news-details
ഇടിയും മിന്നലും

കഴിഞ്ഞ കുറെനാളുകളായി പത്രങ്ങളിലും ചാനലുകളിലും, ചന്തയിലും ബസ്റ്റാന്‍റിലും, എന്നുവേണ്ട പള്ളിമുറ്റത്തും പട്ടാളക്യാമ്പിലുംവരെ ജ്വലിച്ചുനിന്നത് 'സോളാര്‍' തന്നെ. അതുമായിട്ടു ബന്ധപ്പെട്ടവരെപ്പറ്റിയുള്ള ഓരോദിവസത്തെയും വെളിപ്പെടുത്തലുകള്‍ കേട്ടപ്പോള്‍ അവരെങ്ങാനും എന്നേം മൊബേലില്‍ വിളിച്ചുകാണുമോ, 'തമ്പുരാനെ എന്‍റെ പേരും കാണുമോ'ന്നോര്‍ത്തോണ്ടായിരുന്നു ദിവസോം പത്രംവായിച്ചിരുന്നതുപോലും. എന്തുമാത്രം കഥകളായിരുന്നു ഓരോദിവസവും പുതിയതു പുതിയതു വന്നുകൊണ്ടിരുന്നത്. ആയിടയ്ക്കൊരുദിവസം ഇത്തിരി സോപ്പുപൊടീം ഒരു ടൂത്ത്പേസ്റ്റും വാങ്ങാന്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ കയറിയപ്പോള്‍ യൂണിഫോമിട്ട അവിടുത്തെ 'സെയില്‍ ഗേള്‍സ്' തമ്മിലുള്ള സംഭാഷണംകൂടെക്കേട്ടപ്പോള്‍ നമ്മള്‍ മലയാളികളുടെ ഭാവനാവിലാസത്തെപ്പറ്റി അപാരമതിപ്പും, അഭിമാനോം തോന്നി! സാധനങ്ങള്‍ പായ്ക്കുചെയ്യാനോ മറ്റോ എടുത്ത പത്രക്കടലാസ്സിലെ, സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്യപ്പെട്ട ഏതോ സ്ത്രീയുടെ ഫോട്ടോ നോക്കിക്കൊണ്ടായിരുന്നു അവരുടെ കണ്ടെത്തലുകളുടെ റിപ്പോര്‍ട്ട്. അറിയാത്തമട്ടില്‍ അതുമിതുമൊക്കെ നോക്കി ഞാനുമവിടെ ചുറ്റിപ്പറ്റിനിന്നു. ഫോട്ടോയിലുള്ള സ്ത്രീ ധരിച്ചിരിക്കുന്ന ഡ്രസ്സിനെപ്പറ്റിപ്പറഞ്ഞുകൊണ്ടായിരുന്നു തുടക്കം. എപ്പോഴും പ്ളെയിനില്‍ യാത്രചെയ്യൂന്ന അവരു കണ്ടാല്‍ത്തന്നെ ഭയങ്കര സ്മാര്‍ട്ടാണെന്നും, തെരുതെരെ ഡല്‍ഹിയ്ക്കുംമറ്റും പോയിരുന്നത് അവിടെയും കണക്ക്ഷന്‍സ് ഉള്ളതുകൊണ്ടാണെന്നും, മുഖ്യമന്ത്രിക്കുമാത്രമല്ല, സോണിയാഗാന്ധിക്കുവരെ ഇതിന്‍റെയൊക്കെ ഷെയറു കിട്ടുന്നുണ്ടെന്നും മറ്റുമുള്ള അവരുടെ സ്വന്തം അന്വേഷണറിപ്പോര്‍ട്ടു കേട്ടപ്പോള്‍, ഇപ്പോഴത്തെരീതിയ്ക്ക്, അപ്പോള്‍തന്നെ ഏതെങ്കിലും ചാനലുകാരു മണത്തറിഞ്ഞവിടെയെത്തുമെന്നും അന്നുതന്നെ അതു ചാനലുകളിലും പിറ്റെദിവസത്തെ പത്രങ്ങളിലും പ്രൈം വാര്‍ത്തയായി വരുമെന്നും പ്രതീക്ഷിച്ചു, കണ്ടില്ല. അത്യാവശ്യത്തിനു സമയം കൊല്ലാന്‍ പെട്ടെന്ന് ഇടുക്കിയിലൊരു മലയിടിച്ചിലും, വെള്ളപ്പൊക്കവും കിട്ടിയതുകൊണ്ടായിരിക്കാം.

