news-details
എഡിറ്റോറിയൽ

മുഖക്കുറിപ്പ്

രക്തമോ, കിഡ്നി, കരള്‍ തുടങ്ങിയ ശാരീരികാവയങ്ങളോ വില്ക്കാന്‍ ഇന്ത്യയില്‍ നിലവിലിരിക്കുന്ന നിയമം അനുവദിക്കുന്നില്ലല്ലോ. എന്നാല്‍ അമേരിക്കയിലെ കാര്യം അങ്ങനെയല്ലെന്നാണു വായിച്ചറിഞ്ഞത്. അവിടെയുള്ളത് രക്തദാനമല്ല, രക്തവില്പനയാണ്. അതു നിലനിര്‍ത്തുന്നതില്‍ അവര്‍ക്ക് അവരുടേതായ ന്യായങ്ങളുമുണ്ട്. രക്തം ദാനമായി മാത്രം കിട്ടുന്നിടത്ത് ഏത് അടിയന്തരഘട്ടത്തിലും ഒരുവന് അപരന്‍റെ സഹായസന്നദ്ധതയെമാത്രം ആശ്രയിച്ചു നില്ക്കേണ്ടിവരുന്നുണ്ട്. 'കാര്യം നടക്കും' എന്നൊരുറപ്പ് അതുകൊണ്ടുതന്നെ അത്തരം സാഹചര്യങ്ങളില്‍ താരതമ്യേന കുറവായിരിക്കും. രക്തം ആവശ്യംപോലെ വില്ക്കാനും കാശുകൊടുത്തു വാങ്ങാനും പറ്റുന്ന ഒരു സംവിധാനം മാത്രമേ ഈ ഉറപ്പില്ലായ്മയ്ക്കു പരിഹാരമാകുന്നുള്ളത്രേ. അവരുടെ മറ്റൊരു വാദം ഇതാണ്: എന്തായാലും ആരെങ്കിലും ഇവിടെ രക്തം കൊടുത്തേ മതിയാകൂ. രക്തവില്പനക്ക് നിയമസാധുത നല്കിയാല്‍ കാശിനാവശ്യമുള്ളവര്‍ക്ക് അതൊരു വരുമാനമാര്‍ഗം കൂടിയാണ്. തന്മൂലം ഉടലെടുക്കാന്‍ സാധ്യതയുള്ള അമിത രക്തവില്പനയെ നിയമംകൊണ്ട് തടയാനുമാകുമല്ലോ.

കാര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകുമെന്ന് പ്രത്യക്ഷത്തില്‍ നമുക്കു തോന്നിയേക്കാം. മനുഷ്യന്‍റെ ദയയെമാത്രം ആശ്രയിച്ചുനില്ക്കുന്ന ഒരു സംവിധാനത്തെക്കാള്‍ എത്രയോ ഉറപ്പുള്ളതാണ് കാശുകൊണ്ട് കാര്യങ്ങള്‍ തീരുമാനിക്കുന്നിടം. പച്ചക്കറിയും മൊബൈലും മാലയും കാശുകൊടുത്തു വാങ്ങുന്നതുപോലെ രക്തവും കാശുകൊടുത്തു വാങ്ങുക. താല്പര്യമുള്ളവര്‍ക്ക് രക്തം കൊടുത്ത് കാശുണ്ടാക്കാം. ആവശ്യക്കാര്‍ക്ക് കാശുകൊടുത്ത് രക്തം വാങ്ങാം. മാര്‍ക്കറ്റ് കാര്യങ്ങള്‍ തീരുമാനിക്കുന്നിടത്ത് എല്ലാം സുഗമമാകുന്നു.

ഈയൊരു മാര്‍ക്കറ്റു സംവിധാനവും അതിന്‍റെ യുക്തിയും നമ്മില്‍ പക്ഷേ ചില പ്രശ്നങ്ങളുണര്‍ത്തുന്നുണ്ട്. ഒന്നാമത്തേത്, മീന്‍ചന്തയിലും തുണിക്കടയിലും സൂപ്പര്‍മാര്‍ക്കറ്റിലും പ്രയോഗിക്കപ്പെടുന്ന നിയമങ്ങള്‍ അതേപടി നമ്മുടെ ജീവിതത്തിന്‍റെ സകല തുറകളിലും പ്രയോഗിക്കപ്പെടണമോ എന്നുള്ളതാണ്. വില്ക്കുക, വാങ്ങുക എന്നിവയ്ക്ക് അപ്പുറത്ത് എന്തെല്ലാം കാര്യങ്ങള്‍ നമ്മുടെ ജീവിതത്തിലുണ്ട്. സ്ത്രീ-പുരുഷബന്ധം മാത്രമെടുത്താല്‍ വ്യക്തമാകുന്നതാണ് ഇക്കാര്യം. കാശുകൊടുത്ത് ഒരു വ്യക്തിയില്‍നിന്നു കിട്ടുന്ന ശാരീരിക സംതൃപ്തിയും പ്രണയബദ്ധരായ രണ്ടുപേരുടെ സ്വയം സമര്‍പ്പണത്തിലൂടെ ഉത്ഭൂതമാകുന്ന നിറവും തമ്മില്‍ കടലാടിയും കടലും തമ്മിലുള്ള അന്തരമുണ്ടെന്നത് നമ്മുടെ സാധാരണ അനുഭവമല്ലേ? ചന്തയുടെ നിയമങ്ങള്‍ക്ക് അതിര്‍വരമ്പുകളുണ്ടെന്ന സൂചനയെങ്കിലും ഇതു നല്കുന്നുണ്ട്.

രണ്ടാമത്തെ പ്രശ്നം രക്തം വില്ക്കപ്പെടുമ്പോള്‍ രക്തത്തിനെന്തു സംഭവിക്കുന്നു എന്നതാണ്. ചുമ്മാതെ കിട്ടിയാലും വിലകൊടുത്തു വാങ്ങിയാലും ചോര ചോര തന്നെ. അതിനെന്തു മാറ്റമുണ്ടാകാനാണ്? മാറ്റം അതു ചരക്കായി മാറുന്നു എന്നതാണ്. ചരക്കുകളാക്കി മാറ്റാനാവാത്ത ചില സംഗതികളെങ്കിലും അവശേഷിക്കുന്നില്ലേ? വിലകൊടുത്ത് ഏതൊരു ചരക്കിനെയും പോലെ വാങ്ങാവുന്നവയാണ് സര്‍ക്കാരിന്‍റെ പത്മ അവാര്‍ഡുകള്‍ എന്ന് 'പ്രാഞ്ചിയേട്ടന്‍' എന്ന സിനിമയ്ക്ക് എത്രയോ മുമ്പ് നമുക്കറിയാവുന്നതാണ്. അവാര്‍ഡിനു വിലയിടുന്നതോടെ, അതു വിലകെട്ടതായിത്തീരുന്നു. ശ്രീശാന്തും കൂട്ടരും അറസ്റ്റിലായതോടെ, ക്രിക്കറ്റു വാതുവെപ്പിനെ സംബന്ധിച്ചു നടത്തപ്പെട്ട വാദപ്രതിവാദങ്ങളിലെ ഒരു വാദം ഇതായിരുന്നു: നാം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇവിടെ വാതുവെപ്പ് അരങ്ങേറുന്നുണ്ട്. അതംഗീകരിച്ച്, അതിനെ നിയമവിധേയമാക്കിയാല്‍, അതില്‍നിന്നു കിട്ടുന്ന നികുതിയെങ്കിലും രാജ്യത്തിനു ലഭിക്കും. വാതുവെപ്പ് നിയമവിധേയമാക്കുന്നതോടെ പക്ഷേ ക്രിക്കറ്റു കളി എന്നൊന്നു ബാക്കിയുണ്ടാകുമോ? ക്രിക്കറ്റിനെ ക്രിക്കറ്റാക്കുന്ന ഉദ്വേഗങ്ങളും ഭാഗ്യങ്ങളുടെ മാറിമറിയലുകളും പോരാട്ട വീര്യവും അവശേഷിക്കുമോ? നമ്മുടെ പ്രൊഫഷണല്‍ കോളേജുകളില്‍നിന്ന് എന്‍. ആര്‍.ഐ. ക്വോട്ടയെന്നൊക്കെയുള്ള പേരില്‍ ഡിഗ്രികള്‍ വിലയ്ക്കു കിട്ടുമെന്നായതോടെ, ഊരുറപ്പിച്ച് ഒരു ഡോക്ടറുടെ മുമ്പിലിരിക്കാനാകുന്നുണ്ടോ നമുക്ക്? വിദ്യാഭ്യാസവുമായുള്ള ചര്‍ച്ചകളില്‍ ലാഭ നഷ്ടക്കണക്കുകള്‍ മാത്രം പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടെ, അധ്യാപകനിയമനങ്ങളില്‍ പണം ഒരു പ്രധാന ഘടകമാണെന്ന ധാരണ പ്രബലമായതോടെ, വിദ്യാകേന്ദ്രങ്ങളോടും അതിന്‍റെ നടത്തിപ്പുകാരോടും അറിവു നല്കുന്ന അധ്യാപകരോടും നമുക്കു തോന്നുന്നത് പുച്ഛമാണ്. വിലയിട്ട്, വില പറഞ്ഞ് വിദ്യാഭ്യാസത്തിന്‍റെ വില കെടുത്തിക്കളഞ്ഞിരിക്കുന്നു നമ്മള്‍. ചുരുക്കത്തില്‍ വിലയിടാനാവാത്തവയായി, വില്ക്കാന്‍ പാടില്ലാത്തവയായി ചിലതൊക്കെയുണ്ട് ഇവിടെ. അവ വില്ക്കപ്പെടുന്നതോടെ അവയുടെ സാംഗത്യം തന്നെ ഇല്ലാതാവുന്നുണ്ട്. ചോരയെ ചോരയാക്കിത്തന്നെ നിലനിര്‍ത്തേണ്ടതുണ്ട്. അതിനെ ചരക്കാക്കാന്‍ പാടുള്ളതല്ല. കാശുള്ളവനാണു കാറോടിക്കാന്‍ യോഗ്യത. അതുപോലെ കാശുള്ളവര്‍ക്കു മാത്രം കിട്ടേണ്ട ഒന്നാണോ രക്തമെന്നത്? ഇതേ യുക്തിയനുസരിച്ച് പണമുള്ളവന്‍ മാത്രം ജീവിച്ചാല്‍ മതിയെന്നു വരുന്നു. മാര്‍ക്കറ്റിന്‍റെ യുക്തി നമ്മെ എത്തിക്കുന്നത് അവിടേക്കാണ്. അതോടെ ഇല്ലാതാകുന്നത് കാടിനും നാടിനുമിടയിലുള്ള അതിര്‍വരമ്പാണ്.

മൂന്നാമത്തെ പ്രശ്നം കാശു തരുന്ന ഉറപ്പിനെക്കുറിച്ചുള്ള അനുമാനമാണ്. അപരന്‍റെ ദയകൊണ്ടല്ല, സ്വന്തം കാശുകൊണ്ടാണു രക്തം വാങ്ങേണ്ടതെന്ന ധാരണക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്താണ്? മനുഷ്യന്‍ അടിസ്ഥാനപരമായി പ്രവര്‍ത്തിക്കുന്നത് ലാഭത്തിനുവേണ്ടിയാണെന്നുള്ള വിശ്വാസം. ഇത് എത്ര കണ്ട് ശരിയാണ്? ഇടവക കുടുംബകൂട്ടായ്മകളിലെ സ്ത്രീകള്‍ ഇടവക ദേവാലയം വെടിപ്പുള്ളതാക്കാന്‍ ആഴ്ചയിലൊന്ന് പള്ളികളിലെത്താറുണ്ടല്ലോ. പ്രതിമണിക്കൂര്‍ നൂറുരൂപ ഈ പണിക്കു നല്കാം എന്ന് വികാരിയച്ചന്‍ അനൗണ്‍സു ചെയ്താല്‍ ഈ സ്ത്രീകളുടെ സേവനം കൂടാനാണോ കുറയാനാണോ സാധ്യത? കുറയാനാണു കൂടുതല്‍ സാധ്യതെയന്നാണ് നമ്മുടെ സാമാന്യ അനുഭവവും പൊതുബോധവും നമ്മോടു പറയുന്നത്. സാമ്പത്തിക പ്രധാനമല്ല മനുഷ്യന്‍റെ എല്ലാ ചോദനകളും. എല്ലാ വ്യവഹാരങ്ങളും വാങ്ങല്‍-വില്പനകളായി മാറിയാല്‍പ്പിന്നെ മനുഷ്യജീവിതത്തെ മനുഷ്യപ്പറ്റുള്ളതാക്കി നിലനിര്‍ത്തുന്ന തരളിതഭാവങ്ങള്‍ക്ക് - കാരുണ്യം, സഹാനുഭൂതി, സഹനശീലം തുടങ്ങിയവയ്ക്ക് - എന്തായിരിക്കും സംഭവിക്കുക? രക്തം ദാനം ചെയ്യുന്നതിനുപകരം വില്ക്കാനും വാങ്ങാനും പറ്റിയ ചരക്കായിത്തീര്‍ന്നാല്‍ അതോടെ ഇല്ലാതാകുന്നത് മാനവികതയെ പരിപോഷിപ്പിക്കാനുള്ള ഒരു സാഹചര്യം തന്നെയാണ്.

മാര്‍ക്കറ്റിന്‍റെ അതിര്‍വരമ്പുകള്‍ കൂടുതല്‍ കൂടുതല്‍ വിസ്തൃതമാകുന്നുണ്ട്. അതിന്‍റെ യുക്തി നമ്മുടെ ചിന്തകളെ, കാഴ്ചപ്പാടുകളെ നിര്‍ണയിക്കുന്നുണ്ട്, നിയന്ത്രിക്കുന്നുണ്ട്. എന്തും വാങ്ങാമെന്നും വില്ക്കാമെന്നും അതാണ് ഏറ്റവും കാര്യക്ഷമമായ മാര്‍ഗമെന്നും നമ്മെ പരസ്യങ്ങള്‍ ബോധ്യപ്പെടുത്തുന്നുണ്ട്. ചന്ത അടുക്കളയിലേക്കും കിടപ്പറയിലേക്കും ഊട്ടുമുറിയിലേക്കും ഒക്കെ എത്തിത്തുടങ്ങിയിട്ടുണ്ട്. എന്തിനും വിലയിടപ്പെടുന്നുണ്ട്. അമ്മയുടെ ഗര്‍ഭപാത്രം വില്ക്കുന്നത് ഇന്ത്യയില്‍ ശതകോടികളുടെ ബിസിനസായി മാറിയിട്ടുണ്ട്. തങ്ങളുടെ ആര്‍ത്തികളെ അതേപടി നിലനിര്‍ത്തിക്കൊണ്ടുതന്നെ, മരങ്ങള്‍ നടാന്‍ സാമ്പത്തിക സഹായം നല്കി കൂട്ടുത്തരവാദിത്വത്തില്‍നിന്നു മാറിനില്ക്കാന്‍ സമ്പന്ന രാഷ്ട്രങ്ങളും സമ്പന്ന വ്യക്തികളും ശ്രമിക്കുന്നുണ്ട്. വായിക്കുന്നതിനും പഠിക്കുന്നതിനും ഒക്കെ പ്രേരകമായി മാതാപിതാക്കള്‍ കുട്ടികള്‍ക്ക് പോക്കറ്റുമണി കൂട്ടിക്കൊടുക്കാറുണ്ട്. ഇത്തരത്തില്‍ പണം നമ്മുടെ സര്‍വകാര്യങ്ങളെയും സ്വാധീനിക്കുമ്പോള്‍, ഓരോ പഴുതിലേക്കും ചന്ത വന്നു  നിറയുമ്പോള്‍, മാര്‍ക്കറ്റിന്‍റെ യുക്തിക്കനുസരിച്ച് ജീവിതം ചലിച്ചുതുടങ്ങുമ്പോള്‍, നമ്മള്‍ മറന്നുപോകാനിടയുള്ളത് ലോകം ചന്തയായി മാറുകയാണെന്നും നമ്മള്‍ തന്നെ ചരക്കുകകളായിത്തീരുകയാണെന്നുമുള്ള ലളിത സത്യമാണ്.

You can share this post!

മുഖക്കുറിപ്പ്

റോണി കിഴക്കേടത്ത്
അടുത്ത രചന

ക്രിസ്തു സ്വന്തമാകുന്നവന് ഒന്നുമാവിശ്യമില്ല

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Related Posts