news-details
ഇടിയും മിന്നലും

'ഏച്ചുകെട്ടി ബന്ധനം..'

മൂന്നുമാസത്തിനുള്ളില്‍ നാലാം തവണയും അയാളു വരുന്നതുകണ്ടപ്പോള്‍ കാണാതെ ഒഴിവാക്കിയാലോ എന്നാലോചിച്ചതാണ്. എന്നാലും നേരിട്ടുപറഞ്ഞുതന്നെ ഒഴിവാക്കിയില്ലെങ്കില്‍ ഇനിയും വന്നുകൊണ്ടിരിക്കുമല്ലോ എന്നോര്‍ത്തപ്പോള്‍ കാണാമെന്നുതന്നെ തീരുമാനിച്ചു.

ഇളയമകനായിരുന്നതുകൊണ്ട് പഠിത്തം ഉഴപ്പിയെങ്കിലും അപ്പന്‍ ഒത്തിരി കണ്ണടച്ചു. കള്ളുകുടിയുംകൂടിത്തുടങ്ങിയപ്പോള്‍ അപ്പന്‍റെ നല്ലപേരും സ്വാധീനവുംകൊണ്ട് ഒരു നല്ലകുടുംബത്തില്‍നിന്നും കല്യാണം കഴിപ്പിച്ചു. നിര്‍ബ്ബന്ധിച്ചപ്പോള്‍ വീതവും കൊടുത്തു. വീതംകിട്ടിയ അഞ്ചാറേക്കറില്‍ ഒരേക്കറുവിറ്റു വീടുവച്ചു. പിന്നത്തെ നാലഞ്ചുവര്‍ഷംകൊണ്ട് കടംകയറി നില്‍ക്കക്കള്ളിയില്ലാതെ ഓരോതുണ്ടു വിറ്റുതുടങ്ങി. അന്നൊക്കെ അയാളുടെ മൂത്തസഹോദരന്മാരു രണ്ടുപേരും വന്‍തോതില്‍ അനുജനെ സഹായിച്ചു. എന്നിട്ടും അവസാനം വീടുംവിറ്റ് നാടുവിടേണ്ടിവന്നു. ഹൈറേഞ്ചിലൊരു മലമണ്ടയില്‍ കുറച്ചുസ്ഥലവും ചെറിയവീടും വാങ്ങി. അവിടെത്താമസമാക്കി. അധികംകഴിയും മുമ്പ് ഭാര്യയ്ക്ക് കലശലായ നടുവുവേദനയും ഒരുവശത്തിനു തളര്‍ച്ചയും തുടങ്ങി. വരുമാനമധികമില്ലാതിരുന്നതിനാല്‍ ചെറിയതോതില്‍ ചാരായവാറ്റും വില്‍പനയുമൊക്കെയായികഴിയുമ്പോള്‍ സ്ഥലത്തെ വികാരിയച്ചന്‍റെ നിരന്തരപരിശ്രമംകൊണ്ട് അവിടെയുണ്ടായിരുന്ന കുറെയേറെ മദ്യപാനികളെ ധ്യാനത്തിലൂടെ ബോധവല്‍ക്കരിച്ചും ചികിത്സയിലൂടെ സഹായിച്ചും മാനസാന്തരപ്പെടുത്തി. അക്കൂട്ടത്തില്‍ ഇയാളുമുണ്ടായിരുന്നു. ആ വഴിക്കുള്ള പരിചയമായിരുന്നു ആളുമായുള്ള എന്‍റെ ബന്ധത്തിനു തുടക്കം. പിന്നീടു വല്ലപ്പോഴുമൊക്കെ കാണാനുംമറ്റും വരാറുമുണ്ടായിരുന്നു. കുറെക്കാലത്തേയ്ക്ക് കാണാതിരുന്നപ്പോള്‍ അന്വേഷണത്തിലറിഞ്ഞു ആളു സ്ഥിരമായി ഒരു പ്രാര്‍ത്ഥനാഗ്രൂപ്പുമായി ബന്ധപ്പെട്ട് കുഴപ്പമില്ലാതെ പോകുന്നുണ്ടെന്ന്.

നാളുകള്‍ക്കുശേഷം പിന്നീട് ആളെക്കാണുന്നത് ഒരു ബസ്സ്റ്റാന്‍റില്‍ വച്ചാണ്. പ്രശസ്തമായ ഒരു പള്ളിയില്‍ അതിരാവിലെയുള്ള കുര്‍ബ്ബാനയ്ക്കു പോയിട്ടു വരുന്നവഴിയാണെന്നു പറഞ്ഞു. അത്രദൂരം യാത്രചെയ്ത് കുര്‍ബ്ബാനയ്ക്കുവന്നതിനെപ്പറ്റി ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി രസകരമായിരുന്നു.

"തമ്പുരാന്‍ ഒത്തിരിക്കാര്യങ്ങളു പ്രാര്‍ത്ഥനയിലൂടെ കാണിച്ചുതന്നച്ചാ. എന്‍റെ അപ്പന്‍ നല്ലവനായിരുന്നെങ്കിലും അപ്പന്‍റെയപ്പന്‍ അന്യായമായിട്ടുണ്ടാക്കിയ സമ്പത്തുകൊണ്ടാണ് അപ്പനു സമ്പത്തുണ്ടായത്. അതുകൊണ്ടാണ് എനിക്കപ്പന്‍ തന്ന സ്വത്തൊന്നും അനുഭവിക്കാന്‍ പറ്റാതെപോയത്."

"അതു തമ്പുരാനെന്തോ പിശകുപറ്റിയതായിരിക്കുമെടോ. കാരണം തന്‍റെ മൂത്തരണ്ടുചേട്ടന്മാരും നല്ലനിലയില്‍ വളരെമാന്യന്മാരായിട്ടു നാട്ടില്‍ ജീവിക്കുന്നുണ്ടല്ലോ. സഹോദരിമാരു രണ്ടുപേരും വളരെനല്ലനിലയിലുമാണല്ലോ. അവരൊക്കെ എത്രയോതവണ തന്നെ സഹായിച്ചിട്ടുമുണ്ട്. പിന്നെ തന്നോടുമാത്രം തമ്പുരാനീ തിരിച്ചുവ്യത്യാസം കാണിച്ചതിനെപ്പറ്റി ഇതുവരെ പ്രാര്‍ത്ഥിച്ചപ്പോഴൊന്നും തമ്പുരാന്‍ കാണിച്ചുതന്നില്ലേ?"

"പ്രാര്‍ത്ഥിച്ചവരൊക്കെപ്പറഞ്ഞത് അതെല്ലാം തമ്പുരാനുവിട്ടുകൊടുത്തിട്ട് വല്യപ്പനുവേണ്ടി പ്രാര്‍ത്ഥിക്കാനാ. വല്യപ്പനുവേണ്ടി കുര്‍ബ്ബാനചൊല്ലിക്കാനാ ഞാനീപ്പള്ളിയില്‍ വരുന്നത്. ഇതു പതിനാറാമത്തെ ആഴ്ചയാ. 21 എണ്ണമാണു പറഞ്ഞിരിക്കുന്നത്."

"കുര്‍ബ്ബാനമാത്രം മതിയോ, ഒപ്പീസില്ലേ?"

"ദിവസം പതിനഞ്ചു കരുണക്കൊന്തേം ചൊല്ലുന്നുണ്ട്." എന്‍റെ ചോദ്യത്തിലെ പരിഹാസം മനസ്സിലാക്കാതെ അയാളുടെ മറുപടി.