ആ ദിവസങ്ങളില്‍ത്തന്നെയാണ് ഒരു കല്യാണത്തില്‍ പങ്കെടുക്കാന്‍ പോയത്. അച്ചന്മാരഞ്ചാറുപേരുണ്ടായിരുന്നു. പള്ളിയിലെ കര്‍മ്മങ്ങള്‍കഴിഞ്ഞ് അച്ചന്മാര്‍ക്കുള്ള ഭക്ഷണം പള്ളിമുറിയിലുണ്ടായിരുന്നെങ്കിലും പള്ളിയങ്കണത്തില്‍ത്തന്നെയുള്ള പാരിഷ്ഹാളിലെ വിരുന്നിനുള്ള ഭക്ഷണം ആശീര്‍വ്വദിച്ച് ഒരു ചെറിയ പ്രാര്‍ത്ഥനയും വേണമെന്നു വരന്‍റെയപ്പന്‍ ആവശ്യപ്പെട്ടതുകൊണ്ട് ഞാന്‍ അങ്ങോട്ടുപോയി. പ്രാര്‍ത്ഥനകഴിഞ്ഞ് ഹാളില്‍തന്നെ വിശിഷ്ടാതിഥികള്‍ക്കുവേണ്ടി ക്രമീകരിച്ചിരുന്ന മേശയില്‍ എനിക്കും ഇടംതന്നു. ഒറ്റനോട്ടത്തിനുതന്നെ ചുറ്റുമിരുന്നവരെല്ലാംതന്നെ രാഷ്ട്രീയക്കാരാണെന്നു മനസ്സിലായി. അവിടെയും സംസാരവിഷയം സോളാര്‍! അവരെല്ലാം ആവേശത്തിലായിട്ടും ഞാന്‍ സൈഡൂപറ്റി, പൊട്ടനെപ്പോലെ ഇരിക്കുന്നതു കണ്ടിട്ടാകണം നേരെഎതിരെയിരുന്നയാളു വിഷയം മാറ്റിവിട്ടു.

"സോളാറൊക്കെ വിട്, അച്ചനുംകൂടെ കൂടാന്‍ വല്ല പള്ളിക്കാര്യോം പറ". കളിയാക്കാനാണയാളങ്ങനെ പറഞ്ഞതെന്നെനിക്കു തോന്നുന്നു. ഏതായാലും വേറെ ചെലവൊന്നുമില്ലല്ലോ, ചുമ്മാതെയങ്ങു ചിരിച്ചുകൊടുത്തു.
"പള്ളിക്കാര്യം പറയാനെന്താ, ഇന്നത്തെ കല്യാണപ്രസംഗംതന്നെ മതിയല്ലോ." ഒരാളുടെ കമന്‍റ്.

ഞാനും കേട്ടപ്രസംഗമാണ്. വളരെ നല്ല ഒന്നായിട്ടാണ് എനിക്കു തോന്നിയത്. അതുകൊണ്ടു കേള്‍ക്കാത്തമട്ടില്‍ ഞാന്‍ വിളമ്പിയ കട്ലറ്റില്‍ ശ്രദ്ധിച്ചു. ആരും അതിനെപ്പറ്റി ഒന്നും പറയാതിരുന്നപ്പോള്‍ പ്രമേയം അവതരിപ്പിച്ച പാര്‍ട്ടിക്കുതന്നെ ചമ്മലുതോന്നിയതുകൊണ്ടായിരിക്കാം അയാളുതന്നെ തടര്‍ന്നു:

"എങ്ങാണ്ടോ ആരാണ്ടോ വിവാഹമോചനം വാങ്ങിയെന്നുംപറഞ്ഞ് എല്ലാരും അതിനുനോക്കിയിരിക്കയാണെന്നൊക്കെ പ്രസംഗിച്ചതു പള്ളീല്‍നിന്നുകൊണ്ടായതുകൊണ്ടാ മിണ്ടാതിരുന്നത്. അല്ലായിരുന്നെങ്കില്‍ നേരെചോദിച്ചേനേം."

കെട്ടുകഴിഞ്ഞു വലിയതാമസമില്ലാതെ അഴിഞ്ഞുപോകുന്നതും അയഞ്ഞുപോകുന്നതുമായ കുടുംബങ്ങളുടെ എണ്ണമിന്നു കൂടിക്കൊണ്ടിരിക്കുകയാണെന്നും, താലിച്ചരടിന്‍റെ കെട്ടുമുറുക്കാന്‍ മാത്രം ശ്രദ്ധിച്ചാല്‍ പോരാ, ഇരുവരും തമ്മിലുള്ള സ്നേഹത്തിന്‍റെ കെട്ടാണു മുറുകേണ്ടതെന്നും, അതു വേണ്ടത്ര മുറുകാത്തതുകൊണ്ട് അഴിഞ്ഞുവീഴാന്‍ സാധ്യതയുള്ള പലരും ഒരുപക്ഷേ ഇവിടെത്തന്നെ കണ്ടേക്കാമെന്നുമൊക്കെയായിരുന്നു അച്ചന്‍ പ്രസംഗിച്ചതിന്‍റെ സംഗ്രഹം. പിന്നെ പ്രസംഗത്തിന്‍റെ നീളം കുറയ്ക്കാന്‍വേണ്ടിയാകാം വാക്കുകളുടെ കടുപ്പം അല്പം കൂട്ടിയായിരുന്നു അച്ചന്‍ പറഞ്ഞതെന്നുമാത്രം. ഒന്നും കേള്‍ക്കാത്ത മട്ടില്‍ ഞാന്‍ ഊണുതുടര്‍ന്നു.

"പള്ളിക്കാര്യം പറഞ്ഞിട്ടും അച്ചനൊന്നും പറയാനില്ലെന്നു തോന്നുന്നു." അവതാരകന്‍റെ ഒരു 'വാല്‍' ആണെന്നുതോന്നുന്നു അല്‍പം ഉച്ചത്തിലാണ് അതു പറഞ്ഞത്.

"ഞാന്‍ കോഴിക്കറി കൂട്ടാറില്ല." ഉടനടി എന്‍റെ മറുപടി. നല്ല ഉറക്കെയാണ് ഞാനുമതുപറഞ്ഞത്. അരിയെത്രയെന്നു ചോദിച്ചപ്പോള്‍ പയറ് അഞ്ഞാഴി എന്നു പറഞ്ഞതുപോലെയുള്ള എന്‍റെ മറുപടികേട്ട്, ഞാന്‍ പൊട്ടച്ചെവിയാനാണെന്നോര്‍ത്തിട്ടാവും എല്ലാവരും എന്‍റെ മുഖത്തേയ്ക്കൊരുനോട്ടം. ചിലനേരത്ത് എല്ലാരേം ആസ്സാക്കുന്ന എന്‍റെ സ്വന്തം ബ്രാന്‍റ്, ഹിഹിഹി ന്നൊരു വളിപ്പന്‍ ചിരിയങ്ങു പാസ്സാക്കിയപ്പോള്‍ സാമാന്യബൂദ്ധിയുള്ളവര്‍ക്കു കാര്യം മനസ്സിലായിക്കാണും, പൊട്ടനായതുകൊണ്ടല്ലെന്ന്, ഇനീം കിള്ളാതിരിക്കുകയാ നല്ലതെന്നും.

"അതൊക്കെപ്പോട്ടെ, ആ പപ്പാസിങ്ങു വിട്." വിവരമുള്ള ആരാണ്ടു വിഷയം മാറ്റി. എല്ലാവരും ഊണില്‍ ഉഷാറായി. ആ സമയത്ത് സ്റ്റേജിലേയ്ക്ക് നവദമ്പതികള്‍ക്കുള്ള സമ്മാനങ്ങളുമായി പലരും കയറിച്ചെല്ലുന്നുണ്ടായിരുന്നു.

"ആഹാ, ബ്രദറു, തമ്പുരാന്‍കര്‍ത്താവിനെ മൊത്തമായിട്ടങ്ങു കൊടുത്തേക്കാമെന്നുവച്ചെന്നു തോന്നുന്നു." പറഞ്ഞതിന്‍റെ രസം കേട്ട് എല്ലാവരും ചിരിച്ചുപോയി. എന്താണെന്നറിയാന്‍ ഞാനും നോക്കി. 'കരുണയുടെ കര്‍ത്താവി'ന്‍റെ വലിയ ലാമിനേറ്റുചെയ്ത ഒരു പടവുമായി നവദമ്പതികളോടൊപ്പംനിന്ന് ഒരാള്‍ ഫോട്ടോ എടുക്കുന്നു. നല്ലയൊരു സമ്മാനമാണല്ലോ എന്നെനിക്കും തോന്നി.

"കരിസ്മാറ്റിക്കായാല്‍ ഇങ്ങനെ വേണം."

"സമ്മാനം കൊള്ളാം, എന്നാലും തമ്പുരാന്‍റെ പടോം പൊക്കിപ്പിടിച്ചു ഫോട്ടോ വേണ്ടാരുന്നു."

"അതും ശരിയാ, പക്ഷേ ഞാന്‍ പറഞ്ഞതു പടത്തിന്‍റെ കാര്യമല്ല, ബ്രദറിന്‍റെ കാര്യമാ. പത്തുപതിനഞ്ചുകൊല്ലംമുമ്പ്, കഞ്ചാവുമടിച്ച്, വീട്ടിലും കേറാതെ, തല്ലും വാങ്ങിച്ചു നടന്നപാര്‍ട്ടിയാ. ഇപ്പം ഇതേ, കരിസ്മാറ്റിക്കായി, ബ്രദറായി, ധ്യാനഗുരുവായി, കോടികളുടെ ആസ്തിയുമായി, പെണ്ണിന്‍റെ കല്യാണം ഉറപ്പിച്ചുവെച്ചിരിക്കുവാ, രണ്ടേക്കര്‍ വസ്തൂം പത്തുലക്ഷം രൂപയുമാണു സ്ത്രീധനം."

"അങ്ങനെ അരൂപിയിലും, സമ്പത്തിലും നിറഞ്ഞുകവിഞ്ഞു, അല്ലേലുയ്യ." അതുകേട്ട് ചുറ്റുമിരുന്ന എല്ലാവരും പൊട്ടിച്ചിരിച്ചപ്പോള്‍ അടുത്തമേശകളിലിരുന്നവരെല്ലാം എത്തിനോക്കി. അവതരണം ചിരിപ്പിക്കുന്നതായിരുന്നെങ്കിലും എനിക്കേതാണ്ടൊരസ്വസ്ഥതതോന്നി. ഞാനാ നാട്ടുകാരനല്ലാതിരുന്നതുകൊണ്ട് എനിക്കിവരെയോ, 'ബ്രദര്‍'നെയോ പരിചയമില്ലായിരുന്നു. ധ്യാനത്തിന്‍റെ മറവില്‍ വലിയ സാമ്പത്തികനേട്ടമുണ്ടാക്കിയ പലരെപ്പറ്റിയും കേട്ടിട്ടുണ്ട്. നേരിട്ട് ആരെപ്പറ്റിയും എനിക്കറിവില്ല. 'ബ്രദര്‍'നെപ്പറ്റി അറിയാനൊരു പൂതി മനസ്സില്‍തോന്നിയതു സത്യമാണ്. അടുത്തിരുന്ന ആള്‍ തുടക്കംമുതലെ വളരെ ശാന്തനായിട്ടിടപെട്ടതുകൊണ്ട് ആളോടുതന്നെ ചോദിച്ചു. ആ കേട്ടതെല്ലാം സത്യമാണെന്ന് അങ്ങേരും പറഞ്ഞു. പക്ഷേ അയാള്‍ക്കു പണമുണ്ടായതിനെപ്പറ്റി ആള്‍ക്കാരു പറയുന്ന കഥകളല്ലാതെ കൃത്യമായി അറിയില്ല. പക്ഷേ, അയാളുടെ ഇളയ രണ്ടുസഹോദരന്മാരും വിദേശത്തു വലിയശമ്പളത്തില്‍ ജോലിക്കാരാണ്, കുടുംബത്തോടെ വര്‍ഷങ്ങളായിട്ട് അവിടെയാണുതാനും. അവരുടെ പരിശ്രമഫലമായിട്ടാണ് കുട്ടകളിച്ചുനടന്ന ഇയാളെ ധ്യാനത്തിനു കൊണ്ടുപോയതും, പിന്നെപ്പിന്നെ സ്ഥിരം ധ്യാനോം അതുകഴിഞ്ഞു ധ്യാനിപ്പീരും ഒക്കെയായി ഇന്നത്തെനിലയിലാകുകയും ചെയ്തു. നല്ലവഴിക്കായപ്പോള്‍മുതല്‍ അനുജന്മാരു രണ്ടും നല്ലതുപോലെ സാമ്പത്തികമായി സഹായിച്ചതുകൊണ്ടാണ് ഇത്രയും സമ്പത്തുണ്ടായതെന്നാണ് ചുരുക്കം ചിലരെങ്കിലും പറയുന്നത്. എന്നാലും കള്ളത്തരത്തിലുണ്ടാക്കിയതാണെന്നു പറയാനാണല്ലോ ജനത്തിനിഷ്ടം, അതുകൊണ്ടങ്ങനെ കഥകളൊത്തിരി കേള്‍ക്കുന്നു.

"ബ്രദര്‍ ഈ സമ്പത്തുമുഴുവന്‍ ഈ നാട്ടുകാരെപ്പറ്റിച്ചുണ്ടാക്കിയതാണോ?" ഞാന്‍ ചുമ്മാതെ ഉറക്കെയൊരടിയടിച്ചു.

"ഈനാട്ടുകാരത്ര വിഡ്ഡികളല്ലല്ലോ." ആരോ അതില്‍കേറിക്കൊത്തി.

"സോളാറുപോലെ, കബളിക്കപ്പെട്ടവരാരെങ്കിലും കമ്പ്ളെയിന്‍റുമായി വന്നിരുന്നെങ്കില്‍ പണ്ടേ ഇയാളുടെ കള്ളത്തരം പൊളിഞ്ഞേനേ. അതിതുവരെയൊട്ടുണ്ടായിട്ടുമില്ല. നാട്ടുകാരുടേതു അടിച്ചുമാറ്റീട്ടുമില്ല, കൊടുത്തവര്‍ക്കാര്‍ക്കും പരാതീമില്ല. അപ്പോള്‍പിന്നെ ഇങ്ങനെ കഥയുണ്ടാകാന്‍ കാരണമൊന്നേ കാണാന്‍ വഴിയുള്ളു, അസൂയ. അയാള്‍ക്കിത്തിരി പണമുണ്ടായി, അതിലുള്ള അസൂയ, അതിനൊട്ടു മരുന്നുമില്ല." ഞാനത്രയും പറഞ്ഞുകഴിഞ്ഞപ്പോഴേയ്ക്കും ഐസ്ക്രീമുമായിട്ട് ആളുവന്നു.

"ഞാന്‍ ഐസ്ക്രീം കഴിക്കാറില്ല." ആരെങ്കിലും എന്തെങ്കിലും പറയുന്നതിനുമുമ്പെഴുന്നേറ്റ്, ടിഷ്യൂകടലാസ്സില്‍ കൈയും തുടച്ചു സ്ഥലംവിട്ടു.

You can share this post!

ഫോര്‍സ്റ്റാറും ഫൈവ്സ്റ്റാറും

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

കോഴി കൂവുന്നുണ്ട്

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts