news-details
എഡിറ്റോറിയൽ

മുഖക്കുറിപ്പ്

"ധര്‍മ്മബോധവും സാമ്പത്തികശാസ്ത്രവും തമ്മിലുള്ള ഏറ്റുമുട്ടലുകളില്‍ എന്നും വിജയിച്ചിട്ടുള്ളത് സാമ്പത്തികശാസ്ത്രമാണെന്നാണു ചരിത്രം തെളിയിക്കുന്നത്. നിക്ഷിപ്ത തല്‍പരക്കാര്‍ എന്നെങ്കിലും സ്വന്തം താല്‍പര്യങ്ങള്‍ സ്വമനസ്സാ വേണ്ടെന്നുവച്ചതിനെക്കുറിച്ച് ഒരു കേട്ടുകേള്‍വി പോലുമില്ല." ഇതു പറഞ്ഞത് ബി. ആര്‍. അംബേദ്ക്കറാണ്. അതിവേഗം, ബഹുദൂരം കുതിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ സമീപകാലചരിത്രം ഇപ്പറഞ്ഞത് അതേപടി ശരിവയ്ക്കുന്നുണ്ട്.

* * * * * *

മുംബൈയിലെ ധാരാവിയും ചുറ്റുവട്ടവും ഇന്ത്യയുടെ ഒരു ചെറുപതിപ്പു നമുക്കു നല്കുന്നുണ്ട്. ധാരാവിയുടെ കിഴക്കുവശത്ത് എടുപ്പോടെ നില്ക്കുന്നത് ബാന്‍ദ്ര-കുര്‍ള കോംപ്ളക്സാണ്. മുന്‍വശം മുഴുവന്‍ ചില്ലില്‍ പൊതിഞ്ഞ ആ കൂറ്റന്‍ കെട്ടിടത്തിലാണ് ഇന്ത്യയിലെ ഏറ്റവും മുന്തിയ സ്റ്റോക്ക് എക്സ്ചേഞ്ചും പുകള്‍പെറ്റ ചില കമ്പനികളും ഉള്ളത്. ധാരാവിയുടെ പടിഞ്ഞാറുവശത്തുള്ളത് സീ-ലിങ്കാണ് - അറേബ്യന്‍ കടലിനു മുകളിലൂടെ പണിയപ്പെട്ടിരിക്കുന്ന അഞ്ചുകിലോമീറ്റര്‍ നീളമുള്ള പടുകൂറ്റന്‍ പാലം. ഈ രണ്ടു 'വിസ്മയങ്ങള്‍'ക്കും ഇടയിലാണു ലോകത്തിലെ ഏറ്റവും വലിയ ചേരിപ്രദേശങ്ങളിലൊന്നായ ധാരാവി. ഇന്ത്യ കുതിക്കുന്നുവെന്നു മാധ്യമങ്ങള്‍ പറയുമ്പോഴും വല്ലാതെ കിതക്കുകയാണു ധാരാവി.

* * * * *

27 ടി. വി. വാര്‍ത്താചാനലുകളുടെ 95% ഓഹരിയും നിയന്ത്രിക്കുന്ന, സ്വന്തമായി ഒരു ക്രിക്കറ്റ്ടീമുള്ള മുകേഷ് അംബാനിയുടെ വസതിയായ 'ആന്‍റില്ല' പ്രസിദ്ധമാണല്ലോ. 27 നിലകളും മൂന്നു ഹെലിപാഡുകളും ഒന്‍പതു ലിഫ്റ്റുകളും തൂങ്ങിക്കിടക്കുന്ന പൂന്തോട്ടവും 600 വേലക്കാരും ഉണ്ട് അതില്‍. 'ആന്‍റില്ല'യെന്നത്  8-ാം നൂറ്റാണ്ടിലെ ഒരു ഐബീരിയന്‍ ഐതിഹ്യത്തിലെ ദ്വീപിന്‍റെ പേരാണെന്നാണു അരുന്ധതി റോയി പറയുന്നത്. മുസ്ലീമുകള്‍ ഹിസ്പാനിയ ആക്രമിച്ചു കീഴ്പ്പെടുത്തിയപ്പോള്‍ അവിടുത്തെ ബിഷപ്പുമാര്‍ ആളുകളോടൊപ്പം ബോട്ടുകളില്‍ കയറി രക്ഷപ്പെട്ടുവത്രേ. ഒടുവില്‍ അവരെത്തിച്ചേര്‍ന്ന ആന്‍റില്ല എന്ന ദ്വീപില്‍ പുതിയൊരു സംസ്കാരം പടുത്തുയര്‍ത്തുവാന്‍ അവര്‍ ശ്രമിക്കുകയാണ്. അതിന്‍റെ ഭാഗമായി ബോട്ടുകള്‍ കത്തിച്ചുകളഞ്ഞ് പുറംലോകവുമായുള്ള എല്ലാ ബന്ധവും അവര്‍ വിച്ഛേദിക്കുന്നു. സമാനമായ രീതിയില്‍ ആന്‍റില്ലകള്‍ തീര്‍ത്ത് അംബാനിമാര്‍ ചുറ്റുവട്ടവുമായുള്ള എല്ലാ ചരടുകളും അറത്തുമുറിക്കുകയാണ്.

* * * * *

അടുത്തയിടെ നടന്ന ജയ്പൂര്‍ സാഹിത്യസമ്മേളനം ചില വിവാദങ്ങള്‍ക്കൊണ്ട് ശ്രദ്ധേയമായല്ലോ. 'ലോകത്തിലെ ഏറ്റവും വലിയ സാഹിത്യസമ്മേളനം' എന്നാണ് അതു പരസ്യം ചെയ്യപ്പെട്ടത്. ആ സമ്മേളനത്തില്‍ സല്‍മാന്‍ റുഷ്ദിയെ സംസാരിക്കാന്‍ അനുവദിക്കാത്ത മുസ്ലീം മൗലികവാദികള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുണ്ടായി. സ്വാതന്ത്ര്യം, നീതി തുടങ്ങിയവയെക്കെയായിരുന്നു അവിടെ ചര്‍ച്ചചെയ്യപ്പെട്ട ചില വിഷയങ്ങള്‍. സമ്മേളനവുമായി ബന്ധപ്പെട്ടു നടന്ന ഏതൊരു സ്റ്റേജുപ്രോഗ്രാമിന്‍റെയും പിന്നാമ്പുറത്തുണ്ടായിരുന്നത്  ടാറ്റാ സ്റ്റീലിന്‍റെ പരസ്യമായിരുന്നു. ഒറീസയിലെ കലിംഗനഗറില്‍ 2006 ജനുവരി 2 നു പത്തുസംഘം പോലീസ്  എത്തി ടാറ്റാ സ്റ്റീല്‍ പ്ലാന്‍റിന്‍റെ സ്ഥലത്ത് ഒത്തുകൂടിയിരുന്ന ഗ്രാമീണരെ വെടിവെച്ചതും 13 പേര്‍ കൊല്ലപ്പെട്ടതും നാളിതുവരെ അവിടം പോലീസിന്‍റെ അധീനതയിലായിരിക്കുന്നതും അതുകൊണ്ടൊക്കെയാവാം അവിടെ ചര്‍ച്ചചെയ്യപ്പെടാതെ പോയത്. മഷികൊണ്ടെഴുതപ്പെടുന്ന വാക്കുകള്‍ മാനിക്കപ്പെടേണ്ടതു തന്നെ. ചോരകൊണ്ടെഴുതുന്ന വാക്കുകളും സ്വപ്നങ്ങളും അത്രയെങ്കിലും മാനിക്കപ്പെടേണ്ടതല്ലേ?

* * * * *

കരുത്തുള്ളതു മാത്രം നിലനില്‍ക്കുമെന്ന ജന്തുലോകനിയമം മനുഷ്യലോകത്തെയും സംബന്ധിച്ചുള്ളതാണെന്നു തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇന്ന് ബലമില്ലാത്തവര്‍ സ്വയം ഒഴിഞ്ഞുമാറിക്കൊടുക്കുകയാണ്. 1991-ല്‍ നിന്ന് ഇന്ത്യ 2001-ല്‍ എത്തിയപ്പോള്‍ 70 ലക്ഷം കര്‍ഷകരാണ് കൃഷിപ്പണിയുപേക്ഷിച്ചത്. നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2011-ലെ റിപ്പോര്‍ട്ടു പ്രകാരം 1995-2010 കാലഘട്ടത്തില്‍ 2,56,913 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. മൈക്രോഫൈനാന്‍സുകാര്‍ വീട്ടുകാരെ പൊറുതിമുട്ടിച്ചതിന്‍റെ പേരില്‍ 2010-ല്‍ ആത്മഹത്യ ചെയ്ത ആന്ധ്രാപ്രദേശിലെ 18 വയസ്സുകാരിയുടെ അവസാനത്തെ കുറിപ്പ് പത്രത്തില്‍ വായിച്ചു: "നന്നായിട്ട് പണിയെടുത്തു പണമുണ്ടാക്കൂ. ആരില്‍നിന്നും  ഒരിക്കലും ലോണ്‍ സ്വീകരിക്കാതിരിക്കൂ."

* * * * * *

2011 ലെ ഔട്ട്ലുക്ക് മാസികയില്‍ അമര്‍ത്യസെന്നും ജീന്‍ ഡ്രെസും~ചേര്‍ന്നെഴുതിയ ലേഖനത്തിലെ   ഒരു നിരീക്ഷണം: "ബംഗ്ലാദേശുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ 20 വര്‍ഷത്തെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ധ്രുതഗതിയിലായിരുന്നു. ഇന്ത്യയുടെ ആളോഹരി വരുമാനം 1999-ല്‍ ബംഗ്ലാദേശിന്‍റേതിനേക്കാള്‍ 60% കൂടുതലായിരുന്നത് 2010 ആയപ്പോള്‍ 98% ആയി. പക്ഷേ അതേ കാലയളവില്‍ സാമൂഹിക സുസ്ഥിരതയുടെ പല മേഖലകളിലും ബംഗ്ലാദേശ് ഇന്ത്യയെ പിന്നിലാക്കി. ഉദാഹരണത്തിന് 1990-ല്‍ ഇന്ത്യാക്കാരന്‍റെ ശരാശരി ആയുസ്സ് ബംഗ്ലാദേശിയുടേതിനേക്കാള്‍ നാലുവര്‍ഷം കൂടുതലായിരുന്നെങ്കില്‍ 2008 മുതല്‍ ഇന്ത്യാക്കാരന്‍ ബംഗ്ലാദേശിയേക്കാള്‍ മൂന്നുവര്‍ഷം നേരത്തെ മരണമടയുന്നുണ്ട്. ബംഗ്ലാദേശിലെ ശിശുമരണനിരക്ക് 1990-ല്‍ ഇന്ത്യയുടേതിനേക്കാള്‍ 24% കൂടുതലായിരുന്നെങ്കില്‍ 2009-ല്‍ 24% കുറവാണ് രേഖപ്പെടുത്തിയത്." ഇന്ത്യയുടെ വളര്‍ച്ചക്കു ജനത്തിന്‍റെ വളര്‍ച്ചയുമായി കാര്യമായ ബന്ധമില്ലതന്നെ.

* * * *

ഒരു ജനത്തിന്‍റെ ഭാഗധേയവും രാഷ്ട്രത്തിന്‍റെ സമഗ്രവളര്‍ച്ചയും കുറെ വ്യവസായ ഭീമന്‍മാരുടെ കൈകളില്‍ ഭരമേല്പ്പിക്കുന്നതില്‍ ഒരു അരുതായ്കയും തോന്നാത്ത കാലത്തിനു പാബ്ലോ നെരൂദയുടെ "സ്റ്റാന്‍ഡേര്‍ഡ് ഓയില്‍ കമ്പനി"എന്ന കവിത മുന്നറിയിപ്പായി മാറുന്നുണ്ട്.
ന്യൂയോര്‍ക്കില്‍നിന്നുള്ള വെളുക്കെ ചിരിക്കുന്ന
അവരുടെ തടിയന്‍ ചക്രവര്‍ത്തിമാര്‍
പട്ടും നൈലോണും സിഗരറ്റും
ഒപ്പം കുട്ടിരാജാക്കളെയും ഏകാധിപതികളെയും
വാങ്ങുന്ന കൊലപാതകികളാണ്.
അവരെല്ലാം വാങ്ങിക്കൂട്ടുന്നു-
രാജ്യങ്ങളെ, ജനതകളെ,
കടലുകളെ, നിയമപാലകരെ, ഉപദേശകരെ
ഭൂതം നിധി കാക്കുന്നതുപോലെ ദരിദ്രര്‍ സൂക്ഷിക്കുന്ന
ധാന്യങ്ങള്‍ വിളയിക്കുന്ന വിദൂരദേശങ്ങളെ.
'സ്റ്റാന്‍ഡേര്‍ഡ് ഓയില്‍'
അവരെ ഉറക്കത്തില്‍നിന്നുണര്‍ത്തി
യൂണിഫോമുകളണിയിച്ച്
ഏതു സഹോദരനാണ് ശത്രുവെന്നു കാട്ടിക്കൊടുക്കുന്നു.
അങ്ങനെ പരാഗ്വേക്കാരന്‍ യുദ്ധം ചെയ്യുന്നു,
ബൊളിവിയക്കാരന്‍ യന്ത്രത്തോക്കുമായി
കുറ്റിക്കാടുകളില്‍ നശിച്ചൊടുങ്ങുന്നു.
ഒരു തുള്ളി പെട്രോളിയത്തിന് വേണ്ടി
കൊലചെയ്യപ്പെട്ട പ്രസിഡന്‍റ്
പണയപ്പെട്ട ദശലക്ഷം ഏക്കര്‍ ഭൂമി
പ്രഭാതത്തിന്‍റെ ധൃതിയില്‍ നടപ്പാക്കിയ ഒരു വധശിക്ഷ
വിപ്ലവകാരികള്‍ക്കായ് തീര്‍ത്ത ഒരു പുത്തന്‍ തടവറ
പെന്‍റഗോണിയയില്‍ 'പെട്രോലിഫറസ് മൂണ്‍'
പ്രദര്‍ശനത്തിന് കീഴെ ഒരൊറ്റുകൊടുപ്പും
ഏതാനും ഒറ്റപ്പെട്ട വെടിയൊച്ചകളും
എണ്ണത്തിരകള്‍പ്പോലെ
തലസ്ഥാനത്തെ ചില പിറുപിറുപ്പുകള്‍
മന്ത്രിമാരുടെ ഗൂഢമായ സ്ഥാനമാറ്റങ്ങള്‍
അങ്ങനെയതാ! 'സ്റ്റാന്‍ഡേര്‍ഡ് ഓയിലി'ന്‍റെ
എഴുത്തുപലക
മേഘങ്ങള്‍ക്കു മുകളില്‍, കടലുകള്‍ക്കു മുകളില്‍
നിങ്ങളുടെ വീടുകള്‍ക്കു മുകളില്‍
ആധിപത്യമുറപ്പിച്ചു തിളങ്ങുന്നു.  

* * * * *

'പരിഷ്കരണം' എന്ന വാക്കിന്‍റെ അര്‍ത്ഥംതന്നെ ഇക്കാലത്തു മാറിപ്പോയിരിക്കുന്നുവെന്നു തോന്നുന്നു. കുട്ടിക്കാലത്ത് ആ വാക്കുകേട്ടാല്‍ ശ്രീനാരായണരഗുരുവിന്‍റെയും രാജാ റാം മോഹന്‍റോയിയുടെയുമൊക്കെ സാമൂഹികപരിഷ്കരണ ശ്രമങ്ങളാണു മനസ്സില്‍ വരിക. എന്നാല്‍ ഇപ്പോള്‍ ആകെ കേള്‍ക്കുന്നത് സാമ്പത്തികപരിഷ്കരണങ്ങളെക്കുറിച്ചാണ്. ഒപ്പം അകാലത്തില്‍ മരിച്ചുപോകുന്ന മരങ്ങളെക്കുറിച്ചും നദികളെക്കുറിച്ചും  പാടങ്ങളെക്കുറിച്ചും ജീവികളെക്കുറിച്ചും നാം കേള്‍ക്കുന്നു.

എന്തിനാണ് ഇത്ര തിടുക്കത്തില്‍ നാം ഓടുന്നത്? എന്തുകൊണ്ടാണ് ഇത്ര വികസിച്ചിട്ടും നമുക്കു മതിവരാത്തത്? എന്തുകൊണ്ടാണ് കുളിര്‍മ്മയുള്ള കാറ്റിനെ നമുക്കു പ്രണയിക്കാനാവാത്തത്? 

You can share this post!

മുഖക്കുറിപ്പ്

റോണി കിഴക്കേടത്ത്
അടുത്ത രചന

മുഖക്കുറിപ്പ്

റോണി കിഴക്കേടത്ത്
Related Posts