തന്നെത്താനെ വരുത്തിവച്ചതിന് വല്യപ്പനെ പഴിചാരി മനസ്സമാധാനത്തില്‍ ജീവിക്കുന്നെങ്കില്‍ ഞാനായിട്ടതു കളയേണ്ട എന്നുകരുതി വിഷയംമാറ്റിവിട്ടു. ചോര്‍ന്നൊലിക്കുന്ന വീടൊന്നുമാറ്റിപ്പണിയാനുള്ള ശ്രമത്തിലാണെന്നും അതിനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന അപേക്ഷയുമൊക്കെയായി അന്നത്തെ കൂടിക്കാഴ്ച അവസാനിച്ചു. അതേതാണ്ടു രണ്ടുവര്‍ഷം മുമ്പായിരുന്നു.

കുറച്ചൂനാളായിട്ടു വീണ്ടും അയാളു  വന്നുതുടങ്ങി. രണ്ടുമൂന്നുമാസങ്ങള്‍ക്കുള്ളില്‍ ഇതു നാലാം തവണയാണ്. വല്ല മാനസികരോഗാശുപത്രീലും പോകാന്‍പറയുന്നത് ഔചിത്യമല്ലല്ലോ എന്നുകരുതി ഇതുവരെ പറഞ്ഞില്ല. ഇന്നത്തെ കണ്ടുമുട്ടലില്‍ അതുവേണ്ടിവരും എന്നുകരുതി റെഡിയായപ്പോഴേയ്ക്കും അയാളുനേരേ പള്ളീലേയ്ക്കുപോയി. വരട്ടെ എന്നുകരുതി കാത്തിരുന്നപ്പോള്‍ അയാളുടെ അടുത്തകാലത്തെ ആവലാതികളൊക്കെ ഓര്‍മ്മിച്ചുവച്ചു.

വീടുപണി തുടങ്ങിയതിനെപ്പറ്റി അയാളുപറഞ്ഞ ഒരു വെളിപാടുചരിത്രമുണ്ട്. രണ്ടുവര്‍ഷം മുമ്പ് പ്രാര്‍ത്ഥനക്കാരെയെല്ലാംവിളിച്ച് അയാള്‍ സ്വന്തംവീട്ടില്‍ ഒരു പ്രാര്‍ത്ഥന നടത്തി. പ്രാര്‍ത്ഥന നടക്കുന്നതിനിടയില്‍ ഒരു ചെറിയ മഴപെയ്തു. പ്രാര്‍ത്ഥനകഴിഞ്ഞപ്പോള്‍ പ്രാര്‍ത്ഥനക്കാരോരോരുത്തരായി, അവസാനം എല്ലാവരും ഒരേസ്വരത്തില്‍ പറഞ്ഞു, ചേട്ടനൊരു നല്ലവീടുവയ്ക്കണമെന്ന്. അങ്ങിനെ അവര്‍ക്കെല്ലാം  പ്രാര്‍ത്ഥനയ്ക്കിടയില്‍ തോന്നിയെന്ന്. ചോര്‍ന്നൊലിക്കുന്ന വീടിനകത്തു മാറിയിരിക്കാനിടയുമില്ലാതെ തലമണ്ടയില്‍വീഴുന്ന വെള്ളോംതുടച്ച് പ്രാര്‍ത്ഥിക്കാനിരിക്കുന്ന മന്ദബുദ്ധിപോലും പറഞ്ഞുപോകും ഉടന്‍തന്നെ വീടുവയ്ക്കാന്‍. എന്തായാലും വെളിപാടുപ്രകാരം അഞ്ചുപൈസാ കൈയ്യിലില്ലാതെ വീടുപണിയാനൊരുങ്ങി. അതിനും പ്രാര്‍ത്ഥനക്കാരുടെ സപ്പോര്‍ട്ടുകിട്ടി, 'നിങ്ങളല്ല, തമ്പുരാനാ വീടുപണിയുന്നത്'!!

കഷ്ടിച്ചു കഴിഞ്ഞുകൂടാന്‍ വല്ലതും കിട്ടിയിരുന്നതു രണ്ടു പശുക്കളെ വളര്‍ത്തിയിരുന്നതുകൊണ്ടാണ്. അയാളൂ പ്രാര്‍ത്ഥനയുമായിട്ടു പോകുമ്പോഴും ഒരുവശത്തിനു സ്വാധീനമില്ലാത്ത ഭാര്യ അയല്‍പറമ്പുകളിലും റോഡുവക്കിലും നിന്നൊക്കെപ്പുല്ലുവെട്ടിയാണ് അതിനെപ്പോറ്റിയിരുന്നതും. വീടുപണിക്കു പണമുണ്ടാക്കുന്നതിനെപ്പറ്റി ആലോചിച്ചപ്പോള്‍ പ്രാര്‍ത്ഥനക്കാരില്‍ ചിലരു വഴിപറഞ്ഞുകൊടുത്തു. വീടും സ്ഥലവും ഈടുവച്ച് സഹകരണബാങ്കില്‍നിന്നും ലോണ്‍ എടുക്കുക, തിരിച്ചടയ്ക്കാതിരുന്നാല്‍ രണ്ടുവര്‍ഷം കഴിയുമ്പോള്‍ സര്‍ക്കാര് പലിശസഹിതം എഴുതിത്തള്ളും! ആരുടെയൊക്കെയോ സഹായംകൊണ്ട് ലോണ്‍ അനുവദിച്ചു, നാലേകാല്‍ ലക്ഷം രൂപാ.

സ്ഥാനക്കാരനെക്കൊണ്ടുചെന്നു കാണിച്ചപ്പോള്‍മുതലാണു തടസ്സങ്ങള്‍ക്കു തുടക്കം. ഇപ്പോളിരിക്കുന്ന വീടിന്‍റെ സ്ഥാനത്തിനു തകരാറുണ്ട്, അതുകൊണ്ടാണ് ഭാര്യയ്ക്ക് അസുഖം മാറാത്തത്, പുതിയതു വയ്ക്കുമ്പോള്‍ അവിടെവയ്ക്കാന്‍ പാടില്ല. പിന്നെ കുത്തനെ ചെരിഞ്ഞുകിടക്കുന്ന സ്ഥലത്ത് വീടിനുപറ്റിയത് ഒരിടം മാത്രമേയുള്ളു, അവിടെയാണിപ്പോള്‍ പശുത്തൊഴുത്തിരിക്കുന്നത്. രൂപതയില്‍നിന്നും കിട്ടിയ സഹായംകൊണ്ട് ചെറുതാണെങ്കിലും സാമാന്യം നന്നായിട്ടുപണിത തൊഴുത്താണ്. അവസാനം പ്രാര്‍ത്ഥിച്ചുനോക്കിയിട്ടു തീരുമാനിച്ചു, തൊഴുത്തു പൊളിക്കാന്‍, പശുവിനെ വില്ക്കാനും. ഭാര്യയുടെ എതിര്‍പ്പിനെ വകവയ്ക്കാതെ പശുവിനേം വിറ്റു, തൊഴുത്തും പൊളിച്ചു, വീടുപണിക്കു വാനംമാന്തിക്കൊണ്ടിരിക്കുമ്പോള്‍ നാട്ടുകാര് ഉടക്കായി. അതുവരെയും വീടിനുതൊട്ടടുത്തുകൂടി നടപ്പുവഴി മാത്രമായിരുന്നതു നാട്ടുകാരുകൂടി പഞ്ചായത്തുറോഡാക്കി. വീതിയെടുത്തുവരുമ്പോള്‍ വീടിനു വാനം മാന്തിയിരിക്കൂന്നിടത്തു കയറിവരും. വഴക്കായി, സ്റ്റേയായി. ആ സമയത്താണ് അതും പറഞ്ഞയാള്‍ വന്നത്.

"എല്ലാം തടസ്സങ്ങളാ അച്ചാ, പിശാശിന്‍റെ പണിയാ." അയാളു കാണിക്കുന്നതുമുഴുവന്‍ പിശാചിന്‍റെ പണിയാണെന്നു പറയാന്‍ തോന്നിയെങ്കിലും പ്രയോജനമില്ലെന്നോര്‍ത്തപ്പോള്‍ നാവടക്കി.

"അച്ചനെന്തെങ്കിലുമൊന്നു വെഞ്ചരിച്ചുതന്നാല്‍ എനിക്കു വിശ്വാസമാ."

അതിനുള്ള വകുപ്പൊന്നും എനിക്കത്ര വശമില്ലെന്നു പറഞ്ഞിട്ടും ആള്‍ക്കു നിര്‍ബ്ബന്ധം. ഒടുവില്‍ അങ്ങനെയൊക്കെ വെഞ്ചരിച്ചുകൊടുക്കുന്ന വിശുദ്ധനായ ഒരച്ചന്‍റെയടുത്തേയ്ക്കു പറഞ്ഞുവിട്ടു. ഒരുമാസത്തിനകം പിന്നെയും വന്നു.

"സര്‍വ്വത്ര ബന്ധനമാണച്ചാ, തടിവെട്ടുകേസില്‍ ജാമ്യത്തിലിറങ്ങി വരുന്നവഴിയാ."

വഴിവെട്ടുകേസൊക്കെ വികാരിയച്ചനുമൊക്കെ ഇടപെട്ട് ഏതാണ്ട് പരിഹരിച്ചിരുന്നു. അതിനിടെ രണ്ടുമൈലകലെയുള്ള വനത്തില്‍ നാളുകളായിട്ടു വീണുകിടന്ന ഒരുതടി അയാളു വാളുകാരേംകൂട്ടി അറപ്പിച്ച് തളിരമാക്കി വീട്ടില്‍ കൊണ്ടുവന്നു സൂക്ഷിച്ചു. അവിടെയുള്ളവരു പലരും അങ്ങിനെ ചെയ്യാറുള്ളതുമാണ്. അയാളു ചാരായോം വിറ്റ് അടിപിടിയുമായി നടന്നകാലത്ത് ഒത്തിരി ശത്രുക്കളുണ്ടായിരുന്നു. അവരിലാരെങ്കിലും ഒറ്റിയതായിരിക്കാം. ഏതായാലും ഫോറസ്റ്റുകാരുവന്നു തടീം പൊക്കി ആളേം തൂക്കിയെടുത്തകത്തിട്ടു. വികാരിയച്ചന്‍റെ നല്ലവാക്കില്‍ ഏതായാലും ജാമ്യക്കാരെക്കിട്ടി. ചത്തുപോയ വല്യപ്പന്‍ ഇനീയെങ്കിലും ഉപദ്രവം നിര്‍ത്താന്‍ പ്രാര്‍ത്ഥിക്കാം എന്നുറപ്പുകൊടുത്തു അന്നും പറഞ്ഞുവിട്ടു. രണ്ടാഴ്ചയ്ക്കകം പിന്നേം വന്നു. അന്നു ഭാര്യയുമുണ്ടായിരുന്നു കൂട്ടത്തില്‍. അടുത്ത 'ബന്ധനം.' ഭാര്യയ്ക്ക് ഒരു ഓപ്പറേഷന്‍ വേണ്ടിവന്നിരിക്കുന്നു. അന്നും പ്രാര്‍ത്ഥിച്ചുവിട്ടു. ഒരുമാസം മുമ്പായിരുന്നു അത്. ഇന്നിപ്പോള്‍ ഒറ്റയ്ക്കേ ഉള്ളു. ഭാര്യ മിക്കവാറും ഓപ്പറേഷന്‍ കഴിഞ്ഞുള്ള വിശ്രമത്തിലായിരിക്കും. പള്ളിയില്‍ നിന്നയാള്‍ ഇറങ്ങിവന്നതു കണ്ണുതുടച്ചുകൊണ്ടാണ്.
"ഏച്ചുകെട്ടി ബന്ധനമാണച്ചാ, ഞാന്‍ മടുത്തു."

"എന്താ ലേറ്റസ്റ്റ്?"

"ജപ്തി നോട്ടിസ്. പണ്ട് തൊഴുത്തുപണിയാന്‍ കാശുതികയാതെ വന്നപ്പോള്‍ വസ്തുഈടുവച്ച് 20000 രൂപാ എടുത്തിരുന്നു. തൊഴുത്തിരുന്ന 20 സെന്‍റ് വേറെ ആധാരമായിരുന്നു. എഴുതിത്തള്ളുമെന്നുകരുതി അതും തിരിച്ചടച്ചില്ല. ഇപ്പം അവിടെയാണു വീടുപണിയുന്നത്. അല്ലെങ്കില്‍ അതങ്ങു പോകട്ടെ എന്നുവയ്ക്കാമായിരുന്നു. കേസിന്‍റെ പുറകെപോയി കുറെകാശുപോയി. ഭാര്യയുടെ ഓപ്പറേഷനു നല്ല ചെലവായി. വീടുപണിക്കെടുത്ത കാശ് ഏതാണ്ടുതീര്‍ന്നു. ഭിത്തികെട്ടിത്തീര്‍ന്നതെയുള്ളുതാനും" കണ്ണുനീരോടെയാണയാളതു പറഞ്ഞത്.

"ഇപ്പോള്‍ തന്‍റെ വല്യപ്പനെ പ്രതിയാക്കിയ പ്രാര്‍ത്ഥനക്കാരെന്തു പറയുന്നു. എടോ തനിക്കുവേണ്ടതു ചികിത്സയാണ്. തനിക്കു മക്കളില്ലാതെ പോയതു ദൈവാനുഗ്രഹം. അല്ലെങ്കില്‍ അവരു തന്നെ വല്ല ഊളമ്പാറേലും കൊണ്ടെയാക്കിയേനേം. താന്‍ കാട്ടിക്കൂട്ടിയ വേണ്ടാതീനത്തിനുമുഴുവന്‍ താനുണ്ടാകുന്നതിനുപോലും മുമ്പ് മരിച്ചൂപോയ തന്‍റെ വല്യപ്പന്‍റെ തലയില്‍ കെട്ടിവച്ചിട്ടു തടിതപ്പാന്‍ നോക്കുന്ന തന്നെ പണ്ടത്തെഭാഷേല്‍ പറഞ്ഞല്‍ തടീലിടണം. വയറ്റിപ്പിഴപ്പിനുനടക്കുന്ന പ്രാര്‍ത്ഥനക്കാരു പറയുന്നകേട്ട് കൈയ്യില്‍ കാശില്ലാതെ വീടുവയ്ക്കാനിറങ്ങിയ തനിക്കു വട്ടല്ലാതെ എന്നതാ? അന്നന്നയപ്പത്തിനു വകയായിരുന്ന പശുക്കളേംവിറ്റ് തൊഴുത്തും പൊളിച്ച തന്നെ നാട്ടുകാരു വച്ചുപൊറുപ്പിക്കുന്നതാണ് അതിശയം. തിരിച്ചടയ്ക്കാന്‍ ഒരുവഴിയുമില്ലാതെ ബങ്കില്‍നിന്നു കാശും കടമെടുത്തു കള്ളത്തടീം വെട്ടി 'ഏച്ചുകെട്ടി ബന്ധന'മുണ്ടാക്കിയതു താനോ വല്യപ്പനോ? ആരു പറഞ്ഞാലും മനസ്സിലാക്കാത്ത തന്നെപ്പോലെയുള്ളവരെ അടിച്ചുനേരെയാക്കാനുള്ള തമ്പുരാന്‍റെ വടികളാ, അല്ലാതെ വല്യപ്പന്‍റെ വഴികേടല്ല, തന്‍റെയീ 'ബന്ധനങ്ങള്‍.'

You can share this post!

അച്ചമ്പറഞ്ഞാകേക്കും....

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

പറയാതെ വയ്യാ, പറയാനും വയ്യ!!!

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts