news-details
എഡിറ്റോറിയൽ

മുഖക്കുറിപ്പ്

ശുദ്ധമേത്, അശുദ്ധമേത് എന്നിവയെ സംബന്ധിച്ച് കണിശമായ ധാരണകള്‍ യഹൂദമതം പുലര്‍ത്തിയിരുന്നല്ലോ. ലേവ്യരുടെ പുസ്തകത്തിലെ 14 ഉം 15 ഉം അധ്യായങ്ങള്‍ ഇതിനുത്തമദൃഷ്ടാന്തങ്ങളാണ്. ശരീരം, വീട്, വസ്ത്രം, മൃഗം തുടങ്ങിയ കാര്യങ്ങളിലെല്ലാം എങ്ങനെയാണ് ശുദ്ധ-അശുദ്ധ വിവേചനം പാലിക്കേണ്ടതെന്ന് ഈ അധ്യായങ്ങള്‍ അക്കമിട്ടു നിരത്തുന്നുണ്ട്. ഇത്തരം നൂറുകൂട്ടം നിയമങ്ങള്‍ വേരൂന്നിയത് അവരുടെ ദൈവസങ്കല്പത്തിലായിരുന്നു. "നിങ്ങളുടെ ദൈവവും കര്‍ത്താവുമായ ഞാന്‍ പരിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങള്‍ പരിശുദ്ധരായിരിക്കുവിന്‍" (ലേവ്യര്‍  19:1) എന്നതായിരുന്നു അവരുടെ ഒരു പ്രധാന കല്പന. പരിശുദ്ധനായ ദൈവത്തെ സമീപിക്കാന്‍ യോഗ്യര്‍ പരിശുദ്ധരായവര്‍ മാത്രം. അങ്ങനെ സ്വാഭാവികമായിത്തന്നെ അശുദ്ധിയുള്ള വ്യക്തികളും വസ്തുക്കളും പടിക്കു പുറത്തായി.

ദൈവത്തെയും മനുഷ്യനെയും ജീവിതത്തെയും നോക്കിക്കാണാനും വിലയിരുത്താനും യഹൂദമതം ഉപയോഗിച്ച ഈ ശുദ്ധ-അശുദ്ധ സംവര്‍ഗങ്ങളെതന്നെയാണു ക്രിസ്തു അട്ടിമറിക്കുന്നത്. എന്നിട്ട് അവന്‍ പ കരംവയ്ക്കുന്നതു കാരുണ്യത്തെയാണ്. ധൂര്‍ത്തപുത്രന്‍റെ ഉപമയില്‍ കേള്‍വിക്കാര്‍ കഥാന്ത്യത്തോളം വിചാരിച്ചത് മൂത്തപുത്രന്‍ വീട്ടകത്താണെന്നാണ്. പക്ഷേ ഒടുക്കം അകത്തെന്നു കരുതപ്പെട്ടവന്‍ പുറത്താകുകയും പുറത്തെന്നു കരുതപ്പെട്ടവന്‍ അകത്താകുകയും ചെയ്യുന്നു. ഈ ദൃശ കഥകള്‍ ഓരോന്നായി പറഞ്ഞ്, മതം അംഗീകരിച്ചനുഗ്രഹിച്ചവരെ അവന്‍ തന്‍റെ രാജ്യത്തില്‍നിന്നു പുറത്താക്കുന്നു. കൂടാതെ, മതം പുറംതള്ളിയവര്‍ക്കുവേണ്ടി അവന്‍ തന്‍റെ രാജ്യത്തിന്‍റെ വാതില്‍ മലര്‍ക്കെ തുറന്നിടുകയും ചെയ്യുന്നു.

ക്രിസ്തു പ്രതിനിധാനം ചെയ്ത ദൈവത്തെയും ദൈവികതയെയും വിശദീകരിക്കാന്‍ ശുദ്ധ-അശുദ്ധ സംവര്‍ഗങ്ങള്‍ക്കാകില്ല. പക്ഷേ എല്ലാ മതങ്ങളുടെയും വിചാരമണ്ഡലത്തിലും വ്യവഹാരയിടത്തിലും ഒട്ടുമിക്കപ്പോഴും സ്ഥാനം പിടിച്ചിട്ടുള്ളത് പാപ-പുണ്യ ദ്വന്ദ്വങ്ങളും ശുദ്ധ-അശുദ്ധ വിഭജനങ്ങളുമാണ്. അതുകൊണ്ടാണ് കണിശമായ മതാത്മകതക്ക് അവനെ ഉള്‍ക്കൊള്ളാനാകാതെ പോകുന്നത്. നസ്രത്തിലെ സിനഗോഗില്‍വെച്ച് ഏശയ്യായുടെ പുസ്തകത്തെക്കുറിച്ചുള്ള ക്രിസ്തുവിന്‍റെ പഠിപ്പിക്കല്‍ കേട്ടിട്ട് കേള്‍വിക്കാര്‍ അത്ഭുതപ്പെട്ടുപോയിയെന്നാണ് ലൂക്കാ തന്‍റെ നാലാമധ്യായത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, അതേ അധ്യായത്തില്‍ പിന്നീട് ലൂക്കാ എഴുതുന്നത് അവര്‍ അവനെ മലമുകളില്‍നിന്നു തള്ളിയിടാന്‍ ശ്രമിച്ചുവെന്നാണ്. ഈ വിരോധാഭാസത്തിന് ഒരൊറ്റ കാരണം, യഹൂദര്‍ ഇകഴ്ത്തിയ പുറംജാതിക്കാരായ സറെപ്തായിലെ വിധവയെയും സിറിയയിലെ നാമാനെയും ക്രിസ്തു പുകഴ്ത്തിയെന്നതാണ്. ഇതൊരിക്കലും മതത്തിന്‍റെ വ്യവസ്ഥാപിത ചട്ടക്കൂടുകള്‍ക്ക് വച്ചുപൊറുപ്പിക്കാവുന്നതല്ല. കാരണം, അതിന്‍റെ എല്ലാ നിയമങ്ങളും ആചാരാനുഷ്ഠാനങ്ങളും പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്നത് ശുദ്ധ-അശുദ്ധ സംവര്‍ഗങ്ങളുപയോഗിച്ചാണ്. അതുപയോഗിച്ചുമാത്രമേ പൗരോഹിത്യത്തിന് ആത്മീയ ജീവിതത്തിന്മേല്‍ അധികാരമുറപ്പിക്കാനാകൂ. ക്രിസ്തുവിന്‍റെ കാരുണ്യം പക്ഷേ ഇതിന്‍റെയൊക്കെ കടയ്ക്കു കോടാലി വയ്ക്കുകയാണ്. പാപ-പുണ്യങ്ങളെക്കുറിച്ചും ശുദ്ധ-അശുദ്ധതയെക്കുറിച്ചും അകംജാതി-പുറംജാതികളെക്കുറിച്ചുമെല്ലാം എന്തെല്ലാം കാര്യങ്ങളാണ് പഴയനിയമത്തിലുള്ളത്. അവയെല്ലാം അപ്പാടെ അവഗണിച്ച അവന്‍ അതില്‍ നിന്നുദ്ധരിക്കുന്നത് പത്തോ പതിനെട്ടോ തവണമാത്രമാണ്. അവയില്‍തന്നെ കൂടുതലും കാരുണ്യ സംബന്ധിയായിട്ടുള്ളതുമാണ്.

ക്രിസ്തു പഠിപ്പിച്ചവയൊക്കെയും ദൈവത്തിന്‍റെ അരുളപ്പാടെന്നു വിശ്വസിക്കുന്ന സമൂഹംപോലും എത്ര അനായാസമായിട്ടാണ് അവന്‍റെ കാരുണ്യത്തെ മറന്നുപോകുന്നതെന്നത് നമ്മെ അതിശയിപ്പിക്കുന്നു. 1179 ലെ മൂന്നാം ലാറ്ററന്‍ സൂനഹദോസ് ജീവിച്ചിരുന്ന കുഷ്ഠരോഗികള്‍ക്കു പള്ളിയിലും മരിച്ച കുഷ്ഠരോഗികള്‍ക്കു സെമിത്തേരിയിലും പ്രവേശനം നിഷേധിച്ചുകൊണ്ട് ഉദ്ബോധനമിറക്കി. അതിന് അവര്‍ അവലംബിച്ചത് ലേവ്യരുടെ പുസ്തകമാണെന്നതാണ് ഏറെ അതിശയകരം. മലയിലെ പ്രസിദ്ധമായ പ്രസംഗത്തിനുശേഷം ഇറങ്ങിവരുന്ന ഉടന്‍തന്നെ ഒരു കുഷ്ഠരോഗിയെ തൊട്ടുകൊണ്ട്, താന്‍ പഠിപ്പിച്ചതിന്‍റെയെല്ലാം സാരസംഗ്രഹം ഇത്രയേയുള്ളൂ എന്നു കാണിച്ചുതന്ന ക്രിസ്തുവിനെ ഒരു വേളയെങ്കിലും അവര്‍ക്കു ധ്യാനിക്കാനായിരുന്നെങ്കില്‍...

ദൈവികത എന്തെന്നും അതിലേക്ക് ഒരുവന്‍ എത്തിച്ചേരേണ്ടത് എങ്ങനെയെന്നമുള്ള കാര്യങ്ങളെല്ലാം ഗഹനവും നിഗൂഢവുമാണെന്ന് ആരൊക്കെയോ നമ്മെ പറഞ്ഞു പഠിപ്പിച്ചിരിക്കുകയാണ്. അത്തരം ധാരണകളെ സുന്ദരമായി പരിഹസിക്കുന്നുണ്ട്  The Reluctant Saint എന്ന സിനിമ. കുപ്പര്‍ത്തീനോയിലെ വി. ജോസഫിനെക്കുറിച്ചുള്ളതാണത്. അക്കാലത്ത് കത്തോലിക്കാസഭയില്‍ പൗരോഹിത്യം കിട്ടാന്‍ വേദഭാഗങ്ങള്‍ ലത്തീനില്‍ കാണാപാഠം പഠിക്കേണ്ടിയിരുന്നു. ജോസഫിനാകട്ടെ ലത്തീനെന്നത് കടിച്ചാല്‍ പൊട്ടാത്തതാണ്. പിന്നെയാകെ അറിയാവുന്നത് ക്രിസ്തു പറഞ്ഞിട്ടുള്ള ലൂക്കാ 15 ലെ മൂന്നുകഥകളാണ്. ഭാഗ്യവശാല്‍ വാചിക പരീക്ഷയില്‍ ജോസഫിനോടു ചോദിക്കുന്നതും അതുതന്നെ. പിന്നീട് അദ്ദേഹം വിശുദ്ധനായിത്തീരുന്നു. ക്രിസ്തു ദൈവത്തെക്കുറിച്ചു പഠിപ്പിച്ചതിന്‍റെയെല്ലാം കാതല്‍ ആ മൂന്നു കഥകളിലുണ്ട്. അത്രയുമറിഞ്ഞാല്‍ ധാരാളമാണെന്നാണ് കുപ്പര്‍ത്തീനോയിലെ ജോസഫ് തെളിയിച്ചത്. ദൈവം വഴിതെറ്റിയ ആടിനെ തോളിലേറ്റുന്ന  ഇടയനാണ്, കളഞ്ഞുപോയ നാണയത്തെ തേടിയെടുക്കുന്ന പെണ്ണാണ്, ഇടറിപ്പോയ മകനുവേണ്ടി ഉമ്മറത്തു കാത്തുനില്ക്കുന്ന അപ്പനാണ് - ഇത്രയുമാണ് അവ നമ്മോടു പറയുന്നത്. ദൈവം=കാരുണ്യം എന്ന ലളിതമായ ഒരു സമവാക്യമാണ് ഈ കഥകള്‍ രൂപപ്പെടുത്തിയെടുക്കുന്നത്. അങ്ങനെ കാരുണ്യത്തിന്‍റെ ഈ മൂന്നു കഥകളും ചേര്‍ന്ന് ശുദ്ധ-അശുദ്ധ സംവര്‍ഗങ്ങളെ കാറ്റില്‍ പറത്തുന്നു.

ക്രിസ്തു ഒരു പെണ്ണിനോട് തന്നെ ഉപമിച്ചത് ലൂക്കാ 15-ല്‍ മാത്രമല്ല. താനൊരു തള്ളക്കോഴിയെപ്പോലെയാണെന്നും അവന്‍ പറയുന്നുണ്ട്. ആണുങ്ങള്‍ പെണ്ണുങ്ങളെപ്പോലെ പെരുമാറരുതെന്നതാണു നമ്മുടെ നാട്ടുനടപ്പ്. ഈ നാട്ടുനടപ്പിനു നേര്‍വിപരീതമായ കാര്യമാണ് അവന്‍ പറഞ്ഞത്. കാരണം, അവന്‍ കണ്ട ആണുങ്ങള്‍ക്കൊക്കെ പൊതുവേ കാര്‍ക്കശ്യത്തിന്‍റെ മുഖമായിരുന്നു. കാരുണ്യമൂറുന്ന മിഴികള്‍ പൊതുവേയുള്ളത് സ്ത്രീകള്‍ക്കാണ്. കാരുണ്യമാണു ദൈവമെന്ന് പേര്‍ത്തും പേര്‍ത്തും പറയാന്‍ അവനുപയോഗിക്കുന്ന ഉപമകളിലൂടെ മറനീക്കി പുറത്തുവരുന്ന ദൈവത്തിന്‍റെ മുഖത്തിന് നമ്മുടെ അമ്മമാരുടെ മുഖമില്ലേ? റഹം എന്ന ഹീബ്രുപദം യഹോവയുമായി ബന്ധപ്പെടുത്തി പഴയനിയമം പലയാവര്‍ത്തി ഉപയോഗിക്കുന്നുണ്ട്. അതിന് കാരുണ്യമെന്നും ഗര്‍ഭപാത്രമെന്നും രണ്ടര്‍ത്ഥങ്ങളുണ്ട്. കാരുണ്യമുള്ള ദൈവം ഗര്‍ഭപാത്രമുള്ള ദൈവമാണെന്ന ധ്വനിയുമുണ്ടാവില്ലേ അതില്‍? എ.ഡി. 675-ലെ തൊളേദോ സൂനഹദോസും പിതാവായ ദൈവത്തിന്‍റെ ഗര്‍ഭപാത്രത്തെക്കുറിച്ചു പറയുന്നുണ്ട്. അമ്മയുടെ മുഖമുള്ള ദൈവത്തിനു മുമ്പില്‍ കാര്‍ക്കശ്യത്തിന്, ശുദ്ധ-അശുദ്ധ വിഭജനത്തിന് ഒക്കെ എന്തു പ്രസക്തി? ഇത്തരമൊരു ദൈവത്തെ അടുത്തനുകരിച്ചതെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്ന ഒരാള്‍ അസ്സീസിയിലെ ഫ്രാന്‍സിസാണല്ലോ. അദ്ദേഹത്തിന്‍റെ ആദ്യത്തെ ജീവചരിത്രകാരന്‍ സെലാനോ രേഖപ്പെടുത്തുന്നത് അക്കാലത്തെ ഒരു സഹോദരന്‍ ഫ്രാന്‍സിസിനെ അമ്മയെന്നു വിളിച്ചിരുന്നു എന്നാണ്. ഫ്രാന്‍സിസിന്‍റെ ചില പ്രവൃത്തികള്‍ അമ്മമാര്‍ക്കു മാത്രം ചെയ്യാനാവുന്നതായിരുന്നു. സഹോദരന്മാര്‍ ഭയപ്പെടുത്തി ഓടിച്ചു വിട്ട മൂന്നു കള്ളന്മാരുടെ പിറകേ ചെന്ന് മാപ്പിരക്കാനും അവര്‍ക്കു ഭക്ഷിക്കാന്‍ കൊടുക്കാനുമാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. അദ്ദേഹത്തിന്‍റെ നാമം പേറുന്ന മാര്‍പാപ്പാ, അവിവാഹിതരായ അമ്മമാരുടെ കുഞ്ഞുങ്ങള്‍ക്ക് ജ്ഞാനസ്നാനം കൊടുക്കാന്‍ വിസമ്മതിച്ച പുരോഹിതന്മാരെ ശാസിച്ചതായി നാം അടുത്തയിടെ വായിച്ചു. കാര്‍ക്കശ്യത്തിന്‍റെ കണ്ണുകള്‍ ഒരുവനെ പുരുഷനാക്കുന്നു. കാരുണ്യത്തിന്‍റെ കണ്ണുകള്‍ അവനെ അമ്മയാക്കിത്തീര്‍ക്കുന്നു.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെന്നിരിക്കിലും ഏറ്റവും കാര്‍ക്കശ്യമുള്ള ഇടങ്ങള്‍ മതങ്ങളുമായി ബന്ധപ്പെട്ടവയാണെന്നു തോന്നിപ്പോകുന്നു. എന്തെല്ലാം ചിട്ടവട്ടങ്ങളും ശരി-തെറ്റുകളെപ്പറ്റിയുള്ള അസഹിഷ്ണമായ നിലപാടുകളുമാണ് അവയെ നയിക്കുന്നത്! എല്ലാവരും ഏതൊക്കെയോ വിധത്തില്‍ പരുക്കേറ്റവരാണ്. അവര്‍ക്കുവേണ്ടത് കൂടുതല്‍ ഉപദേശങ്ങളല്ല, കൂടുതല്‍ കാരുണ്യമാണ്. "എന്‍റെ ഓരോ പൈശാചിക പ്രവൃത്തിയും നിങ്ങള്‍ എന്നെ വേണ്ടവിധം മനസ്സിലാക്കിയെല്ലന്നതിനോടുള്ള എന്‍റെ പ്രതിഷേധമാണെ"ന്ന് എമേഴ്സണ്‍. അമ്മയുടെ ശ്രദ്ധ കിട്ടാതെവരുമ്പോള്‍ വീടു വിട്ടിറങ്ങുന്ന കുട്ടികണക്കെയാണു ഇടറിപ്പോകുന്ന പലരും. അണച്ചുപിടിക്കാന്‍ കാരുണ്യമൂറുന്ന മാറിടമുണ്ടെങ്കില്‍ തീരുന്നതേയുള്ളൂ അവരുടെ പ്രശ്നങ്ങള്‍. കുഞ്ഞുന്നാളിലെ ഓരോര്‍മ മിഴിവോടെ ഇന്നും മനസ്സിലുണ്ട്. ഏതോ അതിഥി വരും വീട്ടില്‍. അയാള്‍ക്കു കൊടുക്കാനായി എന്തോ ബേക്കറി സാധനങ്ങള്‍ വാങ്ങിവച്ചിരുന്നു. അയാളെത്തിയപ്പോള്‍ പക്ഷേ കൊടുക്കാന്‍ ഒന്നുമുണ്ടായിരുന്നില്ല. എല്ലാം ഞാനകത്താക്കിയിരുന്നു. വല്ല്യമ്മയുടെ വല്ലാത്ത ആക്രോശങ്ങള്‍ക്കൊടുക്കം അമ്മ പറയുന്നത് വാതിലിനു മറഞ്ഞിരുന്നു  ഞാന്‍ കേട്ടു: "കള്ളനൊന്നുമല്ല അവന്‍. എന്‍റെ കുഞ്ഞാണ്!" കാരുണ്യത്തിന്‍റെ ഇത്തരമൊരു അമ്മസാന്നിധ്യമായിരുന്നു ക്രിസ്തു. കാര്‍ക്കശ്യത്തിന്‍റെ പരുഷഭാവങ്ങളെ അഴിച്ചുവെച്ച് കാരുണ്യത്തിന്‍റെ അമ്മഭാവങ്ങളെ പ്രതിഫലിപ്പിക്കാന്‍ ഇവിടെയുള്ളവര്‍ക്ക് ആയിരുന്നെങ്കില്‍!

You can share this post!

മുഖക്കുറിപ്പ്

റോണി കിഴക്കേടത്ത്
അടുത്ത രചന

ക്രിസ്തു സ്വന്തമാകുന്നവന് ഒന്നുമാവിശ്യമില്ല

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Related Posts