news-details
ഇടിയും മിന്നലും

മുറ്റത്തുകിടക്കുന്ന വളരെ മുന്തിയ ബ്രാന്‍റ് കാറു കണ്ടപ്പോള്‍ ആരോ കേമനാണല്ലോ വന്നിരിക്കുന്നതെന്നു മനസ്സിലോര്‍ത്തു. 'കുഞ്ഞേ മാപ്പ്', ഞാന്‍ കാഴ്ചമുറിയില്‍ കയറിച്ചെല്ലുമ്പോള്‍ അയാള്‍ വായിച്ചുകൊണ്ടിരുന്ന പത്രത്തിന്‍റെ ഒന്നാംപേജിലെ വാര്‍ത്തയുടെ തലക്കെട്ടതായിരുന്നു. ഒറ്റനോട്ടത്തിന് ആള്‍ക്കൊരു എണ്‍പതുവയസ്സെങ്കിലും മതിക്കും.

"അച്ചനെന്നെ ഓര്‍മ്മിക്കുന്നുണ്ടോ എന്നു സംശയമാണ്. പതിനെട്ടു വര്‍ഷംമുമ്പാണ് സംഭവം. ഒരിക്കലും പരിചയം പുതുക്കണം എന്നാഗ്രഹിച്ചിരുന്നതുമല്ല. പക്ഷേ കണ്ടേതീരൂ എന്ന് അച്ചന്‍ നിര്‍ബ്ബന്ധംപിടിച്ചതു കാരണം വരാമെന്നുവച്ചു."

ഏതായാലും ആളെ നേരത്തെകണ്ടിട്ടുള്ളതായി എനിക്ക് ഓര്‍മ്മവന്നില്ല. വര്‍ഷങ്ങളായി ആണ്ടില്‍ ഒന്നോരണ്ടോ തവണ ഫോണ്‍ചെയ്യാറുണ്ട്. അതല്ലാതെ മുഖപരിചയമില്ല. പിന്നെ അദ്ദേഹത്തോടു കാണാന്‍ വരണമെന്നു ഞാന്‍ പറഞ്ഞത് ഒരു പ്രത്യേക സാഹചര്യത്തിലാണ്. ഞാന്‍ കൃത്യമായി ഓര്‍മ്മിക്കുന്നില്ലെങ്കിലും അങ്ങേരു പറഞ്ഞതു ശരിയാണെങ്കില്‍ പതിനെട്ടു വര്‍ഷമായിട്ടു മുടങ്ങാതെ എല്ലാവര്‍ഷവും ജൂണ്‍ അല്ലെങ്കില്‍ ജൂലൈ മാസത്തില്‍ സാമാന്യം വലിയൊരുതുക ആരെങ്കിലുംവശം ഇദ്ദേഹം എനിക്ക് എത്തിച്ചുതരും. പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കാനാണ്. അതാര്‍ക്കു കൊടുത്തുവെന്നും ഏതുവഴിക്കു ചെലവഴിച്ചുവെന്നുമുള്ള കണക്കു കൊടുക്കാന്‍ അഡ്രസ്സ് തന്നിട്ടുമില്ല. വിളിക്കുന്ന ഫോണ്‍നമ്പരില്‍ തിരിച്ചുവിളിച്ചാല്‍ 'നിങ്ങള്‍ വിളിക്കുന്ന നമ്പര്‍ സ്വിച്ചോഫ് ചെയ്തിരിക്കുകയാണ്' എന്നു മറുപടീം കിട്ടും. ഈ വര്‍ഷവും മുടങ്ങിയില്ല. പണവുമായിട്ട് ആളെ പറഞ്ഞുവിട്ടു. പണം കൊടുത്തുവിടുന്ന കാര്യം ഫോണിലറിയിച്ചപ്പോള്‍തന്നെ ഞാന്‍ പറഞ്ഞിരുന്നു നേരിട്ടു കാണാതെയും ആളാരാണെന്നറിയാതെയും ഇനിയും ഞാന്‍ പണം കൈപ്പറ്റില്ലായെന്ന്. അതുകൊണ്ട് മറ്റൊരാള്‍വശം പണം കൊടുത്തുവിട്ടപ്പോള്‍ ഞാന്‍ തിരിച്ചുകൊടുത്തുവിട്ടു.

പണം വാങ്ങാന്‍ മനസ്സില്ലാഞ്ഞിട്ടോ, കൊടുക്കാന്‍ ആവശ്യക്കാരില്ലാഞ്ഞിട്ടോ അല്ലായിരുന്നു അങ്ങനെ ചെയ്തത്. ഈയിടെ ഒരനുഭവസ്ഥനില്‍നിന്നു കിട്ടിയ ഉപദേശപ്രകാരമായിരുന്നു. ഒരു ധ്യാനഗുരുവായ അദ്ദേഹത്തിന്‍റെ കൈയില്‍ ധ്യാനംകൂടിയ ഒരുമാന്യന്‍ പലപ്പോഴും നല്ലതുക സംഭാവന ഏല്‍പ്പിക്കാറുണ്ടായിരുന്നു. അങ്ങേരത് ആവശ്യക്കാര്‍ക്ക് അപ്പോഴപ്പോള്‍ കൊടുക്കുകയും ചെയ്തിരുന്നു. അടുത്തകാലത്ത് ആ മാന്യന്‍ അത്ര മാന്യമല്ലാത്ത ചില ഇടപാടുകള്‍ നടത്തിയതിനെ ഇദ്ദേഹം ചോദ്യംചെയ്തത് അയാള്‍ക്ക് തീരെ ഇഷ്ടപ്പെട്ടില്ല. അയാളുനേരെ ഈ അച്ചന്‍റെ അധികാരികളുടെ അടുത്തുചെന്ന് അയാള്‍ വന്‍തുകകള്‍ അച്ചനു കൊടുക്കാറുണ്ടായിരുന്നു എന്നും മറ്റും കണക്കും കുറെയൊക്കെ രേഖകളുംനിരത്തി പരാതിപ്പെട്ടു. അയാളതെല്ലാം വേറെ പലരോടും പറയുകയും ചെയ്തു. അച്ചനൊരു നല്ലമനുഷ്യനാണെന്നറിയാമായിരുന്നതുകൊണ്ട് അധികാരികള്‍ അതിന് അര്‍ഹിക്കുന്ന വിലയെ കൊടുത്തുള്ളൂവെങ്കിലും അച്ചന്മാരെപ്പറ്റി എന്തെങ്കിലുംപറയാന്‍ നോക്കിയിരിക്കുന്നവര്‍ക്ക് അത് ഒരു വിഷയമായി. അച്ചന്‍ താമസിയാതെ അവിടെനിന്നും സ്വയം സ്ഥലംമാറ്റം ചോദിച്ച് സ്ഥലം മാറുകയും ചെയ്തു. അദ്ദേഹത്തെ ഈയിടെ കണ്ടുമുട്ടിയപ്പോളാണ് സൂക്ഷിച്ചില്ലെങ്കില്‍ വെറുതെകിട്ടുന്ന പരസഹായമൊക്കെ പൊല്ലാപ്പാകുമെന്നുപദേശിച്ചത്. അതുകൊണ്ടാണ് ഞാന്‍ കാശുതിരിച്ചുകൊടുത്തുവിട്ടത്.

"ഞാന്‍ കണ്ടേതീരൂ എന്നു നിര്‍ബ്ബന്ധിച്ചപ്പോള്‍ ഇത്രയും പ്രായമുള്ള ആളാണെന്നു കരുതിയില്ല. തന്നെയല്ല, ഇതിനുമുമ്പും ആരാണെന്നും എവിടെയാണെന്നും അറിയിച്ചാല്‍ ഞാന്‍ വന്നുകാണാമെന്നു പറഞ്ഞിട്ടു ചേട്ടന്‍ സമ്മതിച്ചിട്ടുമില്ല. എന്തായാലും നേരിട്ടു കാണാന്‍ സാധിച്ചതില്‍ സന്തോഷം."

"ഒട്ടും ഒളിക്കേണ്ട ആവശ്യമോ മറയ്ക്കേണ്ട കാര്യമോ അല്ലെന്നറിയാമച്ചാ, എന്നാലും അച്ചന്‍ പണ്ടുപറഞ്ഞതങ്ങു പാലിക്കാമെന്നുവച്ചു."

അതെന്താണെന്നു ചോദിക്കുന്നതിനുമുമ്പുതന്നെ അങ്ങേരു സംസാരം തുടര്‍ന്നു. ഞാനവിടെ ധ്യാനിപ്പിക്കാന്‍ ചെന്നപ്പോഴത്തെ കാര്യമായിരുന്നു.

"അച്ചന്‍ ധ്യാനത്തിന്‍റെ അവസാനദിവസം അച്ചന്മാരെ പഠിപ്പിക്കുന്നതിനു സഹായിക്കുന്ന ഇടവകക്കാരെപ്പറ്റി അനുമോദിച്ചു പറഞ്ഞു. അതിനുശേഷം പറഞ്ഞ കാര്യമാണ് എന്നെ സ്പര്‍ശിച്ചത്. 'അച്ചന്മാരെപഠിപ്പിച്ചാല്‍ അവരുനിങ്ങളെ ഓര്‍ക്കും, പ്രാര്‍ത്ഥിക്കും, നിങ്ങളുമായിട്ടു നല്ല ബന്ധവും കാണും, നിങ്ങള്‍ക്കു മനസ്സിനൊരു വലിയ തൃപ്തിയുംകിട്ടും. അതു വേണ്ടെന്നുവയ്ക്കണ്ട, എന്നാല്‍ ഒന്നും തിരിച്ചുതരാനില്ലാത്തവരും, ചെയ്തുകൊടുത്തത് ആരും അറിയില്ലാത്തവരുമായ പാവങ്ങള്‍ക്കുകൂടി വല്ലതും ചെയ്യുന്നതു നല്ലതല്ലെയെന്നു ചിന്തിക്കുന്നതു നന്നായിരിക്കും. തമ്പുരാന്‍റെ മുമ്പില്‍ യോഗ്യരാകുന്നത് കൊടുത്തതിന്‍റെ കണക്ക് കല്ലില്‍ പേരുകൊത്തിവച്ചവരായിരിക്കുമോ ആവോ?' അച്ചനന്നാ പറഞ്ഞത് എന്‍റെ കാര്യത്തില്‍ വളരെ ശരിയാണെന്നെനിക്കുതോന്നി. എന്‍റെയും കുടുംബത്തിന്‍റെയും പേരുകൊത്തിവച്ചതു പലതും എന്‍റെ ഇടവകയിലന്നുമുണ്ടായിരുന്നു. പള്ളീല്‍ചെല്ലുമ്പോഴൊക്കെ അതവിടെത്തന്നെയുണ്ടോ എന്നുനോക്കി സന്തോഷിക്കാറുമുണ്ടായിരുന്നു."

ഇടവകയുടെ പേരുകൂടി അങ്ങേരു പറഞ്ഞപ്പോള്‍ എനിക്കു നേരിയ ഓര്‍മ്മവന്നു. ധാരാളം ധനികന്മാരുള്ള ആ ഇടവകയിലെ നല്ലമനസ്സുള്ള കുറെ ആള്‍ക്കാര്‍ വൈദികവിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ രൂപതയ്ക്കും സന്ന്യാസസഭകള്‍ക്കുമൊക്കെ സാമ്പത്തികസഹായം ചെയ്യുന്നവരാണെന്നും അവരുടെ സന്മനസ്സിനെ എപ്പോഴെങ്കിലും ധ്യാനത്തിനിടയില്‍ ഒന്നാദരിച്ചുപറഞ്ഞാല്‍ നന്നായിരിക്കുമെന്നും വികാരിയച്ചന്‍ സൂചിപ്പിച്ചിരുന്നു. അതായിരുന്നു അങ്ങേരിപ്പോള്‍ ഉദ്ധരിച്ച എന്‍റെ പ്രസംഗഭാഗത്തിന്‍റെ പശ്ചാത്തലം. അങ്ങേരു പറഞ്ഞതൊക്കെക്കേട്ടപ്പോള്‍ വിളിച്ചുവരുത്തേണ്ടിവന്നതില്‍ കുറ്റബോധംതോന്നി. അതുകൊണ്ടു ഞാനും എന്‍റെ സുഹൃത്തച്ചന്‍റെ അനുഭവം സഹിതമുള്ള കാര്യങ്ങള്‍പറഞ്ഞ് വിളിച്ചുവരുത്തിയതിന്‍റെ ഉദ്ദേശ്യം ബോധ്യപ്പെടുത്തി.

"അച്ചനു തന്നതിനേക്കാള്‍ നൂറുമടങ്ങ് വേറെ എത്രയോ ഞാന്‍ കൊടുത്തിരിക്കുന്നു. അതൊന്നും കണക്കുചോദിച്ചുകൊണ്ടല്ലതാനും. പണ്ടുഞാന്‍ ആര്‍ക്കു കൊടുത്താലും കണക്കുവച്ച് എന്‍റെ പേരു വന്നിട്ടുണ്ടോ എന്നുനോക്കുമായിരുന്നു. പക്ഷേ അതൊക്കെ അന്നു നിര്‍ത്തി. ഇന്ന് കൊടുക്കുന്നതിനുവേണ്ടിമാത്രം സ്വിച്ചോണ്‍ ചെയ്യുന്ന ഒരു മൊബൈല്‍ ഫോണുണ്ടെനിക്ക്. അല്ലാത്തപ്പോഴൊക്കെ അതു സ്വിച്ചോഫ് ആയിരിക്കും."

അങ്ങേരു വിളിച്ചിരുന്ന ഫോണ്‍നമ്പരില്‍ വിളിച്ചാല്‍ എപ്പോഴും സ്വിച്ചോഫാണെന്നു പറയുന്നതിന്‍റെ കാരണം മനസ്സിലായി. ഏതായാലും അദ്ദേഹം ഹാന്‍ഡ്ബാഗു തുറക്കുന്നതുകണ്ടപ്പോള്‍ ഞാനെന്‍റെ കൈയില്‍ കരുതിയിരുന്ന കണക്കിന്‍റെ കുറിപ്പുകളും എടുത്തു.

"ഇതുവരെതന്ന മുഴുവന്‍ പണത്തിന്‍റെയും കണക്കുണ്ട്. നല്ലഭാഗവും കൃത്യമാണ്. ആദ്യവര്‍ഷങ്ങളിലേതുമാത്രം ഓര്‍മ്മയില്‍നിന്നു കുറിച്ചതേയുള്ളൂ." ഞാന്‍ കടലാസ്സുകള്‍ അങ്ങേരുടെ നേരെ നീട്ടി.

"അച്ചന്‍ വച്ചുനീട്ടുമ്പോള്‍ വാങ്ങിയില്ലെങ്കില്‍ ബഹുമാനക്കുറവാകില്ലേ?" അങ്ങേരതു വാങ്ങി മൂലയില്‍ വച്ചിരുന്ന ചവറ്റുകുട്ടയിലിട്ടു.

"വേസ്റ്റ് ബാസ്ക്കറ്റിലിട്ടതും ബഹുമാനക്കുറവുകൊണ്ടല്ലച്ചാ. പണ്ടേ ഉപേക്ഷിച്ച കൊടുക്കുന്നതിന്‍റെ കണക്കുവയ്ക്കുന്ന ശീലം ഇനി തുടങ്ങാന്‍ ഇഷ്ടമില്ലാത്തതുകൊണ്ടാ. ഇതൊരു നിമിത്തമാണച്ചാ, ഈ തലക്കെട്ട്." പത്രത്തിലെ തലക്കെട്ട് കാണിച്ചുകൊണ്ട് അങ്ങേരു പറഞ്ഞു.

"കുഞ്ഞേ, മാപ്പ്, എന്ന തലക്കെട്ടുകണ്ടപ്പോള്‍ ഞാനെന്‍റെ ചെറുപ്പകാലവും നല്ലപ്രായവും ഒക്കെയോര്‍ത്തുപോയി. ഇരുമ്പുവടീം തീക്കൊള്ളീം ഒന്നുമുപയോഗിക്കാതെ പീഡനമേറ്റു തകര്‍ന്നതായിരുന്നു എന്‍റെയും ചെറുപ്പകാലം. അപ്പന്‍ നല്ല സമ്പന്നനായിരുന്നെങ്കിലും വലിയ കുലമഹിമയുള്ള കുടുംബമല്ലായിരുന്നു. അമ്മ, സാമ്പത്തികമായി തീരെ ക്ഷയിച്ചുപോയ വലിയ പേരെടുത്ത കുടുംബത്തിലെ അംഗവും. സമ്പത്ത് ഏറെയുണ്ടായിരുന്നതുകൊണ്ടു മാത്രം നടന്ന കല്യാണം. അപ്പന്‍ ഒരു സാധുവായിരുന്നതുകൊണ്ടാകാം അമ്മയായിരുന്നു എല്ലാം തീരുമാനിച്ചിരുന്നത്. ഞാന്‍ നാലു മക്കളില്‍ മൂത്തവന്‍. ഏറ്റവും ഇളയത് അനുജനും ഇടയ്ക്ക് രണ്ടുപെങ്ങന്മാരും. ഞാന്‍ പഠിക്കാനും മോശമായിരുന്നു, കറുത്തതുമാണ്, കഴിവും കുറവായിരുന്നു. അമ്മ കുഞ്ഞുന്നാള്‍ മുതലേ എന്നെ പൊട്ടന്‍ എന്നാണു വിളിച്ചിരുന്നത്. പതിനെട്ടാംവയസ്സിലാണ് പത്താംക്ലാസുപാസ്സായത്. പിന്നെ പഠിപ്പിക്കാന്‍ വിടേണ്ട എന്നമ്മ തീരുമാനിച്ചു. ഞാനങ്ങനെ പറമ്പിലും വീട്ടിലുമൊക്കെ പണിയുമായി നടന്നു. വീട്ടില്‍ വരുന്ന വേലക്കാരോടൊക്കെ അമ്മ ക്രൂരമായി പെരുമാറുന്നതു കാണുമ്പോഴൊക്കെ വിഷമവും അരിശവും തോന്നിയിട്ടുണ്ട്. എനിക്കു പത്തിരുപത്തിനാലുവയസ്സായതുമുതല്‍ കല്യാണാലോചന തുടങ്ങി. എനിക്കാകെപ്പേടിയായി. എന്തായാലും ഞാനൊന്നുരണ്ടു തീരുമാനങ്ങളെടുത്തു. വല്യവീട്ടില്‍നിന്നു കെട്ടുകേലെന്നും, പണമുള്ളിടത്തെ പെണ്ണിനെ വേണ്ടെന്നും. അപ്പനുമമ്മയ്ക്കും, പ്രത്യേകിച്ച് അമ്മയ്ക്ക് ഇതുരണ്ടും വേണമെന്നും. മൂന്നാലുവര്‍ഷം അങ്ങിനെ നീണ്ടു. അവസാനം വികാരിയച്ചന്‍റെമാത്രം രഹസ്യസമ്മതത്തോടെ പാവപ്പെട്ട ഒരു വീട്ടിലെ എന്നോളംതന്നെ പ്രായമുണ്ടായിരുന്ന കെട്ടിക്കാതെനിന്ന പെണ്ണിനെ കെട്ടി. ഒരാഴ്ചപോലും വീട്ടില്‍ പൊറുപ്പിച്ചില്ല. അമ്മ ഇറക്കിവിട്ടു. പക്ഷേ അപ്പന്‍ വീതം എഴുതിത്തന്നു. ആരുകേട്ടാലും കുറവില്ലാത്ത അളവില്‍. പന്ത്രണ്ടേക്കര്‍. പത്തമ്പതേക്കറുള്ള പുരയിടത്തിന്‍റെ ഏറ്റവും കോണിലെ വഴിയില്ലാത്ത മലമുകളില്‍. അതില്‍പത്തേക്കറും വെറും പാറക്കെട്ടുകള്‍ മാത്രം. അമ്മ വച്ചുകൊടുത്ത ഉപദേശമായിരുന്നു. അപ്പനിത്രയുംമാത്രം പറഞ്ഞു, നിനക്കു നല്ലതുവരുമെന്ന്. ഭാര്യ പറഞ്ഞു അവളു പണിയെടുത്തോളാമെന്ന്. ഞങ്ങളു പണിതു. കൊച്ചു വീടുവച്ചു. അഞ്ചാറു വര്‍ഷം കഴിഞ്ഞപ്പോള്‍ പാറയ്ക്ക് ആവശ്യക്കാരുവന്നു. അവരുതന്നെ വഴിയുണ്ടാക്കി. പാറ പൊട്ടിച്ചു വില്പനതുടങ്ങി. അഞ്ചുമക്കളുണ്ട്. പത്തിരുപത്തിനാലുവയസ്സായപ്പോള്‍മുതല്‍ മക്കളു കാര്യങ്ങളേറ്റെടുത്തു. മെറ്റല്‍ക്രഷറും കാര്യങ്ങളുമായി. മക്കള്‍ക്കെല്ലാവര്‍ക്കും ഇന്നു നല്ല സാമ്പത്തികനിലയാണ്. തമ്പുരാന്‍ എനിക്ക് അളവില്ലാതെ തന്നു. അവരെ ഞാന്‍ കൊടുക്കാന്‍ ശീലിപ്പിച്ചു. ധ്യാനം കഴിഞ്ഞപ്പോള്‍ മുതല്‍ കണക്കുനോക്കാതെ കൊടുക്കാനും പഠിപ്പിച്ചു. അവരെനിക്കു കണക്കില്ലാതെ തരുന്നു. അതു ഞാന്‍ കണക്കുനോക്കാതെ കൊടുക്കുന്നു. മൂത്തമകനായിരുന്നെങ്കിലും അപ്പനെന്നെ വിളിച്ചിരുന്നത് 'കൊച്ച്' എന്നായിരുന്നു. മരിക്കുന്നതിനുമുമ്പ് അപ്പന്‍ എന്നോടു പറഞ്ഞ അതേവാക്യം 'കൊച്ചേ മാപ്പ്' അതുതന്നെ ഞാനിന്നീ പത്രത്തിന്‍റെ തലക്കെട്ടില്‍ വായിച്ചതുകൊണ്ടാണ് ഇതെല്ലാം ഇപ്പോള്‍ പറയാനിടവന്നത്."

തമരടിച്ചും വെടിവച്ചും കൂടംകൊണ്ടു പാറയുടച്ചും തുടങ്ങിയ അദ്ധ്വാനം ഇന്നെത്തിനില്ക്കുന്ന പേരെടുത്ത വമ്പന്‍ പ്രസ്ഥാനമായിത്തീര്‍ന്നതിന്‍റെ ചരിത്രമെല്ലാം ആരെയും കുറ്റപ്പെടുത്താതെയും ആരെയും പഴിപറയാതെയും പറഞ്ഞു തീര്‍ക്കാന്‍ സമയംകുറെയെടുത്തെങ്കിലും കേട്ടിരിക്കാന്‍ ഒരു തൃപ്തിതോന്നി

You can share this post!

ഫോര്‍സ്റ്റാറും ഫൈവ്സ്റ്റാറും

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

കോഴി കൂവുന്നുണ്ട്

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts