share this post!

അച്ചമ്പറഞ്ഞാകേക്കും....

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

പറയാതെ വയ്യാ, പറയാനും വയ്യ!!!

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts