news-details
എഡിറ്റോറിയൽ

മുഖക്കുറിപ്പ്

"എവിടെയാണു ദൈവം?" എന്ന് ചോദിച്ചിട്ടുള്ളത് സംശയാലുക്കള്‍ മാത്രമല്ല. വിശ്വാസികളും അത് ആവര്‍ത്തിച്ചിട്ടുണ്ട്. "നിന്‍റെ ദൈവം എവിടെയെന്ന് ശത്രുക്കള്‍ എന്നോടു ചോദിക്കുന്നു. മാരകമായ മുറിവുപോലെ ആ നിന്ദനം ഞാനേല്ക്കുന്നു. എന്‍റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു? നീ എന്തിനു നെടുവീര്‍പ്പിടുന്നു?" എന്നു വല്ലാത്ത ആത്മസംഘര്‍ഷത്തില്‍പ്പെട്ടു കരഞ്ഞുപോകുന്നത് സങ്കീര്‍ത്തകനാണ്. ഉത്തരങ്ങളില്ലാത്ത അയാള്‍ ഒടുക്കം പറഞ്ഞുവയ്ക്കുന്നത് "ദൈവത്തില്‍ പ്രത്യാശവെയ്ക്കുക" (സങ്കീ. 42:5) എന്നു മാത്രമാണ്. ഉത്തരമില്ലാത്തവന്‍റെ ഉത്തരമാണത്. ലോകത്തെയും അതിലെ ചോരപ്പാടുകളെയും കണ്ണീര്‍പ്പുഴകളെയും ഗൗരവമായിട്ടെടുക്കുന്ന ഒരാള്‍ക്കും ദൈവത്തിലുള്ള വിശ്വാസം സംഘര്‍ഷങ്ങളില്‍നിന്നും സന്ത്രാസങ്ങളില്‍നിന്നുമുള്ള മോചനമേകുന്നില്ല; ചിലപ്പോഴത് ദൈവവുമായുള്ള മല്പിടുത്തത്തില്‍ എത്തിക്കുന്നുമുണ്ട്. "ഒരു വന്യമൃഗം അതിന്‍റെ കൂര്‍ത്ത പല്ലുകള്‍ എന്‍റെ നെഞ്ചിലാഴ്ത്തിയിറക്കി, ചോര ഊറ്റിക്കുടിക്കുന്നതുപോലെ എനിക്കിടയ്ക്കൊക്കെ തോന്നിയിട്ടുണ്ട്. അപ്പോഴാണ് ഞാന്‍ ദൈവത്തിന്‍റെ അസ്തിത്വത്തെ ചോദ്യം ചെയ്തത്. അവനുണ്ടെങ്കില്‍ നീതിമാനാണോ അവന്‍? നീതിമാനെങ്കില്‍, ഒരു ജനവിഭാഗം മറ്റൊന്നിനെ ചവിട്ടിത്തേക്കുന്നത് എങ്ങനെയാണ് അവനു കണ്ടുകൊണ്ടിരിക്കാനാവുക? ഒരുവിഭാഗം  നെഞ്ചിലേറ്റി വിശുദ്ധമായി സൂക്ഷിക്കുന്നവയെ മറ്റൊരു വിഭാഗം ചിതറിച്ചു കളയുന്നത് എങ്ങനെയാണ് അവനു കണ്ടില്ലെന്നു നടിക്കാനാകുന്നത്? നീറോ ഒരിക്കല്‍ തന്‍റെ പൗരന്മാരെക്കുറിച്ചു വിചാരിച്ചതാണ് ഇവിടുത്തെ ഭരണകൂടത്തെക്കുറിച്ച് എനിക്കു തോന്നുന്നത്: 'അവര്‍ക്കെല്ലാം കൂടി ഒരൊറ്റ കഴുത്തേ ഉണ്ടായിരുന്നുള്ളൂവെങ്കില്‍!' അങ്ങനെയായിരുന്നെങ്കില്‍ ആ തോളില്‍നിന്നു തലയറുത്തുമാറ്റുന്നത് ഞാന്‍ തന്നെയാകുമായിരുന്നു. വീണ്ടും ഞാന്‍ ചോദിച്ചുപോകുന്നു: എവിടെയാണ് ഈ ദൈവം? ഇതു പറഞ്ഞത് 1800 കളുടെ മധ്യത്തില്‍ ജീവിച്ചിരുന്ന ഡാനിയല്‍ പൈന്‍ എന്ന ആഫ്രിക്കന്‍-അമേരിക്കന്‍ ബിഷപ്പാണ്. തന്‍റെ ജനം ഉറുമ്പുകളെപ്പോലെ ചവിട്ടിയരയ്ക്കപ്പെടുന്നതു കണ്ട് ദൈവത്തെ ചോദ്യം ചെയ്തു പോകുകയാണ് മെത്രാന്‍. ചോദ്യകര്‍ത്താവ് ശ്രമിക്കുന്നത് ഏതെങ്കിലും വിധത്തില്‍ ദൈവത്തെ നിഷേധിക്കാനല്ല, വല്ല വിധേനയും അവനെ അള്ളിപ്പിടിച്ചിരിക്കാനാണ്.

ദൈവത്തെയും അവനോളംതന്നെ ലോകത്തേയും ഗൗരവത്തോടെ എടുക്കുന്നവരുടെ സംശയങ്ങള്‍ക്കുള്ള ഒറ്റമൂലിയല്ല വിശ്വാസമെന്നത്. സംശയങ്ങള്‍ ബാക്കിനില്ക്കുമ്പോഴും ഒരു നിലപാടെടുക്കലാണത്. ക്രിസ്തുവിനെ ഒന്നു ധ്യാനിക്കുക. സര്‍വ്വരാലും പരിത്യക്തനായവന് ഒടുക്കം തോന്നിപ്പോകുന്നത് ഇതാണ്: "ദൈവമേ നീയും എന്നെ ഉപേക്ഷിച്ചു, അല്ലേ?" നെഞ്ചകം പിളര്‍ന്നുള്ള ആ ചോദ്യത്തിന് അവനു കിട്ടുന്ന മറുപടി വന്യമായ നിശ്ശബ്ദതയാണ്. എന്നിട്ടും സ്വന്തം ചങ്കു പറിച്ച് അവന്‍ ദൈവത്തിന്‍റെ കൈകളിലേക്ക് ഇട്ടുകൊടുക്കുന്നു, തല കുനിക്കുന്നു. ദൈവത്തെ ഉറ്റുനോക്കിയ കണ്ണുകളില്‍ ഇരുട്ടു പരക്കുമ്പോഴും ദൈവത്തില്‍നിന്ന് ഒരുറപ്പും ലഭിക്കാത്തപ്പോഴും അവന്‍ ദൈവത്തെ അള്ളിപ്പിടിച്ചിരിക്കുകയാണ്. ദൈവമില്ലെന്ന് ഒരുവേള തോന്നുമ്പോഴും ആ ദൈവത്തിനുവേണ്ടി ജീവിക്കുകയും മരിക്കുകയുമാണവന്‍.

ക്രിസ്തുശിഷ്യന്മാരുടെ അനുഭവവും ഇതിനു സമാനമാണ്. ഉദാഹരണത്തിന് യോഹന്നാനെ എടുക്കുക. അദ്ദേഹം പുസ്തകം രചിക്കുന്നത്, സഭാപിതാവായ ഇറനേവൂസിന്‍റെ അഭിപ്രായത്തില്‍, റോമാ ചക്രവര്‍ത്തി ഡൊമീഷ്യന്‍റെ കാലത്താണ്. സീസറുമാരെ ദൈവമായി ആരാധിക്കാത്തവര്‍ക്കെതിരെ കൊടിയ പീഡനം അഴിച്ചുവിട്ടു, ഡൊമീഷ്യന്‍. അങ്ങനെയാണ് യോഹന്നാന്‍ പാത്മോസ് ദ്വീപിലേക്ക് നാടുകടത്തപ്പെട്ടത്. തന്‍റെ കൂട്ടുകാരെല്ലാം ഈയാംപാറ്റ കണക്കെ കരിഞ്ഞു വീണുകൊണ്ടിരുന്ന അക്കാലത്തൊരിക്കല്‍ യോഹന്നാന്‍ കുറിച്ചിട്ടു: "സ്വര്‍ഗ്ഗം തുറക്കപ്പെട്ടിരിക്കുന്നതായി ഞാന്‍ കണ്ടു. ഇതാ ഒരു വെള്ളക്കുതിര. അതിന്‍റെ പുറത്തിരിക്കുന്നവന്‍ വിശ്വസ്തനെന്നും സത്യവാനെന്നും വിളിക്കപ്പെടുന്നു. അവന്‍ നീതിയോടെ വിധിക്കുകയും പടപൊരുതുകയും ചെയ്യുന്നു" (വെളി. 19:11). അധികാരം അഴിച്ചുവിട്ട പ്രളയങ്ങളില്‍ സര്‍വതും ഒലിച്ചുപോകുമ്പോഴും നീതിക്കുവേണ്ടി പൊരുതുന്നവര്‍ ഇളകാത്ത ശിലയായി നിലകൊള്ളുന്നതാണ് യോഹന്നാന്‍ കാണുന്നത്. ഇതേ തിരിച്ചറിവു ലഭിച്ചപ്പോള്‍ മുന്‍പു പരാമര്‍ശിക്കപ്പെട്ട മെത്രാന്‍ ഇങ്ങനെ പറഞ്ഞുവെച്ചു: "പീഡകന്‍റെ ഔദ്ധത്യമാര്‍ന്ന അവകാശവാദങ്ങള്‍ക്കെതിരായി, പീഡിതനൊപ്പം ഞാന്‍ ശബ്ദമുയര്‍ത്തും. ഇതു ഞാന്‍ നിര്‍വഹിക്കുന്നത് സഹിക്കുന്നവനോട് സഹതാപം തോന്നിയതുകൊണ്ടു മാത്രമല്ല; പിന്നെയോ, ശബ്ദമില്ലാത്തവനുവേണ്ടി ശബ്ദിക്കാനുള്ള എന്‍റെ ദൈവത്തിന്‍റെ കല്പനയെ ധിക്കരിക്കാന്‍ എനിക്കു കെല്പില്ലാത്തതുകൊണ്ടുകൂടിയാണ്."

വിശ്വാസം നല്കുന്നത് നമ്മുടെ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമല്ല, ഉത്തരങ്ങളില്ലാത്തപ്പോഴും ജീവിക്കാനുള്ള കരുത്താണ്. നോമ്പുനോറ്റുണ്ടായ കുഞ്ഞിന് വൈകല്യം പിടിച്ചതെങ്ങനെ എന്ന ചോദ്യത്തിന് എന്തുത്തരം? എന്നിട്ടും തന്‍റെ ദൈവമാണ് ഈ കുഞ്ഞിനെ തനിക്കു നല്കിയതെന്ന ഉറപ്പ് കുഞ്ഞിനെ മാറോടണയ്ക്കാന്‍ അമ്മയ്ക്കു കരുത്തേകുന്നുണ്ട്. തിന്മയുടെ പ്രചണ്ഡതയോട് പുറംതിരിഞ്ഞുനിന്ന്, നന്മയുടെ നനുത്ത സ്വരത്തിനു ചെവികൊടുക്കാന്‍ ഒരാള്‍ക്കു നെഞ്ചുറപ്പു കൊടുക്കുന്നതും ഇതേ വിശ്വാസമാണ്. അതുണ്ടായിരുന്നതുകൊണ്ടാണ് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂണിയര്‍ ഇങ്ങനെ പറഞ്ഞത്: "അവര്‍ നിന്നെ കൊല്ലാന്‍ ശ്രമിക്കുമ്പോഴും നിനക്ക് ഒരു കാര്യത്തില്‍ ഉറപ്പുണ്ട്: നിനക്ക് വളരെ പ്രിയപ്പെട്ടതായ, അങ്ങേയറ്റം അമൂല്യമായ, അചഞ്ചലസത്യങ്ങളായ ചില കാര്യങ്ങള്‍ ഉണ്ടിവിടെ - ജീവന്‍ കൊടുത്തും സംരക്ഷിക്കേണ്ട ചില കാര്യങ്ങള്‍."

വിശ്വാസമെന്നത് എല്ലാ പഴുതുകളും അടഞ്ഞുകഴിയുമ്പോള്‍ ശ്രമിച്ചുനോക്കേണ്ട ഒരു കുറുക്കുവഴിയല്ലതന്നെ. എല്ലാ വാതിലുകളും തുറന്നുകിടക്കുമ്പോഴും ദൈവത്തിന്‍റെ വഴിയേ മാത്രമേ ചരിക്കൂ എന്ന നിലപാടാണ് അത്. സീസറിന്‍റെ വഴിയേ പോയിരുന്നെങ്കില്‍ വിജയം സുനിശ്ചിതമായിരുന്നു ഒരു കാലത്ത്. എന്നിട്ടും അക്കാലത്ത് ചില ഗലീലിയക്കാര്‍ തോറ്റുപോയ നസ്രായന്‍റെ കാലടിപ്പാടുകളില്‍ പദമൂന്നുകയാണ്. നാസിഭീകരതയുടെ നടുക്കുനില്ക്കുമ്പോഴും തന്‍റെ ഉറ്റവരെല്ലാം അതിനു ബലിയാടുകളായി തീര്‍ന്നപ്പോഴും ആന്‍ഫ്രാങ്ക് ഒരു തരം വാശിയോടെ പറയുന്നത് താനിനിയും മാനവികതയില്‍ വിശ്വസിക്കുന്നു എന്നാണ്. അങ്ങനെയൊന്നില്ല എന്നതിനു ബുദ്ധി തെളിവുകള്‍ നിരത്തുമ്പോഴും അവള്‍ക്കത് പറയാനുള്ള ഉറപ്പ് കിട്ടുന്നത് അവള്‍ കൊണ്ടുനടന്ന വിശ്വാസത്തില്‍ നിന്നാണ്. ദൊസ്തോയെവ്സ്കി ഇതേകാര്യം വേറൊരു രീതിയില്‍ പറഞ്ഞു: "യാഥാര്‍ത്ഥ്യം മറ്റൊന്നാണെന്നിരിക്കട്ടെ; എന്നാലും ഞാന്‍ ക്രിസ്തുവിനൊപ്പം നിലയുറപ്പിക്കും." മറ്റനേകം വഴികളുണ്ടായിട്ടും ബുദ്ധി സംശയങ്ങള്‍ ഒന്നിനുപിറകേ ഒന്നായി അഴിച്ചുവിടുമ്പോഴും പരാജയമോ വിജയമോ എന്ന കാര്യത്തില്‍ തീര്‍ച്ചയില്ലാത്തപ്പോഴും ഞാന്‍ ദൈവത്തോടൊപ്പം നിലയുറപ്പിക്കുന്നു -ഇതാണ് വിശ്വാസത്തി ന്‍റെ അന്തിമ പ്രഖ്യാപനം. ചെറുപുഷ്പം എന്നു വിളിക്കപ്പെട്ട ഒരു സുന്ദരി ഇക്കാര്യം സുന്ദരമായി പറഞ്ഞുവെച്ചു: ദൈവം നരകത്തിലാണെങ്കില്‍, സ്വര്‍ഗത്തേക്കാള്‍ കൂടുതല്‍ ഞാന്‍ നരകത്തെ ഇഷ്ടപ്പെടുന്നു. ദൈവം കല്പിക്കുകയാണെങ്കില്‍ നരകത്തെപ്പോലും പുല്കാന്‍ വിശ്വാസം തയ്യാറാകുന്നവെന്നു സാരം. അപ്പോള്‍ വിശ്വാസം അടിസ്ഥാനപരമായി ഒരു നിലപാടാണ്: ദൈവത്തോടൊപ്പം ചുവടുവയ്ക്കാനുള്ള തീരുമാനം. പരാജയം സുനിശ്ചിതമാണെന്നു തോന്നുമ്പോഴും നന്മയെ തള്ളിപ്പറയാതിരിക്കലാണത്. സന്നിഹിതനല്ലെന്നനുഭവപ്പെടുമ്പോഴും ദൈവത്തെ അള്ളിപ്പിടിച്ചിരിക്കലാണത്. ഇരുട്ടു പരക്കുമ്പോഴും വെള്ളിത്തേരില്‍ വരുന്ന തേജോമയനെ സ്വപ്നം കാണലാണത്. 

You can share this post!

മുഖക്കുറിപ്പ്

റോണി കിഴക്കേടത്ത്
അടുത്ത രചന

ക്രിസ്തു സ്വന്തമാകുന്നവന് ഒന്നുമാവിശ്യമില്ല

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Related Posts